വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 4/8 പേ. 13-16
  • ഇടിമഴ—ഭയഗംഭീരനായ മേഘ രാജൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇടിമഴ—ഭയഗംഭീരനായ മേഘ രാജൻ
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഇടിമഴ രൂപം​പ്രാ​പി​ക്കുന്ന വിധം
  • ആകാശ​ത്തി​ലെ വെടി​ക്കെട്ട്‌
  • ഒരു ഇടിമ​ഴ​യു​ടെ ഏറ്റവും വലിയ പ്രയോ​ജ​നം
  • ആലിപ്പ​ഴത്തെ സംബന്ധി​ച്ചെന്ത്‌?
  • ചുഴലി​ക്കാ​റ്റും ഇടിമ​ഴ​യും
  • പകിട്ടാർന്ന വാനപ്രദർശനങ്ങൾ
    ഉണരുക!—1990
  • മിന്നലിൽനിന്നും നിങ്ങളെത്തന്നെ സംരക്ഷിക്കുക!
    ഉണരുക!—1996
  • മേഘങ്ങൾ—അവ ഒരു കഥ പറയുന്നു
    ഉണരുക!—1989
  • മഴയോ മഴ!
    ഉണരുക!—2004
കൂടുതൽ കാണുക
ഉണരുക!—1999
g99 4/8 പേ. 13-16

ഇടിമഴ—ഭയഗം​ഭീ​ര​നായ മേഘ രാജൻ

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

കുട്ടി​ക്കാ​ലം മുതലേ മേഘങ്ങൾ ഒട്ടനവധി ആളുക​ളു​ടെ മനം കവർന്നി​ട്ടുണ്ട്‌. കുഞ്ഞു​ന്നാ​ളിൽ മിക്ക​പ്പോ​ഴും പുൽപ്പു​റത്തു കിടന്നു​കൊ​ണ്ടു മേഘങ്ങൾ “ആകാശ​ത്തി​ലൂ​ടെ അടി​വെ​ച്ച​ടി​വെച്ചു മുന്നേ​റു​ന്നത്‌” നിരീ​ക്ഷി​ക്കാ​റു​ണ്ടാ​യി​രു​ന്ന​തി​നെ കുറിച്ച്‌ ഒരു എൺപതു വയസ്സു​കാ​രൻ ഓർമി​ക്കു​ന്നു. ഈ മേഘങ്ങളെ എന്തു സാധനം കൊണ്ടാണ്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എന്ന്‌ അദ്ദേഹം മിക്ക​പ്പോ​ഴും അതിശ​യി​ക്കു​മാ​യി​രു​ന്ന​ത്രേ. പഞ്ഞി​കൊ​ണ്ടാ​ണോ? ഓരോ​ന്നും ഇത്ര വ്യത്യ​സ്‌ത​മാ​യി കാണ​പ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാണ്‌? ഒരെണ്ണം പായ്‌ക്കപ്പൽ പോലെ തോന്നി​ച്ച​പ്പോൾ അടുത്തത്‌ കുതി​ച്ചു​പാ​യുന്ന കുതി​രയെ പോലെ ആയിരു​ന്നു. വേറൊന്ന്‌ ഒരു കൊട്ടാ​രം പോ​ലെ​യും. ആകാശ​ത്തി​ലൂ​ടെ ഒഴുകി​നീ​ങ്ങി​ക്കൊ​ണ്ടി​രുന്ന അവയുടെ ആകൃതി​യും വലിപ്പ​വും സദാ മാറു​ന്നത്‌ ആ കുരു​ന്നു​ഭാ​വ​നയെ ആഹ്ലാദി​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ‘തങ്ങളുടെ രൂപം എന്തെന്ന്‌ ഊഹിച്ചു കണ്ടുപി​ടി​ക്കാൻ മനുഷ്യ​രെ ക്ഷണിച്ചു​കൊ​ണ്ടു വ്യത്യസ്‌ത രൂപങ്ങ​ളിൽ’ ആകാശത്തു പ്രത്യ​ക്ഷ​പ്പെ​ടുന്ന മേഘങ്ങളെ നിരീ​ക്ഷി​ക്കു​ന്നത്‌ താൻ ഈ പ്രായ​ത്തി​ലും ആസ്വദി​ക്കു​ന്നു​വെന്ന്‌ അദ്ദേഹം പറയുന്നു. ഒരുപക്ഷേ ലളിത​മായ ഈ വിനോ​ദ​ത്തിൽ നിങ്ങളും ഏർപ്പെ​ടാ​റു​ണ്ടാ​യി​രി​ക്കാം.

