എണ്ണപ്പന ബഹുമുഖ ഉപയോഗമുള്ള വൃക്ഷം
സോളമൻ ദ്വീപുകളിലെ ഉണരുക! ലേഖകൻ
ഗ്വാഡൽക്കനാൽ—പലരെയും സംബന്ധിച്ചിടത്തോളം ആ പേര് രണ്ടാം ലോക മഹായുദ്ധകാലത്തെ ഏറ്റവും കിരാതമായ ഒരു പോരാട്ടത്തിന്റെ പര്യായം ആണ്. എന്നാൽ ഇന്ന്, ഈ മുൻ രണഭൂമിയിലേക്കു മടങ്ങിയെത്തുന്ന ഏതൊരാളും വ്യത്യസ്തമായ ഒരു ദൃശ്യമായിരിക്കും കാണുക—എണ്ണിയാലൊടുങ്ങാത്തതു പോലെ കാണപ്പെടുന്ന വ്യൂഹങ്ങൾ. സൈന്യങ്ങളുടെയല്ല പിന്നെയോ പ്രൗഢിയേറിയ എണ്ണപ്പനകളുടെ.
എണ്ണപ്പനകൾ തഴച്ചുവളർന്നു നിൽക്കുന്ന ഈ മണ്ണിൽ ഒരിക്കൽ ടൺകണക്കിനു പൊട്ടാത്ത ബോംബുകളും അപകടകാരികളായ മറ്റു യുദ്ധ സാമഗ്രികളും മറഞ്ഞുകിടന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ യുദ്ധ സാമഗ്രികൾ നീക്കം ചെയ്ത് അവിടെ എണ്ണപ്പനകൾ നട്ടിരിക്കുകയാണ്. ഈ വൃക്ഷങ്ങൾ എങ്ങനെയാണു കൃഷി ചെയ്യപ്പെട്ടു തുടങ്ങിയത്? ഉയരം കൂടിയ ഈ മനോഹര വൃക്ഷം ബഹുമുഖ ഉപയോഗം ഉള്ളതാണ് എന്നു പറയുന്നത് എന്തുകൊണ്ടാണ്?
ഒരു സമ്പന്ന ചരിത്രം
എണ്ണപ്പനയോടു സദൃശമായ ഒരു വൃക്ഷത്തെ കുറിച്ചുള്ള ആദ്യത്തെ ആധുനിക വിവരണം, ആഫ്രിക്കയുടെ പശ്ചിമ തീരത്തു പര്യവേക്ഷണം നടത്തിയ വെനീസുകാരനായ ആൽവിസേ കാഡാമോസ്റ്റോ 15-ാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയതാണ്. ഏതാണ്ട് 500 വർഷം മുമ്പ് ആഫ്രിക്കക്കാരായ അടിമകൾ ഈ വൃക്ഷത്തിന്റെ കായ്കൾ അറ്റ്ലാന്റിക്കിന് അക്കരെയുള്ള രാജ്യങ്ങളിലേക്കു കൊണ്ടുപോയി. അങ്ങനെ, പനയെണ്ണ ഇന്നു ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സസ്യ എണ്ണകളിൽ ഒന്നായി മാറിയിരിക്കുന്നു. മറ്റു സസ്യങ്ങളെക്കാൾ കൂടുതൽ എണ്ണ എണ്ണപ്പനകൾ ഉത്പാദിപ്പിക്കുന്നു. മാത്രമല്ല, അത് ഒരു നിത്യ വിളയാണ്. 25 മുതൽ 30 വരെ വർഷം ഇതു കായും എണ്ണയും ഉത്പാദിപ്പിക്കും.
പനയെണ്ണയുടെ ഉത്പാദനത്തിലെ ഒരു സുപ്രധാന ഘടകം—വിശേഷിച്ചും വിദൂര പൗരസ്ത്യ ദേശത്തെ ചില സ്ഥലങ്ങളിൽ—1970-കളുടെ അവസാനത്തിൽ നടത്തിയ ഒരു കണ്ടുപിടിത്തമാണ്. എണ്ണപ്പനകളിൽ പരാഗണം നടത്തുന്നതു കാറ്റാണ് എന്നാണു മുമ്പു കരുതപ്പെട്ടിരുന്നത്. അതുകൊണ്ട് വിള മോശമായാൽ കാലാവസ്ഥയെ പഴിചാരുമായിരുന്നു. എന്നാൽ അടുത്തയിടെ നടത്തപ്പെട്ട ഒരു ഗവേഷണത്തിലൂടെ പരാഗണം നടത്തുന്നതു മുഖ്യമായും ഷഡ്പദങ്ങളാണ് എന്നു വെളിവായിരിക്കുന്നു! അതുകൊണ്ട് ഈ വൃക്ഷങ്ങളിൽ പരാഗണം നടത്താൻ കഴിയുന്ന ഷഡ്പദങ്ങളെ പശ്ചിമ ആഫ്രിക്കയിൽനിന്നു വിദൂര പൗരസ്ത്യ ദേശത്തേക്കു കൊണ്ടുവന്നതു പ്രയോജനപ്രദമാണെന്നു തെളിഞ്ഞിരിക്കുന്നു.
