കുട്ടികൾ മികച്ച ഭടന്മാരായിരിക്കുന്നതിന്റെ കാരണം
നീ ആരെയെങ്കിലും കൊന്നോ? “ഇല്ല.”
നിന്റെ കൈയിൽ തോക്കുണ്ടായിരുന്നോ? “ഉവ്വ്.”
നീ അത് ആരുടെയെങ്കിലും നേരേ ഉന്നംവെച്ചോ? “ഉവ്വ്.”
എന്നിട്ട് നീ വെടിവെച്ചോ? “ഉവ്വ്.”
അപ്പോൾ എന്താ ഉണ്ടായത്? “അവർ നിലത്തുവീണു, അത്രതന്നെ.”—വേൾഡ് പ്രസ്സ് റിവ്യൂ, ജനുവരി 1996.
ആഫ്രിക്കയിലെ ഒരു സാമൂഹികപ്രവർത്തകനും ഒരു ബാലഭടനും തമ്മിലുള്ള ഭീതിദമായ ഈ സംഭാഷണം, ഗതകാലം വിട്ട് സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ പാടുപെടുന്ന ഒരു കുരുന്നുഹൃദയത്തിൽ നടക്കുന്ന ആശയക്കുഴപ്പത്തെ വെളിപ്പെടുത്തുന്നു.
സമീപ വർഷങ്ങളിൽ, 25 രാജ്യങ്ങളിൽ 16 വയസ്സിനുതാഴെയുള്ള കുട്ടികൾ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 1988-ൽ മാത്രമായി ഏതാണ്ട് 2,00,000 കുട്ടികൾ യുദ്ധങ്ങളിൽ സജീവ പങ്കു വഹിച്ചിരുന്നു. മുതിർന്നവർ ഈ ബാലഭടന്മാരെ ചൂഷണം ചെയ്യുന്നതുകൊണ്ട് അവർ ബലിയാടുകളായിത്തീരുകയും ചെയ്യുന്നു.
ഭടന്മാരെന്നനിലയിലുള്ള അവരുടെ വില
ഗതകാലത്ത്, അതായത് സൈന്യങ്ങൾ കുന്തങ്ങളും വാളുകളും ഉപയോഗിച്ച് പോരാടിയിരുന്ന കാലത്ത്, അത്തരം ആയുധങ്ങളുമേന്തി നിൽക്കുന്ന വലിയ ഒരാളോട് ഒരു കുട്ടി യുദ്ധം ചെയ്തു ജയിക്കാനുള്ള സാധ്യതയില്ലായിരുന്നു. എന്നാൽ കനംകുറഞ്ഞ ആയുധങ്ങളുടെ ഒരു യുഗമാണ് ഇത്. ഇന്ന്, ഒരു സോവിയറ്റ് നിർമിത എകെ-47-ഓ അമേരിക്കൻ നിർമിത എം16-ഓ ഏന്തിയ ഒരു കുട്ടിക്ക് മുതിർന്ന ഒരാളെ വിജയപ്രദമായി നേരിടാനാകും.
ഈ ആയുധങ്ങൾ കനംകുറഞ്ഞവയാണെന്നു മാത്രമല്ല, ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പവുമാണ്. ഒരു എകെ-47 അഴിച്ച് ഭാഗങ്ങളെല്ലാം വീണ്ടും കൂട്ടിയോജിപ്പിക്കാൻ ഒരു പത്തു വയസ്സുകാരനു സാധിക്കും. ഈ തോക്കുകൾ യഥേഷ്ടം ലഭ്യമാണുതാനും. ഏതാണ്ട് 5 കോടി 50 ലക്ഷം എകെ-47 തോക്കുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഒരു ആഫ്രിക്കൻ രാജ്യത്ത് അവ വെറും 6 ഡോളറിനാണ് വിൽക്കുന്നത്. എം16 തോക്കുകളും സുലഭമാണ്, അവയ്ക്കും വില കുറവാണ്.