എന്നിരു​ന്നാ​ലും, മേഘങ്ങ​ളിൽ വെച്ച്‌ ഏറ്റവും ഹൃദയ​ഹാ​രി​യും അതേസ​മയം ഭയഗം​ഭീ​ര​വു​മാ​യി​രി​ക്കു​ന്നവ സാധ്യ​ത​യ​നു​സ​രിച്ച്‌, “സംസാ​രി​ക്കാൻ” കഴിവുള്ള മേഘങ്ങ​ളാണ്‌. അവ അറിയ​പ്പെ​ടു​ന്നതു കുമു​ലോ​നിം​ബസ്‌ അഥവാ തണ്ടർഹെഡ്‌ എന്ന പേരി​ലാണ്‌. ഇരുണ്ട, അനിഷ്ട​സൂ​ച​ക​മായ ഈ മേഘങ്ങൾ 16 കിലോ​മീ​റ്റർ ഉയരത്തിൽ ആകാശത്തു തല ഉയർത്തി നിന്നേ​ക്കാം. ഇടിമ​ഴയെ ആനയി​ക്കു​ന്നത്‌ ഇവയാണ്‌. ഈ മേഘങ്ങൾക്കു മിന്നലി​നാൽ വെട്ടി​ത്തി​ള​ങ്ങാ​നും ആകാശ​ത്തിൽ ഉരുണ്ടു​കൂ​ടവെ ഇടിമു​ഴക്കം ഉണ്ടാകാൻ പോകു​ന്നു എന്നതിന്റെ മുന്നറി​യി​പ്പെ​ന്ന​വണ്ണം ഉഗ്രമാ​യി മുരളാ​നും കഴിയും. മനുഷ്യൻ നടത്തുന്ന ഏതൊരു വെടി​ക്കെ​ട്ടി​നെ​യും വെല്ലുന്ന തരത്തി​ലുള്ള കണ്ണഞ്ചി​ക്കുന്ന ദൃശ്യ-ശ്രവണ കലാ​പ്ര​ക​ടനം രാത്രി​യിൽ അവ നടത്തി​യേ​ക്കാം. കാറ്റടി​പ്പി​ക്കു​ക​യും മഴയും ആലിപ്പ​ഴ​വും വർഷി​ക്കു​ക​യും ചെയ്‌തു കൊണ്ട്‌ അവ മുന്നോ​ട്ടു​നീ​ങ്ങു​മ്പോൾ മുമ്പ്‌ ഉണങ്ങി​വ​രണ്ടു കിടന്നി​രുന്ന നിലത്ത്‌ അവശേ​ഷി​ക്കു​ന്നതു ശുദ്ധമായ പുതു​മ​ഴ​യു​ടെ നറുമ​ണ​മാണ്‌.

ഇടിമഴ രൂപം​പ്രാ​പി​ക്കുന്ന വിധം

ഭൗമ​ഗ്ര​ഹത്തെ ബഹിരാ​കാ​ശ​ത്തു​നി​ന്നു നോക്കി​ക്കാ​ണാൻ സമീപ​കാ​ല​ങ്ങ​ളിൽ മനുഷ്യ​നു കഴിഞ്ഞി​രി​ക്കു​ന്നു. ഭൗമോ​പ​രി​ത​ല​ത്തി​ന്റെ മിക്കഭാ​ഗ​വും ആവരണം ചെയ്യുന്ന ഒരു മേഘപ്പു​തപ്പ്‌ അവന്‌ അവിടെ നിന്നു കാണാൻ സാധി​ക്കും. “ഗോ​ളോ​പ​രി​ത​ല​ത്തി​ന്റെ പകുതി​യും, അതായത്‌ 25 കോടി ചതുരശ്ര കിലോ​മീ​റ്റർ, എല്ലാ സമയവും [മേഘങ്ങ​ളാൽ] പൊതി​യ​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. ശോഭ​യി​ലും അതാര്യ​ത​യി​ലും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കുന്ന അവ പുതപ്പു​പോ​ലെ​യോ ഉരുണ്ടോ മെത്ത​പോ​ലെ​യോ നൂലു പോ​ലെ​യോ റേന്ത പോ​ലെ​യോ പഞ്ഞി​ക്കെട്ടു പോ​ലെ​യോ ഒക്കെ വിടർന്നും വ്യാപി​ച്ചും ഒഴുകി​നീ​ങ്ങി​യും പതിയെ മാഞ്ഞു​മ​റ​ഞ്ഞും കൊണ്ട്‌ മുഴു​ലോ​ക​ത്തി​ലും കാണ​പ്പെ​ടു​ന്നു” എന്നു ഗ്രന്ഥകാ​ര​നായ ഫ്രെഡ്‌ ഹാപ്പ്‌ഗൂഡ്‌ നമ്മെ അറിയി​ക്കു​ന്നു. ഇടിമ​ഴ​മേ​ഘങ്ങൾ ഈ മേഘക്കൂ​ട്ട​ത്തി​ന്റെ ഭാഗമാണ്‌—വാസ്‌ത​വ​ത്തിൽ, പ്രതി​വർഷം 1,50,00,000 ഇടിമ​ഴകൾ വരെ ഭൂമി​യിൽ ഉണ്ടാകാ​റുണ്ട്‌. ഏകദേശം 2,000 എണ്ണം എല്ലാ സമയത്തും സജീവ​മാണ്‌.

സാന്ദ്രത കൂടിയ തണുത്ത വായു സാന്ദ്രത കുറഞ്ഞ ഈർപ്പ​മുള്ള വായു​വി​നു മേലെ ആയിരി​ക്കു​മ്പോ​ഴാണ്‌ ഒരു ഇടിമഴ രൂപം കൊള്ളു​ന്നത്‌. ഇളം ചൂടും ഈർപ്പ​വു​മുള്ള വായു മുകളി​ലുള്ള തണുത്ത വായു​വി​ലൂ​ടെ ഉയരാൻ സൂര്യന്റെ ചൂടോ വാതമു​ഖ​ങ്ങ​ളോ (weather fronts) ഉയർന്ന പ്രദേ​ശ​ങ്ങ​ളോ ഇടയാ​ക്കു​ന്നു. വായു പ്രവാ​ഹങ്ങൾ രൂപ​മെ​ടു​ക്കു​ക​യും വായു​വി​ലും നീരാ​വി​യി​ലും സംഭരി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന താപോർജം അപ്പോൾ കാറ്റാ​യും വൈദ്യു​തോർജ​മാ​യും മാറ്റ​പ്പെ​ടു​ക​യും ചെയ്യുന്നു.

