കീടനാശിനികൾ—വെറും കീട നാശിനികളോ?
ബ്രസീലിലെ ഉണരുക! ലേഖകൻ
“നോക്കിക്കേ, യാതൊരു കുഴപ്പവുമില്ല,” ദക്ഷിണ ബ്രസീലിലുള്ള തന്റെ മരച്ചീനി തോട്ടത്തിലേക്കു നോക്കിക്കൊണ്ട് കർഷകനായ ഡോമീങോസ് ദോസ് സാന്റോസ് പറഞ്ഞത് അങ്ങനെയാണ്. സംതൃപ്തൻ ആയിരിക്കാൻ അദ്ദേഹത്തിനു കാരണമുണ്ട്. അവയുടെ ഇലകൾ ഉപദ്രവകാരികളായ കീടങ്ങളുടെ ആക്രമണ ബാധയേൽക്കാത്തതായി കാണപ്പെട്ടു. കീടനാശിനികളുടെ മറ്റൊരു നേട്ടം, അല്ലേ? അല്ല. “കഴിഞ്ഞ വർഷവും ഈ വർഷവും ഒരു തുള്ളി കീടനാശിനി പോലും എനിക്കു വാങ്ങേണ്ടിവന്നില്ല,” ഡോമീങോസ് പറയുന്നു.
തങ്ങളുടെ വിള സംരക്ഷിക്കുന്നതിനു രാസ കീടനാശിനികൾ ഉപയോഗിക്കാൻ വിസമ്മതിക്കുന്ന കർഷകരുടെ എണ്ണം വർധിച്ചുവരുന്നു, അതിൽ ഡോമീങോസും പെടും.a പകരം, രാസ വിഷങ്ങളുടെ ഉപയോഗം ഒഴിവാക്കുന്ന അല്ലെങ്കിൽ ഉപയോഗം കുറയ്ക്കുന്ന രീതികളാണ് അവർ അവലംബിക്കുന്നത്. “എന്തു രീതികൾ?” ബ്രസീലിലെ സാവൊ പൗലോ നഗര പ്രാന്തത്തിലുള്ള ഒരു നാരകത്തോപ്പിൽ ചില പരീക്ഷണങ്ങൾ നടത്തുകയായിരുന്ന കൃഷി വിദഗ്ധനായ സാഡ്രൂ മ്യുള്ളറോടു ഞാൻ ചോദിച്ചു. “കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത് എന്താണ്?”
കീടനാശിനി പരിവൃത്തി
രാസ കീടനാശിനികൾ ഉപയോഗിക്കുന്നതിന്റെ ഒരു മോശമായ ഫലം വ്യക്തമാക്കാനായി സാഡ്രോ പറയുന്നു: “ഒരു പൊലീസ് സംഘം ഒരു കൂട്ടം ബാങ്കു കൊള്ളക്കാരുടെ പിന്നാലെ പായുന്നതായി വിചാരിക്കുക. രക്ഷപ്പെടാനായി കൊള്ളക്കാർ വളരെ തിരക്കുള്ള ഒരു ഓഫീസ് കെട്ടിടത്തിലേക്കു പാഞ്ഞുകയറുന്നു. കൊള്ളക്കാർ ജനക്കൂട്ടത്തിൽ മറഞ്ഞതുകൊണ്ട്, ഒരു ഹെലികോപ്റ്ററിൽ എത്തുന്ന പൊലീസ് ആ കെട്ടിടത്തിൽ വാതക ബോംബു വർഷിക്കുന്നു. അതു കൊള്ളക്കാരെ മാത്രമല്ല നിഷ്കളങ്കരായ ഓഫീസ് ജീവനക്കാരെയും കെട്ടിടത്തിനു കാവൽ നിൽക്കുന്നവരെയും കൊല്ലുന്നു. ഒരു കർഷകൻ തന്റെ വിളയിൽ കൂടെക്കൂടെ ശക്തിയുള്ള കീടനാശിനി തളിക്കുമ്പോൾ സംഭവിക്കുന്നത് ഏറെക്കുറെ ഇതിനോടു സമാനമാണ്. ഉപദ്രവകാരികളായ കീടങ്ങളെ അഥവാ കൊള്ളക്കാരെ അവർ കൊല്ലുന്നു, എന്നാൽ കുഴപ്പക്കാരല്ലാത്ത കീടങ്ങളും—കാവൽക്കാരും—കൊല്ലപ്പെടുന്നു.”
