കസാവ ഇലകൾ—കോടിക്കണക്കിനാളുകൾക്കു ദൈനംദിന ഭക്ഷണം
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
ആയിരത്തി അറുനൂറാം ആണ്ടോടെ പോർച്ചുഗീസുകാർ തെക്കേ അമേരിക്കയിൽനിന്ന് ആഫ്രിക്കയിലേക്ക് കസാവ അല്ലെങ്കിൽ മേനീയോക്ക് കൊണ്ടുവന്നപ്പോഴാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. കസാവയുടെ ജന്മദേശം ബ്രസീലാണെന്നു വിശ്വസിക്കപ്പെടുന്നു. കാരണം, “മേനീയോക്ക്” എന്ന പദം ആമസോൺ താഴ്വരയിലുള്ള, ബ്രസീലിലെ ടൂപീയൻ ഗോത്രക്കാരിൽനിന്ന് ഉത്ഭവിച്ചതാണ്.
അതിന്റെ കിഴങ്ങുകൾ ആഫ്രിക്കയിലെ ആളുകൾ ഏറെ വിലമതിക്കുന്നു, എന്നാൽ കടും പച്ച നിറത്തിലുള്ള ഇലകളുടെ കാര്യമോ? ചിലർ അത് ഔഷധമെന്ന നിലയിൽ മുറിവിൽ പുരട്ടാനോ ചിക്കൻപോക്സ് ചികിത്സിച്ചു മാറ്റാനോ ഉപയോഗിക്കുന്നു. എന്നാൽ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലും മറ്റു നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ള കോടിക്കണക്കിനാളുകൾക്ക് ഇതിന്റെ ഇലകൾ ദൈനംദിന ഭക്ഷണമാണ്, ഇതുകൊണ്ട് സ്വാദിഷ്ഠമായ ഒരു ഭോജനം തയ്യാറാക്കാമെന്നതുതന്നെ കാരണം. വാസ്തവത്തിൽ, പുതിയ വാച്ച്ടവർ മിഷനറിമാർ ഇവിടെ ആദ്യം പഠിക്കുന്നതു ങ്കുൻസാ എന്നാണ്. കസാവ ഇലകളിൽനിന്നു തയ്യാറാക്കിയ രുചിയേറിയ ഒരു പുഴുക്കാണിത്. മാത്രമല്ല, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ ദേശീയ വിഭവം കൂടിയാണിത്—മധ്യ ആഫ്രിക്ക സന്ദർശിക്കുന്ന ഒരുവൻ തീർച്ചയായും രുചിച്ചുനോക്കേണ്ടതായ ഒരു വിഭവം.
ആഫ്രിക്കയിൽ ജീവിക്കുന്ന ഒട്ടുമിക്ക യൂറോപ്യന്മാരും ഈ ഇലകൾകൊണ്ടുണ്ടാക്കിയ ഏതെങ്കിലും ഭോജനം ഒരിക്കലും തൊടില്ല. കാരണം, ഇത് വിദേശീയർക്കുള്ള ഭക്ഷണമല്ല സ്വദേശീയർക്കുള്ളതാണെന്ന് അവർ കരുതുന്നു. എന്നാൽ പരമാർഥം എന്താണ്? മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, സീയെറ ലിയോൺ, സയർ എന്നീ രാജ്യങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾക്ക് ഈ ഇലകൾ ദൈനംദിനമുള്ള മുഖ്യഭക്ഷണമാണ്.
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിനു മുകളിലൂടെ വിമാനത്തിൽ സഞ്ചരിക്കുകയോ അല്ലെങ്കിൽ ആ രാജ്യത്തിലൂടെ യാത്ര ചെയ്യുകയോ ആണെങ്കിൽ പച്ചപുതച്ച മനോഹരമായ ഒരു രാജ്യം നിങ്ങൾ കാണും—വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, പുൽപ്രദേശങ്ങൾ കൂടാതെ, ഇടയിൽ വിശേഷതരമായ കടും പച്ച നിറത്തിലുള്ള ഇലകളോടുകൂടിയ കസാവയുടെ കൊച്ചു പാടങ്ങളും. ഓരോ ചെറിയ ഗ്രാമങ്ങൾക്കു ചുറ്റും കസാവ തോട്ടങ്ങളുണ്ട്. ആളുകൾ തങ്ങളുടെ വീടിനടുത്തായി അവ നട്ടുവളർത്തുന്നു. തലസ്ഥാനമായ ബാൻഗ്വിയിൽപോലും, വളരെ ചെറിയ നിലങ്ങളിലും നഗരപ്രാന്തത്തിലെ ബംഗ്ലാവിനരികിലോ പ്രധാന നിരത്തിനരികിലോ ഉള്ള തുണ്ടുനിലങ്ങളിലും നിങ്ങൾ കസാവ കാണും. തീർച്ചയായും, ലോകത്തിന്റെ ഈ ഭാഗത്ത് ഇതൊരു പ്രധാനപ്പെട്ട ഭക്ഷ്യവസ്തുതന്നെ.
