Photo by Stringer/Getty Images
ഉണർന്നിരിക്കുക!
മധ്യപൂർവ ദേശത്ത് നടക്കുന്ന യുദ്ധം—ബൈബിളിനു പറയാനുള്ളത്
ഐക്യനാടുകളും ഇസ്രായേലും ഇറാനും ഉൾപ്പെട്ട പോരാട്ടം ലോകം ഇന്ന് ആശങ്കയോടെ നോക്കിക്കാണുന്നു. പ്രശ്നങ്ങൾ കൂടുതൽ വഷളാകുകയും ഈ പോരാട്ടം പല രാജ്യങ്ങളെയും ബാധിക്കുന്ന വലിയൊരു യുദ്ധമായി മാറുകയും ചെയ്യുമോ? ഗവൺമെന്റുകൾക്ക് ഇതുപോലുള്ള പോരാട്ടങ്ങൾ തടയാനും നിലനിൽക്കുന്ന സമാധാനം കൊണ്ടുവരാനും കഴിയുമോ?
ബൈബിൾപ്രവചനങ്ങളെക്കുറിച്ച് അറിയാവുന്ന ആളുകൾ ചിലപ്പോൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘മധ്യപൂർവ ദേശത്ത് നടക്കുന്ന ഈ പോരാട്ടം വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന അർമഗെദോൻ യുദ്ധത്തിന്റെ തുടക്കമാണോ?’
ബൈബിൾ എന്താണു പറയുന്നത്?
ഗവൺമെന്റുകൾ മധ്യപൂർവ ദേശത്ത് നടക്കുന്ന യുദ്ധം അവസാനിപ്പിക്കുമോ?
ബൈബിൾ പറയുന്നു: “പ്രഭുക്കന്മാരെ ആശ്രയിക്കരുത്; രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്.”—സങ്കീർത്തനം 146:3.
മധ്യപൂർവ ദേശത്ത് ഒരു പരിധിവരെയുള്ള സമാധാനം കൊണ്ടുവരാൻ ഗവൺമെന്റുകൾക്ക് കഴിയുമോ എന്നതു നമ്മൾ കാത്തിരുന്നുകാണണം. എന്നാൽ യുദ്ധം അവസാനിപ്പിച്ച് നിലനിൽക്കുന്ന സമാധാനം കൊണ്ടുവരാൻ ഏതെങ്കിലും ഒരു രാഷ്ട്രീയനേതാവിനോ മനുഷ്യഗവൺമെന്റുകൾക്കോ ഒരു കൂട്ടം ആളുകൾക്കോ കഴിയില്ലെന്നു ബൈബിൾ വ്യക്തമായി പറയുന്നു. ‘ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കാൻ’ ദൈവത്തിനു മാത്രമേ കഴിയൂ.—സങ്കീർത്തനം 46:9.
കൂടുതലായി അറിയാൻ, “യുദ്ധങ്ങൾക്ക് അവസാനം—എങ്ങനെ?” എന്ന വിഷയത്തിലുള്ള വീക്ഷാഗോപുരം മാസിക വായിക്കുക.
മധ്യപൂർവ ദേശത്ത് നടക്കുന്ന യുദ്ധം ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയാണോ?
ബൈബിൾ പറയുന്നു: “യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും നിങ്ങൾ കേൾക്കും. . . . ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും.”—മത്തായി 24:6, 7.
മധ്യപൂർവ ദേശത്ത് നടക്കുന്ന ഈ പോരാട്ടം “വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു” എന്നതിന്റെയും നമ്മൾ ജീവിക്കുന്നത് ‘അവസാനകാലത്താണ്’ എന്നതിന്റെയും ഒരു തെളിവാണ്. (മത്തായി 24:3; 2 തിമൊഥെയൊസ് 3:1) ഇന്ന് നമ്മൾ കാണുന്ന ഈ യുദ്ധങ്ങളെല്ലാം സൂചിപ്പിക്കുന്നത് ദൈവം പെട്ടെന്നുതന്നെ യുദ്ധങ്ങളെല്ലാം അവസാനിപ്പിക്കാനായി പ്രവർത്തിക്കുമെന്നും മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുമെന്നും ആണ്.
കൂടുതലായി അറിയാൻ,“‘അന്ത്യകാലത്തിന്റെ’ അല്ലെങ്കിൽ ‘അവസാനനാളുകളുടെ’ അടയാളം എന്താണ്?” എന്ന ലേഖനം വായിക്കുക.
അർമഗെദോൻ മധ്യപൂർവ ദേശത്തായിരിക്കുമോ തുടങ്ങുന്നത്?
ബൈബിൾ പറയുന്നു: “അവ അവരെ എബ്രായ ഭാഷയിൽ അർമഗെദോൻ എന്ന് അറിയപ്പെടുന്ന സ്ഥലത്ത് കൂട്ടിച്ചേർത്തു.”—വെളിപാട് 16:16.
അർമഗെദോൻ യുദ്ധം മധ്യപൂർവ ദേശത്തുവെച്ച് തുടങ്ങുന്ന മനുഷ്യ ഗവൺമെന്റുകൾ തമ്മിലുള്ള യുദ്ധമല്ല. എല്ലാ മനുഷ്യ ഗവൺമെന്റുകളും ദൈവവും തമ്മിൽ നടക്കുന്ന ഒരു ആഗോളയുദ്ധമാണ് അത്.
കൂടുതലായി അറിയാൻ, “അർമഗെദോൻ യുദ്ധം എന്താണ്?” എന്ന ലേഖനം കാണുക.
ഉത്കണ്ഠപ്പെടുത്തുന്ന ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ നമുക്ക് എങ്ങനെ പിടിച്ചുനിൽക്കാം?
ബൈബിൾ പറയുന്നു: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ. കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക.”—ഫിലിപ്പിയർ 4:6.
തന്നോട് പ്രാർഥിക്കാൻ ദൈവമായ യഹോവa നമ്മളെ ക്ഷണിക്കുന്നു. യഹോവ നമുക്കുവേണ്ടി കരുതുന്നതുകൊണ്ട് നമ്മുടെ പ്രാർഥനകൾ കേൾക്കുകയും ഉത്കണ്ഠകൾ മറികടക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു. (1 പത്രോസ് 5:7) അത് എങ്ങനെ? യുദ്ധങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം മനസ്സിലാക്കാൻ ദൈവം നമ്മളെ സഹായിക്കുന്നു. അതുമാത്രമല്ല, യുദ്ധങ്ങൾ എങ്ങനെ അവസാനിക്കുമെന്നും നമുക്കു സംഭവിച്ച വേദനകളും ദുരിതങ്ങളും എങ്ങനെ ഇല്ലാതാക്കുമെന്നും നമുക്കു പറഞ്ഞുതരുകയും ചെയ്യുന്നു.—വെളിപാട് 21:3, 4.
ദൈവം നമുക്കു സഹായം നൽകുന്നത് എങ്ങനെയെന്നു കൂടുതലായി അറിയാൻ “ബൈബിളിൽനിന്ന് എനിക്ക് ആശ്വാസം കിട്ടുമോ?” എന്ന ലേഖനം വായിക്കുക.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.