2026 സെപ്റ്റംബർ 28-ഒക്ടോബർ 4
ഗീതം 79 ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക
യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുക
‘ ഏകസത്യദൈവമായ അങ്ങയെ അവർ അറിയുന്നതാണു നിത്യജീവൻ.’—യോഹ. 17:3.
ഉദ്ദേശ്യം
യഹോവയെ അറിയാൻ, യഹോവയുടെ ഗുണങ്ങളും യഹോവയ്ക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ആയ കാര്യങ്ങളും മനസ്സിലാക്കാൻ ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാമെന്നു നോക്കും.
1. ഒരു ബൈബിൾവിദ്യാർഥി പുരോഗമിക്കുന്നതു കാണുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നാറുള്ളത്?
ഒരു ബൈബിൾവിദ്യാർഥി ആദ്യമായി മീറ്റിങ്ങിനു വരുമ്പോഴോ ഉത്തരം പറയുമ്പോഴോ തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റൊരാളോടു വിശദീകരിക്കുമ്പോഴോ സ്നാനപ്പെടാൻ തീരുമാനിക്കുമ്പോഴോ നിങ്ങൾക്ക് എന്താണു തോന്നാറുള്ളത്? ഉറപ്പായും ആവേശം തോന്നും. ആ ബൈബിൾവിദ്യാർഥിയെ പുരോഗമിക്കാൻ സഹായിച്ചത് യഹോവയാണെന്നു നമുക്ക് അറിയാം. അതിനുള്ള മഹത്ത്വം നമ്മൾ യഹോവയ്ക്കു കൊടുക്കും.—1 കൊരി. 3:5-9; 3 യോഹ. 3, 4.
2. ബൈബിൾവിദ്യാർഥികളുടെ കാര്യത്തിൽ യഹോവ ആഗ്രഹിക്കുന്നത് എന്താണ്? (1 തിമൊഥെയൊസ് 2:3, 4)
2 യഹോവ ആഗ്രഹിക്കുന്നത് “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും അവർ സത്യത്തിന്റെ ശരിയായ അറിവ് നേടണമെന്നും ആണ്.” (1 തിമൊഥെയൊസ് 2:3, 4 വായിക്കുക.) അതെ, ആളുകൾ തന്നെ അറിയാനും തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. (യിരെ. 9:24) അതിന് ഒരാൾ ശരിയായ അറിവ് നേടണം. എന്താണു ശരിയായ അറിവ്? അത് ദൈവത്തെക്കുറിച്ച് വെറുതെ കുറെ കാര്യങ്ങൾ പഠിക്കുന്നതല്ല. ഒരു ബൈബിൾപണ്ഡിതൻ പറയുന്നതനുസരിച്ച്, “ഒരാൾ തന്റെ ജീവിതത്തെ സ്വാധീനിക്കുന്ന രീതിയിൽ അറിവ് നേടുന്നതിനെയാണ് അത് അർഥമാക്കുന്നത്.” അതുകൊണ്ട് ഒരു ബൈബിൾവിദ്യാർഥി യഹോവയെ നന്നായി അറിയുമ്പോൾ ആ അറിവ് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തെ പ്രേരിപ്പിക്കും. അതു “നിത്യജീവൻ” നേടാനുള്ള വഴി അദ്ദേഹത്തിനു തുറന്നുകൊടുക്കും.—യോഹ. 17:3.
3. ഈ ലേഖനത്തിൽ എന്തു ചർച്ച ചെയ്യും?
3 യഹോവയെ അറിയാൻ നമുക്കു മറ്റുള്ളവരെ സഹായിക്കാനാകും. അത് യഹോവ തന്നിരിക്കുന്ന മഹത്തായ ഒരു നിയമനമാണ്. ഈ ലേഖനത്തിൽ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്: ബൈബിൾവിദ്യാർഥികൾ യഹോവയെ നന്നായി അറിയേണ്ടത് എന്തുകൊണ്ട്? യഹോവ എങ്ങനെയുള്ള ഒരാളാണെന്ന് അവരെ പഠിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാം? യഹോവയെക്കുറിച്ചുള്ള അറിവ് അവരുടെ ജീവിതത്തിൽ ഉപയോഗിക്കാൻ നമുക്ക് എങ്ങനെ സഹായിക്കാം?
