2026 സെപ്റ്റംബർ 21-27
ഗീതം 12 യഹോവ മഹാദൈവം
നിങ്ങൾ യഹോവയെ അടുത്തറിയുന്നുണ്ടോ?
‘നിന്റെ അപ്പന്റെ ദൈവത്തെ അറിഞ്ഞ് പൂർണഹൃദയത്തോടെ ദൈവത്തെ സേവിക്കുക.’—1 ദിന. 28:9.
ഉദ്ദേശ്യം
യഹോവയെ അറിയുക എന്നാൽ എന്താണെന്നും എന്തുകൊണ്ടാണ് യഹോവയെ അറിയേണ്ടതെന്നും അത് എങ്ങനെ ചെയ്യാമെന്നും നോക്കും.
1. യഹോവയുടെ അറിവിനെയും ജ്ഞാനത്തെയും യഹോവ ചെയ്ത കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് എന്താണ് തോന്നുന്നത്?
നമ്മുടെ ദൈവമായ യഹോവയ്ക്ക് എല്ലാം അറിയാം. യഹോവ മറ്റാരെക്കാളും ജ്ഞാനിയാണ്. അത്ഭുതകരമായ ഒരുപാട് കാര്യങ്ങൾ യഹോവ ചെയ്തിട്ടുണ്ട്. നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നുന്നില്ലേ? പൗലോസിനു തോന്നിയതുപോലെ ആയിരിക്കും നമുക്കും തോന്നുന്നത്. പൗലോസ് എഴുതി: “ഹോ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അപാരം! ദൈവത്തിന്റെ വിധികൾ പരിശോധിച്ചറിയുക തികച്ചും അസാധ്യം! ദൈവത്തിന്റെ വഴികൾ ഒരിക്കലും അന്വേഷിച്ച് കണ്ടുപിടിക്കാൻ പറ്റാത്തവ!”—റോമ. 11:33, 34.
2. യഹോവയെ അറിയാനാകും എന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
2 നമുക്ക് യഹോവയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാൻ പറ്റില്ലെങ്കിലും യഹോവ എങ്ങനെയുള്ള ദൈവമാണെന്ന് ഒരു പരിധിവരെ അറിയാനാകും. ദാവീദ് രാജാവ് മകനായ ശലോമോനോട് പറഞ്ഞു: ‘നിന്റെ അപ്പന്റെ ദൈവത്തെ അറിഞ്ഞ് പൂർണഹൃദയത്തോടെ ദൈവത്തെ സേവിക്കുക. നീ ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്തും.’ (1 ദിന. 28:9) അതുപോലെ നൂറ്റാണ്ടുകൾക്കു ശേഷം അപ്പോസ്തലനായ യോഹന്നാൻ ‘സത്യദൈവത്തെക്കുറിച്ച് അറിവ് നേടാനുള്ള ഉൾക്കാഴ്ച’ നമുക്കുണ്ടെന്ന് സഹക്രിസ്ത്യാനികളോട് പറഞ്ഞു. (1 യോഹ. 5:20) ഇനി, യേശുവും ഇങ്ങനെ പറഞ്ഞു: ‘പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ താത്പര്യപ്പെടുന്നവന് യഹോവയെക്കുറിച്ച് അറിയാനാകും.’—മത്താ. 11:27.
3. ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
3 യഹോവയെ സേവിക്കുന്ന നമ്മൾ ഇപ്പോൾത്തന്നെ യഹോവയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. എങ്കിലും യഹോവയെ ‘അറിയുന്നത്’ നമ്മൾ ഒരിക്കലും നിറുത്തരുത്. (യോഹ. 17:3; പഠനക്കുറിപ്പ് കാണുക.) ഉദാഹരണത്തിന്, യഹോവയെ സന്തോഷിപ്പിക്കുന്നത് എന്തൊക്കെയാണെന്നും യഹോവയിലുള്ള ആശ്രയം എങ്ങനെ ശക്തമാക്കാമെന്നും നമുക്ക് ഇനിയും പഠിക്കാനാകും. നമുക്ക് ഇപ്പോൾ മൂന്നു ചോദ്യങ്ങൾ നോക്കാം. യഹോവയെ അറിയുക എന്നാൽ എന്താണ് അർഥം? നമ്മൾ യഹോവയെ അറിയുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്? യഹോവയെ നന്നായി അറിയാൻ നമുക്ക് എങ്ങനെ കഴിയും? യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് എത്രകാലമായെങ്കിലും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നത് നമ്മളെയെല്ലാം സഹായിക്കും.
