പോളണ്ട്—യഹോവയുടെ സാക്ഷികൾക്ക് ആതിഥ്യം നൽകുന്നു
പോളണ്ടിൽ, 1989 ഓഗസ്ററിൽ സാർവ്വദേശീയ സമാധാനത്തിന്റെയും ഐക്യത്തിന്റെയും അത്യന്തം ശ്രദ്ധേയമായ ഒരു പ്രദർശനം ഉണ്ടായി. സന്ദർഭം, യഹോവയുടെ സാക്ഷികളുടെ “ദൈവിക ഭക്തി” കൺവെൻഷനുകൾ ആയിരുന്നു, ഓഗസ്ററ് 2-4 തീയതികളിൽ പോളിഷ് നഗരങ്ങളായ പൊസ്നാനിലും കറേറാവിസിലും ഓഗസ്ററ് 9-11 തീയതികളിൽ വാഴ്സൊയിലും നടത്തപ്പെട്ടതുതന്നെ.
ഈ കൺവെൻഷനുകളെ ഇത്ര പ്രത്യേകതയുള്ളതാക്കിയത് എന്താണ്? ആധുനിക കാലത്ത് യഹോവയുടെ സാക്ഷികൾ അതിലും വലിയതും കൂടുതൽ ദൈർഘ്യമുള്ളതും കൂടുതൽ രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതും ആയ കൺവെൻഷനുകൾ നടത്തിയിട്ടുണ്ട്. എന്നാൽ അതിലുമധികം ഉൽസാഹം ജനിപ്പിച്ചിട്ടുള്ളതോ അത്തരം ക്രിസ്തീയ ഐക്യം പ്രദർശിപ്പിച്ചിട്ടുള്ളതോ ക്രിസ്തീയ സ്നേഹത്തിന്റെ അത്രയധികം സ്വേച്ഛപ്രകടനങ്ങൾ ഉണ്ടായിട്ടുള്ളതോ ആയ കൺവെൻഷനുകൾ വിരളമാണെന്ന് 1,66,000ലധികം വ്യക്തികൾ നിങ്ങളോടു പറയും.
‘പുതിയ ലോകം മാത്രം മെച്ചം’
ചുരുങ്ങിയത് 37 രാജ്യങ്ങളുടെ പ്രതിനിധികളും മററ് പലയിടങ്ങളിൽ നിന്നുള്ള വ്യക്തികളും സന്നിഹിതരായിരുന്നു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അഞ്ച് അംഗങ്ങൾ കാര്യപരിപാടികളിൽ പങ്കുകൊണ്ടു. പശ്ചിമ യൂറോപ്പിൽ നിന്നും ഐക്യനാടുകളിൽ നിന്നും ജപ്പാനിൽ നിന്നുമായി 12,000ലധികം അതിഥികൾ വന്നു, ഇത് പോളണ്ടിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളതിലേക്കും ഏററവും വലിയ സാർവ്വദേശീയ സഞ്ചാരികളുടെ സംഘം ആയിരുന്നു.
സോവ്യററ് യൂണിയനിൽ നിന്നും ചെക്കോസ്ലോവാക്യയിൽ നിന്നും മററ് പൂർവ്വ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾ കൂടുതലായി വന്നുചേർന്നു. ഈ പ്രതിനിധികളിൽ മിക്കവർക്കും പലരും മുപ്പതോ അതിലധികമോ വർഷമായി സാക്ഷികളായിരുന്നിട്ടും ഇത് അവരുടെ ആദ്യ കൺവെൻഷൻ ആയിരുന്നു. തങ്ങളുടെ സഹോദരങ്ങളോടൊത്ത് ആദ്യമായി സമ്മേളിക്കാൻ കഴിഞ്ഞ അത്തരക്കാരുടെ വികാരങ്ങൾ സോവ്യററ് യൂണിയനിലെ കസാക്കിസ്ഥാനിൽ നിന്നുള്ള ഒരു പ്രതിനിധിയുടെ ഈ വാക്കുകളിൽ സമാഹരിക്കാൻ കഴിയും, അദ്ദേഹം പറഞ്ഞു:
“അനേക വർഷങ്ങളായി ഞങ്ങൾ ഈ നാളിനായി കാത്തിരിക്കുകയായിരുന്നു, ഇപ്പോൾ ഞങ്ങൾ ഇവിടെ ഈ സാർവ്വദേശീയ കൺവെൻഷനിൽ എത്തി. ഇതെല്ലാം ഗ്രഹിക്കാനും ഉൾക്കൊള്ളാനും ഞങ്ങൾക്ക് പ്രയാസം തോന്നുന്നു. ഇത് ഒരു സ്വപ്നംപോലെയാണ്. ഞങ്ങൾ കണ്ടതും കേട്ടതുമെല്ലാം വാക്കുകളിൽ വിവരിക്കുക അസാദ്ധ്യമാണ്. ബൃഹത്തായ, കിണ്ണത്തിന്റെ ആകൃതിയിലുള്ള സ്റേറഡിയം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി ഞങ്ങൾ കാണുകയും സംഗീതം കേൾക്കുകയും ചെയ്തപ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു. ഞങ്ങളെല്ലാം നിശ്ചലരായി ഒന്നിച്ചു നിൽക്കുമ്പോൾ, പ്രാർത്ഥന ഞങ്ങളിൽ അനിയന്ത്രിതമായ വിറയൽ ഉളവാക്കി. അത് അത്ര ഭയഭക്തിഗാംഭീര്യത്തോടുകൂടിയതും ഐകമത്യമുള്ളതും ആയിരുന്നു. വാഴ്സൊയിലെ ഈ കൺവെൻഷൻ ഉജ്ജ്വലമായതും മഹത്തായതുമായ ഒരു സംഭവമായിരുന്നു, പുതിയലോകം മാത്രമേ ഇതിലും മെച്ചമായിരിക്കുകയുള്ളു. ഈ അത്ഭുതകരമായ നാളുകൾ ഞങ്ങൾ എല്ലായ്പ്പോഴും സ്മരിക്കും.”
