മതങ്ങൾക്ക് എന്തു സംഭവിക്കും?—ബൈബിളിനു പറയാനുള്ളത്
മതം എന്നു കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു താത്പര്യക്കുറവോ വെറുപ്പോ ഒക്കെയാണോ തോന്നുന്നത്? ഒരു കൂട്ടം ആളുകൾക്ക് അല്ലെങ്കിൽ ചില വ്യക്തികൾക്ക് മതം നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മതം വളരെയധികം ദോഷവും വരുത്തിയിട്ടുണ്ട്. “ചരിത്രത്തിലെ ഏറ്റവും മോശമായ ചില യുദ്ധങ്ങൾ നടന്നത് മതവിശ്വാസത്തിന്റെ പേരിലാണ്” എന്ന് മതവും യുദ്ധവും സർവവിജ്ഞാനകോശം പറയുന്നു. മതനേതാക്കന്മാർ പലപ്പോഴും ആരാധനയ്ക്കായിട്ടല്ല രാഷ്ട്രീയ ആശയങ്ങൾ ഉന്നമിപ്പിക്കാനാണ് മതത്തെ ഉപയോഗിച്ചിട്ടുള്ളത്. ഇനി, ചില മതനേതാക്കന്മാർ അവരുടെ മതത്തിലെ നേതാക്കന്മാർ ചെയ്യുന്ന ലൈംഗിക അതിക്രമവും സാമ്പത്തിക കുറ്റകൃത്യങ്ങളും ഒക്കെ മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ട്.
മതത്തെക്കുറിച്ച് ഓർത്ത് നിങ്ങൾക്ക് നിരാശ തോന്നുന്നെങ്കിൽ ദൈവത്തിന് അതെക്കുറിച്ച് എന്താണ് തോന്നുന്നതെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. മിക്ക മതങ്ങളെയും ദൈവം കുറ്റം വിധിക്കുന്നത് അവർ ചെയ്തിരിക്കുന്ന കാര്യങ്ങൾകൊണ്ടാണ് എന്ന് ബൈബിൾ പറയുന്നു. ദൈവം മതങ്ങളോട് എന്ത് ചെയ്യുമെന്ന് വിശദീകരിക്കുന്ന പ്രവചനങ്ങളും ബൈബിളിലുണ്ട്. ദൈവം മതങ്ങൾക്കെതിരെ പെട്ടെന്നുതന്നെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ഒരു ആഗോള നടപടിയെടുക്കുമെന്ന് ബൈബിളിൽ ആലങ്കാരികാർഥത്തിൽ പറയുന്നു.
മതങ്ങളുടെ ഭാവിയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
പ്രവചനം: ബൈബിളിലെ വെളിപാട് പുസ്തകത്തിൽ ഒരു വേശ്യയെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അവരുടെ പേരാണ് ബാബിലോൺ എന്ന മഹതി. ആ വേശ്യ കടുഞ്ചുവപ്പു നിറമുള്ള ഒരു കാട്ടുമൃഗത്തിന്റെ പുറത്ത് ഇരിക്കുന്നു. പിന്നീട് കാട്ടുമൃഗം അവൾക്കെതിരെ തിരിഞ്ഞ് അവളെ കൊല്ലുന്നു.—വെളിപാട് 17:3, 5, 16.
അർഥം: വേശ്യ അല്ലെങ്കിൽ ബാബിലോൺ എന്ന മഹതി എല്ലാ വ്യാജമതങ്ങളെയുമാണ് കുറിക്കുന്നത്; അതായത് ദൈവം അംഗീകരിക്കാത്തa മതങ്ങളെ. കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗം ഐക്യരാഷ്ട്ര സംഘടനയെb കുറിക്കുന്നു. വേശ്യ കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്റെ പുറത്തിരിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് വ്യാജമതം ഐക്യരാഷ്ട്ര സംഘടനയെ സ്വാധീനിക്കാൻ അല്ലെങ്കിൽ അതിന്റെമേൽ ആധിപത്യം നടത്താൻപോലും ശ്രമിച്ചിട്ടുണ്ട് എന്നാണ്. കാട്ടുമൃഗം വേശ്യയെ കൊല്ലുന്നു എന്നത് കാണിക്കുന്നത് ഐക്യരാഷ്ട്ര സംഘടനയും അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളും ലോകത്തിലെ എല്ലാ വ്യാജമതങ്ങൾക്കും എതിരായി തിരിഞ്ഞ് അവയെ നശിപ്പിക്കുമെന്നാണ്. ഇതിനു മുമ്പ് ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു സംഭവമായിരിക്കും അത്.
