പുകവലി ക്രിസ്തീയ വീക്ഷണം
ബൈബിൾ പുകയിലയെയോ പുകവലിയെയോ സംബന്ധിച്ചു പറയുന്നില്ലെന്ന് സ്പഷ്ടമാണ്. എന്തുകൊണ്ടെന്നാൽ അവ പുരാതന മദ്ധ്യപൂർവദേശത്ത് അറിയപ്പെട്ടിരുന്നില്ല. ലളിതമായ കാരണം പുകയിലച്ചെടി തെക്കേ അമേരിക്കയിലും മെക്സിക്കോയിലും വെസ്ററിൻഡീസിലും ഉണ്ടായതാണെന്നുള്ളതാണ്. 16-ാം നൂററാണ്ടിന്റെ മദ്ധ്യംവരെ അത് ലോകത്തിലെ ശേഷിച്ച ഭാഗങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരുന്നില്ല.
അതിന് പുകവലി സംബന്ധിച്ചു പ്രസക്തമായ യാതൊന്നും ബൈബിൾ പറയുന്നില്ലെന്ന് അർത്ഥമുണ്ടോ? അശേഷമില്ല. അത് സാർവലൗകിക പ്രയുക്തതയുള്ളതും നമുക്കു മാർഗ്ഗരേഖകളുമായ തത്വങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്നു. ഈ അടിസ്ഥാനതത്വങ്ങളിൽ ചിലത് എന്താണ്?
ദൈവത്തോടും അയൽക്കാരനോടുമുള്ള സനേഹം
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപ്രേരണാശക്തി യേശു പ്രസ്താവിച്ചതായിരിക്കണം: “‘നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ഹൃദയത്തോടും നിന്റെ മുഴു ദേഹിയോടും നിന്റെ മുഴു ശക്തിയോടും നിന്റെ മുഴു മനസ്സോടുംകൂടെയും’ ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും സ്നേഹിക്കണം.’”—ലൂക്കോസ് 10:27.
ഒരുവൻ അകാലരോഗത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ഒരു ശീലത്തിൽ, ഒരു ദുശ്ശീലത്തിൽ, ആസക്തനാകുന്നതിന് തന്റെ പ്രാപ്തികൾ മനഃപൂർവം നശിപ്പിക്കുകയാണെങ്കിൽ അയാൾക്ക് എങ്ങനെ തന്റെ മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടുംകൂടെ ദൈവസ്നേഹം അർപ്പിക്കാൻ കഴിയും? ഒരുവൻ നിക്കോട്ടിൻ പോലെ ആസക്തിയുളവാക്കുന്ന ഒരു മയക്കുമരുന്ന് വലിച്ചുകയററുന്നുവെങ്കിൽ അയാൾ ജീവനാകുന്ന ദൈവദാനത്തോട് എങ്ങനെയാണ് വിലമതിപ്പു പ്രകടമാക്കുന്നത്? ദൈവം “സകല ആളുകൾക്കും ജീവനും ശ്വാസവും കൊടുത്തു.” (പ്രവൃത്തികൾ 17:24, 25) നാം ദൈവദത്തമായ ആ ശ്വാസത്തെ മലിനീകരിക്കണമോ? ദൈവത്തിന്റെ വീക്ഷണത്തിൽ അത് യഥാർത്ഥത്തിൽ ദുശ്ശീലമാണ്, “അധമവും അധഃപതിപ്പിക്കുന്നതും അധാർമ്മികവുമായ ഒരു നടപടി അഥവാ ശീല”മാണ്.—ദി അമേരിക്കൻ ഹെരിറേറജ ഡികഷനറി ഓഫ ദി ഇംഗ്ലീഷ ലാംഗ്വേജ.
