ചിലി അനുപമ രാജ്യം, അനുപമ കൺവെൻഷൻ
അവർ ചിലിയുടെ തലസ്ഥാന നഗരമായ സാൻറിയാഗോയിലേക്കു വന്നു. ആയിരങ്ങളും പതിനായിരങ്ങളുമായി. 40 ലക്ഷത്തിലധികം ജനങ്ങൾ അവിടെത്തന്നെയുണ്ട്. എന്നിട്ടുപോലും ഈ ജനപ്രവാഹം ശരിക്കും ശ്രദ്ധേയമായിരുന്നു. യഹോവയുടെ സാക്ഷികളുടെ 1993-ലെ “ദിവ്യ ബോധന” കൺവെൻഷനെ പരസ്യപ്പെടുത്തുന്ന നീല ബാഡ്ജുകൾ ഈ സന്ദർശകരെല്ലാം ധരിച്ചിരുന്നു.
400-ലധികംപേർ അങ്ങകലെ ജപ്പാനിൽനിന്നു വന്നു. 700-ലധികംപേർ ഐക്യനാടുകളിൽനിന്നും. അയൽരാജ്യമായ അർജൻറീനയിൽനിന്നു വിമാനമാർഗവും കരമാർഗവും എത്തിയവർ ഏതാണ്ട് ആയിരത്തിലധികമായിരുന്നു. കൺവെൻഷനാനന്തര റിപ്പോർട്ടിൽ ദിനപത്രമായ ലാ റെറർസേറാ പ്രസ്താവിച്ചത് ഇങ്ങനെയായിരുന്നു: “നാഷണൽ സ്റേറഡിയത്തിൽ വ്യത്യസ്ത വർഗങ്ങളും ജനതകളും പ്രതിനിധാനം ചെയ്യപ്പെട്ടു. അവിടെ കണ്ട വെളുത്തവർ, ഇരുനിറക്കാർ, ‘മഞ്ഞ’നിറക്കാർ, കറുത്തവർ എന്നിവരെല്ലാം ഇതിനുള്ള തെളിവാണ്. ഇവരെ കൂടാതെ, മെക്സിക്കോ, ബ്രസീൽ, പെറു, ബൊളീവിയ, വെനെസ്വേല, സ്പെയിൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നു തങ്ങളുടെ തനതായ ശൈലിയിൽ വസ്ത്രധാരണം ചെയ്ത് എത്തിയ സ്ത്രീപുരുഷൻമാരുമുണ്ടായിരുന്നു.” ഓസ്ട്രേലിയ, കാനഡ, ജർമനി, പരഗ്വെ, ഫ്രാൻസ്, ബെൽജിയം, ബ്രിട്ടൻ, സ്വിററ്സർലൻഡ്, ഹോളണ്ട് എന്നിവിടങ്ങളിൽനിന്നും മററു മിക്ക തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ എത്തിയിരുന്നു. 1993 നവംബർ 15-നു തുടങ്ങിയ വാരത്തിൽ സാൻറിയാഗോയിലേക്കു വിദേശ സന്ദർശകരുടെ ഒഴുക്കായിരുന്നു, ഏതാണ്ട് 4,500-ലധികം പേർ. ഇതിനു മകുടം ചാർത്താൻ വളരെ ദൂരം യാത്രചെയ്തു സാൻറിയാഗോയിൽ എത്തിയ ചിലിയൻ സാക്ഷികൾ 30,000 പേർ വേറെയും. അത് എന്തുകൊണ്ടായിരുന്നു?
