മരതകം രത്നങ്ങളിൽ വളരെ അമൂല്യമായത്
തി ളങ്ങുന്ന പച്ച നിറമുള്ള അമൂല്യമായ മരതകം കിരീടങ്ങളെ അലങ്കരിച്ചിട്ടുണ്ട്. ചില പുരാതന രാജാക്കന്മാരുടെ രാജകീയ സിംഹാസനങ്ങൾക്കു പകിട്ടേകാനും അവ ഉപയോഗിക്കപ്പെട്ടിരുന്നു. മുമ്പെന്നത്തെയും പോലെ ഇന്നും അവ സമ്പത്തിന്റെയും പ്രതാപത്തിന്റെയും ചിഹ്നമാണ്.
ലോകമെമ്പാടും വജ്രത്തെക്കാൾ വിലയേറിയതായി കണക്കാക്കപ്പെടുന്നതു മരതകം ആണ്. മാണിക്യത്തിനു മാത്രമാണു പൊതുവെ അതിനെക്കാൾ വിലയുള്ളത്. എന്നിരുന്നാലും, “കാരറ്റിന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്താൽ ഗുണമേന്മയേറിയ മരതകങ്ങളാണു ലോകത്തിലെ ഏറ്റവും വിലയേറിയ രത്നങ്ങൾ” എന്നാണു ഭൂഗർഭശാസ്ത്ര വിദഗ്ധനായ ടെറി ഓട്ടവേയുടെ അഭിപ്രായം. ഗുണമേന്മയെ ആശ്രയിച്ച്, നിങ്ങളുടെ കൈയിൽ ഒതുങ്ങുന്നതും മൂന്നു ഗ്രാം വലുപ്പമുള്ളതുമായ ഒരു മരതകത്തിനു പത്തു ലക്ഷം ഡോളർ വരെ വില വന്നേക്കാം!
അതിന് ഇത്രയും വില വരാനുള്ള ഒരു കാരണം ദൗർലഭ്യമാണ്. അവ ഒരുതരം ഗോമേദക പരലുകളാണ്. സാധാരണ മൂലകങ്ങളായ അലുമിനിയവും സിലിക്കണും വിരള മൂലകമായ ബെറീലിയവുമായി കൂടിച്ചേർന്നാണു മരതകം ഉണ്ടാകുന്നത്. അൽപ്പ മൂലകങ്ങളായ ക്രോമിയമോ വനേഡിയമോ ചെറിയ അളവിൽ ഉള്ളതാണു മരതകത്തിന്റെ ഉജ്വല പച്ചനിറത്തിനു കാരണം.
പുരാതന കാലം മുതൽ ഖനനം ചെയ്യപ്പെടുന്നു
ഈജിപ്തിൽ നിന്നായിരുന്നു ആയിരക്കണക്കിനു വർഷങ്ങളോളം ലോകത്തിലെ മരതകങ്ങൾ എല്ലാം ലഭിച്ചിരുന്നത്. കെയ്റോയുടെ തെക്കു കിഴക്കായി 700 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ‘ക്ലിയോപാട്രയുടെ ഖനിക’ളിൽ ആദ്യം ഈജിപ്തുകാരും പിന്നീട് റോമാക്കാരും തുർക്കികളും പണിയെടുത്തു. അത് എത്ര പ്രയാസമേറിയ ഒരു സംരംഭം ആയിരുന്നിരിക്കണം! ഭയങ്കരമായ മരുച്ചൂടും ഭൂഗർഭ ഖനികളിലെ പൊടിയും പുകയുമെല്ലാം നിമിത്തം തൊഴിലാളികൾക്കു കഠിനമായ ദുരിതങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. മാത്രവുമല്ല, നൈൽ നദി പ്രദേശത്തുനിന്നു സഞ്ചാര വ്യാപാരികളാണ് രത്നങ്ങളെല്ലാം പുറംലോകത്ത് എത്തിച്ചത്. സാഹചര്യങ്ങൾ അനുയോജ്യം ആയിരുന്നെങ്കിൽത്തന്നെ ഒരാഴ്ച യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. കഠിനമായ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും പൊ.യു.മു. 330 മുതൽ പൊ.യു. 1237 വരെ ഖനി പ്രവർത്തനം നിർവിഘ്നം തുടർന്നു.
പുരാതന നാളുകളിൽ ആളുകൾ മരതകം കിട്ടാൻ അതിയായി ആഗ്രഹിച്ചിരുന്നത് അവയുടെ മനോഹാരിതകൊണ്ടു മാത്രമായിരുന്നില്ല, അവയ്ക്കു മാന്ത്രികശക്തിയും രോഗങ്ങൾ സൗഖ്യമാക്കാനുള്ള കഴിവും ഉണ്ടെന്ന് അവർ കരുതിയിരുന്നതിനാലും ആയിരുന്നു. മരതകം പലതരം അസുഖങ്ങൾ ശമിപ്പിക്കുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു. അവയ്ക്കു പ്രത്യുത്പാദനത്തെയും സ്ത്രീകളിലുള്ള അഭിനിവേശത്തെയും സ്വാധീനിക്കാനാകും എന്നും കരുതപ്പെട്ടിരുന്നു. അപ്പോൾ ഈജിപ്തിനും മറ്റു രാജ്യങ്ങൾക്കും ഇടയിൽ—ഇന്ത്യവരെ പോലും—ശക്തവും ലാഭകരവും ആയ വാണിജ്യ ബന്ധങ്ങൾ വികസിച്ചുവന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ.
