അന്ധർക്കു സഹായം
കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ലോകമെങ്ങുമായി 4 കോടി 30 ലക്ഷം ആളുകൾ അന്ധരും 29 കോടി 50 ലക്ഷം പേർ കാഴ്ചപരിമിതിയുള്ളവരും ആണ്.a സങ്കടകരമായ കാര്യം, ഇത്തരം ആളുകളോടു പലരും മോശമായിട്ടോ അന്യായമായിട്ടുപോലുമോ പെരുമാറുന്നു എന്നതാണ്.
അന്ധരെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാട് എന്താണ്? ബൈബിൾ അവരെക്കുറിച്ച് എന്താണു പറയുന്നത്? യഹോവയുടെ സാക്ഷികൾ ഇന്ന് അവരെ എങ്ങനെയാണു സഹായിക്കുന്നത്?
അന്ധരെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാട്
കാഴ്ചയില്ലാത്തവരെക്കുറിച്ച് യഹോവയ്ക്കുb വളരെയധികം ചിന്തയുണ്ടെന്നു ബൈബിൾ പറയുന്നു. മറ്റുള്ളവർ അവരോടു നന്നായി പെരുമാറണമെന്നും തന്റെ വിദ്യാഭ്യാസപരിപാടിയിൽനിന്ന് അവരും പ്രയോജനം നേടണമെന്നും ആണ് ദൈവം ആഗ്രഹിക്കുന്നത്. ഭാവിയിലേക്കു നല്ലൊരു പ്രത്യാശയും ദൈവം അവർക്കു നൽകുന്നുണ്ട്.
തിരുവെഴുത്ത്: “അന്ധനെ വഴിതെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ!”—ആവർത്തനം 27:18.
അർഥം: അന്ധരായവരെ മറ്റുള്ളവരുടെ മോശം പെരുമാറ്റത്തിൽനിന്ന് സംരക്ഷിക്കുന്ന നിയമം പുരാതനകാലത്ത് ദൈവം തന്റെ ജനത്തിനു നൽകിയിരുന്നു.
തിരുവെഴുത്ത്: ‘ദൈവം പക്ഷപാതമുള്ളവനല്ല.’—പ്രവൃത്തികൾ 10:34.
അർഥം: ദൈവം കാഴ്ചയുള്ളവരെ സ്നേഹിക്കുന്നതുപോലെതന്നെ അന്ധരെയും സ്നേഹിക്കുന്നുണ്ട്.
തിരുവെഴുത്ത്: യേശു ‘അന്ധരായ നിരവധി പേർക്കു കാഴ്ച നൽകി.’—ലൂക്കോസ് 7:21.
അർഥം: യേശു ഭൂമിയിലായിരുന്നപ്പോൾ അന്ധരായ ചിലരെ സുഖപ്പെടുത്തി. അതിലൂടെ ദൈവത്തിന്റെ ഗവൺമെന്റ് ഭാവിയിൽ എന്തു ചെയ്യുമെന്നു കാണിക്കുകയായിരുന്നു.
തിരുവെഴുത്ത്: “അന്ധന്റെ കണ്ണുകൾക്കു കാഴ്ച ലഭിക്കും.”—യശയ്യ 35:5.
അർഥം: പെട്ടെന്നുതന്നെ, ദൈവത്തിന്റെ ഭരണം ഭൂമിയിൽ വരുമ്പോൾ, അന്ധരായവർക്കു കാഴ്ചശക്തി കിട്ടുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്.
യഹോവയുടെ സാക്ഷികൾ സഹായിക്കുന്ന വിധം
ലോകമെങ്ങും, യഹോവയുടെ സാക്ഷികളായ ഞങ്ങൾ ദൈവത്തിൽനിന്നുള്ള പ്രത്യാശയുടെ സന്ദേശം അന്ധരായവരെ അറിയിക്കുന്നു. അതിനുവേണ്ടി ഞങ്ങൾ എന്തൊക്കെയാണു ചെയ്യുന്നത്?
ഞങ്ങൾ ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും വീഡിയോകളും, അന്ധർക്കും കാഴ്ചപരിമിതിയുള്ളവർക്കും ഉപയോഗിക്കാനാകുന്ന വ്യത്യസ്ത ഫോർമാറ്റുകളിൽ പുറത്തിറക്കുന്നു. ബ്രെയിൽ, വലിയക്ഷരപ്പതിപ്പ്, ഓഡിയോ എന്നീ ഫോർമാറ്റുകളിലാണ് അവയുള്ളത്.
അന്ധരായവർ ഉൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാനാകുന്ന ക്രിസ്തീയയോഗങ്ങൾ ഞങ്ങൾ പതിവായി നടത്തുന്നു.
