ഒരു ആഗോള പ്രതിസന്ധി
ബ്രസീലിലെ തെരുവുകുട്ടികളുടെ ദാരുണമായ കൂട്ടക്കൊല, പരിത്യക്തരായ കുട്ടികൾ അഭിമുഖീകരിക്കുന്ന അപകടത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ഓരോ വർഷവും നൂറു കണക്കിനു കുട്ടികൾ കൊല ചെയ്യപ്പെടുന്നതായി ആ രാജ്യത്തുനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
സ്കോട്ട്ലൻഡിലെ ഡൺബ്ലേനിലും ഇംഗ്ലണ്ടിലെ വൂൾവെർഹാംപ്റ്റണിലും മറ്റ് അനേകം പ്രദേശങ്ങളിലും കുട്ടികൾക്കുനേരെ മൃഗീയമായ ആക്രമണം നടന്നിട്ടുണ്ട്. അംഗോളയിലെ അനാഥയായ 12 വയസ്സുകാരി മരിയതന്നെ ഉദാഹരണം. ബലാത്സംഗത്തിന് ഇരയായ അവൾ ഗർഭിണിയായി. പിന്നീട് ഏതാണ്ട് 320 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്ക് അവൾക്കു കാൽനടയായി യാത്ര ചെയ്യേണ്ടിവന്നു. അവിടെവെച്ച് മാസം തികയുന്നതിനു മുമ്പേ അവൾ പ്രസവിച്ചു. കുട്ടി രണ്ടാഴ്ചയേ ജീവിച്ചിരുന്നുള്ളൂ. രോഗവും വികലപോഷണവും നിമിത്തം ഒരാഴ്ചയ്ക്കു ശേഷം മരിയയും മരിച്ചു.
“‘കുട്ടികൾക്കെതിരെയുള്ള യുദ്ധം’ 20-ാം നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ്” എന്ന് ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ 1992-ലെ ഒരു റിപ്പോർട്ട് പറഞ്ഞു. ‘ശത്രുക്കളുടെ വരും തലമുറകളും, അതായത് ശത്രുക്കളുടെ മക്കളും തുടച്ചു നീക്കപ്പെടണം’ എന്നാണു ചിലരുടെ അഭിപ്രായം എന്ന് ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ 1996-ലെ ഒരു റിപ്പോർട്ട് പ്രസ്താവിച്ചു. ഒരു രാഷ്ട്രീയ ഭാഷ്യകാരൻ ആ മനോഭാവത്തെ ഇങ്ങനെയാണ് അവതരിപ്പിച്ചത്: “വലിയ എലികളെ ഇല്ലായ്മ ചെയ്യാൻ ആദ്യം എലിക്കുഞ്ഞുങ്ങളെ കൊല്ലേണ്ടതുണ്ട്.”
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇരുപതു ലക്ഷം കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ട്. കുഴിബോംബുകൾ പൊട്ടിത്തെറിച്ച് 40 ലക്ഷം കുട്ടികൾക്ക് അംഗഭംഗം സംഭവിക്കുകയോ കാഴ്ച നഷ്ടപ്പെടുകയോ മസ്തിഷ്കത്തിനു ക്ഷതം ഏൽക്കുകയോ ചെയ്തിരിക്കുന്നു. യുദ്ധം ഭവനരഹിതരാക്കിയ ദശലക്ഷക്കണക്കിന് ആളുകൾക്കൊപ്പം കഷ്ടിച്ചു രക്ഷപ്പെട്ടവരാണ് ഇവർ. “കുട്ടികൾ നേരിടുന്ന യുദ്ധക്കെടുതികളുടെ ഭീകരചിത്രങ്ങൾ” എന്ന ശീർഷകത്തിൻ കീഴിൽ ഒരു റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല.
