ആൽറ്റൈക്കുകാർ—ഞങ്ങൾ സ്നേഹിക്കാനിടയായ ഒരു കൂട്ടം ആളുകൾ
കഴിഞ്ഞ നൂറ്റാണ്ടിൽ റഷ്യൻ ഓർത്തഡോക്സ് പുരോഹിതനായ ആർക്കിമാൻഡ്രൈറ്റ് മാകാര്യോസ്, ബൈബിളിലെ “പഴയ നിയമം” റഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയുണ്ടായി. എന്നാൽ, പരിഭാഷ നിർവഹിക്കുന്നതിന് മുമ്പ് സഭാ സുന്നഹദോസ് അദ്ദേഹത്തെ മറ്റൊരു കാര്യം ചുമതലപ്പെടുത്തി: ആൽറ്റൈക്കുകാർക്കു ക്രിസ്ത്യാനിത്വം പരിചയപ്പെടുത്തുക. ആരാണ് ഈ ആൽറ്റൈക്കുകാർ? അവർ എവിടെയാണു താമസിക്കുന്നത്? അവരുടെ ജീവിതരീതി എന്താണ്?
കഴിഞ്ഞ ജൂലൈയിൽ റഷ്യയിൽ വെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ഒന്നിൽ ഏകദേശം 40 ആൽറ്റൈക്കുകാർ ഹാജരായിരുന്നു. കൺവെൻഷൻ നടന്നത് ബാർനൗൾ എന്ന നഗരത്തിൽ വെച്ചാണ്. റഷ്യയിലെ ആൽറ്റൈ ക്രൈയിലുള്ള ഏറ്റവും വലിയ നഗരമാണിത്. 1,730 പേർ ഈ ത്രിദിന കൺവെൻഷനു കൂടിവരികയുണ്ടായി. ഇതിൽ സംബന്ധിക്കുന്നതിനു സുഹൃത്തുക്കളോടൊപ്പം ഞാൻ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നു വിമാനമാർഗം അങ്ങോട്ടു തിരിച്ചു, ഏകദേശം 6,500 കിലോമീറ്റർ ദീർഘിച്ച ഒരു യാത്ര ആയിരുന്നു അത്.
ബാർനൗളിൽ ഞങ്ങൾ ഏതാനും ദിവസം മാത്രമേ തങ്ങിയുള്ളൂ. എന്നാൽ അത്രയും സമയം കൊണ്ടു ഞങ്ങൾ ആൽറ്റൈക്കുകാരെ അടുത്തറിയാൻ ഇടയായി, അവരെ വളരെയേറെ സ്നേഹിക്കാനും. അവരിൽ അനേകരും മലമ്പാതകളിലൂടെ ഏകദേശം 650 കിലോമീറ്റർ താണ്ടിയാണ് കൺവെൻഷൻ സ്ഥലത്തെത്തിയത്. മാർഗമധ്യേ, മുകളിൽ നിന്ന് അടർന്നു വീണ ഒരു പാറ അവരുടെ ബസിന്റെ മുൻവശത്തെ ചില്ലു തകർത്തെങ്കിലും യാത്ര ഉപേക്ഷിക്കുന്നതിനെ കുറിച്ച് അവർ ആലോചിക്കുക പോലും ചെയ്തില്ല. ഇതൊക്കെ അറിഞ്ഞപ്പോൾ ഞങ്ങൾക്ക് അവരോട് എത്ര സ്നേഹം തോന്നിയെന്നോ! മാത്രമല്ല, അവരുടെ നാടിനെയും സംസ്കാരത്തെയും കുറിച്ചു കേട്ടപ്പോൾ അവരുടെ വീടുകളും ഗ്രാമങ്ങളും സന്ദർശിക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹം തോന്നി. ഇതാണ് കൺവെൻഷനു ശേഷമുള്ള ആ യാത്രയ്ക്കു കളമൊരുക്കിയത്, ആൽറ്റൈക്കുകാരുടെ നാട്ടിലൂടെ 1,500 കിലോമീറ്റിലധികം ദൂരം വരുന്ന അത്യന്തം രസകരമായ ഒരു യാത്ര.