പതിനായിരക്കണക്കിന് സഹസാക്ഷികളോടൊത്ത് കൺവെൻഷനുകളിൽ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഈ സന്ദർശകരിൽ അനേകരും പ്രചോദിതരായി കാണപ്പെട്ടു. വാഴ്സൊയിൽ അവർ അഞ്ചു മിനിററിലധികം സ്റേറഡിയത്തെ മുഖരിതമാക്കിയ ഒരു കരഘോഷം തുടങ്ങി. ഒരു പശ്ചിമ യൂറോപ്യൻ പ്രതിനിധി അഭിപ്രായപ്പെട്ടതുപോലെ: “ആ സമയത്ത് ചൂടുള്ള കാലാവസ്ഥയെക്കുറിച്ചോ പരുക്കൻ ബഞ്ചുകളെക്കുറിച്ചോ സുഖകരമായ ഇരിപ്പിടങ്ങൾക്കായി വീട്ടിലേക്ക് തിരിച്ചുപോകുന്നതിനേക്കുറിച്ചോ ആരും തന്നെ ചിന്തിച്ചില്ല. അവർ കൂടുതൽ പ്രബോധനവും സ്നേഹപൂർവ്വകമായ കൂട്ടായ്മയും ആഗ്രഹിച്ചു.”
ഓരോ ദിവസവും വിദേശ പ്രതിനിധികൾ റിപ്പോർട്ടുകൾ നൽകി, അവർ തങ്ങളുടെ രാജ്യത്തെ അനുഭവങ്ങൾ വിവരിച്ചു. വാഴ്സൊയിലെ അത്തരം 24 റിപ്പോർട്ടുകളിൽ അവസാനത്തേത് സോവ്യററ് യൂണിയനിൽ നിന്നുള്ള പ്രതിനിധിക്കുള്ളതായിരുന്നു. “ഞങ്ങൾക്ക് നിങ്ങളോടൊത്തായിരിക്കുന്നതിന്റെ സന്തോഷം വർണ്ണിക്കാൻ വാക്കുകളില്ല” എന്നു പറഞ്ഞുകൊണ്ട് അയാൾ തുടങ്ങി. “ഞങ്ങൾക്ക് ഇത്രയധികംപേർക്ക് ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞതിനെയും നിങ്ങൾ വളരെ ആതിഥ്യപൂർവ്വം ഞങ്ങളെ സ്വീകരിച്ചതിനെയും ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. സഹോദരങ്ങളായ നിങ്ങളിൽ പലരോടും വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ കഴിയുന്നതിലും ഞങ്ങൾ സന്തോഷിക്കുന്നു. ഞങ്ങളിൽ ചിലർ പസഫിക് സമുദ്രതീരത്തുള്ള വ്ളാഡിവോസ്റേറാക്പോലെ ആറു ദിവസത്തെ ട്രെയിൻ യാത്രയുള്ള വിദൂര സ്ഥലങ്ങളിൽ നിന്നാണ് വന്നിരിക്കുന്നത്. വളരെപേർ ഒരേസമയം പോകാൻ ആഗ്രഹിച്ചതുകൊണ്ട് ടിക്കററുകൾ ലഭിക്കുന്നതിലും ഞങ്ങളിൽ ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടായി, പരിമിതമായ ഇരിപ്പിടങ്ങളെ ലഭ്യമായിരുന്നുള്ളുതാനും. എന്നാൽ യഹോവയുടെ സഹായത്താൽ ഞങ്ങൾ അതു സാധിച്ചു.”
