ഉണർന്നിരിക്കുക!
ഒരു ക്രിസ്ത്യാനി എങ്ങനെയായിരിക്കണം?—ബൈബിളിനു പറയാനുള്ളത്
ഇന്ന് ലോകത്തുള്ള പല ആളുകളും തങ്ങൾ ക്രിസ്ത്യാനികളാണെന്ന് അഭിമാനത്തോടെ പറയാറുണ്ട്. എന്നാൽ അതേസമയം അവർ മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. ചിലർ സ്വാർഥരോ സത്യസന്ധതയില്ലാത്തവരോ ദയയില്ലാത്തവരോ ആണ്. ഇനി വേറെ ചിലർ വിവാഹയിണയോട് അവിശ്വസ്തത കാണിക്കുന്നു. ഇതെല്ലാം കാണുമ്പോൾ സ്വാഭാവികമായും ചില ആളുകൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ശരിക്കും ഒരു ക്രിസ്ത്യാനി എങ്ങനെയായിരിക്കണം?’
ഒരു ക്രിസ്ത്യാനി എങ്ങനെയായിരിക്കണം?
ഒരു വ്യക്തിക്ക് താൻ ഒരു ക്രിസ്ത്യാനിയാണെന്നു പറയാൻ എളുപ്പമാണ്. എന്നാൽ അതു മാത്രംപോരാ. ബൈബിൾ പറയുന്നതനുസരിച്ച് ഒരു ക്രിസ്ത്യാനി യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരിക്കണം. (പ്രവൃത്തികൾ 11:26) യേശുതന്നെ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്.” (യോഹന്നാൻ 8:31) യേശുവിന്റെ പഠിപ്പിക്കലുകൾ പൂർണമായി അനുസരിക്കാൻ ആർക്കും പറ്റില്ല എന്നതു ശരിയാണ്. എന്നാൽ യേശുവിന്റെ പഠിപ്പിക്കലുകൾ അനുസരിക്കാനും എല്ലാ ദിവസവും അതിനു ചേർച്ചയിൽ ശരിയായ തീരുമാനമെടുക്കാനും ഒരു ക്രിസ്ത്യാനി പരമാവധി ശ്രമിക്കും. ചില ഉദാഹരണങ്ങൾ കാണാം.
ക്രിസ്ത്യാനികൾ സ്നേഹം കാണിക്കും
യേശു എന്താണു പറഞ്ഞത്: “നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35.
യേശു എന്താണു ചെയ്തത്: ആളുകൾക്ക് സമൂഹത്തിലുള്ള നിലയും അവരുടെ പശ്ചാത്തലവും ഒന്നും നോക്കാതെ യേശു എല്ലാവരെയും സ്നേഹിച്ചു. യേശു രോഗികളെ സുഖപ്പെടുത്തി, വിശക്കുന്നവർക്ക് ആഹാരം കൊടുത്തു, സ്വന്തം ജീവൻപോലും മറ്റുള്ളവർക്കുവേണ്ടി നൽകി.—മത്തായി 14:14-21; 20:28.
ക്രിസ്ത്യാനികൾ എങ്ങനെയായിരിക്കണം?: മറ്റുള്ളവർക്കു സന്തോഷത്തോടെ കൊടുത്തുകൊണ്ടും പക്ഷപാതം കാണിക്കാതിരുന്നുകൊണ്ടും ക്ഷമിച്ചുകൊണ്ടും ക്രിസ്ത്യാനികൾ സ്നേഹം കാണിക്കുന്നു. സഹായം ആവശ്യമുള്ളവർക്കുവേണ്ടി എന്തു ത്യാഗം ചെയ്യാനും അവർ തയ്യാറാകും.—1 യോഹന്നാൻ 3:16.
ക്രിസ്ത്യാനികൾ സത്യസന്ധരായിരിക്കും
യേശു പറഞ്ഞത്: ‘ഞാൻതന്നെയാണു സത്യം.’—യോഹന്നാൻ 14:6.
യേശു ചെയ്തത്: യേശു എല്ലാ കാര്യങ്ങളിലും സത്യസന്ധനായിരുന്നു, പറഞ്ഞതിലും പ്രവർത്തിച്ചതിലും എല്ലാം. യേശു ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ സത്യമല്ലാത്ത കാര്യങ്ങൾ പറഞ്ഞ് വഴിതെറ്റിക്കുകയോ ചെയ്തില്ല. സത്യസന്ധനായ ഒരു വ്യക്തിയായിട്ടാണ് യേശു അറിയപ്പെട്ടിരുന്നത്, തനിക്കുതന്നെ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുപോലും യേശു സത്യസന്ധനായി നിന്നു.—മത്തായി 22:16; 26:63-67.
