സംഘടിത കുറ്റകൃത്യം തഴച്ചുവളരുന്നത് എന്തുകൊണ്ട്?
യു.എസ്. നിരോധന കാലഘട്ടത്തിലെ [U.S. Prohibition Era] (1920-33) കുപ്രസിദ്ധ കുറ്റകൃത്യസംഘാംഗമായിരുന്ന ആൽ കപോൺ, നിയമം—പ്രദാന ചോദന നിയമം [law of supply and demand]—അനുസരിച്ചു പ്രവർത്തിക്കുന്ന വെറുമൊരു വ്യാപാരിയാണു താനെന്ന് അവകാശപ്പെട്ടു. ജപ്പാനിലെ ഏറ്റവും വലിയ യാക്കൂസാ സംഘത്തിന്റെ ഒരു അഭിഭാഷകൻ പറഞ്ഞു: “[ലൈംഗികത, മയക്കുമരുന്ന്, ചൂതാട്ടം തുടങ്ങിയ] നടപടികൾക്കു ശക്തമായൊരു പ്രിയമുണ്ടെന്നുള്ളതു നിഷേധിക്കാനാവില്ല.” ആ പ്രിയം സംഘടിത കുറ്റകൃത്യത്തെ പരിപോഷിപ്പിക്കുന്നു. കുറ്റകൃത്യത്തിന്റെ ഇരയാകാൻ ആരും ആഗ്രഹിക്കുന്നില്ലെങ്കിലും ചിലർ കുറ്റകൃത്യ സംഘടനകളിലേക്കു തിരിഞ്ഞ് അവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു.
ദൃഷ്ടാന്തത്തിന്, അനേക രാജ്യങ്ങളിൽ കുറ്റകൃത്യ സംഘങ്ങളുടെ ഒരു വരുമാന മാർഗമായ, നിയമവിരുദ്ധ സ്ഥാപനങ്ങൾക്കു സംരക്ഷണം നൽകുന്ന പരിപാടിയുടെ കാര്യമെടുക്കുക. ചിലപ്പോൾ അവർ സത്യസന്ധരായ കടയുടമകളെ ലക്ഷ്യമാക്കുന്നുവെങ്കിലും, അപകീർത്തികരമായ ബിസിനസുകൾ നടത്തുന്നവരെയാണ് അവർ സാധാരണമായി ഇരയാക്കുന്നത്. ടോക്കിയോയിലെ ഷിൻജൂക്കൂവിൽ ഒരു വിനോദ പാർലറിന്റെ മറവിൽ തന്റെ ബിസിനസ് നടത്തുന്ന ഒരു ചൂതാട്ടശാലയുടെ ഉടമ പറഞ്ഞു: “ഒരു ക്ലർക്കിനെ കത്തികൊണ്ടു കുത്തിയിട്ട് അയാളുടെ പക്കൽനിന്ന് 20 ലക്ഷം [യെൻ (20,000 ഡോളർ)] കൊള്ളയടിച്ചു. എന്നാൽ ഞങ്ങൾ പൊലീസിനെ വിളിക്കില്ല.” എന്തുകൊണ്ടില്ല? “ഞങ്ങൾ നിയമരഹിത പ്രവർത്തനത്തിൽ (ചൂതാട്ടം) ഏർപ്പെട്ടിരിക്കുന്നതിനാൽ പൊലീസുമായി ബന്ധപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇടപാടുകാരാരെങ്കിലും ഞങ്ങളുടെ കടയിൽ തെമ്മാടിത്തരം കാട്ടിയാൽ ഞങ്ങൾ യാക്കൂസായെ വിളിക്കും.” ചൂതാട്ടശാല നടത്തുന്ന ഇയാൾ യാക്കൂസായ്ക്കു പ്രതിമാസം 4,000 ഡോളർ നൽകുന്നു. എന്നാൽ, ആ കാലഘട്ടംകൊണ്ട് തന്റെ നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ അയാൾ കൊയ്തുകൂട്ടുന്ന 3,00,000 ഡോളറിന്റെ ലാഭത്തോടു താരതമ്യപ്പെടുത്തുമ്പോൾ അതൊരു ചെറിയ തുകയാണ്. ആ പണം എവിടെനിന്നാണു കിട്ടുന്നത്? നിയമവിരുദ്ധ ചൂതാട്ടം ആസ്വദിക്കുന്നവരുടെ കീശയിൽനിന്ന്.