യഹോവയെ അറിയുക എന്നാൽ എന്താണ് അർഥം?
4. യഹോവയെ അറിയുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
4 പ്രവാസത്തിൽനിന്ന് മടങ്ങിവരുന്ന ജൂതന്മാരെക്കുറിച്ച്, യഹോവ പറഞ്ഞ ഈ വാക്കുകളിൽനിന്ന് യഹോവയെ അറിയുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാം: “എന്നെ അറിയാൻ, ഞാൻ യഹോവയാണെന്ന് അറിയാൻ, സഹായിക്കുന്ന ഒരു ഹൃദയം ഞാൻ അവർക്കു നൽകും.” (യിരെ. 24:7) ബാബിലോണിൽനിന്ന് മടങ്ങിവന്നവർക്ക് യഹോവയെക്കുറിച്ച് അപ്പോൾത്തന്നെ പല കാര്യങ്ങളും അറിയാമായിരുന്നു. എന്നാൽ അവർ യഹോവയെ കൂടുതൽ അടുത്തറിയണമായിരുന്നു. അതിൽ അവരുടെ ഹൃദയം ഉൾപ്പെട്ടിരുന്നു. ഒരു ബൈബിൾ പണ്ഡിതൻ പറയുന്നത് ഇതാണ്: “ദൈവത്തെക്കുറിച്ച് അറിയുന്നതും ദൈവത്തെ അറിയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്നേഹത്തെക്കുറിച്ച് വായിച്ചറിയുന്നതും ഒരാളെ സ്നേഹിക്കുന്നതും തമ്മിലുള്ള വ്യത്യാസം പോലെയാണത്.” അതെ, ദൈവത്തെ അറിയുന്നതിൽ യഹോവയ്ക്ക് ഒരു പേരുണ്ടെന്നും യഹോവയാണ് ദൈവമെന്നും അറിയുന്നതിലധികം ഉൾപ്പെട്ടിട്ടുണ്ട്. ആ പേരിനു പിന്നിലുള്ള വ്യക്തിയെ നമ്മൾ നന്നായി അറിയണം.
5. യഹോവയെ അറിയുക എന്നതിന്റെ അർഥം മനസ്സിലാക്കാൻ യോശിയ രാജാവിന്റെ ഉദാഹരണം സഹായിക്കുന്നത് എങ്ങനെ?
5 നമ്മൾ യഹോവയെ അറിയുമ്പോൾ യഹോവയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളും വിഷമിപ്പിക്കുന്ന കാര്യങ്ങളും മനസ്സിലാക്കും. നമുക്ക് യോശിയ രാജാവിന്റെ ഉദാഹരണം നോക്കാം. ബൈബിൾ പറയുന്നു: “ഭരണത്തിന്റെ 8-ാം വർഷം, ചെറുപ്രായത്തിൽത്തന്നെ, യോശിയ രാജാവ് പൂർവികനായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചു.” (2 ദിന. 34:3) യോശിയ ദൈവവചനം വായിക്കുകയും പഠിക്കുകയും മാത്രമല്ല ചെയ്തത്. ആ പഠിച്ച കാര്യങ്ങൾക്ക് ചേർച്ചയിൽ പ്രവർത്തിച്ചു. യഹോവ യിരെമ്യ പ്രവാചകനിലൂടെ പറഞ്ഞ കാര്യങ്ങളിൽനിന്ന് അത് മനസ്സിലാക്കാം. യോശിയ “നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത്” നിന്നെന്നും പാവങ്ങളുടെയും ക്ലേശിതരുടെയും അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടെന്നും യഹോവ പറഞ്ഞു. “എന്നെ അറിയുകയെന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ഇതല്ലേ” എന്നാണ് യഹോവ തുടർന്ന് പറഞ്ഞത്.—യിരെ. 22:15, 16.
6. സങ്കീർത്തനം 9:10 അനുസരിച്ച് യഹോവയെ കൂടുതൽ അറിയുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്?
