ആരോഗ്യം—പരിരക്ഷിക്കാവുന്ന വിധം
ആരോഗ്യത്തെ ഏറ്റവും സാരമായി ബാധിക്കുന്ന സംഗതി എന്താണെന്നു നിർണയിക്കുന്നതാണ് ഇന്നു നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി. ആഹാരക്രമം, വ്യായാമം, പോഷക വർധകങ്ങൾ തുടങ്ങി ആരോഗ്യ സംബന്ധമായ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൊണ്ട് മാധ്യമങ്ങൾ വിപണിയിൽ ഒരു പ്രളയംതന്നെ സൃഷ്ടിച്ചിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, ഈ വിവരങ്ങളിൽ മിക്കവയും പരസ്പര വിരുദ്ധമാണ്. ശാസ്ത്ര എഴുത്തുകാരിയായ ഡെനിസ് ഗ്രേഡി പറയുന്നു: “ഓരോ തവണയും വൈദ്യശാസ്ത്ര പത്രികകളിൽ പുതിയ പഠനങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ എന്തു ഭക്ഷിക്കണം ഏതു മരുന്നു കഴിക്കണം എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ചെല്ലാം പരസ്പര വിരുദ്ധമായ നിർദേശങ്ങളാണു പൊതുജനങ്ങൾക്കു ലഭിക്കുന്നത്.”
ആരോഗ്യ പരിരക്ഷണത്തോടു ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്ന ഓരോരോ പുതിയ ഭ്രമങ്ങൾക്കും പിന്നാലെ പോകാതെ അടിസ്ഥാന സംഗതികളോടു പറ്റിനിൽക്കുന്നതാണു കൂടുതൽ ബുദ്ധിപൂർവകമായ ഗതിയെന്നു ചില ഡോക്ടർമാർ നിർദേശിക്കുന്നു. ഉദാഹരണത്തിന്, ദി അമേരിക്കൻ മെഡിക്കൽ അസോസ്സിയേഷൻ ഫാമിലി മെഡിക്കൽ ഗൈഡ് പറയുന്നു: “ജീവിതശൈലിയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുകയും ഏതു രോഗവും മുളയിലേ കണ്ടുപിടിച്ചു ചികിത്സിക്കാൻ സാധിക്കത്തക്കവിധം ക്രമമായി വൈദ്യശാസ്ത്ര പരിശോധനകൾ നടത്തുകയും ചെയ്താൽ ജീവിതകാലം മുഴുവൻ നല്ല ആരോഗ്യത്തോടിരിക്കാൻ നിങ്ങൾക്കു കഴിയും.” എന്നാൽ ഏതു തരം “ഉചിതമായ മാറ്റങ്ങൾ” ആണ് ഏറ്റവും പ്രയോജനപ്രദം? നമുക്ക് അവയിൽ മൂന്നെണ്ണം പരിചിന്തിക്കാം.
ആരോഗ്യദായകമായ ആഹാരസാധനങ്ങൾ തിരഞ്ഞെടുക്കുക
നാം വിവിധതരം ആഹാരസാധനങ്ങൾ കഴിക്കണമെന്നും ശരീരത്തിന് ആവശ്യമായ കലോറിയിൽ അധികവും ലഭിക്കേണ്ടതു സങ്കീർണ കാർബോഹൈഡ്രേറ്റുകളിൽനിന്ന്—വിശേഷിച്ചും തവിടു കളയാത്ത ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയിൽ കാണുന്നവ—ആണെന്നും വൈദ്യശാസ്ത്ര അധികൃതർ പറയുന്നു.a എന്നിരുന്നാലും, എന്തു കഴിക്കുന്നു എന്നതു മാത്രമല്ല എത്രമാത്രം കഴിക്കുന്നു എന്നതും നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ഭക്ഷണകാര്യത്തിൽ മിതത്വം പാലിക്കുന്നതു പ്രധാനമാണ്. നമ്മുടെ ശരീരത്തിന് ഉപയോഗിച്ചു തീർക്കാൻ സാധിക്കുന്നതിൽ അധികം കലോറി ദിവസവും കഴിക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കിയേക്കാം. ഇത്, ഹൃദയത്തിന് ആയാസം ഏൽപ്പിക്കുകയും ആരോഗ്യം ക്ഷയിപ്പിക്കുകയും “ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം തുടങ്ങി അനേകം അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും” എന്ന് ഒരു വൈദ്യശാസ്ത്ര ഗൈഡ് പുസ്തകം പറയുന്നു.
