യഹോവ ഏകാധിപതികളെ പാഠങ്ങൾ പഠിപ്പിച്ചപ്പോൾ
“അവന്റെ സകല പ്രവൃത്തികളും സത്യമാകുന്നു, അവന്റെ വഴികൾ നീതിയുമാകുന്നു. . . . അഹങ്കരിച്ചു നടക്കുന്നവരെ താഴ്ത്താൻ അവൻ പ്രാപ്തനാണ്.”—ദാനിയേൽ 4:37.
1. യഹോവയുടെ ഏതു സ്വഭാവവിശേഷത്തിലേക്ക് എലീഹു ശ്രദ്ധ ക്ഷണിക്കുന്നു?
“നോക്കൂ! ദൈവംതന്നെ തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവനെപ്പോലെ ഒരു പ്രബോധകൻ ആരുണ്ട്?” ദുരിതമനുഭവിച്ചുകൊണ്ടിരുന്ന ഇയ്യോബിലേക്കു തിരിച്ചുവിടപ്പെട്ട എലീഹുവിന്റെ ആ വാക്കുകൾ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ അനുപമമായ സ്വഭാവലക്ഷണങ്ങളിലൊന്നിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. മററുള്ളവരെ പ്രബോധിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്ന കാര്യത്തിൽ അവനോട് ആരെയും താരതമ്യപ്പെടുത്താൻ കഴികയില്ല.—ഇയ്യോബ് 36:22.
2, 3. (എ) മനുഷ്യരെ പഠിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് യഹോവ കണ്ടെത്തിയ പാഠങ്ങളിലൊന്ന് ഏത്? (ബി) മോശയുടെ കാലത്ത് യഹോവ ഈ പാഠം പഠിപ്പിക്കേണ്ടിയിരുന്ന ഒരു ഭരണാധികാരി ആരായിരുന്നു, ഏതു മുഖാന്തരത്താൽ? (സി) മനുഷ്യരെ ഈ പാഠം പഠിപ്പിക്കാനുള്ളള തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ദൈവം തന്റെ വചനത്തിൽ എത്ര കൂടെക്കൂടെ പ്രസ്താവിക്കുന്നു?
2 ദൈവം മനുഷ്യരെയും ജനതകളെയും പഠിപ്പിക്കേണ്ടിവന്നിട്ടുള്ള കാര്യങ്ങളിൽ അവനോടുള്ള അവരുടെ ഉചിതമായ ബന്ധം ഉൾപ്പെട്ടിരിക്കുന്നു. സങ്കീർത്തനം 9:19, 20-ലെ സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകൾ ഇതിനെ പ്രദീപ്തമാക്കുന്നു: “യഹോവേ, എഴുന്നേൽക്കേണമേ! മരണമുള്ള മനുഷ്യൻ ബലത്തിൽ ശ്രേഷ്ഠനെന്ന് തെളിയരുതേ. ജനതകൾ നിന്റെ മുഖത്തിൻമുമ്പാകെ ന്യായം വിധിക്കപ്പെടട്ടെ. യഹോവേ, ജനതകൾ മരണമുള്ള മനുഷ്യർമാത്രമാണെന്ന് അവർ അറിയേണ്ടതിന് അവരിൽ ഭയം ജനിപ്പിക്കേണമേ.”
3 മോശയുടെ കാലത്തെ ഫറവോൻ ഈ പാഠം പഠിപ്പിക്കേണ്ട ആവശ്യമുള്ള ഭൂമിയിലെ ഭരണാധികാരികളിൽ ഉൾപ്പെടുന്നുവെന്ന് യഹോവയാം ദൈവം കണ്ടെത്തി. ഈജിപ്ററുകാരുടെമേൽ താൻ അയച്ച ബാധകൾ മുഖേന ദൈവം അതു പഠിപ്പിച്ചു. മാത്രവുമല്ല, ആ അഹങ്കാരിയായ ഫറവോനോട് യഹോവ ഇങ്ങനെ പറഞ്ഞു: “യഥാർത്ഥത്തിൽ, ഈ കാരണത്താൽ ഞാൻ നിന്നെ ആസ്തിക്യത്തിൽ വെച്ചിരിക്കുന്നു, നിന്നെ എന്റെ ശക്തി കാണിക്കുന്നതിനുവേണ്ടിയും എന്റെ നാമം സർവഭൂമിയിലും പ്രഖ്യാപിക്കപ്പെടേണ്ടതിനുംതന്നെ.” (പുറപ്പാട് 9:16) അതിനു പുറമേ, താൻ സർവഭൂമിക്കും മീതെ അത്യുന്നതനായിരിക്കുന്ന യഹോവയാണെന്ന് ഏകാധിപതികളും ജനങ്ങളും ജനതകളും അറിയേണ്ടതിന് താൻ സമാനമായ വീര്യപ്രവൃത്തികൾ ചെയ്യുമെന്ന് യഹോവ തന്റെ വചനത്തിൽ പുറപ്പാട് 6:7 മുതൽ യോവേൽ 3:17 വരെ 70-തിലധികം പ്രാവശ്യം പറയുന്നു.
4. ദാനിയേലിന്റെ കാലത്ത് ഏതു മൂന്നു ഭരണാധികാരികൾ യഹോവയാൽ പഠിപ്പിക്കപ്പെട്ടു, ഏതു മുഖാന്തരത്താൽ?