ഉചിതമായും, ഞായറാഴ്ച ഉപസംഹാര പ്രസ്താവനകളിൽ ഭരണസംഘത്തിലെ ഒരംഗം, തങ്ങളുടെ രാജ്യങ്ങളിലെ ഇത്രയധികം യഹോവയുടെ സാക്ഷികളെ ഈ കൺവെൻഷനുകളിൽ സംബന്ധിക്കാൻ അനുവദിച്ചതിന് പൂർവ്വയൂറോപ്യൻ ഗവൺമെൻറുകളോട് നന്ദി പറഞ്ഞു.
ഒരു ഏകീകൃത സഹോദരവർഗ്ഗം
പോളിഷ് കൺവെൻഷനുകളിലെ തന്റെ അനുഭവം വർണ്ണിച്ചുകൊണ്ട് ഒരു സാക്ഷി ഇപ്രകാരം പറഞ്ഞു: “അത് വിപരീത അർത്ഥത്തിൽ ബാബേൽ പോലെ ആയിരുന്നു.” ആളുകൾ വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ബാബേൽ കോട്ടയിൽ കലക്കവും അനൈക്യവും സംഭവിച്ചെങ്കിൽ ഇവിടെ ഭാഷാപ്രശ്നം ഉണ്ടായിരുന്നിട്ടും ചിന്തയിലും നടത്തയിലും പ്രവർത്തനങ്ങളിലും ഐക്യത്തിന്റെ ഒരു അത്ഭുതകരമായ പ്രകടനം ഉണ്ടായിരുന്നു.—ഉൽപ്പത്തി 11:1-9.
വിവിധ ദേശക്കാരായ ഈ സഹവിശ്വാസികളുടെയിടയിലെ ഐക്യം പുറത്തുള്ളവർ ശ്രദ്ധിക്കാതിരുന്നില്ല. സ്ററാൻഡർ മറേറാഡിക് എന്ന പ്രസിദ്ധീകരണം ഇപ്രകാരം കുറിക്കൊണ്ടു: “ആശയക്കുഴപ്പം ഉണ്ടാകാത്തവരും ആൾക്കൂട്ടത്തിൽ കൂട്ടംപിരിഞ്ഞു പോകാത്തവരുമായി വാഴ്സൊ വിമാനത്താവളത്തിൽ എത്തിച്ചേർന്ന യാത്രക്കാർ യഹോവയുടെ സാക്ഷികൾ മാത്രമായിരുന്നു. സഹവിശ്വാസികൾ പല ഭാഷകളിൽ അറിയിപ്പുകളും വിവരങ്ങൾ അറിയിക്കുന്ന കേന്ദ്രങ്ങളും ചൂണ്ടുപലകകളും ഒരുക്കിയിരുന്നു, നഗരത്തിലേക്ക് യാത്രാ സൗകര്യവും ഏർപ്പെടുത്തി.”
കൺവെൻഷനുകളിലെ സംഗീതം ശ്രദ്ധേയമായിരുന്നു, 20ലധികം വ്യത്യസ്ത ഭാഷകളിൽ പതിനായിരക്കണക്കിന് ആളുകൾ ഏകസ്വരത്തിൽ പാടുമളവിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരാത്മാവിൽ എല്ലാവരും ഒരേ ആശയങ്ങൾ പ്രകടമാക്കിക്കൊണ്ടുതന്നെ. കൂടാതെ വാഴ്സൊയിൽ കാര്യപരിപാടിയുടെ ഭാഗങ്ങൾ 16 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു, (പൊസ്നാനിൽ 13ഉം കറേറാവിസിൽ 15ഉം) ഇത് മുമ്പൊരിക്കലും പോളണ്ടിൽ നടത്തപ്പെട്ടിട്ടില്ല.
പതിനാറ് ഭാഷാന്തരക്കാർ തങ്ങളുടെ ഭാഷാകൂട്ടങ്ങൾക്കഭിമുഖമായി മൈതാനത്തിൽ നിന്നു. പ്രസംഗകൻ സ്റേറജിൽ നിന്ന് സംസാരിച്ചു, സ്റേറഡിയത്തിൽ അതതുഭാഗത്തുള്ള സദസ്സിന്റെ ഭാഷയിലേക്ക് ദ്വിഭാഷി വിവർത്തനം ചെയ്യുകയും ചെയ്തു. അതത് ഭാഷാവിഭാഗത്തിനു നേരെ ഇരിക്കുന്ന ഉച്ചഭാഷിണികൾ തന്റെ സ്വന്തം ഭാഷയിൽ കേൾക്കുക സാദ്ധ്യമാക്കി, മററ് വിഭാഗങ്ങളിൽ മററു ഭാഷക്കാർക്കായി നടത്തുന്ന ഭാഷാന്തരങ്ങളെ ശല്യം ചെയ്യാതെ തന്നെ.