അൽപ്പം ങ്കുൻസാ രുചിച്ചുനോക്കൂ
പുതിയ മിഷനറിമാർ എത്തിച്ചേർന്നാൽ വേഗംതന്നെ അൽപ്പം ങ്കുൻസാ കഴിച്ചുനോക്കാൻ സുഹൃത്തുക്കൾ അവരെ ക്ഷണിക്കുകയായി. മേനീയോക്ക് ഇലകളിൽനിന്നു തയ്യാറാക്കിയ പ്രസിദ്ധമായ വിഭവം അടങ്ങിയ ഒരു സദ്യയാണിത്. തദ്ദേശവാസികളായ സ്ത്രീകൾക്ക്, ഇത് സ്വാദിഷ്ഠമായ വിധത്തിൽ തയ്യാറാക്കാനറിയാം. ഓരോ സ്ത്രീക്കും തന്റേതായ പാചകക്കുറിപ്പുള്ളതായി കാണപ്പെടുന്നു. ചെറിയ പെൺകുട്ടികൾ തങ്ങളുടെ അമ്മമാരിൽനിന്നു പാചകത്തെക്കുറിച്ച് ആദ്യമായി പഠിക്കുന്ന കാര്യങ്ങളിലൊന്ന് ങ്കുൻസാ തയ്യാറാക്കുന്ന വിധമാണ്.
അതെന്താണെന്നും എപ്രകാരമാണ് അത് തയ്യാറാക്കുന്നതെന്നും വിവരിക്കുന്നതിൽ അവർ അഭിമാനംകൊള്ളുന്നു. ഈ നാട്ടുഭക്ഷണത്തിൽ നിങ്ങൾ താത്പര്യം കാണിച്ചാൽ സ്ത്രീകൾക്കു സന്തോഷമാകും. ആദ്യംതന്നെ, കസാവ ഇലകൾ ചെലവുകുറഞ്ഞതും സുലഭവും നിങ്ങൾക്ക് അവ മഴക്കാലത്തും വരണ്ട കാലാവസ്ഥയിലും ഒരുപോലെ പറിച്ചെടുക്കാവുന്നതുമാണെന്നും അവർ നിങ്ങളോടു പറയും. സാമ്പത്തിക പ്രതിസന്ധിയുടെയും പണപ്പെരുപ്പത്തിന്റെയും കാലങ്ങളിൽ കുടുംബത്തെ പോറ്റുന്നതിൽ കസാവ ഇലകൾ ഒരു പ്രധാന പങ്കുവഹിക്കുന്നു. ആഫ്രിക്കൻ കുടുംബങ്ങൾ പൊതുവേ വലിയതാണെന്ന് ഓർമിക്കണേ. പോറ്റാൻ അനേകം വായും നിറയ്ക്കാൻ നിരവധി വയറുകളും ഉണ്ട്. ങ്കുൻസാ തയ്യാറാക്കാൻ കുറേ മണിക്കൂറുകളെടുക്കും. ഭക്ഷിക്കുന്നതിനുമുമ്പ് ഇലകളുടെ ചവർപ്പുരസം മാറ്റിയെടുക്കേണ്ടതുണ്ട്. പരമ്പരാഗതമായ രീതിയിൽ അവയുടെ വിഷപ്രഭാവം മാറ്റിയെടുക്കുന്നു, അരയ്ക്കലും നിരന്തരമായ തിളപ്പിക്കലും ഇതിലുൾപ്പെടുന്നു.
ങ്കുൻസാ തയ്യാറാക്കുന്നതിന് പാമോയിൽ ഉപയോഗിക്കാനാണ് ആഫ്രിക്കൻ സ്ത്രീകൾക്കിഷ്ടം. കടും ചെമപ്പു നിറമുള്ള സ്വദേശനിർമിത എണ്ണ ഒഴിച്ചുകൂടാനാവാത്തതാണ്. ങ്കുൻസായോടൊപ്പം കുറച്ചു പീനട്ട് ബട്ടറും ചിലപ്പോൾ അൽപ്പം ഉള്ളിയും വെളുത്തുള്ളിയും, ഒരു കുടുംബത്തിന്റെ ദൈനംദിന ആഹാരമാണ്. എന്നാൽ നിങ്ങൾ അതിഥികളെ പ്രതീക്ഷിക്കുന്നുവെങ്കിലോ? എങ്കിൽ ങ്കുൻസാ വിശേഷതരമായ ഒന്നായിരിക്കണം, അവർ അനുസ്മരിക്കുന്ന ഒന്ന്. അതുകൊണ്ട് ആതിഥേയ അവളുടെ പ്രിയപ്പെട്ട ചേരുവകൾ ചേർക്കും—പൊള്ളിച്ച മീനോ പൊള്ളിച്ച മാട്ടിറച്ചിത്തുണ്ടങ്ങളോ—കൂടാതെ വീട്ടിലുണ്ടാക്കിയ പീനട്ട് ബട്ടറിന്റെ കൂട്ടത്തിൽ ഏറെ വെളുത്തുള്ളിയും ഉള്ളിയും. ഇതെല്ലാം വലിയൊരു കലത്തിലിടും. ബാക്കിവേണ്ടത് ക്ഷമയും കുറേ തിളപ്പിക്കലും.