യഹോവയെ അടുത്തറിയാൻ വിദ്യാർഥിയെ സഹായിക്കുക
4. മർക്കോസ് 12:30 അനുസരിച്ച് ഒരു ബൈബിൾപഠനം നടത്തുമ്പോഴുള്ള നമ്മുടെ പ്രധാന ഉദ്ദേശ്യം എന്താണ്?
4 യഹോവയെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടും കൂടെ സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ കല്പനയെന്ന് യേശു പറഞ്ഞു. (മർക്കോസ് 12:30 വായിക്കുക.) ബൈബിൾവിദ്യാർഥിക്ക് യഹോവയെ സ്നേഹിക്കാൻ കഴിയണമെങ്കിൽ ആദ്യം അവർ യഹോവയെ അറിയേണ്ടതുണ്ട്. വിദ്യാർഥി നമുക്കുവേണ്ടിയോ സംഘടനയ്ക്കുവേണ്ടിയോ ഏതെങ്കിലും ബൈബിൾപഠിപ്പിക്കലുകളോടുള്ള പ്രത്യേകതാത്പര്യംകൊണ്ടോ ജീവിതം സമർപ്പിക്കാനല്ല, പകരം യഹോവയോടുള്ള ഇഷ്ടംകൊണ്ട് അങ്ങനെ ചെയ്യാനാണു നമ്മൾ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ബൈബിൾപഠനം നടത്തുമ്പോഴുള്ള നമ്മുടെ പ്രധാന ഉദ്ദേശ്യം യഹോവയെക്കുറിച്ച് അറിയാനും യഹോവയെ സ്നേഹിക്കാനും വിദ്യാർഥിയെ സഹായിക്കുക എന്നതാണ്.
5. യഹോവയോടുള്ള സ്നേഹം ബൈബിൾവിദ്യാർഥിയെ എന്തു ചെയ്യാൻ പ്രേരിപ്പിക്കും?
5 സ്നേഹവും അനുസരണവും തമ്മിൽ നല്ല ബന്ധമുണ്ട്. നമ്മുടെ വിദ്യാർഥി യഹോവയെ അറിയുകയും സ്നേഹിക്കുകയും ചെയ്താൽ യഹോവയെ അനുസരിക്കാൻ എളുപ്പമായിരിക്കും. യേശു പറഞ്ഞു: “ഞാൻ പിതാവിനെ സ്നേഹിക്കുന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ് എന്നോടു കല്പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്.” (യോഹ. 14:31) യേശുവിനെപ്പോലെ നമ്മുടെ വിദ്യാർഥിയും യഹോവയെ സ്നേഹിക്കാൻ തുടങ്ങിയാൽ, യഹോവയെ അനുസരിക്കാനും വിശ്വസ്തനായി നിൽക്കാനും അത് അദ്ദേഹത്തെ പ്രേരിപ്പിക്കും.—1 യോഹ. 5:3.
6. തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയെക്കുറിച്ചുള്ള അറിവ് ബൈബിൾവിദ്യാർഥിയെ എങ്ങനെ സഹായിക്കും? ഒരു ഉദാഹരണം പറയുക.
6 യഹോവയെ നന്നായി അറിഞ്ഞിട്ടുള്ള ഒരു ബൈബിൾവിദ്യാർഥി ശരിയായ തീരുമാനങ്ങളെടുക്കാനുള്ള സാധ്യത കൂടുതലായിരിക്കും. ഒരു ഉദാഹരണം നോക്കാം: ഒരു പൈലറ്റ്, വിമാനം ഓടിക്കേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള കുറെ കാര്യങ്ങൾ പഠിച്ചതുകൊണ്ടോ പരീക്ഷ എഴുതിയതുകൊണ്ടോ മാത്രം അദ്ദേഹത്തിന് ആ ജോലി നന്നായി ചെയ്യാൻ പറ്റണമെന്നില്ല. പകരം പല തവണ അദ്ദേഹം വിമാനം ഓടിച്ചുതന്നെ പഠിക്കേണ്ടതുണ്ട്. അങ്ങനെ പതിയെപ്പതിയെ വ്യത്യസ്തസാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എന്ത് തീരുമാനമെടുക്കണമെന്നും ആ പൈലറ്റ് പഠിക്കും. അതുപോലെ ഒരു ബൈബിൾവിദ്യാർഥി യഹോവയെ അടുത്തറിയുന്നത്, കുറെ കാര്യങ്ങൾ പഠിക്കുമ്പോൾ മാത്രമല്ല പകരം ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലെടുക്കുന്ന തീരുമാനങ്ങളുടെ നല്ല ഫലങ്ങൾ ജീവിതത്തിൽ അനുഭവിച്ചറിയുമ്പോൾകൂടിയാണ്. അങ്ങനെ ഒരു വിദ്യാർഥി യഹോവയെ കൂടുതൽക്കൂടുതൽ അടുത്തറിയുകയും സ്വർഗീയപിതാവ് തന്നെ സഹായിക്കുന്നതു രുചിച്ചറിയുകയും ചെയ്യുമ്പോൾ ഏതു സാഹചര്യത്തിലും ശരിയായ തീരുമാനമെടുക്കാൻ അദ്ദേഹം സജ്ജനായിത്തീരും.
