യഹോവ വിശ്വാസത്തിനും ധൈര്യത്തിനും പ്രതിഫലം കൊടുക്കുന്നു
“ഞങ്ങൾ സേവിക്കുന്ന ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിക്കാൻ പ്രാപ്തനാണ്. രാജാവേ, എരിയുന്ന തീച്ചൂളയിൽനിന്നും നിന്റെ കൈയിൽനിന്നും അവൻ ഞങ്ങളെ രക്ഷിക്കും.”—ദാനിയേൽ 3:17.
1. മുൻലേഖനത്തിൽ ഏതു പാഠം പ്രദീപ്തമാക്കപ്പെട്ടു, സംഭവങ്ങളുടെ ഒരു പുനഃപരിശോധന പ്രയോജനകരമായിരിക്കാവുന്നതെന്തുകൊണ്ട്?
സാർവത്രികപരമാധികാരിയായ യഹോവയാം ദൈവം തന്റെ പരമോന്നതാധികാരത്തെ സംബന്ധിച്ച പ്രധാനപ്പെട്ട പാഠങ്ങൾ ലോകഭരണാധികാരികളെ പഠിപ്പിച്ചിട്ടുണ്ട്. ഇത് ദാനിയേലിന്റെ പുസ്തകത്തിന്റെ ആദ്യത്തെ ആറ് അദ്ധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിൽ എങ്ങനെ സത്യമായിരുന്നുവെന്ന് മുൻലേഖനത്തിൽ നാം കണ്ടുകഴിഞ്ഞു. അപ്പോസ്തലനായ പൗലോസിന്റെ നിശ്വസ്ത വാക്കുകൾക്കു ചേർച്ചയായി ഇതേ വിവരണങ്ങളിൽനിന്ന് നമുക്കെന്തു പഠിക്കാൻ കഴിയുമെന്നു കാണാൻ അവതന്നെ ഇപ്പോൾ പുനഃപരിശോധിക്കാൻകഴിയും: “മുൻകാലത്ത് എഴുതപ്പെട്ട എല്ലാ കാര്യങ്ങളും നമ്മുടെ പ്രബോധനത്തിനുവേണ്ടി, നമ്മുടെ സഹിഷ്ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രതാശയുണ്ടാകേണ്ടതിനുതന്നെ എഴുതപ്പെട്ടു.”—റോമർ 15:4.
2, 3. നെബൂഖദ്നേസ്സർരാജാവ് അടിമകളായി പിടിച്ചുകൊണ്ടുപോയവരിൽ ആർ ഉൾപ്പെട്ടിരുന്നു, അവരുടെ പേരുകളുടെ അർത്ഥത്തിൽ നിന്ന് നമുക്ക് എന്ത് നിഗമനങ്ങളിലെത്താം?
2 യഹോയാക്കീംരാജാവിന്റെ പുത്രനായ യഹോയാഖീന്റെ ചുരുങ്ങിയ വാഴ്ചക്കാലത്ത്, ക്രി. മു. 617-ൽ ആണ് ഏററം നല്ലവരും ജ്ഞാനികളുമായിരുന്ന ചില യഹൂദ യുവാക്കളെ ബാബിലോനിലേക്കു കൊണ്ടുവരാൻ നെബൂഖദ്നേസ്സർരാജാവ് ആജ്ഞാപിച്ചത്. ദാനിയേലും ഹനന്യാവും മീശായേലും അസര്യാവും ഇവരിൽ ഉൾപ്പെട്ടിരുന്നു.—ദാനിയേൽ 1:3, 4, 6.
3 ഈ നാല് എബ്രായ യുവാക്കളുടെ പേരുകളുടെ അർഥത്തെ അടിസ്ഥാനപ്പെടുത്തി വിധിച്ചാൽ അക്കാലത്ത് യഹൂദ്യയിൽ പ്രബലപ്പെട്ടിരുന്ന ദുഷ്ടാവസ്ഥകൾ ഗണ്യമാക്കാതെ അവർക്ക് ദൈവഭയമുണ്ടായിരുന്ന മാതാപിതാക്കളുണ്ടായിരുന്നുവെന്ന് പ്രസ്പഷ്ടമാണ്. “ദാനിയേൽ” എന്നതിന്റെ അർത്ഥം “എന്റെ ന്യായാധിപൻ ദൈവമാകുന്നു” എന്നാണ്. ഹനന്യാവിന്റെ പേരിന്റെ അർഥം “യഹോവ പ്രീതി കാട്ടിയിരിക്കുന്നു; യഹോവ കൃപയുള്ളവനായിരിക്കുന്നു” എന്നാണ്. സാദ്ധ്യതയനുസരിച്ച് മീശായേലിന്റെ പേരിന്റെയർത്ഥം “ദൈവത്തെപ്പോലെ ആരുള്ളു?” എന്നോ “ആർ ദൈവത്തിനുള്ളവൻ” എന്നോ ആണ്. അസര്യാവിന്റെ പേരിന്റെഅർത്ഥം “യഹോവ സഹായിച്ചിരിക്കുന്നു” എന്നാണ്. അവരുടെ പേരുകൾതന്നെ ഏകസത്യദൈവത്തോടു വിശ്വസ്തരായിരിക്കാൻ അവർക്ക് ഒരു പ്രചോദനമായിരുന്നുവെന്നതിനു സംശയമില്ല. കൽദയർ ഈ നാലു എബ്രായ യുവാക്കൾക്ക് ആ പേരുകൾക്കു പകരം ബേത്ശസ്സർ, ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നു പേരിട്ടു. തീർച്ചയായും അവർ ഒരു വിദേശശക്തിയുടെ അടിമകളായിരുന്നതുകൊണ്ട് അവരുടെ ജേതാക്കൾ അവരെ പരാമർശിക്കുന്നതിന് എന്തു പേരുകൾ ഉപയോഗിക്കുന്നുവെന്നതിൽ അവർക്ക് തെരഞ്ഞടുപ്പുസ്വാതന്ത്രമില്ലായിരുന്നു.—ദാനിയേൽ 1:7.
