ഞങ്ങളുടെ വായനക്കാരിൽനിന്ന്
ആരോഗ്യാവഹമായ വിനോദം ഞാനൊരു യഹോവയുടെ സാക്ഷിയാകാനുള്ള ശ്രമത്തിലാണ്. “ആരോഗ്യാവഹമായ വിനോദത്തിനു വേണ്ടിയുള്ള അന്വേഷണം” (മേയ് 22, 1997) എന്ന ലേഖനപരമ്പരയ്ക്കു നന്ദിപറയാൻ ഞാനാഗ്രഹിക്കുന്നു. ടെലിവിഷനിൽ കാണാൻകൊള്ളാവുന്ന പരിപാടികൾ വളരെക്കുറവാണ്. ആബാലവൃദ്ധം ഞങ്ങൾക്കെല്ലാവർക്കും നിങ്ങൾ വളരെനല്ല ഉപദേശമാണ് നൽകിയത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് തുടർന്നും നിങ്ങൾ വിവരങ്ങൾ പ്രദാനംചെയ്യുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
ഡി. ഡബ്ല്യു., ഐക്യനാടുകൾ
ദൈവം തുടർന്നും എന്റെ സുഹൃത്തായിരിക്കുമോ? “യുവജനങ്ങൾ ചോദിക്കുന്നു . . . ദൈവം തുടർന്നും എന്റെ സുഹൃത്തായിരിക്കുമോ?” (മേയ് 22, 1997) എന്ന ഉത്കൃഷ്ട ലേഖനത്തെപ്രതി ദയാലുവായ സ്രഷ്ടാവിനോടു ഞാൻ വളരെ നന്ദിയുള്ളവളാണ്. എനിക്ക് എത്ര സുഹൃത്തുക്കളുണ്ടായിരുന്നേക്കാമെന്നതു സംബന്ധിച്ചു ഞാനൊരു ചോദ്യാവലി പൂരിപ്പിച്ചിട്ട് അധിക നാളായില്ല. എനിക്ക് എല്ലായ്പോഴും ധാരാളം സുഹൃത്തുക്കളുണ്ടായിരിക്കുമെന്ന് അതിന്റെ അന്തിമ ഫലം ഉറപ്പേകി. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, അതു തികച്ചും തെറ്റായിരുന്നെന്നു തെളിഞ്ഞു. എന്നുവരികിലും, നമ്മുടെ ഏറ്റവും ഉത്തമ സുഹൃത്ത് യഹോവ മാത്രമാണെന്നു ഞാൻ തിരിച്ചറിയുന്നു. നാം യഹോവയാം ദൈവത്തിന്റെ സുഹൃത്തുക്കളല്ലെങ്കിൽ മറ്റു യാതൊന്നിനും അർഥമില്ലെന്നതു സത്യമാണ്.
എ. റ്റി. എം., മെക്സിക്കോ
നിങ്ങൾ യുവജനങ്ങളിൽ കാണിക്കുന്ന താത്പര്യത്തിനു നന്ദി. “യുവജനങ്ങൾ ചോദിക്കുന്നു . . . ദൈവം തുടർന്നും എന്റെ സുഹൃത്തായിരിക്കുമോ?” എന്ന ലേഖനം എനിക്ക് ഏറ്റവും ആവശ്യമായിരുന്നപ്പോഴാണ് ലഭിച്ചത്. എന്നെ പുറത്താക്കിയിട്ട് അടുത്തകാലത്താണ് പുനഃസ്ഥിതീകരിച്ചത്. ചിലപ്പോഴൊക്കെ എനിക്ക് ഏകാന്തത അനുഭവപ്പെട്ടിട്ടുണ്ട്. കൂടാതെ, നിരവധി സംശയങ്ങളും എന്നെ വേട്ടയാടിയിട്ടുണ്ട്. ദൈവം എന്നെ ശ്രദ്ധിക്കുന്നുണ്ടോ? എന്നതായിരുന്നു അവയിലൊന്ന്. “ജഡത്തിൽ ഒരു ശൂലം” എന്ന ഉപതലക്കെട്ടിനു കീഴിലുള്ള പൗലൊസിന്റെ ദൃഷ്ടാന്തം അപഗ്രഥിച്ചശേഷം, ക്രമമായ ബൈബിൾ പഠനത്തിലൂടെയും ഉള്ളുതുറന്നുള്ള പ്രാർഥനയിലൂടെയും യഹോവയുടെ അനുഗ്രഹത്തിനായി കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. യഹോവ തുടർന്നും എന്റെ സുഹൃത്തായിരിക്കുമോ? എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുന്നു.