6 സങ്കീർത്തനം 9:10 വായിക്കുക. നമ്മൾ യഹോവയെ എത്രത്തോളം അറിയുന്നോ അത്രയധികം യഹോവയിലുള്ള നമ്മുടെ ആശ്രയവും കൂടും. പൗലോസ് അപ്പോസ്തലന്റെ ജീവിതം അതാണ് തെളിയിക്കുന്നത്. അവസാനത്തെ ജയിൽവാസത്തിന്റെ സമയത്ത്, മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹം ഇങ്ങനെ എഴുതി: “എനിക്ക് അതിൽ ഒട്ടും നാണക്കേടു തോന്നുന്നില്ല. കാരണം, ഞാൻ വിശ്വാസമർപ്പിച്ചിരിക്കുന്ന എന്റെ ദൈവത്തെ എനിക്കു നന്നായി അറിയാം.” (2 തിമൊ. 1:12) യഹോവയെക്കുറിച്ച് പഠിച്ച കാര്യങ്ങളും ജീവിതത്തിലുടനീളം യഹോവ തനിക്കുവേണ്ടി ചെയ്ത കാര്യങ്ങളും, യഹോവയിൽ പൂർണമായി ആശ്രയിക്കാൻ പൗലോസിനെ സഹായിച്ചു. തന്നെയും തന്റെ വിശ്വസ്തസേവനത്തെയും യഹോവ ഒരിക്കലും മറക്കില്ലെന്നും യഹോവ തന്നെ ഉയിർപ്പിക്കുമെന്നും പൗലോസിന് ഉറപ്പായിരുന്നു.
നമ്മൾ യഹോവയെ അറിയുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്?
7. വർഷങ്ങളായി യഹോവയെ സേവിക്കുന്ന ഒരാൾക്ക് ചിലപ്പോൾ എന്തു സംഭവിച്ചേക്കാം?
7 കാലം കടന്നുപോകുമ്പോൾ നമ്മൾ ആദ്യം യഹോവയെക്കുറിച്ച് പഠിച്ച അത്രയും പിന്നീട് പഠിക്കാൻ ശ്രമിക്കണമെന്നില്ല. അത് എന്തുകൊണ്ടായിരിക്കും? നമ്മൾ മീറ്റിങ്ങിലോ വ്യക്തിപരമായോ ഒക്കെ ബൈബിൾ വായിക്കുമ്പോൾ നമുക്ക് അത് എങ്ങനെ പ്രയോജനം ചെയ്യും അല്ലെങ്കിൽ അത് മറ്റുള്ളവരെ സഹായിക്കാനായി എങ്ങനെ ഉപയോഗിക്കാം എന്നൊക്കെയായിരിക്കും കൂടുതലും ചിന്തിക്കുന്നത്. അങ്ങനെ ചെയ്യാൻ തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. (2 തിമൊ. 3:16, 17) എന്നാൽ ബൈബിൾ അതിന്റെ എഴുത്തുകാരനെക്കുറിച്ചും കുറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. (സങ്കീ. 25:8-10) അതുകൊണ്ട് ബൈബിളിന്റെ സന്ദേശം നമുക്കും മറ്റുള്ളവർക്കും എങ്ങനെ പ്രയോജനം ചെയ്യുമെന്നതിൽ മാത്രം ശ്രദ്ധിക്കാതെ ‘യഹോവയെക്കുറിച്ച് ഇത് എന്നെ എന്ത് പഠിപ്പിക്കുന്നു’ എന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടത് പ്രധാനമാണ്.a
8. യഹോവയെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ യഹോവയുമായുള്ള നമ്മുടെ സൗഹൃദത്തെ അത് എങ്ങനെ ബാധിക്കും? (സങ്കീർത്തനം 73:24-28)
8 നമ്മൾ യഹോവയെ നന്നായി അറിയാൻ ശ്രമിക്കുമ്പോൾ യഹോവയുമായുള്ള സൗഹൃദം ശക്തമാകും. ഉദാഹരണത്തിന്, എന്നുമുള്ള ബൈബിൾവായന കഴിയുമ്പോഴോ ഒരു മാസത്തെ പ്രക്ഷേപണം കണ്ടുകഴിയുമ്പോഴോ ഒരു സമ്മേളനമോ കൺവെൻഷനോ കൂടിക്കഴിയുമ്പോഴോ യഹോവയെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നാറുള്ളത്? നമ്മുടെ സ്വർഗീയപിതാവിനോടുള്ള അടുപ്പം കൂടിയതായി നിങ്ങൾക്ക് തോന്നിയിട്ടില്ലേ? കാരണം ആ സമയത്ത് യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കാൻ നമ്മൾ ശ്രമിച്ചു. അത് യഹോവയെ സ്തുതിക്കാനും യഹോവയോട് നന്ദി പറയാനും നമ്മളെ പ്രേരിപ്പിച്ചിട്ടുണ്ടാകും. യഹോവ നമ്മളെ എത്രമാത്രം സ്നേഹിച്ചു എന്നതിനെക്കുറിച്ച് ചിന്തിച്ചാൽ സങ്കീർത്തനക്കാരന്റെ ഈ വാക്കുകളോട് നമ്മളും യോജിക്കും: “ദൈവം എന്റെ ഹൃദയത്തിന്റെ പാറ, എന്നും എന്റെ ഓഹരി.” (സങ്കീർത്തനം 73:24-28 വായിക്കുക.) യഹോവയെ അടുത്തറിയാൻ ഓരോ തവണ ശ്രമിക്കുമ്പോഴും യഹോവ എത്ര നല്ലൊരു സുഹൃത്താണെന്ന് നന്ദിയോടെ ഓർക്കാൻ അത് നമ്മളെ പ്രേരിപ്പിക്കും.
9. യഹോവയെക്കുറിച്ച് ‘ഓർക്കുന്നത്’ നമ്മുടെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കും? ഒരു ഉദാഹരണം പറയുക.
9 യഹോവയെക്കുറിച്ച് ‘ഓർക്കാൻ’ ബൈബിൾ നമ്മളോട് പറയുന്നു. (സുഭാ. 3:5, 6) അതിന്റെ അർഥം യഹോവയെപ്പറ്റി പഠിച്ച കാര്യങ്ങളെക്കുറിച്ചും നമ്മുടെ പ്രവൃത്തികൾ യഹോവയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും ചിന്തിക്കണമെന്നാണ്. അത് നല്ല തീരുമാനങ്ങളെടുക്കാൻ നമ്മളെ പ്രേരിപ്പിക്കും. ഒരു ഉദാഹരണം നോക്കാം. പല സഹോദരങ്ങളും തങ്ങളുടെ ഇണയുടെ ഒരു ഫോട്ടോ മേശയിലോ പേഴ്സിലോ വെക്കുകയോ അല്ലെങ്കിൽ ഫോണിന്റെ വോൾപേപ്പർ ആക്കുകയോ ചെയ്യാറുണ്ട്. അത് തങ്ങളുടെ പ്രിയപ്പെട്ട ഇണയെക്കുറിച്ച് കൂടെക്കൂടെ ഓർക്കാനും ഇണയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനും അവരെ സഹായിക്കുന്നു. ഇതുപോലെ യഹോവയെക്കുറിച്ച് എത്ര കൂടെക്കൂടെ ചിന്തിക്കുന്നോ അത്രയധികം യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാൻ നമുക്കു തോന്നും.—സങ്കീ. 19:13, 14.
10. യഹോവയെക്കുറിച്ച് പഠിക്കുമ്പോൾ നമുക്ക് എന്ത് ചെയ്യാനാകും?
10 യഹോവയുടെ ഛായയിൽ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് യഹോവയുടെ ഗുണങ്ങൾ അനുകരിക്കാനുള്ള പ്രാപ്തി നമുക്കുണ്ട്. (ഉൽപ. 1:26) എന്നാൽ നമ്മൾ എത്രത്തോളം യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കുന്നോ അത്രത്തോളം യഹോവയെ എങ്ങനെ അനുകരിക്കാമെന്ന് നമുക്ക് മനസ്സിലാകും. ദൈവികഗുണങ്ങൾ കാണിക്കാൻ പരാജയപ്പെട്ട ശാസ്ത്രിമാരെയും പരീശന്മാരെയും യേശു കുറ്റം വിധിച്ചു. അവർ നിയമത്തിലെ ചെറിയചെറിയ കാര്യങ്ങൾക്കാണ് പ്രാധാന്യം കൊടുത്തത്. ‘എന്നാൽ ന്യായം, കരുണ, വിശ്വസ്തത എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ അവഗണിച്ചു.’ (മത്താ. 23:23) നമ്മൾ അവരെപ്പോലെയാകരുത്. നിയമങ്ങളിലും തത്ത്വങ്ങളിലും കാണുന്ന യഹോവയുടെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ നമുക്കു പരമാവധി ശ്രമിക്കാം. ആ ഗുണങ്ങൾ അനുകരിക്കാൻ അത് നമ്മളെ പ്രേരിപ്പിക്കും.—1 യോഹ. 4:8, 11.