4 യഹോവ ഏകാധിപതികളെ എങ്ങനെ പഠിപ്പിച്ചുവെന്നതിന്റെ ശ്രദ്ധേയമായ നിരവധി ദൃഷ്ടാന്തങ്ങൾ ദാനിയേലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഭരണാധികാരികൾ നെബൂഖദ്നേസ്സർ, ബേൽശസ്സർ, ദാര്യാവേശ് എന്നിവർ ആയിരുന്നു. അവൻ എപ്പോഴാണ് അവരെ പഠിപ്പിച്ചത്? ഏററവുമധികം സാദ്ധ്യതയുള്ളത് ക്രി.മു. 617-നും ക്രി.മു. 535-നും ഇടയ്ക്കായിരിക്കാനാണ്. എങ്ങനെ? സ്വപ്നങ്ങളാലും അവയുടെ വ്യാഖ്യാനങ്ങളാലും തന്റെ ശക്തിയുടെ പ്രകടനങ്ങളാലുംതന്നെ. താൻ അഖിലാണ്ഡത്തിന്റെ പരമോന്നതപരമാധികാരിയാണെന്നും അവർ നിസ്സാരൻമാരായ മനുഷ്യർമാത്രമാണെന്നും യഹോവ ഈ മനുഷ്യ ഭരണാധികാരികളെ പഠിപ്പിച്ചു—ഏതൽക്കാല ലോകഭരണാധികാരികളും പഠിക്കേണ്ടിവരുന്ന പാഠങ്ങൾ തന്നെ.
5. ദാനിയേലിന്റെ പുസ്തകത്തിന്റെ വിശ്വാസ്യതയെ സംശയിക്കുന്നവരെ ഏതു സാക്ഷ്യത്താൽ ഖണ്ഡിക്കാൻ കഴിയും?
5 എന്നാൽ ദാനിയേലിന്റെ പുസ്തകത്തിന്റെ വിശ്വാസ്യതയെ അനേകം ആധുനികനിരൂപകൻമാർ ചോദ്യംചെയ്യുന്നില്ലേ? ഈ നിരൂപകൻമാരോടു മറുപടി പറഞ്ഞപ്പോൾ ഒരു ബൈബിൾപണ്ഡിതൻ ശരിയായിത്തന്നെ ഇങ്ങനെ പറഞ്ഞു: “അതു സൂചിപ്പിക്കുന്ന അത്ഭുതങ്ങളും അതു ഉറപ്പിച്ചുപറയുന്ന പ്രവചനങ്ങളും ഒരു സമകാലീനനായ ദാനിയേൽ രേഖപ്പെടുത്തിയതാണ്. അപ്പോൾ നമുക്ക് ഒന്നുകിൽ യഥാർത്ഥ അത്ഭുതങ്ങളും യഥാർത്ഥപ്രവചനങ്ങളുമുണ്ട്, അല്ലെങ്കിൽ അസത്യമല്ലാതെ മറെറാന്നുമല്ല നമുക്കുള്ളത്.” (പ്രവാചകനായ ദാനിയേൽ, [ഇംഗ്ലീഷ്] ഇ. ബി. പുസേ രചിച്ചത്, പേജ് 75) എന്തിന്, പുസ്തകത്തിന്റെ എഴുത്തുകാരൻ “ദാനിയേലായ ഞാൻതന്നെ” എന്ന് പറഞ്ഞുകൊണ്ട് തന്നേത്തന്നെ ആവർത്തിച്ച് തിരിച്ചറിയിക്കുന്നു! (ദാനിയേൽ 8:15; 9:2; 10:2) ഇതെല്ലാം കപടരേഖയായിരുന്നോ? 18-ാം നൂററാണ്ടിന്റെ ആദ്യഘട്ടത്തിനുമുമ്പ് ദാനിയേലിന്റെ പുസ്തകത്തിന്റെ ഗ്രന്ഥകർതൃത്വത്തെ യഹൂദൻമാരോ ക്രിസ്ത്യാനികളോ ചോദ്യംചെയ്തിരുന്നില്ലെന്നുള്ളതാണ് വസ്തുത. എന്നിരുന്നാലും ഏതൊരു ആധുനിക ബൈബിൾ പണ്ഡിതന്റെയും അഭിപ്രായത്തേക്കാൾ ഘനമുള്ളതാണ് ദാനിയേലിന്റെ പുസ്തകത്തെസംബന്ധിച്ച തിരുവെഴുത്തു സാക്ഷ്യം. അങ്ങനെ, യെഹെസ്ക്കേലിന്റെ പുസ്തകത്തിൽ ദാനിയേലിനെക്കുറിച്ച് മൂന്നു പ്രാവശ്യം പറഞ്ഞിരിക്കുന്നതായി നാം കണ്ടെത്തുന്നു. (യെഹെസ്ക്കേൽ 14:14, 20; 28:3) എല്ലാററിലുംവെച്ച് ഏററവും നിർണ്ണായകമാണ് മത്തായി 24:15, 16-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവപുത്രനായ യേശുവിന്റെ വാക്കുകൾ: “ദാനിയേൽ പ്രവാചകൻമുഖാന്തരം പറയപ്പെട്ട ശൂന്യത വരുത്തിക്കൂട്ടുന്ന മ്ലേച്ഛത ഒരു വിശുദ്ധസ്ഥലത്തു നിൽക്കുന്നത് നിങ്ങൾ കാണുമ്പോൾ (വായനക്കാരൻ വിവേചന ഉപയോഗിക്കട്ടെ) യഹൂദ്യയിലുള്ളവർ പർവതങ്ങളിലേക്ക് ഓടിത്തുടങ്ങട്ടെ.”a
സത്യദൈവം ആരാണെന്ന് നെബൂഖദ്നേസ്സർ പഠിക്കുന്നു
6. ബാബിലോൻരാജാവിന്റെ അഹങ്കാരത്തെ എന്ത് പോഷിപ്പിച്ചിരിക്കാം, അവൻ തന്റെ എഴുത്തുകളിൽ തന്നേക്കുറിച്ചുതന്നെ എന്തു പറഞ്ഞു?