ചിലി—ഒരു അനുപമ രാജ്യം
നിങ്ങൾക്കറിയാമോ, ഭൂമിശാസ്ത്രപരമായി, വളരെ സവിശേഷതയുള്ള ഒരു രാജ്യമാണു ചിലി. ഇതിനെ വ്യതിരിക്തവും അനുപമവുമാക്കുന്നത് എന്താണ്? ഭൂപടത്തിൽ നോക്കിയാൽ 4,310 കിലോമീററർ നീളവും ഏററവും വീതി കൂടിയ ഭാഗത്ത് ഏതാണ്ട് 440 കിലോമീററർ ദൂരവുമുള്ള ഒരു രാജ്യം കാണാം. വാസ്തവത്തിൽ, ഇതിന്റെ ശരാശരി വീതി 180 കിലോമീറററാണ്. രാജ്യത്തിന്റെ ഏറെക്കുറെ മധ്യഭാഗത്താണു തലസ്ഥാനമായ സാൻറിയാഗോ. ഈ സംഗതികളുടെ അർഥം അനേകം ചിലിയൻ സാക്ഷികൾ സാർവദേശീയ കൺവെൻഷൻ സ്ഥലത്ത് കുടുംബസമേതം എത്തിച്ചേരാൻ നൂറുകണക്കിനു കിലോമീറററുകൾ സഞ്ചരിക്കണമെന്നാണ്. പലരും സാമ്പത്തികമായി ഭേദപ്പെട്ടവരല്ലെങ്കിലും അവർ എത്തി. അതേ പുഞ്ചിരിതൂകുന്ന മുഖവുമായി ആയിരങ്ങൾ തന്നെ.
വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യമാണു ചിലി. വടക്ക് വരണ്ടുണങ്ങിയ ആററക്കാമ മരുഭൂമി. സാൻറിയാഗോയ്ക്കു ചുററും നീരോട്ടമുള്ള പ്രദേശത്ത് മുന്തിരിത്തോപ്പുകൾ. തെക്ക്, പസിഫിക്വരെ വനനിബിഡമായ ആൻഡീസ് പർവതപ്രദേശം. ഇതിനൊക്കെ പുറമേയാണ് അൻറാർട്ടിക്കാ പ്രദേശത്തു ചെന്നവസാനിക്കുന്ന വമ്പൻ ഹിമാനികളും സമുദ്രവങ്കങ്ങളും.
വിദേശ സന്ദർശകർ സാൻറിയാഗോ നഗരത്തിന്റെ വശ്യതയിൽ ആകൃഷ്ടരായി. ഒരു പ്രതിനിധിയുടെ അഭിപ്രായം ഈവിധമായിരുന്നു: “എപ്പോഴും തിരക്കോടു തിരക്ക്, അത്തരമൊരു പ്രതീതിയാണ് ഉളവാകുന്നത്. എന്നിട്ടും ആളുകൾ ദയയും സൗഹൃദവും കാണിക്കുന്നവരായിരുന്നു. എന്റെ ജീവിതത്തിൽ ഇത്രയധികം ബസ്സുകൾ ഞാൻ ഒരിക്കലും തെരുവിൽ കണ്ടിട്ടില്ല. യാത്രക്കാരെ കയററാൻ ഡസൻകണക്കിനു ബസ്സ് കമ്പനികൾ മത്സരിക്കുന്നു. കൊച്ചു ടാക്സികൾ അങ്ങുമിങ്ങും ചീറി പായുകയായിരുന്നു. ദോഷവശമെന്നു പറയാൻ ഒന്നു മാത്രം, മലിനീകരണം. അതു ലഘൂകരിക്കാൻ സാൻറിയാഗോയിൽ നിയമങ്ങളുണ്ട്. ആ നിയമമനുസരിച്ച്, ആഴ്ചയിൽ ഒരു ദിവസം കാറുകൾ റോഡിലിറക്കില്ല. ഓരോരുത്തർക്കും മാറിമാറി ലഭിക്കുന്ന ഈ അവസരം കാറിന്റെ ലൈസൻസ് നമ്പർ അനുസരിച്ചായിരുന്നു.” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “വൃത്തിയായി വസ്ത്രംധരിച്ച വിദ്യാർഥികൾ രസകരമായ മറെറാരു സവിശേഷതയായിരുന്നു. ഒന്നൊഴിയാതെ സകലരും യൂണിഫോമിൽ. ഏററവും നൂതനമായ ഡിസൈനിലുള്ള വസ്ത്രങ്ങളുടെയും സ്പോർട്സ് ഷൂവിന്റെയും കാര്യത്തിൽ മത്സരവും സമപ്രായക്കാരിൽനിന്നുള്ള സമ്മർദവും തീർച്ചയായുമില്ല! എല്ലാവരും മാന്യമായി വസ്ത്രംധരിക്കുന്നു.”
