വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 3/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾവാ​യന പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്നു
  • ശിശുക്കൾ കേൾക്കു​ന്നത്‌
  • ശക്തരായ ചെള്ളുകൾ
  • ഒരുവ​നെ​ക്കാൾ ഇരുവർ ഏറെ നല്ലത്‌
  • ശബ്ദ പരിപാ​ല​നം
  • ടിബറ്റി​ലെ കാലാ​വസ്ഥാ നിരീ​ക്ഷ​ണം
  • റോമൻ ഗവൺമെൻറി​ന്റെ കെട്ടി​ട​സ​മു​ച്ചയം ഇസ്രാ​യേ​ലിൽനിന്ന്‌ കുഴി​ച്ചെ​ടു​ത്തു
  • ഔഷധ​മാ​യി ഉറുമ്പു​കൾ
  • “ഓഫീസ്‌ രോഗം”
  • ബ്രസീ​ലു​കാ​രായ യുവ വായന​ക്കാർ
  • പഞ്ചാബി​ക​ളും വൃക്കയി​ലെ കല്ലും
  • കസാവ ഇലകൾ—കോടിക്കണക്കിനാളുകൾക്കു ദൈനംദിന ഭക്ഷണം
    ഉണരുക!—1996
  • ഉറുമ്പായി വേഷംകെട്ടുന്ന ചിലന്തി
    ഉണരുക!—2002
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1997
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1994
കൂടുതൽ കാണുക
ഉണരുക!—1998
g98 3/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

ബൈബിൾവാ​യന പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്നു

അസോ​സി​യേ​റ്റഡ്‌ പ്രസ്സ്‌ റിപ്പോർട്ടു​ചെയ്‌ത ഒരു പഠനമ​നു​സ​രിച്ച്‌, ആഴ്‌ച​യിൽ ഒരിക്ക​ലെ​ങ്കി​ലും ബൈബിൾ വായി​ക്കുന്ന അമേരി​ക്ക​ക്കാർക്ക്‌ അതു വല്ലപ്പോ​ഴു​മൊ​രി​ക്കൽ വായി​ക്കു​ന്ന​വ​രെ​ക്കാൾ കൂടുതൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും അനുഭ​വ​പ്പെ​ടു​ന്നു, മാത്രമല്ല ജീവി​ത​ത്തിൽ കൂടുതൽ ഉദ്ദേശ്യ​മു​ള്ള​താ​യും കണ്ടെത്തു​ന്നു. ഇല്ലി​നോ​യ്‌സി​ലുള്ള മാർക്കറ്റ്‌ ഫാക്‌റ്റ്‌സ്‌ ഇൻക്‌, വ്യത്യസ്‌ത ജീവി​ത​തു​റ​ക​ളിൽനി​ന്നുള്ള പ്രായ​പൂർത്തി​യായ അമേരി​ക്ക​ക്കാ​രിൽ നടത്തിയ ഒരു സർവേ​യിൽ, പതിവാ​യി ബൈബിൾ വായി​ക്കുന്ന 90 ശതമാനം പേർ തങ്ങൾ എല്ലായ്‌പോ​ഴും അല്ലെങ്കിൽ മിക്ക​പ്പോ​ഴും മനസ്സമാ​ധാ​നം അനുഭ​വി​ക്കു​ന്നെന്ന്‌ അഭി​പ്രാ​യ​പ്പെ​ട്ട​പ്പോൾ, മാസത്തിൽ ഒരിക്കൽപ്പോ​ലും ബൈബിൾ വായി​ക്കാത്ത 58 ശതമാനം പേരേ അങ്ങനെ പ്രസ്‌താ​വി​ച്ചു​ള്ളൂ. കൂടാതെ, ക്രമമാ​യി ബൈബിൾ വായി​ക്കാത്ത 28 ശതമാനം പേർ മറ്റുള്ള​വ​രു​ടെ അംഗീ​കാ​രം നേടു​ന്നതു സംബന്ധിച്ച്‌ ഉത്‌ക​ണ്‌ഠ​യു​ള്ള​വ​രാ​ണെന്നു പറഞ്ഞ​പ്പോൾ, ക്രമമാ​യി ബൈബിൾ വായി​ക്കുന്ന 15 ശതമാനം പേരേ അങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടു​ള്ളൂ. പതിവാ​യി ബൈബിൾ വായി​ക്കാത്ത 22 ശതമാനം പേർ മരണ​ത്തെ​ക്കു​റി​ച്ചോർത്ത്‌ ചില​പ്പോ​ഴൊ​ക്കെ അല്ലെങ്കിൽ മിക്ക​പ്പോ​ഴും ആകുല​പ്പെ​ടു​ന്ന​താ​യി പറഞ്ഞ​പ്പോൾ പതിവാ​യി ബൈബിൾ വായി​ക്കുന്ന 12 ശതമാനം മാത്രമേ അങ്ങനെ പറഞ്ഞുള്ളൂ.