6 യെശയ്യാപ്രവാചകൻ പ്രകടമാക്കുന്നതുപോലെ ബാബിലോനിലെ രാജാക്കൻമാർ വളരെ അഹങ്കാരികളായ മനുഷ്യരായിരുന്നു. (യെശയ്യാവ് 14:4-23) നെബൂഖദ്നേസ്സർ വളരെ മതഭക്തനായ ഒരു മനുഷ്യൻ കൂടെയായിരുന്നു. തന്റെ എഴുത്തുകളിൽ അവൻ “തന്റെ നിർമ്മാണപദ്ധതികളെയും ബാബിലോണിയായിലെ ദൈവങ്ങളിലുള്ള തന്റെ ശ്രദ്ധയേയും” കുറിച്ച് പറയുകയുണ്ടായി. യെരുശലേമിനെയും മുഴു യഹൂദ്യയെയും കീഴടക്കാനുള്ള ശ്രമത്തിൽ സെൻഹെരീബ് വിപൽക്കരമായി പരാജയപ്പെട്ടശേഷം അതു ചെയ്യുന്നതിൽ നെബൂഖദ്നേസ്സർ വിജയിച്ചപ്പോൾ അവൻ അഹങ്കരിച്ചുവെന്നതിനു സംശയമില്ല.
7. ദാനിയേൽ 1-ാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഏതനുഭവം എബ്രായരുടെ ദൈവത്തെ ബഹുമാനിക്കാൻ നെബൂഖദ്നേസ്സറിനെ പഠിപ്പിക്കേണ്ടതായിരുന്നു?
7 ദാനിയേലും അവന്റെ മൂന്ന് എബ്രായ കൂട്ടുകാരും നെബൂഖദ്നേസ്സരിന്റെ മുൻപാകെ ഹാജരായ ശേഷം തീർച്ചയായും അവന് അവരുടെ ദൈവത്തെ ബഹുമാനിക്കാൻ കാരണമുണ്ടായിരുന്നു, എന്തെന്നാൽ “രാജാവ് അവരിൽനിന്ന് അന്വേഷിച്ച ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഏതു കാര്യംസംബന്ധിച്ചും അവർ അവന്റെ രാജകീയമണ്ഡലത്തിലെല്ലാമുണ്ടായിരുന്ന സകല പുരോഹിതമന്ത്രവാദികളെക്കാളും ഐന്ദ്രജാലികരെക്കാളും പത്തിരട്ടി മെച്ചമെന്ന് അവൻ കണ്ടെത്തുകപോലും ചെയ്തു.” അതെ, യഹോവ തങ്ങൾക്കു ദൈവമായി ഉണ്ടായിരുന്ന ജ്ഞാനികൾ മററു ദൈവങ്ങളെ ആരാധിച്ചവരെക്കാളെല്ലാം വളരെ മികച്ചുനിന്നു. നെബൂഖദ്നേസ്സരിന് ആ വസ്തുത ഗൗനിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.—ദാനിയേൽ 1:20.
8. ബാബിലോനിലെ ജ്ഞാനികൾ യാതൊരു പ്രത്യേക അറിവുമില്ലാത്തവരാണെന്ന് യഹോവ ഏതു മുഖാന്തരത്താൽ തുറന്നുകാട്ടി?
8 യഹോവയ്ക്ക് നെബൂഖദ്നേസ്സർരാജാവിനെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാനുണ്ടായിരുന്നു. അടുത്ത പാഠം ദാനിയേൽ 2-ാം അദ്ധായത്തിൽ രേഖപ്പെടുത്തപ്പെട്ടു. രാജാവ് ഭയാവഹമായ ഒരു സ്വപ്നം കാണാനും അനന്തരം അതു മറക്കാനും ദൈവം ഇടയാക്കി. ഈ സ്വപ്നം ബാബിലോനിലെ ഏകാധിപതിയെ അതിയായി അസ്വസ്ഥനാക്കി. സ്വപ്നവും അതിന്റെ വ്യാഖ്യാനവും തന്നോടു പറയാൻ അവൻ തന്റെ സകല ജ്ഞാനികളെയും വിളിച്ചുവരുത്തി. തീർച്ചയായും, അവർക്ക് സ്വപ്നം വെളിപ്പെടുത്താൻ കഴിഞ്ഞില്ല, അതിന്റെ വ്യാഖ്യാനത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. അങ്ങനെ അവർക്ക് പ്രത്യേക അറിവ് ഇല്ലെന്ന് മൗനമായി അവർ സമ്മതിച്ചു. ഇത് രാജാവിനെ വളരെ കുപിതനാക്കുകയാൽ അവൻ അവരെയെല്ലാം സംഹരിക്കാൻ ആജ്ഞാപിച്ചു. രാജാവിന്റെ കൽപ്പനയെക്കുറിച്ച് ദാനിയേലിനോടും അവന്റെ കൂട്ടുകാരോടും പറയപ്പെട്ടപ്പോൾ ദാനിയേൽ കുറെ സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചു. അത് അനുവദിക്കപ്പെട്ടു. അനന്തരം അവനും അവന്റെ മൂന്നു കൂട്ടുകാരും അതിനെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ വിഷയമാക്കി, യഹോവ സ്വപ്നവും അതിന്റെ അർത്ഥവും ദാനിയേലിനു വെളിപ്പെടുത്തിയെന്നതായിരുന്നു ഫലം.—ദാനിയേൽ 2:16-20.
9. (എ) നെബുഖദ്നേസ്സറിന്റെ സ്വപ്നം വ്യാഖ്യാനിക്കാൻ ആർക്കു മാത്രമേ കഴിഞ്ഞുള്ളു, അവൻ സ്വപ്നത്തിന് എന്തു വ്യാഖ്യാനം കൊടുത്തു? (ബി) തൽഫലമായി രാജാവ് ഏതു നിഗമനത്തിലെത്തി?