ഇടിമ​ഴ​യ്‌ക്ക്‌ ആവശ്യ​മായ അന്തരീ​ക്ഷാ​വ​സ്ഥകൾ ഏറ്റവും സാധാ​ര​ണ​മാ​യി​രി​ക്കു​ന്നതു താഴ്‌ന്ന അക്ഷാം​ശ​ങ്ങ​ളിൽ ആണ്‌. തെക്കേ അമേരി​ക്ക​യും ആഫ്രി​ക്ക​യും ഇടിമ​ഴ​യ്‌ക്ക്‌ ഏറ്റവും സാധ്യ​ത​യുള്ള ഭൂഖണ്ഡ​ങ്ങ​ളാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും ലോക​ത്തി​ലേ​ക്കും ഏറ്റവും കൂടുതൽ ഇടിമഴ ലഭിക്കു​ന്നതു മധ്യആ​ഫ്രി​ക്ക​യി​ലും ഇന്തോ​നേ​ഷ്യ​യി​ലും ആണെന്നു പണ്ടുമു​തലേ കണക്കാ​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും ഇതു വിശദീ​ക​രി​ക്കു​ന്നു. ഏറ്റവും കൂടുതൽ ഇടിമഴ ലഭിക്കു​ന്ന​തി​ന്റെ അംഗീ​കൃത റെക്കോർഡ്‌ ഉള്ളത്‌ ഉഗാണ്ട​യി​ലെ കംപാ​ല​യ്‌ക്കാണ്‌, പ്രതി​വർഷം 242 ദിനങ്ങൾ. എന്നിരു​ന്നാ​ലും, ഭൂമി​യു​ടെ മറ്റനേകം ഭാഗങ്ങ​ളി​ലും ഇടിമഴ ലഭിക്കാ​റുണ്ട്‌.

ആകാശ​ത്തി​ലെ വെടി​ക്കെട്ട്‌

ഒരു ഇടിമ​ഴ​യു​ടെ സ്‌പഷ്ട​മായ രണ്ടു ദൃശ്യ സവി​ശേ​ഷ​തകൾ ഇടിയും മിന്നലു​മാണ്‌. പക്ഷേ, ഈ പകി​ട്ടേ​റിയ, മിക്ക​പ്പോ​ഴും ഭീതി​ജ​ന​ക​മായ പ്രതി​ഭാ​സ​ത്തി​നു കാരണ​മാ​യി​രി​ക്കു​ന്നത്‌ എന്താണ്‌? രണ്ടു സ്ഥാനങ്ങ​ളി​ലുള്ള വൈദ്യു​ത ചാർജു​കൾ തമ്മിലുള്ള അന്തരം വായു​വി​ന്റെ രോധ​ക​ഫ​ലത്തെ തരണം ചെയ്യാൻ മാത്രം വലുതാ​യി​രി​ക്കു​മ്പോൾ ഉണ്ടാകുന്ന വൈദ്യു​ത​വി​സർജ​ന​മാണ്‌ (electrical discharge) മിന്നൽ. ഒരു മേഘത്തി​നു​ള്ളിൽ തന്നെയോ മേഘങ്ങൾക്കി​ട​യി​ലോ മേഘങ്ങൾക്കും ഭൂമി​ക്കും ഇടയി​ലോ ഇത്‌ സംഭവി​ക്കാ​വു​ന്ന​താണ്‌. വായു​വി​ന്റെ ഊഷ്‌മാവ്‌ ക്ഷണനേ​ര​ത്തേക്ക്‌ അമ്പരപ്പി​ക്കുന്ന അളവിൽ—മിന്ന​ലേറ്റ്‌ വൈദ്യു​തോർജം വിസർജി​ക്ക​പ്പെ​ടുന്ന നിമി​ഷ​ത്തിൽ 30,000 ഡിഗ്രി സെൽഷ്യ​സോ​ളം പോലും—ഉയരാൻ മിന്നൽ ഇടയാ​ക്കു​ന്നു.

മിന്നലി​നെ വിദ്യു​ല്ലേ​ഖ​യെ​ന്നോ വിദ്യു​ല്ല​ത​യെ​ന്നോ വിദ്യു​ന്മാ​ല​യെ​ന്നോ തരംതി​രി​ക്കാ​വു​ന്ന​താണ്‌. വൈദ്യു​ത​വി​സർജനം ഒരു വ്യക്തമായ പിണരാ​യി കാണാൻ സാധി​ക്കു​മെ​ങ്കിൽ അത്‌ വിദ്യു​ല്ലേ​ഖ​യാണ്‌. ആ പിണർ ദൃശ്യ​മായ വിധത്തിൽ വിഭജി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യോ അതിനു ശാഖക​ളു​ണ്ടാ​യി​രി​ക്കു​ക​യോ ചെയ്‌താൽ അതു വിദ്യു​ല്ലത ആണ്‌. ഇനി, മിന്നൽപി​ണർ ഒരു മേഘത്തി​നു​ള്ളിൽ തന്നെയാ​ണെ​ങ്കി​ലോ അത്‌ വിദ്യു​ന്മാല ആണ്‌. നാം കാണുന്ന മിക്ക മിന്നലു​ക​ളും മേഘങ്ങൾക്കും ഭൂമി​ക്കും ഇടയിൽ സംഭവി​ക്കു​ന്ന​താണ്‌ എന്ന്‌ അധികൃ​തർ പറയുന്നു.

മിന്നൽ ജീവജാ​ല​ങ്ങൾക്കു ഹാനി​വ​രു​ത്തു​ന്നു. മനുഷ്യർക്കും ജന്തുക്കൾക്കും പരിക്കു​ക​ളോ മരണമോ പോലും സംഭവി​ക്കാൻ അത്‌ ഇടയാ​ക്കു​ന്നു. കടൽത്തീ​ര​ത്തോ പന്തുക​ളി​സ്ഥ​ല​ത്തോ അതു​പോ​ലെ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ വീടിനു വെളി​യി​ലോ ആയിരി​ക്കുന്ന ആളുകൾക്കാണ്‌ അപകട​സാ​ധ്യത ഏറ്റവും കൂടുതൽ, കാരണം അവർ വൈദ്യു​ത​ചാർജു​ക​ളിൽ നിന്നും സംരക്ഷണം ഇല്ലാത്ത​വ​രാണ്‌.—15-ാം പേജി​ലുള്ള ചതുരം കാണുക.