അവരുടെ നാടും മതവും
70,000-ത്തോളം വരുന്ന ആൽറ്റൈക്കുകാരിൽ—ഇവരാണ് ഈ പ്രദേശത്തെ ആദിമ നിവാസികൾ—മിക്കവരും പർവത പ്രദേശങ്ങളിലാണു താമസിക്കുന്നത്. കസഖ്സ്ഥാൻ, ചൈന, മംഗോളിയ എന്നീ രാജ്യങ്ങളുടെ അതിർത്തികളിൽ നിന്ന് ഏറെ ദൂരമില്ല അവിടേക്ക്. പർവതങ്ങൾ നിറഞ്ഞ ആ ഭൂപ്രദേശം കാഴ്ചയ്ക്ക് അതിഗംഭീരമായിരുന്നു. സ്ഫടികം പോലെ തെളിഞ്ഞ നദികളും പുഷ്പസമൃദ്ധിയും ആ പ്രദേശത്തിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടി. വിവിധ തരത്തിലുള്ള വേരുകൾ ഉപയോഗിച്ച് അത്യന്തം സ്വാദും നറുമണവുമുള്ള ഒരു തരം ചായ ഉണ്ടാക്കാൻ അവിടത്തുകാർക്കറിയാം. പൈൻകായുടെ പരിപ്പും അവർക്കു പ്രിയമാണ്.
ആൽറ്റൈക്കുകാരിൽ ചിലർക്കു സ്വന്തമായി കൃഷിയിടങ്ങളുണ്ട്. തനിക്കും ബന്ധുക്കൾക്കും കൂടി 75 കന്നുകാലികളും 80 ആടുകളും ഉണ്ടെന്ന് ഒരു സാക്ഷി പറയുകയുണ്ടായി. അവർ ഇറച്ചി വിൽപ്പന നടത്തുന്നുണ്ട്. കൂടാതെ കമ്പിളി കൊടുത്ത് ധാന്യമാവും പഞ്ചസാരയും വാങ്ങുന്നു. മകൾക്കും തനിക്കും കൺവെൻഷനു പോകാനായി നാല് മുട്ടാടുകളെ വിറ്റ കാര്യം മറ്റൊരു ക്രിസ്തീയ സഹോദരി എന്നോടു പറഞ്ഞു. ഈ സഹോദരിയുടെ ബൈബിളധ്യയനത്തിൽ ഉള്ള ഏഴു പേർ അവരോടൊപ്പം കൺവെൻഷനു ഹാജരാകുകയുണ്ടായി! അവരിൽ ഒരാൾ കൺവെൻഷൻ സ്ഥലത്തു വെച്ച് എന്നോടു പറഞ്ഞു: “ഞങ്ങൾക്ക് ഒരൊറ്റ മാർഗത്തിലുള്ള ജീവിതമേ ഉള്ളൂ—ദൈവിക മാർഗത്തിലുള്ള ജീവിതം.”
ഈ ഉൾനാടൻ പ്രദേശത്തിന്റെ വശ്യസൗന്ദര്യത്തിൽ മതിമറക്കുന്ന സന്ദർശകർ ഇതിനെ സെക്കൻഡ് സ്വിസ്സ് ആൽപ്സ് എന്നാണു വിളിക്കാറ്. എന്നാൽ ഇവിടെയും ജീവിതം വല്ലാതെ മാറിപ്പോയിരിക്കുന്നു. ഒരു വൃദ്ധൻ ഞങ്ങളോടു പറഞ്ഞു: “ഉറങ്ങുന്നതിനു മുമ്പ് എന്റെ യുർട്ട് [താഴികക്കുടത്തിന്റെ ആകൃതിയിലുള്ള മേൽക്കൂരയോടുകൂടിയ വൃത്താകൃതിയിലുള്ള വീട്] പൂട്ടിയിടണം എന്നു കുറച്ചു വർഷങ്ങൾക്കു മുമ്പ് എന്നോട് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഞാൻ കേൾക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ രാത്രിയിലും ഞാൻ അങ്ങനെ ചെയ്യുന്നു.” ഈ “ദുർഘടസമയങ്ങൾ” അനേകരെ ബൈബിൾ പ്രവചനങ്ങൾ പരിശോധിക്കാൻ പ്രചോദിപ്പിച്ചിരിക്കുന്നു.—2 തിമൊഥെയൊസ് 3:1-5.
