യേശുവിൽനിന്ന് പഠിക്കുക
അക്രമം ഒന്നിനും ഒരു പരിഹാരമല്ല
പ്രശ്നങ്ങളും പോരാട്ടങ്ങളും ഉണ്ടാകുമ്പോൾ അതിനുള്ള പരിഹാരം അക്രമമാണെന്ന് ഇന്നു പല ആളുകളും വിശ്വസിക്കുന്നു. എന്നാൽ ആ ചിന്താഗതി യേശുവിന്റെ പഠിപ്പിക്കലിനും യേശുവെച്ച മാതൃകയ്ക്കും നേർവിപരീതമാണ്. യേശു പറഞ്ഞതും ചെയ്തതും ആയ ചില കാര്യങ്ങൾ നോക്കാം.
യേശു പറഞ്ഞത്
വിയോജിപ്പുകൾ ഉണ്ടാകുമ്പോൾ അതിനുള്ള പരിഹാരം ദേഷ്യപ്പെടുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും അല്ലെന്നു യേശു ഒലിവുമലയിൽവെച്ച് നടത്തിയ തന്റെ പ്രശസ്തമായ പ്രസംഗത്തിൽ പഠിപ്പിച്ചു. ചില ഉദാഹരണങ്ങൾ നോക്കാം.
“മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.” (മത്തായി 7:12; ലൂക്കോസ് 6:31) ഇതിനെ സുവർണനിയമംa എന്നാണു വിളിക്കുന്നത്. നമ്മളോട് ആളുകൾ എങ്ങനെ ഇടപെടാനാണോ നമ്മൾ ആഗ്രഹിക്കുന്നത്, അതുപോലെ നമ്മൾ മറ്റുള്ളവരോട് ഇടപെടാൻ ഈ നിയമം പ്രോത്സാഹിപ്പിക്കുന്നു. നമ്മളോട് ആരും മോശമായി ഇടപെടാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് വിയോജിപ്പുകൾ ഉള്ളപ്പോൾപ്പോലും എല്ലാവരോടും ദയയോടെയും ആദരവോടെയും നമ്മൾ ഇടപെടേണ്ടതല്ലേ?
“നിന്റെ വലത്തെ കവിളിൽ അടിക്കുന്നവനു മറ്റേ കവിളും കാണിച്ചുകൊടുക്കുക.” (മത്തായി 5:38, 39; ലൂക്കോസ് 6:29) മറ്റുള്ളവർ നമ്മളോടു മോശമായി ഇടപെടാനുള്ള സാഹചര്യം നമ്മൾത്തന്നെ ഉണ്ടാക്കണമെന്നല്ല യേശു ഇവിടെ ഉദ്ദേശിച്ചത്. സാധ്യതയനുസരിച്ച് ചില മതനേതാക്കന്മാർ പ്രതികാരം ചെയ്യുന്നതിൽ തെറ്റില്ലെന്നു പഠിപ്പിച്ചിരുന്നു. അവരുടെ ആ ആശയത്തെ യേശു ഇവിടെ തിരുത്തുകയായിരുന്നു. ആരെങ്കിലും പ്രകോപിപ്പിച്ചാൽ പ്രതികാരം ചെയ്യരുതെന്നും പകരം സൗമ്യതയോടെ അവരോട് ഇടപെടണമെന്നും യേശു തന്റെ ശിഷ്യന്മാരോടു പറയുകയായിരുന്നു.b
“ശത്രുക്കളെ സ്നേഹിക്കുക.” (മത്തായി 5:43, 44; ലൂക്കോസ് 6:27) നമ്മളോടു മോശമായി ഇടപെടുകയോ നമ്മളെ വെറുക്കുകയോ ചെയ്യുന്നവരോടു ദയയോടെ ഇടപെടണമെന്നു യേശു പഠിപ്പിച്ചു. അവരുടെ തെറ്റായ പ്രവൃത്തിയെ നമ്മൾ അംഗീകരിക്കുന്നു എന്നല്ല അതിന് അർഥം.c നമ്മളെ വെറുക്കുന്നവരോടു ദയയോടെ ഇടപെട്ടാൽ ഒരുപക്ഷേ അവരുടെ ദേഷ്യം കുറഞ്ഞേക്കാം, ഇനി നമ്മളോടു തിരിച്ച് ദയയോടെ ഇടപെടാൻപോലും അത് അവരെ പ്രേരിപ്പിച്ചേക്കാം.
യേശു എന്താണ് ചെയ്തത്, എന്തു ചെയ്യും?
അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നു യേശു പഠിപ്പിച്ചു. യേശു എന്താണോ പ്രസംഗിച്ചത് അതുതന്നെയാണു ചെയ്തതും. യേശുവിനെ അറസ്റ്റ് ചെയ്ത രാത്രി യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ യേശുവിനെ സംരക്ഷിക്കാനായി വാളെടുത്തു. യേശു അപ്പോൾ പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.” (മത്തായി 26:52) തന്നോടു മോശമായി ഇടപെട്ടവരോടു യേശു ക്ഷമിച്ചു, അവർക്കുവേണ്ടി പ്രാർഥിക്കുകപോലും ചെയ്തു. അങ്ങനെ യേശു ശത്രുക്കളോടു സ്നേഹം കാണിച്ചു.—ലൂക്കോസ് 23:33, 34; 1 പത്രോസ് 2:23.
സമാധാനപ്രഭുവായ യേശു പെട്ടെന്നുതന്നെ എല്ലാ അക്രമവും ഇല്ലാതാക്കുമെന്നു ബൈബിൾ ഉറപ്പുനൽകുന്നു. (യശയ്യ 9:6, 7) മനോഹരമായ ആ ഭാവിയെക്കുറിച്ച് കൂടുതൽ അറിയാനായി “യുദ്ധങ്ങളും പോരാട്ടങ്ങളും എങ്ങനെ അവസാനിക്കും?” എന്ന ലേഖനം വായിക്കുക.
a കൂടുതൽ വിവരങ്ങൾക്കായി “എന്താണ് സുവർണനിയമം?” എന്ന ലേഖനം വായിക്കുക.
b കൂടുതൽ വിവരങ്ങൾക്കായി “‘കണ്ണിനു പകരം കണ്ണ്’ എന്നു പറയുന്നതിന്റെ അർഥം എന്താണ്?” എന്ന ലേഖനം വായിക്കുക.
c കൂടുതൽ വിവരങ്ങൾക്കായി “‘ശത്രുക്കളെ സ്നേഹിക്കുക’ എന്നാൽ എന്താണ് അർഥം?” എന്ന ലേഖനം വായിക്കുക.