ആളുകൾ പുകവലിക്കുന്നതെന്തുകൊണ്ട്? അവർ വലിക്കരുതാത്തതെന്തുകൊണ്ട്?
ആഫ്രിക്കൻ ക്ഷാമം 1985-ലെ വാർത്താ ശീർഷകങ്ങൾ കൈയ്യടക്കിയെങ്കിലും രണ്ടു ലക്ഷത്തിലേറെ ആളുകളെ കൊന്നൊടുക്കിയത് പക്ഷെ, സിഗറ്ററ് വലിയായിരുന്നു. ക്ഷാമം വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ലോകത്തെ പ്രവർത്തനോദ്യുക്തം ആക്കിയെങ്കിലും പുകവലി തടാകത്തിലൊരു ഓളം പോലും സൃഷ്ടിച്ചില്ല. പുകയിലയുടെ ഉപയോഗം നിർത്തുകയെന്നത് എക്കാലത്തെയും വലിയ “മയക്കുമരുന്നു വാണിഭത്തകർച്ച” ആയിരിക്കും, പക്ഷെ, അത് സംഭവിക്കുന്നതും കാത്ത് നിങ്ങൾ ശ്വാസം അടക്കിനിൽക്കണ്ടാ. പ്രബലശക്തികൾ അതിനെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
പുകവലി ഒരു ആഗോള പകർച്ചവ്യാധി ആയിത്തീർന്നിരിക്കുന്നു. നൂറ് കോടിയിലധികം ആളുകൾ പ്രതിവർഷം അഞ്ചുലക്ഷം കോടിയിലധികം സിഗറ്ററുകൾ വലിക്കുന്നു. ഐക്യനാടുകളിൽ 1964-ൽ അവിടത്തെ സർജൻ ജനറൽ സി. ഏവറ്ററ് കൂപ്പ് പുകയിലയുടെ അപകടത്തെപ്പറ്റി മുന്നറിയിപ്പുകൾ നൽകി. അന്നുമുതൽക്ക് അമേരിക്കൻ പുകവലിക്കാരുടെ ശതമാനം കുറഞ്ഞുവെങ്കിലും പുകയിലയുപയോഗം 20 ശതമാനം വർദ്ധിച്ചു. ലോകവ്യാപകമായ പുകയിലയുടെ ഉപയോഗം 75 ശതമാനം വർദ്ധിച്ചിട്ടുണ്ട്. അത് വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധിയുടെ തോതിലായിരിക്കുന്നു. വികസ്വര രാജ്യങ്ങളിലാകട്ടെ അത് സ്ഫോടനം സൃഷ്ടിച്ചുകൊണ്ട് വളരുന്നു. പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ പ്രതിവർഷം ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ അപഹരിക്കുന്നു. ലോകവ്യാപക മരണങ്ങളിൽ 5 ശതമാനം പുകവലിയുമായി ബന്ധപ്പെട്ടവയാണ്. യൂറോപ്പിലും ഐക്യനാടുകളിലും പുകയില മരണങ്ങളുടെ പ്രതിവർഷനിരക്ക് മൊത്തം മരണങ്ങളുടെ 20 ശതമാനം ആണ്. കാനഡയിൽ മുതിർന്നവരുടെ മരണത്തിന്റെ 17 ശതമാനവും.
ലോകാരോഗ്യസംഘടന (WHO) പുകവലിയെ സംബന്ധിച്ച് പ്രസ്താവിച്ച പിൻവരുന്ന പരമാർത്ഥമാണ് ഇവയ്ക്കെല്ലാം മകുടം ചാർത്തുന്ന പരിതാപകരമായ വൈരുദ്ധ്യം: “ലോകത്തിലെ ഏറ്റവും പ്രമുഖമായ തടയാനാകുന്ന ആരോഗ്യപ്രശ്നം,” ആണത്. ആ സ്ഥിതിക്ക് ആളുകൾ പുകവലി തുടർന്നുകൊണ്ട് അതിന്റെ മാരകമായ ഫലം കൊയ്യുന്നതെന്തിന്? അവർ അത് ചെയ്യരുതാത്തതെന്തുകൊണ്ടെന്നുള്ളത് സ്പഷ്ടമാണ്. അവർ അത് ചെയ്യുന്നതിന് കാരണം അല്പം ആഴത്തിലേക്ക് കടന്നു ചെല്ലുന്നു.
വാഷിംഗ്ടൺ ഡി. സിയിലെ വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ പുകവലിയെപ്പറ്റിയുള്ള വിവരസംപുഷ്ടമായ ഒരു റിപ്പോർട്ട് മേൽ സൂചിപ്പിച്ച വിവരങ്ങളും അതിലധികവും നൽകുന്നു. “രൂക്ഷമായ മയക്കുമരുന്നുകൾ അമേരിക്കാക്കാരിൽ എത്രപേരെ കൊല്ലുന്നുവോ അതിന്റെ 13 ഇരട്ടി ആളുകളെ പുകയില കൊലചെയ്യുന്നു,” എന്നു പറഞ്ഞുകൊണ്ട് “അത് വാഹന അപകടങ്ങളുടേതിന്റെ എട്ടുമടങ്ങ്” ആയിരുന്നുവെന്ന് അത് കൂട്ടിച്ചേർത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ നഷ്ടമായതിനേക്കാൾ അധികം അമേരിക്കൻ ജീവിതങ്ങളെ അത് അപഹരിക്കുന്നു. വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങനെയും നിരീക്ഷിച്ചു: “ഗവൺമെൻറുകൾ മാരിജ്വാന, കറപ്പിന്റെ ഉത്പാദനവിപണനങ്ങൾ, എന്നിവക്കെതിരെ അർദ്ധസൈനീക നടപടികൾ എടുക്കുന്നുണ്ടെങ്കിലും അവയെക്കാൾ അതീവ മാരകമായ പുകയില എന്ന വിളയ്ക്കെതിരെ നടപടികൾ യാതൊന്നുമില്ല.”