9 ദാനിയേലിനെ രാജാവിന്റെ മുമ്പാകെ വരുത്തിയപ്പോൾ നെബൂഖദ്നേസ്സർ “ഞാൻ കണ്ട സ്വപ്നവും അതിന്റെ വ്യാഖ്യാനവും അറിയിക്കാൻ നീ പ്രാപ്തനാണോ?” എന്ന് അവനോടു ചോദിച്ചു. അവന്റെ സ്വപ്നത്തിന്റെയും വ്യാഖ്യാനത്തിന്റെയും രഹസ്യം പറയാൻ അവന്റെ ജ്ഞാനികൾക്ക് കഴിഞ്ഞില്ലെന്ന് അഹങ്കാരിയായ ഏകാധിപതിയെ ഓർമ്മിപ്പിച്ചശേഷം ദാനിയേൽ ഇങ്ങനെ പറഞ്ഞു: “എന്നിരുന്നാലും, രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനായ ഒരു ദൈവം സ്വർഗ്ഗങ്ങളിൽ സ്ഥിതിചെയ്യുന്നു, അവൻ നാളുകളുടെ അന്തിമഭാഗത്ത് സംഭവിക്കാനുള്ളത് നെബൂഖദ്നേസ്സർരാജാവിനെ അറിയിച്ചിരിക്കുന്നു.” തുടർന്ന് രാജാവ് സ്വപ്നത്തിൽ കണ്ട ഭീമാകാരമായ പ്രതിമയെയും അതിന്റെ അർത്ഥത്തെയും കുറിച്ച് ദാനിയേൽ അവനോട് പറഞ്ഞു. രാജാവിന് വളരെയധികം മതിപ്പുണ്ടായതുകൊണ്ട് അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ഈ രഹസ്യം വെളിപ്പെടുത്താൻ നിനക്കു കഴിഞ്ഞതുകൊണ്ട് വാസ്തവത്തിൽ നിങ്ങളുടെ ദൈവം ഒരു ദൈവാധിദൈവവും രാജാധിരാജാവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനുമാകുന്നു.” അങ്ങനെ താനാണ് ഏകസത്യദൈവമെന്ന് യഹോവ നെബൂഖദ്നേസ്സർരാജാവിനെ പഠിപ്പിച്ചു.—ദാനിയേൽ 2:26, 28, 47.
10, 11. (എ) നെബൂഖദ്നേസ്സർരാജാവ് വലിയ അഹങ്കാരത്തോടെ എന്തു നിർമ്മിച്ചു, തുടർന്ന് എന്ത് കൽപ്പന പുറപ്പെടുവിക്കപ്പെട്ടു? (ബി) രാജാവിന്റെ കൽപ്പന അനുസരിക്കാൻ വിസമ്മതിച്ചുകൊണ്ട് മൂന്ന് എബ്രായർ ഏത് വിവാദപ്രശ്നം ഉന്നയിച്ചു, ഫലമെന്തായിരുന്നു?
10 എബ്രായരുടെ ദൈവത്തിന്റെ അറിവിലും ജ്ഞാനത്തിലും നെബൂഖദ്നേസ്സർരാജാവിന് മതിപ്പുണ്ടായെന്നുള്ളതിന് സംശയമില്ലെങ്കിലും അവൻ പിന്നെയും വളരെയധികം പഠിക്കേണ്ടതുണ്ടായിരുന്നു. തന്റെ അഹങ്കാരത്തിൽ അവൻ ദുരാ സമഭൂമിയിൽ വലിയ ഒരു സ്വർണ്ണപ്രതിമ സ്ഥാപിച്ചു. പ്രതിമക്ക് 60 മുഴം പൊക്കവും 6 മുഴം വണ്ണവും ഉണ്ടായിരുന്നു. വെളിപ്പാട് 13:18-ൽ പറഞ്ഞിരിക്കുന്ന സാത്താന്റെ “കാട്ടുമൃഗത്തിന്റെ” അടയാളമായ 666 എന്ന സംഖ്യയെ ഇതു നമ്മുടെ മനസ്സിലേക്കു വരുത്തുന്നു. (ഒരു മുഴം ഏതാണ്ട് 1 1/2 അടി വരുമെന്നുള്ളതുകൊണ്ട് പ്രതിമക്ക് ഏതാണ്ട് 90 അടി ഉയരവും 9 അടി വണ്ണവുമുണ്ടായിരുന്നു.) തന്റെ ഭരണപ്രദേശത്തെ സകല ഉദ്യോഗസ്ഥൻമാരും “പ്രതിമയുടെ ഉൽഘാടനത്തിന് വരാൻ” രാജാവ് ആജ്ഞാപിച്ചു, ഒരു വാദ്യസംഗീതം കേൾപ്പിക്കുമ്പോൾ എല്ലാവരും പ്രതിമയെ കുമ്പിട്ടാരാധിക്കണമെന്ന് കൽപ്പിക്കുകയും ചെയ്തു. അസൂയാലുക്കളായ ചില കൽദയ ഉദ്യോഗസ്ഥൻമാർ അപ്പോൾ ഹാജരുണ്ടായിരുന്ന മൂന്ന് എബ്രായർ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് കണ്ടിട്ട് അവരേക്കുറിച്ചു രാജാവിനെ അറിയിച്ചു.—ദാനിയേൽ 3:1, 2.
