44 സ്നാപകയോഹന്നാൻ
അദ്ദേഹത്തെക്കാൾ “വലിയവനായി ആരുമില്ല”
നൂറ്റാണ്ടുകളായി ദൈവജനത്തെ തിരുത്താൻ യഹോവ പ്രവാചകന്മാരെ അയച്ചിരുന്നില്ല. അങ്ങനെയിരിക്കെ തന്റെ സന്ദേശം അറിയിക്കാൻ യഹോവ, യോഹന്നാൻ എന്നു പേരുള്ള ഒരാളെ തിരഞ്ഞെടുത്തു. യോഹന്നാൻ താമസിച്ചിരുന്നതു യഹൂദ്യയിലെ വിജനഭൂമിയിലാണ്. പാറക്കെട്ടുകൾ നിറഞ്ഞ ആ പ്രദേശത്ത് പാമ്പുകളും തേളുകളും വലിയ ഇരപിടിയൻ ജന്തുക്കളും കൊള്ളക്കാരും ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് അവിടെ ഒറ്റയ്ക്കു കഴിയാനും, അതുപോലെ ദൈവത്തിന്റെ സന്ദേശം അറിയിക്കാനും യോഹന്നാനു ധൈര്യം വേണമായിരുന്നു.
യോഹന്നാനെക്കുറിച്ച് ദൈവദൂതൻ അറിയിച്ചതെല്ലാം അവന്റെ അമ്മയപ്പന്മാരായ എലിസബത്തും സെഖര്യയും അവനോടു പറഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ താൻ ഏലിയയെപ്പോലെ തീക്ഷ്ണതയുള്ള ഒരു പ്രവാചകനും, ശമുവേലിനെപ്പോലെ ഒരു നാസീർവ്രതക്കാരനും, തന്നെക്കാളെല്ലാം ഒരുപാടു വലിയവനായ ഒരാൾക്കു വഴി ഒരുക്കുന്നവനും ആയിത്തീരുമെന്നു യോഹന്നാന് അറിയാമായിരുന്നു. 30 വയസ്സായപ്പോൾ യോഹന്നാനു തന്റെ പിതാവിനെപ്പോലെ ഒരു പുരോഹിതനാകാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആളുകളെ മാനസാന്തരത്തിലേക്കു നയിക്കാൻതുടങ്ങി. അങ്ങനെ നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ് യശയ്യ മുൻകൂട്ടിപ്പറഞ്ഞതുപോലെ ‘വിജനഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമായി’ യോഹന്നാൻ മാറി. ‘സ്വർഗരാജ്യത്തെക്കുറിച്ച്’ യോഹന്നാൻ ഉറച്ച ബോധ്യത്തോടെയാണു സംസാരിച്ചത്. അതുകൊണ്ടുതന്നെ അതു കേൾക്കാൻ പട്ടണങ്ങളിൽനിന്നും നഗരങ്ങളിൽനിന്നും ആളുകൾ കൂട്ടമായി അദ്ദേഹത്തിന്റെ അടുക്കലേക്കു വന്നു. മാനസാന്തരപ്പെട്ട ആളുകളെ യോഹന്നാൻ വെള്ളത്തിൽ സ്നാനപ്പെടുത്തി. കൂടാതെ മതനേതാക്കന്മാരായ സദൂക്യരുടെയും പരീശന്മാരുടെയും കള്ളത്തരങ്ങൾ ധൈര്യത്തോടെ തുറന്നുകാട്ടാനും യോഹന്നാൻ മടി കാണിച്ചില്ല.
വളരെ പ്രധാനപ്പെട്ട ഒരു നിയമനം ലഭിച്ചെങ്കിലും യോഹന്നാൻ ഒട്ടും അഹങ്കരിച്ചില്ല. പകരം തന്നെക്കാൾ വലിയവനായ ഒരാൾക്കു വഴി ഒരുക്കുന്നവൻ മാത്രമാണു താനെന്ന് അദ്ദേഹം താഴ്മയോടെ സമ്മതിച്ചുപറഞ്ഞു. ആ വ്യക്തിയുടെ ചെരിപ്പ് അഴിക്കാൻപോലും താൻ യോഗ്യനല്ലെന്നാണു യോഹന്നാൻ പറഞ്ഞത്. യേശുവിനെ സ്നാനപ്പെടുത്തിയപ്പോൾ യഹോവയുടെ ശബ്ദം ഇങ്ങനെ പറയുന്നതു യോഹന്നാൻ കേട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” പിന്നീട് കുറച്ച് ദിവസം കഴിഞ്ഞ് യേശു വീണ്ടും യോഹന്നാന്റെ അടുക്കൽ വന്നപ്പോൾ എല്ലാവരും കേൾക്കെ യോഹന്നാൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്!”