യഹോവയെ നന്നായി അറിയാൻ നമുക്ക് എങ്ങനെ കഴിയും?
11. നിങ്ങൾ ആദ്യമായി യഹോവയെക്കുറിച്ച് അറിഞ്ഞത് എങ്ങനെയാണ്?
11 യഹോവയെക്കുറിച്ച് നിങ്ങളെ പഠിപ്പിച്ചത് ആരാണ്? ഒരു സാക്ഷികുടുംബത്തിലാണ് വളർന്നുവന്നതെങ്കിൽ മാതാപിതാക്കളായിരിക്കാം നിങ്ങളെ പഠിപ്പിച്ചത്. അവർ ബൈബിൾവിവരണങ്ങളിൽ കാണുന്ന ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ചും സൃഷ്ടികളിൽ യഹോവയുടെ വ്യക്തിത്വം പ്രതിഫലിക്കുന്നത് എങ്ങനെയാണെന്നും നിങ്ങൾക്ക് പറഞ്ഞുതന്നിട്ടുണ്ടാകും. അതല്ലെങ്കിൽ നിങ്ങൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുവന്ന ഒരാളായിരിക്കാം. ജീവിതം ആസ്വദിക്കാം പുസ്തകം പോലുള്ള ഏതെങ്കിലും പഠനോപകരണം ഉപയോഗിച്ച് തിരുവെഴുത്തുവിവരണങ്ങൾ മനസ്സിലാക്കാനും സൃഷ്ടികളിൽനിന്ന് യഹോവയുടെ അതുല്യമായ ഗുണങ്ങൾ തിരിച്ചറിയാനും അധ്യാപകൻ നിങ്ങളെ സഹായിച്ചിട്ടുണ്ടാകും.b (നെഹ. 8:8; പ്രവൃ. 14:17) അങ്ങനെയെങ്കിൽ തുടർന്നും നമുക്ക് എങ്ങനെ യഹോവയെക്കുറിച്ച് പഠിക്കാമെന്ന് നോക്കാം.
12-13. ബൈബിൾ വായിക്കുമ്പോൾ യഹോവയെക്കുറിച്ച് നമുക്ക് എന്തെല്ലാം പഠിക്കാം? ഒരു ഉദാഹരണം പറയുക. (യിരെമ്യ 39:15-18) (പുറംതാളിലെ ചിത്രവും കാണുക.)
12 ഒന്നാമതായി, ബൈബിൾ വായിച്ചുകൊണ്ടും പഠിച്ചുകൊണ്ടും യഹോവയെക്കുറിച്ച് കൂടുതൽ അറിയാൻ നമുക്കാകും. ചിലപ്പോഴൊക്കെ ബൈബിളിൽ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് നേരിട്ട് പറഞ്ഞിട്ടുണ്ട്. (പുറ. 34:6, 7) എന്നാൽ കൂടുതലും, ആളുകളെക്കുറിച്ചും അവർ എടുത്ത തീരുമാനങ്ങളെക്കുറിച്ചും ആണ് നമ്മൾ കാണുന്നത്. അതുപോലെയുള്ള വിവരണങ്ങൾ വായിക്കുമ്പോൾ യഹോവയെക്കുറിച്ച് അത് നിങ്ങളെ എന്താണ് പഠിപ്പിക്കുന്നതെന്ന് ചിന്തിക്കുക.