ആഹാരത്തിലെ കൊഴുപ്പിന്റെ അളവിനെ സംബന്ധിച്ച് സമീപ വർഷങ്ങളിൽ കൂടുതൽ പഠനങ്ങളും മറ്റും നടത്തിയിട്ടുണ്ട്. ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്ന ആഹാരം ഹൃദ്രോഗത്തിനും ചില തരം കാൻസറുകൾക്കും ഉള്ള സാധ്യതകൾ വർധിപ്പിക്കുമെന്നു പല ആരോഗ്യ വിദഗ്ധരും പറയുന്നു. എന്നാൽ ഇതിനർഥം നാം കൊഴുപ്പ് പാടേ വർജിക്കണം എന്നല്ല. “ആരോഗ്യാവഹമായ ഭക്ഷണക്രമത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതൊരു ആഹാരപദാർഥത്തിനും സ്ഥാനമുണ്ട്. ഏതാണ്ട് എല്ലാ ദിവസവുംതന്നെ നിങ്ങൾക്ക് അതു കഴിക്കുകയും ചെയ്യാം, എന്നാൽ നിശ്ചിത അളവിലായിരിക്കണമെന്നു മാത്രം,” ‘അമേരിക്കൻ ആഹാരക്രമ സമിതി’യുടെ മുൻ പ്രസിഡന്റായിരുന്ന മാരി ഏബട്ട് ഹെസ് പറയുന്നു. പ്രസ്തുത ആഹാരപദാർഥം കുറഞ്ഞ അളവിൽ മാത്രം കഴിക്കുന്നതും കൊഴുപ്പടങ്ങിയ മറ്റ് ആഹാരസാധനങ്ങൾ കഴിക്കാതിരിക്കുന്നതും പ്രധാനമാണ്.
ആഹാരശീലത്തിൽ മാറ്റം വരുത്തുക എളുപ്പമല്ലെന്നതു ശരിതന്നെ. ഇഷ്ടപ്പെട്ട ആഹാരസാധനങ്ങൾ എപ്പോഴും വർജിക്കേണ്ടി വരുന്നെങ്കിൽ ജീവിതത്തിന് അർഥമില്ലെന്നു ചിലർ ന്യായവാദം ചെയ്തേക്കാം. ഇഷ്ടപ്പെട്ടതെന്തും ഇഷ്ടമുള്ളത്രയും കിട്ടണമെന്നു വാശിപിടിക്കുന്നതിനു പകരം സമനില പാലിക്കുക. അളവിൽ അൽപ്പം വെട്ടിച്ചുരുക്കൽ നടത്തിയാൽ മതി, അവ പൂർണമായി വർജിക്കേണ്ടതില്ല. മുമ്പ് ഉദ്ധരിച്ച ഫാമിലി മെഡിക്കൽ ഗൈഡ് പറയുന്നു: “ആരോഗ്യാവഹമായ ജീവിതശൈലി കൈക്കൊള്ളുക എന്നതിന്റെ അർഥം നിങ്ങൾ ജീവിതം ആസ്വദിക്കുന്നതു നിറുത്തണം എന്നല്ല.”
അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പടിപടിയായി നിറുത്തുകയാണെങ്കിൽ ആഹാരക്രമത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അത്ര ബുദ്ധിമുട്ടുണ്ടാകയില്ല എന്ന് ആഹാരക്രമ വിദഗ്ധർ നിർദേശിക്കുന്നു. ഉദാഹരണത്തിന്, ഒറ്റ ദിവസംകൊണ്ട് ആഹാരക്രമം സമനിലയിലാക്കാൻ ശ്രമിക്കുന്നതിനു പകരം ഒരു ആഴ്ചകൊണ്ട് അതു ചെയ്യാൻ ശ്രമിക്കുക. ദിവസവും മാട്ടിറച്ചിയോ ആട്ടിറച്ചിയോ കഴിക്കുന്ന പതിവുണ്ടെങ്കിൽ അത് ആഴ്ചയിൽ മൂന്നു തവണയാക്കി കുറയ്ക്കുക. ഉയർന്ന അളവിൽ പൂരിത കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്. വെണ്ണ, ചീസ്, ഐസ്ക്രീം, ഉയർന്ന അളവിൽ കൊഴുപ്പുള്ള ലഘുഭക്ഷണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശരീരത്തിനു ലഭിക്കുന്ന മൊത്തം കലോറിയുടെ 30 ശതമാനം മാത്രം കൊഴുപ്പിൽനിന്നു ലഭിക്കത്തക്കവിധം ഭക്ഷണക്രമത്തിലെ അതിന്റെ അളവ് കുറയ്ക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.