കുട്ടികൾക്കെതിരെയുള്ള ഈ കൊടുംക്രൂരതകൾ മാനവരാശിയുടെ മുഖത്തേറ്റ കളങ്കമാണ്. ഏതാനും രാജ്യങ്ങളിൽ മാത്രമല്ല, പിന്നെയോ ഗോളവ്യാപകമായി കുട്ടികൾ പ്രതിസന്ധിയിലാണ് എന്നതിനുള്ള നിഷേധിക്കാനാവാത്ത തെളിവാണ് ഇത്. അതിക്രമത്തിനു വിധേയരായ കുട്ടികൾ പലരും വഞ്ചനയ്ക്കും ഇരകളായവരാണ്.
വിശ്വാസവഞ്ചന
കുട്ടികളോടു വിശ്വാസവഞ്ചന കാട്ടുന്നത് അവരുടെ മനസ്സിൽ ഉണങ്ങാത്ത മുറിവേൽപ്പിക്കും, വിശേഷിച്ചും അതു ചെയ്യുന്നത് മാതാവോ പിതാവോ സുഹൃത്തോ അധ്യാപകനോ ആണെങ്കിൽ. ഐക്യനാടുകളിൽ ടോക്ക് ഷോ നടത്തുന്ന ഓപ്രാ വിൻഫ്രിയുടെ “പേടിച്ചരണ്ട മൗനം: കുട്ടികളോടുള്ള അതിക്രമങ്ങൾ തുറന്നു കാട്ടലും അവസാനിപ്പിക്കലും” എന്ന പരിപാടിക്കുശേഷം ഒരു ഹോട്ട്ലൈനിലേക്ക് (സ്വകാര്യ ദുഃഖങ്ങൾ പങ്കിടാവുന്ന ഒരു ടെലഫോൺ സർവീസ്) ഉണ്ടായ ഫോൺകോളുകളുടെ പ്രവാഹത്തിൽനിന്നു മാതാപിതാക്കളിൽനിന്നുള്ള അതിക്രമങ്ങളുടെ ആധിക്യം മനസ്സിലാക്കാവുന്നതാണ്. “ഏറ്റവും ഞെട്ടിക്കുന്ന ഫോൺകോളുകൾ ലഭിച്ചതു കൊച്ചു കുട്ടികളിൽനിന്നായിരുന്നു. ശാരീരികമോ ലൈംഗികമോ ആയ പീഡനത്തിന്റെ വേദനയിൽനിന്നു രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്ന അവരുടെ വാക്കുകളിൽ ഭീതി നിഴലിച്ചിരുന്നു” എന്ന് എക്സിക്യൂട്ടീവ് നിർമാതാവായ ആർനോൾഡ് ഷാപ്പിറോ അഭിപ്രായപ്പെട്ടതായി കുട്ടികൾ ഇന്ന് എന്ന ഇംഗ്ലീഷ് പത്രിക റിപ്പോർട്ടു ചെയ്തു.
കുട്ടികളോട് അതിക്രമം കാട്ടുന്നത്, കണ്ടാൽ പേടി തോന്നുന്ന അപരിചിതരാണ് എന്ന ആശയം ദൂരീകരിക്കാൻ ഈ പരിപാടി വളരെ സഹായിച്ചു. “കുട്ടികളോടു മോശമായി പെരുമാറുന്നത് അധികവും മാതാപിതാക്കളും മറ്റ് അടുത്ത ബന്ധുക്കളും തന്നെയാണ്” എന്നതാണു വസ്തുത എന്ന് ഷാപ്പിറോ അഭിപ്രായപ്പെടുന്നു. മറ്റു ഗവേഷണങ്ങളും ഈ കണ്ടെത്തലിനെ സ്ഥിരീകരിക്കുന്നുണ്ട്. വിശ്വാസയോഗ്യരെന്നു കരുതിയിരുന്ന കുടുംബസുഹൃത്തുക്കൾ ചിലപ്പോൾ വിദഗ്ധമായ കരുനീക്കങ്ങളിലൂടെ കുട്ടിയെയും വീട്ടുകാരെയും ‘കയ്യിലെടുത്ത്’ പിന്നീട് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുള്ളതായും അവ ചൂണ്ടിക്കാട്ടുന്നു. അടുത്ത ബന്ധുക്കളാലുള്ള ലൈംഗിക പീഡനം ആണ് ഏറ്റവും കടുത്ത വിശ്വാസവഞ്ചന.