മിന്നൽ ഏൽക്കു​ന്ന​വ​രിൽ ഏതാണ്ട്‌ 30 ശതമാനം ആളുകൾ മാത്ര​മാ​ണു മരിക്കു​ന്നത്‌. പ്രഥമ​ശു​ശ്രൂഷ ഉടനടി ലഭിക്കു​ന്ന​വർക്കു നീണ്ടു​നിൽക്കുന്ന പരിക്കു​കൾ ഉണ്ടാകു​ന്നതു കുറവാ​ണു താനും. എന്നിരു​ന്നാ​ലും, പരക്കെ​യുള്ള മിഥ്യാ​ധാ​ര​ണ​യ്‌ക്കു വിപരീ​ത​മാ​യി മിന്നലിന്‌ ഒരേ സ്ഥലത്തു തന്നെ ഒന്നില​ധി​കം പ്രാവ​ശ്യം ആഘാത​മേൽപ്പി​ക്കാൻ കഴിയും, മിക്ക​പ്പോ​ഴും അങ്ങനെ സംഭവി​ക്കാ​റു​മുണ്ട്‌!

മിന്നൽ ഏൽക്കു​ന്ന​തി​ന്റെ ഫലമായി അനേകം സ്ഥലങ്ങളിൽ തീപി​ടി​ത്തം ഉണ്ടാകാ​റുണ്ട്‌. വിസ്‌തൃ​ത​മായ പ്രദേ​ശ​ത്തി​നു കനത്ത നാശം വരുത്തി​വെ​ക്കാൻ ഇതിനു കഴിയും. ഐക്യ​നാ​ടു​ക​ളിൽ ഉണ്ടാകാ​റുള്ള കാട്ടു​തീ​യു​ടെ ഏകദേശം 10 ശതമാ​ന​ത്തി​നും കാരണ​മാ​യി​രി​ക്കു​ന്നതു മിന്നലാണ്‌. ആ രാജ്യ​ത്തി​ലെ മൊത്തം വനത്തി​ന്റെ​യും കുറ്റി​ക്കാ​ടി​ന്റെ​യും 35 ശതമാ​ന​ത്തി​ല​ധി​കം കത്തിന​ശി​ക്കു​ന്ന​തിൽ ഇതു കലാശി​ക്കു​ന്നു.

പക്ഷേ മിന്നലാ​ഘാ​തങ്ങൾ പ്രയോ​ജ​ന​മു​ള്ളവ ആയിരി​ക്കാ​നും കഴിയും. ഉദാഹ​ര​ണ​ത്തിന്‌, വനങ്ങൾക്ക്‌ അനേകം വിധങ്ങ​ളിൽ പ്രയോ​ജനം ലഭിക്കു​ന്നു. മിന്നലി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന ചെറി​യ​തോ​തി​ലുള്ള തീപി​ടി​ത്ത​ങ്ങ​ളിൽ വനത്തി​ലുള്ള തീരെ പൊക്കം കുറഞ്ഞ ചെടികൾ കത്തി നശിക്കു​ന്നു. അതു​കൊണ്ട്‌, വൃക്ഷത്ത​ല​പ്പു​കൾ വരെ എത്തുന്ന കൂടുതൽ വിനാ​ശ​കാ​രി​യായ വൻതോ​തി​ലുള്ള തീപി​ടി​ത്തങ്ങൾ ഉണ്ടാകു​ന്ന​തി​നുള്ള സാധ്യത കുറയു​ന്നു. മിന്നലി​ന്റെ മറ്റൊരു പ്രയോ​ജനം നൈ​ട്രജൻ വാതക​ത്തി​നു വരുത്തുന്ന പ്രയോ​ജ​ന​ക​ര​മായ മാറ്റമാണ്‌. സസ്യങ്ങൾക്കു വാതക രൂപത്തി​ലുള്ള നൈ​ട്രജൻ ഉപയോ​ഗി​ക്കാ​നാ​വില്ല. മിന്നൽ ഈ വാതകത്തെ നൈ​ട്രജൻ സംയു​ക്ത​ങ്ങ​ളാ​യി രൂപാ​ന്ത​ര​പ്പെ​ടു​ത്തു​ന്നു. ഇവ ജന്തുക്കൾക്കു ജീവത്‌പ്ര​ധാ​ന​മായ മാംസ്യ​ങ്ങൾ പ്രദാനം ചെയ്യുന്ന വിത്തു​ക​ളു​ടെ വികാ​സ​ത്തി​നും സസ്യക​ല​ക​ളു​ടെ രൂപവ​ത്‌ക​ര​ണ​ത്തി​നും ഒഴിച്ചു​കൂ​ടാ​നാ​കാ​ത്ത​വ​യാണ്‌. മഴവെ​ള്ള​ത്തി​ലുള്ള നൈ​ട്രജൻ ഓക്‌​സൈ​ഡു​ക​ളിൽ 30 മുതൽ 50 വരെ ശതമാനം മിന്നലി​ന്റെ ഫലമായി ഉണ്ടാകു​ന്ന​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. മൂന്നു​കോ​ടി ടൺ നൈ​ട്രജൻ സംയു​ക്തങ്ങൾ എല്ലാ വർഷവും ഗോള​വ്യാ​പ​ക​മാ​യി ഇപ്രകാ​രം ഉണ്ടാകു​ന്ന​താ​യും വിചാ​രി​ക്ക​പ്പെ​ടു​ന്നു.