“അതു ശരിയായിരിക്കാം, പക്ഷേ വിളവു നശിക്കുകയില്ലല്ലോ,” ഞാൻ പറഞ്ഞു. എന്നാൽ വിവേചനയില്ലാതെ കീടനാശിനി ഉപയോഗിക്കുമ്പോൾ ഉപദ്രവകരമായ ഒരു പരിവൃത്തിക്കു തിരികൊളുത്തുകയാണു ചെയ്യുന്നത് എന്ന് സാഡ്രോ വ്യക്തമാക്കുന്നു. അതെങ്ങനെ? ചില കീടങ്ങൾ ചില കീടനാശിനികൾക്കെതിരെ പ്രതിരോധം നേടിക്കൊണ്ട് അതിജീവിക്കുന്നു. തുടർന്ന് അവയുടെ വിളയാട്ടമാണ്. കാരണം കർഷകന്റെ കീടനാശിനി പ്രയോഗത്തിന്റെ ഫലമായി ‘സുരക്ഷാപാലകർ’ അഥവാ ഉപകാരികളായ കീടങ്ങൾ നശിച്ചുപോയല്ലോ.
ധാരാളം ഭക്ഷണവും അതുപോലെതന്നെ പ്രകൃതി ശത്രുക്കളുടെ അഭാവവും നിമിത്തം കീടനാശിനികൾക്കെതിരെ പ്രതിരോധ ശേഷിയുള്ള കീടങ്ങളുടെ എണ്ണം പതിന്മടങ്ങു വർധിക്കുന്നു. അതു വീണ്ടും കീടനാശിനി പ്രയോഗിക്കാൻ കർഷകനെ പ്രേരിപ്പിക്കുന്നു, ഒരുപക്ഷേ വീര്യം കൂടിയ ഒന്നായിരിക്കാം ഇത്തവണ അദ്ദേഹം പ്രയോഗിക്കുന്നത്. തെക്കേ അമേരിക്കയിലെ ചില പയർ തോട്ടങ്ങളിൽ ആഴ്ചതോറും കർഷകർ മരുന്നടിക്കുന്നു. അതിന്റെ പരിണത ഫലമോ? “നിങ്ങൾ കീടനാശിനി വിതച്ചാൽ കൊയ്യുന്നതു വിഷം ആയിരിക്കും” എന്ന് ഒരു കർഷകൻ പറഞ്ഞു.
കീടനാശിനികൾ ഉപയോഗിക്കാതിരിക്കുന്നത് ഏറെ ദോഷം വരുത്തുമോ?
കീടങ്ങളെ തുരത്താനായി രാസവിഷങ്ങൾ പ്രയോഗിക്കുന്ന വ്യക്തി അയാളെത്തന്നെ വിഷലിപ്തനാക്കുന്നു എന്നു ഗവേഷണം സൂചിപ്പിക്കുന്നു. ബ്രസീലിൽ മാത്രം ഓരോ വർഷവും ഏതാണ്ട് 7,00,000 ആളുകൾക്ക്—ഓരോ 45 സെക്കൻഡിലും ശരാശരി ഒരാൾക്കു—കീടനാശിനികളിൽനിന്നു വിഷബാധ ഏൽക്കുന്നെന്നു ഗിയ റൂറാൽ എന്ന മാസിക റിപ്പോർട്ടു ചെയ്തു! അപകടകാരികളായ കീടനാശിനികളുമായി സമ്പർക്കത്തിൽ വരുന്നതുമൂലം ലോകവ്യാപകമായി ഓരോ വർഷവും 2,20,000 ആളുകൾ മരിക്കുന്നെന്നു ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. ഇതിനുപുറമേ, കീടനാശിനികൾ നമ്മുടെ പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നു.
രാസവിഷത്തിന്റെ ഒരു പാത്രം തുറക്കുന്നതു പ്രശ്നങ്ങളുടെ ഒരു ഭണ്ഡാരപ്പെട്ടി തുറക്കുന്നതു പോലെ ആണ് എന്നു ചിലർ കരുതുന്നു. എന്നാൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ അതു പ്രയോഗിക്കാതിരിക്കുന്നതാണ് ഏറെ ദോഷം ചെയ്യുന്നത്. അവരുടെ വാദം ഇങ്ങനെയാണ്: കീടനാശിനി പ്രയോഗിച്ചാൽ ഭക്ഷണം ഉണ്ടാകും, ഇല്ലെങ്കിൽ പട്ടിണിയും. ജനസംഖ്യ വർധിക്കുകയും കൃഷിയോഗ്യമായ ഭൂമി ചുരുങ്ങുകയുമല്ലേ? ഒരു ആഗോള ഭക്ഷ്യക്ഷാമം തടയണമെങ്കിൽ, വിനാശകാരികളായ പ്രാണികളിൽനിന്നു വിളയെ സംരക്ഷിക്കേണ്ടതുണ്ട്.