കൊഴുപ്പു കുറയ്ക്കുകയും പകരം അന്നജവും പഞ്ചസാരയും കൂടുതലുള്ള സാധനങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ ഹാർവാർഡ് സർവകലാശാലയിലെ ഡോ. വൊൾട്ടർ വില്ലറ്റ് മുന്നറിയിപ്പു നൽകുന്നു. ഇത് മിക്കപ്പോഴും തൂക്കം കൂടുന്നതിന് ഇടയാക്കും. ആഹാരത്തിലെ കൊഴുപ്പു മാത്രമല്ല, കാർബോഹൈഡ്രേറ്റുകളും കുറയ്ക്കുന്നതാണു നല്ലത്.
മിതമായ വ്യായാമം
ആരോഗ്യാവഹമായ ജീവിതശൈലിയിൽ ക്രമമായ വ്യായാമ പരിപാടിയും ഉൾപ്പെടുന്നു. ശാരീരിക സൗഖ്യത്തെ കുറിച്ചുള്ള യു.എസ്. സർജൻ ജനറലിന്റെ റിപ്പോർട്ടിന്റെ എഡിറ്ററായ ഡോ. സ്റ്റീവൻ ബ്ലയിർ പറയുന്നു: “മെയ്യനങ്ങാതെയുള്ള ജീവിതം നയിക്കുന്ന ആളുകൾ മിതമായ തോതിൽ കായികാധ്വാനം ചെയ്തു തുടങ്ങുമ്പോൾ ഹൃദ്രോഗം മൂലം മരണമടയാനുള്ള സാധ്യത പകുതിയായി കുറയും.” സങ്കടകരമെന്നു പറയട്ടെ, ഇന്ന് പല ആളുകളും മിതമായ തോതിൽപോലും കായികാധ്വാനം ചെയ്യാത്തവരാണ്. ഉദാഹരണത്തിന് ഐക്യനാടുകളിൽ, 4-ൽ ഒരാൾ വീതം യാതൊരു വിധ കായിക പ്രവർത്തനങ്ങളിലും ഏർപ്പെടാത്തവരാണ് എന്ന് പറയപ്പെടുന്നു. 1997 ഫിസിക്കൽ ആക്ടിവിറ്റി ബെഞ്ച്മാർക്സ് എന്ന ഒരു പഠനം, “കാനഡക്കാരിൽ 63 ശതമാനം ദിവസത്തിൽ ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുള്ളൂ” എന്നു വെളിപ്പെടുത്തിയതായി ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. തങ്ങൾ പഠനവിധേയരാക്കിയ ഒരു കൂട്ടം കുട്ടികൾ, “കായിക പ്രവർത്തനങ്ങളിൽ ഒട്ടുംതന്നെ ഏർപ്പെട്ടിരുന്നില്ലാത്തതു കൊണ്ട് ഉണർന്നിരിക്കുമ്പോഴത്തെ അവരുടെ ഹൃദയസ്പന്ദന നിരക്ക് ഉറങ്ങുമ്പോഴത്തേതിനോടു തുല്യമായിരുന്നു” എന്ന് ബ്രിട്ടനിലെ ഗവേഷകർ പറയുന്നു.—ദ സൺഡേ ടൈംസ്.
കഠിനമായ എയ്റോബിക്ക് വ്യായാമ മുറകൾ ആരോഗ്യസംബന്ധമായി വളരെ പ്രയോജനം ചെയ്യുമെന്നായിരുന്നു മുമ്പൊക്കെ കരുതിയിരുന്നത്. എന്നാൽ ആരോഗ്യം മെച്ചപ്പെടുത്താൻ കഠിനമായ കായികാഭ്യാസം ആവശ്യമില്ല. വാസ്തവത്തിൽ, സർജൻ ജനറലിന്റെ റിപ്പോർട്ടു പറയുന്നത് അനുസരിച്ച്, “ദിവസവും [ലഘുവായ വ്യായാമത്തിലൂടെ] 150 കലോറി ചെലവഴിക്കുന്നതു പോലും ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, കാൻസർ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.”
