54 അപ്പോസ്തലനായ യോഹന്നാൻ
ഇരുളടഞ്ഞ നാളുകളിലും ധൈര്യം കാണിച്ചു
അപ്പോസ്തലനായ യോഹന്നാൻ “ഇത് അവസാനനാഴികയാണ്” എന്ന് എഴുതി. അദ്ദേഹത്തിന് അപ്പോൾ നല്ല പ്രായമായിരുന്നു. അപ്പോസ്തലന്മാരുടെ കാലം ഏതാണ്ട് കഴിയാറായെന്ന് അദ്ദേഹത്തിന് അറിയാം. പതിറ്റാണ്ടുകൾക്കു മുമ്പ് യേശുവും അപ്പോസ്തലനായ പൗലോസും വിശ്വാസത്യാഗം പടർന്നുപിടിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. അതു സംഭവിച്ചുതുടങ്ങിയപ്പോൾ അപ്പോസ്തലന്മാർ ജീവിച്ചിരുന്നതുകൊണ്ട് ദുഷിച്ച സ്വാധീനത്തിൽനിന്ന് സഭകളെ സംരക്ഷിക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ അവരുടെ മരണത്തോടെ വ്യാജോപദേശം പഠിപ്പിക്കുന്നവർ സഭകളെ ദുഷിപ്പിക്കുമായിരുന്നു. (മത്താ. 7:15; പ്രവൃ. 20:29, 30; 2 തെസ്സ. 2:6, 7) വിശ്വാസത്യാഗത്തിന് എതിരെ നിലകൊണ്ട അവസാനത്തെ അപ്പോസ്തലൻ സാധ്യതയനുസരിച്ച് യോഹന്നാനാണ്. വിശ്വാസത്യാഗം സഭകളിലേക്കു പടർന്നുപിടിച്ചുകൊണ്ടിരുന്ന ആ ഇരുളടഞ്ഞ നാളുകളിൽ യോഹന്നാന് എത്ര വിഷമം തോന്നിയിരിക്കണം! എങ്കിലും അദ്ദേഹം പേടിക്കുകയോ നിരാശപ്പെട്ടുപോകുകയോ ചെയ്തില്ല.
ഉപദ്രവം നേരിട്ടപ്പോഴും നാടുകടത്തിയപ്പോഴും വിശ്വാസത്യാഗം പടർന്നുപിടിച്ചപ്പോഴും അതെല്ലാം സഹിക്കാൻ വൃദ്ധനായ യോഹന്നാന് എങ്ങനെയാണു കഴിഞ്ഞത്?
പ്രായം 90 കഴിഞ്ഞപ്പോഴും യോഹന്നാൻ ഉത്സാഹത്തോടെ “ദൈവത്തെക്കുറിച്ച് പ്രസംഗിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയുകയും” ചെയ്തുകൊണ്ടിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തെ പത്മൊസ് ദ്വീപിലേക്കു നാടുകടത്തി. ഈജിയൻ കടലിലുള്ള, പാറക്കെട്ടുകൾ നിറഞ്ഞ ഒരു തരിശുപ്രദേശമായിരുന്നു അത്. ആ ശിക്ഷ കിട്ടിയപ്പോഴും ധൈര്യത്തോടെ നിൽക്കാൻ യോഹന്നാനു കഴിഞ്ഞത് എങ്ങനെയാണ്? യേശു കൊടുത്ത ഈ ഉറപ്പ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു: “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.”—മത്താ. 28:20.