വ്യാജമതങ്ങൾ എങ്ങനെയാണ് നശിക്കുന്നത്?
പ്രവചനം: ‘നീ കണ്ട പത്തു കൊമ്പും കാട്ടുമൃഗവും വേശ്യയെ വെറുത്ത് അവളെ നശിപ്പിച്ച് ചുട്ടുകരിച്ച് ഇല്ലാതാക്കും. കാരണം ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കാൻ, അതെ അവരുടെയെല്ലാം മനസ്സിലുള്ള ആ ഒരേ പദ്ധതി നടപ്പാക്കാൻ, ദൈവം അവരുടെ ഹൃദയത്തിൽ, അതായത് ലോകനേതാക്കന്മാരുടെ ഹൃദയത്തിൽ തോന്നിപ്പിക്കും. അവർ അവരുടെ ഭരണം കാട്ടുമൃഗത്തിനു കൊടുക്കും. മരണം, ദുഃഖം, ക്ഷാമം എന്നീ ബാധകൾ ഒറ്റ ദിവസംകൊണ്ട് അവളുടെ മേൽ വരും. അവളെ ചുട്ടുകരിച്ച് ഇല്ലാതാക്കും. കാരണം അവളെ ന്യായം വിധിച്ച ദൈവമായ യഹോവc ശക്തനാണ്.’—വെളിപാട് 17:16, 17; 18:8.
അർഥം: ദൈവം ലോകത്തിലെ രാഷ്ട്രങ്ങളുടെ ഉള്ളിൽ തന്റെ “ഉദ്ദേശ്യം” നടും. അവരുടെ “രാജ്യം” അല്ലെങ്കിൽ രാഷ്ട്രീയ അധികാരം ഐക്യരാഷ്ട്ര സംഘടനയ്ക്ക് കൊടുക്കാൻ ദൈവം അവരെ പ്രേരിപ്പിക്കും. എന്നിട്ട് ഐക്യരാഷ്ട്ര സംഘടന മറ്റ് രാഷ്ട്രങ്ങളിൽനിന്നും തനിക്ക് ലഭിച്ച പുതിയ അധികാരം ഉപയോഗിച്ച് ലോകമെങ്ങുമുള്ള വ്യാജമതങ്ങളെ നശിപ്പിക്കും. ഇത് ഒരുപാട് ആളുകളെ ഞെട്ടിച്ചുകൊണ്ട്, അപ്രതീക്ഷിതമായി പെട്ടെന്ന് “ഒറ്റ ദിവസംകൊണ്ട്” സംഭവിക്കും.—വെളിപാട് 18:21.
വ്യാജമതങ്ങളെ എന്തിനാണ് നശിപ്പിക്കുന്നത്?
പ്രവചനം: “അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നുകൂടിയിരിക്കുന്നു. അവളുടെ അനീതി നിറഞ്ഞ പ്രവൃത്തികൾ ദൈവം ഓർമിക്കുകയും ചെയ്തിരിക്കുന്നു.”—വെളിപാട് 18:5.
അർഥം: നൂറ്റാണ്ടുകളായി വ്യാജമതം ഒരുപാട് മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. “അവളുടെ പാപങ്ങൾ” കാരണം ദൈവം അവളെ ന്യായം വിധിക്കും. അവൾ ചെയ്തിരിക്കുന്ന ചില പാപങ്ങൾ ഏതൊക്കെയാണ്?
രാഷ്ട്രീയകാര്യങ്ങളിലുള്ള ഇടപെടൽ. യേശുക്രിസ്തു തന്റെ അനുഗാമികളോട് രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടരുതെന്ന് പഠിപ്പിച്ചു. പകരം മനുഷ്യഗവൺമെന്റുകളെ നീക്കം ചെയ്യുന്ന ദൈവത്തിന്റെ സ്വർഗീയഗവൺമെന്റ് ആയ ദൈവരാജ്യത്തിൽ പ്രത്യാശ വെക്കാനാണ് യേശു അവരോട് പറഞ്ഞത്.d (ദാനിയേൽ 2:44; മത്തായി 6:9, 10; യോഹന്നാൻ 6:15; 18:36) എന്നാൽ വ്യാജമതങ്ങൾ നേരെ തിരിച്ചാണ് ചെയ്തിരിക്കുന്നത്. ദൈവത്തോട് വിശ്വസ്തരായിരിക്കുന്നതിനു പകരം വ്യാജമതം രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വെളിപാട് പുസ്തകത്തിൽ ബാബിലോൺ എന്ന മഹതിയെ ‘ലൈംഗിക അധാർമികതയുടെ’ പേരിൽ കുറ്റം വിധിച്ചിരിക്കുന്നത്. “മഹാവേശ്യ” എന്ന പേര് എന്തുകൊണ്ടും അവൾക്കു യോജിച്ചതാണ്.—വെളിപാട് 17:1, 2; യാക്കോബ് 4:4.