വിദേശ സന്ദർശകർക്ക് ഊഷ്മളമായ വരവേൽപ്പ്
“ദിവ്യ ബോധന” പരിപാടി നവംബർ 18 വ്യാഴാഴ്ച ആരംഭിച്ചു. എസ്റേറഡീയോ നാസീയോനാൽ ഫുട്ട്ബോൾ സ്റേറഡിയത്തിൽ വിദേശ പ്രതിനിധികൾ എത്തിയപ്പോൾ അവർക്കാകെ ആശ്ചര്യമായി. ബസ്സിറങ്ങിയാൽ സ്റേറഡിയത്തിലേക്ക് 270 മീററർ നടത്തമുണ്ട്. ഇരുവശത്തും പുരുഷൻമാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ചിലിയൻ സാക്ഷികൾ തിങ്ങിക്കൂടിനിന്ന വഴിയിലൂടെ നടന്നുവന്ന സന്ദർശകരായ സഹോദരങ്ങൾക്ക് സ്വാഗതമരുളാനും കൈപിടിച്ചു കുലുക്കാനും അവർ ഉത്സാഹമുള്ളവരായിരുന്നു. “ചിലിയിലേക്കു സ്വാഗതം!” എന്നു പറയാൻവേണ്ടി ചിലർ രണ്ടുമൂന്ന് ഇംഗ്ലീഷ് വാക്കുകളൊക്കെ പഠിച്ചാണു വന്നിരുന്നത്. ഭാഷ ഒരു പ്രതിബന്ധമായിരുന്നിട്ടും തുടർന്നുള്ള നാലു ദിവസങ്ങളിൽ അനേകം സുഹൃദ്ബന്ധങ്ങൾ ഉടലെടുത്തു. ക്യാമറയ്ക്കും വീഡിയോ റെക്കോർഡറുകൾക്കും വിശ്രമമില്ലായിരുന്നു. ആയിരങ്ങൾ സ്മരണാവസ്തുക്കൾ, പേരുകൾ, അഡ്രസ്സുകൾ മുതലായവ കൈമാറി.
നിറഞ്ഞുകവിഞ്ഞ സംഖ്യ
44,000 ചിലിയൻ സാക്ഷികൾ, 4,500 സന്ദർശകർ എന്നിവരും പിന്നെ താത്പര്യക്കാരും ഉൾപ്പെടെ ഏതാണ്ട് 60,000 പേരുടെ ഒരു അത്യുച്ചം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. വ്യാഴം, വെള്ളി ദിവസങ്ങളിൽതന്നെ ഹാജർനില 50,000 പിന്നിട്ടപ്പോൾ അനുഭവപ്പെട്ട അതിശയമൊന്ന് ആലോചിച്ചുനോക്കൂ. ശനിയാഴ്ച രാവിലെയുണ്ടായിരുന്ന 67,865 എന്ന ഹാജർ ഉച്ചകഴിഞ്ഞപ്പോഴേക്കും 70,418 ആയി വർധിച്ചു. ഇന്നു സാക്ഷികൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു നാടകം ഉൾപ്പെട്ട ഞായറാഴ്ച രാവിലത്തെ പരിപാടിക്ക് ഹാജർ അതിന്റെ അത്യുച്ചത്തിലെത്തി, 80,981 പേർ! സ്റേറഡിയത്തിൽ കൊള്ളാവുന്നതിന്റെ പരമാവധിയും നിറഞ്ഞു. പുറത്ത് നൂറുകണക്കിനാളുകൾ ഉച്ചഭാഷിണിയിലൂടെ ശ്രദ്ധിക്കുകയായിരുന്നു. കൺവെൻഷനെ അനുപമമാക്കിയ ഘടകങ്ങളിൽ ഒരു സംഗതിയായിരുന്നു ഇത്. ലോകമെമ്പാടും നടത്തപ്പെട്ട “ദിവ്യ ബോധന” കൺവെൻഷൻ പരമ്പരയിൽ ഏററവും വലിയ ഹാജർ ഇതായിരുന്നു. ചിലിയൻ സാക്ഷികൾക്ക് ഇതൊരു അതിശയമായി. കാരണം അവരുടെ സഭകൾക്കുള്ള വളർച്ചയുടെ സാധ്യതയുടെയും സമീപഭാവിയിലുണ്ടാകാനിരിക്കുന്ന വർധനവിന്റെയും സൂചനയായിരുന്നു അത്.
