Imagination World/stock.adobe.com
ദൈവവചനത്തിൽനിന്നുള്ള ഒരു സന്ദേശം—അഭയാർഥികൾക്ക് പ്രതീക്ഷയുടെ വെളിച്ചം!
എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകൾ സ്വന്തം ജീവനുവേണ്ടി വീടുവിട്ട് പോകേണ്ടിവരുന്നു. നിങ്ങളുടെ സാഹചര്യം ഇതാണോ? എങ്കിൽ വിഷമിക്കേണ്ടാ. നിങ്ങൾ ഒറ്റയ്ക്കല്ല, സഹായത്തിനായി ദൈവം കൂടെയുണ്ട്. നല്ല ഒരു ജീവിതം കിട്ടുമെന്ന പ്രതീക്ഷ ദൈവം തരുന്നു. അതു വിശുദ്ധ തിരുവെഴുത്തുകളിൽ കാണാനാകും.
“അഭയാർഥികൾക്ക് അടിയന്തിരസഹായം മാത്രം പോരാ, . . . ഭാവിയിലേക്ക് ഒരു പ്രത്യാശയുംകൂടെ വേണം”a എന്ന് ഒരു യൂറോപ്യൻ യൂണിയൻ കമ്മീഷണറായb ക്രിസ്റ്റോസ് സ്റ്റിലിയാനിഡെസ് പറയുന്നു. പ്രതീക്ഷയോടെ ജീവിക്കുന്ന ആളുകൾക്കു മുന്നോട്ടുള്ള ജീവിതത്തെ പോസിറ്റീവായി കാണാൻ കഴിയും. അതോടൊപ്പം അവരുടെ മനസ്സിനേറ്റ മുറിവുകൾ ഉണങ്ങാൻവേണ്ട ആശ്വാസവും ആവശ്യമാണ്.
“കുടുംബത്തെ വിട്ട് മറ്റൊരു രാജ്യത്തേക്കു പോകേണ്ടിവന്നപ്പോൾ എനിക്കു വല്ലാത്ത ശൂന്യത തോന്നി. പേടിയും സങ്കടവും ടെൻഷനും ഒക്കെയായിരുന്നു എപ്പോഴും.”—ഇമ്മാനുവേൽ, ഹെയ്റ്റി.
ഇമ്മാനുവേലിനെപ്പോലെ നിങ്ങൾക്കും തോന്നിയിട്ടുണ്ടോ? നിങ്ങൾക്കും വീടുവിട്ട് പോകേണ്ടിവന്നിട്ടുണ്ടെങ്കിൽ ആശ്വാസത്തിനും പ്രത്യാശയ്ക്കും ആയി എവിടേക്കു നോക്കാനാകും? ദൈവത്തിന്റെ വചനമായ ബൈബിളിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
ദൈവവചനം ആശ്വാസം തരുന്നു
ബൈബിൾ പറയുന്നു: ‘യഹോവc വിദേശിയെ സ്നേഹിക്കുന്നു.’—ആവർത്തനം 10:17, 18.
ഇതിന്റെ അർഥം നിങ്ങൾ ഒറ്റയ്ക്കല്ലെന്നാണ്. ബൈബിളിന്റെ ഗ്രന്ഥകർത്താവായ, ദൈവമായ യഹോവയ്ക്ക് നിങ്ങളുടെ സാഹചര്യം അറിയാം, യഹോവ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെക്കുറിച്ച് യഹോവയ്ക്കു ചിന്തയുണ്ട്.
ബൈബിൾ പറയുന്നു: “തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും, യഹോവ സമീപസ്ഥൻ.”—സങ്കീർത്തനം 145:18.
ഇതിന്റെ അർഥം നിങ്ങൾ പ്രാർഥിക്കുമ്പോൾ യഹോവ നിങ്ങളുടെ പ്രാർഥന കേൾക്കുമെന്നാണ്. യഹോവ നിങ്ങൾക്ക് സമാധാനം തരും. അതുപോലെ ആ സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്യാനുള്ള ജ്ഞാനം ബൈബിളിലൂടെ തരുകയും ചെയ്യും.
ബൈബിൾ പറയുന്നു: “തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല. . . . സർവശക്തൻ നീതി നിഷേധിക്കില്ലെന്നു തീർച്ചയാണ്.”—ഇയ്യോബ് 34:10, 12.