അക്രമം. “ഭൂമിയിൽ കൊല്ലപ്പെട്ട എല്ലാവരുടെയും” മരണത്തിന് ഉത്തരവാദിയായിട്ടാണ് വ്യാജമതത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. (വെളിപാട് 18:24) പല മതങ്ങളും അതിലെ അംഗങ്ങളെ സമാധാനം പിൻപറ്റാൻ പഠിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അതു മാത്രമല്ല ചില മതങ്ങൾ അതിലെ അംഗങ്ങളെ യുദ്ധങ്ങളിലോ ഭീകരവാദ പ്രവർത്തനങ്ങളിലോ ഒക്കെ ഏർപ്പെടാൻ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അതിനു പ്രോത്സാഹിപ്പിക്കുകയോപോലും ചെയ്യുന്നു.
അത്യാഗ്രഹം. വ്യാജമതം ‘ആർഭാടത്തിൽ ആറാടിയാണ്’ ജീവിക്കുന്നത്. (വെളിപാട് 17:4; 18:7) പല മതങ്ങളും അവരുടെ സ്വാധീനവും ബന്ധങ്ങളും ഉപയോഗിച്ച് വൻതോതിൽ പണം വാരിക്കൂട്ടുന്നു. ഇതുപോലുള്ള അത്യാഗ്രഹം ദൈവത്തെ അപ്രീതിപ്പെടുത്തുന്നു.—തീത്തോസ് 1:7.
നുണ. ബൈബിളിൽ കാണുന്ന സത്യത്തിനു വിരുദ്ധമായ പഠിപ്പിക്കലുകളും ആചാരങ്ങളും ആണ് വ്യാജമതം പ്രോത്സാഹിപ്പിക്കുന്നത്.e കാരണം ആളുകളെ വഴിതെറ്റിക്കുകയും ദൈവത്തെ അപമാനിക്കുകയും ചെയ്യുന്ന പല പഠിപ്പിക്കലുകളുടെയും ആചാരങ്ങളുടെയും ഉറവിടം വ്യാജമതമാണ്. അതുകൊണ്ട് പ്രവചനം വ്യാജമതത്തെ ‘ഭൂമിയിലെ വൃത്തികെട്ട കാര്യങ്ങളുടെ മാതാവ്’ എന്നാണ് വിളിച്ചിരിക്കുന്നത്.—വെളിപാട് 17:5; 18:23.
എല്ലാ മതങ്ങളും നശിപ്പിക്കപ്പെടുമോ?
ഇല്ല. ലോകത്ത് എല്ലായിടത്തുനിന്നുമുള്ള ഒരു കൂട്ടം ആളുകളെക്കുറിച്ച് വെളിപാട് പുസ്തകത്തിൽ പറയുന്നു. അവരെ “മഹാപുരുഷാരം” എന്നാണ് വിളിച്ചിരിക്കുന്നത്. (വെളിപാട് 7:9) ഈ മഹാപുരുഷാരം ‘നീളമുള്ള വെള്ളക്കുപ്പായം ധരിച്ചിരിക്കുന്നു’ എന്ന് പറയുന്നു. അതിന്റെ അർഥം ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് ദൈവത്തെ വിശ്വസ്തമായി ആരാധിക്കുന്നവരാണ് അവർ എന്നാണ്. ഇവർ ‘മഹാകഷ്ടതയെ’ അതിജീവിക്കുമെന്ന് ബൈബിളിൽ വിശദീകരിക്കുന്നു. മഹാകഷ്ടത എന്നു പറയുന്നത് വ്യാജമതവും ദൈവത്തിന്റെ ബാക്കിയുള്ള ശത്രുക്കളും നശിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തെയാണ്. (വെളിപാട് 7:13, 14; 19:11, 19-21) നീളമുള്ള വെള്ളക്കുപ്പായം ധരിച്ച ഈ മഹാപുരുഷാരം സത്യമതത്തിന്റെ ഭാഗമാണ്. ആ സത്യമതം എന്നും നിലനിൽക്കും.f
ദൈവത്തിന്റെ സത്യാരാധകരുടെ ഒരു വലിയ കൂട്ടം വ്യാജമതങ്ങളുടെ നാശത്തെ അതിജീവിക്കും
വ്യാജമതങ്ങളുടെ നാശത്തെക്കുറിച്ചുള്ള അറിവ് നിങ്ങളെ എങ്ങനെ ബാധിക്കും?