ശാസ്ത്രം എത്രയേറെ പഠിക്കുന്നുവോ അത്രയേറെ പുകയിലയുടെ മാരകത്വം വെളിവാക്കപ്പെടുന്നു. ഓരോ വർഷവും 2 ദശലക്ഷത്തിലധികം പുകവലിക്കാർ ഹൃദ്രോഗം, ശ്വാസകോശാർബ്ബുധം, കോശവീക്കം, എംഫിസെമാ എന്നിവയാൽ മരണമടയുന്നു. പുകവലിക്കാരന്റെ ഹൃദയം പുകവലിക്കാത്തവന്റേതിനേക്കാൾ ആയാസമേറിയ വിധത്തിലാണ് പ്രവർത്തിക്കുന്നത്. പകൽസമയത്ത് അതു ശരാശരി മിനിറ്റിൽ എട്ടുതൊട്ട് പത്തുപ്രാവശ്യം വരെയും നിദ്രാവേളയിൽ മൂന്നു തൊട്ട് അഞ്ചു പ്രാവശ്യം വരെയും കൂടുതൽ സ്പന്ദിക്കുന്നു. സയൻസ് എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഐക്യനാടുകളിലെ അത്ഭുതമരണങ്ങളുടെ ഏറ്റവും പ്രമുഖമായ ഒറ്റയായ കാരണം സിഗറ്ററ് വലിയാണ്. മൊത്തം അർബ്ബുദമരണങ്ങളിൽ പുകയിലയുടെ സംഭാവന 30 ശതമാനമായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.” ഈ മുപ്പതു ശതമാനത്തിൽ അധികപങ്കും ശ്വാസകോശാർബ്ബുദം ആണ്. തെക്കെ ആഫ്രിക്കയിൽ ഒരു പുകവലിക്കാരന്റെ പ്രതിദിനം 90 സിഗറ്ററ് എന്ന തോതിലുള്ള ആസക്തി അയാളുടെ ദർശനനാഡി തകർത്ത് അയാളെ അന്ധനാക്കി—പുകയിലയിൽ നിന്നുണ്ടാകുന്ന ആംബ്ലിയോപ്പിയ എന്ന രോഗത്തിന്റെ ഒരു ഇര ആയിരുന്നു അയാൾ.
വിമോചനം അടിമത്തത്തിലേക്കോ?
വിമോചിതയായിരിക്കുന്ന ആധുനിക വനിത പുകവലി കൂടുതലായി നടത്തി അതിന്റെ ഏറിയ ഫലം കൊയ്യുന്നു. അമേരിക്കൻ വനിതകളുടെ ഏറ്റവും വലിയ കൊലയാളി സ്തനാർബ്ബുദം ആയിരുന്നു—അത് ഇപ്പോൾ ശ്വാസകോശാർബ്ബുദം ആയിരിക്കുന്നു. അത് 1950 മുതൽക്ക് 500 ശതമാനം കുതിച്ചുയർന്നിരിക്കുന്നു. ഹൃദ്രോഗവും സ്ത്രീകളുടെയിടയിൽ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നു. പുകവലി ഹൃദയത്തെയും രക്തപര്യയനവ്യവസ്ഥയെയും തളർത്തുന്നു. ഓരോ വർഷവും 80000 സ്ത്രീകൾക്ക് ഒന്നുകിൽ ഹൃദ്രോഗബാധയോ അല്ലെങ്കിൽ ഹൃദയസ്തംഭനമോ ഉണ്ടാവുന്നു. വിട്ടുമാറാത്ത ബ്രോംകൈറ്റിസ് രോഗമുള്ള പുകവലിക്കാരായ സ്ത്രീകൾ എണ്ണത്തിൽ ഒരു ദശലക്ഷം കേസുകൾ എന്ന നിരക്കിൽ പുരുഷൻമാരെ മറികടന്നിരിക്കുന്നു എന്ന ദുരൂഹമായ ബഹുമതി കൈവരിച്ചിരിക്കുന്നു. ഗർഭിണികളായ സ്ത്രീകളിലും സിഗറ്ററിലെ പുകയിലയിലെ രാസവസ്തുക്കൾ അർബ്ബുദത്തിന് ആരംഭമിടുന്ന ജനിതക വൈകല്യങ്ങൾ വരുത്തുന്നു. ആധുനിക വനിത വിമോചിക്കപ്പെട്ടിരിക്കുന്നുവോ? ഒരുപക്ഷേ അവരുടെ തരപ്പടിക്കാരായ പുരുഷൻമാരോടൊപ്പം പുകയിലയുടെ അടിമത്തത്തിലേക്കാണോ വിമോചിപ്പിക്കപ്പെട്ടിരിക്കുന്നത്?