കീടങ്ങൾ ഒരു വലിയ പ്രശ്നം തന്നെ സൃഷ്ടിക്കുന്നുണ്ട് എന്നതു വ്യക്തമാണ്. എന്നുവരികിലും സന്തോഷകരമെന്നു പറയട്ടെ, വലിയ അളവിൽ രാസവിഷങ്ങൾ പ്രയോഗിക്കുന്നതിനെക്കാൾ മെച്ചമായ ഒരു മാർഗമുണ്ടെന്നു ലോകവ്യാപകമായി നിരവധി കർഷകർ തിരിച്ചറിയുകയാണ്. ഏകീകൃത കീട നിയന്ത്രണം എന്നാണ് ഇത് അറിയപ്പെടുന്നത്.
ഏകീകൃത കീട നിയന്ത്രണം—ഒരു പകര രീതി
“എന്താണ് ഏകീകൃത കീട നിയന്ത്രണം?” പിറാസിക്കാബയിലെ സാവൊ പൗലോ സർവകലാശാലയിലെ പ്രാണിശാസ്ത്ര വിഭാഗത്തിന്റെ തലവനും പ്രകൃതി കീട നിയന്ത്രണ ഗവേഷകനുമായ പ്രൊഫസർ ഇവോനിയൂ ബെർട്ടി ഫില്യൂവിനോടു ഞാൻ ചോദിച്ചു. കീടനാശിനി പ്രയോഗം പരമാവധി കുറയ്ക്കുകയും ഉപദ്രവകാരികളായ കീടങ്ങളെ മാത്രം നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിക്കുകയും ചെയ്യുകയാണ് ഏകീകൃത കീട നിയന്ത്രണത്തിന്റെ ലക്ഷ്യമെന്നു പ്രൊഫസർ ബെർട്ടി വിശദീകരിച്ചു. രാസവിഷങ്ങളുടെ നിയന്ത്രിത ഉപയോഗവും അനുബന്ധ പ്രകൃതിദത്ത കീടനിയന്ത്രണ രീതികളും ഉൾപ്പെട്ടതാണ് ഇത്.
വ്യത്യസ്ത വിളകൾ മാറിമാറി കൃഷി ചെയ്യുന്നതാണ് അത്തരം ഒരു രീതി. ഉദാഹരണത്തിന്, ഒരു കർഷകൻ വർഷം തോറും ചോളവും ബീൻസും മാറിമാറി കൃഷി ചെയ്തേക്കാം. അങ്ങനെയാകുമ്പോൾ ബീൻസ് തിന്നാത്തതും അതേസമയം ചോളം തിന്നുന്നതുമായ കീടങ്ങൾ നശിക്കും അല്ലെങ്കിൽ ചോളമുള്ള മേഖലകളിലേക്ക് അവ മാറും. തുടർന്ന് അടുത്ത പ്രാവശ്യം ചോളം കൃഷി ചെയ്യുമ്പോൾ അതിനെ ആക്രമിക്കുന്ന കീടങ്ങൾ അധികവും അവിടെ നിന്നു മാറിപ്പോയിട്ടുണ്ടാകും—കുറച്ചു കാലത്തേക്കെങ്കിലും. ചോളം ഭക്ഷണമാക്കുന്ന കീടങ്ങൾ കൂട്ടത്തോടെ വരുമ്പോഴേക്കും അടുത്ത ഇനം കൃഷി ചെയ്യാനുള്ള സമയം ആകും, അപ്പോൾ അവ അവിടെനിന്നു വീണ്ടും കെട്ടുകെട്ടും.
