ഞങ്ങൾ ബോംബുകൾക്കിടയിൽനിന്ന ഓടിപ്പോയി—50 വർഷത്തിനുശേഷം!
“ഇവിടെ പെട്ടെന്നുതന്നെ ബോംബുകൾ പൊട്ടിത്തുടങ്ങും. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിലേക്കു പോകുക!”
അപ്രകാരം പറഞ്ഞുകൊണ്ട് ഒരു പൊലീസുകാരൻ എന്നോടും ഭർത്താവിനോടും ആ വീട്ടിൽനിന്നു പോയി അടുത്തുള്ള ഒരു കോൺക്രീറ്റ് നിലവറയിൽ അഭയം തേടാൻ ആവശ്യപ്പെട്ടു. അമ്പരപ്പിക്കുന്നതായിരുന്നു ആ പ്രഖ്യാപനം. കാരണം, ലോകത്തിലെ ഏതെങ്കിലും ഒരു യുദ്ധകലുഷിത പ്രദേശത്തായിരുന്നില്ല ഞങ്ങൾ; മൈക്രോനേഷ്യയിലെ മാർഷൽ ദ്വീപുകളുടെ ബാഹ്യാതിർത്തിയിലുള്ള പവിഴദ്വീപുകളിലൊന്നിൽ സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു ഞങ്ങൾ.
ഒരു കൂട്ടുകാരിയോടും അവളുടെ ഭർത്താവിനോടുമൊപ്പം ഒരാഴ്ച ചെലവിടാനാണ് ഞങ്ങൾ ട്യോർവ്യേ എന്ന ഈ കൊച്ചു ദ്വീപിലേക്കു വന്നത്. ദ്വീപിൽ യഹോവയുടെ സാക്ഷിയായി ആകെയുണ്ടായിരുന്നത് ഈ കൂട്ടുകാരിയായിരുന്നു. അവിടത്തെ താമസക്കാരോടു പ്രസംഗിക്കുന്നതിൽ അവളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.
മാർഷലീസുകാർ സൗഹൃദപ്രകൃതരും ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ ഉത്സാഹമുള്ളവരുമാണ്. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം പ്രാദേശിക ഭാഷയിൽ ആയിടെ പ്രകാശനം ചെയ്തിരുന്നതുകൊണ്ട് ഞങ്ങൾക്ക് അതിന്റെ ഒട്ടേറെ പ്രതികൾ സമർപ്പിക്കാൻ സാധിച്ചു. പുസ്തകം ആവശ്യപ്പെട്ട ഏവരും അതു വായിക്കാമെന്നും ഭൂതങ്ങളെ വിരട്ടിയോടിക്കാനുള്ള ഒരു ഗെൻ കാരവൻ അഥവാ “രക്ഷ” ആയി അത് ഉപയോഗിക്കില്ലെന്നും ഞങ്ങൾക്ക് ഉറപ്പു നൽകി. ബൈബിളിന്റെ ഒരു ഏട് ചുരുട്ടി കുപ്പിയിലാക്കി ഉത്തരത്തിലോ അടുത്തുള്ള ഒരു മരത്തിലോ കെട്ടിത്തൂക്കിയിടുന്നത് അവിടത്തുകാരുടെയിടയിൽ ഒരു പതിവായിരുന്നു. അത് ഭൂതപ്രേതാദികളെ അകറ്റി നിർത്തുമെന്നാണു വിശ്വാസം.
