45 പത്രോസ്
“ഞാനൊരു പാപിയാണ്”
കഠിനാധ്വാനിയായ ഒരു മീൻപിടുത്തക്കാരനായിരുന്നു പത്രോസ്. അദ്ദേഹം തന്റെ വീട്ടുകാരോടൊപ്പമാണ് ആ ജോലി ചെയ്തിരുന്നത്. പത്രോസ് നല്ല ധൈര്യശാലിയുമായിരുന്നു. മാത്രമല്ല മനസ്സിൽ തോന്നുന്നതെല്ലാം പെട്ടെന്നു വിളിച്ചുപറയുന്ന, ഒരു ആവശ്യം കണ്ടാൽ ഉടനടി പ്രവർത്തിക്കുന്ന സ്വഭാവവുമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ദിവസം അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസ് ഓടിവന്ന് “ഞങ്ങൾ മിശിഹയെ കണ്ടെത്തി” എന്ന് അദ്ദേഹത്തോടു പറഞ്ഞു. ഉടനെ പത്രോസ് യേശുവിനെ കാണാൻ ചെന്നു. പിന്നീട് അദ്ദേഹം യേശുവിന്റെ ഒരു ശിഷ്യനുമായി.
കുറച്ച് മാസങ്ങൾ കഴിഞ്ഞ് യേശു, പത്രോസ് താമസിച്ചിരുന്ന കഫർന്നഹൂമിൽ ചെന്നു. പത്രോസ് രാത്രി മുഴുവൻ അധ്വാനിച്ചിട്ടും മീനൊന്നും കിട്ടിയിരുന്നില്ല. അപ്പോൾ യേശു പത്രോസിനോട് ആഴമുള്ളിടത്തേക്കു നീക്കി വല ഇറക്കാൻ പറഞ്ഞു. ആദ്യം പത്രോസിന് അൽപ്പം മടിയായിരുന്നു. കാരണം പകൽ സമയത്ത് പൊതുവേ മീൻ കിട്ടാറില്ല. പത്രോസ് പറഞ്ഞു: “ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.” എങ്കിലും യേശു പറഞ്ഞതനുസരിച്ച് അദ്ദേഹം വല ഇറക്കി. വല നിറഞ്ഞപ്പോൾ മറ്റൊരു വള്ളവും സഹായിക്കാൻ എത്തി. പെട്ടെന്നുതന്നെ രണ്ടു വള്ളവും മുങ്ങാറാകുന്ന അളവിൽ അവർക്കു മീൻ കിട്ടി. അതു കണ്ടപ്പോൾ പത്രോസിനു പേടിയായി. യേശുവിന്റെ കാൽക്കൽ വീണ് അദ്ദേഹം പറഞ്ഞു: “കർത്താവേ, ഞാനൊരു പാപിയാണ്. എന്നെ വിട്ട് പോയാലും.” ഇത്ര വലിയ അത്ഭുതം പ്രവർത്തിക്കുന്ന ദൈവപുത്രന്റെകൂടെ ആയിരിക്കാനുള്ള യോഗ്യതയൊന്നും തനിക്കില്ലെന്നു പത്രോസ് ചിന്തിച്ചു. അപ്പോൾ യേശു പറഞ്ഞു: “പേടിക്കാതിരിക്കൂ! നീ ഇനിമുതൽ മനുഷ്യരെ ജീവനോടെ പിടിക്കും.”
പത്രോസിന്റെ നല്ല ഗുണങ്ങൾ യേശു കണ്ടു. കുറച്ച് കാലം കഴിഞ്ഞ് 12 അപ്പോസ്തലന്മാരിൽ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. പത്രോസ് പല വിധങ്ങളിൽ ധൈര്യം കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യേശു പറഞ്ഞ ഏതെങ്കിലും കാര്യം ശിഷ്യന്മാർക്കു മനസ്സിലാകാതെവരുമ്പോൾ, മിക്കപ്പോഴും പത്രോസാണ് അതിന്റെ അർഥം എന്താണെന്നു ചോദിച്ചിരുന്നത്. ഇനി, ഒരിക്കൽ യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നതു കണ്ടപ്പോൾ താനും അങ്ങനെ നടക്കട്ടെയെന്നു ചോദിക്കാനുള്ള ധൈര്യം കാണിച്ചതും പത്രോസ് മാത്രമാണ്.