പോളണ്ടിൽ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും ആയിരക്കണക്കിന് സന്ദർശകർക്ക് തങ്ങളുടെ പോളിഷ് സഹോദരങ്ങൾ സ്വകാര്യ താമസസൗകര്യങ്ങൾ പ്രദാനം ചെയ്തു. പൊസ്നാനിലെ സഹോദരങ്ങൾ 16,000 പേരെ താമസിപ്പിച്ചു, വാഴ്സൊയിൽ 21,000ഉം കറേറാവിസിൽ 30,000ഉം തന്നെ. ഒരു കുടുംബം 18 പേരെ താമസിപ്പിക്കുകയും 21 പേർക്ക് ഭക്ഷണം നൽകുകയും ചെയ്തു. 146 സാക്ഷികളുള്ള ഒരു സഭ 1,276 വ്യക്തികൾക്ക് താമസസൗകര്യം നൽകി!
നല്ല വാർത്താപ്രചാരം
റെറലിവിഷനിലെയും റേഡിയോയിലെയും ദിനപ്പത്രങ്ങളിലെയും റിപ്പോർട്ടുകൾ മിക്കവാറും സത്യസന്ധവും നിഷ്പക്ഷവും ആയിരുന്നു. പോളിഷ് പ്രസിദ്ധീകരണമായ സ്ററാൻഡർ മറേറാഡിക് അതിന്റെ തലക്കെട്ടുകളിൽ “യഹോവയുടെ സാക്ഷികൾ 212 രാജ്യങ്ങളിൽ അവരുടെ മതം ആചരിക്കുന്നു” എന്ന് എഴുതിക്കൊണ്ട് അതിന്റെ ലേഖനത്തിൽ “സ്ഥിരതയുള്ളവർ,” “ക്രമമുള്ളവർ,” “വിനീതർ,” “പ്രയത്നശാലികൾ,” എന്നിങ്ങനെയുള്ള ഉപതലക്കെട്ടുകൾ ഉപയോഗിച്ച് അവരെ പുകഴ്ത്തി. വാഴ്സൊയിലെ സ്റേറഡിയത്തെ സംബന്ധിച്ച് അത് പറഞ്ഞു: “ഒററ സിഗറററ് കുററിപോലുമോ വികൃതികളായ കുട്ടികൾ വലിച്ചെറിയുന്ന കടലാസ് കഷണമോ ഇല്ലായിരുന്നു. യഹോവയുടെ സാക്ഷികൾ പുകവലിക്കുന്നില്ല, അവരുടെ കുട്ടികൾ വികൃതികാട്ടുന്നവർ അല്ല.”
സിസി വാഴ്സോയി എന്ന ദിനപ്പത്രം കൺവെൻഷൻ ഒരുക്കങ്ങൾ ഒരു വർഷമായി നടന്നുകൊണ്ടിരുന്നതായി പരാമർശിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: “മററു കാര്യങ്ങളോടൊപ്പം കൺവെൻഷനുകൾ നടത്തപ്പെട്ട സ്റേറഡിയമുകൾ പുനരുദ്ധരിക്കപ്പെട്ടു.”
എക്സ്പ്രസ്സ് വീസോർണി എന്ന പത്രം ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “എല്ലാ നിരീക്ഷകരെയും ആകർഷിച്ചത് സ്റേറഡിയത്തിൽ നിലവിലിരുന്ന ക്രമം ആയിരുന്നു. ചപ്പുചറവുകൾ ഉപേക്ഷിക്കാൻ നിയമിത സ്ഥലങ്ങൾ, താൽക്കാലികമെങ്കിലും വൃത്തിയുള്ള കക്കൂസുകൾ, വിവരങ്ങൾ നൽകുന്ന അനേകം സ്ററാൻഡുകൾ—അവയെല്ലാം അത്ഭുതകരമായിരുന്നു.” ഇത് സാധിക്കുന്നതിന് 3,500ലധികം സാക്ഷികൾ വാഴ്സൊ സ്റേറഡിയം ഒരുക്കുന്നതിനും അലങ്കരിക്കുന്നതിനുമായി സമയം ചെലവഴിച്ചു.
പ്രതിനിധികളിൽ ചിലരുമായി ഈ വർത്തമാനപ്പത്രം അഭിമുഖം നടത്തുകയും ചെയ്തു, ഇപ്രകാരം ചോദിച്ചുകൊണ്ട്: “വാഴ്സൊ കൺവെൻഷൻ നിങ്ങൾക്ക് എന്തർത്ഥമാക്കി?” ഒരു പോളിഷ് സാക്ഷി പറഞ്ഞു: “എനിക്ക്, യഹോവയുടെ സാക്ഷികൾ ഒരു മതസമൂഹമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളായ ചെക്കോസ്ലോവാക്യയിലെയും യു. എസ്സ്. എസ്സ്. ആറിലെയും സഹോദരങ്ങളെ കണ്ടുമുട്ടാൻ കഴിഞ്ഞുവെന്ന വസ്തുത പ്രചോദനം നൽകുന്നു.”