11 നെബൂഖദ്നേസ്സരെസംബന്ധിച്ച് ഇത് അത്യന്തം ഗൗരവമുള്ള ഒരു കാര്യമായിരുന്നു, എന്തെന്നാൽ താനാണ് “ജനങ്ങളുടെ വായിൽ മഹാദൈവങ്ങളോടുള്ള ഭക്തി വെച്ചവൻ” എന്ന് അവൻ ഒരിക്കൽ വീരവാദം മുഴക്കിയിരുന്നു. അങ്ങനെ നെബൂഖദ്നേസ്സരിന്റെ സാമ്രാജ്യത്വ പ്രൗഢിയും മതഭക്തിയും വളരെയധികം വ്രണിതമായി. അഹങ്കാരിയായ ഏകാധിപതി ക്രോധത്തോടും ഉഗ്രകോപത്തോടുംകൂടെ പ്രതികരിച്ചുകൊണ്ട് മൂന്ന് എബ്രായർക്ക് ഈ അന്ത്യശാസനത്തോടെ മറെറാരു അവസരം കൊടുത്തു: “നിങ്ങൾ ആരാധിക്കുന്നില്ലെങ്കിൽ അതേ നിമിഷത്തിൽതന്നെ നിങ്ങൾ എരിയുന്ന തീച്ചൂളയിലേക്ക് എറിയപ്പെടും. എന്റെ കൈകളിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന ആ ദൈവം ആരാണ്?” ശരി, അവരുടെ ദൈവം അവന്റെ ദാസൻമാരെ നിസ്സാരനായ ഒരു ഏകാധിപതിയുടെ കൈയിൽനിന്ന് വിടുവിക്കാൻ തീർച്ചയായും പ്രാപ്തനാണെന്നും എബ്രായരുടെ ദൈവത്തെപ്പോലെ വിടുവിക്കാൻകഴിയുന്ന മറെറാരു ദൈവം സ്ഥിതിചെയ്യുന്നില്ലെന്നും നെബൂഖദ്നേസ്സർ മനസ്സിലാക്കേണ്ടിയിരുന്നു.—ദാനിയേൽ 3:15.
വൃക്ഷത്തിന്റെ സ്വപ്നം
12, 13. (എ) വൃക്ഷത്തെസംബന്ധിച്ച് നെബൂഖദ്നേസർ കണ്ട സ്വപ്നത്തിന് ദാനിയേൽ എന്തു വ്യാഖ്യാനം കൊടുത്തു? (ബി) സ്വപ്നത്തിന് തന്റെമേൽ വിനയം വരുത്തുന്ന ഒരു ഗുണഫലം ഉണ്ടായില്ലെന്ന് നെബൂഖദ്നേസ്സർ എങ്ങനെ പ്രകടമാക്കി?
12 ആ പാഠങ്ങളുടെ പഠനം നിങ്ങളെ എങ്ങനെ ബാധിക്കുമായിരുന്നു? പ്രത്യക്ഷത്തിൽ, നെബൂഖദ്നേസ്സർരാജാവിനെ അവന്റെ സ്ഥാനം മനസ്സിലാക്കിക്കൊടുക്കാൻ ഈ മൂന്നു പാഠങ്ങൾ പോരായിരുന്നു. അതുകൊണ്ട് യഹോവ അവനെ മറെറാരു പാഠംകൂടെ പഠിപ്പിക്കേണ്ടിവന്നു. വീണ്ടും ഒരു സ്വപ്നമാണ് ഉൾപ്പെട്ടിരുന്നത്. വീണ്ടും ബാബിലോനിലെ ജ്ഞാനികളിലാർക്കും അതു വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ദാനിയേൽ വരുത്തപ്പെട്ടു. സ്വപ്നത്തിന്റെ അർത്ഥം രാജാവിനെ ധരിപ്പിക്കാൻ അവനു കഴിഞ്ഞു, അതായത്, അവൻ ഏഴുവർഷം “വയലിലെ കാട്ടുമൃഗങ്ങളെ”പ്പോലെ വസിക്കുമെന്നും പിന്നീട് അവൻ സുബോധത്തിലേക്കു മടങ്ങിവരുമെന്നുംതന്നെ.—ദാനിയേൽ 4:1-37.
13 തുടർന്നു സംഭവിച്ചതിൽനിന്ന് സ്വപ്നത്തിന് നെബൂഖദ്നേസ്സറുടെമേൽ വിനയപ്പെടുത്തുന്ന ഒരു ഫലമുളവാക്കാൻ കഴിഞ്ഞില്ലെന്ന് വളരെ സ്പഷ്ടമാണ്. അങ്ങനെ ഏതാണ്ട് ഒരു വർഷം കഴിഞ്ഞ്, രാജാവ് തന്റെ രാജകൊട്ടാരത്തിലൂടെ ഉലാത്തിക്കൊണ്ടിരുന്നപ്പോൾ അവൻ അഹങ്കാരപൂർവം ഇങ്ങനെ വീമ്പടിച്ചു: “ഞാൻ എന്റെ കരുത്തിന്റെ ശക്തികൊണ്ട് രാജഗൃഹത്തിനുവേണ്ടിയും എന്റെ പ്രതാപത്തിന്റെ മാന്യതക്കുവേണ്ടിയും ഞാൻതന്നെ പണികഴിപ്പിച്ച മഹാബാബിലോനല്ലയോ ഇത്?” എന്തോരു ഡംഭ്! ആ നിമിഷത്തിൽത്തന്നെയായിരുന്നു ആ മുഷ്കനായ ഭരണാധികാരിയുടെ രാജ്യം അവനിൽനിന്നെടുക്കപ്പെടുമെന്നും അവൻ “മനുഷ്യവർഗ്ഗത്തിന്റെ രാജ്യത്തിൻമേൽ അത്യുന്നതൻ ഭരണാധികാരിയാണെന്ന് നീ അറിയുന്നതുവരെ” ഏഴു കാലങ്ങൾ വയലിലെ കാട്ടുമൃഗങ്ങളോടുകൂടെ വസിക്കുമെന്നും സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം പറയുന്നതായി കേട്ടത്.—ദാനിയേൽ 4:30-32.
