ജീവിതകഥ
നല്ലൊരു വ്യക്തിയായിത്തീരാൻ യഹോവ എന്നെ സഹായിച്ചു
ഐക്യനാടുകളിലെ ന്യൂയോർക്കിലുള്ള ബ്രൂക്ലിൻ ബഥേലിലെ ബൈൻഡറിയിൽ, ജോലിക്കുവേണ്ടി ആദ്യമായി ചെന്ന ദിവസം ഞാൻ ഒരിക്കലും മറക്കില്ല. പുസ്തകങ്ങൾ ബൈൻഡ് ചെയ്യുന്ന മെഷീനുകളുടെ ഉയർന്ന ശബ്ദം അവിടെ കേൾക്കാമായിരുന്നു. പേപ്പറിന്റെ പൊടി വായുവിൽ തങ്ങിനിൽക്കുന്നത് കാണാമായിരുന്നു. മെഷീനുകളിലെ എണ്ണയുടെ ഗന്ധം അവിടെ നിറഞ്ഞുനിന്നു.
അവിടെയുള്ള പല കാര്യങ്ങളും എന്റെ ശ്രദ്ധയാകർഷിച്ചെങ്കിലും അവിടത്തെ ആളുകൾ എന്റെ ഹൃദയത്തെ തൊട്ടു. വീണ്ടുംവീണ്ടും ഒരേ ജോലിതന്നെ ചെയ്തിട്ടും ചെറുപ്പക്കാരായ ആ സഹോദരങ്ങൾക്ക് ഒരു മടുപ്പും തോന്നിയില്ല. എപ്പോഴും അംഗീകാരവും ശ്രദ്ധയും ഒന്നും കിട്ടാതിരുന്നിട്ടും അവർ സന്തോഷവും സംതൃപ്തിയും ഉള്ളവരായിരുന്നു. യഹോവയെ താഴ്മയോടെ സേവിക്കുക എന്നാൽ എന്താണെന്ന് അവരുടെ മാതൃക എന്നെ പഠിപ്പിച്ചു.
ഈ വർഷങ്ങളിലെല്ലാം യഹോവ എന്നെ ഒരു നല്ല വ്യക്തിയാക്കി മാറ്റിക്കൊണ്ടിരുന്നു. എന്നാൽ ഒരു ബുദ്ധമതവിശ്വാസിയായിരുന്ന ഞാൻ എങ്ങനെയാണ് സത്യം അന്വേഷിച്ച് കണ്ടെത്തിയതെന്ന് ആദ്യം പറയാം.
വളരെ ചെറുപ്പത്തിൽത്തന്നെ ദൈവത്തെ അന്വേഷിക്കുന്നു
അമേരിക്കയിലെ ഇലിനോയിയിലുള്ള ചിക്കാഗോയിലാണ് ഞാൻ ജനിച്ചുവളർന്നത്. നാലു മക്കളിൽ മൂത്തയാളായിരുന്നു ഞാൻ. അമേരിക്കയിലെ ഒരു നല്ല ജീവിതം കിട്ടാൻവേണ്ടി ജപ്പാനിൽനിന്ന് ചിക്കാഗോയിലേക്ക് കുടിയേറിയവരായിരുന്നു എന്റെ മാതാപിതാക്കൾ. മക്കൾ ഏറ്റവും നല്ല വിദ്യാഭ്യാസം നേടി ജീവിതത്തിൽ വിജയിക്കാൻ അവർ ആഗ്രഹിച്ചിരുന്നു.