ചിന്തിക്കാതെ ഓരോന്നു പറയുന്ന രീതി ഉണ്ടായിരുന്നതുകൊണ്ടുതന്നെ പത്രോസിനു കൂടെക്കൂടെ തിരുത്തൽ കിട്ടി. അതു സ്വീകരിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും ധൈര്യം ആവശ്യമായിരുന്നു
യേശു തിരുത്തൽ നൽകിയപ്പോഴും പത്രോസ് ധൈര്യം കാണിച്ചു. മറ്റു പലരിൽനിന്നും വ്യത്യസ്തനായി പത്രോസ് തന്റെ തെറ്റുകൾ സമ്മതിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും തയ്യാറായി. ഒരിക്കൽ, താൻ കൊല്ലപ്പെടുമെന്നു യേശു പറഞ്ഞപ്പോൾ പത്രോസ് യേശുവിനോട് “കർത്താവേ, അങ്ങനെ പറയരുത്” എന്നു പറഞ്ഞു. എന്നാൽ അതിലൂടെ യേശുവിനെക്കുറിച്ചുള്ള യഹോവയുടെ ഇഷ്ടത്തിനു വിരുദ്ധമായി പ്രവർത്തിക്കാനാണു പത്രോസ് ആവശ്യപ്പെട്ടത്. സാത്താനെപ്പോലെ സംസാരിച്ചതുകൊണ്ട് യേശു പത്രോസിനെ തിരുത്തി. മറ്റു പല സന്ദർഭങ്ങളിലും യേശു അദ്ദേഹത്തിനു തിരുത്തൽ നൽകിയിട്ടുണ്ട്. എന്നാൽ പത്രോസ് താഴ്മയുള്ളവനായിരുന്നതുകൊണ്ട് യേശു പറഞ്ഞതു ശ്രദ്ധിക്കുകയും ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
തന്റെ മരണത്തിന്റെ തലേരാത്രിയിൽ താഴ്മയെക്കുറിച്ച് അപ്പോസ്തലന്മാരെ പഠിപ്പിക്കാൻ യേശു ആഗ്രഹിച്ചു. അതിനായി ഒരു എളിയദാസനെപ്പോലെ യേശു അവരുടെ കാലുകൾ കഴുകാൻതുടങ്ങി. പെട്ടെന്നു പത്രോസ് യേശുവിനെ തടഞ്ഞുകൊണ്ട് “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല” എന്നു പറഞ്ഞു. യേശു പത്രോസിനെ ശക്തമായി തിരുത്തി. അപ്പോൾ പത്രോസ് യേശുവിനോട്, അങ്ങനെയെങ്കിൽ കാലു മാത്രമല്ല കൈയും തലയും കൂടെ കഴുകണമെന്നു പറഞ്ഞു. എന്നാൽ വീണ്ടും യേശു പത്രോസിനെ തിരുത്തുകയാണു ചെയ്തത്. പിന്നീട്, അപ്പോസ്തലന്മാരെല്ലാം തന്നെ ഉപേക്ഷിച്ച് പോകുമെന്നു യേശു അവരോടു പറഞ്ഞു. അപ്പോൾ പത്രോസ്, ആരൊക്കെ ഉപേക്ഷിച്ചാലും താൻ ഒരിക്കലും യേശുവിനെ ഉപേക്ഷിക്കില്ലെന്നു തറപ്പിച്ചുപറഞ്ഞു. അതിനു മറുപടിയായി യേശു, ആ രാത്രിയിൽത്തന്നെ പത്രോസ് മൂന്നു തവണ തന്നെ തള്ളിപ്പറയുമെന്നു പറഞ്ഞു.
അതിനു ശേഷം മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോൾ പടയാളികൾ വന്ന് യേശുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. എന്നാൽ പത്രോസ് ധൈര്യത്തോടെ കുറെ അകലം പാലിച്ച് പുറകേ ചെന്നു. അവർ യേശുവിനെ മഹാപുരോഹിതന്റെ വീടിന് അകത്ത് കൊണ്ടുപോയി ഉപദ്രവിച്ചു, നിയമവിരുദ്ധമായി വിചാരണ ചെയ്തു. പത്രോസ് അപ്പോൾ മഹാപുരോഹിതന്റെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു. അപ്പോൾ അവിടെ നിന്ന ചിലർ പത്രോസും യേശുവിന്റെ ഒരു അനുഗാമിയാണെന്ന കാര്യം തിരിച്ചറിഞ്ഞു. എന്നാൽ യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ പത്രോസ്, താൻ യേശുവിനെ അറിയുകയേ ഇല്ലെന്നു മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു.