ഏകീകൃത കീട നിയന്ത്രണത്തിന്റെ മറ്റൊരു ഘടകമാണു ജൈവനിയന്ത്രണം. കീടങ്ങളുടെ പ്രകൃതി ശത്രുക്കളായ പ്രാണികൾ, ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയെ കർഷകർ വളർത്തുന്നത് ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ബാക്യുലോ വൈറസ് എന്ന ഒരു വൈറസ് പിടിപെട്ടപ്പോൾ ധാരാളം ശലഭപ്പുഴുക്കൾ ചത്തൊടുങ്ങിയതായി ബ്രസീലിലെ ഗവേഷകർ നിരീക്ഷിച്ചു. ഈ വൈറസ് മനുഷ്യർക്ക് ഉപദ്രവം വരുത്താത്തതിനാൽ, അവ കലർത്തിയ ദ്രാവകം തളിക്കുന്നത് സോയാബീനും മരച്ചീനി വിളയും തിന്നുന്ന ശലഭപ്പുഴുക്കൾക്ക് എതിരെയുള്ള ഒരു ജൈവ കീടനാശിനിയായി വർത്തിക്കും എന്ന് അവർ കണ്ടെത്തി. അതു ഫലിക്കുകതന്നെ ചെയ്തു. ഈ ദ്രാവകം തളിച്ച വിളകൾ തിന്ന പുഴുക്കൾ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ചത്തൊടുങ്ങി. കൂടുതലായ ഒരു നേട്ടമെന്നേ പറയേണ്ടൂ, ചത്തൊടുങ്ങിയ ഈ പുഴുക്കൾ ഭാവി പോരാട്ടങ്ങൾക്കുള്ള സൗജന്യ ആയുധങ്ങളായും ഉതകുന്നു. അതെങ്ങനെ?
“ചത്തൊടുങ്ങിയ ഈ ശലഭപ്പുഴുക്കളെ കർഷകർ ഒരു യന്ത്രത്തിലിട്ട് അരച്ചെടുക്കുന്നു. ഇത് അരിച്ചു കിട്ടുന്ന ദ്രാവകം ഒരു ശീതികരണിയിൽ സൂക്ഷിക്കുന്നു” എന്നു പ്രൊഫസർ ബെർട്ടി വിശദീകരിച്ചു. വൈറസ് അടങ്ങിയ ഈ ദ്രാവകം ഉറയുമ്പോൾ കർഷകർ അത് ഉരുക്കിയെടുത്തു വെള്ളം ചേർത്തു വീണ്ടും വിളകളിൽ തളിക്കുന്നു.
ഈ ജൈവ കീടനാശിനികൾക്കു രാസവിഷങ്ങളെക്കാൾ വേഗത കുറവായിരുന്നേക്കാം. എങ്കിലും ഇതിന് 90 ശതമാനത്തോളം വിജയ നിരക്ക് ഉണ്ടെന്ന് ഒരു ഗവേഷകൻ പറയുന്നു.
കീടങ്ങളെ നേരിടൽ—ഒരു പ്രകൃതിദത്ത മാർഗം
വിനാശകാരികളായ കീടങ്ങളെ നേരിടാനായി ഉപയോഗപ്രദമായ കീടങ്ങളെ വളർത്തി എടുക്കുന്നതാണ് ജൈവ കീടനിയന്ത്രണത്തിന്റെ മറ്റൊരു പ്രധാന ഭാഗം. ഈ രീതിയിലുള്ള കീടനിയന്ത്രണം സംബന്ധിച്ചു കർഷകരെ ബോധവത്കരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ബ്രസീലിലും മറ്റിടങ്ങളിലും ഉള്ള കർഷകർ ഈ രീതി പ്രയോഗിക്കാൻ വിസമ്മതിക്കുന്നു. എന്തുകൊണ്ട്? കർഷകരെ സംബന്ധിച്ചിടത്തോളം, മനസ്സറിഞ്ഞു കീടങ്ങളെ വയലിൽ വിതറുന്നത് നഗരങ്ങളിലെ വീടുകളിൽ പാറ്റകളെ വിതറുന്നതുപോലെ വിവരമില്ലാത്ത ഏർപ്പാടാണ്. “മിക്ക കർഷകരുടെയും ദൃഷ്ടിയിൽ, എല്ലാ കീടങ്ങളും വിള തീനികളാണ്. അതുകൊണ്ട് അവ തങ്ങളുടെ കൃഷിയിടത്തിൽ ഉണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല,” പ്രൊഫസർ ബെർട്ടി എന്നോടു പറഞ്ഞു.