പ്രശ്നങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന മാന്യമായ വ്യാപാരസംരംഭങ്ങളുടെ കാര്യത്തിലും അതുതന്നെ സത്യമാണ്. പ്രതിവർഷം 1.5 കോടി ഡോളർ സമ്പാദിക്കുന്ന ഒരു പെയിൻറിങ് കോൺട്രാക്ടർ കുറ്റകൃത്യ സംഘങ്ങൾക്കു കൈക്കൂലി കൊടുത്തുകൊണ്ട് 38 ലക്ഷം ഡോളർ ലാഭിച്ചുവെന്നു ന്യൂയോർക്കു നഗരത്തിലെ ഒരു ആധികാരികകേന്ദ്രം കണക്കാക്കി. അപ്രകാരം കൈക്കൂലി കൊടുത്തത്, കുറഞ്ഞവേതനത്തിനു പണിയെടുക്കുന്ന തൊഴിലാളികളെ ഉപയോഗിക്കാനും കുറ്റകൃത്യ സംഘങ്ങൾ നിയന്ത്രിക്കുന്ന തൊഴിലാളി യൂണിയനുകളുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാനും പ്രസ്തുത കോൺട്രാക്ടറെ സഹായിച്ചു. ജപ്പാനിൽ, സാമ്പത്തിക അഭിവൃദ്ധിയുടെ കാലത്തു വൻ പണമിടപാടുകാർ വസ്തുവകകൾക്കായി തങ്ങളുടെ പണം വാരിക്കോരി ചെലവഴിച്ചു. ആഡംബരപൂർണമായ കെട്ടിടങ്ങൾ നിർമിക്കാനായി അവർ പഴയ വീടുകളും കടകളും ഇടിച്ചുപൊളിച്ചു. താമസക്കാർ ഇറങ്ങിമാറാതിരിക്കുകയോ തങ്ങളുടെ സ്ഥലം വിൽക്കാതിരിക്കുകയോ ചെയ്തപ്പോൾ അവരെ കുടിയൊഴിപ്പിക്കുന്നതിനായി പണമിടപാടുകാർ, പ്രധാനമായും യാക്കൂസായുമായി ബന്ധപ്പെട്ട കമ്പനികളായ ജിയാഗയായെ വിളിച്ചുവരുത്തി.
80-കളിൽ, പണം കടംവാങ്ങുന്നതും സമ്പാദിക്കുന്നതും വളരെ എളുപ്പമാണെന്നു മനസ്സിലാക്കിയപ്പോൾ യാക്കൂസാ കമ്പനികൾ രൂപീകരിച്ച് വസ്തുവകകളുടെയും ഓഹരികളുടെയും ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടു. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും, വ്യക്തമായും ലാഭം ലക്ഷ്യംവെച്ച് ഈ കമ്പനികളിൽ ധാരാളം പണം നിക്ഷേപിച്ചു. എന്നാൽ ആ സാമ്പത്തികാഭിവൃദ്ധിക്കു തിരിച്ചടിയേറ്റപ്പോൾ, തങ്ങളുടെ പണം വീണ്ടെടുക്കുക വളരെ ബുദ്ധിമുട്ടാണെന്നു ബാങ്കുകൾ കണ്ടെത്തി. ജപ്പാനിലെ സാമ്പത്തികമാന്ദ്യകാലത്തെക്കുറിച്ചു സംസാരിക്കവെ ഒരു മുൻ പൊലീസ് ഓഫീസർ ന്യൂസ്വീക്ക് മാഗസിനിൽ ഇങ്ങനെ പറഞ്ഞു: “സമയത്തു കൊടുത്തുതീർക്കാത്ത വായ്പകളോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയാത്തതിന്റെ യഥാർഥ കാരണം, അതിന്റെ സിംഹഭാഗവും സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ്.”