മതങ്ങൾ ചെയ്തുകൂട്ടുന്ന ഞെട്ടിക്കുന്ന കാര്യങ്ങളൊന്നും ദൈവം അംഗീകരിക്കുന്നില്ല എന്നറിയുന്നത് നമുക്ക് ആശ്വാസം നൽകുന്നു. ദൈവത്തെ അപമാനിക്കുകയും മനുഷ്യരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്ന എല്ലാ മതങ്ങളെയും ദൈവം പെട്ടെന്നുതന്നെ ഇല്ലാതാക്കും. അത് അറിയാവുന്നതുകൊണ്ട് ഭാവിയിലേക്ക് നമുക്ക് പ്രത്യാശയോടെ നോക്കാനാകുന്നു.
നിങ്ങൾക്ക് ഒരു കാര്യത്തിലുംകൂടി ഉറപ്പുണ്ടായിരിക്കാനാകും; ദൈവത്തെ സന്തോഷിപ്പിക്കുന്ന ഒരു ആരാധനാരീതിയുണ്ട്. ബൈബിൾ പറയുന്നു: ‘സത്യാരാധകർ പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കും. ശരിക്കും, തന്നെ ഇങ്ങനെ ആരാധിക്കുന്നവരെയാണു പിതാവ് അന്വേഷിക്കുന്നത്.’ (യോഹന്നാൻ 4:23) ദൈവം അവരോട് പറയുന്നു: “എന്റെ ജനമേ, അവളുടെ (ബാബിലോൺ എന്ന മഹതിയുടെ) പാപങ്ങളിൽ പങ്കാളികളാകാനും അവൾക്കു വരുന്ന ബാധകളുടെ ഓഹരി കിട്ടാനും ആഗ്രഹിക്കുന്നില്ലെങ്കിൽ അവളിൽനിന്ന് പുറത്ത് കടക്ക്.” (വെളിപാട് 18:4, 5) അതെ, ബൈബിളിൽ കാണുന്ന സത്യത്തിനു ചേർച്ചയിൽ തന്നെ ആരാധിക്കാൻ ദൈവം ആളുകളെ ക്ഷണിക്കുന്നു. (1 തിമൊഥെയൊസ് 2:3, 4) തന്റെ ക്ഷണം സ്വീകരിക്കുന്നവർ എന്നും ജീവിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.—1 യോഹന്നാൻ 2:17.
a ബാബിലോൺ എന്ന മഹതിയെ തിരിച്ചറിയാൻ സഹായിക്കുന്ന നാല് കാര്യങ്ങളെക്കുറിച്ച് അറിയാൻ “എന്താണ് ബാബിലോൺ എന്ന മഹതി?” എന്ന ലേഖനം വായിക്കുക.
b ഈ കാട്ടുമൃഗത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ആറ് കാര്യങ്ങളെക്കുറിച്ച് അറിയാൻ “വെളിപാട് 17-ാം അധ്യായത്തിലെ കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗം എന്താണ്?” എന്ന ലേഖനം വായിക്കുക.
c ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം വായിക്കുക.
d കൂടുതൽ അറിയാൻ എന്താണ് ദൈവരാജ്യം? എന്ന വീഡിയോ കാണുക.
e ഉദാഹരണങ്ങൾക്കായി “ബാബിലോൺ എന്ന മഹതിയിൽ ഏതെങ്കിലും ക്രൈസ്തവമതങ്ങൾ ഉൾപ്പെടുന്നുണ്ടോ?” എന്ന ചതുരം കാണുക.
f സത്യമതത്തെ തിരിച്ചറിയാൻ ബൈബിളിന് എങ്ങനെ സഹായിക്കാനാകുമെന്ന് അറിയാൻ “സത്യമതം എനിക്ക് എങ്ങനെ കണ്ടെത്താം?” എന്ന ലേഖനം വായിക്കുക.