ഒരു ഇടിമ​ഴ​യു​ടെ ഏറ്റവും വലിയ പ്രയോ​ജ​നം

ഭീമമായ അളവിൽ വെള്ളം ഭൂമി​യിൽ പതിക്കു​ന്ന​തിന്‌ ഇടയാ​ക്കാൻ ഒരു ഇടിമ​ഴ​യ്‌ക്കു കഴിയും. മുകളി​ലേ​ക്കുള്ള ശക്തമായ വായു​പ്ര​വാ​ഹം, ധാരാളം വെള്ളത്തെ തടഞ്ഞു​നിർത്തു​ക​യും എന്നിട്ട്‌ അതു പൊടു​ന്നനെ താഴേക്കു വീഴാൻ ഇടയാ​ക്കു​ക​യും ചെയ്യുന്നു. ചുരു​ങ്ങിയ സമയം​കൊ​ണ്ടു വളരെ​യ​ധി​കം മഴവെള്ളം ഭൂമി​യിൽ പതിക്കു​ന്ന​തി​ന്റെ പ്രമുഖ കാരണം ഇതാണ്‌. അത്തരം മഴ മണിക്കൂ​റിൽ 20 സെന്റി​മീ​റ്റർ നിരക്കിൽ വരെ പെയ്യു​ന്ന​താ​യി രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടുണ്ട്‌. തീർച്ച​യാ​യും, കനത്ത മഴയ്‌ക്കു വിപരീ​ത​ഫ​ല​ങ്ങ​ളു​മുണ്ട്‌.

ഇടിമഴ സാവധാ​ന​ത്തി​ലാ​ണു നീങ്ങു​ന്നത്‌ എങ്കിൽ ഒരു പ്രദേ​ശ​ത്തി​ന്റെ താരത​മ്യേന കുറച്ചു ഭാഗത്തു മാത്ര​മാണ്‌ ഭൂരി​ഭാ​ഗം മഴയും ലഭിക്കുക. ഇത്‌ ആ ഭാഗത്തു പൊടു​ന്നനെ കനത്ത വെള്ള​പ്പൊ​ക്കം ഉണ്ടാകു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു. അത്തരം ഒരു ഇടിമ​ഴ​യു​ടെ സമയത്ത്‌ ഒലി​ച്ചെ​ത്തുന്ന വെള്ളം തടാക​ങ്ങ​ളും നദിക​ളും കരകവിഞ്ഞ്‌ ഒഴുകു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു. ഐക്യ​നാ​ടു​ക​ളിൽ വെള്ള​പ്പൊ​ക്കം മൂലമു​ണ്ടാ​കുന്ന എല്ലാ കെടു​തി​ക​ളു​ടെ​യും ഏതാണ്ടു മൂന്നിൽ ഒന്നിനും കാരണ​മാ​യി​രി​ക്കു​ന്നത്‌ ഇടിമ​ഴ​യാൽ ഉണ്ടാകുന്ന ഇത്തരം വെള്ള​പ്പൊ​ക്ക​മാണ്‌ എന്നു കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

എന്നുവ​രി​കി​ലും, ഇടിമഴ അനേകം പ്രയോ​ജ​ന​ങ്ങ​ളും കൈവ​രു​ത്തു​ന്നുണ്ട്‌. വളരെ​യ​ധി​കം ജലം മണ്ണിലും ജലസം​ഭ​ര​ണി​ക​ളി​ലും അണക്കെ​ട്ടു​ക​ളി​ലും ഒക്കെ എത്തുന്ന​തിന്‌ ഇത്‌ ഇടയാ​ക്കു​ന്നു. ചില പ്രദേ​ശ​ങ്ങ​ളിൽ മഴയു​ടെ​യോ മഞ്ഞി​ന്റെ​യോ ആലിപ്പ​ഴ​ത്തി​ന്റെ​യോ രൂപത്തിൽ ഭൂമിക്കു ലഭിക്കുന്ന വെള്ളത്തി​ന്റെ 50 മുതൽ 70 വരെ ശതമാനം ഇടിമ​ഴ​യിൽ നിന്നാണു ലഭിക്കു​ന്നത്‌ എന്നു ഗവേഷണം കാണി​ക്കു​ന്നു. അതു​കൊണ്ട്‌ ഈ പ്രദേ​ശ​ങ്ങ​ളിൽ ഇടിമഴ ജീവന്റെ നിലനിൽപ്പിന്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

ആലിപ്പ​ഴത്തെ സംബന്ധി​ച്ചെന്ത്‌?