14. വൃക്ഷത്തെസംബന്ധിച്ച സ്വപ്നത്തിന് എങ്ങനെ നിവൃത്തിയുണ്ടായി, നെബൂഖദ്നേസ്സറുടെമേൽ എന്തു ഫലമുണ്ടായി?
14 നെബൂഖദ്നേസ്സർ ആ ഏഴു കാലങ്ങൾ അഥവാ വർഷങ്ങൾ ഒരു മൃഗത്തെപ്പോലെ ജീവിച്ചശേഷം യഹോവ അവന്റെ വിവേകത്തെ പുനഃസ്ഥാപിച്ചു. ‘അത്യുന്നതന്റെ കൈ തടുക്കാനോ അവനോട് നീ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചോദിക്കാനോ ആർക്കും കഴികയില്ല’ എന്ന് അവൻ സമ്മതിക്കേണ്ടിവന്നു. അതിലുപരിയായി, “ഇപ്പോൾ നെബൂഖദ്നേസ്സരായ ഞാൻ സ്വർഗ്ഗങ്ങളിലെ രാജാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്വീകരിക്കുകയുമാണ്, എന്തുകൊണ്ടെന്നാൽ അവന്റെ സകല പ്രവൃത്തികളും സത്യമാകുന്നു, അവന്റെ വഴികൾ നീതിയുമാകുന്നു,” രാജാവ് ചെയ്തതുപോലെ “അഹങ്കരിച്ചുനടക്കുന്നവരെ താഴ്ത്താൻ അവൻ പ്രാപ്തനുമാണ്” എന്നുപറഞ്ഞുകൊണ്ട് താൻ കൂടുതലായി പാഠം പഠിച്ചുവെന്ന് ബാബിലോന്യ ഭരണാധികാരി പ്രകടമാക്കി. യഹോവ പരമാധികാരത്തിന്റെ വിവാദപ്രശ്നത്തിന് ആവർത്തിച്ചു തീർപ്പുണ്ടാക്കിയ വിധം സംബന്ധിച്ച ഇങ്ങനെയുള്ള സാക്ഷ്യമെല്ലാം അതിൽത്തന്നെ ഈ വിവരണങ്ങൾ ആരുടെയെങ്കിലും ഭാവനാസൃഷ്ടിയല്ലെന്നും പിന്നെയോ യഥാർത്ഥചരിത്രം രേഖപ്പെടുത്താൻ ദൈവത്താൽ നിശ്വസ്തനായ ഒരു എഴുത്തുകാരന്റെ കൃതിയാണെന്നുമുള്ളതിന്റെ ശക്തമായ സാഹചര്യത്തെളിവല്ലയോ?—ദാനിയേൽ 4:35, 37.
ബേൽശസ്സർ ചുവരിലെ കൈയെഴുത്തു കാണുന്നു
15. ബേൽശസ്സർ സത്യദൈവമായ യഹോവയെ എങ്ങനെ പുച്ഛിച്ചു?
15 പഠിപ്പിക്കാൻ യഹോവക്ക് അവസരം കിട്ടിയ മറെറാരു ഏകാധിപതി ബേൽശസ്സരായിരുന്നു. അവൻ നെബൂഖദ്നേസ്സരിന്റെ ഒരു അനന്തരഗാമിയായിരുന്ന നബോണീഡസ്രാജാവിന്റെ പുത്രനും സഹഭരണാധികാരിയുമായിരുന്നു. ഒരു വലിയ വിരുന്നുവേളയിൽ, തന്റെ വല്യപ്പൻ യരുശലേമിലെ യഹോവയുടെ ആലയത്തിൽനിന്ന് എടുത്തുകൊണ്ടുപോയിരുന്ന പൊൻപാത്രങ്ങളിൽ നിന്ന് താനും തന്റെ മഹത്തുക്കളും തന്റെ ഭാര്യമാരും വെപ്പാട്ടികളും കുടിക്കേണ്ടതിന് അവ കൊണ്ടുവരാൻ ആജ്ഞാപിക്കുന്നതിനുള്ള ധിക്കാരം ബേൽശസ്സരിനുണ്ടായിരുന്നു. അങ്ങനെ “അവർ വീഞ്ഞുകുടിച്ചു, അവർ പൊന്നും വെള്ളിയും ചെമ്പും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദൈവങ്ങളെ സ്തുതിച്ചു.”—ദാനിയേൽ 5:3, 4.
16, 17. (എ) യഹോവ ഏതു മുഖാന്തരത്താൽ ബേൽശസ്സറിൽ ഭയം ജനിപ്പിച്ചു? (ബി) ചുവരിലെ കൈയെഴുത്തു സംബന്ധിച്ച് ദാനിയേൽ എന്തു വ്യാഖ്യാനം കൊടുത്തു, അത് എങ്ങനെ സത്യമെന്നു തെളിഞ്ഞു?