വിശ്വാസവും ധൈര്യവും പരീക്ഷിക്കപ്പെടുന്നു
4. ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളെസംബന്ധിച്ച തന്റെ നിയമങ്ങളെ തന്റെ ജനം ഗൗരവമായി എടുക്കണമെന്ന് യഹോവ ആഗ്രഹിച്ചുവെന്ന് എന്തു സൂചിപ്പിക്കുന്നു?
4 ഈ നാലു എബ്രായയുവാക്കളുടെ ദൈവഭയമുണ്ടായിരുന്ന മാതാപിതാക്കൾ അവർക്കു കൊടുത്ത പേരുകളാൽ അവർക്ക് ഒരു നല്ല ജീവിതതുടക്കം ഇട്ടുകൊടുത്തുവെന്നു മാത്രമല്ല ഭക്ഷണകാര്യങ്ങൾ ഉൾപ്പെടെയുള്ള മോശയുടെ ന്യായപ്രമാണത്തോട് കർശനമായ യോജിപ്പിൽ അവരെ വളർത്തുകയും ചെയ്തിരിക്കണം. സമാനമായ അനേകം വിലക്കുകൾ പട്ടികപ്പെടുത്തിയശേഷം യഹോവയാം ദൈവം “ഞാൻ വിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങൾ വിശുദ്ധരെന്നു നിങ്ങളേത്തന്നെ തെളിയിക്കണം” എന്നു പ്രസ്താവിച്ചതുകൊണ്ട് അവൻതന്നെ അവയെ വളരെ പ്രധാനമെന്ന് കരുതിയിരിക്കണം.—ലേവ്യപുസ്തകം 11:44, 45.
5. നാല് എബ്രായ യുവാക്കളുടെ നല്ല വളർത്തൽ എങ്ങനെ പരിശോധിക്കപ്പെട്ടു?
5 ഈ നാല് എബ്രായ യുവാക്കളുടെ നല്ല വളർത്തൽ പെട്ടെന്നുതന്നെ പരീക്ഷിക്കപ്പെടാനിരിക്കുകയായിരുന്നു. എങ്ങനെ? എന്തുകൊണ്ടെന്നാൽ “രാജാവിന്റെ സ്വാദുഭോജ്യങ്ങളിൽനിന്നും അവന്റെ കുടിവീഞ്ഞിൽനിന്നും അവർക്ക് ഒരു പ്രതിദിനവിഹിതം അനുവദിച്ചുകൊടുത്തിരുന്നു.” (ദാനിയേൽ 1:5) മോശയുടെ ന്യായപ്രമാണം വിലക്കിയിരുന്ന കാര്യങ്ങളിൽ പന്നികൾ, മുയലുകൾ, ചിപ്പികൾ, വ്ളാങ്കുകൾ എന്നിങ്ങനെയുള്ള ഭക്ഷ്യങ്ങൾ ഉൾപ്പെട്ടിരുന്നുവെന്ന് അവർക്കറിയാമായിരുന്നു. ന്യായപ്രമാണം അനുവദിച്ചിരുന്ന മാംസങ്ങൾ പോലും ബാബിലോന്യ കൊട്ടാരത്തിൽ സംശയാസ്പദമായിരുന്നു, കാരണം അവയിൽനിന്ന് ശരിയായി രക്തം ചോർത്തിക്കളഞ്ഞിരുന്നുവോയെന്നറിയാൻ മാർഗ്ഗമില്ലായിരുന്നു. മാത്രവുമല്ല, അത്തരം മാംസങ്ങൾ വിഗ്രഹാരാധനാപരമായ കർമ്മങ്ങളാൽ തീർത്തും മലിനമാക്കപ്പെട്ടിരിക്കണം.—ലേവ്യപുസ്തകം 3:16, 17.
6. നാല് യുവാക്കൾ പരിശോധനയോട് എങ്ങനെ പ്രതികരിച്ചു?
