സംഘടിത കുറ്റകൃത്യം—നിങ്ങളെ ബാധിക്കുന്ന വിധം
ജപ്പാനിലെ ഉണരുക! ലേഖകൻ
മാഫിയ കുടുംബത്തിന്റെ തലവൻ നവാഗത അംഗത്തിന്റെ ഒരു വിരലിൽ കൂർത്തമുനകൊണ്ടു കുത്തുന്നു. ഒരു “വിശുദ്ധ”ന്റെ ചിത്രത്തിൻമേൽ രക്തം ഇറ്റിറ്റുവീഴുന്നു. അടുത്തതായി, ആ ചിത്രം കത്തിച്ചാമ്പലാകുന്നു. ‘സംഘടനയുടെ ഏതെങ്കിലും രഹസ്യം നീ പുറത്തുപറഞ്ഞാൽ നിന്റെ ശരീരം ഈ വിശുദ്ധനെപ്പോലെ കത്തും’ എന്ന് തലവൻ ആ യുവാവിനോടു പറയുന്നു.
നിശബ്ദതയുടെ വ്യവസ്ഥ—ഇറ്റാലിയൻ ഭാഷയിൽ ഒമെട്രാ—സംഘടിത കുറ്റകൃത്യത്തെ കൂടുതലായും അധോലോകത്ത് അനേക വർഷം ഒതുക്കിനിർത്തി. എന്നാൽ ഇന്ന്, ചില സംഘാംഗങ്ങൾ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നവർ ആയിത്തീർന്നതോടെ കുറ്റകൃത്യ സംഘങ്ങൾ എല്ലായിടത്തും വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുന്നു. ഈ പെൻറിറ്റികളാൽ അഥവാ മാഫിയ കൂറുമാറ്റക്കാരാൽ ആരോപണവിധേയനായ ഏറ്റവും പ്രമുഖ വ്യക്തി, ഏഴുതവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന ജൂലിയോ ആൻഡ്രേയോട്ടി ആയിരുന്നു. തന്റെ മാഫിയ ബന്ധങ്ങൾക്ക് അദ്ദേഹം ഇപ്പോൾ വിചാരണയെ നേരിടുകയാണ്.
എല്ലായിടത്തുമുള്ള കുറ്റകൃത്യ സംഘടനകൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കടന്നുകയറ്റം നടത്തിയിരിക്കുന്നു. ഇറ്റലിയിലെയും ഐക്യനാടുകളിലെയും, കോസാ നോസ്ട്രാ എന്നും വിളിക്കപ്പെടുന്ന മാഫിയ; തെക്കേ അമേരിക്കയിലെ മയക്കുമരുന്നു സംഘങ്ങൾ; ചൈനയിലെ ട്രയാഡ്സ്; ജപ്പാനിലെ യാക്കൂസാ എന്നിവയാണ് അവയിൽ ചിലവ. അവരുടെ ദുഷ്പ്രവൃത്തികൾ നമ്മെയെല്ലാം ബാധിക്കുകയും ജീവിതച്ചെലവു വർധിപ്പിക്കുകയും ചെയ്യുന്നു.