ഒരു അധ്യാപകന്റെ കൂടെയിരുന്ന് ബൈബിൾ പഠിക്കാനുള്ള അവസരം ഞങ്ങൾ എല്ലാവർക്കും തുറന്നുകൊടുക്കുന്നു.c
ഇതിനൊന്നും ഞങ്ങൾ പണം വാങ്ങുന്നില്ല. കാരണം യേശു പറഞ്ഞിരിക്കുന്നത് ഇതാണ്: “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക.”—മത്തായി 10:8.
യഹോവയുടെ സാക്ഷികൾ അന്ധരായവരെ ആത്മാർഥമായി സ്നേഹിക്കുന്നു. ഞങ്ങളുടെകൂടെ ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവരെ പിന്തുണയ്ക്കുന്ന നല്ല കൂട്ടുകാരെ കണ്ടെത്താനാകും. യഹോവയുടെ സാക്ഷികളിൽപ്പെട്ട അന്ധരായ ചിലരുടെ അനുഭവങ്ങൾ കാണുക.
സ്വീഡനിൽനിന്നുള്ള റ്റലീറ്റ എൽനാഷിക്ക് ജനിച്ചപ്പോൾമുതലേ കാഴ്ചക്കുറവുണ്ട്. അവളുടെ മാതാപിതാക്കൾ അവളെ ബൈബിൾ പഠിപ്പിച്ചത് എങ്ങനെയെന്നും കൂട്ടുകാരിൽനിന്ന് അവർക്കു വേണ്ട സ്നേഹവും പിന്തുണയും കിട്ടിയത് എങ്ങനെയെന്നും കാണുക.
ഐക്യനാടുകളിൽനിന്നുള്ള ജയിംസ് റയാൻ, ജന്മനാ ബധിരനായിരുന്നു. പിന്നീട് അന്ധനുമായി. അദ്ദേഹം എങ്ങനെയാണു സന്തോഷത്തോടെ ജീവിക്കുന്നതെന്നു കാണാം.
ഫിലിപ്പീൻസിൽനിന്നുള്ള സിന്ധ്യ പാബ്ളോയ്ക്കു കേൾക്കാനോ കാണാനോ പറ്റില്ല. കോവിഡ്-19 മഹാമാരിയുടെ സമയത്ത് സഹാരാധകർ എങ്ങനെയാണ് അവരെ സഹായിച്ചത്? “മഹാമാരിയുടെ സമയത്ത് ബധിരയും അന്ധയും ആയ സഹോദരിയെ സഭ സഹായിക്കുന്നു” എന്ന ലേഖനം കാണുക.
ബൈബിൾ പഠിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ
ബ്രെയിൽ പ്രസിദ്ധീകരണങ്ങൾ. ബ്രെയിൽ ലിപിയിൽ ബൈബിൾ മുഴുവനായോ ഭാഗികമായോ പല ഭാഷകളിൽ ഞങ്ങൾ പുറത്തിറക്കുന്നുണ്ട്. (ഭാഷകളുടെ ലിസ്റ്റ് കാണാൻ “പുതിയ ലോക ഭാഷാന്തരം ബൈബിൾ—ബ്രെയിൽ ലിപിയിൽ” എന്ന ചതുരം കാണുക.) പല ബൈബിൾപഠന പ്രസിദ്ധീകരണങ്ങളുടെയും ബ്രെയിൽ പതിപ്പും ഞങ്ങൾ തയ്യാറാക്കുന്നു. ഇനി, ബ്രെയിൽ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബ്രെയിൽ ലിപിയിൽ വായിക്കാൻ പഠിക്കുക (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണവും ഞങ്ങൾക്കുണ്ട്. കാഴ്ചശക്തിയില്ലാത്ത ഒരാൾക്ക് കാഴ്ചയുള്ള ഒരാളുടെ സഹായത്തോടെ ബ്രെയിൽ ലിപി പഠിക്കാൻ കഴിയുന്ന വിധത്തിലാണ് അതു തയ്യാറാക്കിയിരിക്കുന്നത്.
ബ്രെയിൽ ലിപിയിൽ പ്രിന്റ് ചെയ്തിരിക്കുന്ന ഒരു പ്രസിദ്ധീകരണം കിട്ടാൻ യഹോവയുടെ സാക്ഷികളിൽ ഒരാളോടു സംസാരിക്കുകയോ “ആരെങ്കിലും സന്ദർശിക്കണമെങ്കിൽ” എന്ന ഭാഗം പൂരിപ്പിക്കുകയോ ചെയ്യുക.
