ചെറുപ്പക്കാർ ചോദിക്കുന്നു. . .
സ്നേഹം പ്രേമഗീതങ്ങളിലെപ്പോലെയാണോ?
പ്രേമഗീതങ്ങൾ—യഥാർത്ഥസ്നേഹത്തെ വാഴ്ത്തുന്ന ഗീതങ്ങൾ, തകർന്ന സ്നേഹത്തെക്കുറിച്ചു വിലപിക്കുന്ന ഗീതങ്ങൾ—റേഡിയോതരംഗങ്ങളുടെ മുഖ്യവിഷയമാണ്. അവ ഏതു വേഷത്തിലായാലും—റിഥമോ, നൃത്തഗീതമോ സോളോ പോപ്പോ റോക്കോ ആയാലും—അവ യുവാക്കളുടെ ഇടയിൽ വമ്പിച്ച പ്രിയമുള്ളവയാണ്. ഇതിനു കാരണമെന്താണ്?
അനേകം ഗീതങ്ങൾക്ക് കേവലം ശക്തമായ സംഗീതാകർഷകതയുണ്ട്—ഈണമുള്ള കീർത്തനങ്ങൾക്കും ഹൃദയഭേദകമായ ഗാനങ്ങൾക്കും നൃത്തത്തിനു യോജിച്ച താളാത്മകഗീതങ്ങൾക്കും. അവ വികാരങ്ങളെ സ്പർശിക്കുന്നു. അവക്ക് മിക്കവാറും മാസ്മരമായ ഒരു പ്രേമാനുഭൂതി ഉളവാക്കാൻ കഴിയും. “ഞാൻ എന്റെ കാമുകിയുമായി പ്രയാസകരമായ ഏതെങ്കിലും സാഹചര്യത്തെക്കുറിച്ചു സംസാരിക്കവേ വാക്കുകിട്ടാതെ വരുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുന്ന ഒരു നല്ല പ്രേമഗീതം എന്നെ സുഖാവഹമായ ഒരു ഭാവത്തിലാക്കുകയും വാക്കുകൾ അനായാസം വരുകയുംചെയ്യുന്നു”വെന്ന് റസ്ററി എന്നു പേരുള്ള ഒരു യുവാവ് പറയുന്നു.
എന്നിരുന്നാലും, പ്രേമഗീതങ്ങളുടെ ജനപ്രീതി മുഴുവനായും ഈണങ്ങൾക്കുണ്ടായിരിക്കാവുന്ന ഏതെങ്കിലും സംഗീതമേൻമകൊണ്ടല്ല. നിങ്ങൾ ഒരു യുവാവായിരിക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ ലൈംഗികവികാരങ്ങളോട് ഇടപെടാൻ പഠിക്കുകയാണ്. സ്നേഹത്തിന്റെയും പ്രേമത്തിന്റെയും മർമ്മങ്ങളിൽ ജിജ്ഞാസുക്കളായി ഡേററിംഗിന്റെ ഉല്ലാസങ്ങളെയും വേർപിരിയുന്നതിന്റെ വേദനകളെയുംകുറിച്ചു പറയുന്ന ഗീതങ്ങളുമായി നിങ്ങൾ താദാത്മ്യം പ്രാപിച്ചേക്കാം. ഒരു എഴുത്തുകാരൻ പ്രസ്താവിക്കുന്നതുപോലെ, പ്രേമഗീതങ്ങളിലൂടെ യുവാക്കൾക്ക് “പ്രേമത്തിലായിരിക്കുന്നതിന്റെ അനുഭൂതി ആസ്വദിക്കാനും അങ്ങനെ പ്രേമത്തിന്റെ ചില ഉല്ലാസങ്ങളും നൈരാശ്യങ്ങളും അനുഭവിക്കാനും കഴിയും.”
പ്രേമരീതികളിലുള്ള പരിചയക്കുറവും ഒരുപക്ഷേ തങ്ങളുടെ വികാരങ്ങൾ പ്രകടമാക്കുന്നതിനുള്ള പ്രാപ്തിസംബന്ധിച്ച അനിശ്ചിതത്വവും നിമിത്തം ചിലർ ആ പ്രത്യേകതയുള്ള ആളിനോടു പറയാൻ പററിയ പദങ്ങൾ കണ്ടെത്താൻ പ്രേമഗീതങ്ങളിലേക്കു നോക്കുകപോലും ചെയ്യുന്നു. ജനപ്രീതിയുള്ള ഗീതങ്ങളിൽനിന്ന് അടർത്തിയെടുത്ത പദപ്രയോഗങ്ങളാൽ വിപരീതലിംഗവർഗ്ഗത്തിൽപെട്ടവർക്ക് ഹരംപകരാൻ ശ്രമിച്ചതായി ചില യുവാക്കൾ സമ്മതിക്കുന്നു. എന്നാൽ പ്രേമഗീതങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം യുവാക്കളെ സ്നേഹത്തെക്കുറിച്ചു പഠിപ്പിക്കുന്നു?
