നിങ്ങളൊരു ഏകാന്ത മൂക പക്ഷിയോ?
പക്ഷികളുടെ ഒരു സൗന്ദര്യമത്സരം വെച്ചാൽ, അതു വർണത്തിന്റെയോ മൃദുല മേനിയുടെയോ കാര്യമായാലും ഇതിനു സമ്മാനമൊന്നും കിട്ടാൻ പോകുന്നില്ല. താഴേക്കു പറന്നുവന്നു മീൻ പിടിക്കുന്ന തവിട്ടുനിറമുള്ള ഇത്തരം പക്ഷികളെ ഐക്യനാടുകളിലെ ഫ്ളോറിഡയിൽ ഞാൻ കണ്ടിട്ടുണ്ട്. അവ ഏതാണ്ട് രണ്ടാം ലോകമഹായുദ്ധത്തിലെ ജർമൻ സ്ററ്യൂക്കകളെപ്പോലെ തോന്നും.a ചിലിയിലാണെങ്കിൽ അവയ്ക്കു ശ്വേത നിറമാണ്. ചിറകിനും ശരീരത്തിനും കറുപ്പു നിറം. (ചിത്രം കാണുക.) പസഫിക്കിലുള്ള വൽപറെയ്സ്സോ പാറപ്പുറങ്ങളിലിരുന്ന് അവ മൂകഭാവത്തിൽ വിശ്രമിക്കുകയായിരുന്നു—ഒരുപക്ഷേ തിന്നതു മുഴുവൻ ദഹിക്കാനാവാം.
അതിന് ഏതാണ്ട് 14 കിലോഗ്രാം ഭാരവും ഒന്നര മീറററിലധികം നീളവും കാണും. ചിറക് വിരിച്ചുപിടിച്ചാലുള്ള നീളം മൂന്നു മീറററാണ്. ഇത് ഏററവും വലിയ പക്ഷികളിലൊന്നാണ്. കരയിലായിരിക്കുമ്പോൾ ഇതിനൊരു ചന്തവുമില്ല, ആകപ്പാടെ ഒരു കോമാളിത്തം. പക്ഷേ പറക്കുമ്പോഴത്തെ സ്ഥിതി അതല്ല, നല്ല രസമാണു കാണാൻ. വലിയ ശ്രമമൊന്നും കൂടാതെയാണു പറക്കുന്നത് എന്നു തോന്നും. ഇനി, തീററിയെടുക്കുമ്പോഴോ, ഇതിനു മത്സ്യത്തോടൊപ്പം 10 ലിറററിലധികം വെള്ളവും വലിച്ച് അകത്താക്കാനാവും! ഏതാണീ പക്ഷി? ഇതാണു ഞാറപ്പക്ഷി.
തടാകക്കരയിലും നദിക്കരയിലും കടൽത്തീരത്തുമൊക്കെയായി ഞാറപ്പക്ഷിയെ ലോകത്തിന്റെ പലഭാഗങ്ങളിൽ കണ്ടുവരുന്നു. വിദഗ്ധമായി മീൻ പിടിക്കുന്നതിനു പററിയ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് അതിന്റെ നീണ്ട കൊക്കും വലിയ ഗളസഞ്ചിയും. അതു വെള്ളത്തിലേക്ക് ഊളിയിട്ടുചെന്ന് വെള്ളത്തോടൊപ്പം മത്സ്യങ്ങളെയും കോരിയെടുക്കുന്നു. എന്നിട്ട് അതു വെള്ളം മുഴുവൻ പുറത്തു കളയും, പുത്തൻ ആഹാരമായി മത്സ്യം വയററിലേക്കും പോകും.
ഞാറപ്പക്ഷികളെക്കുറിച്ചു ബൈബിളിൽ പല പ്രാവശ്യം പരാമർശിക്കുന്നുണ്ട്. ഏകാന്തമായ വിജനപ്രദേശങ്ങളെ ഈ പക്ഷി ഇഷ്ടപ്പെടുന്നതു നിമിത്തം അതിനെ സമ്പൂർണ വിജനതയുടെ പ്രതീകമായി ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നു. (യെശയ്യാവു 34:11; സെഫന്യാവു 2:13, 14) തിരുവെഴുത്തുകളെ സംബന്ധിച്ച ഉൾക്കാഴ്ച [ഇംഗ്ലീഷ്] എന്ന ബൈബിൾ എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു: “തീററി വെട്ടിവിഴുങ്ങിയശേഷം ഞാറപ്പക്ഷി പലപ്പോഴും ഒരു ഏകാന്ത സ്ഥലത്തേക്കു പറന്നകലുന്നു. അവിടെ എത്തിയാൽ പിന്നെ അത് തലയും തോളിലാഴ്ത്തി ഒരു മൂകഭാവമെടുക്കുകയായി. . . . പക്ഷിയുടെ ഈ ഭാവം ഒരു സമയത്തുതന്നെ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നു. ‘ഞാൻ മരുഭൂമിയിലെ ഞാറപ്പക്ഷിയുമായി ശരിക്കും സാദൃശ്യത്തിലായിരിക്കുന്നു’ എന്നെഴുതിക്കൊണ്ട് തന്റെ നീറുന്ന ദുഃഖത്തെ ദൃഷ്ടാന്തീകരിക്കുമ്പോൾ സങ്കീർത്തനക്കാരൻ പരാമർശിക്കുന്ന ഏകാന്തമായ നിഷ്ക്രിയത്വത്തോട് ഇതു യോജിക്കുന്നു. (സങ്കീർത്തനം 102:6)” അതുകൊണ്ട്, നിങ്ങൾ എപ്പോഴെങ്കിലും ഏകാന്തതയിലായാൽ, മൂകതയിലായാൽ, നിങ്ങളും ഞാറപ്പക്ഷിയെപ്പോലെ ആയിരുന്നേക്കാം!—സംഭാവന ചെയ്യപ്പെട്ടത്.
[അടിക്കുറിപ്പുകൾ]
a യൂങ്കേഴ്സ് യൂ 87 എന്നു പേരുള്ള ഡൈവ് ബോംബർ. ചെരിച്ചു പിടിപ്പിച്ചിരിക്കുന്ന ഇതിന്റെ ചിറകിന് W-ന്റെ ആകൃതിയാണ്.
[15-ാം പേജിലെ ചിത്രങ്ങൾ]
ചിലിയിലെ ഞാറപ്പക്ഷികൾ
ഇൻസെററ്: ഫ്ളോറിഡയിലെ തവിട്ടുനിറമുള്ള ഞാറപ്പക്ഷി