ലോകവ്യാപകമായി കുട്ടികൾ നേരിടുന്ന മറ്റൊരു ഭീഷണിയാണ് ബാലരതിപ്രിയരിൽ നിന്നുള്ള ലൈംഗിക പീഡനം. ട്രെൻഡ്സ് & ഇഷ്യൂസ് ഇൻ ക്രൈം ആൻഡ് ക്രിമിനൽ ജസ്റ്റിസ് അതിന് ഇങ്ങനെയൊരു നിർവചനം നൽകുന്നു: “ബാലരതിപ്രിയം, നന്നേ ചെറിയ കുട്ടികളോടുള്ള ലൈംഗിക താത്പര്യം ആണ്. . . . അതിൽ ലൈംഗിക ആക്രമണം, മര്യാദയില്ലാത്ത പെരുമാറ്റം, കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളും മറ്റും എടുക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.”
കുട്ടികളെ കാമാർത്തിക്ക് ഇരകളാക്കുന്ന ബാലരതിപ്രിയരുടെ ശൃംഖലകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ ലോകമെമ്പാടുനിന്നും പ്രവഹിക്കുന്നു. (7-ാം പേജിലെ ചതുരം കാണുക.) ചെറിയ ആൺകുട്ടികളും പെൺകുട്ടികളും ഇവരുടെ ഇരകളാകുന്നുണ്ട്. മനസ്സാക്ഷിയില്ലാത്ത ഇത്തരക്കാർ കുട്ടികളെ വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്തശേഷം, അവർ തങ്ങളുടെ ‘ക്ലബ്ബിൽ’നിന്നു വിട്ടുപോകാതിരിക്കാൻ ഭീഷണി പ്രയോഗിക്കുന്നു അല്ലെങ്കിൽ അമിതമായ ലാളന ചൊരിയുന്നു. ഇത്തരം ഹീനമായ പ്രവൃത്തികൾ കാട്ടിക്കൂട്ടുന്നത് മിക്കപ്പോഴും സമുദായത്തിലെ ഉന്നത നേതാക്കളാണ്, ചിലപ്പോഴൊക്കെ പൊലീസിന്റെയും നീതിന്യായപാലകരുടെയും പൂർണമായ ഒത്താശയോടെതന്നെ.
പുരോഹിതന്മാർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അമർഷം കത്തിപ്പടരാൻ ഇടയാക്കിയിട്ടുണ്ട്. ലോകമെമ്പാടുനിന്നും ഉള്ള വാർത്താ റിപ്പോർട്ടുകൾ, വൈദികരിൽനിന്ന്—ഒരുപക്ഷേ ദൈവത്തിന്റെ നാമത്തിൽപ്പോലും—കുട്ടികൾ നേരിടുന്ന അതിക്രമങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ലൈംഗിക ചൂഷണത്തിനു പിടിയിലായ ഒരു ആംഗ്ലിക്കൻ പുരോഹിതൻ തന്റെ അതിക്രമത്തിനു പാത്രമായ ഒരു പത്തുവയസ്സുകാരനോട് “ദൈവം തന്നിലൂടെ [പുരോഹിതനിലൂടെ] സംസാരിക്കുകയാണെന്നും താൻ ചെയ്യുന്നതോ [കുട്ടി] ചെയ്യുന്നതോ ആയ എന്തും ദൈവത്തിന് ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ അത് ശരിയാണെന്നും” പറയുകയുണ്ടായി.