ആ നിമിഷം യേശു വീടിനു വെളിയിലേക്കു വന്നു. എന്നിട്ട് പത്രോസിനെ ഒന്നു നോക്കി. പത്രോസിനു താൻ ചെയ്തുപോയതിനെക്കുറിച്ച് ഓർത്ത് ആകെ സങ്കടമായി. അതുകൊണ്ട് അദ്ദേഹം “പുറത്ത് പോയി അതിദുഃഖത്തോടെ കരഞ്ഞു.” മണിക്കൂറുകൾക്കു ശേഷം തന്റെ പ്രിയപ്പെട്ട കർത്താവിനെ ശത്രുക്കൾ ക്രൂരമായി കൊല്ലുന്നതു കണ്ടപ്പോൾ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര സങ്കടം പത്രോസിനു തോന്നിക്കാണും. എന്നാൽ തനിക്കു പറ്റിയ തെറ്റുകളൊന്നും തന്നെ തളർത്തിക്കളയാൻ പത്രോസ് അനുവദിച്ചില്ല. ധൈര്യത്തോടെ മുന്നോട്ടുപോകാൻ അദ്ദേഹം ഉറച്ച തീരുമാനമെടുത്തിരുന്നു. തന്നെത്തന്നെ ഒറ്റപ്പെടുത്തുന്നതിനു പകരം അദ്ദേഹം ചെന്ന് മറ്റ് അപ്പോസ്തലന്മാരെ കണ്ടു. പിന്നീട് ഉയിർത്തെഴുന്നേറ്റ യേശു, പത്രോസ് ഒറ്റയ്ക്കായിരുന്നപ്പോൾ പോയി അദ്ദേഹത്തെ കണ്ടു. യേശു അപ്പോൾ അദ്ദേഹത്തോട് എന്താണു പറഞ്ഞത് എന്നതിനെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എന്നാൽ ആ അനുഭവം പത്രോസിനെ ബലപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആഴ്ചകൾ കഴിഞ്ഞ് യേശു ഗലീലക്കടലിന്റെ അരികിൽവെച്ച് തന്റെ അപ്പോസ്തലന്മാരെ വീണ്ടും കണ്ടു. ആ സമയത്ത് യേശു പത്രോസിനുവേണ്ടി ദയയോടെ ഒരു കാര്യം ചെയ്തു. തന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിന്, യേശു ഇപ്പോൾ തന്നോടുള്ള സ്നേഹം തുറന്നുപറയാൻ മൂന്ന് അവസരം നൽകി. എന്നിട്ട് വളരെ പ്രധാനപ്പെട്ട ഒരു നിയമനവും കൊടുത്തു. യേശു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ തീറ്റുക.” 49-ാം അധ്യായത്തിൽ നമ്മൾ കാണാൻപോകുന്നതുപോലെ പത്രോസ് ചെയ്തതും അതുതന്നെയാണ്. മുമ്പ് ഒരിക്കലും കാണിക്കാത്തത്ര ധൈര്യത്തോടെ പത്രോസ് ആ നിയമനം നിറവേറ്റി.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
തന്റെ ജീവിതത്തിലെ ഈ ഒരു സമയത്ത് പത്രോസ് എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ബൈബിൾക്കാലങ്ങളിൽ മീൻപിടുത്തക്കാരുടെ ജോലി എങ്ങനെയുള്ളതായിരുന്നു? (it “വേട്ടയാടലും മീൻപിടുത്തവും” ഖ. 6-7-wcgr) A
ചിത്രം A
2. യേശു എന്തുകൊണ്ടാണു ശിമോന്, കേഫ (പത്രോസ്) എന്ന പേര് നൽകിയത്? (യോഹന്നാൻ 1:42-ലെ “നീ . . . ശിമോനാണല്ലോ“ എന്ന പഠനക്കുറിപ്പ്, nwtsty)
3. “മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്നു പറഞ്ഞ് പത്രോസിനെയും അന്ത്രയോസിനെയും ക്ഷണിച്ചപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? (മത്താ. 4:18-20; w16.05 പേ. 9 ഖ. 3-4) B
ചിത്രം B
4. സ്വർഗത്തിലേക്കു പോകുന്നതിനു തൊട്ടുമുമ്പ് യേശു പത്രോസിനോട്, “നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നു ചോദിച്ചു. സാധ്യതയനുസരിച്ച് എന്തായിരിക്കാം ആ ചോദ്യത്തിന്റെ അർഥം? (യോഹന്നാൻ 21:15-ലെ “നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?” എന്ന പഠനക്കുറിപ്പ്, nwtsty)
നമുക്കുള്ള പാഠങ്ങൾ
കൂടെക്കൂടെ തെറ്റുകൾ പറ്റിയാലും എങ്ങനെ നമുക്കു തുടർന്നും യഹോവയെ സേവിക്കാം എന്നതിനെക്കുറിച്ച് പത്രോസിൽനിന്ന് നമുക്ക് എന്തു പഠിക്കാം? C
ചിത്രം C
യഹോവയും യേശുവും പത്രോസിനോട് ഉദാരമായി ക്ഷമിച്ചതിനെക്കുറിച്ച് ചിന്തിക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും?
ഈ വിവരണത്തിൽ പത്രോസ് കാണിച്ച ധൈര്യം നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഈ അധ്യായം പഠിച്ചുകഴിഞ്ഞപ്പോൾ പത്രോസ് സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കുമെന്നുള്ള അറിവ് നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ അറിയാൻ
പത്രോസിന്റെ മാതൃക ഉപയോഗിച്ച് അച്ഛനമ്മമാർക്ക് എങ്ങനെ യഹോവയുടെ കരുണയെക്കുറിച്ച് മക്കളെ പഠിപ്പിക്കാം?
പലരും യേശുവിനെ ഉപേക്ഷിച്ചുപോയപ്പോഴും പത്രോസ് വിശ്വസ്തമായി യേശുവിനോടു പറ്റിനിന്നതിനെക്കുറിച്ച് കാണുക.
“അവൻ പറ്റിനിന്നു, പരിശോധനകളുണ്ടായപ്പോഴും” (ia പേ. 217-225)