ആൽറ്റൈക്കുകാർ പൊതുവെ തങ്ങളുടെ പുരാതന പാരമ്പര്യങ്ങളിലും ആരാധനാരീതിയിലും അഭിമാനംകൊള്ളുന്നവരാണ്. മിക്കവരും മലദൈവങ്ങളിലും നദീ ദേവതകളിലും വിശ്വസിക്കുന്നു. ദൈവങ്ങളുടെ പ്രതീകമായിട്ടാണ് അവർ മലയെ കാണുന്നതു തന്നെ. മൃഗങ്ങളും അവരുടെ ആരാധനാമൂർത്തികളിൽ പെടുന്നു. വെള്ളത്തുണിയിൽ ഒരു മുയലിന്റെ ചിത്രം വരച്ചിട്ട് അതു യുർട്ടിന്റെ ഭിത്തിയിൽ തൂക്കിയിടുക അവരുടെ പതിവാണ്. മഴക്കാലത്ത് ആദ്യമായി ഇടിയും മിന്നലുമുണ്ടാകുമ്പോൾ, ഈ ചിത്രത്തിൽ ഒന്നുകിൽ ചായ, പാൽ അല്ലെങ്കിൽ ചാരായം തളിച്ചുകൊണ്ട് അവർ ഒരു പൂജ നടത്തുന്നു. എന്നാൽ എല്ലാറ്റിലും പ്രബലമായിട്ടുള്ള ഒന്ന് മരിച്ചവരുടെ ആത്മാക്കളെ ആരാധിക്കുന്ന സമ്പ്രദായമാണ്. മരിച്ചവർക്കു ജീവിച്ചിരിക്കുന്ന ആത്മാക്കൾ ഉണ്ടെന്നാണ് അവരുടെ വിശ്വാസം.
ഷാമാന്മാർ എന്നാണ് അവരുടെ മതനേതാക്കന്മാരെ വിളിക്കുക. വസന്തകാലത്തും ശരത്കാലത്തും, മലമുകളിലോ മലഞ്ചെരുവിലോ ഉള്ള ‘വിശുദ്ധ സ്ഥലങ്ങളിൽ’ വെച്ച് ഷാമാന്മാർ ചില അനുഷ്ഠാനങ്ങൾ നടത്താറുണ്ട്. ഈ അനുഷ്ഠാനങ്ങൾക്കിടയിൽ അവർ വെള്ള തുണിക്കഷണങ്ങൾ മരക്കൊമ്പുകളിൽ കെട്ടിയിടുന്നു. ഇങ്ങനെ അവർ അനേകം മരങ്ങൾ തുണിക്കഷണങ്ങൾ കൊണ്ടു പൊതിയുന്നു. ഇപ്രകാരം ചെയ്താൽ മലദൈവങ്ങൾ പ്രസാദിക്കും എന്നും യാത്രാമധ്യേ ഉള്ള അപകടങ്ങളിൽ നിന്നു കാത്തുരക്ഷിക്കും എന്നുമാണ് അവരുടെ വിശ്വാസം.
ആത്മവിദ്യയുടെ ഫലങ്ങൾ
എന്നിരുന്നാലും, എന്നെയും സുഹൃത്തുക്കളെയും ഏറ്റവും ആകർഷിച്ചത് അവിടത്തെ ആളുകളാണ്, പിന്നെ ഊഷ്മളത മുറ്റിനിന്ന അവരുടെ ആത്മാർഥതയും. സ്വ്യെറ്റ്ലാനായെയും പുത്രി ടൂളൂനൈയെയും ഞങ്ങൾ ബാർനൗളിൽ വെച്ചാണ് കണ്ടുമുട്ടിയത്. പിന്നീട്, ഏകദേശം 3,000 ആളുകൾ പാർക്കുന്ന ഊസ്ത്-കാൻ എന്ന ഗ്രാമത്തിൽ വെച്ച് അവരുടെ ആതിഥേയത്വം സ്വീകരിക്കാനുള്ള അവസരവും ഞങ്ങൾക്കു ലഭിച്ചു. സ്വ്യെറ്റ്ലാനായെ വളർത്തിയത് അവരുടെ മുത്തശ്ശിയായിരുന്നു. പ്രാദേശികമായ പരമ്പരാഗത ആചാരങ്ങൾക്ക് അനുസരിച്ചു വളർന്നുവന്ന അവർ ഷാമാന്മാരുമായൂം ഉറ്റ ബന്ധം പുലർത്തിയിരുന്നു. മരിച്ചവരുടെ ആത്മാക്കൾ എന്നു കരുതിപ്പോന്നിരുന്നവയുമായി ആശയവിനിമയം നടത്താനും അവർ പഠിച്ചു. ഈ പ്രത്യേക അറിവ് സമൂഹത്തിൽ അവർക്കു കുറെയൊക്കെ സ്വാധീനം നേടിക്കൊടുത്തു. അവർക്കാണെങ്കിൽ അത് ഇഷ്ടമായിരുന്നു താനും.