സോവ്യററ് യൂണിയനിൽനിന്നുള്ള ഒരു സാക്ഷി ഇപ്രകാരം പറയുന്നതായി ഉദ്ധരിക്കപ്പെട്ടു: “ഇത് എന്റെ ജീവിതത്തിലെ ഏററവും വലിയ അനുഭവമായി ഞാൻ കരുതുന്നു. . . . എന്റെ ജീവിതത്തിൽ ആദ്യമായി ലോകത്തെമ്പാടുമുള്ള വളരെയധികം സഹോദരങ്ങളെ കണ്ടുമുട്ടാൻ കഴിഞ്ഞു. അതിലുപരി, ഈ യോഗം വളരെ ശ്രേഷ്ഠമായി സംഘടിപ്പിക്കപ്പെട്ടു, പ്രസംഗങ്ങൾ 16 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു, പോളിഷ് സഹോദരങ്ങളായിരുന്നു ഞങ്ങളുടെ ആതിഥേയർ—യഥാർത്ഥത്തിൽ സകലവും അത്ഭുതകരമായിരുന്നു.”
സിസി വാഴ്സോയി ഇപ്രകാരം കുറിക്കൊണ്ടു: “വാഴ്സൊയിലെ യഹോവയുടെ സാക്ഷികളുടെ ലോകകൺവെൻഷൻ ഇപ്പോൾ അവസാനിച്ചു. . . . നാം പിന്തിരിഞ്ഞു നോക്കുമ്പോൾ, ഏതാനും മാസങ്ങൾക്കുമുമ്പ് പോളണ്ടിലെ യഹോവയുടെ സാക്ഷികളുടെ മതസമൂഹം റജിസ്ററർ ചെയ്യപ്പെട്ടശേഷമായിരുന്നു അത്തരം കൺവെൻഷനുകളുടെ സംഘടിപ്പിക്കൽ സാദ്ധ്യമായത്—ഇപ്പോൾ അവർ 80,000ലധികം വിശ്വാസികളുടെ അംഗബലമുള്ളതാണ്.a മുമ്പ് നിയമവിരുദ്ധമായിരുന്ന ഈ മതസമൂഹം മെയ് 12 മുതൽ നിയമാംഗീകാരം ആസ്വദിക്കുന്നു.”
യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളെ “ഐക്യത്തിന്റെ ഒരു പ്രകടനം” എന്ന് വിളിച്ചുകൊണ്ട് “ക്രമത്തിന്റെയും സമാധാനത്തിന്റെയും വൃത്തിയുടെയും സംഗതിയിൽ കൺവെൻഷനിൽ പങ്കെടുത്തവർ പകർത്താവുന്ന മാതൃകകൾ ആണ്” എന്ന് ഈ പത്രം പറയുകയുണ്ടായി.
സ്നാപനം
പോളിഷ് ഭാഷ സംസാരിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും എല്ലാവരും പുളകപ്രദമായ സ്നാപനദൃശ്യത്താൽ അമ്പരന്നുപോയി. വാഴ്സൊയിൽ, സ്നാനാർത്ഥികളെ ഇരുത്തുന്നതിന് സ്റേറജിന് തൊട്ടുമുമ്പിലായി മൈതാനത്തിൽ വളരെയധികം കസേരകൾ ഇട്ടിരുന്നു. എന്നാൽ രാവിലെ കാര്യപരിപാടി നടക്കുമ്പോൾ സേവകൻമാർ തിടുക്കത്തോടെ കൂടുതൽ കസേരകൾ കൊണ്ടുപോയി ഇടുന്നത് ഉത്തേജനം നൽകുന്നതായിരുന്നു, സ്നാനാർത്ഥികളുടെ സംഘം വീണ്ടും വർദ്ധിച്ചിരുന്നതുകൊണ്ടുതന്നെ. സ്നാപന പ്രസംഗം തുടങ്ങാറായപ്പോൾ ബൃഹത്തായ സദസ്സ് ശാന്തരായി. അവർ ഒരിക്കലും മറക്കുകയില്ലാത്ത ഒന്ന് അനുഭവിക്കാൻ പോകയായിരുന്നു. പ്രസംഗകൻ സ്നാനാർത്ഥികളെ സ്വാഗതം ചെയ്യുമളവിൽ മുഴുസ്റേറഡിയവും കരഘോഷത്തിൽ മുഴുകി. അപ്പോൾ മുൻകൂട്ടി ക്രമീകരിച്ചിരുന്ന ഒരു അടയാളത്താലെന്നപോലെ, എങ്കിലും ദൈവാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട് കവിഞ്ഞൊഴുകുന്ന ഹൃദയങ്ങൾ പ്രേരണ നൽകി, സ്നാനാർത്ഥികൾ തങ്ങൾക്കു ചുററും ഇരുന്നിരുന്ന നിറഞ്ഞുകവിഞ്ഞ സദസ്സിനെ ഉൽസാഹപൂർവ്വം കൈകൾ വീശി ആശംസിച്ചുകൊണ്ട് പ്രതികരിച്ചു.