നോട്ട്ടെയ്ക്കർ ഉപകരണത്തിൽ ഉപയോഗിക്കാവുന്ന ഫയലുകൾ jw.org-ൽനിന്ന് ഡൗൺലോഡ് ചെയ്യുക.d
വലിയക്ഷരപ്പതിപ്പിലുള്ള പ്രസിദ്ധീകരണങ്ങളും അക്ഷരങ്ങളുടെ വലുപ്പം കൂട്ടാവുന്ന ഇലക്ട്രോണിക് രൂപത്തിലുള്ള വിവരങ്ങളും. കാഴ്ചക്കുറവുള്ളവർക്കുവേണ്ടി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പലതും വലിയക്ഷരപ്പതിപ്പിൽ ലഭ്യമാണ്. ഞങ്ങളുടെ jw.org വെബ്സൈറ്റിലെ വിവരങ്ങൾ സൂം ചെയ്താലും അക്ഷരങ്ങൾ കൃത്യമായി കാണാൻ പറ്റുന്ന വിധത്തിലാണ് അതു ഡിസൈൻ ചെയ്തിരിക്കുന്നത്. ഇനി JW ലൈബ്രറി ആപ്ലിക്കേഷനിലും, പ്രസിദ്ധീകരണത്തിലെ അക്ഷരങ്ങളുടെ വലുപ്പം കൂട്ടാനാകും.
വലിയക്ഷരപ്പതിപ്പിലുള്ള ഒരു പ്രസിദ്ധീകരണം കിട്ടാൻ യഹോവയുടെ സാക്ഷികളിൽ ഒരാളോടു സംസാരിക്കുകയോ “ആരെങ്കിലും സന്ദർശിക്കണമെങ്കിൽ” എന്ന ഭാഗം പൂരിപ്പിക്കുകയോ ചെയ്യുക.
പ്രസിദ്ധീകരണങ്ങളുടെ വലിയക്ഷരപ്പതിപ്പ് സ്വന്തമായി പ്രിന്റ് ചെയ്ത് എടുക്കാൻ അവയുടെ ഇലക്ട്രോണിക് കോപ്പി jw.org-ൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഓഡിയോ പ്രസിദ്ധീകരണങ്ങൾ. പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ ഓഡിയോകൾ 200-ലധികം ഭാഷകളിൽ പുറത്തിറക്കിയിട്ടുണ്ട്. അതിനു പുറമേ ഞങ്ങളുടെ പല ബൈബിൾ പ്രസിദ്ധീകരണങ്ങളും ഓഡിയോ രൂപത്തിൽ ലഭ്യമാണ്. അവയിൽ പലപ്പോഴും പ്രസിദ്ധീകരണത്തിലെ ചിത്രങ്ങളുടെ വിവരണങ്ങളും കൊടുക്കാറുണ്ട്.
jw.org-ലെയോ JW ലൈബ്രറി ആപ്ലിക്കേഷനിലെയോ ഓഡിയോകൾ സ്ട്രീം ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.
സ്ക്രീൻ റീഡറോ, ഡിജിറ്റൽ ടോക്കിങ് ബുക്ക് പ്ലേയേഴ്സോ ഒക്കെ ഉപയോഗിച്ച് ലേഖനങ്ങൾ വായിച്ചുകേൾക്കാനാകും.e അതിനു പറ്റിയ ഫയലുകളും jw.org-ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ഓഡിയോ വിവരണം സഹിതമുള്ള വീഡിയോകൾ.f യഹോവയുടെ സാക്ഷികൾ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകൾ, ഓഡിയോ വിവരണം സഹിതം 100-ലധികം ഭാഷകളിൽ പുറത്തിറക്കിയിട്ടുണ്ട്. ബൈബിൾ നൽകുന്ന ഉപദേശങ്ങൾ മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും ഈ വീഡിയോകൾ ആളുകളെ സഹായിക്കുന്നു.
ചില ഓഡിയോ വിവരണങ്ങൾ കേൾക്കാൻ താഴെപ്പറയുന്ന വീഡിയോപരമ്പരകൾ കാണുക:
മീറ്റിങ്ങുകളും മറ്റു പരിപാടികളും. ലോകമെങ്ങും ഞങ്ങൾക്കു സഭകളുണ്ട്. പഠിക്കാനും ആരാധിക്കാനും വേണ്ടി ആഴ്ചതോറും ഞങ്ങൾ അവിടെ കൂടിവരുന്നു. ബൈബിൾ പഠിക്കാനായി വർഷംതോറും വലിയ കൂടിവരവുകളും ഞങ്ങൾക്കുണ്ട്. വീഡിയോ അവതരണങ്ങളുള്ള ഇത്തരം കൂടിവരവുകളിൽ, ആഗ്രഹിക്കുന്നവർക്ക് വീഡിയോയുടെകൂടെ ഓഡിയോ വിവരണങ്ങളുംകൂടെ കേൾക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. കാഴ്ചശക്തിയും കേൾവിശക്തിയും ഒരുപോലെയില്ലാത്ത ആളുകൾക്കുവേണ്ടി ഞങ്ങളുടെ മീറ്റിങ്ങുകളും പരിപാടികളും സാധ്യമാകുമ്പോഴെല്ലാം ഞങ്ങൾ സ്പർശന ആംഗ്യഭാഷയിൽ പരിഭാഷപ്പെടുത്താറുണ്ട്. ആരെയും മാറ്റി നിറുത്താതെ ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
മീറ്റിങ്ങ് സ്ഥലം കണ്ടെത്തുക.
