ദാനിയേലിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ ഉത്തരം
ബി.സി. ഏഴും ആറും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന, പേരുകേട്ട ഒരു ജൂതപ്രവാചകനായിരുന്നു ദാനിയേൽ. സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനുള്ള കഴിവ് ദൈവം ദാനിയേലിനു കൊടുത്തിരുന്നു, ഭാവിയെക്കുറിച്ചുള്ള ദർശനങ്ങളും കാണിച്ചുകൊടുത്തു. ഇനി, സ്വന്തം പേരിൽ ഒരു ബൈബിൾപുസ്തകം എഴുതാനും ദൈവം അദ്ദേഹത്തെ പ്രചോദിപ്പിച്ചു.—ദാനിയേൽ 1:17; 2:19.
ആരായിരുന്നു ദാനിയേൽ?
യഹൂദ രാജ്യത്തിലാണ് ദാനിയേൽ വളർന്നത്. അവിടെയാണ് യരുശലേം നഗരവും ജൂതന്മാരുടെ ആലയവും ഉണ്ടായിരുന്നത്. ബി.സി. 617-ൽ ബാബിലോൺ രാജാവായ നെബൂഖദ്നേസർ യരുശലേം പിടിച്ചടക്കുകയും “ദേശത്തെ പ്രധാനികളെ” ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. (2 രാജാക്കന്മാർ 24:15; ദാനിയേൽ 1:1) ആ കൂട്ടത്തിൽ ദാനിയേലും ഉണ്ടായിരുന്നു. ദാനിയേൽ അപ്പോൾ കൗമാരത്തിൽ ആയിരുന്നിരിക്കണം.
ദാനിയേലിനെയും മറ്റു ചില ചെറുപ്പക്കാരെയും (ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നിവർ ഉൾപ്പെടെയുള്ളവരെ) ബാബിലോണിലെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. ഗവൺമെന്റ് സേവനത്തിനു വേണ്ട പ്രത്യേകപരിശീലനം നൽകാൻ വേണ്ടിയായിരുന്നു അത്. വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അധികാരികൾ അവരെ നിർബന്ധിച്ചെങ്കിലും ദാനിയേലും മൂന്നു കൂട്ടുകാരും അവരുടെ ദൈവമായ യഹോവയോടു വിശ്വസ്തരായി തുടർന്നു. (ദാനിയേൽ 1:3-8) മൂന്നു വർഷത്തെ പരിശീലനത്തിനു ശേഷം നെബൂഖദ്നേസർ രാജാവ് അവരുടെ ജ്ഞാനത്തെയും കഴിവിനെയും പ്രശംസിച്ചു. കൂടാതെ ഇവർ “സാമ്രാജ്യത്തിലുടനീളമുള്ള എല്ലാ മന്ത്രവാദികളെക്കാളും മാന്ത്രികരെക്കാളും പത്തിരട്ടി മെച്ചമാണെന്ന്” രാജാവ് മനസ്സിലാക്കി. ദാനിയേലിനെയും കൂട്ടുകാരെയും രാജസന്നിധിയിൽ സേവിക്കാൻ രാജാവ് നിയമിച്ചു.—ദാനിയേൽ 1:18-20.
പതിറ്റാണ്ടുകൾക്കു ശേഷം, 90-നു മേൽ പ്രായമുള്ള ദാനിയേലിനെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. ആ സമയത്ത് ബാബിലോൺ ഭരിച്ചിരുന്നത് ബേൽശസ്സർ ആണ്. നിഗൂഢമായ ഒരു കൈ വന്ന് ഭിത്തിയിൽ എഴുതിയ വാക്കുകളുടെ അർഥം വിശദീകരിക്കാൻ അദ്ദേഹം ദാനിയേലിനോട് ആവശ്യപ്പെട്ടു. ദൈവത്തിന്റെ സഹായത്താൽ ദാനിയേൽ അതിന്റെ അർഥം വിശദീകരിച്ചു. മേദോ-പേർഷ്യൻ സാമ്രാജ്യം ബാബിലോണിനെ കീഴ്പ്പെടുത്തുമെന്നു ദാനിയേൽ വെളിപ്പെടുത്തി. അന്നു രാത്രിതന്നെ ബാബിലോൺ പിടിച്ചടക്കപ്പെട്ടു.—ദാനിയേൽ 5:1, 13-31.
മേദോ-പേർഷ്യയുടെ ഭരണസമയത്ത് ദാനിയേലിനെ പ്രധാന ഉദ്യോഗസ്ഥനായി നിയമിച്ചു. അദ്ദേഹത്തിനു പിന്നെയും സ്ഥാനക്കയറ്റം കൊടുക്കാൻ ദാര്യാവേശ് രാജാവ് ആലോചിച്ചു. (ദാനിയേൽ 6:1-3) ഇതിൽ അസൂയ തോന്നിയ മറ്റ് അധികാരികൾ ദാനിയേലിനെ ഒരു സിംഹക്കുഴിയിൽ എറിഞ്ഞ് കൊല്ലാൻ പദ്ധതിയിട്ടു. എന്നാൽ യഹോവ ദാനിയേലിനെ രക്ഷിച്ചു. (ദാനിയേൽ 6:4-23) ദാനിയേലിന്റെ ജീവിതാവസാനത്തോട് അടുത്ത് ഒരു ദൂതൻ അദ്ദേഹത്തിനു പ്രത്യക്ഷനായി. അദ്ദേഹം ‘വളരെ പ്രിയപ്പെട്ടവനാണെന്ന്’ രണ്ടു തവണ ഉറപ്പുകൊടുത്തു.—ദാനിയേൽ 10:11, 19.
ഈ സംഭവങ്ങൾ ഒരു നാടകമായി കാണാൻ, ദാനിയേൽ: വിശ്വാസത്തിന്റെ ഒരു ജീവിതരേഖ എന്ന രണ്ടു ഭാഗങ്ങളുള്ള വീഡിയോ കാണുക.