ഐക്യനാടുകളിൽ, മാഫിയ ന്യൂയോർക്കു നഗരത്തെ അഞ്ചു കുടുംബങ്ങൾക്കായി വിഭജിക്കുന്നുവെന്നു പറയപ്പെട്ടിരിക്കുന്നു. തട്ടിയെടുക്കൽ, നിയമവിരുദ്ധ സ്ഥാപനങ്ങളുടെ സംരക്ഷണക്കൂലി, അമിതപലിശയ്ക്കു പണംനൽകൽ, ചൂതാട്ടം, മയക്കുമരുന്നു വിൽപ്പന, വേശ്യാവൃത്തി എന്നീ മാർഗങ്ങളിലൂടെ അവർ ശതകോടിക്കണക്കിനു ഡോളർ സമ്പാദിക്കുന്നു. ചപ്പുചവറു നിർമാർജനം, ചരക്കു കൊണ്ടുപോകൽ, നിർമാണം, ഭക്ഷ്യ വിതരണം, തുണിവ്യവസായം എന്നീ മേഖലകളിൽ മാഫിയ കുടുംബങ്ങൾക്കു തൊഴിലാളി യൂണിയനുകളുടെമേൽ ശക്തമായ നിയന്ത്രണമുണ്ടെന്ന് ആരോപിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളി യൂണിയനുകളുടെമേലുള്ള അധികാരം ഉപയോഗിച്ച് അവർക്കു തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനോ ഒരു പദ്ധതി അട്ടിമറിക്കാനോ കഴിയും. ഉദാഹരണത്തിന് നിർമാണസ്ഥലത്ത്, ഒരു ദിവസം ബുൾഡോസർ പ്രവർത്തിക്കുകയില്ല, മറ്റൊരു ദിവസം കുഴിക്കൽ യന്ത്രത്തിന്റെ ബ്രേക്കുകൾ പ്രവർത്തിക്കുകയില്ല, യന്ത്രം പ്രവർത്തിപ്പിക്കുന്ന എൻജിനീയർമാർ “മെല്ലെപ്പോക്കു” നയം സ്വീകരിക്കുന്നു—കുറ്റകൃത്യ സംഘങ്ങളുടെ ആവശ്യങ്ങൾക്ക്, അവ കൈക്കൂലിയോ തൊഴിൽ കരാറുകളോ ആയിരുന്നുകൊള്ളട്ടെ, വഴങ്ങാൻ നിർമാതാവു സമ്മതിക്കുന്നതുവരെ ഇത്തരം സംഭവങ്ങൾ തുടരുന്നു. “കുറ്റകൃത്യ സംഘങ്ങൾക്കു കൈക്കൂലി നൽകുന്നത്, സാധനങ്ങളുടെ പെട്ടെന്നുള്ള ലഭ്യത, തൊഴിലാളി സമാധാനം, കൂലികുറഞ്ഞ തൊഴിലാളികളെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ബിസിനസുകാർക്ക് ഉറപ്പുനൽകുന്നു” എന്ന് ടൈം മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു.
1993-ൽ മെഡലിൻ സംഘത്തിന്റെ തലവനായ പാബ്ലോ എസ്കോബറിനു വെടിയേൽക്കുന്നതുവരെ കൊളംബിയയിൽ രണ്ടു മയക്കുമരുന്നു സംഘങ്ങൾ തമ്മിൽ പരസ്പരം മത്സരിച്ചു. അതേത്തുടർന്ന്, ലോകത്തിലെ കൊക്കെയ്ൻ കള്ളക്കടത്തിന്റെ കുത്തകാധികാരം കാലി സംഘം നേടി. 1994-ൽ, ഐക്യനാടുകളിൽ മാത്രമായി 700 കോടി ഡോളർ വരുമാനമുണ്ടാക്കിക്കൊണ്ട് അതു സാധ്യതയനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ സംഘടിത കുറ്റകൃത്യ സംഘമായിത്തീർന്നു. എന്നാൽ അതിന്റെ സൂത്രധാരനായിരുന്ന ഹോസേ സാന്താക്രൂസ് ലോണ്ടോനിയോ 1995-ൽ അറസ്റ്റുചെയ്യപ്പെട്ടത് സംഘത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരുന്നു. എന്നാൽ, അടുത്ത നേതാവായി സ്ഥാനമേൽക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പിൻഗാമി എല്ലായ്പോഴുമുണ്ട്.
ഇരുമ്പുമറ തകർന്നതോടെ റഷ്യൻ മാഫിയ സാർവദേശീയ രംഗത്തേക്കു കടന്നുവന്നു. തത്ഫലമായി, “റഷ്യയിലെ എല്ലാ വ്യാപാരസംരംഭത്തിനും മാഫിയയുമായി ബന്ധപ്പെടേണ്ടിവന്നു”വെന്ന് ന്യൂസ്വീക്കിൽ ഉദ്ധരിക്കപ്പെട്ട ഒരു ബാങ്കുനടത്തിപ്പുകാരൻ പറയുന്നു. ന്യൂയോർക്കിലെ ബ്രൈടൺ ബീച്ചിൽപോലും റഷ്യൻ മാഫിയ പെട്രോളിയം ഉത്പന്നങ്ങൾ ഉൾപ്പെടുന്ന സങ്കീർണമായ വ്യാജപദ്ധതികളിൽനിന്നു ലാഭം കൊയ്യുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു. കാറുടമകൾ പെട്രോളിനുവേണ്ടി കൂടുതൽ പണം മുടക്കുന്നതിലും ഗവൺമെൻറിന് നികുതി നഷ്ടപ്പെടുന്നതിലും ഇതു കലാശിക്കുന്നു. റഷ്യൻ സംഘങ്ങൾ പൂർവ യൂറോപ്പിൽ വേശ്യാലയങ്ങളും നടത്തുന്നു. മിക്ക കുറ്റകൃത്യങ്ങൾക്കും അവർ ശിക്ഷിക്കപ്പെടുന്നില്ല. മാരകായുധമേന്തിയ മുൻ കായികാഭ്യാസികളെയും അഫ്ഗാൻ യുദ്ധപ്പോരാളികളെയും നേരിടാൻ ആരാണു ധൈര്യപ്പെടുക?