എന്നിട്ടും ധാരാളം പ്രശ്നങ്ങൾ അവരെ വലയം ചെയ്യാൻ തുടങ്ങി. അവർ എന്നോട് ഇങ്ങനെ പറഞ്ഞു: “ഭൂതങ്ങൾ എന്നെ കഠിനമായി ഉപദ്രവിക്കുമായിരുന്നു. ഒരൊറ്റ രാത്രി പോലും എനിക്കു സുഖമായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.” ചിലപ്പോഴെല്ലാം അവർ ഒരു അർധബോധാവസ്ഥയിൽ ആയിരിക്കുമായിരുന്നു. അവർ തുടരുന്നു: “ഒരിക്കൽ എന്റെ ആറുമാസം പ്രായമുള്ള മകൾ ടൂളൂനൈയെ എന്റെ നേരെ പതുക്കെ നീങ്ങി വരുന്ന ഒരു പന്നിക്കുഞ്ഞിന്റെ രൂപത്തിൽ ഞാൻ കണ്ടു. എനിക്ക് അതിനെ കഴുത്തു ഞെരിച്ചു കൊല്ലണമെന്നുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും ടൂളൂനൈ ഉച്ചത്തിൽ കരയാൻ തുടങ്ങി. സുബോധം തിരിച്ചുകിട്ടിയപ്പോൾ, എന്റെ കുഞ്ഞിനെ ഞാൻ കൊലപ്പെടുത്തിയേനെയല്ലോ എന്നോർത്തു ഞാൻ ഞെട്ടിപ്പോയി.” ഈ ആത്മാക്കൾ വാസ്തവത്തിൽ ആരാണ് എന്നു സ്വ്യെറ്റ്ലാനാ അതിശയിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെയാണ് 1991-ൽ ഒരു ആൽറ്റൈക് വനിത യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കുറച്ചു ബൈബിൾ സാഹിത്യങ്ങൾ ഊസ്ത്-കാനിൽ കൊണ്ടുവന്നത്. “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” എന്ന ലഘുപത്രിക വായിക്കാൻ കൈയിലെടുക്കുന്ന ഓരോ തവണയും സ്വ്യെറ്റ്ലാനായ്ക്കു വല്ലാതെ ഉറക്കം വരുമായിരുന്നു. അവർ പറയുന്നു: “ഏത് ഉറക്കഗുളികയെയും വെല്ലുന്ന ഒന്നാണല്ലോ സാക്ഷികൾ എനിക്കു തന്നത് എന്നു പറഞ്ഞു ഞാൻ പൊട്ടിച്ചിരിക്കുമായിരുന്നു.” പക്ഷേ, രാത്രിയിൽ അവർ കാണാറുണ്ടായിരുന്ന പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. അതുകൊണ്ട് അവർ ഉള്ളുരുകി ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, നീ അത്രയ്ക്കു ശക്തനാണെങ്കിൽ ഈ പേടിസ്വപ്നങ്ങൾ ഒഴിവായിക്കിട്ടാൻ എന്നെ സഹായിക്കേണമേ.” നിമിഷങ്ങൾക്കകം എല്ലാം ശാന്തമായി. മാത്രമല്ല, സ്വ്യെറ്റ്ലാനായ്ക്കു താൻ സാധാരണ നിലയിലായതായി അനുഭവപ്പെട്ടു.
അങ്ങനെ, ഉറങ്ങുന്നതിനു മുമ്പ് പ്രാർഥിക്കുന്ന ഒരു ശീലം സ്വ്യെറ്റ്ലാനാ വളർത്തിയെടുത്തു. അതിന്റെ ഫലം അവരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു. പതിവിനു വിപരീതമായി അവർക്കു പെട്ടെന്ന് ഉറക്കം ലഭിക്കാൻ തുടങ്ങി. അവർ ഇങ്ങനെ പറഞ്ഞു: “ഒരു സാധാരണ വ്യക്തിയെപോലെ എനിക്കും ഉറങ്ങാൻ സാധിക്കുന്നു എന്നത് എനിക്ക് അവിശ്വസനീയമായി തോന്നി.” വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു ബൈബിൾ ഗൗരവമായി തന്നെ പഠിക്കാൻ അവർ തീരുമാനിച്ചു. അവസാനം, 1992-ൽ യഹോവയാം ദൈവത്തിനുള്ള തന്റെ സമർപ്പണം അവർ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. അവർ എന്നോട് ഇങ്ങനെ പറഞ്ഞു: “യഹോവയിൽ സമ്പൂർണമായി ആശ്രയിക്കുന്നുവെങ്കിൽ സാധിക്കാത്തതായി യാതൊന്നുമില്ല എന്നു ഞാൻ പഠിച്ചു.”—ഫിലിപ്പിയർ 4:13.