6 നാല് എബ്രായർക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു? ദാനിയേൽ—നിസ്സംശയമായി മറെറ മൂന്നുപേരും—അത്തരം ഭക്ഷ്യങ്ങളാൽ തങ്ങളേത്തന്നെ മലിനപ്പെടുത്താതിരിക്കാൻ ഹൃദയത്തിൽ തീരുമാനിച്ചുവെന്ന് നാം വായിക്കുന്നു. അതുകൊണ്ട് രാജാവിന്റെ വിശിഷ്ടഭോജ്യങ്ങൾക്കു പകരം വെറും സസ്യങ്ങളും അവന്റെ വീഞ്ഞിനു പകരം വെള്ളവും തരാൻ ദാനിയേൽ “അപേക്ഷിച്ചുകൊണ്ടിരുന്നു.” ഏതിനാണ് കൂടുതൽ രുചി എന്ന കാര്യം അവരുടെ മനസ്സിൽ വന്നതേയില്ല. ഈ പ്രശ്നത്തിൽ ഉറച്ചുനിൽക്കാൻ തീർച്ചയായും വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു. കൊള്ളാം, യഹോവ ഈ നാലു യുവാക്കളിൽ തൽപ്പരനായിരുന്നതുകൊണ്ട് മുഖ്യ രാജധാനിഉദ്യോഗസ്ഥൻ ദാനിയേലിനോടു പ്രീതി കാട്ടുന്നതിൽ അവൻ ശ്രദ്ധിച്ചു. എന്നിരുന്നാലും അത്തരമൊരു ഭക്ഷണക്രമത്തിന് ദാനിയേലിന്റെ ആരോഗ്യത്തിൻമേലുണ്ടാകാവുന്ന ഫലത്തെ ഭയന്ന് ദാനിയേലിന്റെ അപേക്ഷ അനുവദിക്കാൻ ഉദ്യോഗസ്ഥൻ ഭയപ്പെട്ടു. അതുകൊണ്ട് പത്തുദിവസം ഈ ഭക്ഷണക്രമം പരീക്ഷിച്ചുനോക്കാൻ തങ്ങളെ അനുവദിക്കണമെന്ന് ദാനിയേൽ ആവശ്യപ്പെട്ടു. ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുന്നത് അവന് ഒരു നല്ല മനഃസാക്ഷി കൊടുക്കുമെന്നുമാത്രമല്ല ആരോഗ്യപരമായും പ്രയോജനം ചെയ്യുമെന്ന് അവന് ശക്തമായ വിശ്വാസമുണ്ടായിരുന്നു. നിസ്സംശയമായി, ഈ നാല് എബ്രായരുടെ നിലപാടു നിമിത്തം അവർ വളരെയധികം പരിഹാസം സഹിക്കേണ്ടിവന്നു.—ദാനിയേൽ 1:8-14; യെശയ്യാവ് 48:17, 18.
7. തങ്ങളുടെ ധീരമായ നിലപാടിന് ആ എബ്രായയുവാക്കൾക്ക് എങ്ങനെ പ്രതിഫലം കൊടുക്കപ്പെട്ടു?
7 തങ്ങളുടെ ഭക്ഷണം സംബന്ധിച്ച് ഒരു വിവാദപ്രശ്നം സൃഷ്ടിക്കാൻ ഈ നാലു എബ്രായർക്ക് വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു. എന്നാൽ അങ്ങനെ ചെയ്തതുകൊണ്ട് അവർക്ക് എത്ര പ്രതിഫലം കിട്ടി, എന്തുകൊണ്ടെന്നാൽ പത്തു ദിവസത്തിന്റെ അന്ത്യത്തിൽ അവർ മറേറതൊരാളെയുംകാൾ സുന്ദരൻമാരും ആരോഗ്യവാൻമാരുമായി കാണപ്പെട്ടു! യഹോവ അവർക്ക് അറിവും ഉൾക്കാഴ്ചയും ജ്ഞാനവും കൊടുത്തു. തന്നിമിത്തം അവരുടെ മൂന്നു വർഷത്തെ പരിശീലനഘട്ടത്തിന്റെ അന്ത്യത്തിൽ അവർ രാജാവിന്റെ മുമ്പാകെ ഹാജരായപ്പോൾ അവർ “അവന്റെ രാജകീയ മണ്ഡലത്തിലെല്ലാമുണ്ടായിരുന്ന സകല പുരോഹിതമന്ത്രവാദികളെക്കാളും ഐന്ദ്രജാലികരെക്കാളും പത്തിരട്ടി മെച്ചമെന്ന് അവൻ കണ്ടെത്തി.”—ദാനിയേൽ 1:20.
8. ഇതിൽ ഇന്നത്തെ യഹോവയുടെ ദാസൻമാർക്ക് എന്തു പാഠമുണ്ട്?
8 യഹോവയാം ദൈവത്തിന്റെ ഇന്നത്തെ എല്ലാ ദാസൻമാർക്കും ഇതിൽ ഒരു പാഠമുണ്ട്. കുറഞ്ഞപക്ഷം പത്തു കൽപ്പനകളോട് അല്ലെങ്കിൽ യാഗങ്ങൾ സംബന്ധിച്ച നിയമങ്ങളോട് അല്ലെങ്കിൽ വാർഷിക ഉത്സവങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ മോശൈക ന്യായപ്രമാണത്തിലെ ആഹാരക്രമങ്ങൾസംബന്ധിച്ച നിയന്ത്രണങ്ങൾ വളരെ പ്രധാനമല്ലെന്ന് ആ എബ്രായ യുവാക്കൾക്ക് ന്യായവാദം ചെയ്യാമായിരുന്നു. എന്നാൽ പാടില്ല, വിശ്വസ്തരായിരുന്ന ആ എബ്രായർ ദൈവികന്യായപ്രമാണത്തിന്റെ സകല സവിശേഷതകളുമനുസരിച്ചു ജീവിക്കുന്നതിൽ തൽപ്പരരായിരുന്നു. ഇത് ലൂക്കോസ് 16:10-ൽ രേഖപ്പെടുത്തിയിരിക്കുന്നതായി യേശു പ്രസ്താവിച്ച തത്വത്തെ അനുസ്മരിപ്പിക്കുന്നു: “അത്യൽപ്പത്തിൽ വിശ്വസ്തനായ ആൾ അധികത്തിലും വിശ്വസ്തനാകുന്നു, അത്യൽപ്പത്തിൽ നീതികെട്ടവനായ ആൾ അധികത്തിലും നീതികെട്ടവനാകുന്നു.”—മത്തായി 23:23 താരതമ്യപ്പെടുത്തുക.