ഒരു പുകവലിക്കാരന്റെ ദുഷിച്ച ശ്വാസവും പുകയും വസ്ത്രത്തെയും ചുററുപാടുമുള്ള വായുവിനെയും മലിനീകരിക്കുമ്പോൾ പുകവലി എങ്ങനെയാണ് അയൽസ്നേഹം പ്രകടമാക്കുക? ഒരു പുകവലിക്കാരന്റെ ഏററവുമടുത്ത അയൽക്കാരായ അയാളുടെ ഭാര്യയെയും മക്കളെയും സംബന്ധിച്ചെന്ത്? അവർ കാണേണ്ടിവരുന്ന അകാലത്തിലുള്ള, സാവധാനത്തിലുള്ള, വേദനാകരമായ മരണത്തിലേക്കു നയിച്ചേക്കാവുന്ന ഒരു ഗതി പിന്തുടരുന്നത് സ്നേഹമാണോ? ഒരു പുകവലിക്കാരന്റെ വിഷമയമായ നിശ്വാസവായു ശ്വസിച്ചുകൊണ്ട് നിഷ്ക്രിയ പുകവലിക്കാരായിരിക്കാൻ മററുള്ളവർക്കു കടപ്പാടുണ്ടാക്കുന്നത് ക്രിസ്തീയപരിഗണനയാണോ? സ്പെയിനിലെ ബേന്ളിലുള്ള ബോട്ടാനിക്കൽ ഗാർഡനിൽ പുകയിലച്ചെടി അതിന്റെ വിഷച്ചെടിവിഭാഗത്തിലായിരിക്കുന്നത് അതിശയമല്ല!
സ്വസ്നേഹം സംബന്ധിച്ചെന്ത്? ശാരീരികവും മാനസികവും ആത്മീയവുമായ ഒരുവന്റെ ആരോഗ്യത്തിനുവേണ്ടി കരുതുന്ന ഘട്ടത്തോളം ഒരുവനെത്തന്നെ സ്നേഹിക്കുന്നത് ന്യായമാണ്. “യതൊരു മനുഷ്യനും ഒരിക്കലും സ്വന്ത ജഡത്തെ വെറുത്തിട്ടില്ല; പിന്നെയൊ അയാൾ അതിനെ പോററിപ്പുലർത്തുന്നു”വെന്ന് അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചു. ഒരുവന്റെ ആരോഗ്യത്തെ സാവധാനത്തിൽ തകിടം മറിക്കുന്ന ഒരു ശീലത്തിൽ ആസക്തനാകുന്നത് സ്വസ്നേഹപ്രകടനമാണോ?—എഫേസ്യർ 5:28, 29.
‘നീതി നിവസിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും’ ഉണ്ടായിരിക്കുമെന്ന് യഹോവയാം ദൈവം വാഗ്ദത്തംചെയ്തു. (2 പത്രോസ് 3:13) അത് യാതൊരുതരം മലിനീകരണവുമില്ലാത്ത ഒരു ശുദ്ധമായ ലോകമായിരിക്കും. അന്ന് പുകവലി അനുവദിക്കപ്പെടുകയില്ല, അല്ലെങ്കിൽ അതിനുള്ള ആഗ്രഹമുണ്ടായിരിക്കയില്ല. അതുകൊണ്ട് ഇപ്പോൾ എന്തിനു പുകവലിക്കണം? യുക്ത്യാനുസൃതം പൗലോസിന്റെ ബുദ്ധിയുപദേശം ഇവിടെ ബാധകമാകുന്നു: “അതുകൊണ്ടു പ്രിയമുള്ളവരെ, നമുക്ക് ഈ വാഗ്ദത്തങ്ങളുള്ളതുകൊണ്ട് നമുക്ക് ജഡത്തിലെയും ആത്മാവിലെയും സകല അശുദ്ധിയും നീക്കി നമ്മേത്തന്നെ ശുദ്ധീകരിക്കാം, ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കിക്കൊണ്ടുതന്നെ.” (2 കൊരിന്ത്യർ 7:1) നിക്കോട്ടിൻ തികച്ചും അക്ഷരീയമായിത്തന്നെ ജഡത്തെ മലിനപ്പെടുത്തുന്നു. പുകവലി ഒരു ക്രിസ്ത്യാനിക്ക് തന്റെ ശരീരത്തെ “ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ഒരു യാഗമായി, [അവന്റെ] ചിന്താശക്തിയോടുകൂടിയ ഒരു വിശുദ്ധസേവനമായി” ദൈവത്തിന് അർപ്പിക്കുക അസാദ്ധ്യമാക്കുന്നു. (റോമർ 12:1) പുകവലി ഹാനികരവും ക്രിസ്തീയതത്വങ്ങൾക്ക് എതിരുമാണെന്ന് ചിന്താശക്തി ആജ്ഞാപിക്കുന്നു. അപ്പോൾ അവിടെയാണ് ഒരുവൻ ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നുവെങ്കിൽ പുകവലി നിർത്തുന്നതിനുള്ള മുഖ്യപ്രേരകഘടകമുള്ളത്.