തങ്ങളുടെ തൃഷ്ണകളെ ഏതു വിധേനയും തൃപ്തിപ്പെടുത്താൻ ആളുകൾ ഉത്സാഹിക്കുന്നിടത്ത് സംഘടിത കുറ്റകൃത്യം തീർച്ചയായും വേരോടുകയും തഴച്ചുവളരുകയും ചെയ്യുന്നു. ഉല്ലാസത്തിനും ലൈംഗികതയ്ക്കും പണത്തിനും വേണ്ടിയുള്ള അത്യാഗ്രഹം മയക്കുമരുന്നു വ്യാപാരം, വേശ്യാവൃത്തി, ചൂതാട്ടം, അമിതപലിശയ്ക്കു കടംകൊടുക്കൽ എന്നിവയുടെ വളർച്ചയ്ക്കാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. അത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നതു മിക്കപ്പോഴും സംഘടിത കുറ്റകൃത്യത്തെ ഉന്നമിപ്പിക്കുന്നതിനേ ഉതകൂ. തങ്ങളുടെ ജഡികാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ ആവശ്യങ്ങൾ സംഘടിത കുറ്റകൃത്യം സാധിച്ചുകൊടുക്കുന്നുവെന്നത് എത്ര സത്യമാണ്!
വ്യാജ കുടുംബ സമ്പ്രദായം
അവിഹിത പ്രവർത്തനങ്ങൾക്കുള്ള ആവശ്യത്തിനു പുറമേ, സംഘടിത കുറ്റകൃത്യം തഴച്ചുവളരാൻ ഇടയാക്കുന്ന മറ്റൊരു ആവശ്യവും ഇന്നുണ്ട്. ജപ്പാനിലെ ഏറ്റവും വലിയ യാക്കൂസാ സംഘങ്ങളിൽ ഒന്നിന്റെ അടുത്തയിടെ മരിച്ചുപോയ തലവൻ, താൻ നിയമനിഷേധികളെ കൈക്കൊണ്ട് അവർക്കുവേണ്ടി കരുതൽ ചെയ്യുകവഴി ദുഷിച്ചവരായിത്തീരുന്നതിൽനിന്ന് അവരെ തടയുന്നുവെന്നു തറപ്പിച്ചുപറഞ്ഞു. താൻ സംഘാംഗങ്ങൾക്ക് ഒരു പിതാവിനെപ്പോലെയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദേശീയത എന്തായിരുന്നാലും, മിക്ക കുറ്റകൃത്യ സംഘങ്ങളും അത്തരം വ്യാജ കുടുംബ ബന്ധങ്ങളുടെമേൽ തങ്ങളുടെ സംഘടനകൾ കെട്ടിപ്പടുക്കുന്നു.
ഹോങ്കോംഗിലെ ഒരു ദരിദ്ര കുടുംബത്തിൽനിന്നെത്തിയ ചീ സന്നിന്റെa ദൃഷ്ടാന്തം പരിഗണിക്കുക. നിസ്സാര കാരണങ്ങൾക്ക് അവന്റെ പിതാവ് അവനെ മിക്കപ്പോഴും അതികഠിനമായി പ്രഹരിക്കുമായിരുന്നു. കുട്ടിക്കാലത്തുതന്നെ മത്സരിയായിത്തീർന്ന ചീ സൻ 12-ാം വയസ്സിൽ കുപ്രസിദ്ധമായ ട്രയാഡ്സിൽ ചേരുന്നതിൽ അതു കലാശിക്കുകയും ചെയ്തു. കുറ്റകൃത്യ സംഘടനയിൽ, തനിക്കു ‘സുഖവും അംഗീകാരവും ലഭിച്ച’ ഒരിടം അവൻ കണ്ടെത്തി. സായുധപോരാട്ടത്തിലെ അവന്റെ ശൂരത്വം നിമിത്തം, നിരവധിയാളുകളുടെമേൽ അധികാരമുള്ള ഒരു സ്ഥാനത്തേക്ക് അവൻ പെട്ടെന്ന് ഉയർന്നു. ഒടുവിൽ, വെറും 17 വയസ്സുള്ളപ്പോൾ അവൻ ജയിലിലായി.