പ്രേമഗീതങ്ങളിൽനിന്നുള്ള പാഠങ്ങൾ
ആദ്യമായി, എഴുതപ്പെട്ടിട്ടുള്ളതിലേക്കും അതിമനോഹരമായ പ്രേമഗീതങ്ങളിലൊന്നിനെക്കുറിച്ചു പരിചിന്തിക്കുക. ശലോമോന്റെ ഗീതം എന്നു വിളിക്കപ്പെടുന്ന അത് ഒരു സുന്ദരിയായ ശൂലേമ്യബാലികയുടെയും ഒരു ഇടയബാലനോടുള്ള അവളുടെ സ്നേഹത്തിന്റെയും ബൈബിൾവിവരണമാണ്. അവരുടെ സ്നേഹത്തിന് ശലോമോൻരാജാവ് ഭീഷണിയുയർത്തുന്നു. അവൻ തന്റെ തിളക്കമാർന്ന മഹത്വത്താലും ജ്ഞാനത്താലും സമ്പത്തിനാലും ഈ യുവതിയുടെ ഹൃദയം കവരാൻ ശ്രമിക്കുന്നു—എന്നാൽ വ്യർത്ഥം. അവളുടെ സ്നേഹം ചപലമല്ലെന്ന് തെളിഞ്ഞു. ബാലിക ഇങ്ങനെ പ്രഖ്യാപിച്ചു: “അനന്യഭക്തിയിലുള്ള നിർബന്ധം ഷീയോൾ പോലെ കീഴടങ്ങാത്തതാണ്. അതിന്റെ ജ്വലനങ്ങൾ അഗ്നിജ്വലനങ്ങൾ, യാഹിൻജ്വാല ആകുന്നു.”—ശലോമോന്റെ ഗീതങ്ങൾ 8:6.
ഇന്നത്തെ പ്രേമഗീതങ്ങൾ സമാനമായി പ്രേമത്തെസംബന്ധിച്ച സമുന്നതമായ, എന്നാൽ യാഥാർഥ്യബോധമുള്ള, ഒരു വീക്ഷണത്തിനു പ്രോൽസാഹിപ്പിക്കുന്നുണ്ടോ? നേരെമറിച്ചാണ്. പ്രേമഗീതങ്ങൾ “ശുഭപര്യവസായിയായ നാടകത്തിന്റെയും ദണ്ഡിപ്പിക്കപ്പെട്ട വികാരത്തിന്റെയും ഒരു ലോകത്തെ ആഘോഷിക്കുന്നു, അതിൽ സ്നേഹം” മിക്കപ്പോഴും “പൂർണ്ണപരിഹാരം” കണ്ടെത്തുന്നുവെന്ന് എഴുത്തുകാരിയായ സാലി ഹെൽജസൻ പ്രസ്താവിക്കുന്നു. നിർഭാഗ്യവശാൽ ‘പൂർണ്ണപരിഹാരങ്ങൾ’ യഥാർത്ഥജീവിതത്തിൽ വളരെ വിരളമാണ്, അവ തേടുന്നവൻ വിഫലത ക്ഷണിച്ചുവരുത്തുകയാണ്. എന്തിനധികം, ശലോമോൻരാജാവിന്റെ ശ്രേഷ്ഠമായ കാവ്യമൊഴികൾക്കുപോലും ശൂലേമ്യബാലികയുടെ പ്രേമം നേടിയെടുക്കാൻ കഴിഞ്ഞില്ല! ഹെൽജസൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ ഗീതങ്ങൾ മുതിർന്ന ജീവിതത്തിന്റെ ഒരു രൂപരഹിതമായ സ്വപ്നത്തെ ആവാഹിക്കുന്നു, അതിൽ പ്രേമവികാരം മറെറല്ലാ വികാരങ്ങളെയും വിഴുങ്ങിക്കളയുന്നു, ഉത്തരവാദിത്തം ആരും കണക്കാക്കുന്നില്ല.” വീണ്ടും യഥാർത്ഥജീവിതത്തിൽനിന്ന് വളരെ വിഭിന്നം.