ഓരോ പ്രസംഗങ്ങളെക്കുറിച്ചും സ്പാനീഷിലും ഇംഗ്ലീഷിലുമുള്ള അറിയിപ്പുകൾ നൽകുന്നതിന് ഇലക്ട്രോണിക് സ്കോർബോർഡ് ഉപയോഗപ്പെടുത്തി. സദസ്യരുടെ കരഘോഷംപോലും അതിൽ സൂചിപ്പിക്കപ്പെട്ടു! സമാപനത്തിൽ ജർമൻ, ജാപ്പനീസ്, ഡച്ച്, ഫ്രഞ്ച് എന്നിവ ഉൾപ്പെടെ പല ഭാഷകളിലുള്ള വിടവാങ്ങൽ ആശംസകൾ അതിൽ എഴുതിക്കാണിച്ചു.
സ്നാപനം മാധ്യമങ്ങളെ ആകർഷിക്കുന്നു
അത്തരമൊരു പകിട്ടാർന്ന സംഭവം ചിലിയൻ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോകില്ല. പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവ ഓരോ ദിവസത്തെയും കുറിച്ചു കൊടുത്തത് അത്യധികം മികച്ച വിവരണമായിരുന്നു. ശനിയാഴ്ച നടന്ന കൂട്ടസ്നാപനത്തിന്റെ കാര്യത്തിൽ ഇതു വിശേഷാൽ പ്രകടമായിരുന്നു. 12 ചെറുകുളങ്ങൾ ഫുട്ബോൾ കോർട്ടിന്റെ ഒരററത്തു ശരിയാക്കിയിരുന്നു. യഹോവയാം ദൈവത്തെ സേവിച്ചുകൊണ്ട് ക്രിസ്തുവിന്റെ മാതൃക പിൻപററാനുള്ള തങ്ങളുടെ തീരുമാനത്തെ സൂചിപ്പിക്കാൻ സ്നാപനപ്രസംഗത്തിനിടയിൽ നൂറുകണക്കിനു സ്നാപനാർഥികൾ എഴുന്നേററുനിന്നു. പ്രസംഗം, പ്രാർഥന, ഗീതം എന്നിവ കഴിഞ്ഞപ്പോൾ, വെള്ള ഷോർട്സും ടീ-ഷെർട്ടും ധരിച്ച 24 ശുശ്രൂഷകർ ഈരണ്ടുപേർ വീതം ഓരോ കുളത്തിലും സ്ഥാനം പിടിച്ചു. സഹായികളായ സ്ത്രീകളും രംഗത്തെത്തി. ഡ്രസ്സിങ്റൂമിൽ നിന്ന് ആദ്യ സ്നാനാർഥികൾ പുറത്തേക്കു വന്നു. പുരുഷൻമാർ ഒരു വശത്തും സ്ത്രീകൾ മറെറാരു വശത്തുമായി അവർ സ്നാപനസ്ഥലത്തേക്കു നടന്നു. അത് കുളത്തിനു നേരെ നീങ്ങുന്ന അററമില്ലാത്ത രണ്ടു വരികളായി തോന്നി. സകലത്തിനും ഒരു ക്രമമുണ്ടായിരുന്നു. പത്രങ്ങളുടെ ഫോട്ടോഗ്രാഫർമാരും അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ സ്നാപനം തീർന്നു—യേശു വെച്ച മാതൃക പിൻപററിക്കൊണ്ട് 1,282 പുതിയ സാക്ഷികൾ, ക്രിസ്തീയ ശുശ്രൂഷകർ, വെള്ളത്തിൽ നിമജ്ജരായി.