എന്റെ മാതാപിതാക്കൾ കടുത്ത ബുദ്ധമതവിശ്വാസികളായിരുന്നു. അമ്മയുടെ വീട്ടിൽ ഒരു ബുദ്ധമതക്ഷേത്രം പോലുമുണ്ടായിരുന്നു. അമ്മയുടെ അച്ഛനും രണ്ടു സഹോദരന്മാരും ബുദ്ധമതത്തിലെ സന്യാസിമാരായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ വളർന്നുവന്ന ആ സമയത്ത് ബുദ്ധമതം ഞങ്ങളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്കൂളിൽനിന്ന് വന്നുകഴിഞ്ഞാൽ ഞാൻ ആദ്യം ബുദ്ധപ്രതിമയ്ക്ക് സുഗന്ധക്കൂട്ട് കത്തിക്കുകയും അരിയും വെള്ളവും അർപ്പിക്കുകയും ചെയ്യും. ഞായറാഴ്ചകളിൽ ഞങ്ങൾ ഒരു ബുദ്ധമതക്ഷേത്രത്തിൽ പോകുമായിരുന്നു. അവിടെ അതേപോലെയുള്ള ഒരു ബുദ്ധപ്രതിമയ്ക്ക് മുന്നിൽ മന്ത്രോച്ചാരണങ്ങൾ നടത്തും. ഞാൻ കണ്ട ഒരു വ്യത്യാസം ആ പ്രതിമ വലുതായിരുന്നു, സ്വർണവും പൂശിയിരുന്നു.
ഏകദേശം ഏഴു വയസ്സുള്ളപ്പോൾ വീട്ടിലുള്ള പ്രതിമയെ നോക്കി ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘മരിച്ചതിനു ശേഷം എന്റെ ജീവിതം എങ്ങനെയായിരിക്കും?’ ബുദ്ധമതം പഠിപ്പിച്ചിരുന്നത് മരണശേഷം ഞാൻ ഒരു ആത്മവ്യക്തിയായി ജീവിക്കും എന്നാണ്. അങ്ങനെയാകുമ്പോൾ ഒരു ദിവസം എന്റെ ജീവിതം അവസാനിക്കുമെന്ന് എനിക്കു മനസ്സിലായി. മരിച്ചുകഴിഞ്ഞാൽ ഞാൻ ഒരു ആത്മവ്യക്തിയായി ജീവിക്കുമായിരിക്കും. പക്ഷേ ഒരു മനുഷ്യനായി ജീവിക്കാൻ പറ്റില്ലല്ലോ. എനിക്ക് ആകെ സങ്കടമായി. ഒന്നും ചെയ്യാൻ പറ്റാത്തതുപോലെ എനിക്കു തോന്നി.
ഏതാണ്ട് 15 വയസ്സുള്ളപ്പോൾ ബുദ്ധമതത്തിലെ ആചാരങ്ങളിലൊന്നും ഒരർഥവും ഇല്ലെന്ന് എനിക്ക് തോന്നി. എന്തോ ഒരു കുറവ് അനുഭവപ്പെട്ടു. (മത്താ. 5:3) സർവശക്തനായ, ജീവനുള്ള ഒരു ദൈവം തീർച്ചയായും ഉണ്ടെന്ന് എനിക്ക് തോന്നി. ആ ദൈവത്തെ അറിയാൻ ഞാൻ ആഗ്രഹിച്ചു. ബൈബിളിൽ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉണ്ടായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഞാൻ, പഴയ ഒരു ബൈബിൾ വാങ്ങി. എവിടെനിന്നാണെന്നോ? ബുദ്ധമതത്തിന്റെ ഒരു ഉത്സവം നടക്കുന്നിടത്തുനിന്ന്! ജയിംസ് രാജാവിന്റെ ഭാഷാന്തരമായിരുന്നു അത്.
എന്നെ സത്യം പഠിപ്പിച്ച വിൽസൺ ബാഷുവിനോടൊപ്പം
എനിക്ക് 17 വയസ്സുള്ളപ്പോൾ ഒരു ദിവസം ഞാൻ എന്റെ നായ്ക്കുട്ടിയെയുംകൊണ്ട് നടക്കാനിറങ്ങിയ വഴിക്ക് വിൽസൺ ബാഷു എന്നൊരു സഹോദരനെ കണ്ടുമുട്ടി. സഹോദരൻ ചോദിച്ചു: “ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങൾ എന്താണെന്ന് അറിയാമോ?” ആ ചോദ്യം ഒരു ബൈബിൾചർച്ചയിലേക്ക് നയിച്ചു. സഹോദരൻ വെളിപാട് 17:1 വായിച്ചിട്ട് “വേശ്യ ഇരിക്കുന്ന പെരുവെള്ളം എന്തിനെയാണ് അർഥമാക്കുന്നത് എന്ന് അറിയാമോ” എന്നു ചോദിച്ചു. എനിക്ക് ഒരു പിടിയുമില്ലായിരുന്നു. അത് ആളുകളെയാണ് അർഥമാക്കുന്നതെന്നു പറയുന്ന 15-ാം വാക്യം അദ്ദേഹം എന്നെ കാണിച്ചു. യഹോവയുടെ സാക്ഷികൾ ഒരു ബൈബിൾഭാഗം വിശദീകരിക്കാൻ മറ്റൊരു ബൈബിൾഭാഗം ഉപയോഗിക്കുന്നത് എന്നെ ശരിക്കും ആകർഷിച്ചു. പോകുന്നതിനു മുമ്പ് വിൽസൺ സഹോദരൻ എനിക്ക് നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകത്തിന്റെ ഒരു കോപ്പി തന്നു. നീല നിറത്തിലുള്ള ആ ചെറിയ പുസ്തകം എന്റെ ജീവിതം മാറ്റിമറിച്ചു.
