43 യോസേഫ്
ധൈര്യശാലിയായ കുടുംബനാഥൻ
ഒരു നല്ല കുടുംബനാഥനായിരിക്കാൻ ശരിക്കും ധൈര്യം വേണം. നസറെത്തിൽനിന്നുള്ള ഒരു മരപ്പണിക്കാരനായ യോസേഫ് അത്തരത്തിലുള്ള ഒരു ഭർത്താവും അപ്പനും ആയിരിക്കാൻ ആഗ്രഹിച്ചു. എന്നാൽ കല്യാണത്തിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ ധൈര്യം പരീക്ഷിക്കപ്പെട്ടു. താൻ കല്യാണം കഴിക്കാൻപോകുന്ന മറിയ എന്ന പെൺകുട്ടി ഗർഭിണിയാണെന്നു യോസേഫ് അറിഞ്ഞു. എന്നാൽ ആ കുഞ്ഞു തന്റേതല്ല. എങ്ങനെയാണു ഗർഭിണിയായതെന്നു മറിയ വിശദീകരിച്ചെങ്കിലും അതു മനസ്സിലാക്കാനും വിശ്വസിക്കാനും യോസേഫിനു ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം ഇപ്പോൾ എന്തു ചെയ്യും?
യഹോവയുടെ നിയമങ്ങൾ അനുസരിച്ചിരുന്ന ‘നീതിമാനായ ഒരു മനുഷ്യനായിരുന്നു’ യോസേഫ് എന്നു ബൈബിൾ പറയുന്നു. അദ്ദേഹം ദയയും കരുണയും ഉള്ള ആളുമായിരുന്നു. മറിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അവൾക്കു നാണക്കേട് ഉണ്ടാകാത്ത വിധത്തിൽ എങ്ങനെ ഈ പ്രശ്നം പരിഹരിക്കാമെന്ന് അദ്ദേഹം ‘ചിന്തിച്ചു.’ അവസാനം, മറിയയെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. (അക്കാലത്ത് വിവാഹനിശ്ചയം കഴിഞ്ഞവരെ വിവാഹിതരെപ്പോലെതന്നെയാണു കണ്ടിരുന്നത്.) എന്നാൽ യഹോവ തന്റെ ദൂതനെ അയച്ച് ഒരു സ്വപ്നത്തിൽ യോസേഫിനോടു സംസാരിച്ചു. ദൂതൻ പറഞ്ഞു: “നിന്റെ ഭാര്യയായ മറിയയെ വീട്ടിലേക്കു കൊണ്ടുവരാൻ പേടിക്കേണ്ടാ.” മറിയ പറഞ്ഞതെല്ലാം സത്യമാണെന്ന് ആ ദൂതൻ യോസേഫിന് ഉറപ്പുകൊടുത്തു. ആ കുഞ്ഞ് ദൈവത്തിന്റെ മകൻതന്നെയായിരുന്നു. അവൻ ഭാവിയിൽ മിശിഹയായിത്തീരും!
ദൈവത്തിന്റെ മകനെ വളർത്തിക്കൊണ്ടുവരുക എന്ന വലിയൊരു ഉത്തരവാദിത്വമാണു യോസേഫിനുണ്ടായിരുന്നത്
“യഹോവയുടെ ദൂതൻ നിർദേശിച്ചതുപോലെ” യോസേഫ് ചെയ്തു. യഹോവ കൊടുത്ത ആ നിയമനം ഏറ്റെടുക്കാൻ യോസേഫ് ധൈര്യം കാണിച്ചു. തന്റെ പ്രിയപ്പെട്ട ഭാര്യയെയും അവൾ ജന്മം നൽകാൻപോകുന്ന, ദൈവത്തിന്റെ സ്വന്തം മകനെയും അദ്ദേഹം പരിപാലിക്കണമായിരുന്നു. യോസേഫിനു നല്ല ധൈര്യം വേണ്ട ഒരു ഉത്തരവാദിത്വമായിരുന്നു അത്.
കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും തങ്ങളുടെ ജന്മനാട്ടിൽ ചെന്ന് പേര് രേഖപ്പെടുത്തണമെന്ന് അഗസ്റ്റസ് സീസർ കല്പന നൽകി. അതനുസരിച്ച് യോസേഫ് ബേത്ത്ലെഹെമിലേക്കു പോകണമായിരുന്നു. മറിയയും കൂടെ പോകാൻ നിയമം ആവശ്യപ്പെട്ടിരുന്നോ എന്നു നമുക്ക് അറിയില്ല. എന്നാൽ മറിയ തന്റെ കൂടെയുണ്ടെങ്കിൽ അവളെ നന്നായി സംരക്ഷിക്കാനാകുമെന്നു സാധ്യതയനുസരിച്ച് യോസേഫ് ചിന്തിച്ചുകാണും. അങ്ങനെ, മറിയ ‘പൂർണഗർഭിണിയായിരുന്നെങ്കിലും’ അവർ ആ നീണ്ട യാത്ര നടത്തി. അവിടെ ബേത്ത്ലെഹെമിലായിരിക്കെ മറിയയ്ക്കു പ്രസവവേദന തുടങ്ങി. മറിയ ഒരു തൊഴുത്തിൽ യേശുവിനു ജന്മം നൽകി.