അപകടസാദ്ധ്യതകൾ കുറക്കുന്നതിന് ചില പുകവലിക്കാർ സിഗറ്ററുകളിൽനിന്ന് പൈപ്പുകളിലേക്കും ചുരുട്ടുകളിലേക്കും മാറുന്നു. ജർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ഡിസംബറിൽ ആ സ്വപ്നം പുകച്ചുതള്ളി. പൈപ്പുകളിലും ചുരുട്ടുകളിലും ഉപയോഗിക്കുന്ന പുകയിലയിൽ കൂടുതൽ നിക്കോട്ടിനും അർബ്ബുദജനകമായ ടാറും സിഗറ്ററിലെ പുകയിലേതിനേക്കാൾ കൂടുതൽ അടങ്ങിയിട്ടുണ്ട്, അത് ഏറെ അപകടകാരിയായ കാർബൺ മോണോക്സൈഡ് വാതകം ഉത്പാദിപ്പിക്കുന്നു. സർവ്വേകൾ കാണിക്കുന്നത് അനേകർ, വിശേഷിച്ച്, കൗമാരപ്രായക്കാർ പുകയില്ലാത്ത പുകയിലയുടെ ഉപയോഗം സിഗറ്ററുകളുടെ ഉപയോഗത്തിനുള്ള ഒരു സുരക്ഷിതമായ ബദൽ നടപടിയാണെന്ന് വിശ്വസിക്കുന്നു. പക്ഷെ, അങ്ങനെയല്ല. കഴിഞ്ഞ വർഷം ഒരു 19 വയസ്സുകാരൻ ഐക്യനാടുകളിൽ വായിലെ അർബ്ബുദം നിമിത്തം മരണമടഞ്ഞു. ഒരു കോൺഗ്രസ്സ് സബ്കമ്മിറ്റിയുടെ മുമ്പാകെ അയാളുടെ അമ്മ പറഞ്ഞു, അവന് 12 വയസ്സായത് മുതൽക്കേ അവൻ മുറുക്കാൻ ഉപയോഗിച്ചു തുടങ്ങിയിരുന്നു എന്ന്. അവൻ ആ ശീലം ഒഴിവാക്കാൻ വിസമ്മതിച്ചത് പുകയ്ക്കുക വേണ്ടാത്ത പുകയിലയുടെ പാക്കറ്റുകളിൻമേൽ മുന്നറിയിപ്പ് ലേബലുകൾ ഉണ്ടായിരുന്നില്ല എന്നതും കായിക താരങ്ങൾ അത് പരസ്യം ചെയ്തിരുന്നു എന്നതും ആയ കാരണങ്ങൾ ചൊല്ലിയായിരുന്നു.
നിങ്ങൾ മുറുക്കാൻ ചവക്കുകയോ അല്ലെങ്കിൽ മോണക്കും ചെള്ളക്കും ഇടക്ക് മുറുക്കാൻ വച്ചുകൊണ്ട് അതിന്റെ നീര് ഊറ്റുകയോ ചെയ്താൽ നിങ്ങൾ വായർബ്ബുദം, മോണരോഗം, നിക്കോട്ടിൻ ആസക്തി എന്നിവ വിളിച്ചു വരുത്തുകയായിരിക്കും ചെയ്യുന്നത്. പുകയില മോണയെയും ചെള്ളയെയും സ്പർശിക്കുന്ന ഭാഗത്ത് അർബ്ബുദം ബാധിക്കുകയും ആ വൃണം മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. പുകയില്ലാത്ത പുകയിലയിൽ ഇരുപതോ അതിലധികമോ അർബ്ബുദജനകമായ നൈട്രോസിമിനുകൾ, പോളിസൈക്ലിക് അരോമറ്റിക് ഹൈഡ്രോകാർബണുകൾ എന്നീ രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നപ്രകാരം കഴിഞ്ഞ 20 വർഷങ്ങൾകൊണ്ട് മുറുക്കാന്റെയും നാസികാചൂർണ്ണത്തിന്റെയും ഉപയോഗം 40 ശതമാനം വർദ്ധിക്കുകയും അത്രതന്നെ വായിലെ അർബ്ബുദത്തിന്റെ വർദ്ധനവ് വരുത്തിവക്കുകയും ചെയ്തിരിക്കുന്നു.
അന്യരിൽ നിന്നുള്ള പുകയുടെ ഇരകൾ
പുകയില ഉപയോഗിക്കുന്നവർ തങ്ങളുടെ സ്വന്ത ആരോഗ്യം മാത്രമല്ല, മറ്റുള്ളവരുടേതും അപകടപ്പെടുത്തുന്നു. കഴിഞ്ഞവർഷം പത്തിലധികം പഠനങ്ങൾ കാണിച്ചത് പരോക്ത പുകവലി—മറ്റുള്ളവരുടെ സിഗറ്ററുകളിൽ നിന്നുള്ള പുക ശ്വസിക്കൽ—പുകവലിക്കാരുടെ പുകവലിക്കാത്ത ഇണകൾക്ക് ശ്വാസകോശാർബ്ബുദം പിടിപെടുന്നതിന് ഇടവരുത്തിയിട്ടുണ്ട് എന്നാണ് ജപ്പാൻ പശ്ചിമ ജർമ്മനി, ഗ്രീസ്സ് എന്നിവിടങ്ങളിൽ നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നത് “പുകവലിക്കാരുടെ ഇണകൾക്ക് പുകവലിക്കാത്തവരുടെ ഇണകളേക്കാൾ അർബ്ബുദം പിടിപെടാനുള്ള സാദ്ധ്യത രണ്ടോ മൂന്നോ മടങ്ങ് അധികം ഉണ്ട്” എന്നാണ്. “നിയന്ത്രിക്കപ്പെടേണ്ട വ്യവസായ വിസർജ്ജ്യങ്ങളായ എല്ലാ അന്തരീക്ഷ മലിനീകരണകാരികളും ഒത്തുചേർന്നാലുള്ളതിനേക്കാൾ കൂടുതൽ അർബ്ബുദമരണങ്ങൾ ഐക്യനാടുകളിൽ പരോക്തപുകവലി വരുത്തിവച്ചിരിക്കുന്നു”വെന്ന് മറ്റൊരു പഠനം നിർണ്ണയം ചെയ്തിരിക്കുന്നു. പുകവലിക്കാരിൽ നിന്ന് പുറത്തുവരുന്ന പുകയുടെ കാര്യത്തിൽ സുരക്ഷിതം എന്ന് പറയാവുന്ന യാതൊരു തോതുമില്ല എന്ന് കനേഡിയൻ ശാസ്ത്രജ്ഞൻമാർ റിപ്പോർട്ട് ചെയ്യുന്നു. അതിൽ അറിയപ്പെടുന്ന “50 കാർസിനോജുനുകളും 3800 രാസസംയുക്തങ്ങളും അടങ്ങിയിരിക്കുന്നു.” ഒരു ചികിത്സാപത്രിക ഇങ്ങനെ പറഞ്ഞു: “നിങ്ങളെത്ര പുകവലിക്കാരോടൊത്ത് ജീവിച്ചിട്ടുണ്ടോ, അർബ്ബുദം പിടിപെടാനുള്ള സാദ്ധ്യത അത്രയധികം ഉണ്ട്.”