പത്തു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ആദ്യമായി രാജ്യഹാളിൽ മീറ്റിങ്ങ് കൂടി. അവിടെ സഹോദരങ്ങൾ എന്നെ സ്വാഗതം ചെയ്തത് ഇപ്പോഴും ഓർക്കുന്നു. അന്നുമുതൽ എല്ലാ മീറ്റിങ്ങും ഞാൻ കൂടാൻതുടങ്ങി. വിൽസൺ സഹോദരൻ എനിക്ക് ഒരു ബൈബിൾപഠനം തുടങ്ങി. ബൈബിളിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ഞാൻ ശരിക്കും ഇഷ്ടപ്പെട്ടു. ചില സമയത്ത് ഞങ്ങളുടെ ബൈബിൾപഠനം എട്ടു മണിക്കൂറോളം നീണ്ടുപോകുമായിരുന്നു. എന്റെ പഠനത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞു. അവർക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. പക്ഷേ ഞാൻ എത്ര കൂടുതൽ പഠിച്ചോ അത്രയും ഇത് സത്യമാണെന്ന് എനിക്ക് ഉറപ്പായി. അങ്ങനെ 1983-ൽ ഞാൻ സ്നാനപ്പെട്ടു.
യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ച് മുൻനിരസേവനത്തിലേക്ക്
ഞാൻ സ്നാനമേറ്റ സമയത്ത് ഒരു നല്ല യൂണിവേഴ്സിറ്റിയിൽ മെഡിസിന് പഠിക്കുകയായിരുന്നു. എന്റെ പഠനത്തിനുവേണ്ടി മാതാപിതാക്കൾ ഒരുപാട് ത്യാഗം ചെയ്തിരുന്നു. പക്ഷേ മുഴുസമയസേവനത്തിലൂടെ യഹോവയ്ക്ക് ഏറ്റവും മികച്ചത് കൊടുക്കാൻ ഞാൻ ആഗ്രഹിച്ചു.
എന്നാൽ എന്റെ പപ്പ എന്നോട് പറഞ്ഞു: “നീ പഠനം നിറുത്തിയാൽ നിന്നെ ഞാൻ വീട്ടിൽനിന്ന് പുറത്താക്കും.” എന്തു ചെയ്യണമെന്നറിയാതെ ഞാൻ ആകെ സങ്കടത്തിലായി. കാരണം ഞാൻ എന്റെ മാതാപിതാക്കളെ സ്നേഹിച്ചിരുന്നതുകൊണ്ട് അവരെ നിരാശപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. ആകെ സങ്കടത്തിലായിരുന്ന ഞാൻ മിക്കപ്പോഴും രാത്രി കോളേജിന്റെ ഗ്രൗണ്ടിൽ പോയി ആകാശത്തേക്ക് നോക്കി ഇങ്ങനെ പ്രാർഥിക്കുമായിരുന്നു: “യഹോവേ, ശരിയായ തീരുമാനമെടുക്കാൻ എന്നെ സഹായിക്കണേ.” അങ്ങനെ അവസാനം പഠനം നിറുത്താൻ ഞാൻ തീരുമാനിച്ചു. പപ്പ പറഞ്ഞതുപോലെതന്നെ എന്നെ വീട്ടിൽനിന്ന് പുറത്താക്കി. ഞാൻ വിൽസൺ സഹോദരനെ വിളിച്ച് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. അദ്ദേഹം തന്നോടൊപ്പം താമസിക്കാനായി എന്നെ ക്ഷണിച്ചു. ഒരു ബാഗിൽ കൊള്ളുന്ന സാധനങ്ങളും എടുത്ത് ഞാൻ സഹോദരന്റെ അപ്പാർട്ട്മെന്റിലേക്ക് ബസ് കയറി. ആ സാഹചര്യത്തിലും പറഞ്ഞറിയിക്കാനാകാത്തൊരു ശാന്തത എനിക്ക് തോന്നി. ഞാനെടുത്ത തീരുമാനം ശരിയാണെന്ന് എനിക്ക് അറിയാമായിരുന്നു.