ഇതിന്റെ അർഥം നിങ്ങളുടെ കഷ്ടപ്പാടുകൾക്കു കാരണം ദൈവമല്ലെന്നാണ്. നിങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ദൈവം നിങ്ങളെ ശിക്ഷിക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്നില്ല.
ദൈവവചനം പ്രതീക്ഷ തരുന്നു
ഭാവിയിൽ ദൈവം നമുക്കുവേണ്ടി എന്താണു ചെയ്യാൻപോകുന്നതെന്നു ബൈബിൾ പറയുന്നു. വീടുവിട്ട് അഭയാർഥികളായി കഴിയുന്നവരെ ഈ പ്രത്യാശ എങ്ങനെയാണു സഹായിക്കുന്നതെന്നു നോക്കാം.
ബൈബിൾ പറയുന്നു: “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.”—വെളിപാട് 21:4.
ഇതിന്റെ അർഥം കഷ്ടപ്പാടുകളിൽനിന്ന് നമുക്കൊരു മോചനം കിട്ടുമെന്നാണ്. ജീവിതത്തിൽ ഇനി യാതൊരു പ്രത്യാശയുമില്ലെന്നു തോന്നാനിടയാക്കുന്ന എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കുമെന്നു ദൈവം ഉറപ്പുതരുന്നു.
“നമുക്ക് ചുറ്റും നടക്കുന്ന എല്ലാ അനീതിയും തെറ്റായ കാര്യങ്ങളും ദൈവം പെട്ടെന്നുതന്നെ ഇല്ലാതാക്കും. എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുന്ന ആ ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ പ്രത്യാശ എന്നെ സഹായിക്കുന്നു.”—കർല, എൽ സാൽവഡോർ.
ബൈബിൾ പറയുന്നു: “പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല; ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.”—യശയ്യ 65:17.
ഇതിന്റെ അർഥം വേദനിപ്പിക്കുന്ന എല്ലാ ഓർമകളിൽനിന്നും നമുക്കൊരു മോചനം ഉണ്ടാകുമെന്നാണ്. നിങ്ങളെ വേദനിപ്പിച്ച മോശമായ കാര്യങ്ങളുടെ ഓർമകൾ നിങ്ങളുടെ മനസ്സിനെ അലട്ടില്ലെന്നു ദൈവം ഉറപ്പുവരുത്തും.
“നമുക്കുണ്ടായ വേദനയും നഷ്ടവും ഒന്നും നമ്മുടെ ഓർമയിൽപ്പോലും വരില്ലെന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ ആ പ്രത്യാശ ഞങ്ങളെ സഹായിക്കുന്നു. കാരണം എല്ലാത്തിനും പെട്ടെന്നുതന്നെ ഒരു മാറ്റം വരുമല്ലോ?”—നറ്റാലിയ, യുക്രെയിൻ.
ബൈബിൾ പറയുന്നു: ‘സ്വർഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കും.’—ദാനിയേൽ 2:44.
ഇതിന്റെ അർഥം പൂർണതയുള്ള ഒരു സ്വർഗീയ ഗവൺമെന്റ് ഭൂമിയെ ഭരിക്കുമെന്നാണ്. ദൈവം പെട്ടെന്നുതന്നെ എല്ലാ മനുഷ്യ ഗവൺമെന്റുകളെയും നീക്കം ചെയ്ത് തന്റെ സ്വർഗീയഗവൺമെന്റ് കൊണ്ടുവരും. ആ ഗവൺമെന്റ് യഥാർഥ സമാധാനവും സുരക്ഷിതത്വവും നൽകും. എല്ലാവരോടും നീതിയോടെ ഇടപെടും, പാവപ്പെട്ടവരായി ആരുമുണ്ടാകില്ല.—മീഖ 4:3, 4.
“അടിച്ചമർത്തൽ, വേർതിരിവ്, വർഗീയത, ആളുകളെ സംശയദൃഷ്ടിയോടെ കാണുന്നത് ഇതെല്ലാം താത്കാലികമാണെന്ന് എനിക്ക് അറിയാം. യഹോവയുടെ രാജ്യം ഈ പ്രശ്നങ്ങളെല്ലാം പെട്ടെന്നുതന്നെ ഇല്ലാതാക്കും. അത് എന്നെ വളരെയധികം ആശ്വസിപ്പിക്കുന്നു.”—മുസ്തഫ, മധ്യപൂർവ ദേശം.