ഞങ്ങൾ ദിവസങ്ങളായി അവിടത്തെ താമസം ആസ്വദിച്ചുവരികയായിരുന്നു. എന്നാൽ ശനിയാഴ്ചയായപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാകാൻ പോവുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കി. കടലിനടുത്തുള്ള ഒരു ചിറയിലെ ഇളംചൂടുള്ള തെളിഞ്ഞ വെള്ളത്തിൽ നീന്തിക്കുളിച്ചാണ് ഞങ്ങൾ ദിവസത്തിനു തുടക്കമിട്ടത്. കടലോരത്തുനിന്ന് മടങ്ങുമ്പോൾ ചാരനിറത്തിലുള്ള ഒരു കപ്പൽ വന്നടുക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അശുഭകരമായ എന്തോ സംഭവിക്കാൻ പോകുന്നതായി ഞങ്ങൾക്കു തോന്നി. അത് വന്നതെന്തിനാണെന്ന് താമസിയാതെ ഞങ്ങൾക്കു മനസ്സിലായി. ഏഴ് അമേരിക്കൻ സൈനികരടങ്ങുന്ന ഒരു സംഘം, പഴയ ബോംബുകൾ കണ്ടുപിടിച്ച് പൊട്ടിക്കാൻ ദ്വീപിലെത്തിയിരിക്കുന്നതായി ഒരു പൊലീസുകാരൻ വിശദീകരിച്ചു. പൊതുജന സുരക്ഷിതത്വം ഉറപ്പുവരുത്താൻ ദ്വീപുവാസികളെ അവരുടെ വീടുകളിൽനിന്ന് ഒഴിപ്പിച്ച് രണ്ടാംലോക മഹായുദ്ധകാലത്ത് ജപ്പാൻകാർ നിർമിച്ച നിലവറകളിലേക്കു മാറ്റിപ്പാർപ്പിക്കുമത്രേ.
ട്യോർവ്യേയിലെത്തുന്ന സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്ന ആ നിലവറകൾ ഭയാനകമായ ഗതകാലത്തിന്റെ ഒരു സാക്ഷ്യപത്രമാണ്. ദൂരെനിന്നു നോക്കിയാൽ ആ ദ്വീപ് ഒരു ഉഷ്ണമേഖലാ പറുദീസയാണെന്നേ തോന്നൂ. എന്നാൽ അടുത്തുചെന്നു നോക്കിയാൽ, 50 വർഷംമുമ്പ് നടന്ന യുദ്ധം ട്യോർവ്യേയുടെ മനോഹാരിതയ്ക്കു കളങ്കമേൽപ്പിച്ചിരിക്കുന്നതായി കാണാം. ഒരിക്കൽ ജപ്പാൻകാരുടെ ഒരു പ്രധാന വ്യോമസേനാതാവളമായിരുന്ന ഈ ദ്വീപിൽ രണ്ടാം ലോകമഹായുദ്ധത്തെ അനുസ്മരിപ്പിക്കുന്ന അവശിഷ്ടങ്ങൾ കാണാം. എവിടെ നോക്കിയാലും ഉഷ്ണമേഖലാ സസ്യങ്ങളാൽ മൂടപ്പെട്ട തുരുമ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധാവശിഷ്ടങ്ങൾ—പോർവിമാനങ്ങൾ, വെടിയുണ്ട നിറച്ച തോക്കുകൾ, ടോർപ്പിഡോകൾ എന്നിവ—കാണാം.
പൊട്ടാതെ കിടക്കുന്ന ബോംബുകളാണ് ഏറ്റവുമധികം പരിഭ്രാന്തി സൃഷ്ടിക്കുന്നത്. യുദ്ധകാലത്ത് യു.എസ്. സൈനികസംഘം 3,600-ലധികം ടൺ ബോംബുകളും നാപാം ബോംബുകളും റോക്കറ്റുകളും ട്യോർവ്യേയുടെമേൽ വർഷിച്ചു. കൂടാതെ ജാപ്പനീസ് സൈന്യത്തിനും ആ പ്രദേശത്ത് ബോംബുകളുടെയും ആയുധങ്ങളുടെയും ശേഖരങ്ങളുണ്ടായിരുന്നു. 50 വർഷം പഴക്കമുള്ള ബോംബ്, സാധാരണഗതിയിൽ പൊട്ടാറില്ലെങ്കിലും അപകടസാധ്യത പാടേ തള്ളിക്കളയാനാവില്ല. അതുകൊണ്ടാണ് യുദ്ധം അവസാനിച്ച വർഷമായ 1945-നുശേഷം ബോംബ് നീക്കം ചെയ്യുന്ന സംഘങ്ങൾ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും അവിടം സന്ദർശിച്ചത്.