16-ാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശയിൽ സ്പാനിഷ് യോദ്ധാക്കൾ തെക്കേ അമേരിക്കയിൽ എത്തുന്നതു വരെ ഈ കുത്തക നിലനിന്നു. അതിനുശേഷം അധികം താമസിയാതെ, ഇന്നു കൊളംബിയ എന്ന് അറിയപ്പെടുന്ന ദേശം ഹിമേനേത്ത് തേസാത്താ കീഴടക്കി. ഏതാനും വർഷം കഴിഞ്ഞ് 1558-ൽ സ്പെയിൻകാർ മൂസോയിലെ ഒരു ഖനി കണ്ടുപിടിച്ചു. അവിടെനിന്നു കിട്ടിയ മരതകങ്ങൾ ഗുണമേന്മയിലും വലുപ്പത്തിലും മികവുറ്റതായിരുന്നു.
പെട്ടെന്നുതന്നെ, ഖനികളുടെ നിയന്ത്രണം പിടിച്ചെടുത്ത സ്പെയിൻകാർ പ്രാദേശിക നിവാസികളെ അടിമകളാക്കി രത്നങ്ങൾ കുഴിച്ചെടുക്കുന്ന ക്ഷീണിപ്പിക്കുന്നതും അപകടകരവുമായ ജോലി അവരെക്കൊണ്ടു ചെയ്യിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ നല്ല വലുപ്പമുള്ളതും കാര്യമായ ന്യൂനതകൾ ഒന്നും ഇല്ലാത്തതുമായ നല്ല മരതകങ്ങൾ യൂറോപ്പിലേക്കു പ്രവഹിച്ചു. അവയിൽ പലതും വന്നെത്തിയത് ഒട്ടോമാൻ തുർക്കികളുടെയും പേർഷ്യൻ ഷാമാരുടെയും കൈകളിലാണ്. എന്തിന്, ഇന്ത്യയിലെ രാജവംശങ്ങൾക്കുപോലും അവ ലഭിച്ചിരുന്നു. അമൂല്യങ്ങളായ നിരവധി ആഭരണ ശേഖരങ്ങളിലെ മുഖ്യ വസ്തു ആയിത്തീർന്ന ഈ രത്നക്കല്ലുകളിൽ അലങ്കാരവും ആലേഖനങ്ങളും ഉണ്ടായിരുന്നു.
കനത്ത സുരക്ഷ ഫലരഹിതം
ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകളാണ് കല്ലുപോലെ കടുത്ത ഭൂമിയിൽ നിന്നു വളരെ കഷ്ടപ്പെട്ട് ഇന്ന് ഈ രത്നങ്ങൾ കുഴിച്ചെടുക്കുന്നത്. അത് പത്രപ്രവർത്തകനായ ഫ്രെഡ് വാർജ് പിൻവരുന്ന പ്രകാരം പറയാൻ ഇടയാക്കി: “ഈ കല്ലുകൾ കണ്ടെത്തുന്നവരിൽ ഭൂരിഭാഗത്തിനും അത്തരം ഒരു രത്നം ധരിക്കാൻ വേണ്ടത്ര പണം സ്വരൂക്കൂട്ടുന്നതു സങ്കൽപ്പിക്കാൻ പോലും കഴിയുകയില്ല എന്നതു മരതക വ്യവസായത്തിലെ വേദനയേറിയ വിരോധാഭാസങ്ങളിൽ ഒന്നാണ്.” രത്നം ഒളിപ്പിച്ചു കടത്താനുള്ള തൊഴിലാളികളുടെ ആഗ്രഹം ഏറെക്കുറെ അപ്രതിരോധ്യം ആയതിനാൽ മിക്ക ഖനികൾക്കും സ്വന്തം സുരക്ഷാ സേനകൾ ഉണ്ട്. സദാ ജാഗരൂകരായി നിൽക്കുന്ന കാവൽക്കാരുടെ മെഷീൻ ഗൺ മുനയിലാണ് തൊഴിലാളികൾ കഠിനാധ്വാനം ചെയ്തു കുഴിക്കുന്നതും രത്നങ്ങൾ മിനുക്കുന്നതും.