കുട്ടികൾക്ക് തോക്ക് കൊണ്ടുനടക്കാൻ സാധിക്കുന്നുവെന്നതിനുപുറമേ അവർ വിലപ്പെട്ട ഭടന്മാരായിരിക്കുന്നതിനു മറ്റു കാരണങ്ങളുമുണ്ട്. അവർ വേതനം ആവശ്യപ്പെടുന്നില്ല, ഓടിപ്പോകാനുള്ള സാധ്യതയും തീരെ കുറവാണ്. കൂടാതെ, മുതിർന്നവരെ പ്രസാദിപ്പിക്കാൻ കുട്ടികൾ അതിയായി ആഗ്രഹിക്കുന്നു. തെറ്റും ശരിയും സംബന്ധിച്ച അവരുടെ അവബോധത്തെക്കാൾ വലുതാണ് തങ്ങളുടെ “കുടുംബ”മായി മാറിയിരിക്കുന്ന വിമോചന സംഘടനയുടെ അല്ലെങ്കിൽ ഒളിപ്പോരാളി സേനയുടെ അംഗീകാരം പിടിച്ചുപറ്റാനുള്ള അഭിലാഷം.
അവരിൽ പലർക്കും ഭയവുമില്ല. പശ്ചിമാഫ്രിക്കയിലെ ഒരു സൈനികനിരീക്ഷകൻ വിവരിച്ചു: “മരണത്തെക്കുറിച്ച് മുതിർന്ന ഭടന്മാർക്കുള്ള അതേ ഗ്രാഹ്യമല്ല [കുട്ടികൾക്ക്] ഉള്ളത്. ആശയറ്റപോലെ കാണപ്പെടുന്ന സന്ദർഭങ്ങളിൽ അവർ അടിയറവു പറയാനുള്ള സാധ്യത കുറവാണ്.” ക്യാപ്റ്റൻ കില്ലിങ് മെഷീൻ എന്ന മറുപേരുള്ള ലൈബീരിയക്കാരനായ ഒരു ആൺകുട്ടി ഇങ്ങനെ വീമ്പിളക്കി: “വലിയ ആളുകളൊക്കെ പേടിച്ചോടിയപ്പോൾ ഞങ്ങൾ ആൺകുട്ടികളാണ് അവിടെ നിന്നു പോരാടിയത്.”
എന്നാൽ ഒരു വിരോധാഭാസമുണ്ട്. ആൺകുട്ടികളാണ് ഏറ്റവും മികച്ച ഭടന്മാരെങ്കിലും സാധാരണഗതിയിൽ അവരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാറില്ല. മധ്യപൂർവദേശത്ത് നടന്ന ഒരു യുദ്ധത്തിൽ ബാലഭടന്മാരുടെ കൂട്ടങ്ങളോട് മൈൻപാടങ്ങളിലൂടെ മുന്നമേ കടന്നുപോകാൻ ആജ്ഞാപിക്കുകയുണ്ടായി.
സൈന്യത്തിൽ ചേർക്കലും പരുവപ്പെടുത്തലും
ചില കുട്ടികൾ സൈന്യത്തിലോ വിപ്ലവ പ്രസ്ഥാനങ്ങളിലോ ചേരുന്നത് സാഹസികത ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. അപകടഭീഷണി ഉയരുകയും കുടുംബം താറുമാറാകുകയും ചെയ്യുമ്പോൾ ഒരു സൈനികവിഭാഗത്തിലായിരിക്കുന്നത് കുറെയൊക്കെ സുരക്ഷിതത്വബോധം പ്രദാനം ചെയ്യുന്നു, മാത്രമല്ല അതവർക്ക് ഒരു പകരകുടുംബം കൂടെയായിത്തീരുന്നു. ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി പറയുന്നു: “അക്രമാസക്തമായ ഒരന്തരീക്ഷത്തിൽ വളർന്നുവന്ന കുട്ടികൾ ഒരു ശാശ്വത ജീവിതരീതിയായി ഇതിനെ വീക്ഷിക്കുന്നു. ഒറ്റപ്പെട്ട, അനാഥരായ, ഭയാക്രാന്തരായ, വിരസത അനുഭവപ്പെടുന്ന, നിരാശരായ അവർ മിക്കവാറും ഒടുവിൽ പൊരുതാൻതന്നെ തീരുമാനിക്കും.”