ക്രിസ്തീയ ആരാധന തഴച്ചുവളരുന്നു
1993 ആയപ്പോഴേക്കും ഊസ്ത്-കാനിൽ യഹോവയുടെ സാക്ഷികളുടെ ഒരു സഭ സ്ഥാപിക്കപ്പെട്ടു. ഏകദേശം 70 ആളുകൾ യോഗങ്ങളിൽ ഹാജരാകുമായിരുന്നു. 1998 ഏപ്രിലിൽ, യേശുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിനായി കൂടിവന്നത് 120 പേരാണ്. ഊസ്ത്-കാന് ഏതാനും കിലോമീറ്റർ വടക്കുള്ള യാക്കൂനുർ ഗ്രാമം, ഒരുകാലത്ത് ഷാമാനിസത്തിന്റെ തറവാടായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, സാക്ഷികൾ അവിടെ പ്രസംഗപ്രവർത്തനം ആരംഭിച്ചതോടെ ഷാമാന്മാരുടെ പിടി അയയാൻ തുടങ്ങി എന്നാണ് ഷാമോയിറ്റ് എന്നു പേരുള്ള ഒരു വ്യക്തി പറഞ്ഞത്. ഇന്ന് ആ ഗ്രാമത്തിൽ ഒരു കൂട്ടം സാക്ഷികൾ സജീവമായി പ്രവർത്തിക്കുന്നു. മാത്രമല്ല, അനേകം ആളുകൾ ബൈബിളിൽ താത്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്.
മംഗോളിയൻ അതിർത്തിയിൽ നിന്ന് ഏതാണ്ട് 90 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഷാഗാൻ-ഉസുൻ എന്ന ഗ്രാമത്തിൽ ഏകദേശം 500 ആളുകൾ പാർക്കുന്നുണ്ട്. അവരിൽ മിക്കവരും തന്നെ നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നവരാണ് എന്നാണു പറയപ്പെടുന്നത്. ആൽറ്റൈ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഗോർണോ-ആൽറ്റൈസ്കിൽ ഏകദേശം 160 സാക്ഷികൾ വീതമുള്ള രണ്ടു സഭകളുണ്ട്.
എന്നിരുന്നാലും, 1994-ന്റെ തുടക്കത്തിൽ ഊസ്ത്-കാനിൽ നിന്നുള്ള സാക്ഷികൾ ഉൾപ്പെടെ അനേകം സാക്ഷികൾക്ക് ഗോർണോ-ആൽറ്റൈസ്കിലെ കോടതിയിൽ ഹാജരാകാനുള്ള ഉത്തരവു ലഭിച്ചു. ശിശുബലി നടത്തി എന്നതുപോലെ അങ്ങേയറ്റം നീചമായ കുറ്റങ്ങളാണ് അവരുടെ മേൽ ചുമത്തിയിരുന്നത്. സാക്ഷികൾക്കെതിരെ പ്രതിഷേധം നുരഞ്ഞുപൊങ്ങിയപ്പോൾ, അവരിൽ ചിലരെ ജോലിയിൽ നിന്നു പിരിച്ചുവിടുക മാത്രമല്ല ആൽറ്റൈയിൽ നിന്നു നാടുകടത്തുക പോലും ചെയ്തു. എന്നാൽ കാലക്രമത്തിൽ, അവർക്കെതിരെ ഉള്ള ആരോപണങ്ങൾ പച്ചക്കള്ളമാണെന്നു തെളിഞ്ഞു. അങ്ങനെ, 1994 മേയിൽ ആൽറ്റൈ റിപ്പബ്ലിക്കിലെ നീതിന്യായ വകുപ്പ് ഗോർണോ-ആൽറ്റൈസ്കിലെ യഹോവയുടെ സാക്ഷികൾക്ക് നിയമപരമായ അംഗീകാരം നൽകി. ഇന്ന്, സാക്ഷികളും അവരുടെ ബൈബിൾ പ്രസിദ്ധീകരണങ്ങളും ആൽറ്റൈയിൽ സുപരിചിതമാണ്.