7. യഹോവയെക്കുറിച്ചുള്ള അറിവ് ശരിയായ തീരുമാനമെടുക്കാൻ യോസേഫിനെ എങ്ങനെയാണു സഹായിച്ചത്?
7 യോസേഫിന് യഹോവയെ നന്നായി അറിയാമായിരുന്നു. ആ അറിവാണു പോത്തിഫറിന്റെ ഭാര്യ വശീകരിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ യോസേഫിനെ സഹായിച്ചത്. ചെറുപ്പത്തിൽ ആദാമിനെയും ഹവ്വയെയും കുറിച്ചും അബ്രാഹാമിനെയും സാറയെയും കുറിച്ചും ഉള്ള കഥകൾ യോസേഫ് കേട്ടിട്ടുണ്ട്. (ഉൽപ. 2:24; 20:3, 6) അതിൽനിന്ന് വിവാഹത്തെയും ലൈംഗികത എന്ന സമ്മാനത്തെയും കുറിച്ചുള്ള യഹോവയുടെ വീക്ഷണം യോസേഫ് മനസ്സിലാക്കിയിട്ടുണ്ടാകണം. യോസേഫ് യഹോവയെ നന്നായി അറിഞ്ഞതുകൊണ്ടാണു പോത്തിഫറിന്റെ ഭാര്യയിൽനിന്നുള്ള പ്രലോഭനം ചെറുത്തുനിൽക്കാനും ഇങ്ങനെ പറയാനും കഴിഞ്ഞത്: “ഇത്ര വലിയൊരു തെറ്റു ചെയ്ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?” (ഉൽപ. 39:7-9) യഹോവയുടെ കണ്ണിൽ എന്താണു ശരിയെന്നും തെറ്റെന്നും യോസേഫിന് അറിയാമായിരുന്നു. യഹോവയെ വേദനിപ്പിക്കുന്ന കാര്യങ്ങളും യോസേഫ് മനസ്സിലാക്കി. അങ്ങനെ ശരിയായ തീരുമാനമെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ട് യഹോവയെ നന്നായി അറിയാനും യഹോവ എങ്ങനെയുള്ള ദൈവമാണെന്നു മനസ്സിലാക്കാനും വിദ്യാർഥികളെ സഹായിക്കുന്നെങ്കിൽ അവരും യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കും.
യഹോവ എങ്ങനെയുള്ള ഒരാളാണെന്ന് വിദ്യാർഥിയെ പഠിപ്പിക്കുക
8. ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിച്ച് യഹോവയെ അറിയാൻ ബൈബിൾവിദ്യാർഥിയെ എങ്ങനെ സഹായിക്കാം?
8 യഹോവ എങ്ങനെയുള്ള ഒരാളാണെന്ന് അറിയാൻ ബൈബിൾവിദ്യാർഥിയെ എങ്ങനെ സഹായിക്കാം? തന്റെ വ്യക്തിത്വത്തെക്കുറിച്ച് ഇയ്യോബിനെ പഠിപ്പിക്കാൻ യഹോവ ചോദ്യങ്ങൾ ചോദിച്ചു, ഏതാണ്ട് 50-ലധികം ചോദ്യങ്ങൾ! (ഇയ്യോ. 38:1–41:34) നമുക്കും അതുപോലെ ചോദ്യങ്ങൾ ചോദിക്കാം. ജീവിതം ആസ്വദിക്കാം പുസ്തകത്തിൽ യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച് അറിയാൻ വിദ്യാർഥിയെ സഹായിക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. (“പഠിപ്പിക്കാൻ സഹായിക്കുന്ന ചോദ്യങ്ങൾ” എന്ന ചതുരം കാണുക.) അതുകൊണ്ട് ആ ചോദ്യങ്ങൾ ഉപേയാഗിച്ചുകൊണ്ട് യഹോവയെ അറിയാൻ വിദ്യാർഥിയെ സഹായിക്കുക.
9-10. (എ) ബൈബിൾവായനയിൽനിന്ന് പൂർണപ്രയോജനം നേടാൻ വിദ്യാർഥിയെ എന്തു സഹായിക്കും? (യാക്കോബ് 5:11) (ബി) ഒരു ബൈബിൾഭാഗത്തുനിന്ന് യഹോവയ്ക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ആയ കാര്യങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉദാഹരണത്തിലൂടെ പറയുക.
9 ബൈബിൾ എന്നും വായിക്കാൻ, നമ്മൾ വിദ്യാർഥിയെ ബൈബിൾപഠനം തുടങ്ങിയ സമയംമുതൽ പ്രോത്സാഹിപ്പിക്കാറുണ്ട്.a ആ വായനയിൽനിന്ന് പൂർണപ്രയോജനം നേടാൻ നമുക്കു വിദ്യാർഥിയെ എങ്ങനെ സഹായിക്കാം? ഓരോ ഭാഗം വായിക്കുമ്പോഴും യഹോവ എന്തിനാണു ബൈബിളിൽ അത് ഉൾപ്പെടുത്തിയതെന്നും യഹോവയുടെ ഏതെല്ലാം ഗുണങ്ങളാണ് ആ ഭാഗത്ത് കാണാനാകുന്നതെന്നും ചിന്തിക്കാൻ നമുക്കു പ്രോത്സാഹിപ്പിക്കാം. ശിഷ്യനായ യാക്കോബ് അതു ചെയ്തത് എങ്ങനെയാണെന്നു നമുക്കു നോക്കാം. യാക്കോബ് ഇയ്യോബിന്റെ കഥ പറഞ്ഞപ്പോൾ ഇയ്യോബിന്റെ സഹനശക്തിയെക്കുറിച്ച് മാത്രമല്ല യഹോവയുടെ ഗുണങ്ങളായ വാത്സല്യത്തെക്കുറിച്ചും കരുണയെക്കുറിച്ചും പറഞ്ഞു.—യാക്കോബ് 5:11 വായിക്കുക.
10 ഒരു ബൈബിൾഭാഗം വായിക്കുമ്പോൾ യഹോവയ്ക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും എന്താണെന്ന് ബൈബിൾവിദ്യാർഥി കണ്ടെത്തണം എന്നാണു നമ്മുടെ ആഗ്രഹം. ഉദാഹരണത്തിന്, നമ്മുടെ വിദ്യാർഥി ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ “ബൈബിൾ ദിവസവും വായിക്കാം” എന്ന ഭാഗം നോക്കിയിട്ട്, ദാനിയേലിനെ സിംഹക്കുഴിയിൽ ഇട്ട കഥ വായിക്കാൻ പോകുകയാണെന്നു നിങ്ങളോടു പറഞ്ഞെന്നു കരുതുക. എങ്കിൽ ഈ ചോദ്യങ്ങൾ ചിന്തിക്കാൻ നമുക്ക് വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കാം: ‘എന്തുകൊണ്ടാണ് യഹോവ ദാനിയേലിനെ രക്ഷിച്ചത്? യഹോവയ്ക്ക് ഇഷ്ടമുള്ള കാര്യം എന്താണെന്നാണ് ഈ ഭാഗം കാണിക്കുന്നത്?’ (ദാനി. 6:10, 22) അതുപോലെ ‘ദാനിയേലിന് എതിരെ കുറ്റം ആരോപിച്ചവർക്ക് എന്താണു സംഭവിച്ചത്? യഹോവയ്ക്ക് ഇഷ്ടമില്ലാത്ത ഏതു കാര്യമാണ് ഈ ഭാഗം കാണിക്കുന്നത്?’ (ദാനി. 6:4, 5, 24) അവസാനം, ആ വിവരണത്തിൽ കാണുന്ന യഹോവയുടെ മറ്റു ഗുണങ്ങളെക്കുറിച്ചും ബൈബിൾവിദ്യാർഥിക്കു ചിന്തിക്കാം.—ദാനി. 6:26, 27.