യേശു ആ വാഗ്ദാനം നൽകിയിട്ട് 60-ലേറെ വർഷം കഴിഞ്ഞിരുന്നു. ഇപ്പോൾ അസാധാരണമായ ഒരു വിധത്തിൽ യേശുവിനെ കാണാനും യേശുവിന്റെ ശബ്ദം കേൾക്കാനും യോഹന്നാനു സാധിച്ചു. ഭാവിയെക്കുറിച്ചുള്ള ആവേശംകൊള്ളിക്കുന്ന ഒരു ദർശനത്തിലൂടെയായിരുന്നു അത്. ‘കർത്താവിന്റെ ദിവസത്തിൽ’ ലോകമെങ്ങുമുള്ള ദൈവജനം ശരിയായ രീതിയിൽ യഹോവയെ ആരാധിക്കുമെന്ന് അതു കാണിച്ചുകൊടുത്തു. കൂടാതെ സാത്താനിൽനിന്നുള്ള ആക്രമണമുണ്ടായാലും വിശ്വസ്തരായി തുടരാൻ താൻ അവരെ സഹായിക്കുമെന്നും യേശു ഉറപ്പു നൽകി.
യേശു ‘അടയാളങ്ങളിലൂടെയാണ്’ ആ ദർശനം കാണിച്ചുകൊടുത്തത്. കണ്ട മിക്ക കാര്യങ്ങളും യോഹന്നാനു മനസ്സിലായില്ല. എന്നാൽ ഒരു കാര്യം അദ്ദേഹത്തിനു വ്യക്തമായി: വ്യാജോപദേശങ്ങൾ പ്രചരിപ്പിക്കുന്നവർ വിജയിക്കാൻ യഹോവയും യേശുവും ഒരിക്കലും അനുവദിക്കില്ല. കർത്താവിന്റെ ദിവസത്തിൽ ദൈവജനം എണ്ണത്തിൽ വർധിക്കുമെന്നും യഹോവ അവർക്കുവേണ്ടി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. കൂടാതെ സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടാകുമെന്നും അതിൽ പരാജയപ്പെടുന്ന സാത്താനെ ഭൂമിയിലേക്കു വലിച്ചെറിയുമെന്നും യോഹന്നാൻ ആ ദർശനത്തിൽ കണ്ടു. ഒടുവിൽ സാത്താനെ എന്നേക്കുമായി നശിപ്പിക്കുകയും ചെയ്യുമായിരുന്നു. ആ ദർശനം യോഹന്നാന്റെ ധൈര്യം എത്രമാത്രം ശക്തമാക്കിയിരിക്കണം! ‘താൻ കണ്ടതൊക്കെ’ യോഹന്നാൻ വിശ്വസ്തമായി എഴുതിവെച്ചു.
പത്മൊസ് ദ്വീപിലെ ജീവിതം ഒട്ടും എളുപ്പമായിരുന്നിരിക്കില്ല. എങ്കിലും അതൊന്നും യോഹന്നാന്റെ സന്തോഷമോ ഉത്സാഹമോ കെടുത്തിക്കളഞ്ഞില്ല. പിന്നീട് യോഹന്നാൻ മോചിതനായി. സാധ്യതയനുസരിച്ച്, റോമൻ ചക്രവർത്തിയും ക്രിസ്ത്യാനികളുടെ കടുത്ത ശത്രുവും ആയിരുന്ന ഡൊമിഷ്യന്റെ മരണത്തോടെയായിരുന്നു അത്. തുടർന്ന് ദ്വീപിൽനിന്ന് പോന്ന അദ്ദേഹം ഒരുപക്ഷേ എഫെസൊസിൽ താമസമാക്കി. ഏതാണ്ട് 100-നടുത്ത് പ്രായമുള്ളപ്പോൾ യോഹന്നാനു ബുദ്ധിമുട്ടുള്ള മറ്റൊരു നിയമനം കിട്ടി.
യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള നാലാമത്തേതും അവസാനത്തേതും ആയ സുവിശേഷവിവരണം എഴുതാൻ യഹോവ ഇപ്പോൾ യോഹന്നാനെ ഉപയോഗിച്ചു. അതു സഭകളിൽ പെട്ടെന്നുതന്നെ വിതരണം ചെയ്യുമെന്നും അവരുടെ ധൈര്യവും വിശ്വാസവും വർധിപ്പിക്കുമെന്നും യോഹന്നാന് അറിയാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നതു ശത്രുക്കളെ ഒന്നുകൂടെ ദേഷ്യം പിടിപ്പിക്കുമായിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ ധൈര്യം ചോർത്തിക്കളഞ്ഞില്ല.