ഈ ക്രമീകരണങ്ങൾ ഒക്കെ ഉണ്ടെങ്കിലും ലോകവ്യാപക മരതക വ്യാപാരത്തിൽ കൂടുതലും നിയമവിരുദ്ധമായി നടക്കുന്നു എന്നാണു വിദഗ്ധ അഭിപ്രായം. “രേഖകൾ ഇല്ലാതെയും നികുതി അടയ്ക്കാതെയും ഒളിച്ചും അതുപോലെതന്നെ കരിഞ്ചന്തയിൽ പൂഴ്ത്തിവെച്ചുമാണ് മരതക വിൽപ്പനയിൽ ഏറെയും നടത്തുന്നത്. ഉയർന്ന ഗുണനിലവാരമുള്ള ഏതാണ്ട് എല്ലാ മരതകങ്ങളും എപ്പോഴെങ്കിലും നിയമവിരുദ്ധമായി കയറ്റിറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ട്,” നാഷണൽ ജിയോഗ്രഫിക് മാസിക പറയുന്നു.
വാങ്ങുന്നവർ ശ്രദ്ധിക്കുക!
അവ രൂപംകൊള്ളുന്ന വിധം നിമിത്തം മരതക ക്രിസ്റ്റലുകൾക്കു സ്വാഭാവികവും ആന്തരികവുമായ ധാരാളം ന്യൂനതകൾ ഉണ്ട്. അവയെ ‘ഇൻക്ലൂഷൻസ്’ എന്നു വിളിക്കുന്നു. ഈ ന്യൂനതകൾ രത്നത്തിന്റെ ബാഹ്യപ്രതലത്തിലേക്ക് ഉണ്ടായാൽ വിള്ളലുകൾപോലെ കാണപ്പെടും. തന്മൂലം അതിന്റെ ഭംഗി കുറയുന്നു, അതുപോലെ മൂല്യവും വളരെ താഴുന്നു. എന്നാൽ, ന്യൂനതകൾ ഉള്ള ഇത്തരം രത്നങ്ങൾ ശുചിയാക്കി പോളിഷ് ചെയ്ത ശേഷം ചൂടുള്ള ദേവദാരു എണ്ണയിലോ പനയെണ്ണയിലോ മുക്കി നൂറ്റാണ്ടുകളോളം ഇടപാടുകാർ അതിന്റെ കുഴപ്പങ്ങൾ മറച്ചുവെച്ചിട്ടുണ്ട്. ചൂടാക്കുമ്പോൾ കല്ലിന്റെ വിടവുകളിൽനിന്നു വായു പുറത്തു പോകുന്നു, അപ്പോൾ ആ വിടവു കാണാനാകാത്ത വിധത്തിൽ എണ്ണ അവിടെ പിടിക്കുന്നു. എന്നിട്ട് ഇവയെ ഒന്നാന്തരം രത്നങ്ങളെന്ന വ്യാജേന വിൽക്കുന്നു. എന്നാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ എണ്ണ ബാഷ്പമായി പോകും. അപ്പോൾ ഈ വിടവുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏറെ ധർമസങ്കടത്തിനും ഹൃദയ വേദനയ്ക്കും ഇടയാക്കുന്ന സംഗതിയാണത്.
രത്നങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ അനുകരണ രത്നങ്ങളും ഉണ്ടെന്നു തിരിച്ചറിയണം. പോളിഷ് ചെയ്തതും മുറിച്ചെടുത്തതുമായ പച്ച നിറത്തിലുള്ള സ്ഫടിക കഷണങ്ങൾ മരതകമാണെന്നു പറഞ്ഞു വിൽക്കുന്ന രീതി മധ്യയുഗത്തോടെ സർവസാധാരണം ആയിത്തീർന്നു. വർഷങ്ങളിലുടനീളം, തങ്ങൾ സ്വന്തമാക്കി വെച്ചിരിക്കുന്നത് അനുകരണ വസ്തുവാണെന്ന് അറിയാതെ അനേകം ആളുകൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതു യഥാർഥ രത്നമാണെന്നാണ് അവർ ധരിച്ചിരുന്നത്. നാഷണൽ ജിയോഗ്രഫിക് നിരീക്ഷിക്കുന്നു: “പൊതുജനങ്ങളെ പോലെ വിദഗ്ധർക്കും ചതി പറ്റിയിട്ടുണ്ട്.” എന്നുവരികിലും, ഒരു രത്നം ശരിക്കുള്ള മരതകമാണോ എന്ന് ഉറപ്പുവരുത്താൻ രത്നവിദഗ്ധനെ സഹായിക്കുന്ന പരിശോധനാ രീതികൾ ഇന്നു നിലവിലുണ്ട്.
മനുഷ്യന്റെ അത്യാഗ്രഹം മരതകത്തിന്റെ പ്രതിച്ഛായയ്ക്കു കുറച്ചൊക്കെ മങ്ങൽ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും അവ ഇപ്പോഴും മനോഹരമാണ്, ദുർലഭമാണ്, അമൂല്യമാണ്. ദൈവസൃഷ്ടിയിലെ ഒരു അമൂല്യ അത്ഭുതമായി അവ ഇപ്പോഴും അവശേഷിക്കുന്നു.
[25-ാം പേജിലെ ചിത്രം]
എല്ലാ മരതകങ്ങളും: S. R. Perren Gem and Gold Room, Royal Ontario Museum; Ancient Egypt Gallery, Royal Ontario Museum