എണ്ണപ്പനയുടെ, ചുവപ്പു കലർന്ന ഓറഞ്ച് നിറമുള്ള കായ്കളിൽനിന്ന് രണ്ടു തരത്തിലുള്ള എണ്ണകൾ ലഭിക്കുന്നു. രണ്ടും ഒട്ടേറെ ഉത്പന്നങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവയിൽ ചിലതു നിങ്ങൾതന്നെ ഉപയോഗിക്കുന്നുണ്ടായിരിക്കാം. ഇവയെ കുറിച്ചു പരിചിന്തിക്കുന്നതിനു മുമ്പ് നമുക്ക് ഒരു പനയെണ്ണ മിൽ സന്ദർശിച്ച് എണ്ണ എങ്ങനെയാണ് എടുക്കുന്നത് എന്നു നോക്കാം.
സുവർണ ദ്രാവകം സംസ്കരിച്ചെടുക്കൽ
മില്ലിനോട് അടുക്കവേ, ടൂർ ഗൈഡ് നമ്മെ സ്വീകരിച്ച് അകത്തേക്കു കൊണ്ടുപോകുന്നു. നമുക്കു ചുറ്റും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണപ്പനയുടെ കായ് സംസ്കരിക്കുന്നതിലുള്ള ആദ്യ പടി അതു സിലിണ്ടർ ആകൃതിയിലുള്ള ഒരു കൂറ്റൻ ചൂളയിൽ ഇടുന്നതാണ് എന്നു ഗൈഡ് വിശദീകരിക്കുന്നു. ഓരോ പനങ്കുലയിലും ഈന്തപ്പഴത്തിന്റെ വലുപ്പത്തിലുള്ള 200-ഓളം കായ്കൾ തിങ്ങിനിറഞ്ഞിരിക്കുന്നു. ഈ ആവിച്ചൂളയിൽ കായ്കൾ അണുവിമുക്തമാക്കപ്പെടുന്നു. കൂടാതെ കായ്കളെല്ലാം അടർന്നുപോരാൻ പാകത്തിനാകുന്നു.
കായ്കൾ കുലയിൽനിന്ന് അടർത്തി എടുക്കുന്നതാണ് അടുത്ത പടി. ഇതിന് സ്ട്രിപ്പർ എന്ന ഒരു യന്ത്രമാണ് ഉപയോഗിക്കുന്നത്. കുലയിൽനിന്ന് അടർത്തി എടുക്കപ്പെട്ട കായ്കൾ പിന്നീട് ഒരു കൂറ്റൻ ബ്ലെൻഡറിൽ ഇടുന്നു. ഇതിൽവെച്ച് മാംസളമായ പുറംഭാഗവും കുരുവും വേർതിരിക്കപ്പെടും. അസംസ്കൃത എണ്ണ ലഭിക്കുന്നതിനായി ചകിരി കലർന്ന മാംസളമായ ഭാഗം ഒരു കൂറ്റൻ ചക്കിൽ ഇട്ടു പിഴിയുന്നു. ഇനി ശുദ്ധീകരിച്ചു കഴിഞ്ഞാൽ പനയെണ്ണ കയറ്റി അയയ്ക്കാൻ തയ്യാറായി.
മറ്റൊരു തരം എണ്ണയും ഉണ്ട്. കുരുവിൽനിന്നു ലഭിക്കുന്നത്. പരിപ്പ് എടുക്കുന്നതിന് എണ്ണപ്പനയുടെ കുരു ആദ്യംതന്നെ പൊട്ടിക്കേണ്ടതുണ്ട്. പിന്നീട് പരിപ്പു പിഴിഞ്ഞ് വിലയേറിയ ദ്രാവകം എടുക്കുന്നു. പരിപ്പെണ്ണ എന്നാണ് ഇതിനെ വിളിക്കുന്നത്.
പരിപ്പിന്റെ ചണ്ടി ഉപയോഗിച്ച് കന്നുകാലികൾക്കുള്ള പോഷകസമൃദ്ധമായ പിണ്ണാക്ക് ഉത്പാദിപ്പിക്കുന്നു. കായ്കൾ അടർത്തിയെടുത്ത ശേഷമുള്ള കുലകൾ വയലുകളിൽ വളമായി കൊണ്ടിടുന്നു. കായ്കളുടെ ചകിരിയും ചിരട്ടയും മില്ലിൽ ബോയിലറുകൾ കത്തിക്കാനുള്ള ഇന്ധനമായി ഉപയോഗിക്കുന്നു. തികച്ചും വിദഗ്ധമായ ഒരു പ്രവർത്തനംതന്നെ!