ജെ. സി. എ., അർജന്റീന
തേനീച്ച വളർത്തൽ തേനീച്ചകളെക്കുറിച്ചുള്ള ശരിയായ വിവരം ഹ്രസ്വമായി പ്രദാനം ചെയ്ത “തേനീച്ച വളർത്തൽ—‘തേനൂറുന്ന’ കഥ” (മേയ് 22, 1997) എന്ന ലേഖനത്തെക്കുറിച്ചാണ് ഞാൻ എഴുതുന്നത്. കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങളും ചിത്രങ്ങളും അഭിപ്രായങ്ങളും സഹിതം അനുയോജ്യമായി ഇടകലർത്തിയത് എനിക്കിഷ്ടപ്പെട്ടു. ഒരു തേനീച്ച വളർത്തലുകാരന് മിക്കപ്പോഴും മാധ്യമങ്ങളിൽനിന്നു ലഭിക്കുന്നത് കൃത്യമല്ലാത്തതോ ഭാഗികമായി മാത്രം ശരിയായതോ ആയ വിവരങ്ങളാണ്. എന്നാൽ, നിങ്ങളുടെ ലേഖനം അത്തരത്തിലുള്ള ഒന്നല്ലായിരുന്നു. ഞാൻ ഉത്സാഹിയായ ഒരു തേനീച്ച വളർത്തലുകാരനാണ്. മിക്കപ്പോഴും ഞാൻ ഈ പ്രാണികളിൽ പല മനുഷ്യർക്കുമുള്ളതിനെക്കാൾ അധികം ‘സുബോധം’ ദർശിക്കുന്നു. അതുകൊണ്ട്, ഈ വിഷയത്തിന്റെ പ്രതിപാദനത്തിലൂടെ, പ്രത്യേകിച്ചും ഇത്തരം ചെറുപ്രാണികളിൽ പ്രകടമായ ജീവന്റെ മനോഹാരിതയ്ക്ക് നിങ്ങൾ ഒരു പൊൻതൂവൽകൂടി അണിയിച്ചിരിക്കുന്നെന്നു സമുചിതമായി പറയാനാകുമെന്നു ഞാൻ കരുതുന്നു.
പി. ജി. എം., ഇറ്റലി
പരിചരണമേകൽ “പരിചരണം—വെല്ലുവിളിയെ നേരിടൽ” (ഫെബ്രുവരി 8, 1997) എന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചതിനു നന്ദി. എന്റെ അമ്മ ഒരു അർബുദ രോഗിയാണ്. രോഗത്തിന്റെ അന്തിമ ഘട്ടങ്ങളിൽ അമ്മയ്ക്കു പരിചരണമേകുന്നതു നിമിത്തം ഞാൻ ആകെ തളർന്നുപോയിരിക്കുന്നു. ആ ലേഖനങ്ങൾ പരിചരണമേകുന്ന വ്യക്തിയുടെ വികാരങ്ങളെ കൃത്യമായി വിവരിക്കുകയും ഞങ്ങളെപ്പോലെ പരിചരണമേകുന്നവരോട് മറ്റുള്ളവർക്ക് എങ്ങനെ പരിഗണന കാണിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അത്തരം ലേഖനങ്ങൾ വളരെ വിരളമാണ്.
എഫ്. റ്റി., തായ്വാൻ
യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് 12 വയസ്സുണ്ട്. ഒരു സ്കൂൾ വിദ്യാർഥിനിയായ ഞാൻ നിങ്ങളുടെ മാസികകൾ വായിക്കുന്നത് വളരെയധികം ആസ്വദിക്കുന്നു. അവ വായിക്കാൻ തുടങ്ങുന്നതിനു മുമ്പ്, എന്നെക്കാൾ പ്രായമുള്ള വ്യക്തികളുമായി ഇടപഴകുക എനിക്കു പ്രയാസകരമായിരുന്നു. എന്നാൽ ഉണരുക!യിലുള്ള, “യുവജനങ്ങൾ ചോദിക്കുന്നു . . . ,” എന്ന പരമ്പരയിലെ ലേഖനങ്ങൾ വായിക്കാൻ തുടങ്ങിയ ശേഷം എനിക്കത് വളരെ എളുപ്പമായിത്തീർന്നിരിക്കുന്നു. നന്ദി!
എൻ. റ്റി., റഷ്യ
ഞങ്ങളുടെ വായനക്കാരിൽനിന്ന് 26 വർഷമായി ഞാൻ ക്രമമായി ഉണരുക! വായിക്കുന്നു. അന്നത്തേതുപോലെതന്നെ ഇന്നും അതു വായിക്കുന്നത് ഞാനാസ്വദിക്കുന്നു. “ഞങ്ങളുടെ വായനക്കാരിൽനിന്ന്” എന്ന ഭാഗത്തു വരുന്ന അഭിപ്രായങ്ങൾ ലേഖനം വീണ്ടും വായിക്കാൻ എന്നെ പ്രചോദിപ്പിക്കുന്നതിനാൽ, ഞാൻ ഈ ഭാഗം മുടങ്ങാതെ വായിക്കുന്നു. ഈ ഉത്കൃഷ്ട മാസികകൾക്കു നന്ദി.
എം. ബി., ഫ്രാൻസ്