മറ്റു ചില കുട്ടികൾ സൈന്യത്തിൽ ചേരുന്നത് വേറേ പോംവഴിയില്ലാത്തതുകൊണ്ടായിരിക്കാം. ഭക്ഷ്യദൗർലഭ്യം നേരിടുകയും അപകടഭീഷണി ഉയരുകയും ചെയ്യുമ്പോൾ ജീവിക്കാൻ സൈന്യത്തിൽ ചേരുകയല്ലാതെ മറ്റു വഴികളൊന്നുമില്ലെന്ന് അവർക്കു തോന്നിയേക്കാം.
ചിലപ്പോൾ, കുട്ടികൾ സാമൂഹിക നീതിക്കോ മതവിശ്വാസങ്ങൾക്കോ സാംസ്കാരിക താദാത്മ്യത്തിനോ വേണ്ടി പോരാടേണ്ടതായി വന്നേക്കാം. ഉദാഹരണത്തിന്, പെറുവിൽ ഒളിപ്പോരാളികളുടെ സംഘത്തിൽ ചേരാൻ നിർബന്ധിതരായിത്തീർന്ന കുട്ടികളെ ദീർഘകാലം രാഷ്ട്രീയ കാര്യങ്ങൾ പഠിപ്പിക്കുന്നു. എങ്കിലും എപ്പോഴും അങ്ങനെയാകണമെന്നില്ല. ദക്ഷിണപൂർവ ഏഷ്യയിലെ ബാലഭടന്മാരെക്കുറിച്ചു പഠനം നടത്തിയ ഒരു സാമൂഹിക നരവംശശാസ്ത്രജ്ഞനായ ബ്രൈയൻ മില്ൻ പറഞ്ഞു: “കുട്ടികൾക്ക് തത്ത്വദീക്ഷയോ ആദർശമോ ഒന്നുമില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമ്മർദം ചെലുത്തി അവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിപ്പിക്കുകയാണ്.”
ഇനിയും മറ്റു ചില കുട്ടികളെ നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കുന്നതാണ്. ആഫ്രിക്കയിലെ ചില യുദ്ധങ്ങളിൽ, സൈനികവിഭാഗങ്ങൾ ഗ്രാമങ്ങൾ ആക്രമിച്ച് കുട്ടികളെ പിടികൂടുന്നു. എന്നിട്ട് സ്വന്തം കുടുംബാംഗങ്ങളെ പീഡിപ്പിക്കാനും വധിക്കാനും അല്ലെങ്കിൽ അതെല്ലാം നോക്കിക്കാണാനും അവരെ നിർബന്ധിക്കുന്നു. ചിലപ്പോൾ സ്വന്തം മാതാപിതാക്കളെ വെടിവെക്കാനോ അവരുടെ കഴുത്തറക്കാനോ അവർ നിർബന്ധിതരാകുന്നു. ഒരിക്കൽ ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കു വിധേയരായിക്കഴിഞ്ഞാൽ പിന്നീട് മറ്റുള്ളവരെ വിറപ്പിക്കാൻ ഈ ആൺകുട്ടികൾക്ക് പ്രോത്സാഹനം ലഭിക്കുന്നു. മൃഗതുല്യരാക്കി മാറ്റപ്പെട്ട ഈ കുട്ടികൾ മിക്കപ്പോഴും, തഴക്കംവന്ന മുതിർന്ന ഭടന്മാർപോലും ചെയ്യാൻ അറയ്ക്കുന്ന ക്രൂരകൃത്യങ്ങൾ ചെയ്യുന്നു.
സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്
അത്തരം കുട്ടികൾക്ക് അക്രമരഹിതമായ ഒരു ജീവിതവുമായി പൊരുത്തപ്പെടുക അത്ര എളുപ്പമല്ല. ഒരു പശ്ചിമാഫ്രിക്കൻ രാജ്യത്തുള്ള ഒരു ബാലകേന്ദ്രത്തിന്റെ ഡയറക്ടർ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ ചികിത്സിച്ചിട്ടുള്ള കുട്ടികളെല്ലാം വ്യത്യസ്ത അളവിൽ മാനസികക്ഷതമേറ്റവരായിരുന്നു. അവർ ബലാൽസംഗം ചെയ്തിട്ടുണ്ട്, കൊല ചെയ്തിട്ടുണ്ട്, ആളുകളെ പീഡിപ്പിച്ചിട്ടുണ്ട്. പലർക്കും മദ്യമോ മയക്കുമരുന്നോ നൽകിയിരുന്നു. മിക്കവാറും മരിജ്വാനയാണ് നൽകിയിരുന്നത്. ചിലപ്പോഴാകട്ടെ ഹെറോയിനും. . . . അത്തരം കാര്യങ്ങൾ കുട്ടികളുടെ, അതും എട്ടോ ഒമ്പതോ വയസ്സുമാത്രം പ്രായമുള്ളവരുടെ, മനസ്സിനെ എത്ര പ്രതികൂലമായാണ് ബാധിക്കുന്നതെന്ന് നിങ്ങൾക്കു സങ്കൽപ്പിക്കാവുന്നതേയുള്ളൂ.”
അയൽ രാജ്യമായ ലൈബീരിയയിലെ സ്ഥിതിവിശേഷവും വ്യത്യസ്തമല്ല. അവിടെ പതിനായിരക്കണക്കിന് കുട്ടികൾ ഗ്രാമങ്ങളെ വിറപ്പിച്ചുകൊണ്ട് തങ്ങളുടെ ബാല്യകാലം ചെലവഴിക്കുന്നു. കൗമാരപ്രായക്കാരായ മേജർമാർക്കും ജനറൽമാർക്കും ഒരു എകെ-47 നൽകുന്ന പദവിയും അധികാരവും ഉപേക്ഷിക്കാൻ അത്ര പെട്ടെന്നു മനസ്സുവരില്ല. സൊമാലിയയിലെ ഒരു നിവാസി പറഞ്ഞു: “തോക്കുണ്ടെങ്കിൽ ജീവിക്കാം. ഇല്ലെങ്കിൽ ജീവിക്കാനാകില്ല.”
വീട്ടുകാർ ശിക്ഷിക്കുമെന്നോ അവഗണനയോടെ പെരുമാറുമെന്നോ ഉള്ള ഭയം നിമിത്തം പലപ്പോഴും ബാലഭടന്മാർക്ക് ഭവനങ്ങളിലേക്കു തിരിച്ചുപോകാൻ സാധിക്കാതെ വരുന്നു. ലൈബീരിയയിലുള്ള, കുട്ടികൾക്കുവേണ്ടിയുള്ള ഒരു ഉപദേഷ്ടാവ് ഇങ്ങനെ പറഞ്ഞു: “അമ്മമാർ ഞങ്ങളോടു പറയും, ‘അവൻ നിങ്ങളുടെകൂടെ നിന്നോട്ടെ. ഈ ചെകുത്താനെ ഇനി ഞങ്ങൾക്കു വേണ്ട.’”
പല കുട്ടികളും സമാധാനപൂർണമായ ജീവിതവുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും അത്തരം മാറ്റം വരുത്താൻ അവർക്ക് ചുറ്റുമുള്ളവരിൽനിന്നു വളരെയധികം സ്നേഹവും പിന്തുണയും പരിഗണനയും ആവശ്യമായിരുന്നു. കുട്ടികളെയോ അവരുടെ കുടുംബങ്ങളെയോ സംബന്ധിച്ചിടത്തോളം ഇതൊന്നും അത്ര എളുപ്പമല്ല. മൊസാമ്പിക്കിലുള്ള ഒരു സാമൂഹികപ്രവർത്തകൻ വിവരിക്കുന്നു: “നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം എടുക്കാൻ കഴിയുന്ന, എന്തു ചെയ്യണമെന്ന് മറ്റുള്ളവരോട് കൽപ്പിക്കാൻ കഴിയുന്ന ഒരു ജീവിതത്തെ ഗ്രാമത്തിലേക്കു മടങ്ങിവന്നതിനുശേഷമുള്ള ജീവിതവുമായി താരതമ്യം ചെയ്യുക. 17 വയസ്സുള്ള നിങ്ങൾ നിരക്ഷരനും വൈദഗ്ധ്യങ്ങളൊന്നും വശമില്ലാത്തവനുമാണെങ്കിലത്തെ കാര്യമൊട്ടു പറയുകയും വേണ്ട. പിന്നെ നിങ്ങളുടെ ജീവിതം ആകെ വിരസമായിരിക്കും. പഴയ ചര്യയിലേക്ക് മടങ്ങിച്ചെല്ലുന്നതും എന്തു ചെയ്യണമെന്ന് മറ്റുള്ളവർ നിങ്ങൾക്ക് പറഞ്ഞുതരുന്നതും ബാലപാഠങ്ങൾ ആദ്യം മുതൽ പഠിക്കേണ്ടിവരുന്നതുമെല്ലാം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.”