ശിശുക്കൾ കേൾക്കു​ന്നത്‌

ഒരു ശിശു കേൾക്കുന്ന വാക്കു​ക​ളു​ടെ എണ്ണവും സംസാ​ര​രീ​തി​യും, യുക്തി​സ​ഹ​മാ​യി ചിന്തി​ക്കാ​നും പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും സൈദ്ധാ​ന്തി​ക​മാ​യി ന്യായ​വാ​ദം ചെയ്യാ​നു​മുള്ള ആ ശിശു​വി​ന്റെ പ്രാപ്‌തി​യെ ബാധി​ക്കു​ന്നു​വെന്ന്‌ അടുത്ത കാലത്തു​നടന്ന ഗവേഷണം സ്ഥിരീ​ക​രി​ക്കു​ന്ന​താ​യി ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഉദ്യോ​ഗ​സ്ഥ​രു​ടെ മക്കൾ ഓരോ മണിക്കൂ​റി​ലും ശരാശരി 2,100 വാക്കുകൾ കേട്ട​പ്പോൾ തൊഴി​ലാ​ളി​ക​ളു​ടെ മക്കൾ 1,200 വാക്കു​ക​ളും ധനസഹാ​യം ലഭിക്കുന്ന മാതാ​പി​താ​ക്ക​ളു​ടെ മക്കൾ 600 വാക്കു​ക​ളും കേട്ടതാ​യി ഐയൊവ യൂണി​വേ​ഴ്‌സി​റ്റി​യിൽവെച്ചു നടത്തിയ ഒരു പഠനം കണ്ടെത്തി. പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ശകാരി​ക്കു​ക​യോ ഊഷ്‌മ​ള​മാ​യി സംസാ​രി​ക്കു​ക​യോ ആജ്ഞാപി​ക്കു​ക​യോ ചെയ്യു​മ്പോ​ഴത്തെ മാതാ​പി​താ​ക്ക​ളു​ടെ സംസാ​ര​രീ​തി​യും ശ്രദ്ധി​ക്കു​ക​യു​ണ്ടാ​യി. കേൾക്കുന്ന ശബ്ദവ്യ​തി​യാ​നങ്ങൾ, ‘4 വയസ്സാ​കു​മ്പോ​ഴേ​ക്കും പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും സൈദ്ധാ​ന്തി​ക​മാ​യി ന്യായ​വാ​ദം ചെയ്യാ​നു​മുള്ള ഓരോ കുട്ടി​യു​ടെ​യും പ്രാപ്‌തി​കളെ ആഴത്തിൽ സ്വാധീ​നി​ക്കു​ന്നു​വെന്ന്‌’ രണ്ടരവർഷത്തെ ഈ പഠനം പ്രകട​മാ​ക്കി. പരിപാ​ല​ന​ത്തി​നും ഭാഷാ പഠനത്തി​നും​വേണ്ടി ശിശുക്കൾ മുതിർന്ന​വരെ പൂർണ്ണ​മാ​യി ആശ്രയി​ക്കു​ന്ന​തി​നാൽ മനുഷ്യ ജീവി​ത​ത്തി​ലെ ആദ്യത്തെ മൂന്നു വർഷങ്ങൾ അനന്യ​മാ​ണെന്ന്‌ ഗവേഷ​ക​രി​ലൊ​രാ​ളായ ഡോ. ബെറ്റി ഹാർട്ട്‌ പ്രസ്‌താ​വി​ച്ചു.