പ്രേമഗീതങ്ങൾ പ്രതിജ്ഞാബദ്ധത “പഴഞ്ച”നാണെന്നുള്ള ആശയം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നുവെന്ന് ന്യൂയോർക്ക് യൂണിവേഴ്സിററിയിലെ ഭാവഗാനരചനയുടെ പ്രൊഫസ്സറായ ഷൈലാ ഡേവിസ് പറയുന്നു. പ്രേമഗീതങ്ങളിലെ മറെറാരു ജനരഞ്ജകമായ പ്രതിപാദ്യം പ്രേമം ക്ഷിപ്രമാണെന്നാണ്. ഒരു ജനസമ്മതിയുള്ള ഗീതം പ്രേമം “ആദ്യ അഭിവാദ്യ”ത്തിനും “ആദ്യപുഞ്ചിരി”ക്കും ശേഷം കുരുത്തുവെന്ന് പ്രസ്താവിച്ചു. അങ്ങനെ പ്രേമം അന്ധമാണെന്ന് പഠിപ്പിക്കുകയും ശക്തമായ വശങ്ങളെ തിരിച്ചറിയുന്നുവെങ്കിലും ഗണ്യമായ ദൗർബല്യങ്ങളെപ്പോലും കാണാൻ വിസമ്മതിക്കുകയും ചെയ്യുന്നു.
അങ്ങനെയുള്ള പാഠങ്ങൾ എത്ര വിലയുള്ളവയാണ്? ശരി, ഇതു പരിഗണിക്കുക: ഒരു പ്രഥമധാരണക്ക് യഥാർത്ഥത്തിൽ നിലനിൽക്കുന്ന ഒരു ബന്ധത്തിന്റെ അടിസ്ഥാനമായിരിക്കാൻ കഴിയുമോ? അശേഷമില്ല. ബൈബിൾ യഥാർത്ഥസ്നേഹത്തെ വർണ്ണിക്കുന്നതെങ്ങനെയെന്നു കാണുക: “സ്നേഹം ക്ഷമയുള്ളതും ദയയുള്ളതുമാകുന്നു . . . സ്നേഹം ദുശ്ശീലമുള്ളതോ സ്വാർത്ഥമോ പ്രകോപനപരമോ അല്ല . . . സ്നേഹം ഒരിക്കലും ഉപേക്ഷിക്കുന്നില്ല; അതിന്റെ വിശ്വാസവും പ്രത്യാശയും ക്ഷമയും ഒരിക്കലും നിലക്കുന്നില്ല. സ്നേഹം നിത്യമാണ്.”—1 കൊരിന്ത്യർ 13:4-8, ററുഡേയസ ഇംഗ്ലീഷ വേർഷൻ.
അതുകൊണ്ട്, യഥാർത്ഥസ്നേഹം ക്ഷിപ്രമായ ഒരു സംഭവമല്ല, അതിൽ ഉൾപ്പെട്ടിരിക്കുന്നത് വിചാരങ്ങളും വികാരങ്ങളും മാത്രവുമല്ല. പരിപക്വമായ പ്രേമത്തിന് കണ്ണുണ്ട്; അത് ശക്തമായ വശങ്ങളെ കാണുന്നു, എന്നാൽ ദൗർബല്യങ്ങളെ അവഗണിക്കുന്നില്ല. യഥാർത്ഥസ്നേഹം വളരുന്നത് ഒരു കാലഘട്ടംകൊണ്ടാണ്, മറെറാരാളുടെ വ്യക്തിത്വത്തെയും ഗുണങ്ങളെയും—“ഹൃദയത്തിന്റെ ഗൂഢമനുഷ്യനെ”—കുറിച്ചുള്ള അറിവു നേടുമ്പോഴാണ്. (1 പത്രോസ് 3:4) യഥാർത്ഥസ്നേഹം പ്രതിജ്ഞാബദ്ധതയിൽനിന്നു പിൻമാറുന്നില്ല; കാര്യങ്ങൾ ശോഭനമല്ലാത്തപ്പോൾപോലും അത് ഒരു ബന്ധത്തോടു പററിനിൽക്കുകയും അതിനെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയുംചെയ്യുന്നു. യഥാർത്ഥ സ്നേഹം ഗീതങ്ങളിൽ വർണ്ണിക്കപ്പെടുന്ന പ്രേമത്തിൽനിന്ന് എത്ര വ്യത്യസ്തമാണ്!