യേശുവിനെ അനുഗമിക്കാൻ തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും യോഹന്നാൻ താഴ്മ കാണിച്ചു. അങ്ങനെ പോയവരിൽ പത്രോസിന്റെ സഹോദരനായ അന്ത്രയോസും സാധ്യതയനുസരിച്ച് യോഹന്നാനും (സെബദിയുടെ മകൻ) ഉണ്ടായിരുന്നു. അവർ രണ്ടു പേരും പിന്നീട് ക്രിസ്തുവിന്റെ അപ്പോസ്തലന്മാരായിത്തീർന്നു. കുറച്ച് കാലം യേശുവും യോഹന്നാനും സമാനമായ ശുശ്രൂഷയാണു ചെയ്തിരുന്നത്. മാനസാന്തരപ്പെട്ട് സ്നാനമേൽക്കാൻ അവർ രണ്ടു പേരും ആളുകളെ പ്രോത്സാഹിപ്പിച്ചു. യേശുവിന്റെ ശിഷ്യന്മാർ കൂടുതൽ ആളുകളെ സ്നാനപ്പെടുത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അതിൽ അസൂയപ്പെടുന്നതിനു പകരം “അദ്ദേഹം വളരണം, ഞാനോ കുറയണം” എന്നു യോഹന്നാൻ താഴ്മയോടെ സമ്മതിക്കുകയാണു ചെയ്തത്.
യോഹന്നാൻ ധൈര്യത്തോടെ പ്രസംഗപ്രവർത്തനം നടത്തിയതു ദുഷ്ടരായ മതനേതാക്കളെയും അധികാരികളെയും അസ്വസ്ഥരാക്കിയെങ്കിലും, മിശിഹയ്ക്കുവേണ്ടി കാത്തിരുന്നവരെ പ്രോത്സാഹിപ്പിച്ചു
അധികാരത്തിലിരിക്കുന്നവരുടെ തെറ്റുകൾ തുറന്നുകാണിക്കാനും യോഹന്നാൻ ധൈര്യം കാണിച്ചു. ഉദാഹരണത്തിന് ജൂതമതം സ്വീകരിച്ച, വിശ്വസ്തനെന്ന് അവകാശപ്പെട്ടിരുന്ന ഹെരോദ് അന്തിപ്പാസ്, സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ നിയമവിരുദ്ധമായി വിവാഹം ചെയ്തിരുന്നു. എന്നാൽ അതു തെറ്റായ ഒരു പ്രവൃത്തിയാണെന്നു യോഹന്നാൻ ഒരു മടിയും കൂടാതെ ചൂണ്ടിക്കാണിച്ചു. അതിന്റെ പേരിൽ ഹെരോദ് യോഹന്നാനെ ജയിലിലാക്കി. എന്നാൽ ഹെരോദ്യയുടെ ദേഷ്യം അതുകൊണ്ടൊന്നും തീർന്നില്ല. യോഹന്നാനെ കൊല്ലാനാണ് അവൾ ആഗ്രഹിച്ചത്.
ജയിലിലായിരുന്ന യോഹന്നാനു പ്രോത്സാഹനം ആവശ്യമായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ രണ്ടു ശിഷ്യന്മാരെ യേശുവിന്റെ അടുക്കലേക്ക് അയച്ചു. എന്നിട്ട് “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ” എന്നു ചോദിച്ചു. അപ്പോൾ യേശു അവരോട്, “അന്ധർ കാണുന്നു, . . . ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു” എന്നു പറഞ്ഞു. യോഹന്നാൻ ഏലിയയെപ്പോലുള്ള ഒരു പ്രവാചകനായിരുന്നെങ്കിലും അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവ് യഹോവ അദ്ദേഹത്തിനു കൊടുത്തിരുന്നില്ല. എന്നാൽ യേശു അനേകം അത്ഭുതങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. ആ യേശുവിന്റെ അനുഗാമികളാകാൻ പലരെയും സഹായിക്കാൻ കഴിഞ്ഞല്ലോ എന്ന് ഓർത്തതു യോഹന്നാനെ സന്തോഷിപ്പിച്ചിരിക്കണം.