മറ്റുള്ളവരുടെ അന്തരീക്ഷത്തെ മലീമസമാക്കുന്നത് കേവലം പുകവിടുന്നത് മാത്രമല്ല. പുകവിടുന്നതിനിടക്ക് ഒട്ടും അരിച്ചിട്ടില്ലാത്ത പുകച്ചുരുളുകൾ കൈകളിലിരിക്കുന്നതോ അല്ലെങ്കിൽ ആഷ്ട്രേകളിലിരിക്കുന്നതോ ആയ സിഗറ്ററുകളിൽ നിന്ന് ഉയരുന്നു. ഇങ്ങനെ ഉയരുന്ന പുകയായിരിക്കും പുകവലിക്കാരുള്ള ഒരു മുറിയിലെ പുകയുടെ 85 ശതമാനവും. അതിൽ അസ്വസ്ഥതയുളവാക്കുന്ന ഫോർമൽഡിഹൈഡ്, അമോണിയ, ആ ക്രോലിൻ, നൈട്രസ് ഓക്സൈഡ്, ഹൈഡ്രോകാർബണുകൾ, എന്നിവയടങ്ങിയിരിക്കുന്നു. പുകവലിക്കാത്തവർ ഉള്ളിലേക്ക് വലിച്ചു പോവുന്ന കാർസിനോജൻ എന്ന പദാർത്ഥത്തിന്റെ അളവിനെ അത് 50 മടങ്ങായി വർദ്ധിപ്പിക്കുന്നു.
പുകവലിക്കുന്ന മാതാപിതാക്കളുള്ള കുട്ടികൾക്ക് ജലദോഷം, ഫ്ളൂ, ബ്രോംകൈറ്റിസ്, ആസ്തമാ, ന്യൂമോണിയ, എന്നീ രോഗങ്ങൾ ഉണ്ട്. പുകവലിക്കുന്ന അമ്മമാരുടെ കുട്ടികളിൽ ഗ്രഹണപ്രാപ്തി അപകടത്തിലാകുന്നു. പഠനങ്ങൾ കാണിക്കുന്നത് അവർ മറ്റു പുകവലിക്കാത്തവരുടെ കുട്ടികളേക്കാൾ മാസങ്ങൾക്ക് പിന്നിലായിപ്പോകുന്നുവെന്നുമാണ്. പുകവലിക്കാത്ത മാതാപിതാക്കളെക്കാൾ പുകവലിക്കുന്നവർ തികഞ്ഞ ഭാരമെത്താത്ത കുട്ടികൾക്ക് ജൻമം നൽകാനുള്ള സാദ്ധ്യത ഇരട്ടിയാണ്. ഇന്ത്യയിൽ സ്ത്രീകളിൽ 39 ശതമാനം പേർ മുറുക്കുന്നവരാണ്. കഴിഞ്ഞവർഷം ജൂലൈയിൽ ദ ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഹെൽത്ത് ലെറ്റർ, പരോക്ത പുകവലിയുടെ അപകടങ്ങളെപ്പറ്റിയുള്ള അതിന്റെ “അന്ത്യശ്വാസമോ?” എന്ന അഭിധാനത്തിൽ എഴുതിയ ലേഖനം പിൻവരുന്ന പ്രസ്താവനയോടെയാണ് ഉപസംഹരിച്ചത്: “ശിശുക്കളുടെ സാന്നിദ്ധ്യത്തിൽ സിഗറ്ററിന് തീകൊളുത്തുന്ന മുതിർന്നവർ അത്ര ലഘുവായിത്തള്ളാനാവാത്ത ഒരു തരം ശിശുദ്രോഹം ആണ് അതുവഴി ചെയ്യുന്നത്.” അവർക്കു ചുറ്റിനുമുള്ള എല്ലാവർക്കും എതിരെയുള്ള ദ്രോഹം ആണത്.
ആളുകൾ തുടക്കമിടുന്നത് എന്തുകൊണ്ട്?
ഇതെല്ലാമായിട്ടും എന്തുകൊണ്ടാണ് ആളുകൾ പുകവലി ആരംഭിക്കുന്നത്? നവാഗതരിൽ മിക്കവരും കൗമാരപ്രായക്കാരുടെ ഇടയിൽനിന്ന് വരുന്നവരാണ്. പുകയില കമ്പനികൾ നിഷേധിച്ചാലും പുകയില പരസ്യങ്ങൾ പ്രധാനമായി അവരെയാണ് ഉന്നം വെയ്ക്കുന്നത്. ഈ കമ്പനികൾ വാചാലമായി യുവാക്കളുടെ പിന്നാലെ പോകുന്നില്ലായിരിക്കാം. പക്ഷെ അവരുടെ സമീപനം കൗശലത്തിൽ പിടിക്കുന്നതും വിജയകരവുമാണ്. അവരുടെ പരസ്യങ്ങളെ ഒരു കാർട്ടൂണിസ്റ്റ് ഇങ്ങനെ പരിഹസിച്ചു: “നിങ്ങൾക്കു മുതിർന്നവരേപ്പോലെയായിത്തീരണം എന്ന മോഹമില്ലെങ്കിൽ കുട്ടികളായ നിങ്ങൾ പുകവലിക്കണം എന്ന് പുകവലിക്കമ്പനിക്കാരായ നിങ്ങൾ ആഗ്രഹിക്കുന്നില്ല.” അവരുടെ പരസ്യങ്ങൾ യുവാക്കളെ മോഹിപ്പിക്കുന്ന നിരവധി പ്രലോഭനങ്ങൾ നിറഞ്ഞതാണ്: സ്പോർട്ട്സ് കാറുകൾ, ഹാങ് ഗ്ലൈഡറുകൾ, അലവഞ്ചികൾ, കൗബോയ്സ്, കായികതാരങ്ങൾ, സുഭഗവീരൻമാർ, കാമാർത്തകളായ സ്ത്രീകൾ—വിശാലമായ മൈതാനങ്ങളിൽ വിഹരിക്കുന്ന യുവസുന്ദരൻമാരായ എല്ലാ കോമാളികളും അതിലേറെ സത്യസന്ധമായ പശ്ചാത്തല ആശ്രുപത്രികളും ശവസംസ്ക്കാര ശാലകളും ആയിരിക്കും—പക്ഷെ അത് സിഗറ്ററ് വിറ്റഴിക്കാൻ പറ്റിയതല്ല.
