അവരുടെ വിശ്വാസം മലകളെ നീക്കുന്നു
ബ്യൂണസ് അയേഴ്സ് ദിനപ്പത്രമായ ക്രോണിക്ക 1990 ഡിസംബർ 7-ന് ഈ തലക്കെട്ടോടെ റിവർപ്ലേററ്, വേലെസ് സാർസ്ഫീൽഡ് എന്നീ സോക്കർ സ്റേറഡിയങ്ങളിൽ നടത്തപ്പെട്ടുകൊണ്ടിരുന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ റിപ്പോർട്ടുചെയ്തു. “നിർമ്മല ഭാഷാ” കൺവെൻഷനിൽ അർജൻറീനയിലെ പതിനായിരക്കണക്കിന് സഹോദരങ്ങളോടൊത്തുചേരാൻ അങ്ങോട്ടുള്ള ദൂരമത്രയും യാത്രചെയ്ത് എത്തുവാൻ 20 രാജ്യങ്ങളിൽനിന്നുള്ള 6,000ത്തോടടുത്ത് വിദേശ പ്രതിനിധികളെ പ്രേരിപ്പിച്ചത് നിശ്ചയമായും ശക്തമായ വിശ്വാസം തന്നെയായിരുന്നു. ഇവരിൽ കൊറിയൻ സാക്ഷികളുടെ നിരവധി പ്രാദേശിക സഭകൾ ഉൾപ്പെട്ടിരുന്നു. ബ്രിട്ടൻ, കാനഡ, ചിലി, ജപ്പാൻ, (അലാസ്കാ ഉൾപ്പെടെ) ഐക്യനാടുകൾ എന്നിവിടങ്ങളിൽ നിന്നും വിദേശപ്രതിനിധികൾ എത്തി. അവരെ പ്രചോദിപ്പിച്ചത് എന്തായിരുന്നു? അർജൻറീനയിൽ നടത്തപ്പെട്ട രണ്ടാം അന്തർദ്ദേശീയ കൺവെൻഷനെ പിന്തുണക്കാനുള്ള അവരുടെ അഭിലാഷം.
പുതിയ ബഥേൽ സമർപ്പണം
എന്നാൽ കൺവെൻഷൻ സമയത്തിനു ഏറെ മുമ്പുതന്നെ വിശ്വാസത്തിന്റെ വലിയ പ്രവർത്തനങ്ങൾ നടത്തപ്പെട്ടിട്ടുണ്ടായിരുന്നു. ഒക്ടോബറിൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽപ്പെട്ട സന്ദർശക പ്രസംഗകനായ തിയോഡോർ ജാരക്സ് അസോസിയേഷൻ ഡി ലോസ് ടെസ്ററിഗോസ് ഡി ജഹോവയുടെ അർജൻറീനയിലെ പുതിയ ബ്രാഞ്ച് ഓഫീസിന്റെ സമർപ്പണം നിർവഹിച്ചു. അന്തർദ്ദേശീയ തലത്തിൽനിന്ന് 259 പേരും അർജൻറീനയിൽനിന്ന് 690 പേരും അടങ്ങുന്ന സ്വമേധയാ സേവകരാണ് പുതിയ താമസക്കെട്ടിട സമുച്ചയം നിർമ്മിച്ചത്. ബ്യൂണസ് അയേഴ്സിലെ ട്രീ-ലൈൻഡ് സെക്ഷനിൽ സ്ഥിതിചെയ്യുന്ന ബെഥേൽ അഥവാ “ദൈവത്തിന്റെ ഭവന”ത്തിന് 129 താമസമുറികളും 300 പേർക്കുള്ള ഒരു ഭക്ഷണമുറിയുമാണുള്ളത്. അർജൻറീനയിൽ 84,000-ത്തിൽപരം സാക്ഷികളും വളരെയേറെ വർദ്ധനവിനുള്ള സാദ്ധ്യതയും ഉണ്ടെന്നുള്ളതിനാൽ ഈ പുതിയ ബ്രാഞ്ച് കെട്ടിടം പെട്ടെന്നുതന്നെ പൂർണ്ണമായി അധിവസിക്കപ്പെടും എന്നത് നിസ്സംശയമാണ്.
“നിർമ്മല ഭാഷയുമായി യഹോവയുടെ സാക്ഷികൾ”
അന്തർദ്ദേശീയ കൺവെൻഷന്റെ “നിർമ്മല ഭാഷ” എന്ന വിഷയം മാധ്യമങ്ങളുടെ പ്രതിനിധികളടക്കം അനേകരിൽ കൗതുകമുണർത്തി. മേൽക്കാണിച്ച ശീർഷകം ക്രോണിക്ക വിശേഷവൽക്കരിക്കയും ഒരു പ്രസംഗകൻ നൽകിയ പ്രകാരം നിർമ്മലഭാഷയുടെ പിൻവരുന്ന നിർവചനം ഉദ്ധരിക്കയും ചെയ്തു: “ദൈവത്തെക്കുറിച്ചും ഭൂമിയെയും മനുഷ്യനെയും കുറിച്ചും ബൈബിളിലടങ്ങിയിരിക്കുന്ന പ്രകാരമുള്ള ശരിയായ ഗ്രാഹ്യം, ആരെങ്കിലും നിർമ്മലഭാഷ സംസാരിക്കാൻ പഠിക്കുമ്പോൾ അയാളുടെ ചിന്താരീതി, സംസാരം, നടത്ത ഇവ ഏക സത്യദൈവമെന്നനിലയിൽ ദൈവത്തെ തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതിൽ കേന്ദ്രീകരിക്കപ്പെടുന്നു.”