ഓസ്ട്രേലിയയിൽ, പോരാട്ടവും തിരിച്ചടിയും: കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങൾക്ക് എതിരെയുള്ള യുദ്ധം എന്ന ഇംഗ്ലീഷ് പുസ്തകത്തെ കുറിച്ചുള്ള ഒരു നിരൂപണത്തിൽ വൈദികരും വിശ്വാസയോഗ്യരായി കണക്കാക്കപ്പെടുന്ന മറ്റ് ഉന്നത വ്യക്തികളും കുട്ടികളോടു കാണിക്കുന്ന അതിക്രമങ്ങളെ കുറിച്ച് പരാമർശിച്ചിരുന്നു. ഉൾപ്പെട്ടിരിക്കുന്ന സംഘടനകൾ, സ്വന്തം പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിലാണു ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്നും അപകടത്തിന് ഇരകളാകാൻ സാധ്യതയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം അവർ സ്വയം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പറയപ്പെട്ടു.
ദുരന്ത ഫലങ്ങൾ
സാധാരണഗതിയിൽ, കുട്ടികൾ മുതിർന്നവരിൽ പൂർണമായ വിശ്വാസം അർപ്പിക്കുന്നു. അതുകൊണ്ട് വിശ്വാസവഞ്ചനയ്ക്ക് ഇരകളാകുമ്പോൾ അത് അവരുടെ കുരുന്നു മനസ്സിനു താങ്ങാനാകില്ല. കുട്ടികളോടുള്ള ദുഷ്പെരുമാറ്റവും അവഗണനയും (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “മുമ്പ് സുരക്ഷിതത്വമോ പിന്തുണയോ പ്രദാനം ചെയ്തിരുന്ന വ്യക്തികളും സ്ഥലങ്ങളും ഇപ്പോൾ അപകടത്തിന്റെയും ഭീതിയുടെയും ഉറവിടങ്ങളായി മാറിയിരിക്കുന്നു. കുട്ടികളുടെ ലോകം എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന, നിയന്ത്രണാതീതമായ കാര്യങ്ങൾ നടക്കുന്ന ഒന്നായി തീരുകയാണ്.”
ഒരുപക്ഷേ വർഷങ്ങളോളംതന്നെ നേരിടേണ്ടിവന്ന ഇത്തരം അതിക്രമങ്ങളുടെ ഫലമായി ചില കുട്ടികളിൽ പിൽക്കാലത്ത്, ബാല്യം പിന്നിട്ടശേഷം പോലും, സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ തലപൊക്കിയിട്ടുണ്ട്. ഇത്തരം വിശ്വാസവഞ്ചന കുട്ടിയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലേറെയാണ്. കാരണം അവൻ അല്ലെങ്കിൽ അവൾ ചൂഷണം ചെയ്യപ്പെട്ടത് ഒരു കുട്ടി ആയതുകൊണ്ടു മാത്രമാണ്. അതിക്രമങ്ങൾക്കു വിധേയരാകുന്ന പല കുട്ടികളും സംഭവം പുറത്തു പറയാറില്ല—കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് മറയായി ഉതകുന്നതും ഇതുതന്നെ.
സമീപ വർഷങ്ങളിൽ കുട്ടികളോടുള്ള അതിക്രമങ്ങൾ സംബന്ധിച്ച തെളിവുകൾ ലോകവ്യാപകമായി വർധിച്ചുവരികയാണ്. അവഗണിക്കാനും നിഷേധിക്കാനും ആകാത്ത തെളിവുകളുടെ ഒരു കൂമ്പാരം തന്നെ ഇന്നുണ്ട്. എന്നാൽ കുട്ടികളോടുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുക എന്നതു ദുഷ്കരമായ ഒരു ദൗത്യമാണ് എന്നു മിക്കവരും സമ്മതിക്കുന്നു. അതുകൊണ്ട് ഈ ചോദ്യങ്ങൾ ഉയർന്നുവരുന്നു: നമ്മുടെ കുട്ടികളെ യഥാർഥത്തിൽ സംരക്ഷിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ? മാതാപിതാക്കൾക്ക് ഏതു വിധത്തിൽ തങ്ങളുടെ ദൈവദത്ത അവകാശത്തെ സംരക്ഷിക്കാനും എളുപ്പത്തിൽ അപകടത്തിന് ഇരകളായേക്കാവുന്ന തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കാനും കഴിയും? സഹായത്തിനായി മാതാപിതാക്കൾക്ക് എങ്ങോട്ടു തിരിയാൻ സാധിക്കും?