13 ഒരു ഉദാഹരണം നോക്കാം. യിരെമ്യ പ്രവാചകനെ രക്ഷിച്ച എത്യോപ്യക്കാരനായ ഏബെദ്-മേലെക്കിനെക്കുറിച്ച് വായിക്കുമ്പോൾ, നിങ്ങൾ ഉറപ്പായും ഏബെദ്-മേലെക്ക് കാണിച്ച ആത്മത്യാഗവും ധൈര്യവും സഹാരാധകരോടുള്ള സ്നേഹവും ഒക്കെ എങ്ങനെ അനുകരിക്കാമെന്ന് ചിന്തിക്കും. (യിരെ. 38:6-13) എന്നാൽ ആ വിവരണം യഹോവയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മൾ ചിന്തിക്കുമോ? (യിരെമ്യ 39:15-18 വായിക്കുക.) ഉദാഹരണത്തിന്, ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കുന്ന, നീതിയുള്ള, പക്ഷപാതമില്ലാത്ത ദൈവം ആണ് യഹോവ എന്ന് ഏതൊക്കെ വാക്യങ്ങളാണ് കാണിക്കുന്നത്? ഇനി യഹോവയുടെ വ്യക്തിത്വത്തിന്റെ മറ്റ് ഏതൊക്കെ വശങ്ങളാണ് ഈ വിവരണം വെളിപ്പെടുത്തുന്നത്? അതുകൊണ്ട് ദൈവവചനത്തിലെ ഒരു ഭാഗം നമ്മൾ വായിക്കുമ്പോൾ അവിടെ കാണുന്ന യഹോവയുടെ ഗുണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. ആ ഗുണങ്ങൾ തിരിച്ചറിയുമ്പോൾ യഹോവയ്ക്ക് നന്ദി പറയുകയും യഹോവയെ സ്തുതിക്കുകയും ചെയ്യുക.
ശത്രുക്കൾ യിരെമ്യയെ ഒരു കിണറ്റിലിട്ടു. ഏബെദ്-മേലെക്ക് ധൈര്യത്തോടെ യിരെമ്യയെ അവിടെനിന്ന് രക്ഷിക്കുന്നു (12-13 ഖണ്ഡികകൾ കാണുക)
14. യഹോവയുടെ സൃഷ്ടികളെക്കുറിച്ച് നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
14 യഹോവയെ നന്നായി അറിയാൻ സഹായിക്കുന്ന രണ്ടാമത്തെ കാര്യം സൃഷ്ടിക്രിയകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതാണ്. (സങ്കീ. 145:9, 10) എന്നാൽ വെറുതെ പ്രകൃതിയെ നിരീക്ഷിക്കുന്നതുകൊണ്ടുമാത്രം നമുക്ക് യഹോവയെ അറിയാനാകണമെന്നില്ല. ചിലർ തങ്ങളുടെ ജീവിതം മുഴുവനും പ്രകൃതിയെക്കുറിച്ച് പഠിക്കാൻ മാറ്റിവെക്കാറുണ്ട്. എന്നിട്ടും ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ചോ ദൈവം ഉണ്ടെന്നോപോലും മനസ്സിലാക്കാൻ അവർ പരാജയപ്പെടുന്നു. അപ്പോസ്തലനായ പൗലോസ് എഴുതിയത് ‘ദൈവത്തിന്റെ അദൃശ്യഗുണങ്ങൾ ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയും’ എന്നാണ്. (റോമ. 1:20) ഈ വാക്യത്തിന്റെ മറ്റൊരു പരിഭാഷ പറയുന്നത് “നന്നായി ചിന്തിക്കുന്നവർക്ക് ദൈവത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കാനാകും” എന്നാണ്. അതുകൊണ്ട് യഹോവ സൃഷ്ടിച്ച അതിശയകരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും അത് യഹോവയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത് എന്നു മനസ്സിലാക്കാനും നമ്മൾ സമയമെടുക്കണം.
15. യഹോവയെ കൂടുതൽ അടുത്തറിയാനായി പാട്രിക് എന്താണ് ചെയ്തത്, അതുപോലെ നിങ്ങൾക്കും എന്ത് ചെയ്യാനാകും? (ചിത്രവും കാണുക.)