മിക്ക​പ്പോ​ഴും ഇടിമ​ഴ​യ്‌ക്ക്‌ അകമ്പടി സേവി​ച്ചു​കൊണ്ട്‌ ഉണ്ടാകുന്ന കനത്ത ആലിപ്പഴ വൃഷ്ടി​യാണ്‌ അതിന്റെ അതിവി​നാ​ശ​ക​മായ ഒരു വശം. ആലിപ്പഴം ഉണ്ടാകു​ന്ന​തി​ന്റെ ആദ്യ പടിയാ​യി മഴത്തു​ള്ളി​കൾ തണുത്തു​റ​യു​ന്നു. പിന്നീട്‌, മുകളി​ലേ​ക്കും താഴേ​ക്കു​മുള്ള വായു​പ്ര​വാ​ഹ​ത്തിൽ പെട്ട്‌ പലപ്രാ​വ​ശ്യം ചുറ്റി​ത്തി​രി​യു​ന്ന​തി​ന്റെ ഫലമായി വലിപ്പം കൂടുന്ന ഇവ ആലിപ്പ​ഴ​മാ​യി രൂപം പ്രാപി​ക്കു​ന്നു. അവിശ്വ​സ​നീ​യ​മായ വലിപ്പ​വും ഭാരവും ഉള്ള ആലിപ്പ​ഴ​ങ്ങളെ കുറിച്ചു ചില വിവര​ണങ്ങൾ നിലവി​ലുണ്ട്‌. 1925-ൽ ജർമനി​യിൽ പതിച്ചു​വെന്നു പറയ​പ്പെ​ടുന്ന ആലിപ്പ​ഴ​ത്തി​ന്റെ വശങ്ങളു​ടെ അളവുകൾ യഥാ​ക്രമം 26, 14, 12 സെന്റി​മീ​റ്റർ ആയിരു​ന്നു. അതിനു രണ്ടു കിലോ​യിൽ അധികം ഭാരം ഉണ്ടായി​രു​ന്നു. ഐക്യ​നാ​ടു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ ആലിപ്പ​ഴ​ങ്ങ​ളിൽ ഒന്നു വീണത്‌ കൻസാസ്‌ സംസ്ഥാ​ന​ത്താണ്‌, 1970-ൽ. 776 ഗ്രാം ഭാരമു​ണ്ടാ​യി​രുന്ന അതിന്റെ ഏറ്റവും കൂടിയ ചുറ്റളവ്‌ 44 സെന്റി​മീ​റ്റ​റാ​യി​രു​ന്നു. അങ്ങു മുകളിൽ മേഘങ്ങ​ളിൽ നിന്നും വീഴുന്ന ഇത്രയും വലിപ്പ​മുള്ള ഒരു ആലിപ്പ​ഴ​ത്തിന്‌ ഒരു മനുഷ്യ​നെ കൊല്ലാ​നാ​കും.

ഭാഗ്യ​വ​ശാൽ ആലിപ്പ​ഴ​ങ്ങൾക്കു പൊതു​വെ വളരെ വലിപ്പം കുറവാണ്‌. അതു​കൊണ്ട്‌ അവ മരണകരം ആയിരി​ക്കു​ന്ന​തി​നെ​ക്കാൾ ഒരു അസൗക​ര്യം ആയിരി​ക്കാ​നാ​ണു കൂടുതൽ സാധ്യത. അതു​പോ​ലെ, ആലിപ്പഴ വൃഷ്ടി​ക്കി​ട​യാ​ക്കുന്ന ഇടിമ​ഴ​യു​ടെ പ്രകൃതം മൂലം താരത​മ്യേന കുറച്ചു പ്രദേശം മാത്രമേ നാശക​ര​മായ ആലിപ്പ​ഴ​ത്താൽ ബാധി​ക്ക​പ്പെ​ടു​ന്നു​ള്ളു. എന്നിരു​ന്നാ​ലും, പ്രതി​വർഷം കോടി​ക്ക​ണ​ക്കി​നു ഡോള​റി​ന്റെ നാശന​ഷ്ട​ങ്ങ​ളാണ്‌ ആലിപ്പഴ വൃഷ്ടി​യാൽ ലോക​ത്തി​ലെ കാർഷിക വിളകൾക്ക്‌ ഉണ്ടാകു​ന്നത്‌ എന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു.

ചുഴലി​ക്കാ​റ്റും ഇടിമ​ഴ​യും

ഇടിമ​ഴ​യു​ടെ ഏറ്റവും അപകട​ക​ര​മായ ഭവിഷ്യത്ത്‌ ഒരുപക്ഷേ ചുഴലി​ക്കാ​റ്റാണ്‌. എല്ലാ ചുഴലി​ക്കാ​റ്റു​ക​ളും തന്നെ ഇടിമ​ഴ​യോ​ടു ബന്ധപ്പെ​ട്ടാ​ണു വരുന്ന​തെ​ങ്കി​ലും എല്ലാ ഇടിമ​ഴ​ക​ളോ​ടും ഒപ്പം ചുഴലി​ക്കാറ്റ്‌ ഉണ്ടാക​ണ​മെ​ന്നില്ല. തണ്ടർഹെഡ്‌ മേഘത്തിൽ നിന്നും താഴേക്കു നിലം വരെ എത്തുന്ന, ഉഗ്രശ​ക്തി​യോ​ടെ കറങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന, ശരാശരി വ്യാസം പരശ്ശതം മീറ്ററിൽ ഒതുങ്ങി​നിൽക്കുന്ന ഇടുങ്ങിയ വായു​സ്‌തം​ഭ​ങ്ങ​ളാ​ണു ചുഴലി​ക്കാ​റ്റു​കൾ. അത്യന്തം തീവ്ര​മായ ചുഴലി​ക്കാ​റ്റു​ക​ളിൽ, കാറ്റിന്റെ വേഗം മണിക്കൂ​റിൽ 400-ഓ 500-ഓ കിലോ​മീ​റ്റ​റി​ല​ധി​കം പോലും ആയിരു​ന്നേ​ക്കാം. കറങ്ങി​വീ​ശുന്ന ശക്തമായ കാറ്റി​ന്റെ​യും മധ്യഭാ​ഗ​ത്തു​നി​ന്നു മേൽപ്പോ​ട്ടു​യ​രുന്ന വായു​പ്ര​വാ​ഹ​ത്തി​ന്റെ​യും ഒരുമി​ച്ചുള്ള പ്രവർത്തനം മൂലം കെട്ടി​ടങ്ങൾ നിലം പതിക്കു​ക​യും മാരക​മായ നാശാ​വ​ശി​ഷ്ടങ്ങൾ വായു​വി​ലൂ​ടെ ചുഴറ്റി​യെ​റി​യ​പ്പെ​ടു​ക​യും ചെയ്യും. ലോക​ത്തി​ലെ അനേകം രാജ്യ​ങ്ങ​ളി​ലും ചുഴലി​ക്കാറ്റ്‌ ഉണ്ടാകാ​റുണ്ട്‌.