ഒരു വ്യായാമ പരിപാടി തുടങ്ങുമ്പോൾ, നിങ്ങൾ ആസ്വദിച്ചേക്കാവുന്ന തരത്തിലുള്ളതു തിരഞ്ഞെടുക്കുന്നതു പ്രധാനമാണ്. അല്ലെങ്കിൽ നിങ്ങൾ അത് ജീവിതശൈലിയുടെ ഭാഗമാക്കില്ല. ഏതെല്ലാം വ്യായാമം ചെയ്യുന്നു എന്നതിലേറെ എത്ര കൂടെക്കൂടെ അതു ചെയ്യുന്നു എന്നതാണു പ്രധാനം. ഒരു പൊതു മാർഗനിർദേശം എന്ന നിലയ്ക്ക്, “കുട്ടികളും മുതിർന്നവരും ആഴ്ചയിലെ മിക്ക ദിവസങ്ങളിലും—എല്ലാ ദിവസങ്ങളിലുമായാൽ ഏറെ നന്ന്—ചുരുങ്ങിയത് 30 മിനിട്ടെങ്കിലും മിതമായ തോതിലുള്ള വ്യായാമ മുറകൾക്കു വേണ്ടി നീക്കിവെക്കേണ്ടതാണ്” എന്ന് യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് നിർദേശിക്കുന്നു.
മിതമായ തോതിലുള്ള പ്രവർത്തനങ്ങൾ ഏതൊക്കെയാണ്? നീന്തൽ, വേഗത്തിലുള്ള നടപ്പ്, സൈക്കിൾ ചവിട്ട്, കാർ കഴുകി പോളിഷ് ചെയ്യൽ, നടകൾ കയറൽ, മുറ്റമടിക്കൽ എന്നിവ. ആരോഗ്യം പരിരക്ഷിക്കാൻ നിങ്ങൾ ഒരു കായികാഭ്യാസ കളരിയിലോ ഹെൽത്ത് ക്ലബിലോ പോകേണ്ടതില്ല. എങ്കിലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: ഹൃദയ-ധമനീ സംബന്ധമായ രോഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങൾ 40 കഴിഞ്ഞ ഒരു പുരുഷനോ 50 കഴിഞ്ഞ ഒരു സ്ത്രീയോ ആണെങ്കിൽ ഏത് വ്യായാമ പരിപാടി തുടങ്ങുന്നതിനു മുമ്പും ഡോക്ടറുമായി ചർച്ച ചെയ്യണമെന്ന് വൈദ്യശാസ്ത്ര അധികൃതർ നിർദേശിക്കുന്നു.
പുകവലി, മയക്കുമരുന്നു ദുരുപയോഗം, മദ്യപാനം എന്നിവയുടെ കാര്യമോ?
പുകവലി: സിഗരറ്റ് പുകയിൽ ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്ന 4,000-ത്തിലധികം സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ 200 എണ്ണം അറിയപ്പെടുന്ന വിഷങ്ങളാണ്. വിഷങ്ങളുടെ എണ്ണം എത്രയുമായിക്കൊള്ളട്ടെ, പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരം ആണ് എന്നതിനു യാതൊരു സംശയവുമില്ല. ആളുകളുടെ ജീവൻ അപഹരിക്കുന്നതിൽ പുകയിലയോട് അടുത്തുവരുന്ന മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങൾ ഒന്നുമില്ല. ഉദാഹരണത്തിന്, ഐക്യനാടുകളിൽ വാഹനാപകടങ്ങളിൽ മരിക്കുന്നതിന്റെ പത്തിരട്ടി ആളുകൾ പുകയില സംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്നു. ഗോളമെമ്പാടും വർഷത്തിൽ 30 ലക്ഷം ആളുകൾ പുകവലി മൂലം മരിക്കുന്നുണ്ട് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു!
കാൻസറിനും ഹൃദ്രോഗത്തിനും ഉള്ള വർധിച്ച സാധ്യതയ്ക്കു പുറമേ, പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവർക്ക് ആമാശയ വ്രണങ്ങളും വിട്ടുമാറാത്ത ശ്വാസനാള വീക്കവും ഉയർന്ന രക്തസമ്മർദവും കൂടെക്കൂടെയുള്ള ജലദോഷവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പുകവലി ഒരുവന്റെ ഘ്രാണശക്തിയെയും സ്വാദറിയാനുള്ള പ്രാപ്തിയെയും ക്ഷയിപ്പിക്കും. വ്യക്തമായും, ആരോഗ്യം കാത്തുസൂക്ഷിക്കാനായി ഒരു വ്യക്തിക്കു കൈക്കൊള്ളാൻ കഴിയുന്ന സുപ്രധാന നടപടികളിൽ ഒന്ന് പുകവലി ഉപേക്ഷിക്കുകയാണ്. എന്നാൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും കാര്യമോ?