ചീ സന്നിനെപ്പോലെ അനേകർ ഭവനത്തിൽ ലഭ്യമല്ലാത്ത കുടുംബബന്ധം കണ്ടെത്താനായി കുറ്റകൃത്യ സംഘടനകളിലേക്കു തിരിയുന്നു. കരുതലുള്ളവരാണെന്ന് അംഗങ്ങൾ അവകാശപ്പെടുന്നു. എന്നാൽ ഓരോ അംഗവും തത്പരനായിരിക്കുന്നതു പ്രധാനമായും സ്വന്തം കാര്യത്തിലാണെന്നു കണ്ടെത്തുമ്പോൾ ചെറുപ്പക്കാർ മിക്കപ്പോഴും നിരാശരാകുന്നു.
വെളിച്ചദൂതൻ
1992-ലെ പുതിയ കുറ്റകൃത്യസംഘവിരുദ്ധ നിയമത്തിൻ കീഴിൽ, ജപ്പാനിലെ ഏറ്റവും വലിയ കുറ്റകൃത്യ സംഘത്തെ അക്രമാസക്ത സംഘമായി പ്രഖ്യാപിച്ചപ്പോൾ, ദുഷ്ടതയ്ക്കെതിരെ പോരാടുന്ന, “ദുർബലരെയും പീഡിതരെയും സംരക്ഷിക്കുന്ന” സംഘമായിട്ടാണ് അതു സ്വയം കണക്കാക്കുന്നതെന്ന് അതിന്റെ നേതാക്കളിൽ ഒരുവൻ പ്രസ്താവിച്ചു. 1995-ൽ ഭീതിദമായ ഭൂകമ്പം കോബെയെ പ്രഹരിച്ചപ്പോൾ ആ സംഘം അവരുടെ അയൽവാസികൾക്ക് ആഹാരവും വെള്ളവും മറ്റ് അത്യാവശ്യ സാധനങ്ങളും വിതരണം ചെയ്തു. “ആദരവ് അർഹിക്കുന്ന നിയമനിഷേധികൾ എന്നനിലയിലുള്ള യാക്കൂസായുടെ ജപ്പാനിലെ നിലനിൽക്കുന്ന പ്രതിച്ഛായ കൂടുതൽ വർധിപ്പിക്കാനാണ് അത്തരം ഔദാര്യമനസ്കത” എന്ന് ആസാഹി ഈവനിങ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
പരോപകാരതത്പരർ എന്ന ഭാവം നിലനിർത്താൻ കുറ്റകൃത്യ സംഘങ്ങളുടെ തലവൻമാർ മിക്കപ്പോഴും ശ്രമിച്ചിട്ടുണ്ട്. കൊളംബിയയിലെ മെഡലിൻ മയക്കുമരുന്നു സംഘത്തിന്റെ കുപ്രസിദ്ധ തലവനായ പാബ്ലോ ഇസ്കോബാർ അദ്ദേഹത്തിന്റെ നഗരത്തിലെ ചേരിനിവാസികൾക്ക് “ഒരു പൗരാണിക കഥാപാത്രം—മിശിഹാ, റോബിൻ ഹുഡ്, ഫ്യൂഡൽ വ്യവസ്ഥയിലെ പാട്രോണിന്റെ അതായത് മേലാളന്റെ ഏതാണ്ട് അർഥം വരുന്ന ഗോഡ്ഫാദർ എന്നിവരുടെ സ്ഥാനം വഹിക്കുന്നയാൾ—ആയിരുന്നു” എന്ന് അനാ കാറിഗെൻ ന്യൂസ്വീക്കിൽ എഴുതി. അദ്ദേഹം കുട്ടികൾക്കു മഞ്ഞിൽ തെന്നിക്കളിക്കുന്നതിനുള്ള സ്ഥലങ്ങളും പാവപ്പെട്ടവർക്ക് അന്തസ്സുറ്റ വീടുകളും നിർമിക്കുകയും തെരുവു കുട്ടികൾക്കു ജോലി നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഔദാര്യത്തിൽനിന്നു പ്രയോജനമനുഭവിച്ചവർക്ക് അദ്ദേഹമൊരു വീരനായകനായിരുന്നു.