മരപ്പണി ചെയ്ത് കഷ്ടപ്പെട്ടാണു യോസേഫ് തന്റെ കുടുംബത്തെ പരിപാലിച്ചത്. അവർക്കു സാമ്പത്തികമായി ഏറെയൊന്നുമില്ലായിരുന്നു. യോസേഫും മറിയയും തങ്ങളുടെ കുഞ്ഞിനെയുംകൊണ്ട് ബലി അർപ്പിക്കാൻ യരുശലേം ദേവാലയത്തിൽ ചെന്നപ്പോൾ, പാവപ്പെട്ടവർക്കുവേണ്ടി ദൈവനിയമം അനുവദിച്ചിരുന്ന രണ്ടു പക്ഷികളെയാണ് അർപ്പിച്ചത്. കുറച്ച് കാലം കഴിഞ്ഞ് അവർ ബേത്ത്ലെഹെമിലെ ഒരു വീട്ടിൽ താമസിക്കുമ്പോൾ ചില ജ്യോത്സ്യന്മാർ അവരെ കാണാൻ വന്നു. സാധ്യതയനുസരിച്ച് അവർ ബാബിലോണിൽനിന്നുള്ളവരായിരുന്നു. കാഴ്ചയ്ക്കു ‘നക്ഷത്രം’ പോലുണ്ടായിരുന്ന ഒരു വെളിച്ചമാണ് അവരെ അങ്ങോട്ടു നയിച്ചത്. കുഞ്ഞിനുള്ള വിലയേറിയ കുറെ സമ്മാനങ്ങൾ അവർ കൊണ്ടുവന്ന് കൊടുത്തു. എന്നാൽ അതു കഴിഞ്ഞ് ഉടനെതന്നെ യഹോവയുടെ ദൂതൻ യോസേഫിന് ഒരു മുന്നറിയിപ്പു നൽകി: ദുഷ്ടരാജാവായ ഹെരോദ് യേശുവിനെ കൊല്ലാൻ ആഗ്രഹിക്കുന്നു! അതുകൊണ്ട് കുടുംബത്തെയും കൂട്ടി ഈജിപ്തിലേക്ക് ഓടിപ്പോകാൻ ദൂതൻ യോസേഫിനോട് ആവശ്യപ്പെട്ടു.
യോസേഫ് പെട്ടെന്നുതന്നെ ഭാര്യയെയും കുഞ്ഞിനെയും കൊണ്ട് ഈജിപ്തിലേക്കു പുറപ്പെട്ടു. ഒരു പരിചയവുമില്ലാത്ത ആ ദേശത്തേക്ക്, ഇരുട്ടത്ത് അവരെയുംകൊണ്ട് പോകാൻ യോസേഫിനു ശരിക്കും ധൈര്യം വേണമായിരുന്നു. ഈജിപ്തിൽ യോസേഫ് എങ്ങനെ തന്റെ കുടുംബത്തെ പരിപാലിക്കുമായിരുന്നു? ബാബിലോണിൽനിന്ന് വന്ന ജ്യോത്സ്യന്മാർ കൊടുത്ത വിലയേറിയ സമ്മാനങ്ങൾ കൈയിൽ ഉണ്ടായിരുന്നത് അവർക്ക് ഉപകാരപ്പെട്ടു. പിന്നീട് യഹോവ യോസേഫിനോടു കുടുംബത്തെയുംകൊണ്ട് ഇസ്രായേലിലേക്കു തിരിച്ചുപോകാൻ നിർദേശിച്ചു. എന്നാൽ ബേത്ത്ലെഹെമിൽ അപ്പോൾ ഭരണം നടത്തിയിരുന്നതു ക്രൂരനായ ഒരു ഭരണാധികാരിയായിരുന്നു. അതുകൊണ്ട് യഹോവ ഒരു സ്വപ്നത്തിൽ ആവശ്യപ്പെട്ടതനുസരിച്ച് യോസേഫും കുടുംബവും നസറെത്തിലേക്കാണു പോയത്.
നസറെത്തിൽവെച്ച് യോസേഫിനും മറിയയ്ക്കും വേറെ ആറു മക്കളെങ്കിലും ജനിച്ചു. തന്റെ കുടുംബത്തെ പരിപാലിക്കുന്നതിനായി യോസേഫ് തുടർന്നും ഒരു മരപ്പണിക്കാരനായി ജോലി ചെയ്തുകൊണ്ടിരുന്നു. എന്നാൽ അതിലും പ്രധാനമായി തന്റെ കുടുംബത്തിന്റെ ആത്മീയാവശ്യങ്ങൾക്കുവേണ്ടിയും യോസേഫ് പ്രവർത്തിച്ചു. യഹോവയെക്കുറിച്ച് പഠിക്കുന്നതിനു പതിവായി സിനഗോഗിൽ പോകുന്നതും വാർഷികപ്പെരുന്നാളുകൾക്ക് യരുശലേമിൽ പോകുന്നതും അവരുടെ ഒരു ശീലമായിരുന്നു. അങ്ങനെ ഒരു പെരുന്നാളിനു നടന്ന സംഭവവുമായി ബന്ധപ്പെട്ടാണു യോസേഫിനെക്കുറിച്ച് ബൈബിളിൽ നമ്മൾ അവസാനമായി കാണുന്നത്. യരുശലേമിൽനിന്ന് മടങ്ങിവരുമ്പോൾ 12 വയസ്സുള്ള യേശുവിനെ കാണാതെപോയി. യോസേഫ് ആകെ പേടിച്ചു. എന്നാൽ യേശുവിനെ അവർ ആലയത്തിൽ സുരക്ഷിതനായി കണ്ടെത്തി. യോസേഫും മറിയയും മക്കളെയുംകൊണ്ട് തിരിച്ച് വീട്ടിൽ വന്നു. യേശു “പഴയപോലെ അവർക്കു കീഴ്പെട്ടിരുന്നു.”
