യേശുവിൽനിന്ന് പഠിക്കുക
‘യുദ്ധകോലാഹലങ്ങൾ നിങ്ങൾ കേൾക്കും’
“ഞാൻ ഒരു റിപ്പോർട്ടറായി ജോലി ചെയ്യാൻതുടങ്ങിയിട്ട് ഏതാണ്ട് 60 വർഷമായി. ഇതിനിടയ്ക്ക് ലോകമെങ്ങുമായുള്ള 40-ലേറെ യുദ്ധങ്ങളെക്കുറിച്ച് ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐക്യനാടുകളും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം അതിന്റെ പാരമ്യത്തിൽ എത്തുന്നതും പിന്നീട് അത് തനിയേ കെട്ടടങ്ങുന്നതും ഞാൻ കണ്ടു. എന്നാൽ 2025 പോലെ ഇത്രയധികം ടെൻഷൻ ഉണ്ടാക്കിയിട്ടുള്ള മറ്റൊരു വർഷം ഞാൻ കണ്ടിട്ടില്ല. കാരണം പല വലിയ യുദ്ധങ്ങളും ഇന്നു നടക്കുന്നുണ്ട്. മാത്രമല്ല, അവയിൽ ഒന്നിന് ലോകത്തിന്റെ വലിയൊരു ഭാഗത്തെ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ മോശമായി സ്വാധീനിക്കാനും കഴിഞ്ഞേക്കും.”—ജോൺ സിംസൺ, ബിബിസി ലോകവാർത്താ എഡിറ്റർ, തടിച്ച അക്ഷരത്തിൽ കൊടുത്തിരിക്കുന്നതു ഞങ്ങൾ.
ലോകമെങ്ങും നടക്കുന്ന യുദ്ധങ്ങളെക്കുറിച്ച് ആളുകൾക്ക് ഉത്കണ്ഠയുണ്ട്. ഇവ എന്നെങ്കിലും അവസാനിക്കുമോ എന്നു പലരും ചിന്തിക്കുന്നു. ഇതെക്കുറിച്ച് യേശു എന്താണു പഠിപ്പിച്ചത്?
യേശു പഠിപ്പിച്ചത്
നമ്മൾ ഇന്നു കാണുന്ന കാര്യങ്ങൾ യേശു മുൻകൂട്ടിപ്പറഞ്ഞവയാണ്. യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും നിങ്ങൾ കേൾക്കും.”—മത്തായി 24:6.
ഇന്നത്തെ യുദ്ധങ്ങളും പോരാട്ടങ്ങളും നമ്മളെ ഒരുപാടു വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും ഭാവിയെക്കുറിച്ച് നമുക്കു പ്രതീക്ഷയുള്ളവരായിരിക്കാനാകും. കാരണം വലിയവലിയ യുദ്ധങ്ങളും അതുപോലെ മറ്റു സംഭവങ്ങൾ, ലോകാവസ്ഥകൾ, ആളുകളുടെ മനോഭാവങ്ങൾ എന്നിവയും ഈ “വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു” എന്നതിന്റെ ‘അടയാളമാണെന്ന്’ യേശു പഠിപ്പിച്ചു. (മത്തായി 24:3; ലൂക്കോസ് 21:7) അതിന്റെ അർഥം യുദ്ധങ്ങൾ ഇല്ലാത്ത ഒരു ദിവസം വരുമെന്നാണ്. യേശുവായിരിക്കും അതു കൊണ്ടുവരുന്നത്. എങ്ങനെ?
യേശു ചെയ്യാൻപോകുന്നത്
പെട്ടെന്നുതന്നെ യേശു ദൈവരാജ്യത്തിന്റെ രാജാവ് എന്ന നിലയിൽ ‘ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കും.’—സങ്കീർത്തനം 46:9.
ഭൂമിയിൽ സമാധാനം നിറഞ്ഞ ഒരു അവസ്ഥ എങ്ങനെ വരുമെന്നും അപ്പോൾ ജീവിതം എങ്ങനെയായിരിക്കുമെന്നും അറിയാൻ “യുദ്ധങ്ങളും പോരാട്ടങ്ങളും എങ്ങനെ അവസാനിക്കും?” എന്ന ലേഖനം വായിക്കുക.