ഒരു കോടിയിലധികം വരുന്ന ജനസംഖ്യയോടെ നീണ്ടുപരന്നു കിടക്കുന്ന ബ്യൂണസ് അയേഴ്സ് വൻനഗരത്തെ അതിന്റെ മദ്ധ്യത്തിൽ നടക്കുന്ന കൺവെൻഷനെപ്പററി നന്നായി അറിയിച്ചിരുന്നു. ആറു ദിവസത്തെ കാലയളവിൽ, നിയമമനുശാസിക്കുന്ന പ്രകാരം ക്രമമായി 40 സെക്കൻറുനേരത്തെ റേഡിയോ, ടി.വി. പരിപാടികൾ ഈ സംഭവത്തിന് സൗജന്യമായ പരസ്യം നൽകി. പുതിയ സാക്ഷികളുടെ സ്നാപനത്തോടെയുള്ള ശനിയാഴ്ചത്തെ പരിപാടി പത്രലോകത്തെ ആകർഷിച്ചു. സദസ്യർക്കു കാണാവുന്ന വിധത്തിൽ രണ്ടു സ്റേറഡിയങ്ങളുടെയും ഓരോ അററത്തും 3 കുളങ്ങൾ വീതം സജ്ജീകരിച്ചിരുന്നു, എന്നാൽ ഉച്ചതിരിഞ്ഞുള്ള പരിപാടിയുടെ സമയമായപ്പോഴേക്ക് സ്നാപനം തീർക്കാൻ 12 കുളങ്ങൾപോലും മതിയായില്ല. അതുകൊണ്ട് റിവർപ്ലേററ് സ്റേറഡിയത്തിലെ കുളങ്ങൾ കാഴ്ചക്കപ്പുറത്തേക്ക് മാററി സ്ഥാപിക്കേണ്ടി വന്നു. റിവർപ്ലേററിൽ 1,363ഉം വേലെസ് സാർസ്ഫീൽഡിൽ 748ഉം കൂടെ മൊത്തം 2,111 പേർ സ്നാപനപ്പെടുത്തപ്പെട്ടു! ക്രോണിക്കയിലെ തലക്കെട്ട് ഇപ്രകാരം വായിക്കപ്പെട്ടു: “റിവറിലും വേലെസിലും വിശ്വാസത്തിന്റെ മറെറാരു മഹത്തായ പ്രകടനം—സാക്ഷികൾ സ്നാപനപ്പെടുത്തപ്പെടുന്നു.” രണ്ടു കൺവെൻഷന്റെയും മൊത്തം ഹാജർ 67,000ലും കവിഞ്ഞു.
സാർവദേശീയ അനുഭൂതി
ഒരുവൻ വർണ്ണശബളമായ സദസ്സിലൂടെ നീങ്ങവേ, വർഗ്ഗത്തിന്റെയും സംസ്കാരത്തിന്റെയും ശാരീരികമായ വ്യത്യാസങ്ങൾ പ്രകടമായിരുന്നു. തന്റെ യെർബോമേററ്, ഒരു ലോഹ ബോംബില്ല അഥവാ ലോഹക്കുഴലിലൂടെ ഒരു പ്രത്യേക മരക്കോപ്പയിൽനിന്നും നുണഞ്ഞു കുടിക്കുന്ന ഒരിനം ചായ, ആസ്വദിച്ചുകൊണ്ടിരിക്കുന്ന അർജൻറീനക്കാരിയായ ഒരു സഹോദരി. സ്പെയിനിൽ നിന്നു വന്ന 800 പേരിൽ ആ ദേശത്തെ വിശേഷ വസ്ത്രങ്ങൾ ധരിച്ച ചില സഹോദരിമാർ. ജപ്പാനിൽ നിന്നുവന്ന 900 പേരുടെ സംഘത്തിലെ ചില സ്ത്രീകൾ പരമ്പരാഗത കിമോണോ ധരിച്ചിരുന്നു. മെക്സിക്കോയിൽനിന്നു വന്ന ഒരു പ്രതിനിധി ഒരു കറുത്ത സ്യൂട്ടും വീതിയുള്ള വിളുമ്പോടുകൂടിയ ഒരു മെക്സിക്കൻ തൊപ്പിയും ധരിച്ചിരുന്നു. ബാഹ്യപ്രത്യക്ഷതകളിലെ ഈ വ്യത്യാസങ്ങളെല്ലാമുണ്ടായിരുന്നിട്ടും അവരുടെ ആത്മീയ ഐക്യം എല്ലാവർക്കും വ്യക്തമായി ദൃശ്യമായിരുന്നു. സമ്മേളനത്തിന്റെ ഒടുവിൽ പലരും ഈ മനോഹരമായ സംഭവത്തിന്റെ ഓർമ്മക്കുറിപ്പായി ഉതകിയേക്കാവുന്ന സുവനീറുകൾ—കൺവെൻഷൻ ബാഡ്ജുകൾ, പേനകൾ, പോസ്ററുകാർഡുകൾ തുടങ്ങിയ എന്തും പരസ്പരം കൈമാറുന്നുണ്ടായിരുന്നു.