9. ഇന്ന് ചില സാക്ഷികൾ സമാനമായ ധൈര്യം പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
9 ഒരു ഡിസ്ട്രിക്ട് കൺവെൻഷനിൽ സംബന്ധിക്കുന്നതിന് മുതലാളിമാരോട് അവധി ചോദിക്കുമ്പോഴെന്നപോലെ യഹോവയുടെ സാക്ഷികൾ പലപ്പോഴും സമാനമായ വിശ്വാസവും ധൈര്യവും പ്രകടമാക്കുന്നു. ഒട്ടുമിക്കപ്പോഴും അവരുടെ കാര്യത്തിൽ ഒഴിവു കൊടുക്കുന്നു. പയനിയർഅണികളിൽ ചേരാനോ സഹായപയനിയർമാരാകാനോ ആഗ്രഹിക്കുന്ന സാക്ഷികൾ അംശകാല തൊഴിലിനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹം മുന്നോട്ടുവെച്ചിട്ടുണ്ട്. അവർക്ക് ആ പദവി ആവർത്തിച്ച് അനുവദിക്കപ്പെട്ടിട്ടുമുണ്ട്.
10. ഇതിലെല്ലാം സാക്ഷികളായ മാതാപിതാക്കൾക്ക് എന്തു പാഠമുണ്ട്?
10 ദൈവഭയമുള്ള ഇന്നത്തെ മാതാപിതാക്കൻമാർക്ക് ആ നാല് എബ്രായ യുവാക്കളുടെ പ്രകടമായ പരിശീലനത്തിൽനിന്ന് എത്ര നല്ല ഒരു പാഠം പഠിക്കാൻ കഴിയും! ക്രിസ്തീയമാതാപിതാക്കൻമാർക്ക് യഥാർത്ഥത്തിൽ തങ്ങളുടെ മക്കളുടെ ആത്മീയ താൽപ്പര്യങ്ങൾ മനസ്സിലുള്ളപ്പോൾ അവർ മത്തായി 6:33-ന് അനുയോജ്യമായി അവയെ സ്വന്തം ജീവിതത്തിൽ ഒന്നാമതു വെക്കും. അപ്പോൾ ജൻമദിനങ്ങളോ വിശേഷദിവസങ്ങളോ ആഘോഷിക്കാൻ അല്ലെങ്കിൽ മററു വിധങ്ങളിൽ തിരുവെഴുത്തുതത്വങ്ങളെ ലംഘിക്കാൻ സമപ്രായക്കാരിൽനിന്നും സ്കൂളദ്ധ്യാപകരിൽനിന്നും ഉണ്ടാകുന്ന പ്രലോഭനങ്ങളെയും സമ്മർദ്ദങ്ങളെയും ചെറുത്തുനിൽക്കാൻ തങ്ങളുടെ മക്കൾ പ്രാപ്തരാകുമെന്ന് അവർക്കു പ്രതീക്ഷിക്കാൻ കഴിയും. ദൈവഭയമുള്ള ഈ മാതാപിതാക്കൻമാർ അങ്ങനെ സദൃശവാക്യങ്ങൾ 22:6 സത്യമാണെന്ന് തെളിയിക്കുന്നു.
നെബൂഖദ്നേസ്സറിന്റെ സ്വപ്നങ്ങളെ നിർഭയം വ്യാഖ്യാനിക്കുന്നു
11. ഇന്ന് നമുക്ക് ദാനിയേലിന്റെയും അവന്റെ മൂന്നു കൂട്ടുകാരുടെയും ദൃഷ്ടാന്തം എങ്ങനെ പിൻതുടരാവുന്നതാണ്?
11 ദാനിയേലിലെ രണ്ടാമദ്ധ്യായം വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മറെറാരു ദൃഷ്ടാന്തം നമുക്കു നൽകുന്നു. രാജാവിന്റെ സ്വപ്നവും അതിന്റെ അർത്ഥവും അവനോടു പറയാൻ കഴിയാഞ്ഞതുകൊണ്ട് ബാബിലോനിലെ സകല ജ്ഞാനികളെയും നശിപ്പിക്കാനുള്ളള രാജാവിന്റെ വിളംബരത്തെക്കുറിച്ച് ദാനിയേൽ കേട്ടപ്പോൾ അവനും മൂന്നു കൂട്ടുകാരും വെപ്രാളപ്പെട്ടോ? അശേഷമില്ല! പകരം, രാജാവാഗ്രഹിച്ച വിവരം യഹോവ തനിക്കു നൽകുമെന്നുള്ള പരമവിശ്വാസത്തോടെ ദാനിയേൽ ആ ഏകാധിപതിയുടെ മുമ്പാകെ ഹാജരാകുകയും ഉത്തരംകൊടുക്കുന്നതിന് സമയമാവശ്യപ്പെടുകയുംചെയ്തു. ഈ അപേക്ഷ അനുവദിക്കപ്പെട്ടു. അനന്തരം ദാനിയേലും അവന്റെ മൂന്നു കൂട്ടുകാരും ഈ കാര്യത്തെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ വിഷയമാക്കി. ആവശ്യമായ വിവരം കൊടുത്തുകൊണ്ട് യഹോവ അവരുടെ വിശ്വാസത്തിനു പ്രതിഫലം കൊടുത്തു. അനന്തരം ദാനിയേൽ യഹോവയോട് നന്ദിപ്രകടനത്തിന്റെ ഒരു ഹൃദയംഗമമായ പ്രാർത്ഥന നടത്തി. (ദാനിയേൽ 2:23) 4-ാം അദ്ധ്യായത്തിലെ സ്വപ്നത്തിന്റെ വ്യാഖ്യാനം നെബൂഖദ്നേസ്സർരാജാവ് ഒരു മൃഗത്തെപ്പോലെ കാട്ടുമൃഗങ്ങളോടുകൂടെ ജീവിച്ചുകൊണ്ട് ഏഴു വർഷം ചെലവഴിക്കുമെന്ന് ദാനിയേൽ അവനോടു പറയേണ്ടതാവശ്യമാക്കിത്തീർത്തു. ഇത് സാത്താന്റെ ലോകത്തിനെതിരായ ദൈവത്തിന്റെ പ്രതികാരത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം ഘോഷിക്കുന്നതിൽ ദൈവജനം ഇന്നു പ്രകടമാക്കേണ്ട തരം വിശ്വാസവും ധൈര്യവും ആവശ്യമാക്കിത്തീർത്തു.