കൂട്ടിൽനിന്ന് വെളിയിൽ വന്ന ഒരു പക്ഷിയെപ്പോലെ എനിക്ക് തോന്നി. മുഴുസമയം യഹോവയെ സേവിക്കാൻ എന്നെത്തന്നെ വിട്ടുകൊടുക്കാൻ എനിക്കായി. അങ്ങനെ 1984-ൽ ഞാൻ മുൻനിരസേവനം തുടങ്ങി.
സാധാരണ മുൻനിരസേവനം ചെയ്ത ആ വർഷങ്ങളിലെല്ലാം യഹോവ എന്നെ പല നല്ല ഗുണങ്ങളും പഠിപ്പിച്ചു; പ്രത്യേകിച്ചും മടുത്തുപോകാതെ തുടരാൻ. ഒരു ദിവസം എനിക്ക് ശുശ്രൂഷയ്ക്ക് പോകാൻ ഒട്ടും തോന്നിയില്ല. അതിന് ഞാൻ പല കാരണങ്ങളും കണ്ടെത്തി. അന്ന് ഉച്ചകഴിഞ്ഞ് എന്റെകൂടെ സേവനത്തിന് വരാൻ ആരുമില്ലായിരുന്നു. എന്നാലും ഞാൻ പോയി. കുറച്ച് മണിക്കൂറുകൾ ഞാൻ വയൽസേവനം ചെയ്തു. ഒറ്റയ്ക്കായിരുന്നതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു. പിന്നെ നോക്കിയപ്പോൾ നല്ല മഴക്കാറുള്ളതുപോലെയും തോന്നി. ഒരു വീടും കൂടെ കയറിയിട്ട് ഇന്ന് നിറുത്തിയാലോ എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഞാൻ ആ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലേക്ക് കയറിയപ്പോഴാണ് ഫിലിപ്പീൻസിൽനിന്നുള്ള ഒരു ചെറുപ്പക്കാരനെ കണ്ടത്. ഞാൻ മനസ്സിൽ പറഞ്ഞു: ‘ഓ ഇയാൾ കേൾക്കാനൊന്നും പോകുന്നില്ല.’ പക്ഷേ എന്റെ ആ ചിന്ത തെറ്റായിരുന്നു. അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. ഇപ്പോൾ നമ്മുടെ ഒരു സഹോദരനാണ്.
ബ്രൂക്ലിനിലെ ബഥേലിലേക്ക്
വിൽസൺ സഹോദരന്റെകൂടെ രണ്ടു വർഷം താമസിച്ചശേഷം 1985-ൽ എന്നെ ബ്രൂക്ലിൻ ബഥേലിലേക്ക് ക്ഷണിച്ചു. ഞാൻ ഈ കഥയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ ബഥേലിലെ ബൈൻഡറിയിലേക്കാണ് എന്നെ നിയമിച്ചത്. ഒരു ദിവസം അവിടെയുള്ള ഒരു മെഷീൻ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു അബദ്ധം പറ്റി. അതു കാരണം പുസ്തകങ്ങളുടെ നൂറു കണക്കിന് കവറുകളാണ് ഉപയോഗിക്കാൻ പറ്റാതായത്. ഈ കാര്യം ഓവർസിയറെ അറിയിക്കാൻ സഹോദരങ്ങൾ പറഞ്ഞു. ഓവർസിയറായി ചുമതലയുള്ള സഹോദരന്റെ അടുത്തുപോയി തെറ്റു പറ്റിയതിന് പല ന്യായങ്ങളും ഞാൻ നിരത്തി. പക്ഷേ, ഒരു കാര്യം മാത്രം ഞാൻ പറഞ്ഞില്ല. ഓവർസിയറായ സഹോദരൻ ദയയോടെ എന്നോട് പറഞ്ഞു: “ഒരു സോറി പറയുന്നത് എപ്പോഴും നല്ലതാണ്.” ആ നിമിഷം ജീവിതത്തിൽ ഞാൻ മറ്റൊരു പ്രധാനപ്പെട്ട പാഠം പഠിച്ചു: തെറ്റു പറ്റിയാൽ അത് അംഗീകരിക്കുക; ക്ഷമ ചോദിക്കുക.