ചില കീടങ്ങൾ തങ്ങളുടെ മിത്രങ്ങൾ ആണെന്നു കർഷകർ തിരിച്ചറിയുമ്പോൾ മാത്രമേ ജൈവ കീടനിയന്ത്രണ രീതി പ്രചാരം നേടുകയുള്ളൂ എന്നതു വ്യക്തമാണ്. ഉദാഹരണത്തിന്, യു.എസ്.എ-യിലെ കാലിഫോർണിയയിൽ ഫലോത്പാദകർ 1800-കളുടെ അവസാനത്തിൽ ഇന്ദ്രഗോപങ്ങളെ (കീടങ്ങളെ തിന്നുന്ന പ്രാണികൾ) ഉപയോഗപ്പെടുത്തിയിരുന്നു. ആ സമയത്ത്, ഓസ്ട്രേലിയയിൽനിന്നു യാദൃച്ഛികമായി വന്നെത്തിയ ഉപദ്രവകാരികളായ കീടങ്ങൾ നാരകത്തോപ്പുകളെയും ഓറഞ്ചു തോട്ടങ്ങളെയും ആക്രമിച്ച് വാസ്തവത്തിൽ അവയെ ഉന്മൂലനം ചെയ്തിരുന്നെന്നു തന്നെ പറയാം. കീടങ്ങളെ നിയന്ത്രിച്ചുകൊണ്ട് കാലിഫോർണിയയിലെ നാരകത്തോപ്പുകളെ രക്ഷിക്കുന്നതിന് അവയെ തിന്നുന്ന പ്രാണികൾക്കു രണ്ടു വർഷത്തിൽ താഴെ മതിയായിരുന്നു!
വ്യതിരിക്ത നിയന്ത്രണ രീതി
ആശ്രയയോഗ്യരായ ‘സുരക്ഷാപാലകർ’ എന്ന നിലയിലുള്ള (ചെറിയ ജോയാന എന്നറിയപ്പെടുന്ന) ഷാവുനിന്യ ഇന്ദ്രഗോപത്തിന്റെ പങ്ക് ബ്രസീലിലെ ചില കർഷകർ ഇപ്പോൾ വീണ്ടും തിരിച്ചറിയുകയാണ്. “ഷാവുനിന്യ ഇന്ദ്രഗോപങ്ങളാണ് ഈ തോട്ടത്തിലെ ശത്രു കീടങ്ങളെ നശിപ്പിക്കുന്നത്” എന്ന് തന്റെ കീഴിലുള്ള ഓറഞ്ചു തോട്ടത്തിലൂടെ നടക്കവേ സാഡ്രൂ എന്നോടു പറഞ്ഞു. ഒരു ഓറഞ്ചു മരത്തിന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം തളിരിലകളുള്ള ഒരു കമ്പു താഴേക്കു വളച്ചു. പേനാ മുനയുടെ വലിപ്പമുള്ള, ചെറു സസ്യപ്പുഴുക്കൾ അഥവാ സസ്യപേനുകൾ അനങ്ങാതിരുന്നു സസ്യക്കറ വലിച്ചു കുടിക്കുകയായിരുന്നു.
എന്നുവരികിലും ഈ സസ്യപേനുകളെ ‘സുരക്ഷാപാലകർ’ ഭക്ഷണമാക്കിക്കൊള്ളും. ചിലതരം ഇന്ദ്രഗോപങ്ങൾ അവയുടെ ആയുസ്സിൽ 800 സസ്യപേനുകളെ വരെ തിന്നും. അതുപോരേ കാര്യാദികളെ മാറ്റിമറിക്കാൻ? “മതി, എന്നാൽ ഇന്ദ്രഗോപങ്ങൾക്കും മറ്റു പ്രകൃതിദത്ത ശത്രുക്കൾക്കും പെരുകാൻ ഇടം നൽകുംവിധം ഓറഞ്ചു മരങ്ങൾക്കിടയിൽ നിങ്ങൾ ധാരാളം പുല്ലും ചെടികളും വളർത്തേണ്ടതുണ്ട്,” സാഡ്രൂ പറഞ്ഞു. ജൈവ കീടനിയന്ത്രണ രീതികൾ പ്രയോഗിക്കുന്നതിനു മുമ്പ് ഈ തോട്ടത്തിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും രാസ കീടനാശിനികൾ തളിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴാകട്ടെ, ഇന്ദ്രഗോപങ്ങൾ പോലുള്ള പ്രകൃതിദത്ത ശത്രുക്കൾ ഉള്ളതിനാൽ, രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ മരുന്ന് അടിക്കേണ്ടതുള്ളൂ.
