കുറ്റകൃത്യമില്ലാത്ത ഒരു ലോകം എങ്ങനെ?
ലോകവ്യാപകമായി സംഘടിത കുറ്റകൃത്യത്തിനെതിരായി പോരാട്ടം നടക്കുന്നു. “മുഖ്യമായും, റാക്കറ്റിയർ ഇൻഫ്ളുവൻസ്ഡ് ആൻഡ് കറപ്റ്റ് ഓർഗനൈസേഷൻസ് ആക്റ്റ് അഥവാ റിക്കോ എന്ന നിയമം മൂലം വളരെ ഹ്രസ്വമായൊരു കാലംകൊണ്ട് മാഫിയയ്ക്കെതിരെ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പ്രസ്താവിച്ചു. കേവലം ഒറ്റപ്പെട്ട പ്രവർത്തനങ്ങളുടെയല്ല, മറിച്ച് നിയമവിരുദ്ധ പണസമ്പാദന പ്രവർത്തനത്തിന്റെ ഒരു മാതൃകയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യ സംഘടനകളെ കുറ്റവാളികളായി പ്രഖ്യാപിക്കാൻ ആ നിയമം മൂലം സാധിക്കുന്നു. ഇത്, ടെലഫോൺ ചോർത്തലിൽനിന്നും ശിക്ഷ ഇളച്ചുകിട്ടുന്നതിനു സംഘാംഗങ്ങളെ ഒറ്റിക്കൊടുക്കുന്നവരിൽനിന്നും ലഭിക്കുന്ന വിവരങ്ങളോടൊപ്പം, ഐക്യനാടുകളിലെ മാഫിയയ്ക്കെതിരെയുള്ള പോരാട്ടത്തിലെ വിജയത്തിൽ ഒരു പങ്കു വഹിച്ചിരിക്കുന്നു.
ഇറ്റലിയിലും കുറ്റകൃത്യ സംഘങ്ങൾക്കെതിരായി അധികാരികൾ ശക്തമായ നിലപാടു സ്വീകരിക്കുന്നു. കുറ്റകൃത്യ സംഘടനകളിലെ അംഗങ്ങളുടെ ആക്രമണം തടയുന്നതിന്, സംഘടിത കുറ്റകൃത്യം ശക്തമായിരിക്കുന്ന സിസിലി, സാർഡിനിയാ, കലേബ്രിയ എന്നീ പ്രദേശങ്ങളിലെ പൊതു കെട്ടിടങ്ങളിലും പ്രധാന സ്ഥലങ്ങളിലും റോന്തുചുറ്റാൻ കരസേനാ വിഭാഗങ്ങളെ അയച്ചിരിക്കുന്നു. ഗവൺമെൻറ് ഇതിനെ ഒരു ആഭ്യന്തരയുദ്ധംപോലെയാണു വീക്ഷിക്കുന്നത്. കുറ്റകൃത്യ സംഘടനകളുടെ തലവൻമാരെ ജയിലിലടയ്ക്കുകയും ഒരു മുൻ പ്രധാനമന്ത്രി മാഫിയയുമായി ബന്ധങ്ങൾ പുലർത്തിയെന്ന് ആരോപണമുണ്ടാകുകയും ചെയ്തതോടെ ഇറ്റലിയിൽ ചില ഫലങ്ങൾ കണ്ടുവരുന്നു.
ജപ്പാനിൽ, 1992 മാർച്ച് 1-ന് സംഘടിത കുറ്റകൃത്യ വിരുദ്ധ നിയമം പ്രാബല്യത്തിലായതോടെ ഗവൺമെൻറ് യാക്കൂസായ്ക്കെതിരെ നിയന്ത്രണം ഏർപ്പെടുത്തി. ഈ നിയമത്തിൻകീഴിൽ ഒരു സംഘടനയെ കുറ്റകൃത്യ സംഘടനയായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, രഹസ്യം വെളിപ്പെടുത്താതിരിക്കുന്നതിനു പണം ആവശ്യപ്പെടൽ, സംരക്ഷണ സംഘങ്ങളിൽ പങ്കുചേരൽ, കൂലിവാങ്ങി തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഉൾപ്പെടൽ എന്നിവയുൾപ്പെടെ 11 അക്രമപ്രവർത്തനങ്ങളിൽനിന്ന് ആ സംഘടനയെ നിരോധിക്കുന്നു. ഈ നിയമം നടപ്പാക്കിക്കൊണ്ട് കുറ്റകൃത്യ സംഘങ്ങളുടെ എല്ലാ വരുമാന സ്രോതസ്സുകളും അടയ്ക്കാൻ ഗവൺമെൻറ് ലക്ഷ്യമിടുന്നു. ഈ നിയമം കുറ്റകൃത്യ സംഘടനകളെ ഹാനികരമായി ബാധിച്ചിരിക്കുന്നു. പ്രകടമായും, ഈ നിയമം കർശനമായി നടപ്പിലാക്കുന്നതു നിമിത്തം ചില സംഘങ്ങൾ പിരിഞ്ഞുപോയിരിക്കുന്നു, കൂടാതെ, ഒരു കുറ്റകൃത്യ സംഘത്തിന്റെ നേതാവ് ആത്മഹത്യ ചെയ്തു.