‘തീയുടെ ശക്തിയെ പിന്തിരിപ്പിക്കുന്നു’
12, 13. ദാനിയേലിന്റെ മൂന്ന് കൂട്ടുകാരെ അഭിമുഖീകരിച്ച ഏതു പരിശോധനെയെക്കുറിച്ച് ദാനിയേൽ 3-ാം അദ്ധ്യായം പറയുന്നു?
12 ദാനിയേൽ 3-ാംഅദ്ധ്യായം മൂന്ന് എബ്രായദാസൻമാരുടെ ഭാഗത്തെ അത്ഭുതകരമായ വിശ്വാസത്തിനും ധൈര്യത്തിനും യഹോവ എങ്ങനെ പ്രതിഫലം കൊടുത്തെന്ന് പ്രകടമാക്കുന്ന ബൈബിൾരേഖയുടെ അത്യന്തം മുന്തിനിൽക്കുന്ന ഉദാഹരണങ്ങളിലൊന്നു നൽകുന്നു. രംഗം ഒന്നു സങ്കൽപ്പിക്കുക. ബാബിലോനിലെ സകല മഹത്തുക്കളും ദുരാസമഭൂമിയിൽ സമ്മേളിച്ചിരിക്കുന്നു. അവരുടെ മുമ്പിൽ ഏതാണ്ട് 90 അടി ഉയരവും 9 അടി വണ്ണവുമുള്ള ഒരു സ്വർണ്ണപ്രതിമ നിൽക്കുന്നു. അവരുടെ വികാരങ്ങളെ ഇളക്കാൻ രാജാവ് ഒരു വാദ്യമേള ക്രമീകരിച്ചിരിക്കുന്നു. സംഗീതധ്വനിയിങ്കൽ സമ്മേളിതർ ‘നെബൂഖദ്നേസ്സർരാജാവ് നിർത്തിയിരിക്കുന്ന സ്വർണ്ണപ്രതിമയെ കുമ്പിട്ടാരാധിക്കണം. കുമ്പിട്ടാരാധിക്കാത്ത ഏതൊരുവനും അതേസമയത്തുതന്നെ എരിയുന്ന തീച്ചൂളയിലേക്ക് എറിയപ്പെടും.’—ദാനിയേൽ 3:5, 6.
13 ഇതുസംബന്ധിച്ചു സംശയമില്ല: ആ ആജ്ഞ അനുസരിക്കാൻ വിസമ്മതിക്കുന്നതിന് വലിയ വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു. എന്നാൽ ‘അത്യൽപ്പത്തിലെ വിശ്വസ്തത’ ‘അധികത്തിൽ വിശ്വസ്തരാ’യിരിക്കാൻ അവരെ ഒരുക്കി. അവരുടെ നിലപാട് മററു യഹൂദൻമാരെ അപകടത്തിലാക്കുമെന്നുള്ള വസ്തുതക്ക് പ്രസക്തിയില്ലായിരുന്നു. അവർ പ്രതിമയെ കുമ്പിട്ടാരാധിക്കുകയില്ലായിരുന്നു. അവരുടെ സ്പഷ്ടമായ വിസമ്മതം അസൂയാലുക്കളായ അവരുടെ സഹകാരികളിൽ ചിലർ കണ്ടു. അവർ ഒട്ടും സമയം കളയാതെ രാജാവിനെ ഈ കാര്യം ധരിപ്പിച്ചു.
14. കുമ്പിടുന്നതിനുള്ള അവരുടെ വിസമ്മതത്തോട് നെബൂഖദ്നേസ്സർ എങ്ങനെ പ്രതിവർത്തിച്ചു, അവർ അവന്റെ അന്ത്യശാസനത്തിന് എങ്ങനെ ഉത്തരം കൊടുത്തു?
14 “ക്രോധത്തിലും ഉഗ്രകോപത്തിലും” നെബൂഖദ്നേസ്സർ ആ മൂന്ന് എബ്രായരെ തന്റെ അടുക്കൽ കൊണ്ടുവരാൻ ആജ്ഞാപിച്ചു. “യഥാർത്ഥത്തിൽ അത് അങ്ങനെതന്നെയോ?” എന്ന അവന്റെ ചോദ്യം അവർ സ്വർണ്ണപ്രതിമയെ കുമ്പിട്ടാരാധിക്കാൻ വിസമ്മതിക്കുന്നത് അവനു മനസ്സിലാക്കാവുന്നതായിരുന്നില്ലെന്ന് തെളിയിക്കുന്നു. അവർക്ക് മറെറാരു അവസരവും കൂടെ കൊടുക്കാൻ അവന് സമ്മതമായിരുന്നു, എന്നാൽ അവർ പിന്നെയും വിസമ്മതിക്കുകയാണെങ്കിൽ അവർ എരിയുന്ന തീച്ചൂളയിൽ എറിയപ്പെടും. “നിന്നെ എന്റെ കൈകളിൽനിന്നു രക്ഷിക്കാൻ കഴിയുന്ന ആ ദൈവം ആരാണ്?” എന്ന് ആ അഹങ്കാരിയായ ബാബിലോന്യ ഏകാധിപതി പറഞ്ഞു. യഥാർത്ഥ ധൈര്യത്തോടും യഹോവയിലുള്ള വിശ്വാസത്തോടും കൂടെ മൂന്ന് എബ്രായർ ആദരപൂർവം രാജാവിന് ഉത്തരം കൊടുത്തു: “ഈ കാര്യത്തിൽ നിന്നോട് ഒരു വാക്കും തിരിച്ചുപറയേണ്ട ആവശ്യം ഞങ്ങൾക്കില്ല. അതങ്ങനെയായിരിക്കണമെങ്കിൽ ഞങ്ങൾ സേവിക്കുന്ന ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിക്കാൻ പ്രാപ്തനാണ്. രാജാവേ, എരിയുന്ന തീച്ചൂളയിൽനിന്ന് . . . , അവൻ ഞങ്ങളെ രക്ഷിക്കും. ഇല്ലെങ്കിലും, രാജാവേ, നിന്റെ ദൈവങ്ങളെയല്ല ഞങ്ങൾ സേവിക്കുന്നതെന്നും നീ സ്ഥാപിച്ചിരിക്കുന്ന സ്വർണ്ണപ്രതിമയെ ഞങ്ങൾ ആരാധിക്കുകയില്ലെന്നും നീ അറിഞ്ഞുകൊള്ളുക.”—ദാനിയേൽ 3:13-18.