ചെറുപ്പക്കാരിൽ പലരുടെയും ആരാധനാ വിഗ്രഹമായിരുന്ന മാരിയൽ ഹെമിംഗ്വേ കൗമാരപ്രായക്കാർ പുകവലിക്കുന്നത് കണ്ട് അസ്വസ്ഥയായി. അവൾ ഇങ്ങനെ പറഞ്ഞു: “അത് ഒരുതരം മത്സരം പോലുള്ളത് ആണെന്ന് ഞാൻ ഊഹിക്കുന്നു, ഏതായാലും അത് അത്യന്തം വിഡ്ഢിത്തമാണ്. ചെറുപ്പക്കാർ പുകവലിക്കുന്നത് കാണുമ്പോൾ, “‘നിങ്ങൾക്ക് പുകവലിക്കാൻ എങ്ങനെ തോന്നുന്നു?’ ഇത് ഒരു കൊലയാളിയാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞ ഒരു സമൂഹത്തിലാണ് നിങ്ങൾ വളർന്നുവന്നത്! ‘എന്നു വിളിച്ചു പറയാതിരിക്കാൻ എനിക്കു കഴിയുന്നില്ല.’” പുകവലിക്കുന്നത് പക്ഷെ ഉൾസംഘത്തിൽ കയറിപ്പറ്റുന്നതിനെ അർത്ഥമാക്കുന്നു—തണുപ്പരായ മുതിർന്നവരുടെ അത്യാധുനിക സംഘത്തിൽതന്നെ. പുകവലിക്കുന്നതിലൂടെ കൗമാരപ്രായക്കാർക്ക് സ്വതന്ത്രരാണെന്ന് തോന്നലുണ്ടാക്കുന്നുണ്ടെങ്കിലും തരപ്പടിക്കാരുടെ സമ്മർദ്ദത്തിന് അടിപ്പെടുകയാണ് അവർ ചെയ്യുന്നത്. പുകയില കമ്പനികളുടെ സ്വാധീനതന്ത്രങ്ങൾക്കും അവർ വിധേയരാവുന്നു. തങ്ങളുടെ ഭാവി യുവജനങ്ങളുടെ കൈകളിലാണെന്ന് കമ്പനികൾക്ക് നന്നായറിയാം. ചെറുപ്പക്കാരെ കൗമാരകാലത്തുതന്നെ പുകയിലയിൽ ആസക്തരാക്കാൻ സാധിച്ചാൽ അവർ ആജീവനാന്തം നല്ല ഉപഭോക്താക്കൾ ആയിത്തീരാനാണ് സാദ്ധ്യത.
ഐക്യനാടുകളിൽ ടെലിവിഷനിലും റേഡിയോയിലും സിഗറ്ററ് പരസ്യങ്ങൾ അവതരിപ്പിക്കുന്നത് മുൻപേ നിരോധിച്ചിരിക്കുകയാണ്. പക്ഷെ കഴിഞ്ഞ ഡിസംബറിൽ “നിരോധനം മറ്റെല്ലാ പുകയില ഉല്പന്നങ്ങളിലേക്കും, മറ്റെല്ലാ വാർത്താമാദ്ധ്യമങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ സമ്മർദ്ദം ചെലുത്തി.” ഉടനെ തന്നെ പുകയില, പരസ്യ, പ്രസിദ്ധീകരണ വ്യവസായികളിൽ നിന്ന് പ്രതിഷേധങ്ങളുയർന്നു. ആദ്യത്തെ നിയമഭേദഗതിയിലൂടെ കൈവന്ന സ്വതന്ത്രമായ വ്യാപാരാശയങ്ങൾ വിനിയമം ചെയ്യുന്നതിനുള്ള അവരുടെ അവകാശത്തിന്റെ ധ്വംസനമായിരിക്കുമത്രേ അത്! ആരോഗ്യത്തെയും യുവാക്കളേയും ആസക്തിയേയും സംബന്ധിക്കുന്ന പ്രശ്നങ്ങളെ എതിർത്തു തോല്പിക്കാൻ പരാജയപ്പെട്ടിരിക്കെ ചില കമ്പനികൾ ഇപ്പോൾ ഒരു പുതിയ പ്രശ്നം ഉന്നയിക്കുന്നു: അവരുടെയും പുകവലിക്കാരന്റെയും പൗരാവകാശങ്ങൾ, ഉദാഹരണത്തിന് ഫിലിപ് മോറിസ് എന്ന ദേഹം ഇങ്ങനെ ന്യായവാദം ചെയ്യുന്നു: “ഇന്ന് എന്റെ പുകവലിക്കാനുള്ള അവകാശം ആക്രമിക്കപ്പെട്ടേക്കാം. നാളെ പ്രാർത്ഥിക്കാനോ ജീവിക്കാൻ ഏതെങ്കിലും ഇടം തെരഞ്ഞെടുക്കുന്നതിനോ ഉള്ള മറ്റാരുടെയെങ്കിലും അവകാശത്തോടുള്ള സഹിഷ്ണതയായിരിക്കാം ആക്രമിക്കപ്പെടുക.” അവർക്ക് വാസ്തവത്തിൽ താല്പര്യമുള്ള “അവകാശം” പണം കുമിഞ്ഞുകൂട്ടുവാനുള്ള അവരുടെ അവകാശമാണ്.
നിർത്താൻ എന്തുകൊണ്ട് വിഷമം?