എന്നാൽ, തങ്ങളുടെ സംഘടനകൾക്കു പിന്നിൽ പ്രത്യക്ഷത്തിൽ സുരക്ഷിതരായി മറഞ്ഞിരിക്കുന്ന കുറ്റവാളികൾ, അതിവിദഗ്ധനായ ഒരു വിശ്വകുറ്റവാളിയുടെ കരുക്കൾ മാത്രമാണ്. അവൻ ആരാണെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.” (2 കൊരിന്ത്യർ 11:14, 15) സാത്താൻ ഒരു യഥാർഥ വ്യക്തിയാണെന്ന് ഇന്നു മിക്കവരും വിശ്വസിക്കുന്നില്ല. 19-ാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് കവി പറഞ്ഞു: “പിശാചിന്റെ ഏറ്റവും സമർഥമായ തന്ത്രം, അവൻ സ്ഥിതിചെയ്യുന്നില്ലെന്ന് നിങ്ങളെക്കൊണ്ടു വിശ്വസിപ്പിക്കുക എന്നതാണ്.” അവൻ അണിയറയിൽ ഒളിഞ്ഞിരുന്ന്, കുറ്റകൃത്യ സംഘങ്ങളിൽ മാത്രമല്ല ലോകത്തുടനീളം സംഭവിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കുന്നു. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”വെന്നു ബൈബിൾ വിശദീകരിക്കുന്നു. പിശാച് “ആദിമുതൽ കുലപാതകൻ ആയിരുന്നു; . . . അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു” എന്ന് യേശു വിവരിച്ചു.—1 യോഹന്നാൻ 5:19; യോഹന്നാൻ 8:44.
1914 മുതൽ പിശാചായ സാത്താൻ വിശേഷിച്ചും പ്രവർത്തനനിരതനാണെന്നു ബൈബിൾ പ്രവചനങ്ങൾ വെളിപ്പെടുത്തുന്നു. ആ വർഷംമുതൽ അവൻ, ദൈവജനത്തിനെതിരായ ഒരു സമഗ്രപോരാട്ടത്തിൽ തന്റെ പിണയാളികളെ കൂട്ടിവരുത്തിക്കൊണ്ടിരിക്കുകയാണ്. അവൻ ഇപ്പോൾ മനുഷ്യവർഗത്തെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയുടെ ഒരു നീർച്ചുഴിയിലേക്കു വലിച്ചടുപ്പിക്കുകയാണ്. കുറ്റകൃത്യവും കുറ്റകൃത്യ പ്രസ്ഥാനങ്ങളും ഇന്നു തഴച്ചുവളരുന്നതിന്റെ ഏറ്റവും മുഖ്യ കാരണം അവനാണ്.—വെളിപ്പാടു 12:9-12.