ശക്തരായ ചെള്ളുകൾ

ആഫ്രി​ക്ക​യി​ലെ ഏകദേശം 20 കോടി ആളുക​ളു​ടെ ഒരു മുഖ്യാ​ഹാ​ര​മാണ്‌ കസ്സാവാ. ടൈഫ്‌ളോ​ഡ്രോ​മ​ലസ്‌ അരിപോ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു ചെറിയ ഇരപി​ടി​യൻ ചെള്ളിന്റെ സഹായ​ത്താൽ അവിടെ ഇപ്പോൾ കസ്സാവാ സുലഭ​മാണ്‌. ന്യൂ സയൻറിസ്റ്റ്‌ മാഗസിൻ പറയു​ന്ന​ത​നു​സ​രിച്ച്‌, ആഫ്രി​ക്ക​യി​ലെ കസ്സാവാ വിളവി​ന്റെ ഏതാണ്ട്‌ മൂന്നി​ലൊ​ന്നും നശിപ്പി​ക്കുന്ന, കസ്സാവ​യു​ടെ ലോക​ത്തി​ലെ ഏറ്റവും വിനാ​ശ​കാ​രി​ക​ളായ കീടങ്ങ​ളി​ലൊ​ന്നായ പച്ച എട്ടുകാ​ലി​ച്ചെ​ള്ളി​നെ​തി​രെ പോരാ​ടാൻ ബ്രസീ​ലിൽനിന്ന്‌ ഇറക്കു​മതി ചെയ്യ​പ്പെ​ട്ട​താണ്‌ ടി. അരിപോ. കസ്സാവാ സുലഭ​മാ​യുള്ള ഉത്തരപൂർവ ബ്രസീ​ലിൽ പച്ച എട്ടുകാ​ലി​ച്ചെ​ള്ളി​ന്റെ ഉപദ്രവം ഒട്ടും​ത​ന്നെ​യി​ല്ലെന്നു ഗവേഷകർ കണ്ടുപി​ടി​ച്ചു. ഇരപി​ടി​യൻ ചെള്ളായ ടി. അരിപോ, പച്ചച്ചെ​ള്ളു​കൾ വരു​മ്പോൾ പിടി​ച്ചു​തി​ന്നാ​നാ​യി കസ്സാവ​യു​ടെ തുഞ്ചത്ത്‌ കാത്തി​രി​ക്കു​ന്ന​താ​യി കണ്ടെത്തി​യി​രി​ക്കു​ന്നു. ടി. അരിപോ ഏതാണ്ട്‌ 90 ശതമാനം പച്ച എട്ടുകാ​ലി​ച്ചെ​ള്ളി​നെ നശിപ്പി​ക്കുക മാത്രമല്ല, നിരവധി കർഷകർക്കും താങ്ങാ​നാ​കാ​ത്തത്ര ചെലവുള്ള കീടനാ​ശി​നി​ക​ളു​ടെ ഉപയോ​ഗം ഒഴിവാ​ക്കാൻ അവരെ സഹായി​ക്കു​ക​യും ചെയ്യു​ന്നെന്നു പ്രസ്‌തുത മാഗസിൻ പ്രസ്‌താ​വി​ക്കു​ന്നു.