അവർ നിർത്തിയതെന്തുകൊണ്ട?
ലോകമാസകലം ദശലക്ഷക്കണക്കിനാളുകൾ പുകവലിനിർത്തിയിരിക്കുന്നു. അതു ചെയ്യാൻകഴിയും. എന്നാൽ എങ്ങനെ? എന്താണാവശ്യമായിരിക്കുന്നത്? ഒരു ശക്തമായ പ്രേരണ. അനേകരെസംബന്ധിച്ചും അത് ആരോഗ്യവും ആത്മാഭിമാനവും കുടുംബത്തോടുള്ള സ്നേഹവുമാണ്. എന്നാൽ മററു ചിലർക്ക് മതപരമായ ഒരു പ്രേരകഘടകംകൂടെയുണ്ട്—ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ഒരു ആഗ്രഹം.
അതുകൊണ്ട്, നമ്മുടെ രണ്ടാമത്തെ ലേഖനത്തിൽ പറഞ്ഞ റേ, ബിൽ, ആമി, ഹാർലി എന്നിവരെ സംബന്ധിച്ചെന്ത്? അവർ പുകവലി നിർത്തിയതെന്തുകൊണ്ട്?
മുമ്പ് താടിയും മുടിയും നീട്ടിയിരുന്ന ഒരു കലാകാരനായിരുന്ന ബിൽ യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിച്ചു. അടുത്തതായി എന്ത്? “ഒരു ശുദ്ധമായ മനസ്സോടും ശരീരത്തോടുംകൂടെ ദൈവത്തെ പ്രസാദിപ്പിക്കാനും സേവിക്കാനും ഞാൻ ആഗ്രഹിക്കുന്നതായി ഞാൻ തീരുമാനിച്ചു. ഞാൻ ഒററയടിക്ക് വലിനിർത്തി. ക്രമേണ പിൻമാറുകയല്ലായിരുന്നു. 1975 ജനുവരി 1ന് ഞാൻ അവസാനമായി സിഗരററ് കൈകാര്യംചെയ്യുകയും പിന്നീട് സിഗരററ് പാക്കററ് ദൂരെയെറിയുകയുംചെയ്തു. അതിനുശേഷം എന്റെ ആരോഗ്യം മെച്ചപ്പെട്ടു. എനിക്ക് ഇപ്പോഴും എംഫിസീമയുടെ ആക്രമണമുണ്ടാകുന്നുണ്ട്. എന്നാൽ ഞാൻ പുകവലിനിർത്തിയശേഷം എന്റെ വർണ്ണഗ്രഹണം പോലും മെച്ചപ്പെട്ടിട്ടുണ്ട്.”