[5-ാം പേജിലെ ചതുരം/ചിത്രം]
13 വയസ്സുകാരൻ അൻവർ താമസിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. ആറ് പോരാട്ടത്തിൽ പങ്കെടുത്തശേഷം ഏഴാമത്തെ പോരാട്ടത്തിൽവെച്ചാണ് അവൻ ആദ്യമായി കൊല നടത്തുന്നത്. രണ്ടു ഭടന്മാരെ വളരെ അടുത്തുവെച്ചുതന്നെ വെടിവെച്ചശേഷം അവർ മരിച്ചെന്ന് ഉറപ്പുവരുത്താനായി അവൻ തോക്കിന്റെ പാത്തികൊണ്ട് അവരുടെ ശരീരത്തിൽ കുത്തി. ആ സംഭവത്തെക്കുറിച്ച് അവന് എന്തു തോന്നുന്നു എന്നു ചോദിച്ചപ്പോൾ ആ ചോദ്യം അൻവറിനെ അന്ധാളിപ്പിച്ചതായി തോന്നി. “അവരെ കൊന്നതിൽ എനിക്കു സന്തോഷം തോന്നി,” അവൻ പറഞ്ഞു.
അതേ പോരാട്ടത്തിൽവെച്ചുതന്നെ അൻവറിന്റെ സഹഭടന്മാർ ശത്രുപക്ഷത്തുള്ള നാലു ഭടന്മാരെ പിടികൂടി. എന്നിട്ട് അവരെ ബന്ധിച്ച് കണ്ണുകെട്ടി വെടിവെച്ചുകൊന്നു. അതേക്കുറിച്ച് അൻവറിനു തോന്നിയത് എന്തായിരുന്നു? ഒരു വിഡ്ഢിച്ചോദ്യം കേട്ട ഭാവമായിരുന്നു അൻവറിന്. കൊച്ചുയോദ്ധാവ് ഒരു പുരികമുയർത്തി, ഒന്നിരുത്തി പറഞ്ഞു. “എനിക്കേ, വല്ല്യ സന്തോഷംതന്നെയായിരുന്നെന്നു കൂട്ടിക്കോ.”
[6-ാം പേജിലെ ചതുരം/ചിത്രം]
പശ്ചിമാഫ്രിക്കയിലെ ഒരു തടവുകാരന്റെ മോചനം അടുത്തിരുന്നു. എന്നാൽ അയാളുടെ കൈവിലങ്ങിന്റെ താക്കോൽ സൈനിക ഉദ്യോഗസ്ഥന്റെ പക്കൽനിന്നു കളഞ്ഞുപോയി. ഒരു ബാലഭടനോട് ആ തടവുകാരന്റെ കൈകൾ വെട്ടിമാറ്റാൻ ഉത്തരവിട്ടുകൊണ്ട് ഉദ്യോഗസ്ഥൻ പ്രശ്നം പരിഹരിച്ചു. “സ്വപ്നത്തിൽ ഇന്നും അയാളുടെ നിലവിളി എന്റെ കാതുകളിൽ മുഴങ്ങുന്നു,” ആ കുട്ടി പറയുന്നു. “അയാളെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം എന്റെ മനസ്സ് വേദനിക്കുന്നു.”