വ്യക്തമായ ഭാവഗീതങ്ങൾ
പ്രേമഗീതങ്ങൾ സ്നേഹത്തെ ലൈംഗികതക്കു തുല്യമാക്കാനും ശ്രമിക്കുന്നു—അത് ഈയിടെയായി ഞെട്ടിക്കുന്നവിധം നിർലജ്ജമായി പഠിപ്പിക്കുന്ന ഒരു പാഠമാണ്. നിങ്ങളുടെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ ഒരു കാലത്ത് പാടി നൃത്തംവെച്ചിരുന്ന പ്രേമഗീതങ്ങളിൽ ചിലപ്പോഴൊക്കെ ഗഹനമായ സൂചനകളുള്ള ഒന്നോ രണ്ടോ വരികളുണ്ടായിരുന്നിരിക്കാം. എന്നാൽ ഇന്നത്തെ പ്രേമഗീതങ്ങൾ അശേഷം ഗഹനമല്ല. നേരത്തെ ഉദ്ധരിച്ച ഷൈലാ ഡേവിസ് ഇങ്ങനെ പറയുന്നു: “സ്പഷ്ടത ഗഹനതയുടെ സ്ഥാനത്തു വന്നിരിക്കുന്നുവെന്നു മാത്രമല്ല, ശൃംഗാരമണ്ഡലം ഹസ്തമൈഥുനത്തെയും [വികടമായ] ലൈംഗികതയെയും ഉൾപ്പെടുത്താൻ വികസിപ്പിക്കപ്പെട്ടിരിക്കുകയുംചെയ്യുന്നു, എന്നാൽ ഭാവഗീതങ്ങൾ ഒരു കാലത്ത് നികൃഷ്ടമായി കരുതപ്പെട്ടിരുന്ന അഗമ്യഗമനത്തിന്റെ പ്രദേശത്തെ പോലും ആക്രമിച്ചിരിക്കുന്നു.” പല യു.എസ്. റക്കോഡ് കമ്പനികളും ഇപ്പോൾ ലൈംഗികതയെയും അക്രമത്തെയും കൈകാര്യംചെയ്യുന്ന സ്പഷ്ടമായ ഭാവഗീതങ്ങളടങ്ങുന്ന റെക്കോഡുകളിൽ മുന്നറിയിപ്പിന്റെ ലേബലുകൾ ഒട്ടിക്കാൻ സമ്മതിച്ചിട്ടുണ്ട്.
പതിനാറുവയസ്സുകാരിയായ ലസ്ലി ഇങ്ങനെ വാദിക്കുന്നു: നിങ്ങൾക്ക് അതിനനുസരിച്ചു നൃത്തംവെക്കാൻകഴിയുമെങ്കിൽ ഭാവഗീതങ്ങൾ അത്ര പ്രധാനമല്ല. അത് ആരെയെങ്കിലും ദുഷിപ്പിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അത് വെറും സംഗീതമാണ്.” വിദഗ്ദ്ധൻമാർ വിയോജിക്കുന്നു. “ജനരഞ്ജകമായ ഒരേ സംഗീതങ്ങൾ ദിവസവും ആവർത്തിക്കുന്നത് ലൈംഗികസന്ദേശങ്ങൾ അനായാസം ഓർത്തിരിക്കാൻ സഹായിക്കുന്നു”വെന്ന് ഒരു ഗവേഷകൻ പ്രസ്താവിക്കുന്നു. നിങ്ങൾ ചിലരെപ്പോലെ, വീണ്ടും വീണ്ടും കേട്ടതുകൊണ്ടുമാത്രം ഹാനികരമോ അസാൻമാർഗ്ഗികമോ ആയ ഭാവഗീതങ്ങൾ പാടിവിടുന്നുണ്ടോ? (എഫേസ്യർ 4:29) സാൻ അന്റോണിയോയിലുള്ള ടെക്സാസ് യൂണിവേഴ്സിററിയിലെ ഒരു സംഗീതപ്രൊഫസ്സറായ ഡോ. ജോസഫ് സ്ററ്യൂസേ ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “ഏതുതരം സംഗീതവും നമ്മുടെ ഭാവത്തെയും വികാരങ്ങളെയും മനോഭാവങ്ങളെയും തൽഫലമായുള്ള നമ്മുടെ പെരുമാററത്തെയും ബാധിക്കുന്നു.”—ഇററാലിക്സ് ഞങ്ങളുടേത്.