15 നമ്മളിൽ മിക്കവരും അധികം പ്രകൃതിഭംഗിയൊന്നും ആസ്വദിക്കാൻ പറ്റാത്ത, നഗരങ്ങളിലായിരിക്കും താമസിക്കുന്നത്. നിങ്ങളുടെ സാഹചര്യം അതാണെങ്കിൽ സൃഷ്ടികളിൽനിന്ന് പഠിക്കാൻ അപ്പോഴുമാകും. കോംഗോയിലെ ഒരു വലിയ നഗരമായ ബ്രാസവിലിൽനിന്നുള്ള പാട്രിക് സഹോദരന്റെ അനുഭവം നോക്കാം. സഹോദരൻ പറയുന്നു: “എന്റെ ബാൽക്കണിയിൽനിന്നുകൊണ്ട് സൃഷ്ടികളെ നിരീക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ചെറിയ പ്രാണികളും കിളികളും ഒക്കെ ഭക്ഷണവും താമസിക്കാൻ ഒരു സ്ഥലവും അന്വേഷിച്ച് നടക്കുന്നത് ഞാൻ മിക്കപ്പോഴും കാണും. ഒരിക്കൽ ഞാൻ നോക്കിയപ്പോൾ ചില കിളികൾ കൂടുണ്ടാക്കുന്നത് കണ്ടു. അവർ ആ പരിസരത്തുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെയാണ് കൂടുണ്ടാക്കിയത്. അതാണെങ്കിലോ വിരിയാൻപോകുന്ന കുഞ്ഞിക്കിളികൾക്ക് പറ്റിയ കൂടും.” പാട്രിക് സഹോദരൻ അവിടംകൊണ്ട് നിറുത്തിയില്ല. സ്രഷ്ടാവിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു. അദ്ദേഹം പറയുന്നു: “നമുക്ക് അത്ര പ്രാധാന്യമില്ലാത്തതായി തോന്നുന്ന ഈ കിളികളെപ്പോലും യഹോവ എത്ര നന്നായി ആണ് നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അങ്ങനെയാണെങ്കിൽ യഹോവ എനിക്കുവേണ്ടി കരുതുമെന്നും ആവശ്യമുള്ളതെല്ലാം തരുമെന്നും എനിക്ക് ഉറപ്പായി.”
സൃഷ്ടികളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചാൽ യഹോവയെ കൂടുതൽ അറിയാനാകും (15-ാം ഖണ്ഡിക കാണുക)
16. യഹോവയെ അടുത്തറിയാൻ യേശുവിന്റെ അമ്മയായ മറിയയെ സഹായിച്ചത് എന്താണ്, നമുക്ക് എങ്ങനെ മറിയയെ അനുകരിക്കാം? (ചിത്രവും കാണുക.)
16 ഇനി യഹോവയെ അടുത്തറിയാനുള്ള മൂന്നാമത്തെ വിധം മുമ്പ് യഹോവ നമുക്കുവേണ്ടി ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതാണ്. അതാണ് യേശുവിന്റെ അമ്മയായ മറിയ ചെയ്തത്. മറിയയ്ക്ക് അപ്പോൾത്തന്നെ യഹോവയെ നന്നായി അറിയാമായിരുന്നു. മറിയയോട് ദൈവത്തിന് ‘പ്രീതി തോന്നിയിരുന്നു.’ (ലൂക്കോ. 1:30) തുടർന്ന് യഹോവ മറിയയ്ക്ക് ഗൗരവമുള്ള ഒരു നിയമനം കൊടുത്തു. ദൈവപുത്രന്റെ അമ്മയാകുക എന്നതായിരുന്നു അത്. ഗബ്രിയേൽ ദൂതനിലൂടെയും മറിയയുടെ ബന്ധുവായ എലിസബത്തിലൂടെയും യഹോവ മറിയയെ ശക്തിപ്പെടുത്തുകയും താൻ സഹായിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. തന്റെ ഈ അനുഭവം യഹോവയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നതെന്ന് മറിയ ചിന്തിച്ചു. യഹോവ ശക്തിയും കരുണയും ഉള്ള, എളിയവരുടെ കാര്യത്തിൽപ്പോലും താത്പര്യമെടുക്കുന്ന, പക്ഷപാതം കാണിക്കാത്ത ദൈവമാണെന്ന് മറിയയ്ക്ക് കൂടുതൽ ഉറപ്പായി. (ലൂക്കോ. 1:46-55) ദൈവം തനിക്കുവേണ്ടി ചെയ്ത കാര്യങ്ങൾക്ക് മറിയ നന്ദിയുള്ളവളായിരുന്നു. അതുപോലെ “ആവശ്യമുള്ള സമയത്തുതന്നെ” യഹോവ നമ്മളെയും സഹായിക്കുമ്പോൾ നമുക്കും യഹോവയോട് നന്ദി തോന്നും. (എബ്രാ. 4:16) എന്നാൽ അതോടൊപ്പം യഹോവയിൽനിന്ന് സഹായം ലഭിക്കുമ്പോൾ നമുക്ക് സ്വയം ഇങ്ങനെ ചോദിക്കാം: ‘യഹോവയെക്കുറിച്ച് ഇത് എന്താണ് എന്നെ പഠിപ്പിക്കുന്നത്? ഈ അനുഭവത്തിലൂടെ യഹോവയുടെ ഏതൊക്കെ ഗുണങ്ങളാണ് എനിക്ക് കാണാനാകുന്നത്?’