മയക്കുമരുന്ന്: ലോകവ്യാപകമായി മയക്കുമരുന്ന് ഒട്ടനവധി പേരുടെ ജീവൻ അപഹരിച്ചിട്ടുണ്ട്. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് പറയുന്നു: “മയക്കുമരുന്നു ദുരുപയോഗം നിമിത്തം വർഷംതോറും 14,000 അമേരിക്കക്കാർ മരിക്കുന്നു.” എന്നാൽ മയക്കുമരുന്നു വ്യാപാരത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നത് അത് ഉപയോഗിക്കുന്നവർ മാത്രമല്ല. അവ വാങ്ങാനുള്ള പണം ഉണ്ടാക്കാൻ പല മയക്കുമരുന്നാസക്തരും അക്രമത്തിലേക്കും കുറ്റകൃത്യത്തിലേക്കും തിരിയുന്നു. ദ സോഷ്യോളജി ഓഫ് ജുവനൈൽ ഡെലിക്വെൻസി പറയുന്നു: “ക്രാക്ക് [കൊക്കെയ്ൻ] വിതരണ ശൃംഖലകൾക്കിടയിലെ മത്സരങ്ങൾ നിമിത്തം ചില ഉൾനഗര സമുദായങ്ങൾ നഗരത്തിലെ ‘മൃതമേഖലകൾ’ ആയി മാറിയിരിക്കുകയാണ്. ഇവിടത്തെ കൊലപാതക നിരക്കുകൾ അങ്ങേയറ്റം ഉയർന്നതായതിനാൽ അരാജകത്വം നടമാടുന്ന, പ്രതീക്ഷയ്ക്കു വകയില്ലാത്ത പ്രദേശങ്ങളായി പൊലീസുകാർ അവയെ എഴുതിത്തള്ളിയിരിക്കുന്നു.”
മയക്കുമരുന്നു ദുരുപയോഗം ഐക്യനാടുകളിലെ മാത്രം പ്രശ്നമല്ല. ഒരു കണക്ക് അനുസരിച്ച്, ഓരോ വർഷവും ലോകത്തിൽ എവിടെയെങ്കിലുമൊക്കെയായി 1,60,000 മുതൽ 2,10,000 വരെ ആളുകൾ മയക്കുമരുന്നു കുത്തിവെക്കുന്നതിന്റെ ഫലമായി മരിക്കുന്നു. കൂടാതെ, ദശലക്ഷക്കണക്കിനു പേർ ഖാറ്റ് (ഒരു പച്ചില ഉത്തേജകപദാർഥം), അടയ്ക്ക, കൊക്കെയ്ൻ എന്നിങ്ങനെയുള്ള ഹാനികരമായ മറ്റു മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു.
മദ്യപാനം: ക്രാക്ക് കൊക്കെയ്നും ഹെറോയ്നും പോലെയുള്ള ശക്തിയേറിയ മയക്കുമരുന്നുകളാണു പൊതുജനശ്രദ്ധ പിടിച്ചുപറ്റുന്നതെന്നിരിക്കെ മദ്യത്തിന്റെ ദുരുപയോഗം അതിലും കൂടുതൽ ദോഷം ചെയ്യുന്നുണ്ട്. “കാനഡക്കാരിൽ 10-ൽ ഒരാൾ വീതം” മദ്യാസക്തൻ/മദ്യാസക്ത ആണ് എന്നും ഇവർ നിമിത്തം “ആരോഗ്യ സംരക്ഷണവ്യവസ്ഥയ്ക്ക് വർഷത്തിൽ പത്തു ശതകോടി ഡോളറിന്റെ ചെലവു വരുന്നുണ്ട്” എന്നും ദ മെഡിക്കൽ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ഐക്യനാടുകളിൽ, മരണത്തിൽ കലാശിക്കുന്ന വാഹനാപകടങ്ങളുടെയും തീപിടിത്തങ്ങളുടെയും 50 ശതമാനത്തിനും കാൽനടയാത്രക്കാർക്ക് ഉണ്ടാകുന്ന അപകടങ്ങളുടെ 36 ശതമാനത്തിനും കാരണം മദ്യമാണ് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ, അവിടെ മുങ്ങിമരിക്കുന്നവരിൽ 45 ശതമാനവും മദ്യപിച്ചിരുന്നതായും കണക്കുകൾ കാണിക്കുന്നു. പല കൊടിയ കുറ്റകൃത്യങ്ങളിലും മദ്യത്തിനു പങ്കുണ്ട്. കൊലപാതകം, കയ്യേറ്റം, ബലാത്സംഗം, കുട്ടികളോടുള്ള ദുഷ്പെരുമാറ്റം, ആത്മഹത്യ എന്നിവയിലൊക്കെ മറഞ്ഞിരിക്കുന്ന വില്ലൻ പലപ്പോഴും മദ്യം തന്നെയാണ്.