യോസേഫ് മരിക്കുമ്പോൾ അദ്ദേഹത്തിന് എത്ര പ്രായമുണ്ടായിരുന്നെന്നു ബൈബിൾ പറയുന്നില്ല. എന്നാൽ മരിക്കുന്നതിനു മുമ്പ് അദ്ദേഹം യേശുവിനു നല്ല പരിശീലനം നൽകിയിരുന്നെന്ന് ഉറപ്പാണ്. കാരണം ആളുകൾ യേശുവിനെ ‘മരപ്പണിക്കാരന്റെ മകൻ’ എന്നു മാത്രമല്ല ‘മരപ്പണിക്കാരൻ’ എന്നും വിളിച്ചിരുന്നു. അതു കാണിക്കുന്നതു യോസേഫ് യേശുവിന് ആ തൊഴിൽ നന്നായി പഠിപ്പിച്ചുകൊടുത്തു എന്നാണ്. എല്ലാ അച്ഛന്മാർക്കും യോസേഫ് നല്ലൊരു മാതൃക വെച്ചു. യോസേഫിനെപ്പോലെ അവരും ധൈര്യശാലികളും വിശ്വസ്തരും ദയയുള്ളവരും ആയിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. യോസേഫ് തന്റെ കുടുംബത്തെ സംരക്ഷിച്ചു, പരിപാലിച്ചു. യഹോവയെക്കുറിച്ച് അവരെ പഠിപ്പിച്ചു. എത്ര നല്ല മാതൃക!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
യോസേഫ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. മറിയയായിരുന്നു ഹേലിയുടെ മകൾ. പിന്നെ എന്തുകൊണ്ടാണ് ലൂക്കോസ് 3:23-ൽ “യോസേഫ് ഹേലിയുടെ മകൻ” എന്നു പറഞ്ഞിരിക്കുന്നത്? (w17.08 പേ. 32 ഖ. 4)
2. യേശു ജനിക്കുന്നതിനു മുമ്പ് യോസേഫ് മറിയയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരുന്നത് എന്തുകൊണ്ടായിരിക്കാം? (w03 12/15 പേ. 5 ഖ. 5)
3. യോസേഫ് കഠിനാധ്വാനിയായിരുന്നു എന്നതിന് എന്തു തെളിവുണ്ട്? (ia പേ. 191-192 ഖ. 15-18) A
ചിത്രം A
4. യേശു ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ് യോസേഫ് മരിച്ചുകാണുമെന്നു പറയാവുന്നത് എന്തുകൊണ്ട്? (w17.07 പേ. 13 ഖ. 8, അടിക്കുറിപ്പ്)
നമുക്കുള്ള പാഠങ്ങൾ
യഹോവ കൊടുത്ത നിർദേശം അനുസരിക്കാൻ എളുപ്പമല്ലായിരുന്നെങ്കിലും യോസേഫ് അതിനു തയ്യാറായി. മാതാപിതാക്കൾക്കു യോസേഫിൽനിന്ന് എന്തു പഠിക്കാം? (മത്താ. 1:20, 24; 2:13-15, 19-21)
കുടുംബത്തിൽ യഹോവയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതിനെക്കുറിച്ച് യോസേഫിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ലൂക്കോ. 2:41) B
ചിത്രം B
യോസേഫിന്റെ ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന യോസേഫിനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
യഹോവ ആവശ്യപ്പെട്ട കാര്യം യോസേഫ് എങ്ങനെയാണു ചെയ്തതെന്ന് ഈ വീഡിയോയിൽ കാണുക.
“യഹോവയുടെ ദൂതൻ നിർദേശിച്ചതുപോലെ” യോസേഫ് ചെയ്തു (4:39)
ന്യായമല്ലെന്നോ അനുസരിക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നോ തോന്നുന്ന ഒരു നിയമം ഗവൺമെന്റ് വെക്കുമ്പോൾ നമുക്ക് എങ്ങനെ യോസേഫിനെയും മറിയയെയും അനുകരിക്കാം?
“നിങ്ങൾ അനുസരിക്കാൻ ഒരുക്കമുള്ളവരാണോ?” (w23.10 പേ. 8-10 ഖ. 9-14)