സാധാരണ സ്നാനാർത്ഥികളോടു ചോദിക്കുന്ന രണ്ടു ചോദ്യങ്ങളുടെ ഉത്തരമായി സ്നാനാർത്ഥികളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം വ്യക്തവും സുനിശ്ചിതവും ആയിരുന്നു—അവരിൽ പലരും സമർപ്പണത്തിന്റെ ഈ പടിയിലേക്ക് വന്നത് വളരെ പ്രയാസത്തിലൂടെയും പരീക്ഷണത്തിലൂടെയും ആയിരുന്നു. ഒരു പ്രാർത്ഥനക്കു ശേഷം സദസ്സ് “ഞങ്ങൾ ദൈവത്തിന് സമർപ്പിതർ” എന്ന ഗീതം പാടുമളവിൽ സ്നാനാർത്ഥികൾ രണ്ട് കൂട്ടമായി പിരിഞ്ഞ് സ്റേറഡിയത്തിൽനിന്ന് പോയി. സഹോദരൻമാർ ഒരു ടണലിലൂടെ തങ്ങളുടെ വസ്ത്രധാരണ മുറികളിലേക്കും സഹോദരിമാർ മറെറാരു ടണലിലൂടെ തങ്ങളുടേതിലേക്കും. സേവകൻമാരും സ്നാനപ്പെടുത്തുന്നവരും വെള്ള വസ്ത്രങ്ങൾ അണിഞ്ഞ് തങ്ങളുടെ സ്ഥാനങ്ങളിൽ നിലകൊണ്ടു, ഉടൻ തന്നെ മാന്യമായ സ്നാനവസ്ത്രങ്ങൾ അണിഞ്ഞ് സ്നാനാർത്ഥികൾ മൈതാനത്തിലേക്ക് തിരിച്ചൊഴുകാൻ തുടങ്ങി, അവിടെ 12 സ്നാനക്കുളങ്ങൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു, മൈതാനത്തിന്റെ ഒരററത്ത് ആറെണ്ണം സഹോദരിമാർക്കുവേണ്ടിയും മൈതാനത്തിന്റെ മറേറ അററത്ത് ആറെണ്ണം സഹോദരൻമാർക്കുവേണ്ടിയും.
വാഴ്സൊയിൽ 1,905 പേരെ സ്നാപനപ്പെടുത്തിക്കൊണ്ടിരുന്ന 45 മിനിട്ടു സമയത്തുടനീളം ഉൽസാഹപൂവ്വകമായ കയ്യടി നടന്നുകൊണ്ടിരുന്നു. (തലേ ആഴ്ചയിൽ പൊസ്നാനിൽ 1,525ഉം കറേറാവിസിൽ 2,663ഉം പേർ സ്നാപനം സ്വീകരിച്ചു, മൊത്തം 6,093 പേർ അഥവാ അത്യുച്ച ഹാജരിന്റെ 3.7 ശതമാനം) വികലാംഗരായ രണ്ടു സഹോദരൻമാരെയെങ്കിലും സ്നേഹപൂർവ്വം വീൽചെയറിൽ നിന്ന് എടുത്ത് സ്നാനപ്പെടുത്തി, സ്നാനപ്രസംഗം കേൾക്കുന്നതിന് ഒരാളെ സ്ട്രെച്ചറിൽ മൈതാനത്തിലേക്ക് കൊണ്ടുവന്നു.
പരിപൂർണ്ണ പാരമ്യം
‘ഇതെല്ലാം തികച്ചും വൈകാരികമാണെന്നു തോന്നുന്നു,’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. കൊള്ളാം, അത് അങ്ങനെയായിരുന്നു! എന്നാൽ അത് നിങ്ങൾ ക്രൈസ്തവലോകത്തിലെ മതപരമായ ഉണർവ്വു പ്രസ്ഥാനങ്ങളിൽ കാണുന്നതരം ആവേശമല്ല. പോളിഷ് കൺവെൻഷനുകളിൽ സമ്മേളിച്ചവരുടെ ആവേശം ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ അധിഷ്ഠിതമായിരുന്നു, അതുകൊണ്ട് സമ്മേളിച്ചവർ പിന്നീട് ദൈവത്തെ സേവിക്കാൻ കൂടുതൽ സജ്ജരായിരിക്കും. പതിററാണ്ടുകളുടെ എതിർപ്പിനുശേഷം പോളണ്ടിലെ സാക്ഷികൾക്ക് അയൽരാജ്യങ്ങളിലെ സഹവിശ്വാസികളുമൊത്ത് സ്വതന്ത്രമായി സമ്മേളിക്കാൻ കഴിഞ്ഞുവെന്ന അറിവിനാൽ ഉണർത്തപ്പെട്ട ആവേശമായിരുന്നു അത്. നിങ്ങളുടെ അടുത്തിരിക്കുന്ന പ്രതിനിധി ഒരുപക്ഷേ മുമ്പ് ഒരിക്കലും ഒരു കൺവെൻഷനിൽ സംബന്ധിച്ചിട്ടില്ലായിരിക്കാമെന്നും ഈ ജനക്കൂട്ടത്തിൽ അയാൾ ഒററക്കല്ലെന്നും അറിയുന്നതിന്റെ സന്തോഷത്തിൽ നിന്ന് മുളച്ചുവന്ന ആവേശമായിരുന്നു അത്. യഹോവയുടെ സാക്ഷികൾ ജീവനുള്ള സത്യദൈവത്തെ സേവിക്കുന്ന ഒരു ഏകീകൃത, സാർവ്വദേശീയ സഹോദരവർഗ്ഗം ആണെന്നുള്ള, എതിരില്ലാത്ത ഒരു ദൃശ്യതെളിവിൽ നിന്ന് വളരുന്ന ആവേശമായിരുന്നു അത്.