കർഷകർക്ക് ആശ്രയിക്കാൻ കഴിയുന്ന പ്രകൃതിദത്ത കീടങ്ങളിൽ ഒന്നു മാത്രമാണ് ഇന്ദ്രഗോപങ്ങൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന കീടനിയന്ത്രണ സേനയിലെ ഏതാനും ചില അംഗങ്ങളാണ് തേനീച്ച, കടന്നൽ, പക്ഷികൾ, എട്ടുകാലികൾ, തവളകൾ, മരത്തവളകൾ എന്നിവ. രാസവിഷ പ്രയോഗം ഒഴിവാക്കുന്നതിൽ മത്സ്യങ്ങൾ പോലും സഹായമേകുന്നു. എങ്ങനെ?
ചൈനയിൽ വെള്ളപ്പൊക്കം മൂലം നെൽവയലുകളിൽ മത്സ്യം കയറുകയുണ്ടായി. അതിനുശേഷം കീടനാശിനികളുടെ ആവശ്യം കുറഞ്ഞതായി കിയാങ്സൂ പ്രവിശ്യയിലെ നാൻകിങ്ങിൽ കൃഷി-വനം വകുപ്പിൽ ഗവേഷകനായ സിയാവൂ ഫാൻ റിപ്പോർട്ടു ചെയ്യുന്നു. കീടങ്ങളെ കുലുക്കി വെള്ളത്തിൽ ചാടിക്കാനായി കർഷകർ നെൽച്ചെടികളുടെ മുകളിലൂടെ ഒരു കയറു വലിക്കുന്നു. “പ്ലാന്റ് ഹോപ്പേഴ്സ് എന്ന ഇനം കീടങ്ങൾ നെൽച്ചെടിയിൽനിന്നു താഴെ വീഴുമ്പോൾ ചത്തതുപോലെ കിടക്കുന്നു. അതുകൊണ്ട് മത്സ്യങ്ങൾ അവയെ പെട്ടെന്നുതന്നെ വെട്ടിവിഴുങ്ങും” എന്നു ഫാൻ വിശദീകരിച്ചു.
കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നത് ഉപകാരികളായ കീടങ്ങൾ വർധിക്കാൻ ഇടയാക്കുന്നു. കീടങ്ങൾക്കെതിരെ പോരാടുന്നതിൽ ഈ പ്രാണികൾ കീടങ്ങളെ തിന്നുന്ന മത്സ്യങ്ങളോടൊപ്പം ചേരുന്നു. ജൈവ കീടനിയന്ത്രണ രീതിയുടെ സഹായത്താൽ, വിഷകാരികളായ കീടനാശിനികളുടെ ബഹുലമായ ഉപയോഗം ഒരു കഴിഞ്ഞകാല സംഗതി ആയി മാറിയിരിക്കുകയാണ്. തന്മൂലം ആരോഗ്യത്തിനും പരിസ്ഥിതിക്കും കൈവരുന്ന പ്രയോജനങ്ങൾ പ്രകടമാണ്.
എന്നാൽ കർഷകർ ഏകീകൃത കീട നിയന്ത്രണം സ്വീകരിച്ചിരിക്കുന്നതു പരിസ്ഥിതിയെ നന്നാക്കാനല്ല, മറിച്ച് സമ്പത്തു വർധിപ്പിക്കാനാണ് എന്നതു സത്യം തന്നെ. കീടനാശിനികളുടെ ഉപയോഗം വെട്ടിക്കുറയ്ക്കുന്നതു പണം ലാഭിക്കുമല്ലോ, ഒപ്പം കൂടുതൽ ലാഭവും. ഏതു കാലത്തും ഏതു സ്ഥലത്തും അവലംബിക്കുന്നതിനുള്ള ഒരു പ്രേരക ഘടകവുമായി അതു വർത്തിക്കുന്നു. അതു മാത്രമല്ല, കൂടുതൽ സാമ്പത്തിക ലാഭം വിഷാംശം കുറഞ്ഞ വിളകൾക്കും നല്ല പരിസ്ഥിതിക്കും കളമൊരുക്കുന്നെങ്കിൽ, അപ്പോൾ ഏകീകൃത കീട നിയന്ത്രണം കർഷകർക്കും ഉപഭോക്താവിനും അതുപോലെതന്നെ പരിസ്ഥിതിക്കും പ്രയോജനങ്ങൾ കൈവരുത്തുന്നു. ഒരു നിരീക്ഷകൻ അഭിപ്രായപ്പെട്ടതുപോലെ, ഏകീകൃത കീട നിയന്ത്രണത്തിന്റെ പ്രയോഗത്തിലൂടെ “എല്ലാവരും പ്രയോജനങ്ങൾ കൊയ്യുന്നു.”