ഇനി, താഴേ​ക്കുള്ള വായു​പ്ര​വാ​ഹ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കുന്ന നേർരേ​ഖ​യിൽ വീശുന്ന കാറ്റു​ക​ളും മൈ​ക്രോ​ബർസ്റ്റു​ക​ളും ഉണ്ട്‌. കാഴ്‌ച​യിൽ അത്ര നാശകാ​രി​യൊ​ന്നു​മ​ല്ലെന്നു തോന്നി​പ്പി​ച്ചേ​ക്കാ​മെ​ങ്കി​ലും അവയ്‌ക്കും വിനാശം വിതയ്‌ക്കാ​നാ​കും. താഴേ​ക്കുള്ള വായു​പ്ര​വാ​ഹ​ത്തിന്‌, ഭൂതല​ത്തി​ലോ അതിനു സമീപ​ത്തോ നാശക​ര​മായ കാറ്റു​കൾക്കു രൂപം കൊടു​ക്കാ​നാ​കും. മണിക്കൂ​റിൽ 150 കിലോ​മീ​റ്റർ വരെ വേഗത്തിൽ വീശാൻ ഈ കാറ്റു​കൾക്കു കഴിയും. ഇവയെ​ക്കാൾ കൂടുതൽ തീവ്രത മൈ​ക്രോ​ബർസ്റ്റു​കൾക്കാണ്‌. അവയ്‌ക്കു മണിക്കൂ​റിൽ 200 കിലോ​മീ​റ്റ​റി​ല​ധി​കം വേഗം കൈവ​രി​ക്കാ​നാ​കും.

സവി​ശേ​ഷത ഉള്ള ഒന്നായി ഇടിമ​ഴയെ വീക്ഷി​ക്കു​മ്പോൾ തന്നെ അതിന്റെ അപകട​ങ്ങളെ കുറി​ച്ചും നാം അറിഞ്ഞി​രി​ക്കണം എന്നു വ്യക്തം. കൂടുതൽ പഠനങ്ങൾ നടത്തേ​ണ്ട​താ​യി​ട്ടുള്ള സൃഷ്ടി​പ്പി​ന്റെ അനേകം വശങ്ങളിൽ ഒന്നു മാത്ര​മാണ്‌ അവ.

[15-ാം പേജിലെ ചതുരം/ചിത്രം]

മിന്നൽ ഏൽക്കാ​തി​രി​ക്കാ​നുള്ള മുൻക​രു​ത​ലു​കൾ

ഇടിമ​ഴ​യു​ടെ സമയത്തു താഴെ പറയുന്ന മുൻക​രു​ത​ലു​കൾ സ്വീക​രി​ക്കാൻ ഓസ്‌​ട്രേ​ലി​യ​യി​ലെ എമർജൻസി മാനേ​ജ്‌മെന്റ്‌ നിർദേ​ശി​ക്കു​ന്നു.

സംരക്ഷണ നടപടി​കൾ—വീടിനു വെളി​യിൽ ആയിരി​ക്കു​മ്പോൾ

◼ കട്ടി​യേ​റിയ മുകൾവ​ശ​മുള്ള വാഹന​ങ്ങ​ളി​ലോ കെട്ടി​ട​ങ്ങ​ളി​ലോ അഭയം തേടുക; ചെറിയ നിർമി​തി​ക​ളി​ലോ തുണി​കൊ​ണ്ടുള്ള കൂടാ​ര​ങ്ങ​ളി​ലോ, ഒറ്റപ്പെ​ട്ടോ ചെറിയ കൂട്ടമോ ആയി നിൽക്കുന്ന മരങ്ങളു​ടെ കീഴി​ലോ അഭയം തേടരുത്‌.

◼ ഒരു അഭയസ്ഥാ​നത്തു നിന്നു ദൂരെ തുറസ്സായ സ്ഥലത്താ​ണെ​ങ്കിൽ, കാലുകൾ ചേർത്തു വെച്ച്‌ (ഒറ്റയ്‌ക്ക്‌) കുനി​ഞ്ഞി​രി​ക്കുക, കുഴി​യിൽ ആണ്‌ ഇരിക്കു​ന്ന​തെ​ങ്കിൽ ഏറെ നന്ന്‌. തലയി​ലും ദേഹത്തു​മുള്ള ലോഹ​വ​സ്‌തു​ക്കൾ എല്ലാം ഊരി മാറ്റുക. കുഴി​ക്കു​ള്ളിൽ കിടക്ക​രുത്‌, എന്നാൽ ചുറ്റു​പാ​ടു​മുള്ള വസ്‌തു​ക്ക​ളിൽ വെച്ച്‌ ഏറ്റവും ഉയർന്നി​രി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക.

◼ നിങ്ങളു​ടെ രോമം എഴുന്നു​നിൽക്കു​ക​യോ സമീപ​ത്തുള്ള വേലി​ക്കെ​ട്ടു​ക​ളോ പാറക​ളോ ഒക്കെ മൂളൽ ശബ്ദം പുറ​പ്പെ​ടു​വി​ക്കു​ന്നതു കേൾക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ ഉടനടി ഒരു പുതിയ സ്ഥാന​ത്തേക്കു മാറുക.

◼ പട്ടങ്ങളോ നിയന്ത്രണ വയറു​ക​ളോ​ടു കൂടിയ വിമാ​ന​മാ​തൃ​ക​ക​ളോ പറത്തരുത്‌.