ഒരു സർജിക്കൽ നേഴ്സായ ആമി എങ്ങനെയാണു വലിനിർത്തിയതെന്നു വിശദീകരിക്കുന്നു. “ഞാൻ ഹൃദയംതുറന്നുള്ള ശസ്ത്രക്രിയക്കു സഹായിച്ചിരുന്നു. ഞാൻ സകലതരം ശ്വാസകോശവും കണ്ടിട്ടുണ്ട്—ചുവന്നതും ആരോഗ്യമുള്ളതും, ഇരുണ്ടതും വിഷലിപ്തവും. ദാരുണമാംവിധം രോഗബാധിതമായി കുരുമുളകുകൊണ്ടു നിറച്ചതുപോലെ തോന്നിച്ച ആ ശ്വാസകോശങ്ങൾ ഞാൻ കണ്ടെങ്കിലും ഞാൻ പിന്നെയും വലി നിർത്തിയില്ല. ‘ഞാൻ തീരെ ചെറുപ്പമാണ്. അത് എനിക്ക് സംഭവിക്കുകയില്ല’ എന്നു പറഞ്ഞുകൊണ്ട് ഞാൻ എന്നെത്തന്നെ വഞ്ചിച്ചുകൊണ്ടിരുന്നു.
“പിന്നീട് 1982-ൽ എന്റെ ജീവിതത്തെ നേരെയാക്കേണ്ടതിന്റെ ആവശ്യം ഞാൻ കണ്ടു. ഞാൻ യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിച്ചുതുടങ്ങി. ഞാൻ ഒരു സാക്ഷിയോടുകൂടെ അവളുടെ വീട്ടിൽ താമസിച്ചിരുന്നെങ്കിലും ഒന്നു വലിക്കാൻ ഞാൻ മേൽപ്പുരയിലേക്ക് ഒളിച്ചുകടക്കുമായിരുന്നു! അതുകൊണ്ടു ഞാൻ എന്നെത്തന്നെ നേരിടേണ്ടിവന്നു. ഞാൻ കഠിനമായും ദീർഘമായും പ്രാർത്ഥിച്ചു. എന്നാൽ ഞാൻ തീരുമാനംചെയ്തുകഴിഞ്ഞപ്പോൾ അത് എളുപ്പമായിരുന്നു. ആദ്യത്തെ രണ്ടു ദിവസങ്ങൾ ഒരു പരീക്ഷയായിരുന്നു. എന്നാൽ നിരന്തരപ്രാർത്ഥനയായിരുന്നു എന്നെസംബന്ധിച്ചു താക്കോൽ.”
മുൻ നേവി വൈമാനികനായിരുന്ന ഹാർലിക്ക് നിക്കോട്ടിൻശീലം വിട്ടുമാറുന്നതിനു പ്രയാസമുണ്ടായിരുന്നു. “ഞാൻ പുകവലി കുറച്ചുകുറച്ചുകൊണ്ടുവരാൻ ശ്രമിച്ചു, എന്നാൽ അതു പ്രായോഗികമായില്ല. എന്നാൽ യഹോവയുടെ സാക്ഷികളിലൊരാളായി സ്നാപനമേൽക്കണമെന്ന് ഞാൻ തീരുമാനിച്ചപ്പോൾ ഞാൻ ഒററയടിക്ക് നിർത്തി. ഞാൻ രണ്ടുമൂന്നു ദിവസം കഠിനവേദന അനുഭവിച്ചു. എനിക്ക് പേടിതോന്നി, അങ്ങേയററത്തെ പിരിമുറുക്കമനുഭവപ്പെട്ടു. ഞാൻ ഒരു സിഗരററ് എത്ര ആഗ്രഹിച്ചു! അപ്പോൾ ഒരു സാക്ഷി നല്ല കുറെ ബുദ്ധിയുപദേശത്താൽ എന്നെ സഹായിച്ചു. ‘നിങ്ങൾ ഒരു സിഗരററിനുവേണ്ടി കൈനീട്ടാനാഗ്രഹിക്കുമ്പോഴാണ് നിങ്ങൾ സഹായത്തിനുവേണ്ടി യഹോവയോടു പ്രാർത്ഥിക്കേണ്ടത്.’ അത് എനിക്ക് പ്രായോഗികമായി. ‘യേശു വായിൽ സിഗരററുമായി നിൽക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?’ എന്നതായിരുന്നു എന്നിൽ ധാരണയുളവാക്കിയ മറെറാരു ചിന്ത. അതു നിസ്തർക്കമായിരുന്നു. എന്നാൽ ഒരു പുകവലിക്കാരന് ഒരു ശക്തമായ പ്രേരകഘടകം ആവശ്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. ‘അമ്മേ ഞാൻ എന്നെത്തന്നെ ഉപദ്രവിക്കുന്നുവെന്നേയുള്ളു’ എന്ന് ഞാൻ അമ്മയോടു പറയുമായിരുന്നു. യഥാർത്ഥത്തിൽ ഞാൻ ഒന്നിലധികം വിധങ്ങളിൽ അമ്മയേയും ഉപദ്രവിക്കുകയായിരുന്നു.”
മുൻ നേവി ക്വാർട്ടർമാസ്റററായിരുന്ന റേയിക്കും പുകവലി നിർത്തുക എളുപ്പമായിരുന്നില്ല. “ഞാൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നതിനു മുമ്പ് ഏതാനും പ്രാവശ്യം ഞാൻ ശ്രമിച്ചിരുന്നു, എന്നാൽ അത് ഒരിക്കലും പ്രാവർത്തികമായിരുന്നില്ല. ഞാൻ എപ്പോഴും പുകവലിക്കാരുമായി ഇടപഴകുകയായിരുന്നു. വെച്ചുനീട്ടപ്പെടുന്ന സിഗരററ് നിരസിക്കുക പ്രയാസമായിരുന്നു. എന്നാൽ ബൈബിളിൽനിന്നുള്ള സത്യം ഞാൻ അറിയാനിടയായപ്പോൾ ക്രിസ്തു ചെയ്തിരുന്നതുപോലെ യഹോവയെ സേവിക്കാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ ഞാൻ ഒരു ദിവസംകൊണ്ട് നിർത്തി. രണ്ടു വാരക്കാലം ദുരിതമായിരുന്നു. എന്റെ ശരീരം നിക്കോട്ടിനുവേണ്ടി കേഴുകയായിരുന്നു. എന്നാൽ അത് എന്തോരു മാററമാണു വരുത്തിയത്! എനിക്ക് വീണ്ടും അതിരററ ഊർജ്ജം ലഭ്യമായി. എനിക്കു സുഖമനുഭവപ്പെട്ടു. ഞാൻ വീണ്ടും ഉർജ്ജസ്വലനായി.”
അതു മൂല്യവത്തോ?
ഹാനികരമായ ഏതു നടപടിയും നിർത്തണമെന്ന് സമാന്യബോധം നിർദ്ദേശിക്കുന്നു. എന്നാൽ പുകവലിയുടെ കാര്യത്തിൽ നാം ഹാനികരമായതിനെക്കുറിച്ചു മാത്രമല്ല സംസാരിക്കുന്നത്. അത് മരണകരമാണ്, മരണഹേതുകമാണ്. അതു വിഷമയമാണ്. യു.എസ്. കോൺഗ്രസ് കമ്മിററിയോടുള്ള തന്റെ സാക്ഷ്യത്തിൽ പുകയിലസ്വത്തിന്റെ അവകാശിയായിരുന്ന പാട്രിക്ക് റെയിനോൾഡ്സ് ഇങ്ങനെ പ്രസ്താവിച്ചു: “സിഗരററ് പരസ്യം ഒരു വിഷോൽപ്പന്നത്തിന്റെ പ്രോൽസാഹിപ്പിക്കലാണ് എന്നും സകല സിഗരററ് പരസ്യങ്ങളും വർജ്ജിക്കുന്നത് ധാർമ്മികവും ശരിയും പ്രയോജനകരവുമാണെന്നും ഞാൻ വിശ്വസിക്കുന്നു.”
ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്ന ക്രിസ്ത്യാനികളെസംബന്ധിച്ചടത്തോളം പുകയിലപരസ്യം മാത്രമല്ല, സകല പുകയിലയുൽപ്പന്നങ്ങളും തങ്ങളുടെ ജീവിതത്തിൽ വർജ്ജിക്കുന്നത് തീർച്ചയായും ധാർമ്മികവും ശരിയും പ്രയോജനകരവുമാണ്. സിഗരററുകൾ (“സുരക്തിതവും” അല്ലാത്തതും), ചുരുട്ടുകൾ, പുകയിലപൈപ്പ്, നാസികാചൂർണ്ണം എന്നിവയെല്ലാം വിഷമായ നിക്കോട്ടിൻ ഉല്പാദിപ്പിക്കുന്ന പുകയിലച്ചെടിയിൽനിന്ന് വരുന്നതാണ്. ‘കുട്ടീ നീ വളരെ പുരോഗമിച്ചിരിക്കുന്നു’വെന്ന് തെളിയിക്കാൻ അല്ലെങ്കിൽ ജീവിതത്തിൽ ആസ്വാദനവും നല്ല സ്വാദും കിട്ടാൻ നിങ്ങൾക്ക് അത് ആവശ്യമില്ല. രോഗത്തിന്റെയും മരണത്തിന്റെയും വില്പനക്കാർ നിങ്ങളോട് എന്തു പറയാൻ ശ്രമിച്ചാലും പരിഷ്ക്കാരം പ്രദർശിപ്പിക്കുന്നത് സ്വയം വിഷമേൽപ്പിക്കുന്നതിനാലല്ല! (g89 7/8)
[15-ാം പേജിലെ ചതുരം]
പുകയില വ്യാപാരത്തിൽ നിന്നമാറിയവർ
നോർത്ത് കരോളിനായിൽ 1875-ൽ ആർ. ജെ. റെയിനോൾഡ്സ് ചവയ്ക്കൽപുകയിലയുടെ ഒരു കമ്പനി തുടങ്ങി. 1913-ൽ അവർ തങ്ങളുടെ ആദ്യത്തെ സിഗരററ് ഉണ്ടാക്കി—ഒട്ടകമാർക്ക്. അവിടെനിന്ന് ഐക്യനാടുകളിൽ സിഗരററ് വിൽപ്പനയിലും ലാഭത്തിലും ഫിലിപ്പ് മോറിസിന്റെ അടുത്ത സ്ഥാനത്തേക്ക് ബിസിനസ് പുരോഗമിച്ചു. സ്ഥാപകന്റെ പ്രപൗത്രനാണ് ഇപ്പോൾ 40കളുടെ ആദ്യഘട്ടത്തിലായിരിക്കുന്ന പാട്രിക്ക് റെയിനോൾഡ്സ്. മുമ്പ് 15 വർഷക്കാലം ഒരു പുകവലിക്കാരനായിരുന്ന അയാൾ പുകയിലലോകത്തിൽ ഒരു ബോംബിട്ടു.
അയാൾ 1986-ൽ പുകവലിക്കെതിരെ സാക്ഷ്യംപറയാൻ ഒരു കോൺഗ്രഷനൽ സബ്ക്കമ്മിററി മുമ്പാകെ ഹാജരായി! അന്നുമുതൽ അയാൾ പുകയിലയുപയോഗത്തിനെതിരായ ഒരു നിരന്തരപ്രവർത്തകനായിത്തീർന്നു. തന്റെ കുടുംബത്തിന് സമ്പത്തുനേടിക്കൊടുത്ത ഉല്പന്നത്തോടു അയാൾക്കു വിരക്തിതോന്നാനിടയാക്കിയതെന്താണ്? കടുത്ത പുകവലിക്കാരനായിരുന്ന തന്റെ പിതാവ് എംഫിസീമാ ബാധിച്ച് സാവധാനത്തിൽ മരിക്കുന്നത് ഒരു കുട്ടിയെന്ന നിലയിൽ നിരീക്ഷിച്ചത് ഓർത്തുകൊണ്ടുതന്നെ. പാട്രിക്ക് ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ പിതാവിനെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ എല്ലായ്പ്പോഴും ശ്വാസമുട്ടലനുഭവപ്പെട്ടിരുന്നതും തന്റെ ശേഷിച്ച ജീവിതകാലം എണ്ണിക്കൊണ്ടിരുന്നതുമായ ഒരു മനുഷ്യനായിട്ടാണ്.”