ക്രിസ്ത്യാനികൾ എങ്ങനെയായിരിക്കണം?: ക്രിസ്ത്യാനികൾ നുണ പറയില്ല. അവർ നികുതി കൃത്യമായി അടയ്ക്കും, മോഷ്ടിക്കില്ല, അവർ ജോലിസ്ഥലത്ത് ആത്മാർഥതയുള്ളവരായിരിക്കും. (റോമർ 13:5-7; എഫെസ്യർ 4:28) അവർ ആളുകളെ പറ്റിക്കില്ല, പരീക്ഷയ്ക്കു കോപ്പിയടിക്കില്ല. ജോലിക്കുള്ള അപേക്ഷയിലോ മറ്റു ഡോക്യുമെന്റുകളിലോ തെറ്റായ വിവരങ്ങൾ കാണിക്കില്ല.—എബ്രായർ 13:18.
ക്രിസ്ത്യാനികൾ ദയയുള്ളവരായിരിക്കും
യേശു പറഞ്ഞത്: “കഷ്ടപ്പെടുന്നവരേ, ഭാരങ്ങൾ ചുമന്ന് വലയുന്നവരേ, നിങ്ങളെല്ലാവരും എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം. എന്റെ നുകം വഹിച്ച് എന്നിൽനിന്ന് പഠിക്കൂ. ഞാൻ സൗമ്യനും താഴ്മയുള്ളവനും ആയതുകൊണ്ട് നിങ്ങൾക്ക് ഉന്മേഷം കിട്ടും; കാരണം, എന്റെ നുകം മൃദുവും എന്റെ ചുമടു ഭാരം കുറഞ്ഞതും ആണ്.”—മത്തായി 11:28-30.
യേശു ചെയ്തത്: യേശു ദയയുള്ളവനും ആർക്കും സമീപിക്കാൻ പറ്റുന്നവനും ആയിരുന്നു. യേശു കുട്ടികളെ സ്നേഹിച്ചു, വിഷമിക്കുന്നവർക്ക് ആശ്വാസം നൽകി, എല്ലാവരോടും ആദരവോടെ ഇടപെട്ടു.—മർക്കോസ് 10:13-15; ലൂക്കോസ് 9:11.
ക്രിസ്ത്യാനികൾ എങ്ങനെയായിരിക്കണം?: ക്രിസ്ത്യാനികൾ ആളുകളോടു ദയയോടെ സംസാരിക്കും, അവർ മര്യാദയില്ലാതെയോ ക്രൂരമായോ ഇടപെടില്ല. (എഫെസ്യർ 4:29, 31, 32) അവർ മറ്റുള്ളവരുടെ കാര്യത്തിൽ താത്പര്യം കാണിക്കുകയും അവരെ സഹായിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുകയും ചെയ്യും.—ഗലാത്യർ 6:10.
ക്രിസ്ത്യാനികൾ വിവാഹയിണയോടു വിശ്വസ്തരായിരിക്കും
യേശു പറഞ്ഞത്: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”—മർക്കോസ് 10:9.
യേശു ചെയ്തത്: യേശു വിവാഹം കഴിച്ചിട്ടില്ലെങ്കിലും വിവാഹിതർ പരസ്പരം വിശ്വസ്തരായിരിക്കാൻ യേശു പ്രോത്സാഹിപ്പിച്ചു. (മത്തായി 19:9) വിവാഹജീവിതം തകരാൻ സാധ്യതയുള്ള പ്രവൃത്തികളിൽനിന്ന് ഒഴിഞ്ഞിരിക്കേണ്ടതിനെക്കുറിച്ചും യേശു മുന്നറിയിപ്പുകൊടുത്തു.—മത്തായി 5:28.
ക്രിസ്ത്യാനികൾ എങ്ങനെയായിരിക്കണം?: വിവാഹയിണയോട് അനാദരവ് കാണിക്കുന്ന എല്ലാ പ്രവൃത്തികളും ക്രിസ്ത്യാനികൾ ഒഴിവാക്കും. (എബ്രായർ 13:4) അവർ പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടും.—എഫെസ്യർ 5:28, 33.