സമ്മേളന ആത്മാവ് വിമാനത്താവളങ്ങളിലേക്ക് കവിഞ്ഞൊഴുകി. ഇത് അനേക കൂട്ടങ്ങളും, ബന്ധപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന വിമാനങ്ങളിൽ കയറുന്നതിന് യു.എസ്.എ. ഫ്ളോറിഡായിലെ മിയാമിയിൽ കണ്ടുമുട്ടിയപ്പോൾ വിശേഷാൽ ദൃശ്യമായിരുന്നു. ബ്യൂണസ് അയേഴ്സിൽനിന്നുള്ള മടക്കയാത്രയിൽ ഐക്യനാടുകളിൽനിന്നുള്ള ഒരു വലിയ സംഘം മെക്സിക്കോയിലേക്കു പോകുകയായിരുന്ന ജപ്പാനിൽനിന്നുള്ള ഒരു കൂട്ടത്തെ കാണാനിടയായി. പെട്ടെന്ന് അമേരിക്കൻ യാത്രികരെല്ലാം തങ്ങളുടെ ഉത്സാഹഭരിതരായ ജാപ്പനീസ് കൂട്ടാളികളാൽ തടഞ്ഞുനിർത്തപ്പെട്ടുകൊണ്ടേയിരുന്നു. ആ പ്രദേശത്തെ മററു ജനങ്ങൾ ഇതു കണ്ട് സ്തംഭിച്ചു നിൽക്കുകയും എന്താണു നടന്നുകൊണ്ടിരുന്നതെന്നറിയാൻ ആകാംക്ഷാഭരിതരാവുകയും ചെയ്തു. അത് യഹോവയുടെ സാക്ഷികൾ തങ്ങളുടെ “നിർമ്മലഭാഷ”യുടെ ആത്മാവു പങ്കിടുന്നതായിരുന്നു!
കൺവെൻഷൻ പരിപാടിയും അന്താരാഷ്ട്ര സഹവാസവും വളരെ എടുത്തു പറയത്തക്കതായിരുന്നതിനാൽ ഞായറാഴ്ച സമ്മേളനം അവസാനിച്ചപ്പോൾ ആർക്കും സ്റേറഡിയം വിടാൻ തോന്നിയില്ല. വിഭിന്ന ദേശീയകൂട്ടങ്ങൾ ക്ഷണത്തിൽ തങ്ങളുടെ വ്യത്യസ്ത ഭാഷകളിൽ ഉപകരണസംഗീതത്തിന്റെ അകമ്പടിയില്ലാതെ രാജ്യഗീതങ്ങൾ പാടാനും പരസ്പരം തൂവാലകൾ വീശാനും തുടങ്ങി. സന്തുഷ്ടരായ സമ്മേളിതർ ഒടുവിൽ വീട്ടിലേക്കു പോകുന്നതിനുമുമ്പ് ഇത് ഏതാണ്ട് 1 മണിക്കൂറോളം നീണ്ടുനിന്നു. അർജൻറീനയിലെ ഒരു തഴക്കംവന്ന പ്രസ്ഫോട്ടോഗ്രാഫർ ഇപ്രകാരം പ്രസ്താവിച്ചു: “അർജൻറീനയിൽ മുമ്പൊരിക്കലും ഇങ്ങനെയൊന്ന് നടന്നിട്ടില്ല. എന്തു വികാരം, എത്ര ഊഷ്മളത!” (g91 7/8)
[15-ാം പേജിലെ ചിത്രങ്ങൾ]
1990 ഡിസംബർ 6-9 വരെ ബ്യൂണസ് അയേഴ്സിൽവെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ രണ്ടു “നിർമ്മലഭാഷാ” കൺവെൻഷനിൽ 67,000ത്തിലധികംപേർ പങ്കെടുത്തു
[16-ാം പേജിലെ ചിത്രങ്ങൾ]
84,000ത്തിലധികം സാക്ഷികളെ സേവിക്കാൻ സജ്ജമായിരിക്കുന്ന അർജൻറീനയിലെ പുതിയ ബ്രാഞ്ച് സമുച്ചയം