16 ബാബിലോന്യഭരണത്തെ അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ സമയം വന്നിരുന്നു. അതുകൊണ്ട് അവൻ ചുവരിൻമേൽ വിചിത്രമായ കൈയെഴുത്ത് പ്രത്യക്ഷപ്പെടാൻ ഇടയാക്കി. ഈ അത്ഭുതം രാജാവിനു വളരെയധികം ധൈര്യക്ഷയം വരുത്തിയതുകൊണ്ട് അതിനെ വ്യാഖ്യാനിക്കാൻ അവൻ ഉടൻതന്നെ തന്റെ സകല ജ്ഞാനികളെയും വരുത്തി. അവരിലാർക്കും അതു കഴിഞ്ഞില്ല. അപ്പോൾ നെബൂഖദ്നേസ്സരിനുവേണ്ടി സ്വപ്നങ്ങൾ വ്യാഖ്യാനിച്ചിരുന്ന ദാനിയേലിന് കൈയെഴുത്തു വ്യാഖ്യാനിക്കാൻ കഴിഞ്ഞേക്കുമെന്ന് അവന്റെ അമ്മ അവനെ ഓർമ്മിപ്പിച്ചു. (ദാനിയേൽ 5:10-12) ദാനിയേലിനെ വരുത്തിയിട്ട് അത് സാധിക്കുമോയെന്നു ചോദിച്ചപ്പോൾ അത്യുന്നതൻ മനുഷ്യവർഗ്ഗത്തിന്റെ രാജ്യത്തിൻമേൽ ഭരണാധികാരിയാണെന്ന് അറിയത്തക്കവണ്ണം അഹങ്കാരിയായിരുന്ന അവന്റെ വല്യപ്പനെ എങ്ങനെ ദൈവം താഴ്ത്തിയെന്ന് ദാനിയേൽ ആ ഏകാധിപതിയെ ഓർമ്മിപ്പിച്ചു.—ദാനിയേൽ 5:20, 21.
17 ദാനിയേൽ ബേൽശസ്സറിനോട് കൂടുതലായി ഇങ്ങനെ പറഞ്ഞു: “നിന്റെ ശ്വാസം ആരുടെ കൈയിലാണോ, നിന്റെ സകല വഴികളും ആരുടേതാണോ, ആ ദൈവത്തെ നീ മഹത്വീകരിച്ചിട്ടില്ല.” (ദാനിയേൽ 5:23) അങ്ങനെ കൈയെഴുത്ത് ബാബിലോന്യൻഭരണാധികാരിയുടെ രാജത്വത്തിൻനാളുകൾ അവസാനിച്ചിരുന്നുവെന്നും അവനെ തൂക്കിനോക്കിയിട്ട് കുറവുള്ളവനായി കണ്ടെന്നും അവന്റെ രാജ്യം മേദ്യർക്കും പാർസ്യക്കാർക്കും കൊടുക്കാൻപോകുകയാണെന്നും അവന് അറിയിപ്പുകൊടുത്തു. യഹോവ അത്യാവശ്യമായിരുന്ന ഈ പാഠം ആ അഹങ്കാരിയായ ഏകാധിപതിയെ പഠിപ്പിച്ചശേഷം അന്നു രാത്രിതന്നെ കൽദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.—ദാനിയേൽ 4:23.
18. ഏതു മുഖാന്തരത്താൽ യഹോവ ഇന്ന് ലോകഭരണാധികാരികളെ തന്റെ പരമാധികാരവും രക്ഷിക്കൽശക്തിയും സംബന്ധിച്ച് സമാനമായ പാഠങ്ങൾ പഠിപ്പിക്കും?
18 അഹങ്കാരികളായ ഏകാധിപതികളായിരുന്ന നെബൂഖദ്നേസ്സറെയും ബേൽശസ്സറിനെയും തന്റെ പരമാധികാരത്തെയും രക്ഷിക്കൽശക്തിയെയും കുറിച്ചുള്ള പാഠങ്ങൾ യഹോവ പഠിപ്പിച്ചതുപോലെതന്നെ താൻ പരമോന്നത ഭരണാധികാരിയാണെന്ന്, സർവശക്തനായ സാർവത്രികപരമാധികാരിയാണെന്ന്, അർമ്മഗെദ്ദോനിൽ ദൈവം ഭൂമിയിലെ സകല ഭരണാധികാരികളും അറിയാനിടയാക്കും. നിങ്ങളുടെ ജീവൻ ബാധിക്കപ്പെടും. എങ്ങനെ? എന്തുകൊണ്ടെന്നാൽ മൂന്ന് എബ്രായരെ യഹോവ തീച്ചൂളയിൽനിന്ന് വിടുവിച്ചതുപോലെ അവൻ തന്റെ വിശ്വസ്തദാസൻമാരെയും ആ സമയത്ത് വിടുവിക്കും.—ദാനിയേൽ 3:26-30.
ദാര്യാവേശ് യഹോവയുടെ രക്ഷിക്കൽ ശക്തിയെക്കുറിച്ചു പഠിക്കുന്നു
19, 20. ദാനിയേലിന്റെ ജീവിതത്തിലെ ഏതു സംഭവം ദാര്യാവേശിനെ യഹോവയുടെ രക്ഷിക്കൽശക്തിയെക്കുറിച്ചു പഠിപ്പിച്ചു?