ഒരുവ​നെ​ക്കാൾ ഇരുവർ ഏറെ നല്ലത്‌

ബ്രിട്ട​നി​ലെ ന്യൂ സയൻറിസ്റ്റ്‌ മാഗസിൻ പറയു​ന്ന​ത​നു​സ​രിച്ച്‌, ആരോ​ഗ്യ​ക​ര​മായ ഒരു ജീവി​ത​രീ​തി പിന്തു​ട​രാൻ രണ്ടുപേർ ഒന്നിച്ചു ശ്രമി​ക്കു​മ്പോൾ ഏറെ വിജയ​മുണ്ട്‌. 1,204 ദമ്പതികൾ പങ്കെടു​ത്ത​തും ആർ​ക്കൈ​വ്‌സ്‌ ഓഫ്‌ ഫാമിലി മെഡി​സിൻ റിപ്പോർട്ടു ചെയ്‌ത​തു​മായ ഒരു സർവേ എത്തി​ച്ചേർന്ന നിഗമ​ന​മാ​ണിത്‌. ലണ്ടനിലെ സ്‌കൂൾ ഓഫ്‌ ഹൈജീൻ ആൻഡ്‌ ട്രോ​പ്പി​ക്കൽ മെഡി​സി​ന്റെ ചുമതല വഹിക്കുന്ന സ്റ്റീവെൻ പൈക്‌ ഇങ്ങനെ പറയുന്നു: “പങ്കാളി​കൾ ഇരുവ​രും ഉപദേശം പിന്തു​ട​രു​ന്ന​പക്ഷം, ആളുകൾ പുകവലി നിർത്താ​നും കൊള​സ്‌​ട്രോ​ളി​ന്റെ അളവു കുറയ്‌ക്കാ​നും ഭാരം കുറയ്‌ക്കാ​നും കൂടുതൽ സാധ്യ​ത​യുണ്ട്‌.”

ശബ്ദ പരിപാ​ല​നം

ഒരധ്യാ​പ​ക​നെ​പ്പോ​ലെ, ശബ്ദം കൂടു​ത​ലാ​യി ഉപയോ​ഗി​ക്കുന്ന ഏതൊ​രു​വ​നും ശബ്ദിക്കുക ആയാസ​ക​ര​മാ​കാ​നും ശബ്ദം നഷ്ടപ്പെ​ടാ​നു​മുള്ള അപകട സാധ്യ​ത​യു​ള്ള​താ​യി ദ ടൊറ​ന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. അതു​പോ​ലെ​തന്നെ, ശബ്ദായ​മാ​ന​മായ ഒരു ചുറ്റു​പാ​ടിൽ തുടർച്ച​യാ​യി കേൾക്കുന്ന കഠോര ശബ്ദം സ്വനനാ​ളി​കളെ തകരാ​റി​ലാ​ക്കി​യേ​ക്കാം. അടക്കം​പ​റ​യു​ന്ന​തും പതിവാ​യി കാർക്കി​ക്കു​ന്ന​തും ശബ്ദത്തിനു ഹാനി​ക​ര​മാ​ണെന്നു ഭാഷാ, ഭാഷണ രോഗ​വി​ദ​ഗ്‌ധ​യായ ബോണീ മാൻ പ്രസ്‌താ​വി​ക്കു​ന്നു. അവർ, പ്രശ്‌നം ഗുരു​ത​ര​മാ​കു​ന്ന​തി​നു മുമ്പു​തന്നെ നടപടി​യെ​ടു​ക്കാൻ ഉപദേ​ശി​ക്കു​ക​യും കഴുത്തി​ലെ​യും തോളി​ലെ​യും പിരി​മു​റു​ക്കം കുറയ്‌ക്കാ​നാ​യി ശരിയായ ശരീര​നില ഉണ്ടായി​രി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. അവർ കൂട്ടി​ച്ചേർക്കു​ന്നു: “നിങ്ങളു​ടെ തൊണ്ട നനവു​ള്ള​താ​യി സൂക്ഷി​ക്കു​ന്നതു വിശേ​ഷി​ച്ചും പ്രധാ​ന​മാണ്‌.” നിങ്ങൾക്കു ശബ്ദം കൂടു​ത​ലാ​യി ഉപയോ​ഗി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ ദിവസ​ത്തി​ലു​ട​നീ​ളം കുറേശ്ശെ വെള്ളം കുടി​ക്കാൻ മാൻ ശുപാർശ ചെയ്യുന്നു.