ശുശ്രൂഷയിൽ പങ്കുപറ്റുന്നു
ഊസ്ത്-കാൻ സന്ദർശിച്ച സമയത്ത്, പ്രാദേശിക സാക്ഷികളുടെ കൂടെ ഞങ്ങൾ പരസ്യശുശ്രൂഷയിൽ ഏർപ്പെടുകയുണ്ടായി. എന്നാൽ അപ്പോഴേക്കും, ഗ്രാമം സന്ദർശിക്കാൻ ആളുകൾ വന്നിരിക്കുന്നു എന്ന വാർത്ത അവിടമാകെ പരന്നിരുന്നു. അതുകൊണ്ട്, ഞങ്ങൾ പ്രസംഗിക്കുന്നതു കണ്ട പ്രാദേശിക പത്രത്തിന്റെ റിപ്പോർട്ടർ ഞങ്ങളുടെ സംഘത്തിന്റെ അടുത്തെത്തി ഇങ്ങനെ ചോദിച്ചു: “ഏതാനും വിശിഷ്ട വ്യക്തികൾ ഇവിടം സന്ദർശിക്കാൻ വരുന്നു എന്നു ഞാൻ അറിഞ്ഞു. എങ്ങനെയാണ് എനിക്ക് അവരുമായി ഒന്നു ബന്ധപ്പെടാൻ സാധിക്കുക?”
അദ്ദേഹം ഉദ്ദേശിച്ച വിശിഷ്ട വ്യക്തികൾ ഞങ്ങളാണ് എന്നറിഞ്ഞപ്പോൾ ഉണ്ടായ ആ അത്ഭുതം ഒന്നു കാണേണ്ടതായിരുന്നു! സ്ഥലവാസികളുടെ കൂടെ ഞങ്ങൾ അദ്ദേഹത്തിന്റെ അയൽക്കാരെ സന്ദർശിക്കുകയായിരുന്നു എന്നു കണ്ടത് അദ്ദേഹത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. സംഭാഷണമധ്യേ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഇടയിൽ പ്രമാണിമാരായി ആരുമില്ല എന്ന് എനിക്കു മനസ്സിലായി. നിങ്ങൾ വെറും സാധാരണക്കാരായ മനുഷ്യരാണ്, മറ്റുള്ളവരെക്കാൾ വിശിഷ്ടരൊന്നുമല്ല എന്നു വിചാരിക്കുന്ന സാധാരണക്കാർ. അതു തികച്ചും പ്രശംസനീയമാണ്! നിങ്ങൾ യഥാർഥ ക്രിസ്ത്യാനികളാണ്. ഞാൻ നിങ്ങളുടെ കൂടെയാണ്.”
സങ്കടകരമെന്നു പറയട്ടെ, ഞങ്ങളുടെ സന്ദർശനം വളരെ പെട്ടെന്ന് അവസാനിച്ചതു പോലെ തോന്നി. ഞങ്ങളെ യാത്രയാക്കുമ്പോൾ സുഹൃത്തുക്കളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളെ യാത്രയാക്കുമ്പോൾ പരമ്പരാഗതമായി ചെയ്തുവരുന്നതു പോലെ, അവർ എല്ലാവരും തോളോടുതോൾ ചേർന്നുനിന്നു ജീവനുള്ള ഒരു വേലി രൂപീകരിച്ചു. ഏതാനും ദിവസം മാത്രമാണ് അവരോടൊന്നിച്ചു ചെലവഴിക്കാൻ സാധിച്ചതെങ്കിലും, ഒരു അഗാധ സ്നേഹബന്ധത്തിനു തുടക്കം കുറിക്കാൻ അതു ധാരാളം മതിയായിരുന്നു. ഞങ്ങൾ യഥാർഥ സുഹൃത്തുക്കളായി മാറി. എന്തുകൊണ്ട്? ഞങ്ങളെ ഒന്നിപ്പിച്ചത് മുഖപക്ഷമില്ലാത്ത ദൈവമായ യഹോവയാണ് എന്നതാണു കാരണം.—പ്രവൃത്തികൾ 10:34.