ഗവൺമെൻറും നിയമനടത്തിപ്പ് ഏജൻസികളും കുറ്റകൃത്യ സംഘടനകൾക്കെതിരെ തീർച്ചയായും കഠിനമായ പോരാട്ടംതന്നെ നടത്തുന്നു. എന്നിട്ടും, ലോകത്തെല്ലായിടത്തുനിന്നുമുള്ള ന്യായാധിപൻമാരുടെയും പൊലീസ് ഉദ്യോഗസ്ഥൻമാരുടെയും 1994-ൽ നടന്ന യോഗത്തെക്കുറിച്ച് റിപ്പോർട്ടു ചെയ്യവെ മെയിനിച്ചി ഡെയ്ലി ന്യൂസ് പറഞ്ഞു: “പ്രതിവർഷം ഒരുലക്ഷം കോടി ഡോളർവരെ വരുമാനമുണ്ടാക്കിക്കൊണ്ട് സംഘടിത കുറ്റകൃത്യം ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും കൂടുതൽ ശക്തവും സമ്പന്നവുമായിക്കൊണ്ടിരിക്കുന്നു.” സങ്കടകരമെന്നുപറയട്ടെ, ഭൂമുഖത്തുനിന്നു കുറ്റകൃത്യ സംഘടനകളെ ഉന്മൂലനം ചെയ്യുന്നതിൽ മാനുഷ ശ്രമങ്ങൾ പരിമിതമാണ്. മിക്ക കേസുകളിലും നീതി വേഗത്തിൽ ലഭ്യമല്ലെന്നുള്ളതും അതു ലഭിക്കുമെന്ന് ഉറപ്പൊന്നുമില്ലെന്നുള്ളതുമാണ് ഇതിന്റെ ഒരു കാരണം. അനേകരുടെയും കാര്യത്തിൽ നിയമം മിക്കപ്പോഴും കുറ്റകൃത്യത്തിന് ഇരയായവനല്ല, മറിച്ച് കുറ്റവാളിക്ക് അനുകൂലമായി തിരിയുന്നതായി തോന്നുന്നു. 3,000 വർഷം മുമ്പ് ബൈബിൾ ഇങ്ങനെ പ്രസ്താവിച്ചു: “ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്വാൻ ധൈര്യപ്പെടുന്നു.”—സഭാപ്രസംഗി 8:11.
കുറ്റകൃത്യ സംഘടനകളിൽനിന്നു പുറത്തുകടക്കൽ
സംഘടിത കുറ്റകൃത്യങ്ങളെ കർശനമായി പുറത്തുനിന്നു നിയന്ത്രിക്കുന്നതിനുപുറമേ, കുറ്റകൃത്യ സംഘങ്ങളിലുള്ളവരെ പുറത്തുകടക്കുന്നതിനു സഹായിക്കാൻ ഗവൺമെൻറുകൾ ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു നീക്കം എളുപ്പമല്ല. ഒരു പഴമൊഴിയനുസരിച്ച്, “മാഫിയായിൽനിന്ന് വിട്ടുപോരാൻ കഴിയുന്നതു ശവപ്പെട്ടിക്കുള്ളിൽ മാത്രമാണ്.” ഒരു യാക്കൂസാ സംഘടനയിൽനിന്നു വിട്ടുപോകുന്നതിന് ഒരു സംഘടനാംഗം വലിയൊരു തുക നൽകുകയോ തന്റെ ചെറുവിരലോ അതിന്റെ ഒരു ഭാഗമോ മുറിച്ചുമാറ്റുകയോ ചെയ്യേണ്ടതുണ്ട്. നേരായ ജീവിതത്തിലെ യാഥാർഥ്യങ്ങളെ കുറ്റകൃത്യ സംഘടനയിലെ ഒരു മുൻ അംഗം അഭിമുഖീകരിക്കേണ്ടിവരുമെന്നത് അധോലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഭയം വർധിപ്പിക്കുന്നു. തൊഴിലിനായുള്ള അയാളുടെ അപേക്ഷകൾ മിക്കപ്പോഴും നിരസിക്കപ്പെടും. എന്നാൽ, വിട്ടുപോരാൻ ശ്രമിക്കുകയും മാന്യമായ തൊഴിലുകൾ കണ്ടെത്താൻ പ്രയാസപ്പെടുകയും ചെയ്യുന്ന കുറ്റകൃത്യ സംഘടനാംഗങ്ങളെ സഹായിക്കുന്നതിന്, പൊലീസുമായി രഹസ്യമായി ടെലഫോണിൽ ബന്ധപ്പെടാനുള്ള സൗകര്യം ചില രാജ്യങ്ങളിലുണ്ട്.
