കേഴുന്ന ബാല്യം
“കുട്ടികൾക്ക് ആവശ്യമായ സമയവും ശ്രദ്ധയും നൽകാത്തപക്ഷം, മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാനപരമായ ദീർഘകാല പ്രശ്നങ്ങളെല്ലാം അടിസ്ഥാനപരമായ ദീർഘകാല പ്രശ്നങ്ങളായിത്തന്നെ അവശേഷിക്കും”—ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി.
ലോ കമെമ്പാടുമുള്ള കുട്ടികൾ പ്രതിസന്ധിയിൽ ആണ്. കുട്ടികളെ വാണിജ്യ അടിസ്ഥാനത്തിൽ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന ലോക സമ്മേളനത്തിൽ—1996-ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ഈ സമ്മേളനത്തിൽ 130 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു—ഈ ദുരന്തം എത്ര വ്യാപകമാണ് എന്നുള്ളതിന്റെ സുസ്പഷ്ടമായ തെളിവുകൾ നിരത്തുകയുണ്ടായി. ഉദാഹരണത്തിന്, ലോകത്തിന്റെ പല ഭാഗങ്ങളിലും ദശലക്ഷക്കണക്കിനു കൊച്ചു പെൺകുട്ടികൾ, വെറും പത്തു വയസ്സുള്ളവർ പോലും, വേശ്യാവൃത്തിയിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നതായി രേഖകൾ സഹിതം തെളിയിച്ചു.
ഇത്തരം നിർബന്ധിത വേശ്യാവൃത്തി “നമ്മുടെ നാളിലെ അടിമത്തത്തിന്റെ ഏറ്റവും ഹീനമായ രൂപങ്ങളിൽ ഒന്ന്” ആണെന്നു പറയപ്പെടുന്നതായി ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റി ലോ റിവ്യൂ അഭിപ്രായപ്പെട്ടു. വർഷങ്ങളോളം അനുഭവിക്കേണ്ടിവരുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പീഡനങ്ങൾ ഈ പെൺകുട്ടികളുടെ ജീവിതത്തിൽ മായാത്ത മുറിപ്പാടുകൾ അവശേഷിപ്പിക്കുന്നു. മിക്കപ്പോഴും അവർ ഈ മൃഗീയതയ്ക്കു വഴങ്ങിക്കൊടുക്കുന്നത് ഒരുപിടി ചോറിനു വേണ്ടിയാണ്. അല്ലാത്തപക്ഷം പട്ടിണി കിടന്നു മരിക്കേണ്ടി വരും. സങ്കടകരമെന്നു പറയട്ടെ, ഈ അശരണരിൽ പലരെയും വേശ്യാവൃത്തിയിൽ കൊണ്ടെത്തിച്ചതു കാശിനുവേണ്ടി അവരെ വിറ്റ ദരിദ്രരായ സ്വന്തം മാതാപിതാക്കൾ തന്നെയാണ്.
പ്രകടമായ ഈ ദുരന്തത്തിനു പുറമേ മറ്റൊരു പ്രശ്നവും നിലവിലുണ്ട്, കുട്ടികളെക്കൊണ്ടു പണിയെടുപ്പിക്കൽ. മിക്കപ്പോഴും വലിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്ന ഒന്നാണിത്. ഏഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലും ഐക്യനാടുകളിലെ ചില കുടിയേറ്റ സമുദായങ്ങളിലും അഞ്ചു വയസ്സുള്ള കുട്ടികളെ പോലും “അടിമപ്പണി” എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ നിർബന്ധിച്ചു ജോലി ചെയ്യിക്കുന്നു. ഞെട്ടിക്കുന്ന പരിതസ്ഥിതികളിൽ അവർ കൊച്ചു യന്ത്രമനുഷ്യരെ പോലെ പണിയെടുക്കുന്നു. അത് അവരുടെ കുരുന്നു ശരീരങ്ങളെയും മനസ്സുകളെയും തകർത്തുകളയുന്നു. മിക്കവർക്കും വിദ്യാഭ്യാസമോ മാതാപിതാക്കളിൽനിന്നുള്ള സ്നേഹമോ ലഭിക്കുന്നില്ല. അഭയം തേടാൻ ഭവനങ്ങളില്ല, കളിക്കാൻ കളിപ്പാട്ടങ്ങളും പാർക്കുകളും ഇല്ല. പലരെയും മാതാപിതാക്കൾതന്നെ നിർദയം ചൂഷണം ചെയ്യുന്നു.