19 യഹോവ ഒരു ഏകാധിപതിയായിരുന്ന ദാര്യാവേശിനെ ഒരു പാഠം—ദൈവത്തിന്റെ രക്ഷിക്കൽശക്തിയെക്കുറിച്ചുള്ള പാഠം—പഠിപ്പിച്ച മറെറാരു സന്ദർഭത്തെക്കുറിച്ച് ദാനിയേൽ 6-ാം അദ്ധ്യായം പറയുന്നു. ഒരു ഗൂഢാലോചന ഏറെയും ഏകാധിപതിയുടെ ഇഷ്ടത്തിനെതിരായി അവൻ ദാനിയേലിനെ സിംഹങ്ങളുടെ കുഴിയിൽ എറിയുന്നതിൽ കലാശിച്ചിരുന്നു. അവൻ അഹങ്കാരപൂർവം തന്നേത്തന്നെ സത്യദൈവത്തിനെതിരെ ഉയർത്തിയ ഒരുവൻ അല്ലായിരുന്നു. കൗതുകകരമായി, ദാനിയേലിന്റെ ദൈവം അവനെ വിടുവിക്കുമെന്ന് ദാര്യാവേശ് അവന് ഉറപ്പുകൊടുത്തിരുന്നുവെങ്കിലും അവൻ യഥാർത്ഥത്തിൽ അത് പൂർണ്ണമായി വിശ്വസിച്ചിരുന്നതായി തോന്നുന്നില്ല. അല്ലായിരുന്നെങ്കിൽ അവന് രാത്രിയിൽ ഉറക്കം വരാതിരുന്നതും പ്രഭാതംവരെ വ്യാകുലപ്പെട്ടു കിടന്നതും പ്രഭാതത്തിൽ സിംഹക്കുഴിയിങ്കലേക്ക് ബദ്ധപ്പെട്ടുചെന്നതും എന്തിന്? അപ്പോൾ അവൻ ഇങ്ങനെ വിളിച്ചുചോദിച്ചു: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേലേ, നീ ഉറപ്പോടെ സേവിക്കുന്ന നിന്റെ ദൈവത്തിന് നിന്നെ സിംഹങ്ങളിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞോ?”—ദാനിയേൽ 6:18-20.
20 ഉവ്വ്, ദാനിയേലിനെ സംരക്ഷിക്കാൻ ദൈവത്തിനു കഴിഞ്ഞിരുന്നു. ദാര്യാവേശ് വളരെ സന്തുഷ്ടനായതുകൊണ്ട് അവൻ ഈ കൽപ്പന പുറപ്പെടുവിച്ചു: “എന്റെ രാജ്യത്തിന്റെ ഏതു ഭാഗത്തും ആളുകൾ ദാനിയേലിന്റെ ദൈവത്തിന്റെ മുമ്പാകെ വിറയ്ക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടതാണ്. എന്തെന്നാൽ അവൻ ജീവനുള്ള ദൈവവും അനിശ്ചിതകാലങ്ങളോളം നിലനിൽക്കുന്നവനുമാകുന്നു, അവന്റെ രാജ്യം നശിപ്പിക്കപ്പെടുകയില്ലാത്ത ഒന്നാകുന്നു . . . അവൻ രക്ഷിക്കുകയും വിടുവിക്കുകയും ആകാശങ്ങളിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും ചെയ്യുകയും ചെയ്യുന്നു, എന്തെന്നാൽ അവൻ ദാനിയേലിനെ സിംഹങ്ങളുടെ നഖങ്ങളിൽനിന്ന് രക്ഷിച്ചിരിക്കുന്നു.”—ദാനിയേൽ 6:26, 27.
21. (എ) ദാനിയേൽ പുസ്തകത്തിലെ ആദ്യത്തെ ആറ് അദ്ധ്യായങ്ങൾ എന്തിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തങ്ങൾ നൽകുന്നു? (ബി) ഈ കാര്യങ്ങളെക്കുറിച്ചുള്ള രേഖക്ക് നമ്മുടെമേൽ എന്ത് ഫലമുണ്ടായിരിക്കണം?
21 യഹോവ തന്റെ നാമത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനെന്ന നിലയിൽ തന്റെ വിശ്വസ്തദാസൻമാരെ വിടുവിക്കുമ്പോൾത്തന്നെ താൻ അഹങ്കാരികളായ ഭരണാധികാരികളെ താഴ്ത്താൻ പ്രാപ്തനും തീർച്ചയായും സർവശക്തനും സാർവത്രികപരമാധികാരിയുമാണെന്ന് ഈ ലോകത്തിലെ ശക്തരായ ഏകാധിപതികളെ പഠിപ്പിച്ചതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തങ്ങളാണ് ദാനിയേലിന്റെ ആദ്യത്തെ ആറ് അദ്ധ്യായങ്ങൾ യഥാർത്ഥത്തിൽ നമുക്കു നൽകുന്നത്. ഈ വിവരണങ്ങൾ നമ്മിൽ ഒരു ഉദാത്തമായ ദൈവഭയവും യഹോവയുടെ സർവശക്തിയോടും പരമാധികാരത്തോടും ആദരവും ജനിപ്പിക്കേണ്ടതാണ്. അതേസമയം, ഈ നിശ്വസ്തരേഖ വിശ്വാസത്തെ അത്യന്തം ബലപ്പെടുത്തുന്നതാണ്, എന്തുകൊണ്ടെന്നാൽ അത് വളരെ വിശ്വാസവും ധൈര്യവും പ്രകടമാക്കിയ യഹോവയാം ദൈവത്തിന്റെ ദാസൻമാരുടെ തിളങ്ങുന്ന ദൃഷ്ടാന്തങ്ങൾ നൽകുന്നു. അടുത്ത ലേഖനം അത് വ്യക്തമായി പ്രകടമാക്കും. (w88 12/1)
[അടിക്കുറിപ്പുകൾ]
a ഒക്ടോബർ 1, 1986ലെ വാച്ച്ററവറിന്റെ 3-7വരെ പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ യഹോവ ലോകഭരണാധികാരികളെ ഏതു പാഠം പഠിപ്പിക്കേണ്ടയാവശ്യമുണ്ടായിട്ടുണ്ട്?
□ ദാനിയേലിന്റെ പുസ്തകത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് എന്തു പറയാൻ കഴിയും?
□ നെബൂഖദ്നേസ്സർരാജാവിനെ കൂടുതലായി താഴ്ത്തിയ പാഠം എന്തായിരുന്നു?
□ യഹോവ ഏകാധിപതികളെ പാഠങ്ങൾ പഠിപ്പിച്ചതിന് നമ്മുടെ മേൽ എന്തു ഫലം ഉണ്ടായിരിക്കണം?