നിങ്ങളുടെ ജീവിതശൈലി—അപകടങ്ങൾ എന്തൊക്കെയാണ്?
പല കാരണങ്ങളാൽ, മുമ്പെന്നത്തെയും അപേക്ഷിച്ച് ഇന്നുള്ള ആളുകൾക്ക് ആരോഗ്യത്തോടെയിരിക്കാൻ സാധിക്കും എന്നതുപോലെ കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ 1998-ലെ ഒരു റിപ്പോർട്ടു പറയുന്നു: “മുമ്പെന്നത്തെയും അപേക്ഷിച്ച് കൂടുതൽ ആളുകൾക്ക് ഇന്ന് ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ സംഗതികൾ—ശുദ്ധജല വിതരണ സംവിധാനങ്ങളും ശുചിത്വ സൗകര്യങ്ങളും—ചുരുങ്ങിയ തോതിലെങ്കിലും ലഭിക്കുന്നുണ്ട്.” ലോക ജനസംഖ്യയുടെ നല്ലൊരു ഭാഗം ഇപ്പോഴും ശോചനീയമായ ചുറ്റുപാടുകളിലാണു ജീവിക്കുന്നതെങ്കിലും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ റിപ്പോർട്ടു ചെയ്തതുപോലെ, “ലോകവ്യാപകമായി ദാരിദ്ര്യത്തിന്റെ തോത് കഴിഞ്ഞ 500 വർഷം കൊണ്ട് കുറഞ്ഞതിലും അധികം കഴിഞ്ഞ 50 വർഷം കൊണ്ട് കുറഞ്ഞിരിക്കുന്നു.”
ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ ഉണ്ടായിട്ടുള്ള പുരോഗതികൾ ലോകമൊട്ടാകെ, ജനന സമയത്തെ ശരാശരി ആയുർപ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. 1955-ൽ ശരാശരി ആയുർപ്രതീക്ഷ 48 വയസ്സായിരുന്നു. 1995-ഓടെ അത് 65 ആയി ഉയർന്നിരിക്കുന്നു. ശിശുരോഗ ചികിത്സയിലെ മുന്നേറ്റങ്ങളാണ് ഇതിനുള്ള ഒരു കാരണം.
40 വർഷം മുമ്പുവരെ, മരണമടയുന്നവരിൽ 40 ശതമാനവും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളായിരുന്നു. എന്നാൽ 1998 ആയപ്പോൾ, ലോകമൊട്ടാകെ ജനിക്കുന്ന കുട്ടികളിൽ പലരും പ്രതിരോധ കുത്തിവെപ്പുകളുടെ സഹായത്താൽ മുഖ്യ ശിശുരോഗങ്ങൾക്കെതിരെ പ്രതിരോധശേഷി ഉള്ളവർ ആയിത്തീർന്നിരുന്നു. അങ്ങനെ അഞ്ചു വയസ്സിനു താഴെയുള്ളവരുടെ മരണനിരക്ക് മൊത്തം മരണനിരക്കിന്റെ 21 ശതമാനമായി കുറഞ്ഞു. ലോകാരോഗ്യ സംഘടന പറയുന്ന പ്രകാരം “നിസ്സംശയമായും, ആളുകൾ കൂടുതൽ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാനുള്ള സാധ്യത” കാണുന്നുണ്ട്.
ജീവിതത്തിന്റെ ദൈർഘ്യം വർധിപ്പിക്കണമെങ്കിൽ അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം എന്നതു ശരിതന്നെ. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വ്യഗ്രതയിൽ പലരും ഭൗതിക സുഖങ്ങൾക്ക് അമിതമായ പ്രാധാന്യം കൽപ്പിക്കുന്നു. എന്നിരുന്നാലും, അത്തരം ജീവിതശൈലിക്ക് അതിന്റേതായ അപകടങ്ങളുമുണ്ടായിരിക്കും.
മെച്ചപ്പെട്ട ജീവിതശൈലിയോ?
സമീപകാലത്ത് ഉണ്ടായിട്ടുള്ള സാമൂഹിക-സാമ്പത്തിക പുരോഗതികൾ ആളുകളുടെ ജീവിതശൈലിയിൽ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. വികസിത രാഷ്ട്രങ്ങളിൽ, ഒരിക്കൽ സമ്പന്നർക്കു മാത്രം പ്രാപ്യമായിരുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഇന്നു പലർക്കും പ്രാപ്യമാണ്. ഈ മുന്നേറ്റങ്ങളിൽ ചിലത് ആയുർദൈർഘ്യത്തിലെ വർധനവിനുള്ള പ്രത്യാശ നൽകുന്നുണ്ടെങ്കിലും പല ആളുകളും ഇന്ന് സ്വവിനാശകമായ ഒരു ജീവിതശൈലിയുടെ വലയത്തിലാണ്.
ഉദാഹരണത്തിന്, മയക്കുമരുന്നുകൾ, മദ്യം, പുകയില തുടങ്ങിയ അനാവശ്യ വസ്തുക്കൾ വാങ്ങിക്കൂട്ടാൻ ദശലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ ധനം ഉപയോഗിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, ഇതിന്റെ ഫലം ദുരന്തപൂർണമാണ്. “ലോകത്തിൽ പൊതുജനാരോഗ്യത്തിനു ഭീഷണിയായി ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നത് ഒരു രോഗമല്ല, പിന്നെയോ ഒരു ഉത്പന്നമാണ്” എന്ന് വേൾഡ് വാച്ച് മാസിക പറയുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ലോകമൊട്ടാകെയുള്ള ആളുകളുടെ ആരോഗ്യത്തിന് ഇന്ന് പ്രധാനമായും ഭീഷണി ഉയർത്തുന്നത് സാംക്രമിക രോഗങ്ങൾ ആണെങ്കിൽ 25 വർഷത്തിനകം ആ സ്ഥാനം പുകയില സംബന്ധമായ രോഗങ്ങൾ കയ്യടക്കും.” കൂടാതെ, സയന്റിഫിക് അമേരിക്കൻ പറയുന്നു: “മാരകമായ അർബുദങ്ങളുടെ 30 ശതമാനവും ഉണ്ടാകുന്നത് മുഖ്യമായും പുകവലി നിമിത്തമാണ്. മറ്റൊരു 30 ശതമാനം ജീവിതശൈലി നിമിത്തം, വിശേഷിച്ചും ആഹാരശീലങ്ങളും വ്യായാമമില്ലായ്മയും നിമിത്തം ഉണ്ടാകുന്നുണ്ട്.”
നമ്മുടെ ജീവിതരീതിയുടെ ഭാഗമായി നാം തിരഞ്ഞെടുക്കുന്ന സംഗതികൾ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുമെന്നതിനു സംശയമില്ല. അങ്ങനെയെങ്കിൽ നമ്മുടെ ആരോഗ്യത്തെ പരിപാലിക്കാൻ അല്ലെങ്കിൽ മെച്ചപ്പെടുത്താൻ നമുക്ക് എങ്ങനെ കഴിയും? ആഹാരക്രമവും വ്യായാമവും മാത്രം മതിയോ? ആരോഗ്യാവഹമായ ജീവിതശൈലിയിൽ മാനസികവും ആത്മീയവുമായ ഘടകങ്ങൾ എന്തു പങ്കു വഹിക്കുന്നു?