യേശുവിന്റെ കാൽചുവടുകളിൽ നടക്കുന്ന ഒരു ജനം
“ഞങ്ങൾ അതേ ആത്മാവിലാണ് നടന്നത്, അല്ലേ? അതേ കാൽചുവടുകളിൽത്തന്നെ, അല്ലേ?”—2 കൊരിന്ത്യർ 12:18.
1. മിക്കപ്പോഴും യഹോവയുടെ സാക്ഷികളിലൊരാളെ തിരിച്ചറിയുക പ്രയാസമല്ലാത്തതെന്തുകൊണ്ട്?
“ഒരു ജനമെന്ന നിലയിൽ അവർ മര്യാദയും ഉത്തരവാദിത്തവുമുള്ളവരും സ്കൂളിൽ സമർത്ഥരുമാണ്. മററു സമൂഹങ്ങളെക്കുറിച്ച് ഇങ്ങനെ പറയാൻ കഴികയില്ല.” ഐക്യനാടുകളിലെ ഒരു പ്രാഥമിക വിദ്യാലയത്തിലെ ഹെഡ് മാസ്ററർ പറഞ്ഞതാണിത്. അദ്ദേഹം ആരെക്കുറിച്ചാണ് പറഞ്ഞത്? യഹോവയുടെ സാക്ഷികളുടെ കുട്ടികളായ തന്റെ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നവരെക്കുറിച്ചായിരുന്നു. തീർച്ചയായും, തങ്ങളുടെ കുട്ടികൾ ഉൾപ്പെടെ യഹോവയുടെ സാക്ഷികൾ ചില വിധങ്ങളിൽ മിക്കപ്പോഴും മററു സാക്ഷികളോടു സാദൃശ്യം വഹിക്കുന്നുവെന്ന് അനേകർ കണ്ടിട്ടുണ്ട്. അവർ വിശ്വാസങ്ങളും നടത്തയും സംബന്ധിച്ച് ശ്രദ്ധേയമായി ഐക്യമുള്ളവരാണെന്ന് പല വർഷങ്ങൾകൊണ്ട് വളരെ തെളിവായിട്ടുണ്ട്. അതുകൊണ്ട് സാക്ഷികളെ തിരിച്ചറിയുക പ്രയാസമല്ല.
2. ആദിമ ക്രിസ്തീയസഭയുടെ ഒരു സ്വഭാവഗുണം എന്തായിരുന്നു, പൗലോസിന് ഇതുസംബന്ധിച്ച് എന്തു പറയാനുണ്ടായിരുന്നു?
2 ഈ അനൈക്യമുള്ള ലോകത്തിൽ യഹോവയുടെ സാക്ഷികളുടെ ഐക്യം അസാധാരണംതന്നെയാണ്. എന്നാൽ അവരെല്ലാം യേശുവിന്റെ കാൽചുവടുകളിൽ നടക്കാൻ കഠിനശ്രമം ചെയ്യുകയാണെന്ന് നാം ഓർക്കുന്നുവെങ്കിൽ അത് മനസ്സിലാക്കാൻ പ്രയാസമില്ല. (1 പത്രോസ് 2:21) അങ്ങനെയുള്ള ഐക്യം ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ ഒരു ലക്ഷണവുമായിരുന്നു. ഒരു സന്ദർഭത്തിൽ, പൗലോസ് കൊരിന്തിലെ സഭയെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു:“ ഇപ്പോൾ സഹോദരൻമാരെ, നിങ്ങൾ എല്ലാവരും ഐക്യത്തിൽ സംസാരിക്കണമെന്നും നിങ്ങളുടെ ഇടയിൽ ഭിന്നതകളുണ്ടായിരിക്കാതെ നിങ്ങൾ ഒരേ മനസ്സിലും ഒരേ ചിന്താഗതിയിലും ഉചിതമായി ഐക്യപ്പെട്ടിരിക്കണമെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.” (1 കൊരിന്ത്യർ 1:10) ക്രിസ്തീയ ഐക്യം നിലനിർത്താൻ മനസ്സില്ലാത്ത ആളുകളോട് എങ്ങനെ ഇടപെടാമെന്നുള്ളതിനും പൗലോസ് നിശ്വസ്ത ബുദ്ധിയുപദേശം കൊടുത്തു.—റോമർ 16:17; 2 തെസ്സലോനീക്യർ 3:6 കാണുക.
3, 4. പൗലോസ് താനും തീത്തോസും തമ്മിലുണ്ടായിരുന്ന ഐക്യത്തെ വർണ്ണിച്ചതെങ്ങനെ, ഈ ഐക്യത്തിന്റെ അടിസ്ഥാനം എന്തായിരുന്നു?
3 ക്രി.വ. 55-ാമാണ്ടോടടുത്ത് യഹൂദ്യയിലെ ദരിദ്രസഹോദരങ്ങൾക്കുവേണ്ടി ഒരു പണപ്പിരിവു നടത്തുന്നതിൽ സഹായിക്കാനും ഒരുപക്ഷേ പൗലോസിന്റെ ബുദ്ധിയുപദേശത്തോട് സഭ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണാനുംവേണ്ടി പൗലോസ് തിമൊഥെയോസിനെ കൊരിന്തിലേക്കയച്ചു. പിന്നീട് കൊരിന്ത്യർക്കെഴുതിയപ്പോൾ പൗലോസ് തീത്തോസിന്റെ അടുത്ത കാലത്തെ സന്ദർശനത്തെ പരാമർശിക്കുകയും ഇങ്ങനെ ചോദിക്കുകയും ചെയ്തു: “തീത്തോസ് നിങ്ങളിൽനിന്ന് അശേഷം മുതലെടുത്തില്ല, എടുത്തോ? ഞങ്ങൾ അതേ ആത്മാവിലാണ് നടന്നത്, അല്ലേ? അതേ കാൽചുവടുകളിൽത്തന്നെ, അല്ലേ?” (2 കൊരിന്ത്യർ 12:18) അവരുടെ “അതേ ആത്മാവിലും” “അതേ കാൽചുവടുകളിലും” അവർ നടന്നുവെന്നതിനാൽ പൗലോസ് എന്താണർത്ഥമാക്കിയത്?
4 അവൻ തനിക്കും തീത്തോസിനും ഇടയിലുണ്ടായിരുന്ന ഐക്യത്തെക്കുറിച്ചു പറയുകയായിരുന്നു. തീത്തോസ് പൗലോസിനോടുകൂടെ വല്ലപ്പോഴുമൊക്കെ സഞ്ചാരകൂട്ടാളിയായി പ്രവർത്തിക്കുന്നവനായിരുന്നു. അവൻ ഈ വിധത്തിൽ പൗലോസിൽനിന്ന് വളരെയധികം പഠിച്ചിരുന്നുവെന്നതിന് സംശയമില്ല. എന്നാൽ രണ്ടുപേരും തമ്മിലുണ്ടായിരുന്ന ഐക്യം അതിനെക്കാൾ ശക്തമായ ഒന്നിൽ അധിഷ്ഠിതമായിരുന്നു. അത് യഹോവയോടുള്ള അവരുടെ നല്ല ബന്ധത്തിലും അവർ ഇരുവരും ക്രിസ്തുവിന്റെ പാദാനുഗാമികളായിരുന്നുവെന്ന വസ്തുതയിലും അധിഷ്ഠിതമായിരുന്നു. പൗലോസ് ക്രിസ്തുവിനെ അനുകരിച്ചതുപോലെതന്നെ തീത്തോസ് പൗലോസിനെ അനുകരിച്ചു. (ലൂക്കോസ് 6:40; 1 കൊരിന്ത്യർ 11:1) അതുകൊണ്ട് അവർ നടന്നത് യേശുവിന്റെ ആത്മാവിലും അവന്റെ കാൽചുവടുകളിലുമായിരുന്നു.
5. ഇന്ന് പൗലോസിനെയും തീത്തോസിനെയും അനുകരിക്കുന്നവർ “അതേ ആത്മാവിലും” “അതേ കാൽചുവടുകളിലും” നടക്കുമ്പോൾ അവരിൽനിന്ന് എന്തു പ്രതീക്ഷിക്കാൻ കഴിയും?
5 ആ സ്ഥിതിക്ക്, പൗലോസിനെയും തീത്തോസിനെയും പോലെ “അതേ ആത്മാവിലും” “അതേ കാൽചുവടുകളിലും” നടക്കുന്ന ഈ 20-ാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ഒരു അതുല്യമായ ഐക്യം ആസ്വദിക്കുന്നത് ആശ്ചര്യമല്ല. യഥാർത്ഥത്തിൽ, നാമധേയ ക്രിസ്ത്യാനികളുടെ അനൈക്യം അവർ അനുഗമിക്കുന്നതായി അവകാശപ്പെടുന്ന നായകന്റെ കാൽചുവടുകളിൽ നടക്കാത്ത കപടക്രിസ്ത്യാനികളാണവരെന്ന് വെളിപ്പെടുത്തുന്നു. (ലൂക്കോസ് 11:17) സത്യക്രിസ്ത്യാനികളും നാമധേയ ക്രിസ്ത്യാനികളും തമ്മിലുള്ള ഈ ശ്രദ്ധേയമായ വ്യത്യാസത്തെ വിവിധ വിധങ്ങളിൽ ചിത്രീകരിക്കാൻ കഴിയും. നമുക്ക് നാലു വിധങ്ങൾ പറയാം.
രക്തത്തിന്റെ പവിത്രത
6, 7. (എ) യേശുവിന്റെ കാൽചുവടുകളിൽ നടക്കുന്നതിൽ രക്തത്തെസംബന്ധിച്ച ഏതു ശരിയായ വീക്ഷണം ഉൾപ്പെട്ടിരിക്കുന്നു? (ബി) യഹോവയുടെ സാക്ഷികളും ഇന്ന് രക്തം സ്വീകരിക്കാൻ വിസമ്മതിക്കുന്ന മററുള്ളവരും തമ്മിലുള്ള വ്യത്യാസമെന്ത്?
6 ക്രി.വ. 49-ാം വർഷത്തോടടുത്ത് ഒന്നാം നൂററാണ്ടിലെ സഭയുടെ ഭരണസംഘം യഹൂദേതരക്രിസ്ത്യാനികൾ മോശയുടെ ന്യായപ്രമാണം അനുസരിക്കണമോ എന്ന ചോദ്യത്തിനുത്തരംകൊടുത്ത ഒരു എഴുത്ത് എല്ലായിടത്തേക്കും അയച്ചു. എഴുത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “വിഗ്രഹങ്ങൾക്ക് ബലിയർപ്പിച്ച വസ്തുക്കളിൽനിന്നും രക്തത്തിൽനിന്നും ശ്വാസംമുട്ടിച്ചുകൊന്നവയിൽനിന്നും ദുർവൃത്തിയിൽനിന്നും ഒഴിഞ്ഞിരിക്കുക എന്ന ഈ അവശ്യകാര്യങ്ങളല്ലാതെ കൂടുതലായ ഭാരം നിങ്ങളുടെ മേൽ ചുമത്താതിരിക്കുന്നതിനെ പരിശുദ്ധാത്മാവും ഞങ്ങൾതന്നെയും അനുകൂലിച്ചിരിക്കുന്നു.” (പ്രവൃത്തികൾ 15:28, 29) “അവശ്യകാര്യങ്ങളിൽ” രക്തവർജ്ജനവും ഉൾപ്പെട്ടിരുന്നുവെന്ന് കുറിക്കൊള്ളുക. യേശുവിന്റെ കാൽചുവടുകളിൽ നടക്കുന്നത് വായിലൂടെയോ മറേറതെങ്കിലും വിധത്തിലോ രക്തം ശരീരത്തിലേക്ക് സ്വീകരിക്കാതിരിക്കുന്നതിനെ അർത്ഥമാക്കും.
7 രക്തപ്പകർച്ച നടത്തുന്ന നടപടി മുഖേന ഈ തത്വം ക്രൈസ്തവലോകത്തിൽ ഗുരുതരമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. അടുത്ത സംവത്സരങ്ങളിൽ നിരവധി വ്യക്തികൾ രക്തപ്പകർച്ചകളുടെ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് അറിവുള്ളവരായി വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ അവക്ക് വിസമ്മതിച്ചിരിക്കുന്നുവെന്നത് സത്യംതന്നെ. കുത്തിവെക്കപ്പെട്ട രക്തത്തിൽനിന്ന് അനേകർക്ക് എയിഡ്സ് ബാധിച്ചതുകൊണ്ട് ഇത് വിശേഷാൽ സത്യമാണ്. എന്നാൽ ദൈവ നിയമത്തോടുള്ള ആദരവു നിമിത്തം ഒരു സമൂഹമെന്ന നിലയിൽ രക്തത്തിന്റെ പവിത്രതയെ മുറുകെ പിടിക്കുന്നത് ആരാണ്? ഒരു രോഗി രക്തപ്പകർച്ചക്കു വിസമ്മതിക്കുമ്പോൾ ഡോക്ടർ സ്വതേ അയാൾ ആരാണെന്നാണ് വിചാരിക്കുന്നത്? ‘നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കണം’ എന്ന് സാധാരണയായി ഡോക്ടർ പറയാറില്ലേ?
8. ഇററലിയിലെ ഒരു സാക്ഷി ഈ കാര്യത്തിലെ ദൈവനിയമം അനുസരിക്കാൻ ദൃഢനിശ്ചയം ചെയ്തതുകൊണ്ട് എങ്ങനെ അനുഗ്രഹിക്കപ്പെട്ടു?
8 അന്റോണിയെററാ ഇററലിയിലാണ് ജീവിക്കുന്നത്. ഏതാണ്ട് എട്ടു വർഷംമുൻപ് അവൾക്ക് കലശലായ രോഗം ബാധിച്ചു. അവളുടെ രക്തത്തിന്റെ കൗണ്ട് വളരെ കുറവായിരുന്നതിനാൽ അവളുടെ ജീവനെ രക്ഷിക്കാൻ രക്തപ്പകർച്ചകൾ ആവശ്യമാണെന്ന് ഡോക്ടർമാർ ശഠിച്ചു. അവൾ വിസമ്മതിച്ചു. ഡോക്ടർമാരും ബന്ധുക്കളും എതിർത്തു. അവളുടെ രണ്ട് ആൺകുട്ടികൾ പോലും: “മമ്മീ, മമ്മി ഞങ്ങളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ രക്തം സ്വീകരിക്കുക” എന്നു അഭ്യർത്ഥിച്ചു. എന്നാൽ അന്റോണിയെററാ വിശ്വസ്തയായി നിലകൊള്ളാൻ ദൃഢനിശ്ചയം ചെയ്തിരുന്നു. സന്തോഷകരമെന്നു പറയട്ടെ, അവൾ മരിച്ചില്ല. അപ്പോഴും അവളുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നതുകൊണ്ട് “അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ കാരണം ഞങ്ങൾക്ക് വിശദീകരിക്കാനാവില്ല” എന്നു ഒരു ഡോക്ടർ പറഞ്ഞു. എന്നാൽ അവൾക്ക് വിരോധമില്ലാത്ത ഒരു ചികിൽസ തുടങ്ങിയപ്പോൾ അവൾക്ക് അതിസത്വരമായ പുരോഗതിയുണ്ടായതുകൊണ്ട് മറെറാരു ഡോക്ടർ “എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല—പകൽ മുഴുവൻ ഞങ്ങൾ നിങ്ങളിലേക്ക് രക്തം പമ്പുചെയ്തിരുന്നാലും ഇത്ര ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്ക് സുഖംപ്രാപിക്കാൻ കഴിയുമായിരുന്നില്ല” എന്നു പറഞ്ഞു. ഇപ്പോൾ അവൾ ഒരു നിരന്തര പയനിയറാണ്, അവളുടെ 12-ഉം 14-ഉം വയസ്സുള്ള രണ്ടു പുത്രൻമാർ സത്യത്തിൽ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു. അന്റോണിയെററാ സധീരം ആ ‘അവശ്യസംഗതി’, രക്തത്തിന്റെ പവിത്രത, പാലിച്ചു. യഹോവയുടെ സാക്ഷികളെല്ലാം യേശുവിന്റെ കാൽചുവടുകളിൽ നടക്കുമ്പോൾ ഇതേ വീക്ഷണം പുലർത്തുന്നു.
നല്ല സൻമാർഗ്ഗനിഷ്ഠകൾ
9. യേശുവിന്റെ കാൽചുവടുകളെ പിൻതുടരുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മറെറാരു ‘അവശ്യസംഗതി’ എന്താണ്, ഇത് അനുസരിക്കാത്തവർക്ക് എന്തു സംഭവിക്കുന്നു?
9 ഒന്നാം നൂററാണ്ടിലെ ഭരണസംഘത്തിൽനിന്നുള്ള ആ എഴുത്തിൽ ഊന്നിപ്പറഞ്ഞിരുന്ന മറെറാരു ‘അവശ്യസംഗതി’ “ദുർവൃത്തിയിൽനിന്ന് ഒഴിഞ്ഞിരിക്കുക” എന്നതായിരുന്നു. പൗലോസ് കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ ഇതിനെ വിപുലീകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ദുർവൃത്തരോ വിഗ്രഹാരാധികളോ വ്യഭിചാരികളോ പ്രകൃതിവിരുദ്ധ ഉദ്ദേശ്യങ്ങൾക്കുവേണ്ടി സൂക്ഷിക്കപ്പെടുന്ന പുരുഷൻമാരോ പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാരോ . . . ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) ഈ അശുദ്ധനടപടികളിൽനിന്ന് പിൻമാറാൻ യഹോവയെ സേവിക്കാനാഗ്രഹിക്കുന്ന ആളുകളെ ക്രിസ്ത്യാനികൾ സഹായിക്കുന്നു. അവയാൽ കുരുങ്ങിപ്പോകുന്ന സഭാംഗങ്ങൾ പോലും തിരിഞ്ഞുവരികയും അനുതപിക്കുകയും ചെയ്യുന്നുവെങ്കിൽ തങ്ങളേത്തന്നെ ശുദ്ധീകരിക്കാൻ സഹായിക്കപ്പെടുന്നു. (യാക്കോബ് 5:13-15) എന്നാൽ ഏതെങ്കിലും ക്രിസ്ത്യാനി അത്തരം മലിനനടപടികളിൽ ഏർപ്പെടുകയും അനുതപിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നുവെങ്കിൽ വളച്ചുകെട്ടില്ലാത്ത ഒരു ബൈബിൾചട്ടം ബാധകമാകുന്നു. പൗലോസ് ഇങ്ങനെ പറയാൻ ദിവ്യനിശ്വസ്തനായി: “ഒരു സഹോദരനെന്നു വിളിക്കപ്പെട്ടവനായി . . . ദുർവൃത്തനായ ഏതൊരുവനോടും സംസർഗ്ഗം നിർത്തുക. ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”—1 കൊരിന്ത്യർ 5:11, 13.
10, 11. (എ) ക്രൈസ്തവലോകത്തിലെ അധഃപതിച്ച ധാർമ്മികപ്രമാണങ്ങൾക്ക് ഉത്തരവാദിത്തം വഹിക്കേണ്ടതാര്, എന്തുകൊണ്ട്? (ബി) ഒരു സമൂഹമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ ഉയർന്ന ധാർമ്മിക പ്രമാണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഫിലിപ്പീൻസിലെ ഒരു മമനുഷ്യന്റെ അനുഭവം പ്രകടമാക്കുന്നതെങ്ങനെ?
10 ഈ വ്യക്തമായ ഉപദേശം ഉണ്ടായിരുന്നിട്ടും ക്രൈസ്തവലോകത്തിൽ ദുർമ്മാർഗ്ഗം നിറഞ്ഞിരിക്കുകയാണ്. ഈ അവസ്ഥയ്ക്ക് കുററപ്പെടുത്തേണ്ടത് ദിവ്യപ്രമാണങ്ങളിൽ വെള്ളം ചേർക്കുന്ന വൈദികരെയും അതുപോലെതന്നെ ബൈബിൾപ്രമാണങ്ങൾക്ക് അധരസേവയർപ്പിക്കുകയും എന്നാൽ തങ്ങളുടെ സഭകളിൽ അവയെ സധീരം പ്രാബല്യത്തിലാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നവരെയുമാണ്. എന്നിരുന്നാലും, ഇതിലും യഹോവയുടെ സാക്ഷികൾ ഒരു ജനമെന്നനിലയിൽ യേശുവിന്റെ കാൽചുവടുകളിൽ നടക്കുന്നു.
11 ഫിലിപ്പീൻസിൽനിന്നുള്ള ജോസിന്റെ കാര്യം പരിചിന്തിക്കുക. 17-ാം വയസ്സിൽത്തന്നെ അവൻ കുഴപ്പക്കാരനും ചൂതുകളിക്കാരനുമായി അറിയപ്പെട്ടു. അവൻ മിക്കപ്പോഴും കുടിച്ചു മത്തനായിത്തീരുകയും ഒരു ദുർമ്മാർഗ്ഗജീവിതം നയിക്കുകയും ചെയ്തിരുന്നു. മോഷണം നിമിത്തം കൂടെക്കൂടെ ജയിലിലും പോകുമായിരുന്നു. അങ്ങനെയിരിക്കെ അയാൾ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിലായി. അയാൾ പറയുന്നു: “ബൈബിൾപഠനം എന്റെ ജീവിതത്തിന് പൂർണ്ണമായി മാററം വരുത്തി. ഞാൻ മേലാൽ കുടിക്കുകയോ പുകവലിക്കുകയൊ ചെയ്യുന്നില്ല. ഞാൻ എന്റെ കോപത്തെ നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് ഇപ്പോൾ ഒരു ഭാര്യ മാത്രം ഉള്ളതിനാൽ ഒരു ശുദ്ധമായ മനഃസാക്ഷിയുണ്ട്. ഞാൻ എന്റെ അയൽക്കാരുടെ ബഹുമാനവും നേടിയിരിക്കുന്നു. അവർ എന്നെ ‘കുപ്രസിദ്ധനായ ജോസ്’ എന്നും ‘പിശാചായ ജോസ്’ എന്നുമാണ് വിളിച്ചിരുന്നത്. ഇപ്പോൾ അവർ എന്നെ ‘യഹോവയുടെ സാക്ഷിയായ ജോസ്’ എന്നാണ് വിളിക്കുന്നത്. ഞാൻ ഇപ്പോൾ ഒരു മൂപ്പനായും ഒരു നിരന്തരപയനിയറായും സേവിക്കുന്ന സഭയിൽ എന്റെ പുത്രനും എന്റെ അനന്തരവനും ശുശ്രൂഷാദാസൻമാരാണ്.” ജോസും ദശലക്ഷക്കണക്കിന് മററ് യഹോവയുടെ ക്രിസ്തീയ സാക്ഷികളും ധാർമ്മികശുദ്ധിയുള്ള ക്രിസ്ത്യാനികളെന്ന നിലയിൽ യേശുവിന്റെ കാൽചുവടുകളിൽ നടക്കുന്നു.
നിഷ്പക്ഷത
12. യോഹന്നാൻ 17-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാർത്ഥനയിൽ അവൻ യഥാർത്ഥ ക്രിസ്ത്യാനികളുടെ ഏതു മനോഭാവത്തെ പ്രദീപ്തമാക്കി?
12 യേശു തന്റെ ശിഷ്യൻമാരോടുകൂടെയായിരുന്ന അവസാനത്തെ രാത്രിയിൽ അവൻ അർപ്പിച്ച നീണ്ട പ്രാർത്ഥനയിൽ അവൻ തന്റെ അനുഗാമികൾ ‘തന്റെ കാൽചുവടുകളിൽ നടക്കുന്ന’ മറെറാരു വിധത്തെക്കുറിച്ച് പറയുകയുണ്ടായി. തന്റെ ശിഷ്യൻമാരെക്കുറിച്ചു സംസാരിച്ചപ്പോൾ “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവർ ലോകത്തിന്റെ ഭാഗമല്ല” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 17:16) ഇതിന്റെ അർത്ഥം ക്രിസ്ത്യാനികൾ നിഷ്പക്ഷരാണെന്നാണ്. രാഷ്ട്രീയത്തിലോ ദേശീയപോരാട്ടങ്ങളിലോ പങ്കെടുക്കുന്നതിനു പകരം അവർ മററുള്ളവരോട് ഈ ലോകത്തിലെ പ്രശ്നങ്ങളുടെ ഏക പരിഹാരമായ ദൈവരാജ്യത്തെക്കുറിച്ച് പറയുന്നു.—മത്തായി 6:9, 10; യോഹന്നാൻ 18:36.
13, 14. (എ) നിഷ്പക്ഷതയുടെ കാര്യത്തിൽ ക്രൈസ്തവലോകം യഹോവയുടെ സാക്ഷികളിൽനിന്ന് വ്യത്യസ്തരായിരിക്കുന്നതെങ്ങനെ? (ബി) ജപ്പാനിലെ ഒരു സാക്ഷി രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചത് മുഴു സഹോദരവർഗ്ഗത്തിനും പ്രയോജകീഭവിച്ചതെങ്ങനെ?
13 നിഷ്പക്ഷതയുടെ ഈ തത്വം ക്രൈസ്തവലോകത്തിലെ മിക്ക അംഗങ്ങളും മറന്നിരിക്കുകയാണ്, അവർക്ക് ദേശീയമായ ഉത്ഭവം സാധാരണയായി മതപരമായ ബന്ധങ്ങളെക്കാൾ പ്രധാനമാണ്. സംയുക്ത പംക്തീകാരനായ മൈക്ക് റോയ്ക്കോ “ക്രിസ്ത്യാനികൾ മററു ക്രിസ്ത്യാനികളുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നതിന് ഒരിക്കലും മടിച്ചിട്ടില്ല” എന്ന് ചൂണ്ടിക്കാണിക്കുകയും “അവർ മടികാണിച്ചിരുന്നെങ്കിൽ യൂറോപ്പിലെ അതിസജീവമായ യുദ്ധങ്ങളിൽ മിക്കതും നടക്കുകയില്ലായിരുന്നു” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. യുദ്ധകാലങ്ങളിൽ യഹോവയുടെ സാക്ഷികൾ കർശനമായ ക്രിസ്തീയ നിഷ്പക്ഷത പാലിക്കുന്നുവെന്നത് സുപ്രസിദ്ധമായ വസ്തുതയാണ്. എന്നാൽ യേശുവിന്റെ പാദാനുഗാമികളെന്ന നിലയിൽ അവർ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിലും നിഷ്പക്ഷരാണ്. അങ്ങനെ, അവരുടെ ശ്രദ്ധേയമായ ലോകവ്യാപക ഐക്യത്തെ യാതൊന്നും ശല്യപ്പെടുത്തുന്നില്ല.—1 പത്രോസ് 2:17.
14 അവരുടെ നിഷ്പക്ഷത ചില സമയങ്ങളിൽ അപ്രതീക്ഷിത ഫലങ്ങൾ കൈവരുത്തുന്നു. ദൃഷ്ടാന്തമായി, ഉത്തര ജപ്പാനിലെ സുഗാരു ഡിസ്ട്രിക്ടിൽ തെരഞ്ഞെടുപ്പുകളെ വളരെ ഗൗരവമായി കരുതുന്നു. എന്നാൽ ഒരു പ്രാദേശിക ഗവൺമെൻറ് ആഫീസിലെ സാമ്പത്തികവകുപ്പിന്റെ അസിസ്ററൻറ് മാനേജരായ റേറാഷിയോ മനഃസാക്ഷിപരമായ കാരണങ്ങളാൽ മേയറുടെ റീ ഇലക്ഷൻ പ്രചാരണത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഇത് അയാൾ മലിനവസ്തുവകുപ്പിലെ ഒരു താണ സ്ഥാനത്തേക്കു താഴ്ത്തപ്പെടുന്നതിൽ കലാശിച്ചു. എന്നിരുന്നാലും വർഷങ്ങൾക്കുശേഷം അഴിമതിയുടെ പേരിൽ മേയർ അറസ്ററു ചെയ്യപ്പെടുകയും രാജിവെക്കാൻ നിർബന്ധിതനാകുകയും ചെയ്തു. ഒരു പുതിയ മേയർ തെരഞ്ഞെടുക്കപ്പെട്ടു. അയാൾ റേറാഷിയോയുടെ തരം താഴ്ത്തലിനെക്കുറിച്ചു കേട്ടപ്പോൾ അയാൾ റേറാഷിയോയെ ഒരു ഉയർന്ന ഭരണസ്ഥാനത്തേക്ക് പുനഃസ്ഥിതീകരിച്ചു, ഇത് റേറാഷിയോയുടെ ക്രിസ്തീയ സഹോദരൻമാർക്ക് അനുഗ്രഹങ്ങൾ കൈവരുത്തി. എങ്ങനെ? അത്ലററിക്ക് മത്സരങ്ങൾക്കല്ലാതെ മററു സമ്മേളനങ്ങൾക്ക് ജിംനേഷ്യങ്ങൾ ഉപയോഗിക്കാൻ അനുവാദം കിട്ടുക വളരെ പ്രയാസമാണെന്ന് റേറാഷിയോ വിശദീകരിക്കുന്നു. എന്നാൽ റേറാഷിയോയുടെ സ്വന്തം വാക്കുകൾ ഉദ്ധരിച്ചാൽ “മൂന്നു ഡിസ്ട്രിക്ട് കൺവെൻഷനുകൾക്കും നാലു സർക്കിട്ട് സമ്മേളനങ്ങൾക്കും അങ്ങനെയുള്ള ജിംനേഷ്യങ്ങളുടെ ഉപയോഗത്തിന് അനുവാദം വാങ്ങാൻ യഹോവക്ക് എന്നെ ഉപയോഗിക്കാൻ കഴിഞ്ഞു.” അയാൾ ഇങ്ങനെ ഉപസംഹരിക്കുന്നു: “നാം വിശ്വസ്തരായി നിലകൊള്ളുന്നുവെങ്കിൽ നമ്മെ ഉപയോഗിക്കുന്നതിന് അചിന്ത്യമായ വിധങ്ങൾ യഹോവ തുറന്നുതരും.”
ഭവനത്തിൽ
15. യേശു കുടുംബബന്ധങ്ങൾ സംബന്ധിച്ച് തന്റെ പാദാനുഗാമികൾക്ക് ഒരു മാതൃക വെച്ചതെങ്ങനെ?
15 ക്രിസ്ത്യാനികൾ ‘യേശുവിന്റെ കാൽചുവടുകൾ പിന്തുടരുന്ന’ മറെറാരു മണ്ഡലം ഭവനമാണ്. യേശുവിന്റെ ദൃഷ്ടാന്തത്തെ ഗാർഹികബന്ധങ്ങൾക്കുള്ള മാതൃകയായി സ്ഥാപിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “ക്രിസ്തുവിനോടുള്ള ഭയത്തിൽ അന്യോന്യം കീഴ്പ്പെട്ടിരിക്കുക. ഭാര്യമാർ കർത്താവിനെന്നപോലെ തങ്ങളുടെ ഭർത്താക്കൻമാർക്ക് കീഴ്പ്പെട്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ക്രിസ്തുവും സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഒരു ഭർത്താവ് തന്റെ ഭാര്യയുടെ ശിരസ്സാകുന്നു . . . യഥാർത്ഥത്തിൽ, സഭ ക്രിസ്തുവിന് കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കൻമാർക്ക് സകലത്തിലും കീഴടങ്ങിയിരിക്കട്ടെ. ഭർത്താക്കൻമാരേ, ക്രിസ്തുവും സഭയെ സ്നേഹിക്കുകയും അതിനുവേണ്ടി തന്നേത്തന്നെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തതുപോലെ നിങ്ങളുടെ ഭാര്യമാരെ തുടർന്നു സ്നേഹിക്കുക.”—എഫേസ്യർ 5:21-25.
16, 17. (എ) ഗാർഹികബന്ധങ്ങൾ സംബന്ധിച്ച് ക്രൈസ്തവലോകത്തിൽ ഏതു ദുഷിച്ച അവസ്ഥ സ്ഥിതിചെയ്യുന്നു? (ബി) ബ്രസീലിലെ ഒരു ദമ്പതികളുടെ അനുഭവത്താൽ പ്രകടമാക്കപ്പെട്ടതുപോലെ എങ്ങനെ മാത്രമേ ഗാർഹികബന്ധങ്ങളെ മെച്ചപ്പെടുത്താൻ കഴിയൂ?
16 ഇന്ന് ക്രൈസ്തവലോകത്തിന്റെ അധികപങ്കും ഈ ബുദ്ധിയുപദേശത്തെ അവഗണിക്കുകയാണ്, അങ്ങനെ തകർന്ന കുടുംബങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തകർന്ന ഭവനങ്ങൾ സാധാരണമാണ്, മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള പോരാട്ടങ്ങൾ മിക്കപ്പോഴും വളരെ അഗാധത്തിലുള്ളതാണ്. ചില വർഷങ്ങൾക്കു മുൻപ് “കുടുംബം ശിഥിലമാകുകയാണ്” എന്ന് ഒരു മനഃശാസ്ത്ര പ്രൊഫസ്സർ പ്രസ്താവിച്ചു. അപകടത്തിലായ കുടുംബങ്ങളെ ഒരുമിപ്പിച്ചു നിറുത്തുന്നതിൽ ചൈൽഡ് സൈക്കോളജിസ്ററുകൾക്കും വിവാഹോപദേഷ്ടാക്കൾക്കും മനോരോഗവിദഗ്ദ്ധർക്കും പരിമിതമായ വിജയമേ ലഭിക്കുന്നുള്ളു. എന്നാൽ യഹോവയുടെ സാക്ഷികൾ ബൈബിൾതത്വങ്ങൾ പ്രായോഗികമാക്കുന്നതിന് കഠിനശ്രമംചെയ്യുന്നു. ശരാശരിയിലും മെച്ചപ്പെട്ട കുടുംബ ബന്ധങ്ങൾ സംബന്ധിച്ച് ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു.
17 ദൃഷ്ടാന്തമായി ആൽഡമർ ബ്രസീലിലെ മിലിട്ടറി പോലീസിൽ ഒരു ലഫ്ററനൻറ് ആയിരുന്നു. അയാൾക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. അയാളുടെ ഭാര്യ അയാളെ വിട്ടുപോകുകയും നിയമപരമായ വേർപാട് തേടുകയും ചെയ്തു. അയാൾ കനത്ത കുടി തുടങ്ങിയെന്നു മാത്രമല്ല, ആത്മഹത്യക്കു ശ്രമിക്കുകപോലും ചെയ്തു. പിന്നീട് യഹോവയുടെ സാക്ഷികളായ അയാളുടെ ബന്ധുക്കൾ അയാളോട് ബൈബിളിനെക്കുറിച്ചു സംസാരിച്ചു. അയാൾ കേട്ടത് അയാൾക്കിഷ്ടപ്പെടുകയും പഠിക്കാൻ തുടങ്ങുകയും ചെയ്തു. യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധ നിലപാടായ നിഷ്പക്ഷതയോട് തന്റെ ജീവിതത്തെ പൊരുത്തപ്പെടുത്താനാഗ്രഹിച്ചുകൊണ്ട് അയാൾ മിലിട്ടറിയിൽനിന്ന് ഡിസ്ചാർജിന് അപേക്ഷിച്ചു. ആൽഡമർ പഠിച്ചുകൊണ്ടിരുന്ന ബൈബിൾ തത്വങ്ങൾ ബാധകമാക്കിക്കൊണ്ട് അയാളും ഭാര്യയും തങ്ങളുടെ ദാമ്പത്യഭിന്നതകൾക്കു പരിഹാരം വരുത്തി. ഇന്ന് അവർ യേശുവിന്റെ കാൽചുവടുകളെ പിന്തുടരുകയും ഒരുമിച്ച് നിരന്തരപയനിയർമാരായി യഹോവയെ സേവിക്കുകയും ചെയ്യുന്നു.
സ്നേഹം നിമിത്തം അനുസരണമുള്ളവർ
18. (എ) ഇന്ന് യഹോവയുടെ സാക്ഷികൾ ആത്മീയമായി അനുഗ്രഹിക്കപ്പെടുന്നതെന്തുകൊണ്ട്? (ബി യെശയ്യാവ് 2:2-4-ന് ഇന്ന് നിവൃത്തിയുണ്ടായിക്കൊണ്ടിരിക്കുന്നതെങ്ങനെ?
18 യഹോവയുടെ സാക്ഷികൾ ഒററക്കെട്ടായി യേശുക്രിസ്തുവിന്റെ ആത്മാവിലും കാൽചുവടുകളിലും നടക്കുകയാണെന്ന് സ്പഷ്ടമാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവർ വ്യക്തിപരമായും കൂട്ടമായും ആത്മീയമായി അനുഗ്രഹിക്കപ്പെടുന്നു. (സങ്കീർത്തനം 133:1-3) അവരുടെമേലുള്ള ദിവ്യ അനുഗ്രഹത്തിന്റെ പ്രകടമായ തെളിവുകൾ യെശയ്യാവ് 2:2-4-ലെ പ്രവചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ പരമാർത്ഥഹൃദയരായ ഒട്ടേറെ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വെറും അഞ്ചുവർഷക്കാലത്ത് 9,87,828 പേർ സമർപ്പണത്തിന്റെ അവശ്യനടപടികൾ സ്വീകരിക്കുകയും അനന്തരം ജലസ്നാനത്തിന് തങ്ങളേത്തന്നെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. സ്നേഹപൂർവം, യഹോവയാം ദൈവം “മഹോപദ്രവം” പ്രഹരിക്കുന്നതിനുമുമ്പ് ഇതു ചെയ്യാൻകഴിയുന്ന ആളുകളുടെ എണ്ണത്തെ സ്വേച്ഛാപൂർവം പരിമിതപ്പെടുത്തിയിട്ടില്ല!—വെളിപ്പാട് 7:9, 14.
19. (എ) യഹോവയെ സേവിക്കുന്നതിൽനിന്ന് ലഭിച്ചേക്കാവുന്ന സ്പർശനീയമായ പ്രയോജനങ്ങളേവ, അവയെ എങ്ങനെ വീക്ഷിക്കണം? (ബി) യഹോവയുടെ കൽപ്പനകളനുസരിക്കുന്നതിന് നമുക്കുള്ള അടിസ്ഥാന കാരണമെന്ത്?
19 മേൽപ്പറഞ്ഞ അനുഭവങ്ങൾ പ്രകടമാക്കുന്നതുപോലെ ദൈവജനം അനുഭവിക്കുന്ന ആത്മീയാനുഗ്രഹങ്ങളോടുകൂടെ മിക്കപ്പോഴും സ്പർശനീയമായ പ്രയോജനങ്ങളുണ്ട്. ദൃഷ്ടാന്തമായി, പുകവലി വർജ്ജിക്കുന്നതിനാലും ധാർമ്മികജീവിതം നയിക്കുന്നതിനാലും രക്തത്തിന്റെ പവിത്രതയെ ആദരിക്കുന്നതിനാലും അവർക്ക് ചില രോഗങ്ങൾക്കിരയാകുന്നതിനെ ഒഴിവാക്കാവുന്നതാണ്. അല്ലെങ്കിൽ സത്യത്തോട് യോജിപ്പിൽ ജീവിക്കുന്നതിനാൽ അവർക്ക് സാമ്പത്തികമോ സാമൂഹികമോ ഗാർഹികമോ ആയ വിധത്തിൽ പ്രയോജനമനുഭവിക്കാവുന്നതാണ്. അങ്ങനെയുള്ള സ്പർശനീയമായ ഏതു പ്രയോജനവും യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമായി വീക്ഷിക്കപ്പെടുന്നു. അവ യഹോവയുടെ നിയമത്തിന്റെ പ്രായോഗികതയെ തെളിയിക്കുന്നു. എന്നാൽ അങ്ങനെയുള്ള പ്രായോഗികനേട്ടങ്ങളുണ്ടാക്കുന്നതിനുള്ള സാദ്ധ്യത അതിൽത്തന്നെ ദൈവനിയമങ്ങളനുസരിക്കേണ്ടതിന്റെ പ്രധാന കാരണമായിരിക്കുന്നില്ല. സത്യക്രിസ്ത്യാനികൾ യഹോവയെ സ്നേഹിക്കുന്നതുകൊണ്ടും അവൻ അവരുടെ ആരാധന അർഹിക്കുന്നതുകൊണ്ടും അവന്റെ ഇഷ്ടം ചെയ്യുന്നത് ശരിയായ ഏകസംഗതിയായിരിക്കുന്നതുകൊണ്ടുമാണ് യഹോവയെ അനുസരിക്കുന്നത്. (1 യോഹന്നാൻ 5:2, 3; വെളിപ്പാട് 4:11) സ്വാർത്ഥകാരണങ്ങളാൽ മാത്രമാണ് ആളുകൾ ദൈവത്തെ സേവിക്കുന്നതെന്ന് വാദിക്കുന്നത് സാത്താനാണ്.—ഇയ്യോബ് 1:9-11; 2:4, 5 കാണുക.
20. ഇന്ന് യഹോവയുടെ സാക്ഷികൾ പുരാതനകാലങ്ങളിലെ മൂന്ന് വിശ്വസ്ത എബ്രായ സാക്ഷികളുടെ അതേ ആത്മാവിൽ നടക്കുന്നതെങ്ങനെ?
20 യഹോവയുടെ ആധുനിക നാളിലെ സാക്ഷികൾ ദാനിയേലിന്റെ നാളിലെ ചെറുപ്പക്കാരായിരുന്ന മൂന്ന് വിശ്വസ്ത എബ്രായസാക്ഷികളുടെ അതേ ആത്മാവിലാണ് നടക്കുന്നത്. എരിയുന്ന തീച്ചൂളയിലേക്ക് എറിയപ്പെടുമെന്ന് ഭീഷണിപ്പെടുത്തപ്പെട്ടപ്പോൾ അവർ ഇങ്ങനെ പറഞ്ഞു: “അങ്ങനെയായിരിക്കണമെങ്കിൽ, ഞങ്ങൾ സേവിക്കുന്ന ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിക്കാൻ പ്രാപ്തനാണ്. രാജാവേ, എരിയുന്ന തീച്ചൂളയിൽനിന്നും നിന്റെ കൈയിൽനിന്നും അവൻ ഞങ്ങളെ രക്ഷിക്കും. ഇല്ലെങ്കിൽ [അതായത് ഞങ്ങൾ മരിക്കാൻ അവൻ അനുവദിക്കുന്നുവെങ്കിൽപോലും] രാജാവേ, നിന്റെ ദൈവങ്ങളെയല്ല ഞങ്ങൾ സേവിക്കുന്നതെന്നും നീ സ്ഥാപിച്ചിരിക്കുന്ന സ്വർണ്ണപ്രതിമയെ ഞങ്ങൾ ആരാധിക്കുകയില്ലെന്നും നീ അറിഞ്ഞുകൊള്ളുക.” (ദാനിയേൽ 3:17, 18) യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നറിഞ്ഞുകൊണ്ട്, സ്പർശനീയമായ സത്വരപ്രയോജനങ്ങളോ പരിണതഫലങ്ങളോ ഗണ്യമാക്കാതെ യേശുവിന്റെ കാൽചുവടുകളെ അടുത്തു പിന്തുടരുന്നതിൽ തുടരും! ഒരു ഏകീകൃതജനമെന്ന നിലയിൽ, എന്തു സംഭവിച്ചാലും, അവർ “അതേ ആത്മാവിലും” “അതേ കാൽചുവടുകളിലും” നടക്കുന്നതിൽ തുടരും! (w88 5/1)
നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുമോ:
□ യഹോവയുടെ സാക്ഷികൾ ഐക്യമുള്ളവരായിരിക്കുന്നതെന്തുകൊണ്ട്?
□ യഹോവയുടെ സാക്ഷികൾ നാമധേയ ക്രിസ്ത്യാനികളിൽനിന്ന് ഏതു വിധങ്ങളിൽ വ്യത്യസ്തരായിരിക്കുന്നു?
□ സത്യക്രിസ്ത്യാനികൾ യഹോവയെ സേവിക്കുന്നതിന്റെ മുഖ്യ കാരണമെന്ത്?
□ യഹോവയെ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെ ദൈവജനം എങ്ങനെ വീക്ഷിക്കുന്നു?
[10-ാം പേജിലെ ചിത്രം]
ഒരു രോഗി ഒരു രക്തപ്പകർച്ച സ്വീകരിക്കുന്നതിന് വിസമ്മതിക്കുമ്പോൾ അയാൾ യഹോവയുടെ സാക്ഷികളിലൊരാളാണെന്ന് സാധാരണയായി സങ്കൽപ്പിക്കപ്പെടുന്നു
[12-ാം പേജിലെ ചിത്രം]
ക്രിസ്താനികളെന്ന് അവകാശപ്പെടുന്ന അനേകർക്ക് തങ്ങളുടെ വൈദികരുടെ അനുവാദത്തോടെ അന്യോന്യം യുദ്ധപ്രഖ്യാപനം നടത്തുന്നതിന് മടിയുണ്ടായിരുന്നിട്ടില്ല