യഹോവ നിങ്ങൾക്കുവേണ്ടി ചെയ്തുതന്നിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാൽ യഹോവയെ കൂടുതൽ അറിയാനാകും (16-ാം ഖണ്ഡിക കാണുക)c
നമ്മുടെ പഠനം തുടർന്നുകൊണ്ടേയിരിക്കും
17-18. യഹോവയെക്കുറിച്ച് പഠിക്കുന്നത് നമ്മൾ ഒരിക്കലും നിറുത്തില്ല എന്ന് പറയാനാകുന്നത് എന്തുകൊണ്ട്?
17 പുതിയ ലോകത്തിൽ യഹോവയെക്കുറിച്ച് നമുക്ക് എത്രയധികം പഠിക്കാനാകുമെന്ന് ഒന്ന് ചിന്തിച്ചുനോക്കൂ! യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ പറഞ്ഞുതരുന്ന പുതിയ ചുരുളുകൾ അന്ന് നമുക്ക് ലഭിക്കും. (വെളി. 20:12) യഹോവയുടെ സൃഷ്ടികളെക്കുറിച്ച് കൂടുതൽ അറിയാൻ നമുക്ക് അന്നാകും. (യശ. 11:6-9) ഇനി, നമ്മുടെ പ്രിയപ്പെട്ടവരെ തിരികെ ജീവനിലേക്ക് കൊണ്ടുവരുന്നതും ഓരോ ദിവസവും നമ്മൾ പൂർണതയിലേക്ക് അടുക്കുന്നതും പോലുള്ള പുതിയ കാര്യങ്ങൾ നമ്മൾ അനുഭവിച്ചറിയും. ഇതെല്ലാം നമ്മുടെ സ്വർഗീയപിതാവിനെ കൂടുതൽ അടുത്തറിയാൻ നമ്മളെ സഹായിക്കും.
18 യഹോവയെക്കുറിച്ച് പഠിക്കുന്നത് നമ്മൾ ഒരിക്കലും നിറുത്തില്ല. നമ്മളെക്കാളും ഒരുപാട് കാര്യങ്ങൾ യഹോവയ്ക്ക് അറിയാം. ‘ദൈവത്തിന്റെ ഗ്രാഹ്യം അളവറ്റതാണ്.’ (സങ്കീ. 90:2; 147:5) ‘സത്യദൈവം ആദിയോടന്തം ചെയ്തിരിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ ഒരിക്കലും കഴിയില്ല.’ (സഭാ. 3:11) അതുകൊണ്ട് നമ്മൾ സത്യത്തിൽ വന്നിട്ട് എത്രനാളായെങ്കിലും യഹോവയെക്കുറിച്ച് പഠിക്കാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും തുടർന്നും പ്രയോജനപ്പെടുത്താം. നമ്മുടെ സ്നേഹമുള്ള പിതാവിനെ അടുത്തറിയാം.
ഗീതം 28 യഹോവയുടെ സൗഹൃദം നേടുക
a പുതിയ ലോക ഭാഷാന്തരത്തിന്റെ തുടക്കത്തിലുള്ള “ദൈവവചനത്തിന് ഒരു ആമുഖം” എന്ന ഭാഗത്തെ 20-ാം ചോദ്യം കാണുക.
b ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 7-ാം പാഠത്തിലെ 5-7 വരെയുള്ള പോയിന്റുകൾ കാണുക.
c ചിത്രത്തിന്റെ വിവരണം: പ്രസംഗം നടത്താൻ വളരെ പേടി തോന്നുന്ന ഒരു സഹോദരൻ മുമ്പ് മധ്യവാരയോഗത്തിൽ പ്രസംഗം നടത്താൻ യഹോവ തന്നെ സഹായിച്ചതിനെക്കുറിച്ച് ഓർക്കുന്നു.