◼ തുറസ്സായ സ്ഥലത്തു വെച്ച്‌ ചൂണ്ട​ക്കോ​ലു​കൾ, കുടകൾ, ഗോൾഫ്‌ പന്തടി​ക്കോ​ലു​കൾ എന്നിവ പോലെ നീണ്ടതോ ലോഹ​നിർമി​ത​മോ ആയ വസ്‌തു​ക്കൾ ഉപയോ​ഗി​ക്ക​രുത്‌.

◼ കമ്പി​വേ​ലി​ക​ളി​ലോ കമ്പി അയകളി​ലോ ലോഹ​നിർമി​തി​ക​ളി​ലോ തൊടു​ക​യോ അവയുടെ അടുത്തു പോകു​ക​യോ അരുത്‌.

◼ കുതിര സവാരി​യും സൈക്കിൾ സവാരി​യും അരുത്‌. തുറന്ന വാഹന​ങ്ങ​ളും ഓടി​ക്ക​രുത്‌.

◼ വാഹനങ്ങൾ ഓടി​ക്കു​ക​യാ​ണെ​ങ്കിൽ സാവധാ​നം ഓടി​ക്കുക അല്ലെങ്കിൽ നിറു​ത്തി​യി​ടുക, മരങ്ങളും വൈദ്യു​ത​ക​മ്പി​ക​ളും പോലെ ഉയരമുള്ള വസ്‌തു​ക്ക​ളിൽ നിന്നും അകലെ ആയിരി​ക്കണം എന്നു മാത്രം. കട്ടി​യേ​റിയ മുകൾവശം ഉള്ള വാഹന​ങ്ങൾക്കു​ള്ളി​ലോ ട്രെയ്‌ല​റു​കൾക്കു​ള്ളി​ലോ ആയിരി​ക്കാൻ ശ്രദ്ധി​ക്കു​മ്പോൾ തന്നെ ലോഹ​ഭാ​ഗ​ങ്ങ​ളിൽ തൊടു​ക​യോ അവയിൽ ചാരു​ക​യോ ചെയ്യരുത്‌.

◼ നീന്തലി​ലോ തിരമാ​ല​ക​ളി​ലൂ​ടെ തെന്നി​നീ​ങ്ങുന്ന (surfing) കളിയി​ലോ ഏർപ്പെ​ട്ടി​രി​ക്കുക ആണെങ്കിൽ ഉടനടി വെള്ളത്തിൽ നിന്നു കയറു​ക​യും അഭയം തേടു​ക​യും ചെയ്യേ​ണ്ട​താണ്‌.

◼ ബോട്ടിങ്‌ നടത്തുക ആണെങ്കിൽ എത്രയും പെട്ടെന്ന്‌ കരയിൽ എത്താൻ ശ്രമി​ക്കുക. കരയിൽ സുരക്ഷി​ത​മാ​യി എത്താൻ പറ്റി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ പാലമോ ജെട്ടി​യോ പോലെ ഉയരമുള്ള നിർമി​തി​ക​ളു​ടെ കീഴിൽ അഭയം തേടുക. മിന്നൽ ഏൽക്കു​മ്പോൾ പായ്‌ക്ക​പ്പ​ലി​ന്റെ പായ്‌മ​ര​ത്തി​ലൂ​ടെ​യും പായ്‌മ​ര​ക്ക​യ​റി​ലൂ​ടെ​യും വൈദ്യു​തി വെള്ളത്തി​ലേക്കു കടന്നു പോകു​ന്ന​തി​നുള്ള സംവി​ധാ​നം ചെയ്‌തി​ട്ടു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക.

സംരക്ഷണ നടപടി​കൾ—വീടിന്‌ ഉള്ളിലാ​യി​രി​ക്കു​മ്പോൾ

◼ ജനാല, വൈദ്യു​തോ​പ​ക​ര​ണങ്ങൾ, പൈപ്പു​കൾ, ഉറപ്പിച്ചു നിറു​ത്തി​യി​രി​ക്കുന്ന മറ്റു ലോഹ​വ​സ്‌തു​ക്കൾ എന്നിവ​യു​ടെ അടുത്തു​നി​ന്നു മാറി നിൽക്കുക.

◼ ടെലി​ഫോൺ ഉപയോ​ഗി​ക്കു​ന്നത്‌ ഒഴിവാ​ക്കുക. അടിയ​ന്തി​ര​മാ​യി വിളി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ, സംഭാ​ഷ​ണ​ത്തി​ന്റെ ദൈർഘ്യം പരമാ​വധി കുറയ്‌ക്കാൻ ശ്രദ്ധി​ക്കുക.

◼ ഇടിമഴ ഉണ്ടാകു​ന്ന​തി​നു മുമ്പ്‌, വെളി​യിൽ ഘടിപ്പി​ച്ചി​രി​ക്കുന്ന ആന്റെന​യു​ടെ ബന്ധം വിച്ഛേ​ദി​ക്കുക. അതു​പോ​ലെ റേഡി​യോ​യി​ലേ​ക്കും ടെലി​വി​ഷ​നി​ലേ​ക്കും എത്തുന്ന വൈദ്യു​ത​ബ​ന്ധ​വും വിച്ഛേ​ദി​ക്കുക. വൈദ്യു​ത​സ്രോ​ത​സ്സു​മാ​യുള്ള കമ്പ്യൂട്ടർ മോഡ​മു​ക​ളു​ടെ ബന്ധവും വിച്ഛേ​ദി​ക്കേ​ണ്ട​താണ്‌. എന്നിട്ടു വൈദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അടുത്തു​നി​ന്നു മാറി നിൽക്കുക.

[കടപ്പാട്‌]

ശക്തമായ ഇടിമഴ: യാഥാർഥ്യ​ങ്ങ​ളും മുന്നറി​യി​പ്പു​ക​ളും സുരക്ഷാ​ന​ട​പ​ടി​യും (ഇംഗ്ലീഷ്‌) എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ നിന്ന്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക