ദൈവം ഞങ്ങൾക്കു സഹായമായിരിക്കുന്നു
ഫ്രാൻസിസ്കോ കോവാനാ പറഞ്ഞ പ്രകാരം
“അധികൃതർ പറയുന്നതു പോലെ കേട്ടില്ലെങ്കിൽ അവർ നിന്നെ തട്ടിക്കളയും!”, എന്റെ ജ്യേഷ്ഠൻ താക്കീതു നൽകി.
“ഈ ദുരിതം പിടിച്ച അവസ്ഥയിൽ കഴിയുന്നതിലും വളരെ ഭേദമാണ് അത്,” ഞാനും വിട്ടുകൊടുത്തില്ല.
ജ്യേഷ്ഠനും ഞാനും തമ്മിൽ 1975 സെപ്റ്റംബറിൽ നടന്ന സംഭാഷണമാണു മുകളിൽ പരാമർശിച്ചത്. ദക്ഷിണ മൊസാമ്പിക്കിലെ മാപൂട്ടോയിൽ (അന്ന് ലോറെൻകോ മാർക്വെസ് എന്നാണ് അറിയപ്പെട്ടിരുന്നത്) ഞാൻ തടവിൽ കിടന്നപ്പോൾ ഭക്ഷണവുമായി എന്നെ കാണാനെത്തിയതായിരുന്നു അദ്ദേഹം. 180-ലധികം ആളുകളെയാണ് ഒരൊറ്റ തടവുമുറിയിൽ തിക്കിക്കൊള്ളിച്ചിരുന്നത്. അതിൽ ഒട്ടുമിക്കവരും യഹോവയുടെ സാക്ഷികളായിരുന്നു താനും. ജ്യേഷ്ഠന് എന്നോടു തോന്നിയ ദേഷ്യത്തിന് അതിരില്ലായിരുന്നു. അതുകൊണ്ട്, എനിക്കായി കൊണ്ടുവന്ന ആഹാരം അദ്ദേഹം എനിക്കു തരിക പോലും ചെയ്തില്ല!
ഈ വികാരഭരിതമായ കൂടിക്കാഴ്ചയെ കുറിച്ച് ഒരു വ്യക്തമായ ചിത്രം നൽകുന്നതിന് ഞാൻ തടവിലായ സാഹചര്യം ഒന്നു വിശദീകരിക്കട്ടെ.
എന്റെ മതപരമായ കുടുംബപശ്ചാത്തലം
മാനികാ ഡിസ്ട്രിക്റ്റിലുള്ള കാലാങ്കാ ഗ്രാമത്തിലെ ഒരു പ്രസ്ബിറ്റേറിയൻ കുടുംബത്തിലാണു ഞാൻ ജനിച്ചത്, 1955-ൽ. മാപൂട്ടോ എന്ന വൻനഗരത്തിൽ നിന്ന് ഇവിടേക്ക് ഏറെ ദൂരമില്ല. അച്ഛൻ പള്ളിയിൽ പോകുമായിരുന്നില്ലെങ്കിലും അമ്മ അങ്ങനെ ആയിരുന്നില്ല. ഞായറാഴ്ചകളിൽ തന്റെ അഞ്ചു മക്കളെയും കൊണ്ട് അമ്മ അവിടെ ഹാജരുണ്ടാകുമായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ, അമ്മ ഞങ്ങളെ ‘കർത്താവിന്റെ പ്രാർഥന’ പഠിപ്പിച്ചു. ഞാൻ അതു കൂടെക്കൂടെ ചൊല്ലുമായിരുന്നു. (മത്തായി 6:9-12) കുട്ടിക്കാലത്തു ഞാൻ അമ്മയോട് അനേകം ചോദ്യങ്ങൾ ചോദിച്ചത് ഓർക്കുന്നു. “എന്തുകൊണ്ടാണ് നമ്മളൊക്കെ മരിച്ചുപോകുന്നത്?”, “ആളുകൾ എന്നും ഇങ്ങനെ മരിക്കുമോ?” എന്നൊക്കെ.
ദൈവിക ഉദ്ദേശ്യത്തിന്റെ ഭാഗമാണു മരണം എന്നാണ് അമ്മ പറഞ്ഞത്. മാത്രമല്ല, തിന്മ ചെയ്യുന്നവർ നരകത്തിലും നന്മ ചെയ്യുന്നവർ സ്വർഗത്തിലും പോകുമെന്നും അമ്മ പറഞ്ഞു. ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. എങ്കിലും, അമ്മയുടെ മറുപടി എന്നെ സങ്കടത്തിലാഴ്ത്തി. മരണമെന്ന കയ്പേറിയ യാഥാർഥ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കാൻ തുടങ്ങി. എനിക്കു വെറും പത്തു വയസ്സ് ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ മരണമടഞ്ഞത് അതിന്റെ ആക്കം കൂട്ടി. അതിനുശേഷം, മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും അവർക്ക് എന്തെങ്കിലും പ്രത്യാശ ഉണ്ടോ എന്നതിനെ കുറിച്ചും അറിയാനുള്ള എന്റെ ആഗ്രഹം തീവ്രമായി.
സത്യം പഠിക്കുകയും ബാധകമാക്കുകയും ചെയ്യൽ
അച്ഛന്റെ മരണശേഷം താമസിയാതെ, സ്കൂളിലെ ഒരു അധ്യാപകൻ ഞങ്ങളെ പഠിപ്പിക്കുന്നതിന് നഷ്ടപ്പെട്ട പറുദീസയിൽനിന്നു തിരിച്ചുകിട്ടിയ പറുദീസയിലേക്ക് (ഇംഗ്ലീഷ്) എന്ന പുസ്തകം ഉപയോഗിക്കുകയുണ്ടായി. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ഈ പുസ്തകം ദക്ഷിണാഫ്രിക്കൻ ഭാഷയായ സുളുവിലുള്ളതായിരുന്നു. അദ്ദേഹം എനിക്ക് അതു വായിക്കാൻ തന്നു. സുളു ശരിക്കും അറിയില്ലായിരുന്നെങ്കിലും, അതിൽ കൊടുത്തിരുന്ന ബൈബിൾ വാക്യങ്ങളിൽ നിന്നു പഠിക്കാൻ കഴിഞ്ഞ ആശയങ്ങൾ എനിക്കു വളരെയേറെ സന്തോഷം കൈവരുത്തി.
എന്റെ സഹോദരനെ സൈനിക സേവനത്തിനു വിളിച്ചപ്പോൾ എനിക്കു പതിനാറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതുവരെ, ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്നത് അദ്ദേഹമായിരുന്നു. അതുകൊണ്ട്, അദ്ദേഹം പോയപ്പോൾ മാപൂട്ടോയിലെ ഒരു പെർഫ്യൂം കമ്പനിയിൽ ഞാൻ ജോലിക്കു ചേർന്നു. ഒപ്പം തന്നെ, രാത്രിയിൽ ഒരു ടെക്നിക്കൽ സ്കൂളിൽ പഠിക്കാനും തുടങ്ങി. ജോലിസ്ഥലത്തായിരിക്കെ, യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്ന ടിയോഫിലൂ ചിയൂലെലെ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ എന്നും ബൈബിൾ വായിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. എനിക്കു താത്പര്യമുണ്ടെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം എന്നോടു സംസാരിക്കാൻ തുടങ്ങി.
പിന്നീട്, ലൂയിഷ് ബിലാ എന്ന മറ്റൊരു സാക്ഷി എന്നെ ബൈബിൾ പഠിപ്പിക്കാൻ ആരംഭിച്ചു, മരിച്ചവർ യാതൊന്നും അറിയുന്നില്ലെന്നും അവർക്കു പുനരുത്ഥാനത്തിലൂടെ ജീവൻ തിരികെ ലഭിക്കുമെന്ന പ്രത്യാശ ഉണ്ടെന്നും മനസ്സിലാക്കിയപ്പോൾ എനിക്കെന്ത് ആശ്വാസമായെന്നോ! (സഭാപ്രസംഗി 9:5, 10; യോഹന്നാൻ 5:28, 29) ഉടനെ തന്നെ ഞാൻ അമ്മയ്ക്കു കത്തെഴുതി. പണ്ടു ഞാൻ അമ്മയോടു ചോദിച്ച ചോദ്യങ്ങൾക്കുള്ള ബൈബിൾ ഉത്തരങ്ങൾ ഞാൻ അതിലെഴുതി. ഒടുവിൽ ഞാൻ ആശ്രയയോഗ്യമായ ഉത്തരങ്ങൾ കണ്ടെത്തി എന്നറിഞ്ഞതിൽ അമ്മ സന്തുഷ്ടയായിരുന്നു.
പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ എന്നെ ആവേശഭരിതനാക്കി. അതുകൊണ്ട്, അവ മറ്റുള്ളവരുമായി പങ്കുവെക്കാൻ ഞാൻ തയ്യാറെടുത്തു. സ്കൂളിൽ ബൈബിൾ പ്രസംഗങ്ങൾ നടത്താൻ എനിക്ക് അനുമതി ലഭിച്ചെങ്കിലും പള്ളിയിൽ എനിക്കതു ലഭിച്ചില്ല. അധികം താമസിയാതെ എന്നെ പള്ളിയിൽ നിന്നു പുറത്താക്കി. ഞാൻ പുതുതായി കണ്ടെത്തിയ വിശ്വാസങ്ങളോട് അമ്മയ്ക്കു യോജിപ്പായിരുന്നെങ്കിൽ തന്നെയും വീട്ടിലുള്ളവർ എന്നെ പീഡിപ്പിക്കാൻ തുടങ്ങി. മൂത്ത സഹോദരൻ എന്നെ കണക്കറ്റു പ്രഹരിച്ചു. എന്നാൽ അത്തരം പീഡനങ്ങൾകൊണ്ടൊന്നും യാതൊരു ഫലവുമില്ലെന്നു മനസ്സിലാക്കിയപ്പോൾ അവർ എന്നെ കളിയാക്കാൻ തുടങ്ങി. ഭക്ഷണസമയത്ത് ഞാൻ പ്രാർഥിക്കുന്നതു കാണുമ്പോഴാണു വിശേഷിച്ചും അവർ കളിയാക്കുക. അതുകൊണ്ട്, ആഹാരം കഴിക്കാൻ വരുന്നതിനു മുമ്പേ, കുളിമുറിയിൽ വെച്ചു ഞാൻ പ്രാർഥിക്കുമായിരുന്നു. ‘ദൈവമാണ് എന്റെ സഹായകൻ’ എന്ന് എനിക്കു തോന്നി.—സങ്കീർത്തനം 54:4.
ലൂയിഷ് വീട്ടിൽ വന്ന് എന്നെ ബൈബിൾ പഠിപ്പിക്കുന്നതിനെ വീട്ടുകാർ എതിർത്തു. അതിൽപ്പിന്നെ, അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായി ഞങ്ങളുടെ പഠനം. താമസിയാതെ, ഞാൻ സഭായോഗങ്ങൾക്കു ഹാജരാകാനും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനും തുടങ്ങി. എന്നാൽ ഇതൊക്കെ കഴിഞ്ഞിട്ടു ഞാൻ തിരിച്ചു വരുമ്പോൾ അവർ വീട് അകത്തു നിന്നു പൂട്ടിയിട്ടുണ്ടാകും. അതുകാരണം, ആ ദിവസങ്ങളിൽ ഞാൻ സാക്ഷികളുടെ വീടുകളിലാണു താമസിച്ചിരുന്നത്.
ഒടുവിൽ, 1973 മേയ് 13-ന് യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ആ സമയത്ത്, മൊസാമ്പിക്ക് പോർച്ചുഗീസ് കോളനി വാഴ്ചയുടെ അധീനതയിലായിരുന്നു. പോർച്ചുഗലിലും അതിന്റെ എല്ലാ കോളനികളിലും യഹോവയുടെ സാക്ഷികൾക്കു നിരോധനം ഏർപ്പെടുത്തിയിരുന്നു. 1974 ഒക്ടോബർ ഒന്നാം തീയതി മുതൽ ഞാൻ ഒരു പയനിയറായി—യഹോവയുടെ സാക്ഷികൾക്കിടയിലെ മുഴുസമയ സുവിശേഷകരെ വിളിക്കുന്ന പേരാണ് അത്—സേവിക്കാൻ തുടങ്ങി. ഒരു മിഷനറിയായി തീരാനായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ട്, മിഷനറി പരിശീലനത്തിനായി ഐക്യനാടുകളിലെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ പങ്കെടുക്കാൻ കഴിയേണ്ടതിന് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി.
തന്ത്രപൂർവമായ പ്രസംഗപ്രവർത്തനം
നിരോധനം നിലവിലിരുന്ന വർഷങ്ങളിൽ, പോർച്ചുഗീസ് കോളനി പൊലീസായ പൈഡ് (PIDE) പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടതിന് അനേകം സാക്ഷികളെ തടവിലാക്കുകയുണ്ടായി. അതുകൊണ്ട്, കണ്ടുപിടിക്കപ്പെടാതിരിക്കേണ്ടതിനു ഞങ്ങൾ എന്തെങ്കിലുമൊക്കെ തന്ത്രം പ്രയോഗിച്ചിരുന്നു. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് ഒരു വീട്ടിൽ മാത്രം സംസാരിച്ചിട്ടു ഞങ്ങൾ അവിടം വിട്ടു വേറെ പ്രദേശത്തേക്കു പോകുമായിരുന്നു. അതുപോലെ, ഞങ്ങൾ രണ്ടു പേർ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലോ വൈകുന്നേരമോ നഗരത്തിലെ പാർക്കിൽ ചെല്ലുമായിരുന്നു. ഞങ്ങളിൽ ഒരാൾ ഏതെങ്കിലുമൊരു വ്യക്തിയുടെ അടുത്തു ചെന്നിരുന്ന് പത്രം വായിക്കാൻ ആരംഭിക്കും. കുറച്ചു കഴിഞ്ഞ്, അടുത്തയാളും ചെന്ന് അടുത്തിരിക്കും. എന്നിട്ട് പത്രത്തിലൂടെ ഒന്നു കണ്ണോടിച്ച ശേഷം ഇങ്ങനെ എന്തെങ്കിലും ഒരഭിപ്രായം തട്ടിവിടും: “ഹോ! എത്ര ആളുകളാണ് മരിച്ചത് എന്നു നോക്കൂ! എന്നാൽ, ദൈവത്തിന്റെ ഗവൺമെന്റിൻ കീഴിൽ ഇങ്ങനെയൊന്നും സംഭവിക്കുകയില്ല എന്നു നിങ്ങൾക്ക് അറിയാമോ?”
തുടർന്നു വരുന്ന സംഭാഷണത്തിൽ, പത്രം വായിച്ചു കൊണ്ടിരുന്നയാൾ മറ്റേയാളോടു ബൈബിളിൽ നിന്നുള്ള തെളിവുകൾ ആവശ്യപ്പെടും. അതിന്റെ ശേഷം, ചർച്ച തുടരാനായി അടുത്ത ദിവസം കണ്ടുമുട്ടാമെന്നു ഞങ്ങൾ പറഞ്ഞൊക്കും. ഈ വിധത്തിൽ ഞങ്ങൾക്കു പലപ്പോഴും അടുത്തിരുന്ന ആളിനെ കൂടെ ബൈബിൾ പ്രവചനങ്ങളെ സംബന്ധിച്ച സംഭാഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. അനേകം ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ ഇത് വഴിയൊരുക്കി. ദൈവത്തിന്റെ സഹായത്താൽ കാര്യങ്ങൾ ശുഭകരമായി പര്യവസാനിക്കുമ്പോൾ ഞങ്ങൾ അവനു നന്ദി നൽകുമായിരുന്നു.
കഠിന പരിശോധനയുടെ ഒരു സമയം
1974 ഏപ്രിൽ 25-ന് പോർച്ചുഗലിലെ ഏകാധിപത്യ ഭരണത്തിനു തിരശ്ശീല വീണു. പോർച്ചുഗലിന്റെ കോളനികളിൽ എങ്ങും രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശി. മൊസാമ്പിക്കിൽ, രാഷ്ട്രീയ തടവുകാർക്കും തങ്ങളുടെ രാഷ്ട്രീയ നിഷ്പക്ഷത നിമിത്തം തടവിലാക്കപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾക്കും പൊതുമാപ്പു നൽകുകയുണ്ടായി. വെറും 14 മാസങ്ങൾക്കു ശേഷം, 1975 ജൂൺ 25-ന് മൊസാമ്പിക്ക് പോർച്ചുഗലിൽ നിന്നു സ്വാതന്ത്ര്യം നേടി. എന്നാൽ ഏതാനും ദിവസങ്ങൾക്കകം സാക്ഷികൾക്കെതിരെ പീഡനത്തിന്റെ മറ്റൊരു കാറ്റ് അഴിച്ചു വിടപ്പെടുകയുണ്ടായി. കണ്ടുപിടിക്കാൻ കഴിയുന്ന എല്ലാ സാക്ഷികളെയും അറസ്റ്റു ചെയ്യുന്നതിന് അയൽക്കൂട്ടങ്ങൾ സംഘടിപ്പിക്കപ്പെട്ടു. “പോർച്ചുഗീസ് അധിനിവേശ ശക്തി പിമ്പിൽ വിട്ടിട്ടു പോയ ചാരന്മാർ” എന്ന് ആളുകൾ ഞങ്ങളെ മുദ്രയടിച്ചു.
ആ സെപ്റ്റംബറിൽ, ഒരു അയൽക്കൂട്ടത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ എന്നോടു നിർബന്ധമായും ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോൾ കണ്ടകാഴ്ചയോ, എന്റെ ബൈബിൾ അധ്യയന കൂട്ടത്തിലുള്ള എല്ലാവരും അവിടെ ഉണ്ടായിരുന്നു. ഭരണകക്ഷിയെ പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ, ഞങ്ങൾ ആദരപൂർവം അതിൽ നിന്ന് ഒഴിഞ്ഞുനിന്നു. അപ്പോൾ അവർ ഞങ്ങളെ, തുടക്കത്തിൽ പരാമർശിച്ച തിങ്ങിനിറഞ്ഞ ആ ജയിൽ മുറിയിൽ തടവിലാക്കി.
ആ തടവുമുറിയിൽ ആളുകളെ കുത്തിനിറച്ചിരുന്നതിനാൽ ഞങ്ങൾക്ക് അനങ്ങാൻ പോലുമാകുമായിരുന്നില്ല. ആർക്കെങ്കിലുമൊക്കെ തറയിൽ കിടന്നുറങ്ങണം എന്നുണ്ടായിരുന്നെങ്കിൽ ബാക്കിയുള്ളവർ ഒന്നുകിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യണമായിരുന്നു. ഞങ്ങൾക്ക് ആകപ്പാടെ ഒരു കക്കൂസ് മാത്രമാണ് ഉണ്ടായിരുന്നത്. അതാണെങ്കിൽ മിക്കപ്പോഴും അടഞ്ഞുപോകുകയും ചെയ്തിരുന്നു. അങ്ങനെ, അവിടമാകെ ദുർഗന്ധം വമിക്കാൻ ഇടയാക്കി കൊണ്ട് അതിലെ വെള്ളം നിറഞ്ഞൊഴുകുമായിരുന്നു. എണ്ണയിൽ കുതിർന്ന സ്പഗെറ്റി ആയിരുന്നു ഞങ്ങളുടെ ആഹാരം. അതിലാകട്ടെ, നിറയെ മീൻമുള്ളുകൾ ആയിരുന്നു. നീലനിറത്തിലുള്ള ഒരുതരം വലിയ ഈച്ചകൾ പൊതിഞ്ഞിരുന്ന ഈ ഭക്ഷണം കഴുകാത്ത കൈകൊണ്ട് ഞങ്ങൾ കഴിക്കേണ്ടിയിരുന്നു. ഞങ്ങൾ 180-ലേറെ പേർ ഈ ദുരിതങ്ങളെല്ലാം 19 ദിവസം സഹിച്ചു. പിന്നീട്, സാക്ഷികളെ മാത്രം തടവിലിട്ടിരുന്ന ഒരു സ്ഥലത്തേക്കു ഞങ്ങളെ മാറ്റുകയുണ്ടായി. പുരുഷന്മാരും, സ്ത്രീകളും കുട്ടികളും എല്ലാം ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. തടവിലെ ഭീകരമായ അവസ്ഥകൾ നിമിത്തം അടുത്ത ഏതാനും മാസങ്ങളിൽ, വളരെയധികം കുട്ടികൾ മരണമടയുകയുണ്ടായി.
കാലക്രമത്തിൽ, സാക്ഷികളെ അങ്ങ് വടക്ക് കാരികോ എന്ന പ്രദേശത്തേക്കു നാടുകടത്താൻ ഗവൺമെന്റ് തീരുമാനിച്ചു. ഞങ്ങളെ ഒറ്റപ്പെടുത്തുക എന്നതായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം. അന്ന് മൊസാമ്പിക്കിൽ ഏകദേശം 7,000 സാക്ഷികൾ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും 1974-ലും 1975-ലുമായി സ്നാപനമേറ്റവരായിരുന്നു. മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുമ്പോൾ ബൈബിൾ സാഹിത്യങ്ങൾ ആവശ്യമായി വരുമെന്ന് അറിയാവുന്നതിനാൽ, വീട്ടിലേക്കു തിരിച്ചു പോയി യാത്രയ്ക്കാവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും എടുത്തുകൊണ്ടു വരാൻ ഞാൻ അനുമതി ചോദിച്ചു. എന്നെ അനുഗമിച്ചിരുന്ന ഉദ്യോഗസ്ഥൻ കാണാതെ, ഞാൻ ബിസ്കറ്റുകളുടെ ഏതാനും പെട്ടികൾ ഭാഗികമായി കാലിയാക്കിയിട്ട് അവയുടെ അടിയിൽ ബൈബിൾ സാഹിത്യങ്ങൾ വെച്ചു. അത്തരം സാഹചര്യങ്ങളിൽ ഞങ്ങൾക്കു പേടി തോന്നിയതേയില്ല. സഹായത്തിനായി ഞങ്ങൾ ദൈവത്തിൽ ആശ്രയിച്ചു.—എബ്രായർ 13:6.
ക്യാമ്പുകളിലെ ജീവിതം
1976 ജനുവരിയിൽ ഞങ്ങൾ കാരികോയിൽ എത്തിച്ചേർന്നു. അയൽരാജ്യമായ മലാവിയിൽ നിന്നുള്ള അനേകം സാക്ഷികൾ അതിനോടകം തന്നെ അവിടെ ക്യാമ്പുകൾ പണിതു താമസിക്കുന്നുണ്ടായിരുന്നു. 1972 മുതൽ 1975 വരെ, കുട്ടികൾ ഉൾപ്പെടെ 30,000-ത്തിലധികം ആളുകളാണ് മലാവിയിലെ മൃഗീയ മതപീഡനം സഹിക്കവയ്യാഞ്ഞ് പലായനം ചെയ്തത്. അഭയാർഥികൾ എന്ന നിലയിൽ അവർക്കു വടക്കൻ മൊസാമ്പിക്കിൽ കഴിയാനുള്ള അനുമതി ലഭിച്ചു. ഞങ്ങൾ ചെന്നപ്പോൾ, അവർ ഞങ്ങളെ അവരുടെ കൂടെ താമസിപ്പിച്ചു. അവരുടെ പക്കൽ ആകെയുണ്ടായിരുന്ന അൽപ്പം ഭക്ഷ്യവസ്തുക്കൾ പോലും അവർ ഞങ്ങളുമായി പങ്കുവെച്ചു.
ഞങ്ങളിൽ മിക്കവർക്കും നിർമാണ പ്രവർത്തനങ്ങളിൽ യാതൊരു അനുഭവ പരിചയവുമില്ലായിരുന്നു. അതുകൊണ്ട് വീടുകൾ പണിയേണ്ടത് എങ്ങനെ എന്നു മലാവിയിൽ നിന്നുള്ള സഹോദരങ്ങൾ ഞങ്ങൾക്കു കാട്ടിത്തന്നു. ഇഷ്ടിക ഉണ്ടാക്കിയിട്ട് അതും കാട്ടിൽ നിന്നുള്ള മരങ്ങളും ഉപയോഗിച്ചാണ് ഞങ്ങൾ വീടുകൾ നിർമിച്ചത്. ആഹാരത്തിനുള്ള വക കൃഷി ചെയ്ത് ഉണ്ടാക്കുന്നതു പോലെ അവിടെ ജീവിച്ചുപോകാൻ ആവശ്യമായതെല്ലാം അവർ ഞങ്ങളെ പഠിപ്പിച്ചു. അങ്ങനെയാണ് ഞാൻ ആശാരിപ്പണിയും കൃഷിപ്പണിയും തയ്യലും വശമാക്കിയത്. പിന്നീട്, ജന്മനാട്ടിലേക്കു മടങ്ങിയപ്പോൾ ഇവയെല്ലാം ഞങ്ങളിൽ അനേകർക്കും പ്രയോജനകരമെന്നു തെളിഞ്ഞു.
ആത്മീയത നിലനിർത്തുക എന്നതായിരുന്നു ഞങ്ങളുടെ മുഖ്യ താത്പര്യം. ആത്മീയ ഭക്ഷണം ഇല്ലാതിരുന്ന ഒരു അവസ്ഥ ഞങ്ങൾക്കൊരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ ഇത് എങ്ങനെയാണു സാധിച്ചത്? ഞാൻ മുമ്പു പറഞ്ഞതു പോലെ, ഞങ്ങളെ നാടുകടത്തിയ സമയത്തു ഞങ്ങളിൽ പലരും അവസരത്തിനൊത്തു പ്രവർത്തിച്ചു. വസ്തുവകകളുടെ കൂടെ ബൈബിൾ സാഹിത്യവും എടുക്കാൻ ഞങ്ങൾ മറന്നില്ല. കൂടാതെ, ദക്ഷിണാഫ്രിക്കയിലെ യഹോവയുടെ സാക്ഷികൾ വീക്ഷാഗോപുരത്തിന്റെ തീരെ ചെറിയ പ്രതികൾ അച്ചടിക്കുകയും ചെയ്തിരുന്നു. ഇവ ക്യാമ്പുകളിലേക്കു കടത്തി കൊണ്ടുവരാൻ എളുപ്പമായിരുന്നു.
ക്യാമ്പിനുള്ളിൽ വെച്ചു വിവാഹം നടത്തുന്നതിനുള്ള അനുമതിക്കു വേണ്ടി ഞങ്ങൾ ധാരാളം അപേക്ഷകൾ അധികൃതർക്കു സമർപ്പിച്ചിരുന്നു. ഒടുവിൽ, 1978 ഡിസംബർ ഒന്നാം തീയതി ഞങ്ങളുടെ ക്യാമ്പ് ആദ്യമായി ഒരു വിവാഹത്തിനു വേദിയായി. അന്ന് ഞാൻ ആലീറ്റ ഷിലൗലെനെ എന്റെ ജീവിത സഖിയാക്കി. 1958-ൽ സ്നാപനമേറ്റ അവളുടെ പിതാവ് മാപൂട്ടോയിലെ ആദ്യകാല സാക്ഷികളിൽ പെടുന്നു. പിന്നീട് ഞങ്ങൾക്കു ഡോർക്കാസ്, സാമുവേൽ എന്നീ കുട്ടികൾ ജനിച്ചപ്പോൾ ഞങ്ങൾ അവരെ യഹോവയെ സ്നേഹിക്കാൻ പഠിപ്പിച്ചു. മാത്രമല്ല, ഞങ്ങളോടൊപ്പം അവരെ ക്രമമായി ക്രിസ്തീയ യോഗങ്ങൾക്കും കൊണ്ടുപോകുമായിരുന്നു. ഷൈമീറ്റൂ എന്ന മറ്റൊരു പുത്രനും പിന്നീടു ഞങ്ങൾക്കു ജനിച്ചു.
ഞങ്ങൾ പ്രസംഗിച്ച വിധം
തങ്ങൾ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കിയത് ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കുന്നതിനു ക്യാമ്പുകൾക്കു വെളിയിൽ പോകാൻ സാക്ഷികൾക്ക് അനുവാദം ലഭിച്ചു. ഈ അവസരം മിക്കവരും പ്രസംഗിക്കുന്നതിനായി പ്രയോജനപ്പെടുത്തി. ഞാൻ ഉപ്പു വിൽക്കാൻ പോകുമായിരുന്നു. എന്നിട്ട് അത് ആരും വാങ്ങാതിരിക്കേണ്ടതിനു മനഃപൂർവം അതിനു വലിയ വില ആവശ്യപ്പെടുമായിരുന്നു. ഞാൻ കണ്ടുമുട്ടിയ കുറെയേറെ ആളുകൾ രാജ്യസന്ദേശത്തോടു പ്രതികരിച്ചു. ഇത് അനേകം ബൈബിളധ്യയനങ്ങളിലേക്കു നയിക്കുകയും ചെയ്തു.
അടുത്തുള്ള മിലാൻജെ എന്ന പട്ടണത്തിലെ ഒരു കമ്പനിയുടെ ഡയറക്ടറുമായി എന്റെ ബൈബിൾ വിദ്യാർഥികളിൽ ഒരാൾ സംഭാഷണത്തിലേർപ്പെട്ടു. അദ്ദേഹത്തിനു ബൈബിളിൽ താത്പര്യമുണ്ടായിരുന്നു. ഈ വിവരം എന്നെ അറിയിച്ചപ്പോൾ ഞാൻ അദ്ദേഹവുമായി കത്തിലൂടെ ബന്ധപ്പെട്ടു. എന്നെ അദ്ദേഹത്തിന്റെ അടുത്തേക്കു ക്ഷണിച്ചുകൊണ്ട് അദ്ദേഹം മറുപടിയും അയച്ചു. ഞാൻ ഉണ്ടാക്കിയ കുറച്ചു ഫർണീച്ചർ അദ്ദേഹത്തിനു വിൽക്കാനാണ് എന്ന ഭാവേന കുറച്ചു ബൈബിൾ സാഹിത്യവും ഒളിപ്പിച്ചു വെച്ചു ഞാൻ അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു.
എന്നാൽ അവിടെ എത്തിച്ചേർന്നപ്പോൾ എനിക്ക് എന്തോ പന്തികേടു തോന്നി. വീടിനു ചുറ്റും പട്ടാളക്കാർ കാവൽ നിൽക്കുന്നു. പക്ഷേ, അദ്ദേഹം പുറത്തിറങ്ങി വന്നിട്ട്, ഞങ്ങളെ ശല്യപ്പെടുത്തരുത് എന്നു പട്ടാളക്കാരോട് ആവശ്യപ്പെട്ടു. വൈകിട്ട് അഞ്ചുമണിക്കു ഞങ്ങൾ ബൈബിളധ്യയനം ആരംഭിച്ചു. എന്നാൽ അദ്ദേഹം അത്യധികം താത്പര്യം കാണിച്ചതിനാൽ പിറ്റേന്നു പുലർച്ചെ അഞ്ചുമണി വരെ അതു നീണ്ടു! അദ്ദേഹത്തിന്റെ തപാലുരുപ്പടികളുടെ മേൽ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതിരുന്നതിനാൽ പോർച്ചുഗലിൽ നിന്നുള്ള നമ്മുടെ സാഹിത്യം സ്വീകരിച്ചിട്ട് എന്നെ ഏൽപ്പിക്കാം എന്നു പിന്നീട് അദ്ദേഹം എന്നോടു പറഞ്ഞു. എനിക്ക് അവ അവിടെ നിന്നു ക്യാമ്പിലേക്കു കൊണ്ടുപോകാനും കഴിയുമായിരുന്നു.
പ്രസംഗപ്രവർത്തനത്തിന്റെ പേരിൽ ഞങ്ങളിൽ ചിലരെ പലപ്രാവശ്യം അറസ്റ്റു ചെയ്തിട്ടുണ്ട് എന്നതു സത്യമാണ്. എന്നാൽ രാജ്യസന്ദേശത്തോട് അനേകർ അനുകൂലമായി പ്രതികരിച്ചപ്പോൾ ദൈവം ഞങ്ങൾക്കു സഹായമേകുകയാണെന്നു ഞങ്ങൾ മനസ്സിലാക്കി, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ സഹായിച്ചതു പോലെ തന്നെ.—പ്രവൃത്തികൾ 3 മുതൽ 5 വരെയുള്ള അധ്യായങ്ങൾ.
സ്വാതന്ത്ര്യവും മാപൂട്ടോയിലേക്കുള്ള മടക്കയാത്രയും
സാഹചര്യങ്ങളെ കുറിച്ചു പ്രാർഥനാപൂർവം പരിചിന്തിച്ചതിനു ശേഷം, 1985 സെപ്റ്റംബറിൽ ക്യാമ്പുകളിൽ നിന്നു കൂട്ടത്തോടെ പുറപ്പെട്ടു പോരാൻ ഞങ്ങൾ തീരുമാനമെടുത്തു. എന്നിരുന്നാലും, ചില സാക്ഷികൾ കാരികോയിലെ ക്യാമ്പുകളിൽ തന്നെ തുടരാൻ തീരുമാനിച്ചു. തത്ഫലമായി, അവർക്കു മറ്റു സാക്ഷികളുമായി സമ്പർക്കമില്ലാതെ അടുത്ത ഏഴു വർഷം കൂടി കഴിഞ്ഞുകൂടേണ്ടി വന്നു. മറ്റുള്ളവരാകട്ടെ, മലാവിയിലേക്കും സാംബിയയിലേക്കും രക്ഷപ്പെട്ടു. കുട്ടികളെയും കൊണ്ടു സമീപത്തെ മിലാൻജെ എന്ന പട്ടണത്തിലേക്കു പോകാൻ ഞാനും ഭാര്യയും തീരുമാനിച്ചു. അവിടെ, ഒരു ജോലിയും ഞങ്ങൾക്കു താമസിക്കാൻ ഒരു വീടും തരപ്പെടുത്താൻ എനിക്കു കഴിഞ്ഞു. ഞങ്ങളുടെ ക്രിസ്തീയ ശുശ്രൂഷയും അഭംഗുരം തുടർന്നു. പിറ്റേ വർഷം ഞങ്ങൾ മാപൂട്ടോയിലേക്കു മടങ്ങിപ്പോയി.
ആദ്യമൊക്കെ, ഞങ്ങൾ ബന്ധുക്കളുടെ കൂടെയാണു താമസിച്ചത്. ഒരു ജോലി കണ്ടെത്തുക ഒട്ടും എളുപ്പമല്ലായിരുന്നു. എങ്കിലും, അവസാനം ഒരുതരത്തിൽ എനിക്കതിനു കഴിഞ്ഞു. ഞങ്ങളുടെ തുച്ഛമായ വരുമാനം വർധിപ്പിക്കുന്നതിന് ആലീറ്റ നിലക്കടല വറുത്തു വിൽക്കുമായിരുന്നു. ഈ സമയമായപ്പോഴേക്കും എന്റെ ഇംഗ്ലീഷ് മെച്ചപ്പെട്ടിരുന്നു. അതുകൊണ്ട്, ഞാൻ ബ്രിട്ടീഷ് എംബസിയിൽ ജോലിക്കുള്ള ഒരു അപേക്ഷ സമർപ്പിച്ചു. തുടർന്ന്, ഞാൻ അതിന്റെ പരീക്ഷകളെല്ലാം പാസ്സായപ്പോൾ അവർ എന്നെ ജോലിക്കു നിയമിച്ചു, നേരത്തെ എനിക്ക് ഉണ്ടായിരുന്നതിന്റെ 20 ഇരട്ടി ശമ്പളത്തിൽ! യഹോവ എന്നെ സഹായിച്ചതാണെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. പ്രാർഥനയിൽ ഞാൻ അവനു നന്ദിയേകി.
ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്തൽ
ഒടുവിൽ, 1991 ഫെബ്രുവരി 11-ന് മൊസാമ്പിക്ക് ഗവൺമെന്റ് യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം നൽകി. ജീവിതത്തിൽ ഒരിക്കലും ഞങ്ങൾക്കു മറക്കാനാവാത്ത ഒരു ദിവസം! പിറ്റേ വർഷം, മൊസാമ്പിക്കിൽ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേലയ്ക്കു മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയിലെ ഒരംഗമാകുന്നതിനുള്ള ക്ഷണം എനിക്കു ലഭിച്ചു. ആ സമയത്ത്, ഞങ്ങളുടെ മക്കൾക്ക് വെറും 12-ഉം 9-ഉം 6-ഉം ആണ് പ്രായം. ആ രാത്രി ഞാൻ യഹോവയോടുള്ള പ്രാർഥനയിൽ ചെലവഴിച്ചു. കുടുംബപരവും സംഘടനാപരവുമായ ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിറുത്തി കൊണ്ടുള്ള ഒരു തീരുമാനം കൈക്കൊള്ളുന്നതിനു വേണ്ട ജ്ഞാനത്തിനായി ഞാൻ യഹോവയോടു മുട്ടിപ്പായി അപേക്ഷിച്ചു.
ഒരു ബിസിനസ്സ് സംരംഭത്തിനു വേണ്ട ഒരു ചെറിയ ട്രെയ്ലർ ഞങ്ങൾ സംഘടിപ്പിച്ചു. സാൻഡ്വിച്ചുകൾ ഉണ്ടാക്കി വിൽക്കുന്നതിനു ഞങ്ങൾ കുറച്ചു പയനിയർമാരെയും ചുമതലപ്പെടുത്തി. ബിസിനസ്സ് തഴച്ചുവളർന്നു. അങ്ങനെ, സംഘടനയിൽ എനിക്കു ലഭിച്ച പുതിയ പദവികൾക്കായി കരുതുന്നതിനു വേണ്ടത്ര സമയം എനിക്കു കിട്ടി. ഞങ്ങൾക്കു സ്വന്തമായി ഒരു വീട് ആവശ്യമായിരുന്നു. കാരണം ഞങ്ങൾ താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ തുടർന്നും വാടകയ്ക്കു താമസിക്കുക സാധ്യമല്ലായിരുന്നു. അതുകൊണ്ട്, എന്റെ കുടുംബത്തിന്റെ അവസ്ഥ വർണിച്ചുകൊണ്ടു ഞാൻ അധികൃതർക്ക് ഒരു അപേക്ഷ സമർപ്പിച്ചു. താമസിയാതെ, ഒരു വീടു സ്വന്തമാക്കാനുള്ള അനുമതി ഞങ്ങൾക്കു ലഭിച്ചു. ഈ വാർത്തയ്ക്കു വമ്പിച്ച പ്രചാരം കൊടുക്കുകയുണ്ടായി. കാരണം, ഗവൺമെന്റിൽ നിന്ന് ഒരു ഭവനം വാങ്ങുന്ന ആദ്യത്തെ മൊസാമ്പിക്കുകാരൻ ഞാനായിരുന്നു.
ഞങ്ങളുടെ ആത്മീയ പ്രബോധനങ്ങളോടു കുട്ടികൾ വളരെ നല്ല രീതിയിലാണു പ്രതികരിച്ചിരിക്കുന്നത്. ആ കാര്യത്തിൽ ഞാനും ആലീറ്റയും അനുഗൃഹീതരാണ്. (ആവർത്തനപുസ്തകം 6:6-9) എന്നും രാവിലെ 5:40-ന് ആ ദിവസത്തേക്കുള്ള ബൈബിൾ വാക്യം ചർച്ച ചെയ്യുന്നത് ഞങ്ങളുടെ ശീലമായിരിക്കുന്നു. അതിനു ശേഷമാണ് ഞങ്ങളുടെ ബൈബിൾ വായന. കുട്ടികൾക്കു നേരത്തെ സ്കൂളിൽ പോകേണ്ടതുള്ളതു കൊണ്ട് അതിരാവിലെ ഉള്ള ഈ പട്ടികയോട് അവർ നന്നേ ഇണങ്ങി ചേർന്നിരിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയാണു ഞങ്ങളുടെ കുടുംബ ബൈബിളധ്യയനത്തിന്റെ സമയം. ആ ആഴ്ചയിൽ ഗവേഷണം നടത്തിയ ബൈബിൾ വിഷയങ്ങൾ, കുട്ടികൾ ആ സമയത്തു ഞങ്ങളുമായി ചർച്ചചെയ്യും. ശുശ്രൂഷയിൽ ഉപയോഗിക്കാനുള്ള അവതരണങ്ങൾ പരിശീലിക്കാനും ഞങ്ങൾ ഈ സമയം ഉപയോഗിക്കുന്നു.
ഞങ്ങളുടെ കുട്ടികളെല്ലാം സ്നാപമേറ്റവരാണ്. ഡോർക്കാസും സാമുവേലും 1994 മുതൽ പയനിയർമാരായി സേവിക്കുന്നു. ഷൈമീറ്റൂവാണെങ്കിൽ, സ്നാപനമേറ്റതു മുതൽ ഇന്നു വരെ ഒരു സഹായപയനിയറായി സേവിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികൾ ഇപ്പോഴും സ്കൂളിൽ പഠിക്കുന്നവരാണ്. ഭാവിയിൽ തങ്ങളുടെ ശുശ്രൂഷ വർധിപ്പിക്കാൻ ഓരോരുത്തരും ലക്ഷ്യമിടുന്നു. ആലീറ്റ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതോടൊപ്പം പയനിയറിങ്ങും ചെയ്യുന്നു. തടങ്കൽപ്പാളയത്തിൽ ചെലവഴിച്ച വർഷങ്ങൾ ഉൾപ്പെടെ, അനേക വർഷക്കാലം ഞാനും ഒരു പയനിയറായി സേവിച്ചു. എന്നിരുന്നാലും, 1993 മുതൽ പകൽ സമയങ്ങളിൽ ഞാൻ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവിച്ചു വരുകയാണ്.
ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾ തുടരുന്നു
1997-ൽ എനിക്ക് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കുള്ള രണ്ടു മാസത്തെ കോഴ്സിൽ പങ്കെടുക്കുന്നതിനുള്ള മഹത്തായ പദവി ലഭിച്ചു. ഐക്യനാടുകളിലുള്ള ന്യൂയോർക്കിലെ പാറ്റേഴ്സനിലുള്ള വാച്ച് ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ വെച്ചായിരുന്നു പരിശീലനം. അങ്ങനെ, ഇംഗ്ലീഷ് പഠിച്ചെടുക്കാനുള്ള എന്റെ ശ്രമങ്ങൾക്കു വീണ്ടും പ്രതിഫലം ലഭിച്ചു. മടക്കയാത്രാമധ്യേ, മറ്റു രാജ്യങ്ങളിൽ ഉള്ള യഹോവയുടെ ദാസന്മാരെ സന്ദർശിക്കുന്നതിനും എനിക്ക് അവസരം ലഭിച്ചു. ഇതു നമ്മുടെ ലോകവ്യാപക സഹോദരവർഗത്തോടുള്ള വിലമതിപ്പിനാൽ എന്റെ ഹൃദയം നിറഞ്ഞുതുളുമ്പാൻ ഇടയാക്കി!
സത്യക്രിസ്ത്യാനികളുടെ ഇടയിലെ ഈ സ്നേഹം, ആത്മാർഥമനസ്കരായ ആയിരക്കണക്കിന് ആളുകൾ മൊസാമ്പിക്കിൽ യഹോവയുടെ സാക്ഷികളോടു ചേർന്നു വരാൻ ഇടയാക്കിയിരിക്കുന്ന ഒരു ഘടകമാണ്. (യോഹന്നാൻ 13:35) തടങ്കൽപ്പാളയങ്ങളിലേക്കു നാടുകടത്തപ്പെട്ട സമയത്ത്, ഇവിടെ പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്നത് ഏതാണ്ട് 7,000 പേരാണ്. എന്നാൽ ഇന്ന് ആ സ്ഥാനത്ത് 29,000-ത്തിലധികം പേരാണ് മൊസാമ്പിക്കിൽ ഉടനീളമായി ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്. 1958-ൽ വെറും നാലു സഭകൾ ആണ് ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ അത് 665-ലും അധികമാണ്.
മൊസാമ്പിക്കിൽ ഉണ്ടായ നിർമലാരാധനയിലെ അഭൂതപൂർവമായ വർധനവിനു വേണ്ടി കരുതുന്നതിന്, 1993-ൽ 75-ൽ അധികം പേർക്കു താമസസൗകര്യങ്ങളോടു കൂടിയ ഒരു ബ്രാഞ്ച് ഓഫീസ് മാപൂട്ടോയിൽ പണിയുന്നതിന് ഉള്ള അനുമതി ലഭിച്ചു. ഏകദേശം നാലു വർഷം കൊണ്ടാണ് അതിന്റെ പണി പൂർത്തിയായത്. 1998 ഡിസംബർ 19-ന് അനേക രാജ്യങ്ങളിൽ നിന്നുള്ള 1,098 പ്രതിനിധികൾ മനോഹരമായ ഈ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണത്തിനായി കൂടിവന്നപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പരിപാടിക്കിടയിൽ, കാരികോയിൽ അനേക വർഷങ്ങൾ പ്രവാസത്തിൽ കഴിഞ്ഞിരുന്നവരുമായി അഭിമുഖം നടത്താനുള്ള പദവി എനിക്കു ലഭിച്ചു. പ്രവാസത്തിലായിരുന്നവർ കൈ ഉയർത്താൻ ആവശ്യപ്പെട്ടപ്പോൾ നൂറുക്കണക്കിനു കൈകളാണ് ഉയർന്നത്. ഇതു സദസ്യരെ ആഴത്തിൽ സ്പർശിച്ചു.
പിറ്റേന്ന്, മാറ്റോള സമ്മേളന ഹാളിൽ സമർപ്പണ പരിപാടികളുടെ പുനരവലോകനത്തിനായി 8,525 പേർ കൂടിവന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രോത്സാഹജനകമായ റിപ്പോർട്ടുകളും ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തു നിന്നു സന്ദർശനത്തിനായി എത്തിയ സഹോദരങ്ങൾ നടത്തിയ ബൈബിളധിഷ്ഠിത പ്രസംഗങ്ങളും അന്നത്തെ സവിശേഷതകളായിരുന്നു.
ഒരു കൗമാരപ്രായക്കാരനെന്ന നിലയിൽ ബൈബിൾ സത്യം മനസ്സിലാക്കിയതിനു ശേഷം, കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ, വധ ഭീഷണികൾ, ജീവിച്ചിരിക്കുന്നതിലും ഭേദം മരണമാണെന്നു ചിന്തിച്ചുപോകുന്നതിന് ഇടയാക്കിയ ഭയാനകമായ പീഡനങ്ങൾ എന്നിവയൊക്കെ എനിക്കു സഹിക്കേണ്ടി വന്നിട്ടുണ്ട് എന്നതു സത്യം തന്നെയാണ്. എന്നാൽ പിന്തിരിഞ്ഞു നോക്കുമ്പോൾ ഈ അനുഭവങ്ങൾ യഹോവയുമായുള്ള എന്റെ ബന്ധത്തെ സ്ഫുടം ചെയ്തതായി കാണുന്നത് എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നു. ബൈബിളിലെ സങ്കീർത്തനക്കാരൻ പറഞ്ഞതു പോലെ: “ദൈവം എന്റെ സഹായകനാകുന്നു; കർത്താവു [“യഹോവ,” NW] എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.” (സങ്കീർത്തനം 54:4) യഹോവയുടെ ആരാധകരുടെ ലോകവ്യാപക കുടുംബത്തോടൊപ്പം അവനെ സേവിക്കുക എന്നത് എന്റെയും കുടുംബത്തിന്റെയും അതുല്യമായ പദവിയാണ്.
[23-ാം പേജിലെ ചിത്രം]
സാക്ഷികൾ, തങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കെ പണിത രാജ്യഹാളിന്റെ മുന്നിൽ
[24-ാം പേജിലെ ചിത്രം]
ഞങ്ങൾ ഭവന ബൈബിളധ്യയനം ആസ്വദിക്കുന്നു
[25-ാം പേജിലെ ചിത്രം]
കാരികോ ക്യാമ്പുകളിൽ ഉണ്ടായിരുന്നവർ കൈ ഉയർത്തി