യേശു മരിച്ചിട്ട് ഇപ്പോൾ ഏതാണ്ട് 70 വർഷം കഴിഞ്ഞിരുന്നു. എങ്കിലും യേശു പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ കൃത്യമായി ഓർത്തെടുക്കാൻ യോഹന്നാനു കഴിഞ്ഞു. യോഹന്നാൻ തന്റെ സുവിശേഷത്തിൽ എഴുതിയിരിക്കുന്ന ഏതാണ്ട് 90 ശതമാനം വിവരങ്ങളും അതിനു മുമ്പ് എഴുതിയ മൂന്നു സുവിശേഷങ്ങളിലും കാണാത്തവയാണ്. ഉദാഹരണത്തിന്, യേശു ലാസറിനെ ഉയർപ്പിച്ചതിനെക്കുറിച്ചും തുടർന്ന് മതനേതാക്കന്മാർ ലാസറിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിനെക്കുറിച്ചും യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ ഉള്ളൂ. (യോഹ. 11:1-46; 12:10) കൂടാതെ തന്റെ മരണത്തിന്റെ തലേരാത്രിയിൽ യേശു ശിഷ്യന്മാരോടു പറഞ്ഞ കാര്യങ്ങളും അവർക്കുവേണ്ടി നടത്തിയ പ്രാർഥനയും വിശദമായി രേഖപ്പെടുത്തിയതും യോഹന്നാൻ മാത്രമാണ്. എത്ര നല്ലൊരു സമ്മാനമാണു യോഹന്നാന്റെ സുവിശേഷം!
ഏതാണ്ട് ആ സമയത്തുതന്നെയാണു ക്രിസ്ത്യാനികൾക്കു മൂന്നു കത്തുകൾ എഴുതാനും യഹോവ യോഹന്നാനെ പ്രചോദിപ്പിച്ചത്. സഭകളിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്ന വിശ്വാസത്യാഗികളെ സൂക്ഷിക്കണമെന്ന് ആ കത്തുകളിൽ അദ്ദേഹം ധൈര്യത്തോടെ എഴുതി. അവരുമായി കൂട്ടുചേരാനോ അവരെ അഭിവാദനം ചെയ്യാൻപോലുമോ പാടില്ലായിരുന്നു. യോഹന്നാന്റെ ആ കത്തുകളിൽ സ്നേഹവും പ്രത്യാശയും നിറഞ്ഞുനിന്നു. “ദൈവം സ്നേഹമാണ്” എന്നു യോഹന്നാൻ പഠിപ്പിച്ചു. മാത്രമല്ല സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവർക്കു വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ട് അദ്ദേഹം ദൈവസ്നേഹം പ്രതിഫലിപ്പിക്കുകയും ചെയ്തു. കൂടാതെ സത്യം പഠിക്കാൻ താൻ സഹായിച്ചവർ തുടർന്നും ‘സത്യത്തിൽ നടക്കുന്നതു കാണുന്നത്’ തന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നെന്നും അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ കത്തുകൾ അങ്ങനെ ചെയ്യുന്നതിൽ തുടരാൻ ഉറപ്പായും അവരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
യോഹന്നാന് ഉണ്ടായതുപോലുള്ള ഒരു അനുഭവം ക്രിസ്ത്യാനികളായ നമുക്ക് ഉണ്ടാകില്ല. യോഹന്നാൻ മരിച്ചുകഴിഞ്ഞുള്ള നൂറ്റാണ്ടുകളിൽ വിശ്വാസത്യാഗം സഭകളെ ദുഷിപ്പിച്ചെങ്കിലും വീണ്ടും അങ്ങനെ സംഭവിക്കാൻ അനുവദിക്കില്ലെന്ന് യഹോവ നമുക്കു വാക്കു തന്നിട്ടുണ്ട്. (യശ. 54:17; പ്രവൃ. 3:21) എന്നാൽ യോഹന്നാനെപ്പോലെ നമുക്കും ഉപദ്രവമോ ജയിൽവാസംപോലുമോ നേരിടേണ്ടിവന്നേക്കാം. അപ്പോൾ യോഹന്നാനെ നമുക്ക് അനുകരിക്കാം. ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും നമുക്കു തുടർന്നും ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കാം!