അധികം വൈകാതെ യോഹന്നാന്റെ ജീവനെടുക്കാനുള്ള വഴി ഹെരോദ്യ കണ്ടെത്തി. ഹെരോദ്യയുടെ മകൾ ഹെരോദിന്റെ മുന്നിൽ നൃത്തം ചെയ്ത് അദ്ദേഹത്തെ സന്തോഷിപ്പിച്ചപ്പോൾ അവൾ ചോദിക്കുന്നത് എന്തും കൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. സ്നാപകയോഹന്നാന്റെ തല ചോദിക്കാൻ ഹെരോദ്യ മകളോട് ആവശ്യപ്പെട്ടു. അവളുടെ അപേക്ഷ തള്ളിക്കളയാൻ ധൈര്യമില്ലായിരുന്നതുകൊണ്ട് യോഹന്നാനെ കൊല്ലാൻ ഹെരോദ് കല്പിച്ചു. എന്നാൽ യോഹന്നാൻ അവസാനശ്വാസംവരെ ധൈര്യം കൈവിട്ടില്ല.
യോഹന്നാനെക്കുറിച്ച് യേശു പറഞ്ഞു: “സ്ത്രീകൾക്കു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവനായി ആരുമില്ല.” മറ്റൊരു മനുഷ്യനും, പ്രവാചകന്മാരായ മോശയ്ക്കോ ഏലിയയ്ക്കോ പോലും, കിട്ടാത്ത അവസരമാണു യോഹന്നാനു ലഭിച്ചത്: ‘വിജനഭൂമിയിലെ ശബ്ദമായിരുന്നുകൊണ്ട്’ മിശിഹയ്ക്കു വഴി ഒരുക്കാനുള്ള അവസരം! യോഹന്നാന്റെ മാതൃക ധൈര്യമുള്ളവരായിരിക്കാൻ ഇന്നും ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുന്നു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
സ്നാപകയോഹന്നാൻ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. യേശുവും സ്നാപകയോഹന്നാനും തമ്മിലുള്ള ബന്ധം എന്തായിരുന്നു? (w10 9/1 പേ. 15 ഖ. 4-6-wcgr)
2. സ്നാപകയോഹന്നാൻ ശരിക്കും ജീവിച്ചിരുന്നോ എന്നതിനെക്കുറിച്ച് ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് എന്താണ് എഴുതിയത്? (mrt ലേഖനം 14) A
ചിത്രം A: ഹെരോദ് അന്തിപ്പാസ് പുറത്തിറക്കിയ നാണയം, എ.ഡി. 30. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ജില്ലാഭരണാധികാരിയായ ഹെരോദ്”
3. യോഹന്നാൻ “ഏലിയയുടെ ആത്മാവും ശക്തിയും ഉള്ളവനായി” പ്രവർത്തിച്ചത് എങ്ങനെയാണ്? (ലൂക്കോ. 1:17; it “ആത്മാവ്” ഖ. 60-wcgr) B
ചിത്രം B
4. യോഹന്നാൻ പുനരുത്ഥാനപ്പെട്ട് സ്വർഗത്തിലേക്കു പോയിട്ടില്ലെന്നു നമുക്ക് എങ്ങനെ അറിയാം? (മത്താ. 11:11; ijwbq ലേഖനം 178 ഖ. 4)
നമുക്കുള്ള പാഠങ്ങൾ
യോഹന്നാൻ ബൈബിൾപ്രവചനം നിവർത്തിക്കുകയും മിശിഹയ്ക്കു വഴി ഒരുക്കുകയും ചെയ്തെങ്കിലും എളിമയുള്ളവനായി തുടർന്നു. (യോഹ. 1:26, 27) അദ്ദേഹത്തിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് യോഹന്നാൻ ലളിതമായ ജീവിതം നയിച്ചു. (മത്താ. 3:4) ജീവിതം ലളിതമാക്കാൻ ഇന്നു നമ്മളെ എന്തു സഹായിക്കും? C
ചിത്രം C
നിങ്ങൾക്ക് എങ്ങനെ സ്നാപകയോഹന്നാന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന സ്നാപകയോഹന്നാനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും യോഹന്നാൻ സന്തോഷത്തോടെയും ക്ഷമയോടെയും സഹിച്ചുനിന്നത് എങ്ങനെയെന്നു കാണുക.
“സ്നാപകയോഹന്നാൻ—സന്തോഷം നിലനിറുത്താൻ നമുക്ക് ഒരു മാതൃക” (w19.08 പേ. 29-31)
ഉപദ്രവം സഹിക്കുമ്പോഴും സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാകുമ്പോഴും ദൈവസേവനത്തിൽ ആഗ്രഹിച്ച ഒരു നിയമനം കിട്ടാതെവരുമ്പോഴും യോഹന്നാന്റെ മാതൃക നമ്മളെ എങ്ങനെ സഹായിക്കും?