പൗരസ്ത്യദേശത്തും സാഹചര്യം വ്യത്യസ്തമല്ല. ജപ്പാനിൽ, പ്രാദേശിക യാക്കൂസാ സംഘത്തെ ആദരിക്കുകയും അവർക്കു കപ്പം നൽകുകയും ചെയ്തില്ലെങ്കിൽ കലാപ്രദർശന വ്യവസായരംഗത്തുള്ളവർ എല്ലാത്തരം പ്രശ്നങ്ങളും പ്രതീക്ഷിക്കേണ്ടതാണ്. ഇവിടെയും, മദ്യശാലകളിൽനിന്നും തെരുവുവേശ്യകളിൽനിന്നുപോലും അവർ സംരക്ഷണക്കൂലി ആവശ്യപ്പെടുന്നു. അതിനുപുറമേ, സ്വന്തം കമ്പനികൾ സംഘടിപ്പിച്ചുകൊണ്ടും വൻകിട വ്യാപാര സംഘങ്ങളിൽനിന്നു പണം തട്ടിയെടുത്തും വിദേശ കുറ്റകൃത്യ സംഘടനകളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടും യാക്കൂസാ ജാപ്പനീസ് സമ്പദ്വ്യവസ്ഥയിൽ ആഴത്തിൽ വളർന്നിറങ്ങിയിരിക്കുന്നു.
ഹോങ്കോംഗും തയ്വാനും കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യ സംഘടനകളും ലോകമാസകലം തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നു. ട്രയാഡ്സ് എന്ന അവരുടെ പേരിനെക്കുറിച്ചല്ലാതെ, അവർ സംഘടിതമായി പ്രവർത്തിക്കുന്ന വിധം സംബന്ധിച്ചു കാര്യമായൊന്നും അറിവില്ല. ചൈനയുടെ നിയന്ത്രണം പിടിച്ചെടുത്ത മഞ്ചൂറിയക്കാർക്കെതിരെ ചൈനീസ് സന്ന്യാസികൾ ഒരുമിച്ചുകൂടിയ 17-ാം നൂറ്റാണ്ടിലാണ് അവരുടെ ചരിത്രമാരംഭിക്കുന്നത്. അവരുടെ അംഗങ്ങൾ എണ്ണത്തിൽ പതിനായിരക്കണക്കിനു വരുമെങ്കിലും, ഹോങ്കോംഗിലെ ട്രയാഡ്സ് ഒരു പ്രത്യേക കുറ്റകൃത്യത്തിനോ കുറ്റകൃത്യ പരമ്പരയ്ക്കോവേണ്ടി താത്കാലിക സംഘങ്ങൾ രൂപീകരിക്കുന്നുവെന്നു പറയപ്പെടുന്നു. അതുകൊണ്ട് അവർ ആരാണെന്നു തിരിച്ചറിയുക പൊലീസിനു ബുദ്ധിമുട്ടാണ്. ഹെറോയിൻ കള്ളക്കടത്തിലൂടെ ശതകോടിക്കണക്കിനു ഡോളർ സമ്പാദിക്കുന്ന അവർ ഹോങ്കോംഗിനെ വ്യാജ ക്രെഡിറ്റ് കാർഡ് നിർമാണ കേന്ദ്രമാക്കിയിരിക്കുന്നു.