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മദ്യത്തിനോ പുകയിലയ്ക്കോ മയക്കുമരുന്നിനോ അടിമയാണെങ്കിൽ സഹായം തേടുക.b “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു” എന്ന് ദൈവവചനമായ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 17:17) കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹപൂർവകമായ പിന്തുണയിൽ ആശ്രയിക്കുന്നത് പ്രയാസകരമായ സാഹചര്യത്തെ തരണം ചെയ്യാൻ നിങ്ങളെ വളരെയധികം സഹായിക്കും.
എന്നാൽ യഥാർഥ ആരോഗ്യം എന്നു പറയുമ്പോൾ അതിൽ നല്ല ശാരീരിക ആരോഗ്യം ഉണ്ടായിരിക്കുന്നതിൽ അധികം ഉൾപ്പെട്ടിരിക്കുന്നു. ആരോഗ്യാവഹമായ ജീവിതശൈലി നിലനിർത്തുന്നതിൽ മാനസികവും ആത്മീയവുമായ ഘടകങ്ങളും ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. അടുത്ത ലേഖനം ഇതേ കുറിച്ചു ചർച്ച ചെയ്യും.
[അടിക്കുറിപ്പുകൾ]
a ആരോഗ്യാവഹമായ ആഹാരക്രമത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായി 1997 ജൂൺ 22 ലക്കം ഉണരുക!-യുടെ 7-13 പേജുകൾ കാണുക.
b 1992 മേയ് 22 ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്) “മദ്യാസക്തർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം” എന്ന ലേഖന പരമ്പര കാണുക.
[5-ാം പേജിലെ ആകർഷകവാക്യം]
“ആരോഗ്യാവഹമായ ജീവിതശൈലി പിന്തുടരുക എന്നതിന്റെ അർഥം നിങ്ങൾ ജീവിതം ആസ്വദിക്കുന്നതു നിറുത്തണം എന്നല്ല”
[6-ാം പേജിലെ ആകർഷകവാക്യം]
പുകവലി നിമിത്തം വർഷംതോറും 30 ലക്ഷം പേർ മരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു
[7-ാം പേജിലെ ആകർഷകവാക്യം]
“ആരോഗ്യാവഹമായ ഭക്ഷണക്രമത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതൊരു ആഹാര പദാർഥത്തിനും സ്ഥാനമുണ്ട്. ഏതാണ്ട് എല്ലാ ദിവസവുംതന്നെ നിങ്ങൾക്ക് അതു കഴിക്കുകയും ചെയ്യാം, എന്നാൽ നിശ്ചിത അളവിലായിരിക്കണമെന്നു മാത്രം”
[5-ാം പേജിലെ ചിത്രം]
ക്രമമായ വ്യായാമം ആരോഗ്യാവഹമായ ഒരു ജീവിതശൈലിയുടെ ഭാഗമായിരിക്കും
[6-ാം പേജിലെ ചിത്രം]
പുകയിലയും മയക്കുമരുന്നുകളും വർജിക്കുക
[7-ാം പേജിലെ ചിത്രം]
പച്ചക്കറികളും പഴവർഗങ്ങളും ആരോഗ്യത്തിനു നല്ലതാണ്
[7-ാം പേജിലെ ചിത്രം]
ദൈനംദിന വീട്ടുജോലികൾ പോലും ആരോഗ്യാവഹമായ വ്യായാമം ആയിരിക്കാം