ഭൂമിയിലെ കുറ്റകൃത്യ പ്രസ്ഥാനങ്ങളുടെ പിന്നിലെ ഈ സൂത്രധാരൻ എന്നെങ്കിലും നശിപ്പിക്കപ്പെടുമോ? മനുഷ്യവർഗം എന്നെങ്കിലും സമാധാനവും ക്രമനിബദ്ധതയും ആസ്വദിക്കുമോ? സാത്താൻ ഇന്നു ഭൂമിയിൽ കെട്ടിപ്പടുത്തിരിക്കുന്ന ദുഷ്ട സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്കു സ്വതന്ത്രനാകാൻ കഴിയുമോ?
[അടിക്കുറിപ്പ്]
a ഉൾപ്പെട്ടിരിക്കുന്നവരുടെ സുരക്ഷിതത്വത്തെപ്രതി ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[7-ാം പേജിലെ ചതുരം]
നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാവുന്ന വിധം
ഊഷ്മളമായ ഒരു ഏകീകൃത കുടുംബാന്തരീക്ഷത്തിന്റെ അഭാവം ചെറുപ്പക്കാരെ കുറ്റകൃത്യ സംഘങ്ങളുടെ അനായാസ ഇരകളാക്കിയേക്കാം. കൊലയാളി സംഘങ്ങളിൽ ഉൾപ്പെടുന്ന ഐക്യനാടുകളിലെ ചെറുപ്പക്കാരിൽ മിക്കവരും പ്രതികൂല സാഹചര്യങ്ങളുള്ളതോ വിഭജിതമോ ആയ കുടുംബങ്ങളിൽനിന്നുള്ളവരാണെന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു. “നേതാവും സംഘാംഗങ്ങളും തമ്മിലുള്ള ഗാഢമായ ബന്ധത്താലും ഒരു സംഘടനയുടെ അംഗമെന്നനിലയിലുള്ള, ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്ന, ഐകമത്യത്തിന്റെ വികാരങ്ങളാലും, നിർഭാഗ്യകരമായ അവസ്ഥയിൽ ആയിരിക്കുന്ന അവർ അനായാസം ആകർഷിക്കപ്പെടുന്നു” എന്ന് ഉത്തര കരോലിനയിലുള്ള ഒരു തടവുകേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു.
സമാനമായി പൗരസ്ത്യദേശത്ത്, തന്റെ നേതാവിനുവേണ്ടി ജീവനുള്ള ഒരു പരിചയായിരിക്കാൻ മനസ്സൊരുക്കമുള്ള ഒരു യുവ യാക്കൂസാ പറയുന്നു: “വീട്ടിൽ ഞാൻ എല്ലായ്പോഴും തനിച്ചായിരുന്നു. ഞങ്ങൾ ഒരു കുടുംബമായിരുന്നെങ്കിലും ഞങ്ങൾക്കു തുറന്നു സംസാരിക്കാൻ കഴിയുമായിരുന്നെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. . . . എന്നാൽ ഇപ്പോൾ എനിക്കു സംഘാംഗങ്ങളുമായി തുറന്നു സംസാരിക്കാൻ കഴിയും.” തങ്ങളെ ഒരു കുടുംബസമാന വ്യവസ്ഥയിലേക്ക് ആകർഷിക്കുന്ന, കുറ്റകൃത്യ സംഘടനയിലെ അംഗങ്ങളോട് ഏകാന്തരായ ചെറുപ്പക്കാർക്കു കൃതജ്ഞത തോന്നുന്നു.