പശ്ചിമ യൂറോപ്പിൽ നിന്നുള്ള ഒരു പ്രതിനിധി ഇപ്രകാരം പറഞ്ഞുകൊണ്ട് അത് സംക്ഷേപിച്ചു പറഞ്ഞു: “ആയിരത്തിതൊള്ളായിരത്തി അമ്പത്തിരണ്ടുമുതലുള്ള എല്ലാ കൺവെൻഷനിലും സംബന്ധിച്ചിരുന്നിട്ടും വികാരത്തിന്റെയും ഉൽസാഹത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും വിലമതിപ്പിന്റെയും നന്ദിയുടെയും സംഗതിയിൽ ഇത് പരിപൂർണ്ണ പാരമ്യം ആയിരുന്നു.”
നിസ്സംശയമായും വാഴ്സൊയിൽ ഞായറാഴ്ച അന്തിമ പ്രാർത്ഥനയുടെ സമയത്ത് ആവേശം പാരമ്യത്തിൽ എത്തി. അതിലെ വാക്കുകൾ ആയിരങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും പ്രകടമാക്കിയ മനോഭാവവും സ്നേഹവും അർപ്പണവും ആഹ്ലാദവും പരമാധികാരകർത്താവായ യഹോവയുടെ വേലയിൽ തുടരാനുള്ള നിശ്ചയവും തിരിച്ചറിഞ്ഞു. ഏതാണ്ട് 60,000 തലകൾ തങ്ങളുടെ ദൈവത്തോടുള്ള പ്രാർത്ഥനയിൽ കുനിച്ചപ്പോൾ ഉണ്ടായ ഭീതിജനിപ്പിക്കുന്ന നിശബ്ദതയെ ഭഞ്ജിച്ചത് വിലമതിപ്പിന്റെ സന്തോഷകരമായ തേങ്ങൽ ശബ്ദം മാത്രമായിരുന്നു. പ്രാർത്ഥന സമാപിച്ചപ്പോൾ, തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് “ആമ്മേൻ” പറയാൻ ആർക്കും പ്രയാസമുണ്ടായിരുന്നില്ല. തുടർന്ന് അതിബൃഹത്തായ ആ സമൂഹത്തിലൂടെ 11 മിനിട്ടിലധികം പ്രതിധ്വനിച്ച ഒരു കരഘോഷമുഴക്കം ഉണ്ടായി.
പോളണ്ടിൽ ദിവ്യാധിപത്യ ചരിത്രം കുറിച്ചതിന് 1,66,000ലധികം വ്യക്തികൾ ദൃക്സാക്ഷികൾ ആയിരുന്നു. സാത്താന്റെ ദുഷ്ടവ്യവസ്ഥിതി അന്തിമനാശത്തിൽ തകരുന്നതിനുമുമ്പ് ഇനിയും കൂടുതൽ ചരിത്രം രചിക്കപ്പെടും—യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്താൽ പാരമ്യത്തിൽ എത്തുന്ന ഉജ്ജ്വലമായ, കിടിലം കൊള്ളിക്കുന്ന ചരിത്രം തന്നെ. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ആ ചരിത്രത്തിന്റെ ഭാഗമായി നിങ്ങൾക്ക് അതിജീവിക്കാൻ കഴിയും. നിങ്ങൾ അതിജീവിക്കുമോ? (g89 12/22)
[അടിക്കുറിപ്പുകൾ]
a ആ പത്രത്തിന്റെ കണക്ക്.
[14-ാം പേജിലെ ചതുരം]
ചരിത്രപരമായ നാഴികക്കല്ലുകൾ
1928 പോളണ്ടിലെ 300 സാക്ഷികൾ അവരുടെ ആദ്യത്തെ ചെറിയ സമ്മേളനങ്ങൾ നടത്തി.
1939 രണ്ടാം ലോകയുദ്ധം തുടങ്ങുമ്പോൾ 1,100 സാക്ഷികൾ പ്രസംഗിച്ചിരുന്നു; അനേകർ തടവിലാക്കപ്പെടുന്നു, ചിലർ ജർമ്മൻ തടങ്കൽ പാളയങ്ങളിൽ മരിക്കുന്നു.