പ്രത്യാശയെക്കുറിച്ചുള്ള ബൈബിളിന്റെ സന്ദേശത്തിൽനിന്ന് ആശ്വാസം കണ്ടെത്തുക
ദൈവവചനം ജ്ഞാനം തരുന്നു
നിങ്ങൾക്കു സംഭവിച്ച കാര്യങ്ങളുമായി മാനസികമായി പൊരുത്തപ്പെടാൻ, അത് ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ ബൈബിളിലെ പ്രായോഗിക ജ്ഞാനം നിങ്ങളെ സഹായിക്കും. സാമ്പത്തികനഷ്ടം ഉൾപ്പെടെയുള്ള നിങ്ങളുടെ മാറിയ സാഹചര്യത്തെ നേരിടാനും അതിനു നിങ്ങളെ സഹായിക്കാനാകും. താഴെ പറയുന്ന തത്ത്വങ്ങൾ അഭയാർഥികളായവർക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
ബൈബിൾ പറയുന്നു: “ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്.”—ലൂക്കോസ് 12:15.
ഈ വാക്കുകൾ സഹിച്ചുനിൽക്കാൻ എങ്ങനെ സഹായിക്കും? പലതും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലും ഞെട്ടലിലും ആയിരിക്കാം നിങ്ങൾ. എന്നാൽ ഏറ്റവും വിലപ്പെട്ടത് നിങ്ങളുടെ ജീവനാണെന്നു ഓർക്കുക. നഷ്ടപ്പെട്ടതിനെക്കുറിച്ച് കൂടുതൽ വിഷമിക്കാതിരിക്കാൻ അതു നിങ്ങളെ സഹായിക്കും.
“സ്വത്തുക്കളെക്കാൾ ജീവനാണ് ഏറ്റവും പ്രധാനം. ചില സാഹചര്യങ്ങളിൽ പണത്തിനോ സ്വത്തുക്കൾക്കോ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞെന്നുവരില്ല.”—നറ്റാലിയ, യുക്രെയിൻ.
ബൈബിൾ പറയുന്നു: “‘കഴിഞ്ഞ കാലം ഇപ്പോഴത്തെക്കാൾ നല്ലതായിരുന്നതിന്റെ കാരണം എന്ത്’ എന്നു നീ ചോദിക്കരുത്.”—സഭാപ്രസംഗകൻ 7:10.
ഈ വാക്കുകൾ സഹിച്ചുനിൽക്കാൻ എങ്ങനെ സഹായിക്കും? നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം ബുദ്ധിമുട്ടായിരിക്കാം. എന്നാൽ അതിനെ നിങ്ങളുടെ പഴയ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്താൽ നിരാശ തോന്നും.
“പുതിയ സാഹചര്യത്തെ യാഥാർഥ്യബോധത്തോടെ കാണുന്നതുകൊണ്ട് എനിക്കു പോസിറ്റീവായി ചിന്തിക്കാൻ കഴിയുന്നു.”—ഏലി, റുവാണ്ട.
ബൈബിൾ പറയുന്നു: “ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.”—1 തിമൊഥെയൊസ് 6:8.
ഈ വാക്കുകൾ സഹിച്ചുനിൽക്കാൻ എങ്ങനെ സഹായിക്കും? ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾകൊണ്ട് തൃപ്തരാകാൻ ശ്രമിക്കുക. ഉള്ളതിൽ തൃപ്തരാണെങ്കിൽ നിങ്ങളുടെ ടെൻഷൻ കുറഞ്ഞേക്കും. ശാന്തരായിരിക്കാൻ അതു നിങ്ങളെ സഹായിക്കും.
“നഷ്ടപ്പെട്ടതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം കാര്യങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ കാണാൻ ബൈബിൾ എന്നെ സഹായിക്കുന്നു. ഞാനും ഭാര്യയും സുരക്ഷിതമായ സ്ഥലത്ത് ജീവനോടിരിക്കുന്നു. അതിലും സന്തോഷം വേറൊന്നില്ലല്ലോ?”—ഇവാൻ, യുക്രെയിൻ.