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
യോഹന്നാൻ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. യോഹന്നാൻ നല്ല ഉത്സാഹമുള്ള വ്യക്തിയായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം? (bt പേ. 33, ചതുരം ഖ. 3-4)
2. യോഹന്നാനെ ‘സാധാരണക്കാരനും വലിയ പഠിപ്പില്ലാത്തവനും’ ആയി കണക്കാക്കിയത് എന്തുകൊണ്ടാണ്? (പ്രവൃ. 4:13; w08 5/15 പേ. 30 ഖ. 6)
3. യോഹന്നാൻ 21:22-ൽ യോഹന്നാനെക്കുറിച്ച് “ഞാൻ വരുന്നതുവരെ ഇവനുണ്ടായിരിക്കണം” എന്ന് യേശു പറഞ്ഞതിന്റെ അർഥം എന്താണ്? (യോഹന്നാൻ 21:22-ന്റെ പഠനക്കുറിപ്പ്, nwtsty)
4. യോഹന്നാന്റെ പേരിലുള്ള സുവിശേഷം അദ്ദേഹംതന്നെ എഴുതിയതാണെന്നു നമുക്ക് എങ്ങനെ അറിയാം? (si പേ. 193-194 ഖ. 3-4) A
Fondation Martin Bodmer, Cologny (Genève)
ചിത്രം A: “യോഹന്നാൻ എഴുതിയ സുവിശേഷം” എന്ന തലക്കെട്ടോടുകൂടിയ (പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു) കൈയെഴുത്തുപ്രതി, ഏകദേശം എ.ഡി. 200-ലേത്.
നമുക്കുള്ള പാഠങ്ങൾ
യോഹന്നാൻ എഴുതിയ ബൈബിൾപുസ്തകങ്ങളിൽ 100-ലേറെ പ്രാവശ്യം യേശുവിന്റെ ബലിമരണത്തെക്കുറിച്ചോ അതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചോ എഴുതിയിട്ടുണ്ട്. യോഹന്നാനെപ്പോലെ നമുക്ക് എങ്ങനെ യേശു നമുക്കുവേണ്ടി മരിച്ചതിൽ നന്ദിയുള്ളവരാണെന്നു കാണിക്കാം?
100-ന് അടുത്ത് പ്രായമുള്ളപ്പോഴാണു യോഹന്നാൻ ബൈബിളിലെ അഞ്ചു പുസ്തകം എഴുതിയത്. പ്രായമായവരെ യഹോവ കാണുന്ന വിധത്തെക്കുറിച്ച് ഇതിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം? B
ചിത്രം B
ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു യോഹന്നാന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ യോഹന്നാനെ തിരഞ്ഞെടുത്തതിൽ നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
പ്രായമായ സഹോദരീസഹോദരന്മാർക്കു യോഹന്നാൻ കാണിച്ചതുപോലുള്ള ധൈര്യം ഇന്നു കാണിക്കാനാകുമോ?
സ്നേഹത്തെക്കുറിച്ച് യോഹന്നാൻ ഒരുപാടു കാര്യങ്ങൾ എഴുതി. ദൈവപ്രചോദിതമായി അദ്ദേഹം എഴുതിയ കാര്യങ്ങളിൽനിന്നും അദ്ദേഹത്തിന്റെ മാതൃകയിൽനിന്നും നമുക്ക് എന്തെല്ലാം പഠിക്കാനാകുമെന്നു കാണുക.
“‘യേശു സ്നേഹിച്ച ശിഷ്യനിൽനിന്നുള്ള’ പാഠങ്ങൾ” (w21.01 പേ. 8-13)