11. ബൈബിൾപഠനം യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണെന്ന് ഓർക്കാൻ വിദ്യാർഥിയെ നമുക്ക് എങ്ങനെ സഹായിക്കാം?
11 ബൈബിൾപഠനത്തിൽനിന്ന് ഒരുപാട് പ്രയോജനം കിട്ടുന്നുണ്ടെന്നു വിദ്യാർഥി മനസ്സിലാക്കുമ്പോൾ നമുക്കു സന്തോഷം തോന്നും. എന്നാൽ അദ്ദേഹം പഠിക്കുന്ന കാര്യങ്ങൾ മഹാനായ ഉപദേഷ്ടാവായ യഹോവയിൽനിന്നുള്ള വിവരങ്ങളാണെന്നു ഓർക്കാൻ നമ്മൾ സഹായിക്കണം. (യശ. 30:20, 21) പഠിക്കുന്ന കാര്യങ്ങൾക്ക് അവർ നമ്മളോടു നന്ദി പറയുകയോ നമ്മൾ വളരെ നല്ലൊരു അധ്യാപകനാണെന്നു പ്രശംസിക്കുകയോ ഒക്കെ ചെയ്തേക്കാം. അത്തരം നന്ദിവാക്കുകളിൽ തെറ്റൊന്നുമില്ലെങ്കിലും എല്ലാ സ്തുതിയും യഹോവയിലേക്കു തിരിച്ചുവിടാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം.
അറിവ് ഉപയോഗിക്കാൻ വിദ്യാർഥിയെ സഹായിക്കുക
12-13. ഒരു ബൈബിൾവിവരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടായി തോന്നുമ്പോൾ, യഹോവയെ നന്നായി അറിയുന്നത് ബൈബിൾവിദ്യാർഥിയെ എങ്ങനെ സഹായിക്കും? (ചിത്രവും കാണുക.)
12 ശരിയായ അറിവിൽനിന്ന് പൂർണപ്രയോജനം നേടാൻ യഹോവയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ നമ്മൾ ഉപയോഗിക്കേണ്ടതുണ്ട്. അതിനു നമുക്ക് എങ്ങനെ വിദ്യാർഥിയെ സഹായിക്കാം? ഒരു കാര്യം, ഏതെങ്കിലും ഒരു ബൈബിൾഭാഗം വായിക്കുമ്പോൾ അതു മനസ്സിലാക്കാൻ വിദ്യാർഥിക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ യഹോവയെക്കുറിച്ച് അതുവരെ അറിയാവുന്ന കാര്യങ്ങൾ ചിന്തിച്ചെടുക്കാൻ നമുക്കു പഠിപ്പിക്കാനാകും. ഉദാഹരണത്തിന്, മുൻകാലങ്ങളിൽ യഹോവ പ്രവർത്തിച്ച വിധത്തെക്കുറിച്ച് വായിക്കുമ്പോൾ യഹോവ ചിലരെ നശിപ്പിച്ചതും ചിലരെ നശിപ്പിക്കാതിരുന്നതും എന്തുകൊണ്ടാണെന്നു ബൈബിൾവിദ്യാർഥി സംശയിച്ചേക്കാം. ഇക്കാര്യത്തിൽ ശരിയായി ചിന്തിക്കാൻ നിങ്ങൾക്കു വിദ്യാർഥിയെ എങ്ങനെ സഹായിക്കാനാകും?
13 യഹോവയെക്കുറിച്ച് ഇതുവരെ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കാം. ഉദാഹരണത്തിന്, ഇതുപോലെയുള്ള ചോദ്യങ്ങൾ ചിന്തിക്കാൻ നമുക്ക് അവരോടു പറയാം: ജീവനെ എത്രത്തോളം വിലപ്പെട്ടതായാണ് യഹോവ കാണുന്നത്? (2 പത്രോ. 3:9) പാപികളായിരുന്നിട്ടും നമ്മളെ സംരക്ഷിക്കാനായി യഹോവ ഏതറ്റംവരെ പോയിട്ടുണ്ട്? (എഫെ. 2:4, 5) ശിക്ഷ അർഹിക്കാത്തവരെ യഹോവ ശിക്ഷിക്കുമോ? അതേസമയം, ശിക്ഷ അർഹിക്കുന്നവരെ യഹോവ വെറുതെ വിടുമോ? (പുറ. 34:6, 7) ചിലപ്പോഴൊക്കെ, യഹോവ എടുത്ത ഒരു തീരുമാനം പൂർണമായി മനസ്സിലാക്കാൻ സഹായിക്കുന്ന എല്ലാ വസ്തുതകളും ഒരു ബൈബിൾവിവരണത്തിൽ ഉണ്ടാകണമെന്നില്ല. സത്യത്തിൽ, നമുക്ക് എല്ലാ വിശദാംശത്തിന്റെയും ആവശ്യമില്ല. കാരണം നമുക്കു നമ്മുടെ ദൈവത്തെ അറിയാം. യഹോവ എപ്പോഴും ശരിയായതേ ചെയ്യൂ.
ഒരു ബൈബിൾഭാഗം മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നുമ്പോൾ യഹോവയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ ചിന്തിക്കാൻ ബൈബിൾവിദ്യാർഥിയെ പഠിപ്പിക്കുക (12-13 ഖണ്ഡികകൾ കാണുക)
14. സഭയിലുള്ള ആരെങ്കിലുമായി ഒത്തുപോകാൻ വിദ്യാർഥിക്കു ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹത്തെ എങ്ങനെ സഹായിക്കാം?
14 ബൈബിൾവിദ്യാർഥിക്ക് യഹോവയെക്കുറിച്ചുള്ള അറിവ് ഉപയോഗിക്കാനാകുന്ന രണ്ടാമത്തെ സാഹചര്യം നോക്കാം. നിങ്ങളുടെ വിദ്യാർഥി ഇപ്പോൾ മീറ്റിങ്ങിനു വരുന്നുണ്ടെന്നു ചിന്തിക്കുക. എന്നാൽ സഭയിലുള്ള ഒരാളുമായി അദ്ദേഹത്തിനു ഒത്തുപോകാൻ ബുദ്ധിമുട്ട് തോന്നുന്നു. ചിലപ്പോൾ ആ സഹോദരൻ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന എന്തെങ്കിലും ചെയ്തതുകൊണ്ടായിരിക്കാം അത്. അപ്പോൾ യഹോവ എങ്ങനെയാണു സഹോദരങ്ങളെ കാണുന്നതെന്നു ചിന്തിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. ഉദാഹരണത്തിന്, ഈ ചോദ്യങ്ങൾ വിദ്യാർഥിക്കു ചിന്തിക്കാനാകും: നമ്മളെയെല്ലാം സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കുന്ന എന്തു ത്യാഗമാണ് യഹോവ ചെയ്തിരിക്കുന്നത്? (യോഹ. 3:16) ക്രിസ്തീയ ഐക്യം യഹോവയ്ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ്? (സങ്കീ. 133:1) നമ്മൾ ആ ഐക്യം നിലനിറുത്താൻ ശ്രമിക്കുമ്പോൾ യഹോവയ്ക്ക് എന്ത് തോന്നും? (2 കൊരി. 13:11) മറ്റുള്ളവരുടെ തെറ്റുകളിലേക്കു നോക്കാതെ നല്ല ഗുണങ്ങളിലേക്കു ശ്രദ്ധിക്കുമ്പോൾ യഹോവയ്ക്ക് എത്രയധികം സന്തോഷം തോന്നുമെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക.
15-16. (എ) ഒരു പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ടിവരുമ്പോൾ ബൈബിൾവിദ്യാർഥിക്ക് യേശുവിനെ എങ്ങനെ അനുകരിക്കാം? (യോഹന്നാൻ 8:29) (ബി) നല്ലൊരു തീരുമാനമെടുക്കാൻ മര്യാന എങ്ങനെയാണു തന്റെ വിദ്യാർഥിയെ സഹായിച്ചത്? (ചിത്രവും കാണുക.)