ഇക്കാലത്തു വീട്ടമ്മമാർ ങ്കുൻസാ വിളമ്പുന്നതു ചോറിനോടൊപ്പമാണ്. ഒരു കൂമ്പാരം ചോറും അതിന്മേൽ ഒന്നോ രണ്ടോ തവി ചൂടുള്ള ങ്കുൻസാ ഒഴിച്ചതും, ആഫ്രിക്കക്കാർക്കും ഒട്ടേറെ വിദേശികൾക്കും പ്രിയപ്പെട്ടതാണ്. അൽപ്പം എരിവുള്ള കുരുമുളകു കൂടെ ചേർക്കുക, ഇപ്പോൾ ങ്കുൻസാ എന്താണെന്നു നിങ്ങൾക്കു മനസ്സിലാകും. സദ്യയോടൊപ്പം ഒരു ഗ്ലാസ് ചെമന്ന വീഞ്ഞ് കൂടെ കുടിച്ചാൽ നിങ്ങൾക്കു വിഭവത്തിന്റെ രുചി പൂർണമായും ആസ്വദിക്കാം.
അൽപ്പം ങ്കൂകാസാ അല്ലെങ്കിൽ കാൻഡാ രുചിച്ചുനോക്കുന്നോ?
രാജ്യത്തിൽ കിഴക്കുനിന്നു പടിഞ്ഞാറുവരെ യാത്ര ചെയ്യുമ്പോൾ ആളുകൾ വിവിധതരത്തിൽ ങ്കുൻസാ തയ്യാറാക്കുന്നതായി നിങ്ങൾ കണ്ടെത്തും. ങ്കൂകാസായുടെ കാര്യമോ? കുളിരുള്ള ഒരു മഴദിവസം, തോട്ടത്തിൽ വളരുന്ന എല്ലാംതന്നെ ചേർത്തു തയ്യാറാക്കിയ സൂപ്പോ പുഴുക്കോ ആയിരിക്കാം നിങ്ങൾക്ക് ഏറ്റവും പറ്റിയ സാധനം. പാമോയിൽ, വാഴപ്പഴം, നിലക്കടല, മധുരക്കിഴങ്ങ്, കോൺ (ചോളം), കൂടാതെ തീർച്ചയായും അൽപ്പം കസാവ ഇലകളും എല്ലാം ചേർത്ത് ഉപ്പ് ചേർക്കാതെ—ഉപ്പിന്റെ ഒരു തരിപോലും ചേർക്കാതെ—വേവിക്കുന്നു. അതാണു രഹസ്യം! സ്വാദിഷ്ഠവും പോഷകസമ്പന്നവുമായ വിഭവം. ഇനി നിങ്ങൾ ഒരു നീണ്ടയാത്രയ്ക്കു പോവുകയാണെന്നിരിക്കട്ടെ, ഒപ്പം കുറച്ച് കാൻഡാ കരുതിക്കൊള്ളുക. കസാവ ഇലകളുടെ കൂട്ടത്തിൽ പൊള്ളിച്ച മീനോ മാംസമോ ചേർത്താണ് ഇതു തയ്യാറാക്കുന്നത്. ചേരുവകൾ ഇലകളിൽ പൊതിഞ്ഞ് അത് കട്ടിയായി ഉണങ്ങുന്നതുവരെ നിരവധി മണിക്കൂറുകൾ തീയ്ക്കു മുകളിൽ പൊള്ളിച്ചെടുത്താണ് കാൻഡാ തയ്യാറാക്കുന്നത്. ഇതു കേടുകൂടാതെ ദിവസങ്ങളോളം ഇരിക്കും, ഒരു കഷണം റൊട്ടിക്കൊപ്പം ഇതു കഴിക്കാം. ഇതു യാത്രക്കാർക്ക് ഏറ്റവും പറ്റിയതാണ്.
നിങ്ങൾ എപ്പോഴെങ്കിലും ആഫ്രിക്ക സന്ദർശിക്കുകയാണെങ്കിൽ കസാവ എന്തുകൊണ്ട് ചോദിച്ചുവാങ്ങി കഴിച്ചുകൂടാ? അതു രുചിച്ചുനോക്കുക, അത് ആസ്വദിക്കുന്ന കോടിക്കണക്കിനാളുകളോടൊപ്പം ചേരുക!