ബ്രൂക്ലിൻ ബഥേലിന്റെ ബൈൻഡറി വിഭാഗത്തിൽ ടൂർ കൊടുക്കുന്നു
മറ്റുള്ളവരെ കുറച്ചുകൂടി നന്നായി സേവിക്കാനും ഞാൻ പഠിച്ചു. ബഥേലിലെ പ്രായമുളള വിശ്വസ്തരായ സഹോദരങ്ങളിൽനിന്നാണ് ഞാൻ അതു പഠിച്ചത്. ഞാൻ ഓർത്തിരിക്കുന്ന ഒരു സംഭവം പറയാം. ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഞങ്ങളോടൊപ്പം ടേബിളിൽ ഭരണസംഘാംഗമായിരുന്ന മിൽട്ടൻ ഹെൻഷൽ സഹോദരനും ഉണ്ടായിരുന്നു. അന്ന് ഒരുപാട് പേരുണ്ടായിരുന്നതുകൊണ്ട് ഭക്ഷണം എല്ലാവരുടെയും അടുത്ത് വിളമ്പിയെത്താൻ കുറച്ച് സമയമെടുത്തു. ആ മേശയിലിരുന്ന ഞങ്ങൾ കുറച്ച് ചെറുപ്പക്കാർ ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാൽ ഹെൻഷൽ സഹോദരൻ ഒരു പരാതിയും പറയാതെ എഴുന്നേറ്റ്, വിളമ്പിക്കൊണ്ടിരുന്ന സഹോദരങ്ങളെ സഹായിക്കാൻതുടങ്ങി. അദ്ദേഹം കുടിക്കാൻ വെള്ളം ഒഴിച്ചുകൊടുക്കുകയും ബ്രഡും ബട്ടറും ഒക്കെ എടുത്തുകൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ താഴ്മയോടെയുള്ള ആ പ്രവൃത്തി കണ്ടപ്പോൾ യേശു അപ്പോസ്തലന്മാരെ സേവിച്ചതാണ് എന്റെ മനസ്സിലേക്ക് വന്നത്. ഞാൻ ഒരിക്കലും മറക്കാത്ത ഒരു അനുഭവമാണ് അത്.—യോഹ. 13:3-5.
“ജാപ്പനീസ് ഭാഷ പഠിക്കൂ!”
മിച്ചികോ ഒഡയോടും ഭർത്താവിനോടും ഒപ്പം
1987-ൽ ഞാൻ ജപ്പാനിലേക്ക് ഒരു യാത്ര പോയി. അവിടെയുള്ള സഹോദരങ്ങളുടെ ഉത്സാഹവും താഴ്മയും എല്ലാം എന്നെ ശരിക്കും സ്വാധീനിച്ചു. അവരെ പിന്തുണയ്ക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ ഞാൻ ജാപ്പനീസ് ഭാഷ പഠിച്ചിരുന്നില്ല. ബഥേലിലുള്ള മിച്ചികോ ഒഡ എന്ന ഒരു സഹോദരി എന്നെ നോക്കിയിട്ട് പറഞ്ഞു: “ജാപ്പനീസ് ഭാഷ പഠിക്കൂ!” അതുതന്നെയാണ് ഞാൻ ചെയ്തതും. സഹോദരിയുടെ ആ വാക്കുകൾ എന്റെ ജീവിതംതന്നെ മാറ്റുമെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു.
കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ന്യൂയോർക്കിലെ ഒരു ജാപ്പനീസ് സഭയിലേക്ക് ഞാൻ മാറി. ജാപ്പനീസ് ഭാഷ പഠിച്ചതുകൊണ്ട് യഹോവയെ സേവിക്കാൻ എനിക്ക് ഒരുപാട് അവസരങ്ങൾ കിട്ടി. 1989-ൽ ഞാൻ ആദ്യമായി ജാപ്പനീസ് കൺവെൻഷൻ കൂടി. അത് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ വെച്ചാണ് നടന്നത്. അന്ന് നാടകത്തിൽ അഭിനയിച്ച മിവാക്കോ ഒനാമി എന്ന മുൻനിരസേവികയായ സഹോദരി എന്റെ കണ്ണിലുടക്കി.
1992-ൽ ഞാനും മിവാക്കോയും വിവാഹിതരായി. തുടർന്ന് ബ്രൂക്ലിൻ ബഥേലിൽ ഒരുമിച്ച് സേവിക്കാൻ ഞങ്ങൾക്കായി. മിവാക്കോ മറ്റുള്ളവരെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന, സഹായിക്കാൻ മനസ്സുള്ള ഒരാളാണ്. അവളുടെ ആ നല്ല മാതൃക മറ്റുള്ളവരോട് ദയയോടെ ഇടപെടാൻ എന്നെ പഠിപ്പിച്ചു. യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ് അവൾ. അവൾ കൂടെയുള്ളത് എപ്പോഴും എനിക്ക് സന്തോഷവും ആശ്വാസവും തരുന്നു.
ഞങ്ങളുടെ വിവാഹദിനം
ജപ്പാൻ ബ്രാഞ്ചിലേക്കും പിന്നെ വയലിലേക്കും
പിന്നീട് ജപ്പാനിലായിരുന്ന മിവാക്കോയുടെ മാതാപിതാക്കൾ രണ്ടു പേർക്കും തീരെ വയ്യാതായി. അതുകൊണ്ട് ജപ്പാൻ ബ്രാഞ്ചിലേക്ക് മാറാൻ സഹോദരങ്ങൾ സ്നേഹത്തോടെ ഞങ്ങളെ അനുവദിച്ചു. അതാകുമ്പോൾ ഞങ്ങൾക്ക് അവരുടെ കാര്യങ്ങൾ നോക്കാൻ പറ്റുമായിരുന്നു. 1999-ൽ ഞങ്ങൾ അങ്ങോട്ട് പോയി.
ജപ്പാനിലെ ബഥേൽ കുടുംബാംഗങ്ങൾ ഞങ്ങളെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ഞങ്ങൾ ഞങ്ങളുടെ പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻതുടങ്ങി. അവിടെയുള്ള സഹോദരീസഹോദരന്മാരിൽനിന്നും എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. അവരുടെ ഉദാരതയും ആതിഥ്യമര്യാദയും പോലുള്ള നല്ല ഗുണങ്ങൾ ഞാൻ അനുകരിക്കാൻ ശ്രമിച്ചു. ഇനി, ജോലിയുടെ കാര്യം വരുമ്പോൾ അവർ അത് വളരെ ഗൗരവത്തോടെയും ശ്രദ്ധയോടെയും ആണ് ചെയ്യുന്നത്. ഒരു കൂട്ടമെന്ന നിലയിൽ പ്രവർത്തിക്കാനും അവർക്ക് ഒരു പ്രത്യേക കഴിവുണ്ട്. കാരണം അവിടത്തെ രീതിയനുസരിച്ച്, ഒറ്റയ്ക്ക് കുറെ കാര്യങ്ങൾ ചെയ്ത് പലതും നേടിയെടുക്കുന്നതിനെക്കാൾ ആളുകൾ പ്രാധാന്യം കൊടുക്കുന്നത് ഐക്യത്തോടെ സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ്. അവരുടെ നല്ല മാതൃക മറ്റുള്ളവരോടൊപ്പം താഴ്മയോടെ പ്രവർത്തിക്കാനും ഞാൻ ചെയ്യുന്ന ചെറിയ സേവനങ്ങൾപോലും യഹോവയുടെ ഉദ്ദേശ്യനിവൃത്തിയുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ചിന്തിക്കാനും എന്നെ സഹായിച്ചു.
എങ്കിലും സംസ്കാരത്തിന്റെ കാര്യത്തിൽ വ്യത്യാസം ഉള്ളതുകൊണ്ട് ചില കാര്യങ്ങൾ ഒരു പ്രത്യേകരീതിയിൽ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ചിലപ്പോഴൊക്കെ സംശയം തോന്നിയിട്ടുണ്ട്. ആ സമയത്ത് ക്ഷമയോടിരിക്കാനും അമിതമായി പ്രതികരിക്കാതിരിക്കാനും ഞാൻ പഠിക്കണമായിരുന്നു. പതിയെ എന്റെ കാഴ്ചപ്പാടിൽ മാറ്റംവരുത്താൻ എനിക്കായി. യഹോവയുടെ സംഘടന തരുന്ന നിർദേശങ്ങൾക്ക് ചേർച്ചയിലെടുക്കുന്ന ഏതൊരു തീരുമാനത്തെയും യഹോവയ്ക്ക് അനുഗ്രഹിക്കാൻ പറ്റുമെന്ന് ഞാൻ മനസ്സിലാക്കി. ശരിക്കുംപറഞ്ഞാൽ നമ്മുടെ പ്രവർത്തനങ്ങളെയെല്ലാം വിജയത്തിലെത്തിക്കുന്നത് യഹോവയാണല്ലോ.
ബഥേലിൽവെച്ച് എനിക്കു കിട്ടിയ പരിശീലനം പ്രവാചകനായ മോശയ്ക്ക് യഹോവ കൊടുത്ത പരിശീലനം പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഒരു ഇടയനായിരുന്ന 40 വർഷക്കാലം സൗമ്യത വളർത്തിയെടുക്കാൻ യഹോവ മോശയെ സഹായിച്ചു. മോശയെപ്പോലെതന്നെ ഞാനും ഉന്നതവിദ്യാഭ്യാസം നേടിയിരുന്നു. ആ വിദ്യാഭ്യാസംകൊണ്ട് ഞാൻ ഒരു അഹങ്കാരിയും സ്വന്തം കഴിവിൽ ആശ്രയിക്കുന്നവനും ആയിത്തീർന്നു. പക്ഷേ ബഥേൽ എന്നെ താഴ്മയും യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യവും പഠിപ്പിച്ചു. യഹോവ ക്ഷമയോടെ മോശയെ പരിശീലിപ്പിച്ചു. ഈ വർഷങ്ങളിലുടനീളം എന്റെ കാര്യത്തിലും യഹോവ അതുതന്നെയാണ് ചെയ്തത്.
ജപ്പാൻ ബ്രാഞ്ചിൽ സേവിക്കുന്നു
ഏതാണ്ട് 24 വർഷത്തോളം മിവാക്കോയുടെ പപ്പയെയും മമ്മിയെയും ഞങ്ങൾ പരിചരിച്ചു. എന്ത് ചെയ്യണമെന്ന് അറിയാത്ത നിമിഷങ്ങളും ആശുപത്രിയിലേക്കുള്ള ഓട്ടവും ഒരുപാട് ഫോൺകോളുകളും ഒക്കെ നിറഞ്ഞതായിരുന്നു ആ കാലഘട്ടം. മിവാക്കോയുടെ മമ്മി മസാക്കോയുടെ ആരോഗ്യം, തീരെ നടക്കാൻ പറ്റാത്ത അളവോളം എത്തി. അതുകൊണ്ട് മീറ്റിങ്ങിനും ശുശ്രൂഷയ്ക്കും പോകാൻ മമ്മിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. മമ്മി അവസാനത്തെ ആഴ്ചകളിലെല്ലാം ഒരു വീൽച്ചെയറിൽ ആയിരുന്നു. ആ സമയത്തും മമ്മിക്ക് യഹോവയോടുള്ള സ്നേഹം ഒട്ടും തണുത്തുപോയില്ല. സത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മമ്മിയുടെ മുഖം സന്തോഷംകൊണ്ട് തിളങ്ങുമായിരുന്നു. മമ്മിയുടെ ആ നല്ല മാതൃക ജീവിതത്തിൽ ഏതു സാഹചര്യത്തിലും സന്തോഷവും സംതൃപ്തിയും കണ്ടെത്തണമെന്ന കാര്യം എന്നെ പഠിപ്പിച്ചു.