15. നെബൂഖദ്നേസ്സർ എന്തു നടപടി സ്വീകരിച്ചു?
15 നെബൂഖദ്നേസ്സർ മുൻപേ കുപിതനായിരുന്നെങ്കിൽ ഇപ്പോൾ അവൻ ക്രുദ്ധനായിരുന്നു, എന്തെന്നാൽ മൂന്ന് എബ്രായരുടെ നേരെ “അവന്റെ മുഖഭാവംതന്നെ മാറി” എന്നു നാം വായിക്കുന്നു. (ദാനിയേൽ 3:19) ചൂള പതിവിലും ഏഴു മടങ്ങു ചൂടാക്കാനുള്ള അവന്റെ കൽപ്പന അവന്റെ ഉഗ്ര ക്രോധത്തെ സൂചിപ്പിക്കുന്നതായിരുന്നു. അനന്തരം അവന്റെ സൈന്യത്തിലെ ചില ശക്തർ മൂന്ന് എബ്രായരെ കൊണ്ടുപോയി തീച്ചൂളയിൽ ഇട്ടു. തീജ്വാലകൾ വളരെ ഉഗ്രമായിരുന്നതിനാൽ ഈ ജോലി നിർവഹിച്ചവരെ അവ കൊന്നു.
16. ആ മൂന്ന് എബ്രായരുടെ വിശ്വാസത്തിന് എങ്ങനെ പ്രതിഫലം കിട്ടി?
16 എന്നാൽ വെറും മൂന്നുപേരല്ല നാലു പുരുഷൻമാർ തികച്ചും ഹാനിതട്ടാതെ തീയുടെ നടുവിൽ നടക്കുന്നത് രാജാവ് കണ്ടപ്പോൾ അവൻ എത്ര ആശ്ചര്യഭരിതനായി! ഈ മൂന്ന് എബ്രായരെ രാജാവ് വിളിച്ചിറക്കിയപ്പോൾ അവരുടെ തലയിലെ ഒററ മുടിപോലും കരിഞ്ഞിട്ടില്ലെന്നും അവരുടെ ഉടുപ്പുകളിൽപോലും പുകമണം ഇല്ലായിരുന്നുവെന്നും അവൻ കണ്ടെത്തി. യഹോവ അവരുടെ വിശ്വാസത്തിനും ധൈര്യത്തിനും എത്രയധികമായി പ്രതിഫലം കൊടുത്തു! അപ്പോസ്തലനായ പൗലോസ് സാക്ഷികളുടെ വലിയ സമൂഹത്തിന്റെ കൂട്ടത്തിൽ “തീയുടെ ശക്തിയെ പിന്തിരിപ്പിച്ച”വരെ ഉൾപ്പെടുത്തിയപ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്നത് ഇവരുടെ ദൃഷ്ടാന്തമായിരുന്നുവെന്നതിനു സംശയമില്ല. (എബ്രായർ 11:34) അതിനുശേഷമുള്ള യഹോവയുടെ സകല ദാസൻമാർക്കും അവർ എത്ര നല്ല ദൃഷ്ടാന്തമായിരിക്കുന്നു!
17. ഇന്ന് നമുക്ക് സമാനമായ എന്തു നല്ല ദൃഷ്ടാന്തങ്ങളുണ്ട്?
17 ഇന്ന് യഹോവയുടെ ദാസൻമാർ ഒരു അക്ഷരീയ തീച്ചൂളയുടെ ഭീഷണിയെ അഭിമുഖീകരിക്കുന്നില്ല. എന്നാൽ ദേശീയപ്രതീകങ്ങളോട് ആരാധനാപരമായ ഭക്തി പ്രകടമാക്കുന്ന കാര്യത്തിൽ ഒട്ടേറെ പേരുടെ നിർമ്മലത കഠിനമായി പരിശോധിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടിക്കാർഡുകൾ വാങ്ങുകയോ സൈന്യത്തിൽ ചേരുകയോ ചെയ്യുന്ന കാര്യത്തിൽ മററു ചിലരുടെ വിശ്വസ്തത പരിശോധിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നിർമ്മലതയോടുള്ള വെല്ലുവിളിയെ വിജയപ്രദമായി നേരിടുന്നതിനും അങ്ങനെ പിശാച് നുണയനും യഹോവ സത്യദൈവവുമാണെന്നു തെളിയിക്കുന്നതിനും അങ്ങനെയുള്ളവരെയെല്ലാം പ്രാപ്തരാക്കിക്കൊണ്ട് യഹോവ അവരെ നിലനിർത്തിയിരിക്കുന്നു.