[അടിക്കുറിപ്പുകൾ]
a വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കീടനാശിനികളാണ് (1) പ്രാണി നാശിനികൾ, (2) കള നാശിനികൾ, (3) കുമിൾ നാശിനികൾ, (4) കരണ്ടുതീനി നാശിനികൾ. ഇവ ഓരോന്നും ഏതു ജീവികളെ നിയന്ത്രിക്കുന്നുവോ അവയുടെ പേരിനോടു ചേർത്താണ് അറിയപ്പെടുന്നത്.
[21-ാം പേജിലെ ചതുരം]
കീടനാശിനി ശേഖരം
ലോകവ്യാപകമായി ഇന്നുമുതൽ എല്ലാ കർഷകരും ഏകീകൃത കീട നിയന്ത്രണം പ്രയോഗിക്കാൻ തുടങ്ങിയാലും കീടനാശിനി പ്രശ്നം അങ്ങനെയൊന്നും പരിഹരിക്കപ്പെടുകയില്ല. വികസ്വര രാജ്യങ്ങളിൽ, മിച്ചംവന്ന 1,00,000 ടണ്ണിലധികം കീടനാശിനികൾ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക സംഘടന കണക്കാക്കുന്നത്. “ഈ ശേഖരത്തിൽ അധികവും സഹായ വ്യവസ്ഥയിൽ ലഭിച്ച കീടനാശിനികളുടെ ബാക്കിയാണ്” എന്ന് ‘ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി’ പ്രസിദ്ധീകരിച്ച നമ്മുടെ ഗ്രഹം (ഇംഗ്ലീഷ്) എന്ന മാസിക പറയുന്നു. വിനാശകാരികളായ പാഴ്വസ്തുവായി ഇപ്പോൾ കണക്കാക്കപ്പെടുന്ന ഡിഡിറ്റി-യുടെയും മറ്റു കീടനാശിനികളുടെയും വൻ ശേഖരം അതിൽ ഉൾപ്പെടുന്നു. അവയെ നീക്കം ചെയ്യുന്നില്ലെങ്കിൽ “വിപത്തു പ്രതീക്ഷിക്കാവുന്നതാണ്” എന്ന് നമ്മുടെ ഗ്രഹം അഭിപ്രായപ്പെടുന്നു.
എന്നുവരികിലും അവയെ നീക്കം ചെയ്ത് ഇല്ലാതാക്കുക എന്നതു ചെലവേറിയ ഒരു സംരംഭമാണ്. കുന്നുകൂടിയ രാസവിഷം നീക്കം ചെയ്യുന്നതിന് ആഫ്രിക്കയിൽ മാത്രം 10 കോടി ഡോളർ വേണ്ടിവന്നേക്കാം. അതിനുള്ള പണം ആരു മുടക്കും? രാസവിഷങ്ങൾ നൽകിയ രാജ്യങ്ങൾതന്നെ അതു ചെയ്യാനാണു ഭക്ഷ്യ-കാർഷിക സംഘടന ആഹ്വാനം ചെയ്യുന്നത്. എന്നുവരികിലും ഭക്ഷ്യ-കാർഷിക സംഘടന പറയുന്നതനുസരിച്ച്, “അമിതമായി അല്ലെങ്കിൽ അനാവശ്യമായി ധാരാളം കീടനാശിനി പ്രദാനം ചെയ്യുന്നതിൽ മിക്കപ്പോഴും പങ്കു വഹിച്ചിട്ടുള്ള കീടനാശിനി നിർമാണ കമ്പനികളിൽനിന്നും സഹായം തേടേണ്ടതുണ്ട്.” എന്നാൽ ഇതുവരെ ഈ കമ്പനികൾ “പഴയ കീടനാശിനി ശേഖരം നീക്കം ചെയ്യുന്നതിലേക്കു സാമ്പത്തിക സംഭാവന ചെയ്യാൻ കൂട്ടാക്കിയിട്ടില്ല.”