മുന്നറിയിപ്പു ശരിയായിരിക്കുമോ എന്ന് ഞങ്ങൾക്കു സംശയമുണ്ടായിരുന്നു. അതുകൊണ്ട് ബോംബ് നീക്കംചെയ്യുന്ന സംഘം നിന്നിരുന്ന സ്ഥലത്തേക്കു ചെന്ന് ഞങ്ങൾ അവരുമായി സംസാരിച്ചു. മുന്നറിയിപ്പു ശരിയാണെന്നു മാത്രമല്ല, ഒരു മണിക്കൂറിനകം ബോംബുകൾ പൊട്ടാൻ തുടങ്ങുമെന്നും അവർ ഞങ്ങളോടു പറഞ്ഞു! ഒരു നിലവറയിൽ അഭയം തേടിയില്ലെങ്കിൽ അപ്പോൾത്തന്നെ ഞങ്ങൾ ദ്വീപു വിടേണ്ടിവരുമെന്നും അവർ പറഞ്ഞു.
ഞങ്ങളുടെ കൂട്ടുകാരി ട്യോർവ്യേയിൽത്തന്നെ തങ്ങാൻ തീരുമാനിച്ചു. മെഷീൻഗണ്ണുകളുടെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു നിലവറയിൽ ഒട്ടേറെ കുടുംബങ്ങളോടൊപ്പം അവളും അഭയംതേടി. വെടിത്തുളകൾ (gun ports) മാത്രമാണ് ആ പഴയ കോൺക്രീറ്റ് നിലവറയിൽ ആകെയുണ്ടായിരുന്ന ജനാലകളെന്നും അകത്ത് അസഹ്യമായ ചൂടും തിരക്കുമായിരുന്നെന്നും അവൾ പിന്നീട് ഞങ്ങളോടു പറഞ്ഞു. അവിടെ ചെലവഴിച്ച ദിവസം യുദ്ധകാല സ്മരണകൾ മനസ്സിലേക്കു വന്നതായും കുട്ടിയായിരുന്നപ്പോൾ ബോംബുകൾ പൊട്ടുന്നത് കാണാൻ രസമായിരുന്നെങ്കിലും ഇപ്പോൾ അതു തന്നെ ഭയപ്പെടുത്തുന്നതായും അവൾ പറഞ്ഞു.
ഒരു യന്ത്രവത്കൃത ബോട്ടിൽ ഞങ്ങളെ എട്ടു കിലോമീറ്റർ അകലെയുള്ള വൊലെറ്റ് ദ്വീപിൽ എത്തിക്കാമെന്ന് അവളുടെ ഭർത്താവ് സമ്മതിച്ചിരുന്നു. പുറപ്പെട്ട് ഏതാനും മിനിറ്റുകൾക്കകം ഞങ്ങൾ വലിയൊരു പൊട്ടിത്തെറി കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ട്യോർവ്യേയിൽ ആൾപ്പാർപ്പുള്ള പ്രദേശത്തിനരികിലായി ഒരു പുകത്തൂണ് ഉയരുന്നതു ഞങ്ങൾ കണ്ടു. അധികം കഴിയുന്നതിനുമുമ്പ് രണ്ടാമതും ഒരു പൊട്ടിത്തെറിയുണ്ടായി, ഏറെ താമസിയാതെ പൂർവാധികം ശക്തിയോടെ മൂന്നാമതും.