ടിബറ്റി​ലെ കാലാ​വസ്ഥാ നിരീ​ക്ഷ​ണം

കാലവർഷ​ക്കാ​റ്റു​ക​ളെ​പ്പറ്റി പഠിക്കാൻ ഏഷ്യ-പസഫിക്‌ മേഖല​യി​ലെ പത്തു രാജ്യങ്ങൾ പരീക്ഷ​ണങ്ങൾ സംഘടി​പ്പി​ച്ചി​രി​ക്കു​ന്നെന്ന്‌ ന്യൂ സയൻറിസ്റ്റ്‌ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഏഷ്യയി​ലെ മിക്ക ഭാഗങ്ങ​ളി​ലെ​യും കൃഷി കാലവർഷ​ക്കാ​റ്റു​കൾ മൂലമു​ണ്ടാ​കുന്ന മഴയെ ആശ്രയി​ച്ചി​രി​ക്കു​ന്നു. എന്നാലിത്‌ ഓരോ വർഷവും കാര്യ​മാ​യി വ്യത്യാ​സ​പ്പെ​ട്ടേ​ക്കാം. വർഷകാല മഴയുടെ ഒരു മുഖ്യ കാരണം ടിബറ്റി​ലെ പീഠഭൂ​മി​യാ​ണെന്നു കാലാ​വസ്ഥാ നിരീ​ക്ഷകർ കരുതു​ന്നു. എന്നാൽ ടിബറ്റിൽനി​ന്നുള്ള വിവരങ്ങൾ അപഗ്ര​ഥ​ന​ത്തി​നാ​യി ലഭ്യമാ​ക്ക​പ്പെ​ട്ടി​ട്ടില്ല. എന്നിരു​ന്നാ​ലും, ചൈന​യു​മാ​യുള്ള കൂടി​യാ​ലോ​ച​ന​യ്‌ക്കു​ശേഷം ഊഷ്‌മാവ്‌, ഈർപ്പം, കാറ്റ്‌ എന്നിവ​യും ഹിമാ​ലയൻ കാലാ​വ​സ്ഥ​യി​ലെ മറ്റു ഘടകങ്ങ​ളും നിരീ​ക്ഷി​ക്കാ​നാ​യി മനുഷ്യ സഹായം കൂടാതെ പ്രവർത്തി​ക്കുന്ന ഉപകര​ണങ്ങൾ ഇപ്പോൾ ടിബറ്റിൽ സ്ഥാപി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ലഭ്യമായ വിവരങ്ങൾ ഏഷ്യയി​ലെ കാലവർഷ​ക്കാ​റ്റു​ക​ളെ​പ്പ​റ്റി​യുള്ള മെച്ചമായ ഗ്രാഹ്യ​ത്തി​ലേക്കു നയിക്കു​മെന്നു ഗവേഷകർ പ്രത്യാ​ശി​ക്കു​ന്നു.

റോമൻ ഗവൺമെൻറി​ന്റെ കെട്ടി​ട​സ​മു​ച്ചയം ഇസ്രാ​യേ​ലിൽനിന്ന്‌ കുഴി​ച്ചെ​ടു​ത്തു

അപ്പോ​സ്‌ത​ല​നായ പൗലൊ​സി​നെ തടവി​ലാ​ക്കിയ അകമ്പടി​ക്കൊ​ട്ടാ​ര​മെന്നു കരുതുന്ന റോമൻ ഗവൺമെൻറി​ന്റെ ഒരു കെട്ടി​ട​സ​മു​ച്ചയം ഇസ്രാ​യേ​ലി​ലെ പുരാ​വ​സ്‌തു​ഗ​വേ​ഷകർ കൈസ​ര്യ​യിൽ കണ്ടെത്തി​യി​രി​ക്കു​ന്നെന്ന്‌ ഒരു റ്യൂ​ട്ടേ​ഴ്‌സ്‌ റിപ്പോർട്ടു പ്രസ്‌താ​വി​ക്കു​ന്നു. ആഭ്യന്തര സുരക്ഷി​തത്വ വകുപ്പി​ന്റെ ഒരു കാര്യാ​ലയം അവിടെ പ്രവർത്തി​ച്ചി​രി​ക്കാ​മെന്നു സൂചി​പ്പി​ക്കുന്ന ലത്തീനിൽ ആലേഖ​നം​ചെയ്‌ത ഒരു സ്‌ഫടി​കം പുരാ​വ​സ്‌തു​ഗ​വേ​ഷകർ അവി​ടെ​നി​ന്നു കുഴി​ച്ചെ​ടു​ത്തി​രി​ക്കു​ന്നെന്നു കൈസ​ര്യ​യിൽ പ്രവർത്തി​ക്കുന്ന ഇസ്രാ​യേൽ ആൻറി​ക്വി​റ്റീസ്‌ അതോ​രി​റ്റി​യു​ടെ തലവനായ യോസഫ്‌ പോറാത്ത്‌ പറയു​ക​യു​ണ്ടാ​യി. “പുതിയ നിയമ​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന റോമൻ ഗവർണ​റു​ടെ സാന്നി​ധ്യ​ത്തിൽനടന്ന വിശുദ്ധ പൗലൊ​സി​ന്റെ വിചാ​രണാ സ്ഥലം സംബന്ധി​ച്ചുള്ള പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ ഈ ആലേഖനം സഹായി​ക്കു​ന്നു,” പോറാത്ത്‌ പ്രസ്‌താ​വി​ച്ചു. ഇതുവരെ ഇസ്രാ​യേ​ലിൽ കുഴി​ച്ചെ​ടു​ത്തി​രി​ക്കുന്ന റോമൻ ഗവൺമെൻറി​ന്റെ ഒരേ​യൊ​രു കാര്യാ​ല​യ​വും പുരാതന റോമൻ ലോക​ത്തി​ലെ വിരലി​ലെ​ണ്ണാ​വു​ന്ന​വ​യിൽ ഒരെണ്ണ​വു​മാണ്‌ ഈ കെട്ടി​ട​സ​മു​ച്ച​യ​മെന്ന്‌ അദ്ദേഹം അഭി​പ്രാ​യ​പ്പെട്ടു.