തന്റെ ജീവിതംകൊണ്ട് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ പാട്രിക്ക് തീരുമാനിച്ചു. “എനിക്ക് ഒരു വ്യത്യാസമുളവാക്കാനും എന്റെ ജീവിതംകൊണ്ട് എന്തെങ്കിലും ചെയ്യാനും കഴിയുമെന്നു ഞാൻ കണ്ടു.” “കൊലയാളികളെന്നു തെളിഞ്ഞിരിക്കുന്നവയെ” പ്രോൽസാഹിപ്പിക്കുന്നതിൽ തുടരുന്നത് “വ്യക്തമായും അധാർമ്മികതയാണെ”ന്ന് അയാൾ പറഞ്ഞു.
“ഒരു കാലത്ത് എന്നെ പോഷിപ്പിച്ചിരുന്ന കൈ പുകയിലവ്യവസായമാണെങ്കിൽ, അതേ കൈ ദശലക്ഷക്കണക്കിനാളുകളെ കൊന്നിട്ടുണ്ട്, ആളുകൾ സിഗരററുകളുടെ അപകടങ്ങൾസംബന്ധിച്ച് ഉണരുന്നില്ലെങ്കിൽ അത് ദശലക്ഷങ്ങളെ കൊല്ലുന്നതിൽ തുടരുകയുംചെയ്യും.”—ന്യൂയോർക്ക് റൈറംസ്, ഒക്ടോബർ 25, 1986.
ഡേവിഡ് ഗോയർലിററ്സാണ് വിൻസ്ററൻ സിഗരററ് പരസ്യങ്ങളിലെ വിൻസ്ററൻമാൻ ആയിരിക്കുന്നതിൽ കീർത്തിപ്പെട്ട മോഡൽ. അയാൾ തന്റെ സിഗരററ് പരസ്യം നിർത്തുകയും ഇപ്പോൾ അമേരിക്കൻ കാൻസർ സൊസൈററിയുടെ ഒരു വക്താവായിത്തീരുകയും ചെയ്തിരിക്കുന്നു. അയാൾക്കു മാററംവരുത്തിയതെന്തായിരുന്നു? 1988 ഡിസംബർ 29-ലെ ഒരു ററിവി അഭിമുഖത്തിൽ അയാൾ ഇങ്ങനെ പറഞ്ഞു: ‘ഞാൻ ബോസ്ററനിലെ ഒരു ആശുപത്രിയിൽ ഒരു കാൻസർവാർഡിൽ എന്റെ സഹോദരനെ സന്ദർശിച്ചു. അത് എന്നെ എന്റെ ജോലിയുടെ ഫലങ്ങളുമായി മുഖാമുഖം വരുത്തി—പുകവലിനിമിത്തം കഷ്ടപ്പെടുന്ന കാൻസർരോഗികൾ. പുകവലിയുടെ ഇരകളിലെയും അവരുടെ ഇരകളായ അവരുടെ കുടുംബങ്ങളിലെയും വിനാശകഫലങ്ങൾ ഞാൻ കണ്ടു. 40കളിൽ മുടിയില്ലാഞ്ഞവരും തൊണ്ടയിലും ഉദരത്തിലും കുഴലുകളില്ലാഞ്ഞവരുമായ മനുഷ്യരെ ഞാൻ കണ്ടു. എനിക്കു കുററബോധം തോന്നുകയും പുകയിലപരസ്യം നിർത്താൻ തീരുമാനിക്കുകയും ചെയ്തു.’ ◼
[14-ാം പേജിലെ ചിത്രം]
“ഞാൻ ഹൃദയംതുറന്നുള്ള ശസ്ത്രക്രിയയിൽ സഹായിച്ചിരുന്നു, ഞാൻ സകല തരം ശ്വാസകോശങ്ങളും കണ്ടിട്ടുണ്ട്”