വർഗീയ അടിസ്ഥാനത്തിലുള്ള പുതിയ കുറ്റകൃത്യ സംഘങ്ങൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഐക്യനാടുകളിലെ കുറ്റകൃത്യത്തെക്കുറിച്ച് വില്യം ക്ലൈൻക്നെക്റ്റ് പ്രസ്താവിക്കുന്നു: “സംഘടിത കുറ്റകൃത്യമെന്ന പുതിയ ലോകത്തിൽ ചൈനക്കാരെക്കാൾ വലിയ ഭാവി മറ്റൊരു വർഗത്തിൽപ്പെട്ട സംഘങ്ങൾക്കുമില്ല. . . . ചൈനീസ് കുറ്റകൃത്യ സംഘങ്ങൾ രാജ്യത്തെങ്ങുമുള്ള നഗരങ്ങളിൽ അതിവേഗം നിയന്ത്രണം നേടുകയാണ്. . . . ന്യൂയോർക്കിലെ മാഫിയ കഴിഞ്ഞാൽ അടുത്ത സ്ഥാനം അവർക്കാണ്.”
ഹോങ്കോംഗിൽനിന്ന് ഉത്ഭവിക്കുന്ന മറ്റൊരു രൂപത്തിലുള്ള കള്ളക്കടത്തിനെക്കുറിച്ച് യു.എസ്. നീതിന്യായ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു: “വിദേശികളെ ഒളിച്ചുകടത്തുന്നതു സംഘടിത കുറ്റകൃത്യത്തിനുള്ള ശക്തിയുടെ ഒരു പ്രകടനമാണ്.” ഓരോ വർഷവും 1,00,000 ചൈനക്കാർ നിയമവിരുദ്ധമായി ഐക്യനാടുകളിൽ പ്രവേശിക്കുന്നതായി ചില ഉദ്യോഗസ്ഥർ കണക്കാക്കുന്നു. ഒളിച്ചുകടത്തപ്പെട്ട ഒരു സാധാരണ കുടിയേറ്റക്കാരൻ, ഒരു സമ്പന്ന രാഷ്ട്രത്തിലേക്കു തന്നെ കൊണ്ടുവന്നതിന് ഏറ്റവും കുറഞ്ഞത് 15,000 ഡോളർ നൽകേണ്ടതുണ്ട്. അതിൽ ഭൂരിഭാഗവും അയാൾ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്ന ശേഷമായിരിക്കും നൽകുന്നത്. അങ്ങനെ, ഒട്ടുമിക്ക കുടിയേറ്റക്കാർക്കും തങ്ങളുടെ സ്വപ്നദേശത്തെ ജീവിതം, കുറഞ്ഞ വേതനത്തിനു കൂടുതൽ സമയം പണിയെടുക്കേണ്ടിവരുന്ന കടകളിലെയും വേശ്യാലയങ്ങളിലെയും നിർബന്ധിത തൊഴിൽ എന്ന പേടിസ്വപ്നമായിത്തീരുന്നു.
കുറ്റകൃത്യ നടപടികളിൽ നിങ്ങൾ ഉൾപ്പെടുന്നില്ലാത്തതിനാൽ സംഘടിത കുറ്റകൃത്യം നിങ്ങളെ ബാധിക്കുന്നില്ലെന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അതു വാസ്തവമാണോ? പല ഭൂഖണ്ഡങ്ങളിലും വസിക്കുന്ന മയക്കുമരുന്നാസക്തർ, തെക്കേ അമേരിക്കയിലെ മയക്കുമരുന്നു സംഘങ്ങൾ വിതരണം ചെയ്യുന്ന മയക്കുമരുന്നുകൾ വാങ്ങാനുള്ള പണത്തിനായി കുറ്റകൃത്യത്തിലേക്കു തിരിയുന്നു. പൊതു സേവനങ്ങൾക്കുവേണ്ടിയുള്ള കരാറുകൾ തങ്ങളുമായി ബന്ധപ്പെട്ട കമ്പനികൾക്കു ലഭിക്കുന്നുവെന്ന് സംഘടിത കുറ്റകൃത്യ സംഘങ്ങൾ ഉറപ്പുവരുത്തുന്നു; തത്ഫലമായി പൗരൻമാർ കൂടുതൽ പണം ചെലവഴിക്കുന്നു. ഐക്യനാടുകളിൽ, “മോഷണം, പിടിച്ചുപറി, കൈക്കൂലി, വില നിശ്ചയിക്കൽ, കമ്പോള നിയന്ത്രണം എന്നിവയിലൂടെ സംഘടിത കുറ്റകൃത്യ സംഘങ്ങൾ വിലയിൽ തിരിമറിനടത്തു”കയും മാഫിയയ്ക്കുള്ള “സർചാർജ് എന്നു വിളിക്കാവുന്ന ഒരു തുക” നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരായിത്തീരുകയും ചെയ്യുന്നുവെന്നു സംഘടിത കുറ്റകൃത്യം സംബന്ധിച്ച പ്രസിഡൻറിന്റെ കമ്മീഷൻ ഒരിക്കൽ പ്രസ്താവിച്ചു. അതുകൊണ്ട്, കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങളിൽനിന്ന് ആരും രക്ഷപ്പെടുന്നില്ല. നാമെല്ലാം സാമ്പത്തികമായി നഷ്ടമനുഭവിക്കുന്നു.