ഒക്കിനാവയിൽ മിവാക്കോയോടൊപ്പം ശുശ്രൂഷ ചെയ്യുന്നു
2024-ൽ ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായി. 30 വർഷത്തിലധികം ബഥേലിൽ സേവിച്ചശേഷം ഞങ്ങളെ പ്രത്യേക മുൻനിരസേവകരായി നിയമിച്ചു. ഒക്കിനാവ എന്ന ദ്വീപിലേക്കായിരുന്നു ഞങ്ങളുടെ നിയമനം. അവിടെ സൈനികത്താവളത്തിന് അടുത്തുള്ള കുടുംബങ്ങളോട് സാക്ഷീകരിക്കാൻ ഞങ്ങൾക്കാകുന്നു. ബഥേലിൽനിന്ന് കിട്ടിയ നല്ല പരിശീലനം ഈ മാറ്റത്തോട് നല്ല രീതിയിൽ പൊരുത്തപ്പെട്ടുപോകാൻ ഞങ്ങളെ സഹായിച്ചു. ഞങ്ങൾക്ക് നല്ലൊരു പട്ടികയുണ്ട്. അതുകൊണ്ട് ശുശ്രൂഷയിൽ സമയം ഏറ്റവും നന്നായി ഉപയോഗിക്കാൻ ഞങ്ങൾക്കാകുന്നു. നല്ല ബൈബിൾപഠനങ്ങൾ തന്നുകൊണ്ട് യഹോവ ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ആ ബൈബിൾവിദ്യാർഥികൾ ഞങ്ങൾക്ക് ഒരു കുടുംബംപോലെയാണ്. അങ്ങനെ ആളുകളെ സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യം മുമ്പെന്നത്തെക്കാളും ഞങ്ങൾക്ക് ഇപ്പോൾ തിരിച്ചറിയാനാകുന്നു. ഈ നല്ലൊരു നിയമനം തന്നതിന് ഞാനും മിവാക്കോയും എന്നും യഹോവയോട് നന്ദിയുള്ളവരാണ്.
യഹോവ തുടർന്നും എന്നെ പഠിപ്പിക്കട്ടെ
ഇപ്പോൾ എനിക്ക് കുടുംബത്തിൽനിന്ന് എതിർപ്പൊന്നും ഇല്ലെങ്കിലും അവരാരും സത്യത്തിൽ വന്നിട്ടില്ല. എന്നാൽ തന്റെ ശിഷ്യനാകാൻ സ്വന്തം കുടുംബത്തെ ഉപേക്ഷിക്കേണ്ടിവരുന്നവർക്ക് നൂറു മടങ്ങ് കുടുംബാംഗങ്ങളെ തരുമെന്ന് യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. (മർക്കോ. 10:29, 30) ലോകമെമ്പാടുമുള്ള നല്ലൊരു ആത്മീയകുടുംബത്തെ തന്നുകൊണ്ട് എന്റെ കാര്യത്തിൽ അത് സത്യമായി. ഇപ്പോൾ എന്നെ സ്നേഹിക്കുന്ന, എന്നെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി കാണുന്ന ഒരുപാട് സഹോദരങ്ങൾ എനിക്കുണ്ട്. അത് എണ്ണിയാൽത്തീരില്ല.
വിൽസൺ സഹോദരൻ തന്ന സത്യം പുസ്തകം ഇപ്പോഴും എന്റെ കൈയിലുണ്ട്. നീല നിറത്തിലുള്ള ആ പുസ്തകം തന്നെ കണ്ടെത്താൻ യഹോവ എന്നെ അനുവദിച്ചതിനെക്കുറിച്ച് എപ്പോഴും ഓർമിപ്പിക്കുന്നു. (1 ദിന. 28:9) യഹോവ എന്നെ ഇനിയും പഠിപ്പിക്കണമെന്നും നിത്യജീവനിലേക്ക് നയിക്കുന്ന ആ സത്യം തുടർന്നും മറ്റുള്ളവരെ അറിയിക്കാൻ എനിക്ക് കഴിയണമെന്നും ആണ് എന്റെ ആഗ്രഹം.