ഐസ്ക്രീമിൽനിന്നു ഫേസ്ക്രീമിലേക്ക്
സോയാബീൻ എണ്ണ കഴിഞ്ഞാൽ പിന്നെ ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതു പനയെണ്ണ ആണ്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “1700-കളിൽ ഇംഗ്ലീഷുകാർ പനയെണ്ണ ഔഷധമായും കയ്യിൽ പുരട്ടാനുള്ള ക്രീം ആയും ഉപയോഗിച്ചിരുന്നു.” ഇന്നാകട്ടെ അത് ഐസ്ക്രീം, മാർജരിൻ, സസ്യക്കൊഴുപ്പ്, പാചക എണ്ണ എന്നിവയിൽ മാത്രമല്ല സോപ്പുകൾ, കോസ്മെറ്റിക്കുകൾ എന്നിങ്ങനെയുള്ള ഭക്ഷ്യേതര വസ്തുക്കളിലും ഉപയോഗിക്കുന്നു.
മാർജരിനിലും ചോക്കലേറ്റ് പോലുള്ള മധുര പലഹാരങ്ങളിലും പരിപ്പെണ്ണ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പനയെണ്ണ കൊണ്ടുള്ള ഉപയോഗങ്ങൾ അവിടംകൊണ്ട് അവസാനിക്കുന്നില്ല. കൂടുതലായ സംസ്കരണത്തിനു ശേഷം പനയെണ്ണയുടെയും പരിപ്പെണ്ണയുടെയും ഘടകങ്ങൾ ഔഷധങ്ങൾ, സോപ്പുകൾ, ഡിറ്റർജന്റുകൾ, മെഴുകുതിരികൾ, എന്തിന് സ്ഫോടക വസ്തുക്കൾ പോലും ആയി മാറ്റിയെടുക്കുന്നു!
തീർച്ചയായും, സോളമൻ ദ്വീപുകളിൽ പനയെണ്ണ വളരെ പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഈ രാജ്യത്തുനിന്നു കയറ്റുമതി ചെയ്യുന്ന വസ്തുക്കളിൽ 13 ശതമാനവും ഈ വൃക്ഷത്തിൽനിന്നു വരുന്നതാണ് എന്ന വസ്തുത സമ്പദ്വ്യവസ്ഥയിന്മേൽ പോലും എണ്ണപ്പനയ്ക്കുള്ള പ്രഭാവത്തെ എടുത്തുകാട്ടുന്നു.
എണ്ണപ്പനയെ നോക്കി കൗതുകകരമായ ഒട്ടേറെ കാര്യങ്ങൾ നമുക്കു ഭാവനയിൽ കാണാൻ കഴിയും, അതിന്റെ കടുത്ത ഓറഞ്ച് നിറത്തിലുള്ള കായിൽനിന്നു തയ്യാറാക്കിയ ഉത്പന്നം ഐസ്ക്രീമിന്റെ രൂപത്തിൽ ഒരു കുട്ടിയുടെ വായിൽനിന്ന് ഒലിക്കുന്നതും ഏതെങ്കിലും മേക്കപ്പ് സാധനത്തിന്റെ രൂപത്തിൽ അവന്റെ അമ്മയുടെ മുഖത്ത് അതു സ്ഥാനം പിടിച്ചിരിക്കുന്നതും മറ്റും. അതേ, എണ്ണപ്പന ബഹുമുഖ ഉപയോഗമുള്ള ഒരു വൃക്ഷമാണ്. അതിന്റെ സമൃദ്ധമായ ഫലോത്പാദനത്തിനായി നമുക്കു കൃതജ്ഞതയുള്ളവർ ആയിരിക്കാം.
[27-ാം പേജിലെ ചതുരം/ചിത്രം]
ദിവസവും കൈകൊണ്ടു പറിച്ചെടുക്കുന്നത് രണ്ടു ടൺ
ഠക്. . . ഠക്. . . ഠക്. . . ഠക്! ജോലിക്കാർ എണ്ണപ്പനയിൽനിന്നു പനങ്കുലകൾ വെട്ടിയിടുന്ന ശബ്ദം അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുന്നു. ഇത്ര ഉയരത്തിൽനിന്ന് അവർ ഈ കായ്കൾ പറിച്ചെടുക്കുന്നത് എങ്ങനെയാണ്?
അറ്റത്ത് അരിവാൾ കെട്ടിയ ഒരു തോട്ടികൊണ്ട് നാലു നില കെട്ടിടത്തിന്റെ ഉയരമുള്ള വൃക്ഷങ്ങളിൽനിന്നു പോലും ജോലിക്കാർ പനങ്കുലകൾ വെട്ടിയിടുന്നു. ഒരാൾ ഒരു ദിവസം 80-നും 100-നും ഇടയ്ക്ക് പനങ്കുലകൾ വെട്ടിയിടും. എന്നിട്ട് കയറ്റിക്കൊണ്ടുപോകാനായി അവ റോഡരികിൽ കൊണ്ടുവെക്കും. ഓരോ പനങ്കുലയ്ക്കും ഏതാണ്ട് 25 കിലോ തൂക്കം കാണും. ഭാരിച്ച ചുമടുതന്നെ! ഒരു ടൺ പനയെണ്ണ ലഭിക്കാൻ നാലര ടൺ കായ്കൾ ആവശ്യമാണ്.