പുകയിലയിൽ നിക്കോട്ടിൻ ഉണ്ട്. നിക്കോട്ടിൻ ഒരു മയക്കുമരുന്നാണ്. അത് ഉയർന്ന ഉത്തേജനം പകരുന്നു. അത് ആസക്തിജനകവുമാണ്. സിഗറ്ററ് കമ്പനികൾ ഇത് നിഷേധിക്കുന്നു; പക്ഷെ യു. എസ് സർജൻ ജനറൽ ആയിരുന്ന ഡോക്ടർ കൂപ്പ്, “നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ ആസക്തിജനകമായ മയക്കുമരുന്ന് നിക്കോട്ടിനാണ്” എന്ന് പ്രസ്താവിച്ച നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യുസിന്റെ ഡയറക്ടറായ ഡോ. വില്ലിയം പോളിനിലേക്ക് വിരൽ ചൂണ്ടുന്നു.
ശതകോടിക്കണക്കിന് പുകവലിക്കാർ നിക്കോട്ടിന്റെ അധീനതയിലാണ്. ഇത് ചുരുക്കം ചിലരെ സമ്മതിക്കുകയുള്ളു. ‘എനിക്ക് വേണമെന്നു തോന്നുമ്പോൾ വിട്ടു പോരാം’ എന്നത് ഒരു മനഃസംതൃപ്തിക്കുവേണ്ടി ഉരുവിടുന്ന വില കുറഞ്ഞ വാക്കുകൾ മാത്രമാണ്. ഒരിക്കൽ പിടിയിലമർന്നാൽ വിമുക്തമാക്കുക വേദനാജനകമാണ്. ദശലക്ഷങ്ങൾ ശ്രമിക്കുന്നുണ്ട്. ചിലർ വിജയിക്കുന്നു. അതിലധികം പേർ പരാജയപ്പെടുന്നു. കഴിഞ്ഞ ഡിസംബറിൽ പുകയിലയേയും ആരോഗ്യത്തേയും കുറിച്ചു നടത്തിയ പഠനത്തിൽ യു. എസ്. സർജൻ ജനറൽ യു. എസ്. പുകവലിക്കാരുടെ 60 ശതമാനം പുകവലി നിർത്താൻ ദൃഢനിശ്ചയത്തോടെ യത്നം നടത്തിയിരുന്നുവെന്ന് കണ്ടെത്തിയ 1980-ലെ ഒരു പഠനം സംബന്ധിച്ച് റിപ്പോർട്ടു ചെയ്തു. അവരിൽ 80 ശതമാനത്തിൽ അധികം പേർ പക്ഷെ ശീലത്തിലേക്ക് തിരികെ പോയി.
വിട്ടൊഴിയുകയെന്നത് ആയാസരഹിതമല്ല. പക്ഷെ യത്നത്തിന് തക്കവില അതിനുണ്ട്. അതുകൊണ്ട് അതു ചെയ്യുക. നിങ്ങൾക്കുവേണ്ടിയും നിങ്ങളുടെ ആത്മാഭിമാനത്തിനുവേണ്ടിയും നിങ്ങളുടെ ആരോഗ്യത്തിനുവേണ്ടിയും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിനുവേണ്ടിയും അത് ചെയ്യുക. നിങ്ങളുടെ ചുറ്റിനുമുള്ളവരുടെ ക്ഷേമത്തെയും ആരോഗ്യത്തെയും പ്രതിയായി കൂടെയും അങ്ങനെ ചെയ്യുക. നിങ്ങൾ സ്വയം ഒരു ക്രിസ്ത്യാനി ആയി പരിഗണിക്കുന്നുവെങ്കിൽ ഈ രണ്ടാമത്തെ കാരണം വളരെ പ്രധാനം ആണ്. നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കേണ്ടതാണ്. നിങ്ങളുടെ വിഷലിപ്തമായ പുകകൊണ്ട് അയാളുടെ അന്തരീക്ഷം മലീമസമാക്കുകയെന്നത് ഒരിക്കലും അയാളോടുള്ള നിങ്ങളുടെ സ്നേഹം അല്ല. (മത്തായി 7:12; 22:39) അതുകൊണ്ടാണ് പുകയില ഉപയോഗക്കാർ യഹോവയുടെ സാക്ഷികളായിത്തീരുമ്പോൾ ആ ശീലം ഒഴിവാക്കുന്നത്. ഒരു കാലത്ത് പുകയില ഉത്പന്നങ്ങൾ വിൽപന ചെയ്തിരുന്ന സാക്ഷികൾ മേലാൽ അത് വ്യാപാരം ചെയ്യുന്നതും ഇല്ല.
