കല്ലിൽനിന്നു രത്നത്തിലേക്ക്
ബെൽജിയത്തിലെ ഉണരുക! ലേഖകൻ
കണ്ണഞ്ചിക്കുന്ന അതിന്റെ മനോഹാരിത, യുഗങ്ങളോളം അതിനെ ആളുകളുടെ പ്രിയങ്കരമായ രത്നമാക്കി മാറ്റി. പ്രകൃതിയിൽ അറിയപ്പെടുന്നതിലേക്കും ഏറ്റവും കടുപ്പമേറിയ വസ്തു ആയതിനാൽ പണി ആയുധങ്ങളിലും യന്ത്രസാമഗ്രികളിലും അതു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഹൃദയഹാരിയായ ഈ കല്ലാണ് വജ്രം.
ചില പ്രസിദ്ധ വജ്രങ്ങളെ ചുറ്റിപ്പറ്റി കൗതുകകരമായ കഥകളുണ്ട്. ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യയിൽ കണ്ടെത്തിയ “പ്രകാശത്തിന്റെ പർവതം” എന്ന് അർഥം വരുന്ന കോഹിനൂർ ഇത്തരത്തിലൊന്നാണ്. നിയതമായ ആകൃതിയൊന്നും ഇല്ലാതിരുന്ന ഈ കല്ലിന്റെ തൂക്കം തുടക്കത്തിൽ 191 കാരറ്റ്a ആയിരുന്നെങ്കിലും, പിന്നീടു ചെത്തിമിനുക്കിയപ്പോൾ 109 കാരറ്റ് ആയി കുറഞ്ഞു. ഇനി, ഇതുവരെ കണ്ടെടുത്തു രൂപപ്പെടുത്തിയിട്ടുള്ളതിലേക്കും ഏറ്റവും വലിയതും ബ്രിട്ടീഷ് മകുടരത്നങ്ങളിൽ (British crown jewels) ഒന്നുമായ കൂളിനൻ എന്ന വജ്രവുമുണ്ട്.
ശിലയിൽ നിന്നു രത്നത്തിലേക്ക്
ഒരു വജ്രം അതിമനോഹരമായ ഒരു രത്നമാക്കി മാറ്റുന്നതിൽ ധാരാളം പണി ഉൾപ്പെട്ടിരിക്കുന്നു. മിക്ക വജ്രങ്ങളും ഭൂമിക്കടിയിൽ നിന്നും കുഴിച്ചെടുക്കേണ്ടതായുണ്ട്. ഒരു കാരറ്റ് ശുദ്ധവജ്രം ലഭിക്കുന്നതിനായി ശരാശരി 250 ടൺ മണ്ണു കുഴിച്ചെടുത്ത് അരിക്കേണ്ടിവരും. പ്രതിവർഷം ഖനനം ചെയ്യപ്പെടുന്ന നാലു മുതൽ അഞ്ചു വരെ കോടി കാരറ്റിന്റെ ചെറിയ ഒരു അംശം മാത്രമേ ആഭരണങ്ങൾക്കായി ഉപയോഗപ്പെടുത്താനാകൂ.
മുറിച്ചു മിനുസപ്പെടുത്തുന്നതിനു മുമ്പായി വജ്രങ്ങളെ വലിപ്പം, സ്ഫുടത, നിറം, ആകൃതി എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിക്കേണ്ടതുണ്ട്. ആ സമയത്ത്, മിക്കവാറും എല്ലാ വജ്രങ്ങളിലും തന്നെ മാലിന്യങ്ങൾ ഉണ്ടാകും. പക്ഷേ ചിലപ്പോൾ വജ്രത്തിന്റെ ഒരു ഭാഗം കുറെയൊക്കെയോ അല്ലെങ്കിൽ മുഴുവനായോ മാലിന്യമില്ലാത്തതായിരുന്നേക്കാം. അങ്ങനെ ഉള്ളപ്പോൾ, മാലിന്യവിമുക്തമായ ഭാഗം ഒന്നുകിൽ പൊട്ടിച്ചെടുക്കുകയോ അല്ലെങ്കിൽ അറുത്തുമാറ്റുകയോ ചെയ്യുന്നു. വലിപ്പമേറിയതും വിലപിടിപ്പുള്ളതുമായ ഒരു കല്ലാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ, അതിൽ കൈവെക്കുന്നതിനു മുമ്പു ചിലപ്പോൾ മാസങ്ങളോളം തന്നെ ശിൽപ്പികൾ അതു വളരെ ശ്രദ്ധാപൂർവം പഠനവിധേയമാക്കുന്നു. ഇതു മനസ്സിലാക്കുക എളുപ്പമാണ്, കാരണം ഒരൊറ്റ കൈപ്പിഴ മതി അതിന്റെ വിലയിൽ വൻഇടിവു സംഭവിക്കാൻ അല്ലെങ്കിൽ കല്ല് മൊത്തത്തിൽ ഉപയോഗശൂന്യമാകാൻ.
ഒടുവിൽ, വജ്രത്തെ മിനുസപ്പെടുത്തുന്നു. ഇങ്ങനെ അതിന്റെ ആകൃതിക്കു ചേരുന്ന ഒളിമുഖങ്ങൾ (facets) അതിനു ലഭിക്കുന്നു. ഈ ഒളിമുഖങ്ങൾ പ്രകാശം പ്രതിഫലിപ്പിക്കുന്നതിനുള്ള വജ്രത്തിന്റെ പ്രാപ്തി സമ്പുഷ്ടമാക്കുന്നു. അങ്ങനെ അതിന് ഇത്രയധികം ജനപ്രീതി നേടിക്കൊടുക്കുന്ന ഉജ്ജ്വലകാന്തി കൈവരുന്നു.
അടുത്ത തവണ നിങ്ങൾ ഉജ്ജ്വലശോഭയുള്ളതും വശ്യമനോഹരവുമായ ഒരു രത്നം കാണുമ്പോൾ, ഖനകരുടെ കഠിനാധ്വാനവും അതീവ കൃത്യതയോടെ അവ രൂപപ്പെടുത്തിയെടുത്ത ശിൽപ്പികളുടെ വൈദഗ്ധ്യവും ഓർമിക്കുക. അവരെ കൂടാതെ ഒരു വജ്രത്തിന്, അനാകർഷകമായ കല്ലിൽ നിന്ന് അഴകുറ്റ ഒരു രത്നമായി മാറാൻ ഒരിക്കലും കഴിയില്ലായിരുന്നു.
[അടിക്കുറിപ്പ്]
a ഒരു ഗ്രാമിന്റെ അഞ്ചിലൊന്നാണ് ഒരു കാരറ്റ്.