പുകവലി നിർത്താനുള്ള പത്തു മാർഗ്ഗങ്ങൾ
1. യഥാർത്ഥ പ്രേരണയുണ്ടായിരിക്കുക. നിർത്താനാഗ്രഹിക്കുന്നതിന് സാരവത്തായ കാരണങ്ങളുണ്ടായിരിക്കുക—ആത്മാഭിമാനം; നിങ്ങളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ആരോഗ്യത്തിലുള്ള താത്പര്യം; നിങ്ങളുടെ അപകടകരമായ ശീലത്താൽ ബാധിക്കപ്പെടുന്ന പ്രിയപ്പെട്ടവരിലുള്ള താത്പര്യം. തന്റെ തന്നെയും ദൈവത്തിന്റെയും മുമ്പാകെ ശാരീരികവും ധാർമ്മികവുമായി ശുദ്ധരായിരിക്കാനുള്ള ആഗ്രഹം.
2. നിർത്തുന്നതിന് ഒരു തീയതി നിശ്ചയിക്കുകയും അതനുസരിക്കുകയും ചെയ്യുക; ഒററയടിക്കു നിർത്തുക; അത് സത്വരം ഉപദ്രവിക്കുന്നു, എന്നാൽ അത് സത്വരം സൗഖ്യമാക്കുന്നു.
3. ഈ ശീലം ഒഴിവാക്കുന്നതിന് ക്രിയാത്മകനടപടി സ്വീകരിക്കുക. വീട്ടിലുള്ള സിഗരററുകളെല്ലാം ഒടിച്ചുകളയുക, അവയുടെമേൽ വെള്ളം ഒഴിക്കുക. പുകയിലയുടെ മണമുള്ള നിങ്ങളുടെ വസ്ത്രങ്ങളെല്ലാം അലക്കി ശുദ്ധിയാക്കുക. പുതുതായി തുടക്കമിടുക, ഉൻമേഷവാനായിരിക്കുക!
4. നിക്കോട്ടിനിൽനിന്നുള്ള പൂർണ്ണമായ പിൻമാററം പൂർത്തിയാക്കവേ പുകയിലബാധിതമായ അന്തരീക്ഷത്തെയും പുകവലിക്കുന്ന സുഹൃത്തുക്കളെയും ഒഴിവാക്കുക. കാഴ്ചബംഗ്ലാവുകളും ലൈബ്രറികളും പോലെ പുകവലി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുക.
5. നിങ്ങൾ പുകവലിക്കു ചെലവഴിക്കുമായിരുന്ന പണം സ്വരൂപിച്ചുവെക്കുകയും ഒരു മാസം കഴിഞ്ഞ് എണ്ണിനോക്കുകയും ചെയ്യുക! നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ള എന്തെങ്കിലും വാങ്ങുക. അല്ലെങ്കിൽ നിങ്ങളുടെ വിജയത്തിൽ സന്തോഷിക്കാൻ കഴിയുന്ന ഒരു പ്രിയപ്പെട്ടയാളിനുവേണ്ടി ഒരു സമ്മാനം വാങ്ങുക.
6. നിങ്ങൾ സാധാരണഗതിയിൽ ഒരു സിഗരററിനുവേണ്ടി കൈനീട്ടുന്ന ആ നിമിഷങ്ങളിൽ നിങ്ങളെത്തന്നെയും നിങ്ങളുടെ കൈകളെയും തിരക്കിൽ നിർത്തുക. പുകവലിക്കാനുള്ള ആഗ്രഹം നിങ്ങളെ ശല്യപ്പെടുത്താൻ തുടങ്ങുമ്പോൾ ഗം (നിക്കോട്ടിൻ ഗം അല്ല) ചവക്കുക. ഭക്ഷണങ്ങൾക്കുശേഷം പുകവലിക്കുന്നതിനു പകരം പല്ലുതേക്കുക. ഒന്നു നടക്കുക, എഴുത്തുകളെഴുതുക, തയ്ക്കുക, തോട്ടത്തിൽ ജോലിചെയ്യുക, വസ്തുക്കൾ നന്നാക്കുക, കാർ കഴുകുക എന്നിവയൊക്കെ ചെയ്യുക.
7. ധൈര്യക്കുറവുതോന്നുമ്പോൾ അല്ലെങ്കിൽ സമ്മർദ്ദമനുഭവപ്പെടുമ്പോൾ, അഗാധമായും സാവധാനത്തിലും ശ്വാസോച്ഛ്വാസം ചെയ്യുക. ഒരു സിഗരററിനുവേണ്ടി എത്തിപ്പിടിക്കുന്നതിനു പകരം ധാരാളം വെള്ളവും പഴച്ചാറും കുടിക്കുക. ദ്രാവകങ്ങൾ ശുദ്ധീകരിക്കുന്നു.
8. നിങ്ങളുടെ ശാരീരികപരിമിതികൾക്കുള്ളിൽ വ്യായാമംചെയ്യുക. ന്യായമായിട്ടുള്ളതെന്തെന്ന് നിങ്ങളുടെ ഡോക്ടറോടു ചോദിക്കുക. മെച്ചപ്പെടുന്ന നിങ്ങളുടെ ശാരീരികാവസ്ഥ നിങ്ങളെ പ്രോൽസാഹിപ്പിക്കും.
9. മദ്യസേവ വെട്ടിച്ചുരുക്കുക. മദ്യത്തിന് പുകവലിക്കാനുള്ള ആഗ്രഹത്തിനു വഴിമരുന്നിടാൻ കഴിയുമെന്നുള്ളതുകൊണ്ട് മിക്കപ്പോഴും മദ്യവും സിഗരററുകളും “ഒത്തുപോകുന്നു.” ഇതു സംഭവിക്കാവുന്ന സാമൂഹികാവസരങ്ങൾ വെട്ടിച്ചുരുക്കുക. പുകയിലപരസ്യങ്ങളെ വിമർശനാത്മകമായി വീക്ഷിക്കുക—അവയുടെ ശുംഭത്തരത്തെയും കാപട്യത്തെയും വിശകലനംചെയ്യുക. വീണ്ടും അകപ്പെട്ടുപോകരുത്.
10. നിങ്ങൾ യഹോവയുടെ സാക്ഷികളിലൊരാളാകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ സഹായത്തിനുവേണ്ടി ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക, അനന്തരം നിങ്ങളുടെ പ്രാർത്ഥനക്കനുസൃതമായി പ്രവർത്തിക്കുക. ഒരു അത്ഭുതം പ്രതീക്ഷിക്കരുത്; അത് സംഭവിപ്പിക്കുക.