വിശ്വാസത്തിന്റെയും ധൈര്യ ത്തിന്റെയും മറെറരു ദൃഷ്ടാന്തം
18. ദാനിയേൽ 5-ാം അദ്ധായം 3, 4 വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ബേൽശസ്സർ യഹോവയോട് എങ്ങനെ നിന്ദ പ്രകടമാക്കി?
18 ദാനിയേലിന്റെ പുസ്തകത്തിൽ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മറെറാരു ദൃഷ്ടാന്തം രേഖപ്പെടുത്തിയിട്ടുണ്ട്, 5-ാം അദ്ധ്യായത്തിൽ. ബാബിലോൻരാജാവായിരുന്ന ബേൽശസ്സർ തന്റെ ആയിരം മഹത്തുക്കളും വെപ്പാട്ടിമാരും ഉപഭാര്യമാരുമായി ദൈവദൂഷണപരമായ ഒരു മൃഷ്ടാന്ന വിരുന്ന് ആസ്വദിക്കുകയായിരുന്നു. പെട്ടെന്ന് വിചിത്രമായ കൈയെഴുത്ത് ചുവരിൽ പ്രത്യക്ഷപ്പെട്ടു. ഇത് രാജാവിന്റെ അരക്കെട്ടുകൾ അയയുന്നതിനും കാൽമുട്ടുകുൾ കൂട്ടിയിടിക്കുന്നതിനും ഇടയാക്കുമാറ് അവനെ അധൈര്യപ്പെടുത്തി. വീണ്ടും, ബാബിലോനിലെ സകല ജ്ഞാനികളും അന്ധാളിച്ചുപോയതുകൊണ്ട് ഒരു വ്യാഖ്യാനത്തിനുവേണ്ടി സത്യദൈവത്തിന്റെ ദാസനായ ദാനിയേൽ വരുത്തപ്പെട്ടു.
19. ദാനിയേൽ ചുവരിലെ കൈയെഴുത്തു വ്യാഖ്യാനിച്ചപ്പോൾ മുന്തിനിന്നതെന്തായിരുന്നു?
19 ആ പകിട്ടാർന്നതും ശത്രുതാപരവുമായ ചുററുപാടിലെ ഒററക്കുള്ള നിൽപ്പ് ദാനിയേലിനെ അമിതമായി ഭയപ്പെടുത്തുകയോ അവന്റെ സന്ദേശത്തിൽ വെള്ളം ചേർക്കാനോ വിവാദവിഷയത്തിന്റെ കാഴ്ചപ്പാടു നഷ്ടപ്പെടാനോ ഇടയാക്കുകയോ ചെയ്തില്ല. സമചിത്തതയോടും ശാന്തതയോടുംകൂടെ, വ്യക്തവും മാന്യവുമായ ഭാഷണരീതിയിൽ അവൻ തന്റെ ദൈവത്തെക്കുറിച്ച് ഒരു സാക്ഷ്യം കൊടുത്തു. കൈയെഴുത്തു വ്യാഖ്യാനിക്കുന്നതിൽ മാത്രം സംതൃപ്തനാകാതെ, മനുഷ്യവർഗ്ഗത്തിന്റെ രാജ്യത്തിൻമേൽ അത്യുന്നതദൈവം രാജാവാണെന്ന് തിരിച്ചറിയുന്നതുവരെ അവന്റെ വല്യപ്പൻ ഒരു കാട്ടുമൃഗത്തെപ്പോലെ ജീവിക്കാൻ ഇടയാക്കിക്കൊണ്ട് യഹോവയാം ദൈവം അവനെ താഴ്ത്തിയെന്ന് ദാനിയേൽ രാജാവിനെ ഓർമ്മിപ്പിക്കുകയുംചെയ്തു. “ഇതെല്ലാം നീ അറിഞ്ഞിരുന്നിട്ടും” ‘നീ നിന്നേത്തന്നെ താഴ്ത്താതെ യഹോവയുടെ ആലയത്തിലെ പാത്രങ്ങളെ അശുദ്ധമാക്കുകയും കാണാനോ കേൾക്കാനോ എന്തെങ്കിലും അറിയാനോ കഴിയാത്ത, പൊന്നും വെള്ളിയും ചെമ്പും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദൈവങ്ങളെ സ്തുതിക്കുകയും ചെയ്തു. എന്നാൽ നിന്റെ എല്ലാ വഴികളും ആരുടേതാണോ ആ ദൈവത്തെ നീ മഹത്വീകരിച്ചില്ല. അതുകൊണ്ട് അവനിൽനിന്ന് ഈ കൽപ്പന പുറപ്പെട്ടിരിക്കുന്നു. നിന്നെ ത്രാസ്സിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു, നിന്റെ രാജ്യം വിഭജിച്ച് മേദ്യർക്കും പാർസ്യക്കാർക്കുമായി കൊടുക്കപ്പെട്ടിരിക്കുന്നു’ എന്ന് ദാനിയേൽ ബേൽശസറിനോട് പറഞ്ഞു. അതെ, വീണ്ടും ദാനിയേൽ ഇന്നത്തെ ദൈവദാസൻമാർക്ക് വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ഒരു വിശിഷ്ടദൃഷ്ടാന്തം വെച്ചു.—ദാനിയേൽ 5:22-28.
20. ദാര്യാവേശിന്റെ വാഴ്ചക്കാലത്ത് ദാനിയേൽ വലിയ വിശ്വാസത്തിന്റെ ഏത് കൂടുതലായ ദൃഷ്ടാന്തം വെച്ചു?