മടക്കയാത്രാമധ്യേ
ബാർനൗളിലേക്കുള്ള മടക്കയാത്രാമധ്യേ, ഞങ്ങൾ പർവതത്തിലെ ഒരു ചെറിയ ഗ്രാമത്തിലുള്ള കടയിൽ കയറി. അവിടെ കണക്കെഴുത്തുകാരി മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ കണ്ടപ്പോൾ അവർക്കു വലിയ സന്തോഷമായി. കുശലാന്വേഷണത്തിനു ശേഷം ഞാൻ ചോദിച്ചു: “മാകാര്യോസ് എന്ന പേര് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?”
അൽപ്പം ആലോചിച്ചതിനു ശേഷം അവർ പറഞ്ഞു: “ഇല്ല, ഞാൻ കേട്ടിട്ടില്ല.”
അതുകൊണ്ട്, മാകാര്യോസ് ബൈബിളിന്റെ ഒരു പ്രതി ഞാൻ അവരെ കാണിച്ചു. എന്നിട്ട് ഇങ്ങനെ വിശദീകരിച്ചു: “കഴിഞ്ഞ നൂറ്റാണ്ടിൽ, ഇവിടെ ആൽറ്റൈയിൽ വെച്ചാണ് മാകാര്യോസ് ഇതു പരിഭാഷപ്പെടുത്തിയത്.” അതിനു ശേഷം, ആ ബൈബിൾ ഞാൻ അവർക്കു സമ്മാനമായി നൽകി.
ഞങ്ങൾ കടയിൽ സാധനങ്ങൾ നോക്കിക്കൊണ്ടിരുന്ന സമയത്ത് അവർ അതു വായിക്കാൻ ആരംഭിച്ചു. പൊടുന്നനെ, അവരുടെ കണ്ണുകളിൽ പ്രത്യാശയുടെ ഒരു കിരണം മിന്നിമറഞ്ഞത് ഞങ്ങൾ ശ്രദ്ധിക്കുകയുണ്ടായി. ഞങ്ങൾ പോകാൻ ഇറങ്ങിയപ്പോൾ, ബൈബിളിൽ താത്പര്യം കാണിച്ചേക്കാവുന്ന തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാര്യം അവർ പറഞ്ഞു. അതുകൊണ്ട്, അവിടെ നിന്നുപോരുന്നതിനു മുമ്പ്, ഞങ്ങൾ അവർക്കു കുറച്ച് ഏറെ ബൈബിൾ സാഹിത്യങ്ങൾ നൽകി.
മാകാര്യോസ് ആൽറ്റൈക്കുകാരുടെ ഇടയിൽ ജീവിച്ച് തന്റെ ബൈബിൾ പരിഭാഷ നടത്തിയിട്ട് ഇപ്പോൾ 150-ലധികം വർഷം കഴിഞ്ഞെങ്കിലും, ഇന്നും ആ ബൈബിളിൽ നിന്ന് അനേകം ആൽറ്റൈക്കുകാർ പ്രയോജനം നേടുന്നു എന്നറിയുന്നത് എത്രയോ സന്തോഷകരമാണ്!—സംഭാവന ചെയ്യപ്പെട്ടത്.
[17-ാം പേജിലെ ഭൂപടം]
റഷ്യ
ആൽറ്റൈ
ഗോർണൊ-ആൽറ്റൈ
കസഖ്സ്ഥാൻ
ചൈന
മംഗോളിയ
[16, 17 പേജുകളിലെ ചിത്രം]
ബാർനൗളിലെ കൺവെൻഷനിൽ ആൽറ്റൈക്കുകാർ
[16, 17 പേജുകളിലെ ചിത്രം]
ഈ തുണിക്കഷണങ്ങൾ യാത്രക്കാരെ കാത്തുരക്ഷിക്കും എന്നാണ് അനേകരുടെയും വിശ്വാസം
[17-ാം പേജിലെ ചിത്രം]
ആൽറ്റൈയിലെ പ്രകൃതി ദൃശ്യം
[18-ാം പേജിലെ ചിത്രം]
സ്വ്യെറ്റ്ലാനായും പുത്രിയും
[18-ാം പേജിലെ ചിത്രം]
ഊസ്ത്-കാനിൽ പ്രസംഗിക്കുന്നു
[19-ാം പേജിലെ ചിത്രം]
മാകാര്യോസ് ബൈബിൾ