[7-ാം പേജിലെ ചതുരം/ചിത്രം]
ഇന്റർനെറ്റ് രഹസ്യാന്വേഷണം
ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും പ്രദർശിപ്പിക്കുന്നതു സംബന്ധിച്ച് ഏതാനും മാസങ്ങൾക്കു മുമ്പു നടത്തിയ ഏറ്റവും വലിയ രഹസ്യാന്വേഷണങ്ങളിലൊന്നിൽ 12 രാജ്യങ്ങളിലായി ബാലരതിപ്രിയർ എന്നു സംശയിക്കപ്പെട്ട 100-ലധികം പേരുടെ ഭവനങ്ങൾ പൊലീസ് റെയ്ഡു ചെയ്തു. ഐക്യനാടുകൾ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ബാലരതിപ്രിയരുടെ ഒരു സംഘത്തിൽനിന്നു മാത്രമായി കുട്ടികളുടെ 1,00,000-ത്തിൽ അധികം അശ്ലീല ചിത്രങ്ങൾ അവർ പിടിച്ചെടുത്തു.
അഞ്ചു മാസം നീണ്ടുനിന്ന ഇന്റർനെറ്റ് അന്വേഷണത്തിനു നേതൃത്വം നൽകിയ ബ്രിട്ടീഷ് കുറ്റാന്വേഷകൻ ഇങ്ങനെ പറഞ്ഞു: “പിടിച്ചെടുക്കപ്പെട്ട ചിത്രങ്ങൾ നല്ല മനസ്ഥിതിയുള്ള ആരിലും അറപ്പുളവാക്കുന്നവയായിരുന്നു.” ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും—രണ്ടു വയസ്സുള്ള കുട്ടികളുടെ പോലും—ചിത്രങ്ങൾ ഇതിൽ ഉണ്ടായിരുന്നു. ബെൽജിയൻ പൊലീസ് പറഞ്ഞപ്രകാരം, ഈ ഇന്റർനെറ്റ് ചിത്രങ്ങൾ “കുട്ടികളെ അനാശാസ്യ നടപടികൾക്കു വിധേയരാക്കുന്നതിന്റെ ഏറ്റവും ബീഭത്സമായ ചിത്രീകരണം ആയിരുന്നു. . . . ഏറ്റവും ആകർഷകമായ ചിത്രങ്ങൾ ലഭിക്കേണ്ടതിന് ആളുകൾ സ്വന്തം കുട്ടികളെ പോലും ഹീനകൃത്യങ്ങൾക്ക് ഉപയോഗിച്ചു.” ഒരു മനുഷ്യൻ സ്വന്തം അനന്തിരവളെ ബലാത്സംഗം ചെയ്യുന്ന രംഗത്തിന്റെ ഫോട്ടോകൾ എടുത്ത് കമ്പ്യൂട്ടറിൽ പകർത്തി.
സംശയാസ്പദമായി പിടിക്കപ്പെട്ടവരിൽ അധ്യാപകരും ഒരു ശാസ്ത്രജ്ഞനും നിയമവിദ്യാർഥിയും മെഡിക്കൽ വിദ്യാർഥിയും സ്കൗട്ട്മാസ്റ്ററും അക്കൗണ്ടന്റും യൂണിവേഴ്സിറ്റി പ്രൊഫസറും ഉൾപ്പെടുന്നു.
[6-ാം പേജിലെ ചിത്രം]
സ്ഫോടനത്തിൽ അംഗഭംഗം സംഭവിച്ച ഒരു കുട്ടി
[കടപ്പാട്]
UN/DPI Photo by Armineh Johannes
[7-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Photo ILO/J. Maillard