ആ ദിവസം മുഴുവൻ ഞങ്ങൾ വൊലെറ്റിൽ പ്രസംഗിച്ചു. ഇടയ്ക്കിടെ അകലെനിന്നു പൊട്ടിത്തെറികൾ കേൾക്കാനുണ്ടായിരുന്നു. പഴയ ബോംബുകൾ മാസങ്ങൾക്കുമുമ്പുതന്നെ കണ്ടെത്തി അടയാളപ്പെടുത്തിയിരുന്നു. പടക്കോപ്പുകൾ എങ്ങുമുണ്ടായിരുന്നു—തീരത്തും ഉൾപ്രദേശങ്ങളിലുള്ള താത്കാലികവിമാനത്താവളത്തിലും, എന്തിന് ആളുകളുടെ പിൻമുറ്റത്തുപോലും! പൊട്ടിത്തെറികൾ കുറയ്ക്കുന്നതിന് ബോംബ് നീക്കം ചെയ്യുന്ന സംഘം ഒട്ടേറെ ചെറിയ ബോംബുകൾ ഒന്നിച്ചുകൂട്ടി പൊട്ടിക്കുകയുണ്ടായി.
ഞങ്ങൾ ട്യോർവ്യേയിൽ മടങ്ങിച്ചെന്നപ്പോൾ അസ്തമയത്തോടടുത്തിരുന്നു. ദ്വീപിനോടടുത്തപ്പോൾ അടുക്കളകളിൽനിന്ന് പതിവായി ഉയരാറുള്ള പുക കാണുന്നില്ലെന്ന കാര്യം ഞങ്ങൾ ശ്രദ്ധിച്ചു. എന്തോ പന്തികേടുണ്ടെന്ന് ഞങ്ങൾക്കു മനസ്സിലായി. പെട്ടെന്ന്, ഒരു കൊച്ചു ബോട്ട് ഞങ്ങളുടെ നേർക്കു പാഞ്ഞുവന്ന്, മുമ്പോട്ടു പോകരുതെന്ന മുന്നറിയിപ്പു നൽകി. പവിഴപ്പുറ്റിനടുത്ത്, വെള്ളത്തിനടിയിലായി ഒരു ബോംബ് പൊട്ടാതെ കിടന്നിരുന്നു. അങ്ങനെ, സന്ധ്യയോടടുത്ത ആ നേരത്ത് ഞങ്ങൾ തീരത്തോടടുക്കവേ, ഇന്നു ജീവിക്കുന്ന പലരും ഒരിക്കലും കണ്ടുകാണുകയില്ലാത്ത ഒരു കാര്യത്തിനു ഞങ്ങൾ സാക്ഷ്യം വഹിച്ചു—രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു ബോംബിന്റെ ജലാന്തര സ്ഫോടനം! വെള്ളവും പുകയും നൂറുകണക്കിനു മീറ്റർ ഉയരത്തിലേക്കു പൊങ്ങി!
സന്തോഷകരമെന്നു പറയട്ടെ, ട്യോർവ്യേയിൽ ആർക്കും ഒന്നും പറ്റിയില്ല. ബോംബ് നീക്കം ചെയ്യുന്ന സംഘം ഒടുവിൽ ആ ദ്വീപിൽനിന്ന് പൊട്ടാതെ കിടന്നിരുന്ന ബോംബുകളെല്ലാം നീക്കം ചെയ്തോ? ഇല്ലായിരിക്കാം. ദ്വീപിലുള്ളവർ ഭാവിയിൽ കൂടുതൽ പടക്കോപ്പുകളിന്മേൽ അറിയാതെ ചെന്നു ചവിട്ടാനുള്ള സാധ്യതയുണ്ടെന്ന് സംഘത്തലവൻ പറഞ്ഞു. ട്യോർവ്യേയിലെ ഞങ്ങളുടെ പ്രസംഗവേല അവസാനിക്കവേ ആളുകളോടു സംസാരിക്കാൻ പറ്റിയ ഒരു വിഷയം അങ്ങനെ ഞങ്ങൾക്കു കിട്ടി. യഹോവയുടെ രാജ്യം ‘ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്ന’ കാലത്തെക്കുറിച്ച് ആ ദ്വീപുവാസികളോടു സംസാരിക്കുന്നത് ഒരു വലിയ പദവിതന്നെയായിരുന്നു.—സങ്കീർത്തനം 46:9.
നാൻസി വാൻഡർവെൽഡ പറഞ്ഞ പ്രകാരം
[27-ാം പേജിലെ ചിത്രം]
ഒരു പൊട്ടാത്ത ബോംബ്