കുറ്റകൃത്യ കുടുംബത്തിൽനിന്നുള്ള സമ്മർദങ്ങളെയും സമൂഹത്തിന്റെ മുൻവിധികളെയും അഭിമുഖീകരിച്ച് നേരായഗതിയിൽ പോകുന്നതിന് ഒരു കുറ്റകൃത്യ സംഘാംഗത്തിനു ശക്തമായ പ്രചോദനമാവശ്യമാണ്. അയാളെ പ്രചോദിപ്പിച്ചേക്കാവുന്നത് എന്താണ്? അത്, തന്റെ കുടുംബത്തോടുള്ള സ്നേഹമോ സമാധാനപൂർണമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള വാഞ്ഛയോ ശരിയായതു ചെയ്യാനുള്ള ആഗ്രഹമോ ആയിരിക്കാം. എന്നാൽ ഏറ്റവും ശക്തമായ പ്രചോദനം, പിൻവരുന്ന ലേഖനത്തിൽ കൊടുത്തിരിക്കുന്ന യാസൂവോ കാറ്റാവോക്കായുടെ ജീവിതകഥയിൽ നന്നായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
തങ്ങളുടെ ജീവിതത്തിനു സമ്പൂർണ മാറ്റംവരുത്തിയ നൂറുകണക്കിനാളുകളുടെ ഒരു ഉദാഹരണമാണ് യാസൂവോ കാറ്റാവോക്കാ. മുമ്പ് അവർ പ്രകടമാക്കിയിരുന്ന മൃഗസമാന സ്വഭാവങ്ങൾ മാറ്റി തത്സ്ഥാനത്ത്, “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട” ഒരു പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്നു. (എഫെസ്യർ 4:24) ചെന്നായ്തുല്യരായിരുന്ന ആളുകൾ ഇപ്പോൾ സൗമ്യതയുള്ള ചെമ്മരിയാടുതുല്യരായ പൗരൻമാരോടൊപ്പം സമാധാനപരമായി വസിക്കുകയും മറ്റുള്ളവരെ സഹായിക്കുകപോലും ചെയ്യുന്നു!—യെശയ്യാവു 11:6.