ലൈംഗികദുർമ്മാർഗ്ഗത്തെ സ്പഷ്ടമായി വർണ്ണിക്കുന്നതോ പ്രോൽസാഹിപ്പിക്കുന്നതോ ആയ വാക്കുകൾ ശ്രദ്ധിക്കുന്നതോ പാടുന്നതോ ആരോഗ്യാവഹമായിരിക്കാൻ കഴിയുമോ? അങ്ങനെ ചെയ്യുന്നത് ദാമ്പത്യബന്ധത്തിലെ ഉചിതമായ ലൈംഗികതയുടെ പങ്കുസംബന്ധിച്ച നിങ്ങളുടെ വീക്ഷണത്തെ ദുഷിപ്പിച്ചേക്കുകയില്ലേ?—1 കൊരിന്ത്യർ 7:3-5.
“സനേഹിക്കാൻ ഒരു കാലം”
ജനരഞ്ജകമായ സംഗീതത്തിൽ പഠിപ്പിക്കപ്പെടുന്ന മറെറാരു അപകടകരമായ മിഥ്യാധാരണ കൗമാരപ്രായക്കാർ വിപരീതലിംഗവർഗത്തിൽപെട്ടവരുമായുള്ള അടുപ്പത്തിന് സജ്ജരാണെന്നുള്ളതാണ്. “സ്നേഹിക്കാൻ ഒരു കാലം” ഉണ്ടെന്നുള്ളതു സത്യംതന്നെ—എന്നാൽ ബൈബിൾ ഇവിടെ കാമാസക്തമായ പ്രേമത്തെ പരാമർശിക്കുകയല്ല. വൈവാഹികസ്നേഹത്തെ സംബന്ധിച്ചാണെങ്കിൽ, ഇപ്പോൾ യഥാർത്ഥത്തിൽ നിങ്ങൾക്ക് അതിനുള്ള സമയമാണോ? നിങ്ങൾക്കു വേണ്ടത്ര പ്രായമാകാൻ ഇനി പല വർഷങ്ങൾകൂടെ വേണ്ടിവരുകയില്ലേ? (സഭാപ്രസംഗി 3:8) ഒടുവിൽ പറഞ്ഞതാണു സത്യമെങ്കിൽ നിങ്ങൾക്ക് ഇപ്പോഴും പാടില്ലാത്ത ഒന്നിനുവേണ്ടി ശക്തമായ ആഗ്രഹങ്ങൾ ഉണർത്തുന്നത് ബുദ്ധിപൂർവകമാണോ?
തങ്ങളുടെ ഇളക്കപ്പെട്ട പ്രേമവികാരങ്ങൾക്ക് പോംവഴികളില്ലാത്തതിനാൽ ചില യുവാക്കൾ പ്രേമാത്മക സ്വപ്നലോകത്തിൽ പ്രവേശിക്കുന്നു. ചിലർ തങ്ങളുടെ ഇഷ്ടഗായകരിൽ “അനുരക്തരാ”കുകയും പാട്ടിലെ ഓരോ സ്നേഹനിർഭരമായ പദവും തങ്ങളുടെ സ്വന്ത ചെവികളിൽ മന്ത്രിക്കപ്പെടുകയാണെന്ന് സങ്കൽപ്പിക്കുകയുംചെയ്യുന്നു. അവർ ആ കലാപ്രതിഭയുടെ ലഭ്യമായ സകല ആൽബങ്ങളും ഫോട്ടോകളും പോസ്റററുകളും ശേഖരിക്കുകയും അയാളെ വിവാഹംചെയ്യുന്നതിനെക്കുറിച്ച് സ്വപ്നംകാണുകയും ചെയ്യുന്നു. എന്നാൽ അങ്ങനെയുള്ള വിചിത്രഭാവനാബന്ധത്തിന്റെ ഏക പരിണതഫലം നിരാശയും വേദനയുമായിരിക്കാനാണ് സാദ്ധ്യത.