1945 രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോഴേക്കും സാക്ഷികളുടെ എണ്ണം ഇരട്ടിയിലധികമായി, 2,500.
1946 ജൂണിൽ ലൂബ്ലിനടുത്ത് 1,500 പേർ സമ്മേളനത്തിൽ സംബന്ധിക്കുന്നു; 298 പേർ സ്നാപനം സ്വീകരിക്കുന്നു. സെപ്ററംബറിൽ 5,600 പേർ കറേറാവിസിൽ സമ്മേളനത്തിൽ സംബന്ധിക്കുന്നു.
1947 ക്രാക്കൊയിലെ ഒരു കൺവെൻഷനിൽ 7,000 പേർ സംബന്ധിക്കുന്നു; 476 പേർ സ്നാപനം സ്വീകരിക്കുന്നു. പ്രസംഗവേല സംഘടിപ്പിക്കാൻ സഹായിക്കുന്നതിന് രണ്ട് ഗിലെയാദ് ബിരുദധാരികൾ എത്തുന്നു.
1950 മാർച്ചിൽ 18,000 സാക്ഷികളുടെ ഒരു അത്യുച്ചത്തിൽ എത്തി. സസ്മാരകത്തിന് 24,000 പേർ ഹാജരായി. ജൂലൈയിൽ വേല നിരോധിക്കപ്പെടുന്നു, സ്വകാര്യ ഭവനങ്ങളിൽ ചെറിയ യോഗങ്ങൾ നടത്തേണ്ടത് ആവശ്യമാക്കിത്തീർത്തുകൊണ്ടു തന്നെ.
1968 ഏകദിന ഡിസ്ട്രിക്ററ് കൺവെൻഷനുകൾ 100-ഓ 200-ഓ പേരുടെ ഹാജരോടെ ആദ്യമായി വനങ്ങളിൽ നടത്തപ്പെടുന്നു; പിന്നീട് അത് 1,000 പേർ വരെയായി.
1980 പോളണ്ടിൽ നിന്ന് ഏതാണ്ട് 2,000 സാക്ഷികൾ ഡിസ്ട്രിക്ററ് കൺവെൻഷനായി ഓസ്ട്രിയായിലെ വിയന്നയിലേക്ക് യാത്രചെയ്യുന്നു.
1981 പോളിഷ് സഹോദരങ്ങൾക്കായി 1980ലേതിനേക്കാൾ വലിയ ഒരു കൺവെൻഷൻ വിയന്നയിൽ നടത്തപ്പെടുന്നു.
1982 ഏകദിന സമ്മേളനങ്ങൾക്കായി ഹോളുകളും സ്റേറഡിയങ്ങളും വാടകക്കെടുക്കാൻ പോളിഷ് ഗവൺമെൻറ് സാക്ഷികൾക്ക് അനുവാദം നൽകുന്നു.
1985 പോളണ്ടിൽ 94,000 വ്യക്തികൾ സംബന്ധിച്ച ത്രിദിന ഡിസ്ട്രിക്ററ് കൺവെൻഷനുകൾ നടത്തപ്പെടുന്നു. ഭരണസംഘത്തിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് അതിഥികൾ ഉണ്ടായിരുന്നു.
1989 ഭരണസംഘത്തിലെ അഞ്ച് അംഗങ്ങൾ സംബന്ധിച്ച “ദൈവിക ഭക്തി” ഡിസ്ട്രിക്ററ് കൺവെൻഷനുകൾ മൂന്നു സ്റേറഡിയമുകൾ നിറഞ്ഞു കവിയുന്നു; മൊത്തം ഹാജർ 1,66,518ഉം സ്നാപനം 6,063ഉം. പോളിഷിൽ രണ്ടു ലഘുലേഖകൾ റിലീസ് ചെയ്യപ്പെട്ടു, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? എന്നതും നിങ്ങൾക്ക് ബൈബിൾ വിശ്വസിക്കാവുന്നതെന്തുകൊണ്ട്? എന്നതും, അതോടൊപ്പം നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന 32 പേജുള്ള ലഘുപത്രികയും.
[16-ാം പേജിലെ ചിത്രങ്ങൾ]
സ്നാനാർത്ഥികൾ വാഴ്സൊയിൽ പ്രസംഗപീഠത്തിനു മുമ്പിൽ ഇരിക്കുന്നതും, ആൾക്കൂട്ടം അവരുടെ സ്നാപനം നിരീക്ഷിക്കുന്നതും
[18-ാം പേജിലെ ചിത്രങ്ങൾ]
സോവ്യററ് യൂണിയനിൽ നിന്നുള്ള പ്രതിനിധികൾക്കായി കറേറാവിസിൽ തിരിച്ചിരുന്ന ഭാഗവും റഷ്യൻ സാക്ഷികളെ പൊസ്നാനി ലേക്ക് കൊണ്ടുവന്ന ചില ബസ്സുകളും