ലോകത്തിന്റെ ആത്മാവിൽനിന്നു സ്വതന്ത്രരാകുക
കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ചിരുന്നതുപോലെ, കുറ്റകൃത്യ സംഘടനകൾ മാത്രമല്ല, മറിച്ച് മുഴു ലോകവും പിശാചായ സാത്താന്റെ അദൃശ്യ അധികാരത്തിൻകീഴിലാണ്. ആളുകൾ അതു തിരിച്ചറിയുന്നതുപോലുമില്ല. എന്നാൽ തന്റെ കുറ്റകൃത്യ ലക്ഷ്യങ്ങൾ സാധിക്കത്തക്കവണ്ണം സാത്താൻ ലോകത്തെ സംഘടിപ്പിച്ചിരിക്കുന്നു. കുറ്റകൃത്യ സംഘടനകൾ സമ്പത്തും വ്യാജ കുടുംബ സംവിധാനങ്ങളും പ്രദാനം ചെയ്യുന്നതുപോലെതന്നെ, ആളുകൾക്ക് ധനം, ഉല്ലാസം, ഒരുമയുടേതായ തോന്നൽ എന്നിവ നൽകിക്കൊണ്ട് അവൻ മഹാമനസ്കതയുള്ള ഒരു യജമാനന്റെ റോൾ വഹിക്കുന്നു. നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലായിരിക്കാമെങ്കിലും, അവന്റെ ദുഷ്ട പദ്ധതികളാൽ നിങ്ങൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടായിരിക്കാം. (റോമർ 1:28-32) “ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (യാക്കോബ് 4:4) സാത്താന്യ സ്വാധീനത്തിൻകീഴിലുള്ള ഈ ലോകവുമായി സൗഹൃദത്തിലാകാൻ ശ്രമിക്കുന്നതു സുരക്ഷിതമല്ല. സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ദുഷ്ട സ്വാധീനത്തിൽനിന്നു ലോകത്തെ ശുദ്ധീകരിക്കാൻവേണ്ടി അവരെ വളഞ്ഞുപിടിക്കാൻ തയ്യാറായിനിൽക്കുന്ന, യേശുക്രിസ്തുവിന്റെ കീഴിലുള്ള ഒരു ദൂതസൈന്യം അഖിലാണ്ഡ സ്രഷ്ടാവിനുണ്ട്.—വെളിപ്പാടു 11:18; 16:14, 16; 20:1-3.
സാത്താന്യ ലോകത്തിന്റെ സ്വാധീനത്തിൽനിന്ന് നിങ്ങൾക്കെങ്ങനെയാണു പുറത്തുവരാൻ കഴിയുക? ഒരു ഏകാന്ത ജീവിതം നയിക്കുന്നതിനാലല്ല, മറിച്ച് ഇന്നത്തെ ലോകത്തെ ഭരിക്കുന്ന മനോഭാവങ്ങളിൽനിന്നും ചിന്താമാതൃകകളിൽനിന്നും സ്വതന്ത്രരാകുന്നതിനാലാണ് അതു ചെയ്യാൻ കഴിയുന്നത്. അപ്രകാരം ചെയ്യുന്നതിന്, സാത്താൻ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾക്കെതിരെ പോരാടുകയും ആളുകളെ തന്റെ പിടിയിൽ ഒതുക്കിനിർത്തുന്നതിന് അവൻ വെച്ചുനീട്ടുന്ന പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുകയും ചെയ്യേണ്ടതുണ്ട്. (എഫെസ്യർ 6:11, 12) ഇതിൽ ത്യാഗങ്ങൾ ഉൾപ്പെടും. എന്നാൽ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നെങ്കിൽ, യഹോവയുടെ സാക്ഷികൾ വാഗ്ദാനം ചെയ്യുന്ന സഹായം നിങ്ങൾ പ്രയോജനപ്പെടുത്തുന്നെങ്കിൽ മറ്റുള്ളവരെപ്പോലെ നിങ്ങൾക്കും സ്വതന്ത്രനാകാൻ കഴിയും.
കുറ്റകൃത്യത്തിന്റെ ഈ കുഴഞ്ഞുമറിഞ്ഞ ലോകത്തെ ശുദ്ധീകരിക്കുന്ന ദൈവത്തിന്റെ നടപടിയെ തുടർന്ന് എന്താണ് സംഭവിക്കുക? “ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും” എന്നു പറഞ്ഞിട്ട് ബൈബിൾ തുടരുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:28, 29) മൃഗതുല്യ സ്വഭാവമുണ്ടായിരുന്നവരെപ്രതി പേടിച്ചുവിറയ്ക്കേണ്ട യാതൊരു കാരണവും അന്നുണ്ടായിരിക്കുകയില്ല. എന്തെന്നാൽ ഭൂമിയെ നിറയ്ക്കുന്ന “യഹോവയുടെ പരിജ്ഞാന”ത്താൽ അവർക്ക് അപ്പോഴേക്കും മാറ്റം ഭവിച്ചിരിക്കും.—യെശയ്യാവു 11:9; യെഹെസ്കേൽ 34:28.
ജപ്പാനിലെ ഒരു മുൻ യാക്കൂസാ അംഗത്തിന്റെ പിൻവരുന്ന ജീവിതകഥ പ്രകടമാക്കുന്നതുപോലെ അത്തരം മാറ്റം ഇപ്പോൾത്തന്നെ ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു.
[10-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ എല്ലാവരും തങ്ങളുടെ കൈകളുടെ വേല ആസ്വദിക്കും