ശലോമോന്റെ ഗീതം അങ്ങനെ മറെറാരു പ്രധാനപ്പെട്ട പാഠം പഠിപ്പിക്കുന്നു. തന്റെ ഇടയബാലനോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കാനുള്ള ആഗ്രഹത്താൽ, തന്റെ സ്നേഹം തേടിയ ശലോമോൻരാജാവിനോട് ‘തന്നിൽ സ്നേഹം ഉണർത്തുകയോ ഇളക്കുകയോചെയ്യരുതെന്ന്’ ശൂലേമ്യപെൺകുട്ടി തന്റെ സകല സഖികളെയും ഉപദേശിച്ചു. (ശലോമോന്റെ ഗീതം 2:7) തന്റെ വികാരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംസാരത്തിന്റെ ശക്തി അറിഞ്ഞുകൊണ്ട് അവൾ കേവലം അത് ശ്രദ്ധിക്കുന്നതിന് വിസമ്മതിച്ചു. നിങ്ങളുടെ സംഗീതതെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സമാനമായ ഒരു പ്രവർത്തനഗതി ബുദ്ധിപൂർവകമായിരിക്കും. നിങ്ങളിൽ ശക്തമായ ശൃംഗാരവികാരങ്ങൾ ഉണർത്തുന്നതോ നിങ്ങളിൽ ദുഃഖത്തിന്റെയും ഏകാന്തതയുടെയും തോന്നലുളവാക്കുന്നതോ ആയ സംഗീതം കേവലം ഒഴിവാക്കിക്കൂടേ?
ഇതോർക്കുക: സംഗീതം ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്. അധഃപതിപ്പിക്കുന്നതും ധർമ്മഭ്രംശം വരുത്തുന്നതുമായ സംഗീതത്തിൽ, ക്രിസ്തീയമൂല്യങ്ങളെ വളച്ചൊടിക്കുന്നതും അഴിഞ്ഞ ധാർമ്മികനിഷ്ഠകളെ പ്രോൽസാഹിപ്പിക്കുന്നതുമായ സംഗീതത്തിൽ, ദൈവം പ്രസാദിക്കുകയില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അതുകൊണ്ട് ക്രിസ്തീയയുവാക്കൾ തങ്ങളുടെ സംഗീതത്തെ തെരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. പത്തൊൻപതുവയസ്സുകാരനായ സ്ക്കോട്ടു പറയുന്നു: “ഞാൻ ഒരു റെക്കോഡോ കാസറേറാ വാങ്ങുന്നതിനുമുമ്പ്, ഞാൻ കവർ പരിശോധിക്കുകയും ഗീതത്തെക്കുറിച്ച് ഒരു ധാരണ നേടുകയുംചെയ്യുന്നു. അത് ദുസ്സൂചനയുള്ളതാണെങ്കിൽ ഞാൻ അതു വാങ്ങുകയില്ല.”
സ്നേഹം കേവലം പ്രേമഗീതങ്ങളിലേതുപോലെയല്ല. നിങ്ങൾ ചിലപ്പോൾ വേദനാജനകങ്ങളായ ജീവിതാനുഭവങ്ങളിലൂടെ ഈ വസ്തുത പഠിക്കും. ഇമ്പമുള്ള ഗീതങ്ങൾ യഥാർത്ഥസുഹൃത്തുക്കൾക്കു പകരമാകുന്നില്ലെന്നും ഓർക്കുക. സംഗീതാത്മകമായ ഒരു സ്വപ്നലോകത്തിൽ നിങ്ങളെത്തന്നെ ഒററപ്പെടുത്തുന്നതിനു പകരം ആളുകളുമായി—നിങ്ങളുടെ മാതാപിതാക്കളും ദൈവഭയമുള്ള യുവാക്കളും, പക്വതയുള്ള ക്രിസ്ത്യാനികളുമായി—സമയം ചെലവഴിക്കുക. (സദൃശവാക്യങ്ങൾ 18:1) അങ്ങനെയുള്ള സഹവാസം നിങ്ങൾ ദൈവികമായ ഒരു വിധത്തിൽ സ്നേഹിക്കപ്പെടുന്നതായ ഒരു തോന്നലുളവാകുന്നതിൽ കലാശിക്കും—പ്രേമഗീതങ്ങളിലെ വിചിത്രഭാവനകളെക്കാൾ മികച്ച ഒരു തോന്നൽതന്നെ. (g89 6/22)
[19-ാം പേജിലെ ആകർഷകവാക്യം]
“ഏതുതരം സംഗീതവും നമ്മുടെ ഭാവത്തെയും വികാരങ്ങളെയും മനോഭാവങ്ങളെയും തൽഫലമായുള്ള നമ്മുടെ പെരുമാററത്തെയും ബാധിക്കും”
[17-ാം പേജിലെ ചിത്രം]
എല്ലാ പ്രേമഗീതങ്ങളും യഥാർത്ഥജീവിതത്തെ ചിത്രീകരിക്കുന്നുവോ?
[18-ാം പേജിലെ ചിത്രം]
നിങ്ങൾ നല്ലതു തെരഞ്ഞെടുത്തു ശ്രദ്ധിക്കുക!