ബൈബിൾ പറയുന്നു: “അതുകൊണ്ട് മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.”—മത്തായി 7:12.
ഈ വാക്കുകൾ സഹിച്ചുനിൽക്കാൻ എങ്ങനെ സഹായിക്കും? ക്ഷമയും ദയയും ഉള്ളവരായിരിക്കാൻ പരമാവധി ശ്രമിക്കുന്നെങ്കിൽ മറ്റുള്ളവരുമായി ഒത്തുപോകാൻ നിങ്ങൾക്ക് എളുപ്പമായിരിക്കും. പുതിയ ഒരു സ്ഥലത്തായിരിക്കുന്ന നിങ്ങളെ സ്വീകരിക്കാനും മുൻവിധിയോടെ കാണാതിരിക്കാനും അപ്പോൾ മറ്റുള്ളവർക്കു കഴിഞ്ഞേക്കും.
“ബഹുമാനത്തോടെയും ദയയോടെയും സ്നേഹത്തോടെയും ഇടപെടുമ്പോൾ ആളുകൾക്കു നിങ്ങളോട് ഇഷ്ടം തോന്നും. പുതിയ സ്ഥലത്തെ ആളുകളുമായി നല്ലൊരു ബന്ധമുണ്ടായിരിക്കാൻ അതു സഹായിക്കും.”—ആഞ്ചലോ, ശ്രീലങ്ക.
ബൈബിൾ പറയുന്നു: ‘നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക. ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ക്രിസ്തുയേശു മുഖാന്തരം കാക്കും.’—ഫിലിപ്പിയർ 4:6, 7.
ഈ വാക്കുകൾ സഹിച്ചുനിൽക്കാൻ എങ്ങനെ സഹായിക്കും? നിങ്ങളുടെ വികാരങ്ങളും ആവശ്യങ്ങളും ആകുലതകളും ഭയവും എല്ലാം പ്രാർഥനയിലൂടെ ദൈവത്തെ അറിയിക്കുക. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനും ഉത്കണ്ഠ കുറയ്ക്കാനും അതു സഹായിക്കും.
“പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ഞാൻ ദൈവത്തോടു പ്രാർഥിക്കും. ദൈവം എനിക്ക് ഉത്തരം തരും. ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ എനിക്ക് യഥാർഥ മനസ്സമാധാനം തരുന്നു.”—യോൾ, സൗത്ത് സുഡാൻ.
“ബുദ്ധിമുട്ടുള്ള ഈ സാഹചര്യത്തിൽ മനസ്സമാധാനത്തോടെ അതുമായി പൊരുത്തപ്പെട്ടുപോകാൻ ബൈബിളിലെ നല്ല നിർദേശങ്ങൾ എന്നെ സഹായിക്കുന്നു.”—വാലെന്റീന, യുക്രെയിൻ.
“ദൈവമായ യഹോവ നല്ലൊരു ജീവിതം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഓർക്കുന്നത് എനിക്കു ശക്തി തരുന്നു.”—ഇമ്മാനുവേൽ, ഹെയ്റ്റി
ആശ്വാസവും പ്രത്യാശയും തരുന്ന ബൈബിൾവാഗ്ദാനങ്ങളെക്കുറിച്ചും അതു നമുക്കു വിശ്വസിക്കാനാകുമോ എന്നതിനെക്കുറിച്ചും കൂടുതലായി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളെ സന്ദർശിക്കാനായി യഹോവയുടെ സാക്ഷികളോട് ആവശ്യപ്പെടാം. നിങ്ങളെ സൗജന്യമായി സഹായിക്കാൻ അവർക്കു സന്തോഷമേ ഉള്ളൂ.
a യുഎൻ റെഫ്യൂജി ഏജൻസി, അഭയാർഥികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സ്വന്തം രാജ്യത്തുതന്നെ മറ്റൊരിടത്തേക്കോ അല്ലെങ്കിൽ സ്വന്തം രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കോ നിർബന്ധിതരായി പോകേണ്ടിവരുന്നവരെ ആണ്.
b യൂറോപ്യൻ യൂണിയൻ കമ്മീഷണർ ഫോർ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് ക്രൈസിസ് മാനേജ്മെന്റ്.
c ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.