15 മൂന്നാമതായി, യഹോവയെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച് നല്ല തീരുമാനങ്ങളെടുക്കാൻ ബൈബിൾവിദ്യാർഥിയെ സഹായിക്കുക. ആദ്യംതന്നെ ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ “നമുക്ക് എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാം” എന്ന 35-ാം പാഠം അവർക്കു കാണിച്ചുകൊടുക്കാനാകും. എന്നാൽ കുറെ പ്രാർഥിച്ചിട്ടും ഗവേഷണം ചെയ്തിട്ടും വിദ്യാർഥിക്ക് ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ലെങ്കിലോ? ആ വിഷയവുമായി ബന്ധപ്പെട്ട ഒരുപാട് ബൈബിൾതത്ത്വങ്ങൾ ഉള്ളതുകൊണ്ട് ഏതു തിരഞ്ഞെടുക്കണം എന്ന സംശയത്തിലായിരിക്കും വിദ്യാർഥി. അപ്പോൾ യേശുവിന്റെ മാതൃകയെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് അവരോടു പറയാം. യേശു തീരുമാനങ്ങളെടുത്തത് എങ്ങനെയാണ്? യേശു പറഞ്ഞു: ‘ഞാൻ എപ്പോഴും (പിതാവിന്) ഇഷ്ടമുള്ളതു ചെയ്യുന്നു.’ (യോഹന്നാൻ 8:29 വായിക്കുക.) ഇങ്ങനെ ചിന്തിക്കാൻ വിദ്യാർഥിയോടു പറയുക: ‘പ്രസിദ്ധീകരണങ്ങളിൽനിന്ന് പഠിച്ചതും യഹോവയെക്കുറിച്ച് മനസ്സിലാക്കിയതും ആയ കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഞാൻ ഏതു തീരുമാനമെടുത്താലായിരിക്കും യഹോവയ്ക്കു സന്തോഷമാകുക?’ യഹോവയെ സന്തോഷിപ്പിക്കുന്ന ഏതൊരു തീരുമാനവും നല്ല തീരുമാനമായിരിക്കും.
16 ചിലിയിൽ ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീക്ക് പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ടിവന്നു. ഉയർന്ന ശമ്പളമുള്ള ഒരു ജോലി സ്വീകരിക്കാൻ കുടുംബാംഗങ്ങൾ അവളെ നിർബന്ധിച്ചു. എന്നാൽ ആ ജോലിക്കു പോയാൽ മീറ്റിങ്ങുകൾ മുടക്കേണ്ടിവരുമായിരുന്നു. ആ സ്ത്രീയെ ബൈബിൾ പഠിപ്പിച്ചുകൊണ്ടിരുന്ന മര്യാന സഹോദരി പറയുന്നു: “അവളുടെ തീരുമാനം യഹോവയെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കാൻ ഞാൻ പറഞ്ഞു. അത് യഹോവയെ സന്തോഷിപ്പിക്കുമോ അതോ വിഷമിപ്പിക്കുമോ? ഈ വിഷയത്തെക്കുറിച്ച് എടുത്തുപറഞ്ഞ് പ്രാർഥിക്കാനും യഹോവ എങ്ങനെയാണ് ഉത്തരം തരുന്നതെന്നു നോക്കാനും ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ആ ജോലി അവൾ വേണ്ടെന്നുവെച്ചു. എന്നാൽ പെട്ടെന്നുതന്നെ മീറ്റിങ്ങുകൾക്ക് പോകാൻ പറ്റുന്ന മറ്റൊരു ജോലി അവൾക്കു കണ്ടെത്താനായി.” എന്തു തീരുമാനമെടുക്കണമെന്ന് നേരിട്ട് പറഞ്ഞുകൊടുക്കുന്നതിനു പകരം അതിനോടകം യഹോവയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളെപ്പറ്റി ചിന്തിക്കാനാണു മര്യാന വിദ്യാർഥിയെ സഹായിച്ചത്. ഈയൊരു അനുഭവംകൊണ്ട് വിദ്യാർഥിക്ക് മര്യാനയുമായുള്ള ബന്ധം മാത്രമല്ല യഹോവയുമായുള്ള ബന്ധവും ശക്തമാക്കാനായി. മര്യാന പറയുന്നു: “ആരാധനയ്ക്ക് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുകയാണെങ്കിൽ യഹോവ നമുക്കുവേണ്ടി കരുതുമെന്ന് അവൾ പഠിച്ചു.”
യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥിയെ പരിശീലിപ്പിക്കുക (15-16 ഖണ്ഡികകൾ കാണുക)b
യഹോവയെ നന്നായി അറിയുന്നവർക്കു കിട്ടുന്ന അനുഗ്രഹങ്ങൾ
17. കുറെ വിവരങ്ങൾ പഠിക്കുന്നതിനെക്കാളും നമ്മുടെ ബൈബിൾവിദ്യാർഥികൾ എന്തു ചെയ്യണം എന്നാണു നമ്മുടെ ആഗ്രഹം?
17 ബൈബിൾപഠനത്തിലൂടെ വിദ്യാർഥികൾ പ്രധാനപ്പെട്ട പല കാര്യങ്ങളും പഠിക്കുന്നു. ഉദാഹരണത്തിന്, മരിച്ചവരുടെ അവസ്ഥ, മോചനവില, ദൈവരാജ്യം എന്നിങ്ങനെയുള്ള അടിസ്ഥാനപഠിപ്പിക്കലുകളെക്കുറിച്ചെല്ലാം അവർ മനസ്സിലാക്കും. അതുപോലെ മീറ്റിങ്ങുകൾ, മൂപ്പന്മാരുടെ ഉത്തരവാദിത്വം, ഭരണസംഘത്തിന്റെ പ്രവർത്തനം പോലുള്ള സംഘടനാപരമായ കാര്യങ്ങളെക്കുറിച്ചും അവർ പഠിക്കുന്നു. എന്നാൽ നമ്മുടെ ആഗ്രഹം വിദ്യാർഥികൾ ഇങ്ങനെ കുറെ വിവരങ്ങൾ പഠിക്കണം എന്നു മാത്രമല്ല, അവർ യഹോവയെ അടുത്തറിയണം എന്നുകൂടിയാണ്.
18. യഹോവയെ അറിയുന്നവരെ എന്തെല്ലാം അനുഗ്രഹങ്ങളാണു കാത്തിരിക്കുന്നത്?
18 യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള എത്ര മഹത്തായ അവസരമാണു നമുക്കു കിട്ടിയിരിക്കുന്നത്. യഹോവയെ അറിയുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക്, ഇപ്പോൾ കിട്ടാവുന്നതിലുംവെച്ച് ഏറ്റവും സന്തോഷമുള്ള ജീവിതം ആസ്വദിക്കാനാകുന്നു. (സങ്കീ. 25:12-15) ഇനി ‘സത്യദൈവമായ യഹോവയെക്കുറിച്ച് അറിവ് നേടുന്നവർക്ക്’ ഭാവിയിൽ നിത്യജീവനും ലഭിക്കും. (1 യോഹ. 5:20) എന്നാൽ അതു മാത്രമല്ല, തന്നെ അറിയാൻ ശ്രമിക്കുന്നവരെയും തന്നെ സ്നേഹിക്കുന്നവരെയും യഹോവ “അറിയുന്നു” എന്നാണു ബൈബിൾ പറയുന്നത്. (1 കൊരി. 8:3) അതെ, സർവശക്തനായ ദൈവം നമ്മളെ ശ്രദ്ധിക്കുകയും തന്റെ സുഹൃത്തുക്കളായി നമ്മളെ കാണുകയും ചെയ്യുന്നു. സത്യദൈവത്തെ അറിയുന്നവർക്കുള്ള എത്ര മഹത്തായ ഒരു പ്രതിഫലം!
ഗീതം 84 സമഗ്രമായ് പ്രസംഗിക്കാം
a ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 5-ാം പാഠത്തിൽ “നിങ്ങൾക്ക് ചെയ്യാൻ” എന്ന ഭാഗത്ത് ഇങ്ങനെ കൊടുത്തിരിക്കുന്നു: “ബൈബിൾ മുടങ്ങാതെ വായിക്കുന്ന ശീലം തുടങ്ങാം. ‘ബൈബിൾ ദിവസവും വായിക്കാം’ എന്ന പട്ടിക ഇതിനായി ഉപയോഗിക്കാം.”
b ചിത്രത്തിന്റെ വിവരണം: മര്യാനയുടെ ബൈബിൾവിദ്യാർഥി തനിക്കു കിട്ടിയ ഒരു ജോലി നിരസിക്കുന്നതിന്റെ പുനരവതരണം.