സംഘടിത കുറ്റകൃത്യം ഇന്ന് തഴച്ചുവളരുന്നതെന്തുകൊണ്ട്?
[5-ാം പേജിലെ ചതുരം]
മാഫിയ—അതിന്റെ ഉത്ഭവം
“മധ്യയുഗത്തിന്റെ അവസാനത്തോടടുത്ത് സിസിലിയിലാണു മാഫിയയുടെ ഉത്ഭവം. സാധ്യതയനുസരിച്ച്, ആ ദ്വീപിൽ കടന്നാക്രമണം നടത്തിയ നിരവധി വൈദേശിക ജേതാക്കളെ—ഉദാഹരണമായി, അറേബ്യക്കാർ, നോർമാൻഡികൾ, സ്പെയിൻകാർ തുടങ്ങിയവരെ—തുരത്തുക എന്ന ഉദ്ദേശ്യത്തിൽ രൂപീകൃതമായ രഹസ്യ സംഘടനകളാവണം അവ. മാഫിയ അതിന്റെ ആസ്തികൾ നേടുകയും അംഗങ്ങളെ സംഘടിപ്പിക്കുകയും ചെയ്തതു സ്വകാര്യ വ്യക്തികളുടെ ചെറിയ സേനകളിൽ, അല്ലെങ്കിൽ മാഫീകളിൽ നിന്നാണ്. അന്നാളുകളിൽ സിസിലിയിൽ പരക്കെ നിലവിലുണ്ടായിരുന്ന നിയമരാഹിത്യം നിറഞ്ഞ അവസ്ഥയിൽ തങ്ങളുടെ ഭൂസ്വത്തു സംരക്ഷിക്കുന്നതിനു സ്ഥലത്തില്ലാഞ്ഞ ഭൂവുടമകൾ നൂറ്റാണ്ടുകളിലുടനീളം ഇക്കൂട്ടരെ വാടകയ്ക്കെടുത്തിരുന്നു. 18, 19 നൂറ്റാണ്ടുകളിൽ ഈ സ്വകാര്യ സേനകളിലെ കരുത്തരായ റൗഡികൾ സ്വയം സംഘടിക്കുകയും തങ്ങളുടെ ഭൂവുടമകൾക്കുനേരെ തിരിയാൻ മാത്രം ശക്തി സ്വരൂപിക്കുകയും ചെയ്തു. ഭൂവുടമകളിൽനിന്ന് അവരുടെ വിളകൾ സംരക്ഷിച്ചതിനു പണം പിടുങ്ങിക്കൊണ്ട് അവർ മിക്ക എസ്റ്റേറ്റുകളുടെയും കുത്തകാധികാരികളായിത്തീർന്നു.” (ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക) സംരക്ഷണക്കൂലി പിടിച്ചെടുക്കൽ അവരുടെ നടപടിക്രമമായിത്തീർന്നു. അവർ തങ്ങളുടെ രീതികൾ ഐക്യനാടുകളിൽ എത്തിച്ചു. അവിടെ അവർ ചൂതാട്ടം, തൊഴിലാളികളിൽനിന്നു പണം അപഹരിക്കൽ, അമിത പലിശയ്ക്കു പണം കടംകൊടുക്കൽ, മയക്കുമരുന്നു കള്ളക്കടത്ത്, വേശ്യാവൃത്തി എന്നിവയിൽ ഏർപ്പെട്ടു.