ഔഷധ​മാ​യി ഉറുമ്പു​കൾ

1947-ൽ ഒരു യുദ്ധകാ​ലത്ത്‌, ചൈനീസ്‌ സൈന്യ​ത്തി​ലെ ശസ്‌ത്ര​ക്രി​യാ വിദഗ്‌ധ​നായ വു ജീച്ചെന്‌ മുറി​വേറ്റ സൈനി​ക​രിൽ അണുബാധ തടയേ​ണ്ടി​യി​രു​ന്നു. എന്നാൽ അദ്ദേഹ​ത്തി​ന്റെ പക്കലു​ണ്ടാ​യി​രുന്ന ഔഷധ ശേഖരം തീർന്നു​പോ​യി​രു​ന്നു. നിരാ​ശ​നായ അദ്ദേഹം ഒരു പ്രാ​ദേ​ശിക വൈദ്യ​ന്റെ സഹായം തേടി. അദ്ദേഹം പരമ്പരാ​ഗത ചൈനീസ്‌ ഔഷധം—മുറിവു വൃത്തി​യാ​ക്കാൻ ഉറുമ്പി​ട്ടു തിളപ്പിച്ച വെള്ളവും പ്രത്യേ​ക​തരം ഉറുമ്പു​ക​ളിൽനി​ന്നു തയ്യാറാ​ക്കിയ മരുന്നും—ശുപാർശ​ചെ​യ്‌തു. ചൈനാ ടുഡേ പറയു​ന്ന​ത​നു​സ​രിച്ച്‌, ഫലം വളരെ പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രു​ന്നു. തന്നിമി​ത്തം, ഡോ. വു ഉറുമ്പി​ന്റെ ഔഷധ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ദീർഘ​കാല ഗവേഷ​ണ​ത്തിന്‌ തുടക്കം​കു​റി​ച്ചു​കൊണ്ട്‌ അതു തന്റെ പ്രവർത്തന പദ്ധതി​യാ​ക്കി. ഉറുമ്പിൽനി​ന്നുള്ള ഔഷധങ്ങൾ പ്രതി​രോ​ധ​വ്യ​വസ്ഥ താളം​തെ​റ്റാ​തി​രി​ക്കാൻ സഹായി​ക്കു​ന്നെന്ന്‌ അദ്ദേഹം കരുതു​ന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ഉറുമ്പ്‌ ഒരു ചെറിയ പോഷ​ക​സം​ഭരണ ശാലയാണ്‌. അതിൽ മനുഷ്യ​ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ 50-ലേറെ പോഷ​ക​ങ്ങ​ളും 28 അമിനോ അമ്ലങ്ങളും നിരവധി ധാതു​ക്ക​ളും രാസസം​യു​ക്ത​ങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു.”