ബാലഭടന്മാരും അനാഥാലയങ്ങളും
കുട്ടികളെ ഗറില്ല സേനകളിൽ ഉപയോഗിക്കുന്ന സമ്പ്രദായം വർധിച്ചിരിക്കുന്നു എന്നതു പ്രശ്നം രൂക്ഷമാക്കുന്നു. അവരെ തട്ടിയെടുക്കുകയോ അടിമച്ചന്തകളിൽനിന്നു വിലയ്ക്കു വാങ്ങുകയോ ചെയ്തതായിരിക്കാം. പിന്നീട് അവരിൽ പടിപടിയായി മൃഗീയ സ്വഭാവങ്ങൾ വളർത്തിയെടുക്കും. ചിലപ്പോൾ കൊല ചെയ്യുന്നതു കണ്ടുനിൽക്കാൻ അവരെ നിർബന്ധിക്കുന്നു. കൊലപാതക പ്രവണത വളർത്തിയെടുക്കാനായി സ്വന്തം മാതാപിതാക്കളെതന്നെ കൊല്ലാനോ അല്ലെങ്കിൽ മയക്കുമരുന്നുകൾ ഉപയോഗിക്കാനോ പോലും ചിലരോടു കൽപ്പിച്ചിട്ടുണ്ട്.
ആഫ്രിക്കയിൽ കുരുന്നു ജവാന്മാരെ മസ്തിഷ്കപ്രക്ഷാളനം ചെയ്തിരിക്കുന്നതിന്റെ ദുരന്തഫലങ്ങൾക്കുള്ള ഒരു ഉദാഹരണം ആണ് താഴെ കൊടുത്തിരിക്കുന്നത്. ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭാഷണം ഒരു സാമൂഹിക പ്രവർത്തകനും ബാലഭടനും തമ്മിലുള്ളതാണ്. തന്നിൽ അവശേഷിക്കുന്ന ബാല്യത്തിന്റെ നിഷ്കളങ്കത കൈമോശം വരാതിരിക്കാൻ ശ്രമിക്കുകയാണോ എന്നു തോന്നും അവന്റെ മറുപടി കേട്ടാൽ:
“നീ ആരെയെങ്കിലും കൊന്നോ? ‘ഇല്ല.’
നിന്റെ കൈയിൽ തോക്കുണ്ടായിരുന്നോ? ‘ഉണ്ടായിരുന്നു.’
നീ ആരുടെയെങ്കിലും നേർക്ക് അതു ചൂണ്ടിയോ? ‘ഉവ്വ്.’
എന്നിട്ട് നീ വെടിവെച്ചോ? ‘ഉവ്വ്.’
അപ്പോൾ എന്താണ് ഉണ്ടായത്? ‘അവർ നിലത്തുവീണു, അത്രതന്നെ.’”
“ഈ ഭടന്മാർ ‘ശിശു’ക്കളാണെന്നുതന്നെ പറയാം, ആറോ അതിൽ അൽപ്പം കൂടുതലോ മാത്രം പ്രായമുള്ളവർ”. 1988-ൽപോലും ലോകമൊട്ടാകെ 2,00,000 ബാലഭടന്മാർ ഉണ്ടായിരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു ഏഷ്യൻ രാജ്യത്തെ അനാഥാലയങ്ങളിലൊന്നിൽ 1988-നും 1992-നും ഇടയ്ക്ക് 550 കുട്ടികളെ—അധികവും പെൺകുട്ടികളെ—പട്ടിണിക്കിട്ടു കൊന്നതായി പറയപ്പെടുന്നു. ഒരു ഡോക്ടർ റിപ്പോർട്ടു ചെയ്യുന്നു: “വേദനസംഹാരികളൊന്നും അവർക്കു നൽകിയിരുന്നില്ല. മരിച്ചുകൊണ്ടിരുന്നപ്പോൾ പോലും അവരെ കിടക്കയുമായി ബന്ധിച്ചിരുന്നു.”
യൂറോപ്പിലെ കാര്യമോ? അവിടെ ഒരു രാജ്യത്ത്, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖല ഉണ്ടെന്ന വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിർഭാഗ്യവതികളായ ചില പെൺകുട്ടികളെ വധിക്കുകയോ പട്ടിണിക്കിട്ടു കൊല്ലുകയോ ചെയ്തു.
കുട്ടികളെ പീഡിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതും പല രാജ്യങ്ങളിലും ഗുരുതരമായ ഒരു പ്രശ്നമായി മാറിയിരിക്കുകയാണെന്ന് ഈ റിപ്പോർട്ടുകൾ സ്പഷ്ടമായി സൂചിപ്പിക്കുന്നു. എന്നാൽ അത് ഒരു ആഗോള പ്രശ്നമാണെന്നു പറയുന്നത് അതിശയോക്തിയാണോ? അടുത്ത ലേഖനം ആ ചോദ്യത്തിന് ഉത്തരം നൽകും.
[4-ാം പേജിലെ ചിത്രം]
ലൈബീരിയയിലെ ഒരു ബാലഭടൻ
[കടപ്പാട്]
John Gunston/Sipa Press
[4-ാം പേജിലെ ചിത്രം]
കൊളംബിയയിലെ ഒരു ഇഷ്ടിക ഫാക്ടറിയിൽ യന്ത്രങ്ങളെ പോലെ പണിയെടുക്കുന്ന കുഞ്ഞുങ്ങൾ
[കടപ്പാട്]
UN PHOTO 148000/Jean Pierre Laffont
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
FAO photo/F. Botts