ശീലം വിട്ടൊഴിയുന്നതിന് എളുപ്പമാർഗ്ഗങ്ങളൊന്നുമില്ല. നിങ്ങൾ പുകവലിക്കാരനാണെങ്കിൽ ഒരു നിക്കോട്ടിൻ ഉത്തേജനം നിലനിർത്താനാഗ്രഹിക്കുന്ന ഒരു മയക്കുമരുന്നുപയോഗി ആണ്. വിട്ടൊഴിഞ്ഞവർക്ക് നിക്കോട്ടിനിൽ നിന്നുള്ള പിൻവാങ്ങൽ അത്ര എളുപ്പകാര്യമല്ല എന്നറിയാം. പക്ഷെ പുകയിലയുമായി ബന്ധമുള്ള മരണത്തിന്റെയും രോഗത്തിന്റെയും ഓരോ വർഷവുമുണ്ടാകുന്ന ദശലക്ഷക്കണക്കിന് കേസുകൾ ശീലം ഉപേക്ഷിക്കുന്നതിനുള്ള ശക്തമായ പ്രേരണയാകേണ്ടതാണ്. ഭൂരിപക്ഷം പുകവലിക്കാർക്കും ഈ കാരണങ്ങളൊന്നും ശീലം തുടർന്നുപോവുന്നതിന് തങ്ങളെ തള്ളിവിടുന്ന ആസക്തിയോളം ശക്തമല്ല. നിക്കോട്ടിൻ ഉള്ളിലേക്ക് വലിക്കുന്ന ശീലം അടുത്ത കാലത്ത് നടന്ന ശാസ്ത്രഗവേഷണം ചൂണ്ടിക്കാണിക്കുന്ന പ്രകാരം ആംഫെറ്റാമൈൻസ്, കോക്കെയ്ൻ, ഹെറോയ്ൻ എന്നിവയുടെ ഉപയോഗത്തോട് താരതമ്യം ചെയ്യാം. മസ്തിഷ്ക്കതരംഗത്തിന്റെ പ്രവർത്തനത്തെ ബാധിച്ചുകൊണ്ടും മാനസ്സികനിലക്ക് വ്യതിയാനം വരുത്തിക്കൊണ്ടും ലാബറട്ടറിയിലെ മൃഗങ്ങളിലും സന്നദ്ധസേവകരായ മനുഷ്യരിലും ഒരു പ്രത്യേക പെരുമാറ്റം വെളിവാക്കിക്കൊണ്ടും ഒരു ജീവശാസ്ത്രപരമായ ഉത്തേജനം [നിക്കോട്ടിൻ ഉച്ഛാനുഭൂതി] ഉളവാക്കുന്നതുകൊണ്ട് നിക്കോട്ടിൻ ഒരു ആസക്തകമായ മയക്കുമരുന്നിന്റെ സാങ്കേതിക നിർവ്വചനത്തോട് പൊരുത്തപ്പെടുന്നു.”
പുകവലിക്കാർക്ക് അമോണിയം ക്ലോറൈഡ് നൽകിയപ്പോൾ വൃക്കകളിലൂടെയുള്ള നിക്കോട്ടിൻ വിസർജ്ജനം ആറ് മടങ്ങ് വർദ്ധിച്ചു. എണ്ണത്തിന്റെ 20% കൂടുതൽ സിഗറ്ററ് വലിച്ചുകൊണ്ട് അവർ നഷ്ടം പരിഹരിക്കുകയും അവരുടെ ശരീരം കേഴുന്ന നിക്കോട്ടിന്റെ അളവ് വീണ്ടും നികത്തുകയും ചെയ്തു. സയൻസ് ന്യൂസിലെ ഒരു ലേഖനം, ടാർ കുറഞ്ഞ സിഗറ്ററുകളിലേക്ക് മാറുന്നവർ “ആഴത്തിൽ വലിയ പുകച്ചുരുൾ വലിച്ചുകൊണ്ട് പരിഹാരം കാണുന്നു.” “നിക്കോട്ടിന്റെ തോത് സ്ഥിരമാക്കി നിർത്തുന്ന ഈ സ്വയം നിയന്ത്രിത പ്രതിഭാസം നിക്കോട്ടിൻ ശരീരാശ്രയത്വത്തിലേക്ക് നയിക്കുന്നുവെന്നതിന്റെ കൂടുതലായ തെളിവാണ്.” നിക്കോട്ടിൻ രക്തധമനികൾ വഴി കുത്തിവയ്ക്കുന്നതും ഒരു ഉച്ഛാനുഭൂതി പകർന്നു തരുന്നു എന്നും അതുമൂലം പുകവലിക്കാനുള്ള ആവശ്യം ഒഴിവാകുന്നുവെന്നും പരീക്ഷണശാലാ പഠനങ്ങൾ കാണിച്ചിരിക്കുന്നുവെന്നത് രസാവഹമാണ്.
പുകവലിശീലം ഒഴിവാക്കാനുള്ള ഉത്തമാർഗ്ഗം എന്താണ്? ഹെൽത്ത് മാസികയുടെ ഫെബ്രുവരി 1986-ലെ ലക്കത്തിൽ നിന്നുള്ള പിൻവരുന്ന ഉദ്ധരിണികൾ ഒരു പൊതു അഭിപ്രായം പ്രതിഫലിപ്പിക്കുന്നു. “ഒരു പുകവലിക്കാരനെ സഹായിക്കുന്ന ഏക സംഗതി ആത്മപ്രേരണയാണ്.” “വിട്ടൊഴിയാനോ സിഗറ്ററുകളിൽനിന്ന് അകന്നു നിൽക്കുന്നതിനോ യാതൊരു മാന്ത്രിക ഗുളികയുമില്ല.” ദിനങ്ങൾ തോറും ആളുകൾ പുകവലി ഉപേക്ഷിച്ചു പോവുന്നുണ്ട്—നിക്കോട്ടിനോടും ശീലത്തോട് തന്നെയും ആസക്തിപുലർത്തുന്നവർപോലും.” പൊടുന്നനെ നിർത്തുന്നത് ആരെയും കൊന്നിട്ടില്ല. പുകവലി ഒഴിവാക്കാനുള്ള ഉത്തമാർഗ്ഗവും അതുതന്നെയാണെന്ന് കാണപ്പെടുന്നു.” അന്തിമ വിശകലനത്തിൽ ശീലം പെട്ടെന്നു തട്ടിയകറ്റുകയാണ് നല്ലതെന്ന് വിയോഗവിദഗ്ദ്ധൻമാർ ഉപദേശിക്കുന്നു. ശീലം പെട്ടെന്ന് നിർത്തി ആഷ്ട്രേ തട്ടിയെറിയുക. സിഗറ്ററിനായുള്ള അതിയായ മോഹമുണ്ടാകുമ്പോൾ വളർത്തു പട്ടിയെ കളിപ്പിക്കുക, ഓട്ടമോടുക, നല്ല ചൂട് കുളി നടത്തുക, ചന്തയിൽ പോകുക എന്നീകാര്യങ്ങളിൽ ഏതും ചെയ്യുക. മറ്റു വാക്കുകളിൽ പുകവലിക്കുന്നതൊഴിച്ച് മറ്റെന്തും ചെയ്തുകൊള്ളുക.