ഞങ്ങളുടെ വാർഷികകൺവെൻഷനുകളെക്കുറിച്ച് അറിയുക.
വർഷത്തിലെ ഞങ്ങളുടെ പ്രധാനപ്പെട്ട പരിപാടിയായ യേശുവിന്റെ മരണത്തിന്റെ ഓർമയുടെ ആചരണത്തിൽ പങ്കെടുക്കുക.
ഹൊസേ ലൂയിസ് അയാല മെക്സിക്കോയിലാണു താമസിക്കുന്നത്. അദ്ദേഹം ജനിച്ചപ്പോൾത്തന്നെ ബധിരനാണ്, 29-ാം വയസ്സിൽ കാഴ്ചശക്തിയും നഷ്ടപ്പെട്ടു. ഞങ്ങളുടെ മീറ്റിങ്ങുകൾ അദ്ദേഹത്തെ എങ്ങനെയാണു സഹായിച്ചതെന്നും ബൈബിളിന്റെ നല്ലൊരു അധ്യാപകനാകാൻ അദ്ദേഹത്തിന് എങ്ങനെയാണു സഹായം കിട്ടിയതെന്നും അറിയുക.
a “കാഴ്ചപരിമിതിയുള്ളവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, പരിഹരിക്കാൻ കഴിയാത്ത വിധത്തിൽ കാഴ്ചശക്തി നഷ്ടപ്പെട്ടവരെയാണ്. ഓരോ ദിവസത്തെയും കാര്യങ്ങൾപോലും ചെയ്യാൻ അവർക്കു ബുദ്ധിമുട്ടാണ്. ഈ ലേഖനത്തിൽ “അന്ധർ” എന്നത് ഒട്ടും കാഴ്ചശക്തിയില്ലാത്തവരെയും കാഴ്ചപരിമിതിയുള്ളവരെയും സൂചിപ്പിക്കുന്നു.
b ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.
c ഈ സൗജന്യ ബൈബിൾപഠന പരിപാടി നടത്തുന്നത് എങ്ങനെയെന്ന് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് അപേക്ഷിക്കാം.
d കൊണ്ടുനടക്കാവുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണു നോട്ട്ടെയ്ക്കർ. അതിൽ ബ്രെയിൽ അക്ഷരങ്ങൾ കാണിക്കാൻ കഴിയുന്ന ഒരു ഡിസ്പ്ലേയോ കമ്പ്യൂട്ടർ ശബ്ദമോ ഉണ്ടാകും. ചിലപ്പോൾ ഇവ രണ്ടും കാണും. ബ്രെയിൽ ഡിസ്പ്ലേയിൽ പിന്നുകൾ ഉയർത്തിയും താഴ്ത്തിയും അക്ഷരങ്ങൾ ഉണ്ടാക്കുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന അക്ഷരങ്ങൾ മാറ്റാനും പറ്റും. നോട്ട്ടെയ്ക്കർ ഉണ്ടെങ്കിൽ ബ്രെയിൽ ലിപിയിലുള്ള ഒരുപാടു പുസ്തകങ്ങൾ സൂക്ഷിച്ചുവെക്കേണ്ടി വരുന്നില്ല.
e സ്ക്രീൻ റീഡറും ഡിജിറ്റൽ ടോക്കിങ് ബുക്ക് പ്ലേയേഴ്സും ഒക്കെ സ്ക്രീനിലുള്ള വിവരങ്ങൾ കമ്പ്യൂട്ടർ ശബ്ദത്തിലോ മനുഷ്യശബ്ദത്തിലോ വായിച്ചുകേൾപ്പിക്കും. പ്രസിദ്ധീകരണത്തിലെ ഏതെങ്കിലും ഒരു പ്രത്യേകഭാഗത്തേക്കു പോയി അതു മാത്രം കേൾക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.
f ഒരു വീഡിയോ പ്ലേ ചെയ്യുമ്പോൾ സ്ക്രീനിൽ തെളിയുന്ന ഭാഗങ്ങൾ എന്താണെന്നു പറയുന്ന വാക്കുകളാണ് ഓഡിയോവിവരണങ്ങൾ.