[22-ാം പേജിലെ ചതുരം]
വ്യതിയാനം വരുത്തിയ ചെടികൾ—എന്തുകൊണ്ട് വിവാദപരം?
കീടങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിലെ മറ്റൊരു ആയുധമാണ് ജൈവ സാങ്കേതിക വിദ്യ. ഡിഎൻഎ തന്മാത്രയുടെ ആന്തര ഘടനയെ കുറിച്ചുള്ള മനുഷ്യന്റെ അറിവു വർധിക്കുന്നതിനാൽ, വ്യത്യസ്ത വർഗങ്ങളുടെ ഡിഎൻഎ ഭാഗങ്ങൾ സംയോജിപ്പിച്ച് കീട പ്രതിരോധശേഷിയുള്ള സസ്യങ്ങൾ വികസിപ്പിച്ചെടുക്കാൻ ഗവേഷകർക്കു സാധിച്ചിട്ടുണ്ട്.
ചോളമാണ് ഒരു ഉദാഹരണം. മറ്റൊരു സ്രോതസ്സിൽനിന്ന് എടുത്ത ഒരു ജീൻ ജനിതക എഞ്ചിനീയർമാർ ചോളത്തിന്റെ ഡിഎൻഎ-യിൽ സ്ഥാപിച്ചു. കീടങ്ങൾക്കു മാരകമായ ഒരു ജീവകത്തെ ഈ ജീൻ ഉത്പാദിപ്പിച്ചു. അതിന്റെ ഫലമോ, കീടബാധയെ പ്രതിരോധിക്കുന്ന ജനിതക വ്യതിയാനം വരുത്തിയ ചോളം.
എന്നുവരികിലും ഇത്തരം സസ്യങ്ങൾ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നു. ഇവ ആളുകളെ രോഗികൾ ആക്കിയേക്കാം അല്ലെങ്കിൽ തഴച്ചുവളരുന്ന കളകളായി അവ മാറിയേക്കാം എന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. കീടനാശക ജീനോടു കൂടിയ സസ്യങ്ങൾ കീടങ്ങളുടെ പ്രതിരോധശേഷിയെ വർധിപ്പിച്ചേക്കാം എന്നു ചില ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. “ജനിതക എഞ്ചിനീയറിങ്ങിനോടുള്ള നമ്മുടെ അഭിനിവേശത്തെ നാം വരുതിയിൽ നിറുത്തണം” എന്നാണു പ്രാണിവിജ്ഞാനിയായ ബെർട്ടിയുടെ മുന്നറിയിപ്പ്. “കീടനാശിനികളെ അത്ഭുതങ്ങളെന്ന് പാടിപ്പുകഴ്ത്തിയ 1950-കളിൽ ജനം എത്രമാത്രം ആവേശഭരിതർ ആയിരുന്നു എന്ന് ഒന്നു ചിന്തിക്കുക. എന്നാൽ അതിന്റെ സത്യാവസ്ഥ ഇന്നു നമുക്ക് അറിയാം. അത്ഭുത കീടനാശിനികൾ അത്യത്ഭുത പ്രാണികളെ സൃഷ്ടിച്ചിരിക്കുന്നു. ജനിതക അത്ഭുതങ്ങളെന്ന് ഇന്നു വിശേഷിപ്പിക്കപ്പെടുന്ന സസ്യങ്ങൾ എന്തൊക്കെ പ്രശ്നങ്ങൾ വരുത്തിവെച്ചേക്കാമെന്ന് ആർക്കറിയാം?”
എല്ലാ ജൈവസംബന്ധ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടാലും ശാസ്ത്രജ്ഞന്മാർ ജനിതക ഘടനയിൽ കൈകടത്തുന്നതിൽ ചിലർക്കു ധാർമികമായ ഉത്കണ്ഠയുണ്ട്. ജൈവ സാങ്കേതിക വിദ്യ പഴയ കീടനാശിനി പ്രശ്നങ്ങൾ പരിഹരിച്ചാലും സദാചാരപരമായ പുതിയ പ്രശ്നങ്ങൾ തലപൊക്കുമെന്നാണു ചിലർ വിചാരിക്കുന്നത്.
[23-ാം പേജിലെ ചിത്രം]
ഒരു ഇന്ദ്രഗോപം നൂറുകണക്കിനു കീടങ്ങളെ അകത്താക്കിയേക്കാം