നിങ്ങൾ പുകവലിക്കുകയും വിട്ടുമാറാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അനുഭവജ്ഞാനത്തിൽ നിന്നുള്ള ഈ ശബ്ദങ്ങൾക്ക് ശ്രദ്ധ നൽകുക. അതുമാത്രം മതിയാകുന്നില്ലെങ്കിൽ പിൻവരുന്ന യേശുവിന്റെ വാക്കുകൾക്ക് ശ്രദ്ധ നൽകുക: “നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.” (മത്തായി 22:39) നിങ്ങൾ സ്വയം സ്നേഹിക്കുന്നതുകൊണ്ട് നിങ്ങൾ വിട്ടൊഴിയുക. കൂടാതെ നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുന്നത് കൊണ്ടും. (g86 7/22)
[27-ാം പേജിലെ ചതുരം]
ജർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ അതിന്റെ ഒരു പത്രാധിപക്കുറിപ്പിൽ ടുബാക്കോയിസം എന്ന് അത് വിളിക്കുന്നതിനെക്കുറിച്ച് പിൻവരുന്നത് പ്രസ്താവിച്ചു:
“പുകയില നിമിത്തമുള്ള ആരോഗ്യാപകടത്തിന്റെ ഗൗരവം സംബന്ധിച്ച്, ഒരു സമൂഹമെന്നനിലയിൽ നാം ഉണർന്നിട്ടില്ല. ഇന്ന് ഐക്യനാടുകളിലെ ഏറ്റവും മാരകമായ മയക്കുമരുന്നാസക്തി ടുബാക്കോയിസം ആണെന്നും, അത് കൊക്കെയിൻ, ഹെറോയിൻ, എയ്ഡ്സ്, ഗതാഗതാപകടങ്ങൾ, കൊലപാതകങ്ങൾ, ഭീകരാക്രമണങ്ങൾ എന്നിവ സംയുക്തമായി ചെയ്യുന്നതിലധികം ജീവനും ഡോളറും അപഹരിക്കുന്നുവെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.”
കാൻസറിനെതിരെയുള്ള പോരാട്ടത്തിന് പ്രതിവർഷമുള്ള ഒരു ലക്ഷം കോടി ഡോളറിന്റെ ചെലവിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ട് അത് പ്രസ്താവിക്കുന്നു: “കാൻസറിന്റെ കാരണങ്ങളോടുള്ള ഒരു സമാന്തര പോരാട്ടമാണ് ഇവിടെ ഇല്ലാത്തത്. . . . അടുത്തകാലത്ത് കണക്കാക്കപ്പെട്ടിരിക്കുന്നപ്രകാരം, പ്രതിദിനം 1,000 എന്ന നിരക്കിൽ ഈ രാജ്യത്തിലെ പൗരൻമാർ ടുബാക്കോയിസത്തിന് തങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടാണിരിക്കുന്നത്.”
ടുബാക്കോയിസത്തിനും അതിന്റെ ക്ഷയിപ്പിക്കുന്ന ഫലങ്ങളായ “കാൻസർ, എംഫൈസീമ, കാർഡിയോ വാസ്കുലർ രോഗങ്ങൾ” എന്നിവയ്ക്കും എതിരെ പോരാടുന്നതിന് പത്രാധിപക്കുറിപ്പ് ഇപ്രകാരം നിർദ്ദേശിച്ചു: “പുകയിലയുടെ ഉപയോഗം നിമിത്തം സമൂഹത്തിന് ഒടുക്കേണ്ടിവരുന്ന വിലയ്ക്കു തുല്യമായ നികുതിവരുമാനം പുകയില വില്പനയിൽനിന്നും ഈടാക്കുക എന്നതാണ് നമ്മുടെ ലാക്ക്. ഓരോ പാക്കറ്റ് സിഗറ്ററിനും 2.60 ഡോളറിൽ അധികം വിലവരുന്നെങ്കിൽ പുകവലിക്കാർ അതിന്റെ സർവ്വത്ര ചെലവും വഹിക്കണം. . . . പുകയില ഉത്പാദനത്തിനു നൽകുന്ന സബ്സിഡി ഗണ്യമായി വെട്ടിച്ചുരുക്കണം. . . . എല്ലാ പുകയില ഉത്പന്നങ്ങളുടെയും മേൽ മുന്നറിയിപ്പ് ലേബലുകൾ ഒട്ടിക്കണം. പൊതുജനങ്ങൾ വായിക്കുന്ന വാർത്താ പ്രസിദ്ധീകരണങ്ങളിൽനിന്ന് പുകയില പരസ്യങ്ങൾ പാടെ ഒഴിവാക്കുക. . . . താരപ്രമുഖരും ചലചിത്രകാരൻമാരും പുകയിലക്ക് പകിട്ട് നൽകുന്നത് നിരുത്സാഹപ്പെടുത്തുക.
എഡിറ്റോറിയൽ ഇങ്ങനെ ഉപസംഹരിക്കുന്നു: “വ്യക്തമായ ഒരു കാഴ്ചപ്പാടിനും ധൈര്യത്തിനും കാലമായി എന്ന് ഞാൻ വിശ്വസിക്കുന്നു. അണി നിരന്നു കഴിഞ്ഞു കാഹളധ്വനി മുഴങ്ങുന്നു.”—ജാമാ ഏപ്രിൽ 11, 1986.
[25-ാം പേജിലെ ചിത്രം]
യൂറോപ്യൻ⁄യു.എസ്സ്.മരണങ്ങൾ 20% പുകവലി മൂലം
കനേഡിയൻ മരണങ്ങൾ 17% പുകവലിമൂലം
ലോക മരണങ്ങൾ 5% പുകവലിമൂലം
[26-ാം പേജിലെ ചിത്രം]
നിക്കോട്ടിൻ ആശക്തിയാൽ തടവിലാക്കപ്പെട്ട പുകവലിക്കാർ, നിരപരാധികളായ ഇരകളും ദുരിതമനുഭവിക്കാനിടയാക്കുന്നു