20 ദാനിയേൽ 6-ാം അദ്ധ്യായത്തിലേക്കു വരുമ്പോൾ നമുക്ക് വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മറെറാരു വിശിഷ്ടദൃഷ്ടാന്തംകൂടെയുണ്ട്. ഇപ്പോൾ ഭരണാധികാരി ദാര്യാവേശ് രാജാവായിരുന്നു. അവൻ ദാനിയേലിനെ രാജ്യത്തെ മൂന്നു മുഖ്യ ഭരണകർത്താക്കളിലൊരാളാക്കി. ദാനിയേലിനോട് അസൂയപ്പെട്ട മററു ചിലർ രാജാവിനോടല്ലാതെ മററാരോടും 30 ദിവസത്തേക്ക് യാതൊരപേക്ഷയും കഴിക്കരുതെന്ന് ഒരു നിയമം പാസാക്കാൻ ഏകാധിപതിയെ പ്രേരിപ്പിച്ചു. ഇതു മാത്രമാണ് ദാനിയേലിനെതിരെ ഒരു പഴുതു കണ്ടുപിടിക്കാനുള്ള മാർഗ്ഗമെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അവൻ ഈ നിയമത്തെ അവഗണിക്കുകയും യരുശലേമിനഭിമുഖമായി തന്റെ മാളികമുറിയിൽ ജനൽ തുറന്നിട്ടുകൊണ്ട് തുടർന്നു പ്രാർത്ഥിക്കുകയുംചെയ്തു. രാജാവിന്റെ കൽപ്പനയെ ലംഘിച്ചതിൽ കുററക്കാരനെന്നു കണ്ടെത്തപ്പെട്ടതിനാൽ നിയമം നിർദ്ദേശിച്ച ശിക്ഷക്കനുയോജ്യമായി ദാനിയേൽ സിംഹക്കുഴിയിലിടപ്പെട്ടു. വീണ്ടും ദാനിയേലിന്റെ വിശ്വാസത്തിനും ധൈര്യത്തിനും അവന് പ്രതിഫലംകൊടുക്കപ്പെട്ടു. എങ്ങനെ? എബ്രായർ 11:33 പ്രസ്താവിക്കുന്നതുപോലെ യഹോവ “സിംഹങ്ങളുടെ വായ്കളടച്ചു.”
21. ദാനിയേൽപുസ്തകത്തിന്റെ ആദ്യത്തെ ആറ് അദ്ധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും നല്ല ദൃഷ്ടാന്തങ്ങളുടെ വീക്ഷണത്തിൽ നമ്മുടെ ദൃഢമായ തീരുമാനം എന്തായിരിക്കണം?
21 വിശ്വാസത്തെ എത്രയധികം ബലിഷ്ഠമാക്കുന്ന സംഭവങ്ങളാണ് ദാനിയേൽ 1 മുതൽ 6 വരെയുള്ള അദ്ധ്യായങ്ങൾ പ്രതിപാദിക്കുന്നത്! വിശ്വാസവും ധൈര്യവും പ്രകടമാക്കുന്നവർക്ക് യഹോവയാം ദൈവം എത്ര മഹത്തായി പ്രതിഫലം കൊടുക്കുന്നു! ഒരു പ്രകാരത്തിൽ, അവർ ഉയർത്തപ്പെട്ടതിനാൽ ഇതു സംഭവിച്ചു. മറിച്ച് അവർക്ക് അത്ഭുതകരമായ വിടുതൽ അനുഭവപ്പെട്ടതിനാലും ഇതു സംഭവിച്ചു. വാസ്തവത്തിൽ, പരിശോധനകളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക് ഈ വിശ്വസ്തസാക്ഷികളുടെ അനുഭവങ്ങളിൽനിന്ന് ആശ്വാസവും പ്രത്യാശയും കൈക്കൊള്ളാൻകഴിയും. ഈ ഉദ്ദേശ്യത്തിൽത്തന്നെയാണ് ഈ കാര്യങ്ങൾ രേഖപ്പെടുത്തപ്പെട്ടത്! അതുകൊണ്ട്, നമുക്ക് അത്തരം വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും നല്ല അനുകാരികളായിരിക്കാൻ ദൃഢനിശ്ചയംചെയ്യാം.—റോമർ 15:4; എബ്രായർ 6:12. (w88 12/1)
പുനരവലോകനചോദ്യങ്ങൾ
□ നാല് എബ്രായയുവാക്കളുടെ പേരുകൾ അവരുടെ വളർത്തൽ സംബന്ധിച്ച് എന്തു സൂചിപ്പിക്കുന്നു?
□ എബ്രായർ ഭക്ഷണംസംബന്ധിച്ച പരിശോധനയെ നേരിട്ടത് നമുക്ക് എന്ത് പാഠം നൽകുന്നു?
□ മൂന്ന് എബ്രായരെപ്പോലെ ഇന്നത്തെ യഹോവയുടെ ദാസൻമാരുടെ നിർമ്മലത എങ്ങനെ പരിശോധിക്കപ്പെട്ടിരിക്കുന്നു?
□ ദാനിയേൽ ബേൽശസ്സറിനോടു സാക്ഷീകരിച്ചപ്പോൾ എങ്ങനെ വിശ്വാസവും ധൈര്യവും പ്രകടമാക്കി?
[22-ാം പേജിലെ ചിത്രം]
ദാനിയേലും അവന്റെ മൂന്നു കൂട്ടുകാരും ഇല്ല എന്നു പറയാൻ പഠിച്ചിരുന്നു