“ഓഫീസ്‌ രോഗം”

യൂണി​വേ​ഴ്‌സി​റ്റി ഓഫ്‌ സെയ്‌നാ പോസ്‌ചർ സെന്ററി​ന്റെ ഡയറക്ട​റായ പ്രൊ​ഫസർ മൗറി​ട്‌സ്യോ റീച്ചാർഡി നടത്തിയ ഒരു പഠനമ​നു​സ​രിച്ച്‌, വ്യായാ​മ​ര​ഹിത ജീവി​ത​രീ​തി നിമിത്തം 80-ലധികം ശതമാനം ഇറ്റലി​ക്കാർ ശരീര​നി​ല​യു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അനുഭ​വി​ക്കു​ന്നു. “ഓഫീസ്‌ രോഗ”ത്തിന്റെ പകുതി​യി​ലേറെ ഇരകളും പുറം​വേദന, തലവേദന, മനംപി​രട്ടൽ, തലചുറ്റൽ, ബാലൻസ്‌ സംബന്ധ​മായ പ്രശ്‌നങ്ങൾ, രക്തസമ്മർദ​ത്തി​ലു​ണ്ടാ​കുന്ന വ്യതി​യാ​നം, വയറി​ളക്കം, മലബന്ധം, വൻകു​ടൽവീ​ക്കം, ഉദരവീ​ക്കം എന്നിവ​യെ​ക്കു​റി​ച്ചും പരാതി​പ്പെ​ടു​ന്ന​താ​യി വർത്തമാ​ന​പ്പ​ത്ര​മായ ഇൽ മെസ്സാ​ജെ​റോ റിപ്പോർട്ടു ചെയ്യുന്നു. ഈ പ്രശ്‌ന​ങ്ങളെ നേരി​ടു​ന്ന​തി​നാ​യി “ജപ്പാൻകാ​രും ചൈന​ക്കാ​രും ഓരോ മണിക്കൂർ ജോലി​ക്കു ശേഷവും കുറച്ച്‌ ലളിത​വ്യാ​യാ​മം ചെയ്യുന്നു. എന്നാൽ ഞങ്ങൾക്കു​ള്ളത്‌ കാപ്പി​ക്കുള്ള ഇടവേള മാത്രം,” റീച്ചാർഡി പറയുന്നു.

ബ്രസീ​ലു​കാ​രായ യുവ വായന​ക്കാർ

ബ്രസീ​ലിൽ സാക്ഷര​ത​യും വിദ്യാർഥി​കൾ സ്‌കൂൾ വിദ്യാ​ഭ്യാ​സം നേടുന്ന വർഷങ്ങ​ളും വർധി​ക്കു​ന്ന​താ​യി എസാമി എന്ന മാസിക പ്രസ്‌താ​വി​ക്കു​ന്നു. ബ്രസീ​ലി​യൻ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ജിയോ​ഗ്രഫി ആൻഡ്‌ സ്റ്റാറ്റി​സ്റ്റി​ക്‌സ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ഇനിയും ധാരാളം പുരോ​ഗ​മി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും 1991-നും 1995-നും ഇടയ്‌ക്ക്‌ 7 മുതൽ 14 വരെ വയസ്സു​ള്ള​വ​രിൽ നിരക്ഷരത 36 ശതമാനം കുറഞ്ഞു. 1990-നും 1995-നും ഇടയ്‌ക്ക്‌ സ്‌കൂ​ളിൽ ചെലവ​ഴിച്ച ശരാശരി വർഷം 10 ശതമാനം വർധിച്ചു. ബ്രസീ​ലി​ലെ യുവാ​ക്കൾക്കി​ട​യി​ലെ വർധിച്ച വായനാ താത്‌പ​ര്യം, അടുത്ത​കാ​ലത്ത്‌ റിയോ ഡി ജനീ​റോ​യിൽവെച്ചു നടന്ന ഒരു പുസ്‌തക മേളയിൽ സംബന്ധിച്ച വിദ്യാർഥി​ക​ളു​ടെ എണ്ണത്തി​ലു​ണ്ടായ ഏതാണ്ട്‌ 40 ശതമാനം വർധന​വിൽനി​ന്നു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌. ആ മേളയിൽ ഏറ്റവും കൂടുതൽ വിറ്റഴി​ക്ക​പ്പെ​ട്ടത്‌—മൊത്തം വിൽപ്പ​ന​യു​ടെ 24 ശതമാനം—യുവജ​ന​ങ്ങൾക്കു​വേണ്ടി എഴുത​പ്പെട്ട പുസ്‌ത​ക​ങ്ങ​ളാ​യി​രു​ന്നു​വെന്ന്‌ വർത്തമാ​ന​പ്പ​ത്ര​മായ ഓ എസ്റ്റാഡോ ഡെ സൗൻ പൗളൂ റിപ്പോർട്ടു ചെയ്യുന്നു.