“യാക്കൂസാ ആൾക്കാർ വളരെയധികം പരിപാലനമനോഭാവമുള്ളവരാണ്” എന്ന് ഒക്കിനാവായിലെ ഒരു പെൺസംഘത്തിന്റെ നേതാവു പറയുന്നു. “അത് അവരുടെ തന്ത്രമായിരിക്കാം; എന്നാൽ ദയാപൂർവകമായ പെരുമാറ്റം ഞങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതിനാൽ, ഇതു ഞങ്ങളെ വികാരഭരിതരാക്കുന്നു.” കുറ്റകൃത്യ സംഘടനയിലെ അംഗങ്ങൾ, “പെൺകുട്ടികളുടെ ഹൃദയം വശീകരിക്കുന്നതിൽ തികച്ചും സമർഥരാണെന്ന്” പെൺകുട്ടികൾക്കായുള്ള ഒരു ദുർഗുണപരിഹാരപാഠശാലയുടെ സൂപ്രണ്ട് സ്ഥിരീകരിക്കുന്നു. അർധരാത്രിയിൽ ഏകാന്തരായ പെൺകുട്ടികൾ കുറ്റകൃത്യ സംഘത്തിലെ അംഗങ്ങളെ വിളിക്കുമ്പോൾ അവർ ഓടിയെത്തി മിക്കപ്പോഴും യാതൊരു ലൈംഗിക മുന്നേറ്റങ്ങളും നടത്താതെ അവർക്കു പറയാനുള്ളതു ശ്രദ്ധിക്കുന്നു.
തങ്ങൾ ഇരകളാക്കിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരെ പൂർണമായി വശീകരിക്കുന്നതുവരെ മാത്രമാണ് അവരുടെ പരിപാലനമനോഭാവം നിലനിൽക്കുന്നത്. ചെറുപ്പക്കാർ ഒരിക്കൽ കെണിയിൽ അകപ്പെട്ടുകഴിഞ്ഞാൽപ്പിന്നെ അവർ ചൂഷണം ചെയ്യപ്പെടുന്നു—പെൺകുട്ടികൾ വേശ്യാവൃത്തി സംഘങ്ങളിലും ആൺകുട്ടികൾ കുറ്റകൃത്യ സംഘടനകളിലും അകപ്പെടുന്നു.
നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾക്ക് എങ്ങനെ സംരക്ഷിക്കാനാകും?
“പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു” എന്നു ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (കൊലൊസ്സ്യർ 3:21) അനുവാദാത്മക മനോഭാവക്കാരായിരിക്കാൻ ഇതു മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നില്ല. ബൈബിൾ സദൃശവാക്യം പറയുന്നു: “തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.” (സദൃശവാക്യങ്ങൾ 29:15) മറിച്ച്, തങ്ങളുടെ കുട്ടികളോടുള്ള പെരുമാറ്റത്തിൽ ന്യായയുക്തരായിരിക്കാനും അവരെ ശ്രദ്ധിക്കാനും അവരുമായി തുറന്ന ആശയവിനിയമം നടത്താനും ബൈബിൾ പിതാക്കൻമാരെ—മാതാക്കളെയും—പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെയായാൽ, കടുത്ത വിഷമതകൾ അനുഭവിക്കുമ്പോൾ തങ്ങളുടെ മാതാപിതാക്കളോടു കാര്യങ്ങൾ തുറന്നുപറയാൻ കുട്ടികൾ പ്രേരിതരാകും.
തുറന്ന ആശയവിനിയമം ഉണ്ടായിരിക്കുന്നതിനു പുറമേ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു ജീവിതത്തിൽ നിലവാരങ്ങൾ നൽകേണ്ടതാണ്. ഒരു പിതാവിന് എവിടെയാണ് അത്തരം മാർഗനിർദേശങ്ങൾ കണ്ടെത്താനാകുന്നത്? ബൈബിൾ പറയുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.” (എഫെസ്യർ 6:4) കുടുംബ ബൈബിളധ്യയനങ്ങളിലൂടെ നിങ്ങളുടെ കുട്ടികളുമൊത്ത് ബൈബിൾ പരിചിന്തിക്കാൻ സമയമെടുക്കുക. തങ്ങളുടെതന്നെ പ്രയോജനത്തിനായി അവർ യഹോവയുടെ മാർഗനിർദേശം എല്ലായ്പോഴും പിൻപറ്റേണ്ടതിന് യഹോവയോടുള്ള ആരോഗ്യാവഹമായ ഭയം അവരുടെ ഹൃദയത്തിൽ നടുക.—യെശയ്യാവു 48:17.