വർണശബളമായ വിടവാങ്ങൽ
ആ ആഴ്ച മുഴുവനും വളരെ നല്ല കാലാവസ്ഥയായിരുന്നു. തന്നെയുമല്ല, ചിലിയിൽ ആ സമയം വസന്തകാലമായിരുന്നു. മഴയെക്കുറിച്ച് ആർക്കും ചിന്തയില്ലായിരുന്നു. ഞായറാഴ്ചത്തെ താപനില 80-കളിലേക്കുയർന്നു. വെയിൽ കൊള്ളാതിരിക്കാൻവേണ്ടി മിക്കവാറും എല്ലാ കുടുംബങ്ങളും കുടയും അലങ്കാരക്കുടയും കൊണ്ടുവന്നിരുന്നു. ആയിരക്കണക്കിനുണ്ടായിരുന്ന വർണശബളമായ അലങ്കാരക്കുടകൾ പുഷ്പങ്ങളിലിരിക്കുന്ന ഒരു കൂട്ടം ചിത്രശലഭങ്ങളെ ഓർമയിലേക്കു കൊണ്ടുവന്നു. ഒടുവിലത്തെ പ്രസംഗം അഞ്ചു മണിയോടെ തീർന്നു. ഗീതവും പ്രാർഥനയും കഴിഞ്ഞ് ആരും പിരിയുന്നുണ്ടായിരുന്നില്ല. കൺവെൻഷൻ തീരാൻ ആരും ആഗ്രഹിച്ചില്ല. ഗണങ്ങൾ സ്വതഃപ്രേരിതമായി രാജ്യഗീതങ്ങൾ ആലപിച്ചു; കയ്യടിയുടെ ആരവം സ്റേറഡിയത്തിന്റെ ഒരററം മുതൽ മറേറ അററം വരെ അലയടിച്ചു; ഒരേ രീതിയിൽ എല്ലാവരും തുവാല വീശിക്കാണിക്കുകയും അലങ്കാരക്കുടകൾ കറക്കുകയും ചെയ്തു. ആൻഡിസ് പർവതങ്ങളുടെ പശ്ചാത്തലമുള്ള സ്റേറഡിയത്തിൽ, തങ്ങളുടെ ജീവിതത്തെ ആകമാനം മാററിയ “ദിവ്യ ബോധന”ത്തിൽ കൃതാർഥരായ ക്രിസ്ത്യാനികൾ സന്തോഷഭരിതരായി, സ്നേഹവായ്പോടെ നിലകൊള്ളുന്ന രംഗം ഹൃദയസ്പർശിയായിരുന്നു.
ഞായറാഴ്ചത്തെ പരിപാടിക്കിടയിൽ ക്വെൽറേറയൂസ് എന്നു പേരുള്ള രണ്ടു വലിയ ചിലിയൻ പക്ഷികൾ അഥവാ തെക്കൻ ആൾകാട്ടിക്കുരുവികൾ സ്റേറഡിയത്തിൽ അങ്ങുമിങ്ങും ഇടയ്ക്കിടെ ഇരപിടിച്ചു ചുററിക്കറങ്ങുന്നുണ്ടായിരുന്നു. ചിലയവസരങ്ങളിൽ അവരുടെ ചിലപ്പുവിളി പരിപാടിയെ ബാധിച്ചു. ഒടുവിലത്തെ പ്രസംഗത്തിനിടയിൽ, പരിപാടി സമാപിച്ചിരിക്കുന്നു എന്ന് അവയ്ക്കു തോന്നിയപോലെ, മെല്ലെ വട്ടമിട്ട് മുകളിലേക്കുയർന്ന് അവ പറന്നകന്നു. ഊൺ പായിസ് സീങ്കൂലാറയ, ഒരു അനുപമ രാജ്യമായ ചിലിയിൽ ഒരു വർഷം കഴിയുമ്പോൾ യഹോവയുടെ സാക്ഷികൾ തങ്ങളുടെ സന്തോഷവും വിശ്വാസവും പങ്കുവെക്കാൻ ആ സ്റേറഡിയത്തിലേക്കു തിരിച്ചുവരുന്നതിൽ സന്തുഷ്ടരായിരിക്കും. നിസ്സംശയമായും, അവരെപ്പോലെ ആ പക്ഷികളും.
[17-ാം പേജിലെ ചിത്രങ്ങൾ]
സാൻറിയാഗോയിലെ കൺവെൻഷനിൽ 80,000-ത്തിലധികം പേർ പങ്കെടുത്തു
[18-ാം പേജ് നിറയെയുള്ള ചിത്രം]