പഞ്ചാബി​ക​ളും വൃക്കയി​ലെ കല്ലും

ഇന്ത്യയി​ലെ പഞ്ചാബി​ലും ചുറ്റു​മുള്ള സംസ്ഥാ​ന​ങ്ങ​ളി​ലു​മുള്ള ജനങ്ങൾക്കു വൃക്കയിൽ കല്ലുണ്ടാ​കാ​നുള്ള സാധ്യത ലോക​ത്തി​ലെ മറ്റേ​തൊ​രു ജനസമൂ​ഹ​ത്തെ​ക്കാ​ളും കൂടു​ത​ലാ​ണെന്ന്‌ ഇന്ത്യാ ടുഡേ ഇന്റർനാ​ഷണൽ റിപ്പോർട്ടു ചെയ്യുന്നു. എല്ലുമു​റി​യെ വേല​ചെ​യ്യു​ന്ന​തി​നും പല്ലുമു​റി​യെ തിന്നു​ന്ന​തി​നും പഞ്ചാബി​കൾ പേരു​കേ​ട്ട​വ​രാണ്‌. എന്നാൽ പൊള്ളുന്ന വേനൽക്കാല മാസങ്ങ​ളിൽ അവർ മിക്ക​പ്പോ​ഴും വേണ്ടത്ര വെള്ളം കുടി​ക്കാ​റില്ല, ആ റിപ്പോർട്ടു പ്രസ്‌താ​വി​ക്കു​ന്നു. അക്കാര​ണ​ത്താൽ, ഈയിടെ നടന്ന ഒരു രാജ്യാ​ന്തര മൂത്ര​വി​ജ്ഞാ​ന​ശാ​സ്‌ത്ര സമ്മേള​ന​ത്തിൽ അവരുടെ പ്രദേശം ലോക​ത്തി​ലെ “വൃക്കക്കൽ മേഖല” എന്നു വർണി​ക്ക​പ്പെട്ടു. അവിടെ വൃക്കയി​ലെ കല്ലിന്‌ ശരാശരി രണ്ടു സെൻറി​മീ​റ്റ​റി​നും മൂന്നു സെൻറി​മീ​റ്റ​റി​നും [ഏകദേശം ഒരിഞ്ച്‌] ഇടയ്‌ക്ക്‌ വലിപ്പ​മുണ്ട്‌. അതേസ​മയം യൂറോ​പ്പി​ലും ഐക്യ​നാ​ടു​ക​ളി​ലും അത്‌ ഒരു സെൻറി​മീ​റ്റർ [അരയി​ഞ്ചിൽ കുറവ്‌] ആണ്‌. നിസ്സാ​ര​മായ വേദന വകവെ​ക്കാ​തി​രി​ക്കാ​നും ചികിത്സ നീട്ടി​വെ​ക്കാ​നു​മുള്ള മിക്ക ഇന്ത്യക്കാ​രു​ടെ​യും പ്രവണ​ത​യു​മാ​യി ആ റിപ്പോർട്ട്‌ ഇതിനെ ബന്ധപ്പെ​ടു​ത്തു​ന്നു. ആരോ​ഗ്യ​വാ​ന്മാ​രായ ആളുകൾ ഓരോ ദിവസ​വും ഏറ്റവും കുറഞ്ഞത്‌ രണ്ട്‌ ലിറ്റർ വെള്ളം കുടി​ക്കാൻ മൂത്ര​വി​ജ്ഞാ​ന​വി​ദ​ഗ്‌ധർ ശുപാർശ​ചെ​യ്യു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക