2026 സെപ്റ്റംബർ 14-20
ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ
യശയ്യയുടെ പുസ്തകം നിങ്ങളെ ആശ്വസിപ്പിക്കും
“ യഹോവ ഇങ്ങനെ പറയുന്നു: . . . ‘ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.’”—യശ. 66:12, 13.
ഉദ്ദേശ്യം
വിഷമമോ നിരാശയോ തോന്നുന്ന സമയത്ത് യശയ്യയുടെ പുസ്തകത്തിലെ തിരുവെഴുത്തുകളെക്കുറിച്ച് ധ്യാനിക്കുന്നതു ശക്തി വീണ്ടെടുക്കാൻ സഹായിക്കും.
1-2. നമ്മൾ വിഷമിച്ചിരിക്കുമ്പോൾ യഹോവ നമ്മളെ എങ്ങനെ സഹായിക്കും?
സങ്കടപ്പെട്ട് ഏങ്ങലടിച്ച് കരയുന്ന ഒരു കുട്ടിയെ ഒന്നു മനസ്സിൽ കാണുക. ഒരുപക്ഷേ അവൻ കരയുന്നത് അവർ കുടുംബത്തോടെ വേറൊരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ പോകുന്നതുകൊണ്ട് അവന്റെ കൂട്ടുകാരെയൊക്കെ വിട്ടുപിരിയണല്ലോ എന്ന് ഓർത്തിട്ടായിരിക്കാം. അതല്ലെങ്കിൽ അവൻ ചെയ്തുപോയ ഒരു തെറ്റിനെക്കുറിച്ച് ഓർത്തിട്ടുള്ള വിഷമം കൊണ്ടായിരിക്കാം. ഇതുപോലെയുള്ള സാഹചര്യങ്ങളിൽ സ്നേഹമുള്ള ഒരമ്മ എന്തായിരിക്കും ചെയ്യുക? സ്നേഹത്തോടെ അടുത്ത് വന്ന് തന്റെ മകനെ കെട്ടിപ്പിടിക്കും. അവന്റെ വിഷമങ്ങളൊക്കെ ശ്രദ്ധിച്ചുകേൾക്കും. എന്നിട്ട് താൻ അവന്റെ കൂടെയുണ്ടെന്ന് ഉറപ്പുകൊടുക്കും.
2 തന്റെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന സ്നേഹവും കരുതലും ഉള്ള ഒരു അമ്മയോടാണു ബൈബിളിൽ യഹോവ തന്നെത്തന്നെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. യഹോവ പറയുന്നു: “ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” (യശ. 66:13) ശരിക്കും പറഞ്ഞാൽ യഹോവയുടെ സ്നേഹം ഏതൊരു അപ്പനും അമ്മയ്ക്കും മക്കളോടുള്ള സ്നേഹത്തെക്കാൾ വളരെവളരെ കൂടുതലാണ്. (യശ. 49:15) നമ്മൾ നിരാശയിലോ വിഷമത്തിലോ ആയിരിക്കുമ്പോൾ നമുക്ക് ആവശ്യമായ ആശ്വാസവും ശക്തിയും യഹോവ തന്റെ വചനമായ ബൈബിളിലൂടെ തരും.—റോമ. 15:4.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചിന്തിക്കും?
3 യശയ്യയുടെ പുസ്തകം യഹോവയിൽനിന്നുള്ള ആശ്വാസവാക്കുകൾകൊണ്ട് നിറഞ്ഞതാണ്. (യശ. 40:1) നമ്മുടെ സ്നേഹനിധിയായ പിതാവ് ഈ പുസ്തകം എഴുതാൻ യശയ്യയെ പ്രചോദിപ്പിച്ചത്, യഹൂദയുടെ ചരിത്രത്തിലെ കഷ്ടത നിറഞ്ഞ സമയത്ത് തന്റെ ജനത്തെ ആശ്വസിപ്പിക്കാനായിരുന്നു. ഇന്നു നമ്മളും ‘ബുദ്ധിമുട്ടു നിറഞ്ഞ സമയത്താണു’ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്കും ആശ്വാസം ആവശ്യമാണ്. (2 തിമൊ. 3:1) പിൻവരുന്ന സാഹചര്യങ്ങളിൽ നമ്മളെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന യശയ്യയുടെ പുസ്തകത്തിലെ ചില തിരുവെഴുത്തുകൾ ഈ ലേഖനത്തിൽ നമ്മൾ നോക്കും. (1) നമ്മുടെ സാഹചര്യം അപ്രതീക്ഷിതമായി മാറുമ്പോൾ (2) അമിതമായ കുറ്റബോധത്താൽ നീറുമ്പോൾ (3) പ്രിയപ്പെട്ട ഒരാളുടെ മരണം നമ്മളെ തളർത്തിക്കളയുമ്പോൾ.
അപ്രതീക്ഷിതമായി സാഹചര്യങ്ങൾ മാറുമ്പോൾ
4. അപ്രതീക്ഷിതമായ ഒരു മാറ്റം നമ്മളെ എങ്ങനെ ബാധിച്ചേക്കാം?
4 നമ്മുടെ ജീവിതം എപ്പോൾ വേണമെങ്കിലും മാറിമറിഞ്ഞേക്കാം. (സഭാ. 9:11; 1 കൊരി. 7:31) ഒരുപക്ഷേ ആരോഗ്യപ്രശ്നമോ സാമ്പത്തികബുദ്ധിമുട്ടോ നിയമനത്തിലെ മാറ്റമോ യുദ്ധമോ ഒക്കെയായിരിക്കാം അതിനു കാരണം. ഇത്തരം മാറ്റങ്ങളുണ്ടാകുമ്പോൾ പേടിയും ഉത്കണ്ഠയും തോന്നിയേക്കാം. ‘ഇനി എന്തു ചെയ്യും?’ എന്നു നമ്മൾ ചിന്തിച്ചുപോയേക്കാം. അതു സ്വാഭാവികമാണ്. ഏകദേശം 17 വർഷമായി ബഥേലിൽ സേവിച്ചിരുന്ന ജോസഫ് സഹോദരനു വയലിലേക്കു ഒരു മുൻനിരസേവകനായി നിയമനമാറ്റം ലഭിച്ചു. സഹോദരൻ പറയുന്നു: “ഇത്രയും നാൾ ബഥേലിൽ നിന്നശേഷം ഒരു പുതിയ ജീവിതത്തിലേക്കു മാറുക എന്നത് എളുപ്പമല്ലായിരുന്നു. ഞാനാകെ പകച്ചുപോയി. എവിടെ തുടങ്ങണമെന്ന് എനിക്ക് അറിയില്ലായിരുന്നു.” ഇങ്ങനെയുള്ള അപ്രതീക്ഷിതമാറ്റങ്ങളെ നേരിടാൻ സഹായിക്കുന്ന എന്ത് ഉറപ്പാണ് യശയ്യയിലൂടെ യഹോവ നമുക്കു തരുന്നത്?
5. യശയ്യ 42:16-ൽ യഹോവ നമുക്ക് എന്ത് ഉറപ്പാണു തരുന്നത്? (ചിത്രവും കാണുക.)
5 യശയ്യ 42:16 വായിക്കുക. ആലങ്കാരികമായി അന്ധരായവരെ പരിചയമില്ലാത്ത വഴികളിലൂടെ നടത്തുമെന്നും ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുമെന്നും യഹോവ വാക്കുതന്നിട്ടുണ്ട്. ‘അന്ധന്മാർ,’ ‘പരിചിതമല്ലാത്ത വഴി,’ ‘ഇരുട്ട്,’ “കുന്നും കുഴിയും നിറഞ്ഞ പ്രദേശം” എന്നീ പ്രയോഗങ്ങൾ അപ്രതീക്ഷിതമായി സാഹചര്യങ്ങൾ മാറുമ്പോൾ ഭാവിയെക്കുറിച്ച് നമുക്കു തോന്നുന്ന വികാരങ്ങളെയാണു കുറിക്കുന്നത്. മുന്നിലുള്ള വഴി അറിയാതെ കൊടുംകാട്ടിലൂടെ നടക്കുന്നതുപോലെ നമുക്കു തോന്നിയേക്കാം. എന്നാൽ നമ്മൾ നേരിടുന്ന സാഹചര്യം എന്താണെങ്കിലും നമുക്കുവേണ്ട നിർദേശങ്ങൾ തരുമെന്നും നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും യഹോവ ഉറപ്പുതന്നിട്ടുണ്ട്. നമ്മൾ ഇരുട്ടിലൂടെ നടക്കുമ്പോൾ യഹോവ നമ്മുടെ വഴികൾക്കു പ്രകാശം നൽകുകയും നമ്മളെ കൈ പിടിച്ച് നടത്തുകയും കുന്നും കുഴിയും ഉള്ള പ്രദേശം നിരപ്പാക്കിത്തരുകയും ചെയ്യും. യഹോവ ഇത് എങ്ങനെയാണു ചെയ്യുന്നത്? തന്റെ വചനമായ ബൈബിളിലൂടെയും സംഘടനയിലൂടെയും നമുക്കുവേണ്ട നല്ല ഉപദേശങ്ങൾ തന്നുകൊണ്ടാണ് യഹോവ അത് ചെയ്യുന്നത്. (സങ്കീ. 119:105; യശ. 30:21) അതുപോലെ നമ്മുടെ സഹോദരങ്ങളെ ഉപയോഗിച്ചുകൊണ്ട് പ്രായോഗികമായ വിധത്തിലും യഹോവ നമുക്കുവേണ്ട സഹായം തരും. ഇനി എന്തു സംഭവിക്കും എന്ന് അറിയില്ലാത്ത സാഹചര്യങ്ങളിൽപ്പോലും യഹോവ നമ്മളെ സഹായിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. കാരണം യഹോവ നമ്മളെ സ്നേഹിക്കുകയും നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കുകയും ചെയ്യുന്നു.—യശ. 41:10; 1 പത്രോ. 5:6, 7.
അപ്രതീക്ഷിതമായ സാഹചര്യങ്ങളുണ്ടാകുമ്പോൾപ്പോലും യഹോവ നിങ്ങളെ ഉപേക്ഷിക്കില്ല (5-ാം ഖണ്ഡിക കാണുക)b
6. അപ്രതീക്ഷിതമായി സാഹചര്യങ്ങൾ മാറിമറിഞ്ഞാൽ നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാകും?
6 നേരത്തെ കണ്ട ജോസഫ് സഹോദരനും ഭാര്യയും ബഥേലിൽനിന്ന് പോന്നപ്പോൾ യഹോവ അവരെ സ്നേഹത്തോടെ എങ്ങനെയാണു കരുതിയതെന്നു പറയുന്നു: “ആ സമയത്തെല്ലാം യഹോവയുടെ കൈ ഞങ്ങൾക്കു കാണാനായി. സഹോദരങ്ങളെ ഉപയോഗിച്ച് യഹോവ ഞങ്ങളെ സഹായിച്ചു. യഹോവ തക്കസമയത്ത് ഭൗതികമായി ഞങ്ങൾക്കു വേണ്ടതെല്ലാം തരുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. യഹോവ ഇപ്പോഴും അങ്ങനെതന്നെ ചെയ്യുന്നു.” നിങ്ങളുടെ സാഹചര്യങ്ങൾ അപ്രതീക്ഷിതമായി മാറിമറിഞ്ഞാൽ യഹോവ നിങ്ങൾക്കുവേണ്ട ശക്തിയും മാർഗനിർദേശവും തരുമെന്ന് ഉറപ്പുണ്ടായിരിക്കാം. അത് എത്ര വിഷമകരമായ സാഹചര്യമാണെന്നു തോന്നിയാൽപ്പോലും. (യശ. 54:10; 58:11) ജോസഫ് സഹോദരൻ തുടർന്ന് പറയുന്നു: “ഒരു ചിത്രഗീതത്തിലെ വരികൾ യഹോവയുടെ കരുതലിനെക്കുറിച്ച് ഇങ്ങനെയാണു പറയുന്നത്: ‘ലോകം മാറുന്നെന്നും കാണുമ്പോഴും എൻ ദൈവമെന്നും കൂടെയുണ്ട്.’a അതെ, നമ്മൾ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കാത്തപ്പോഴും നമുക്ക് ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാകും. നമ്മുടെ കാൽച്ചുവടുകളെ നയിക്കാൻ എപ്പോഴും യഹോവ ഉണ്ടായിരിക്കും.”
അമിതമായ കുറ്റബോധത്താൽ നീറുമ്പോൾ
7. മുമ്പ് ഗുരുതരമായി തെറ്റു ചെയ്തവർ എന്തു പ്രശ്നം നേരിട്ടേക്കാം?
7 നമ്മൾ ഗുരുതരമായ ഒരു പാപം ചെയ്തെന്നു വിചാരിക്കുക. അതിനു ശേഷം മൂപ്പന്മാരുടെ സഹായം നമുക്കു ലഭിച്ചു. വീണ്ടും ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം നമ്മൾ ചെയ്തു. (സുഭാ. 28:13; യാക്കോ. 5:14-16; 1 യോഹ. 1:9) ഇങ്ങനെ യഹോവയുടെ കരുണ നമുക്കു ലഭിച്ചാലും വീണ്ടും കുറ്റബോധം നമ്മളെ വേട്ടയാടിയേക്കാം. നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘എന്റെ ആ തെറ്റ് യഹോവ എങ്ങനെ ക്ഷമിക്കാനാണ്?’ (2 കൊരി. 2:7) ആ ചിന്ത മനസ്സിലാക്കാവുന്നതേ ഉള്ളൂ. കാരണം പാപത്തിന്റെ ഭാരം വലുതായിരിക്കാം, അല്ലെങ്കിൽ അതിന്റെ ഓർമകൾ നമ്മുടെ മനസ്സിൽ മായാതെനിന്നേക്കാം. പാപഭാരത്തെക്കുറിച്ച് ദാവീദ് രാജാവ് ഇങ്ങനെ എഴുതി: “എന്റെ പാപം നിമിത്തം എന്റെ അസ്ഥികൾക്കുള്ളിൽ ഒരു സ്വസ്ഥതയുമില്ല. . . . ഞാൻ ആകെ മരവിച്ചിരിക്കുന്നു; ഞാൻ പാടേ തകർന്നുപോയി.” (സങ്കീ. 38:3, 8) മുമ്പ് ചെയ്ത തെറ്റുകളെക്കുറിച്ച് നിങ്ങൾക്കും ഇങ്ങനെയാണു തോന്നുന്നതെങ്കിൽ യശയ്യയുടെ പുസ്തകം വേണ്ട ആശ്വാസം തരും.
8-9. യശയ്യ 1:18 അനുസരിച്ച് യഹോവ എത്ര പൂർണമായാണു നമ്മളോടു ക്ഷമിക്കുന്നത്?
8 യശയ്യ 1:18 വായിക്കുക. നമ്മുടെ പാപങ്ങൾ എത്ര പൂർണമായാണു ക്ഷമിക്കുന്നതെന്നു കാണിക്കാൻ യഹോവ ഒരു വാഗ്മയചിത്രം ഉപയോഗിച്ചിട്ടുണ്ട്. യഹോവ പറഞ്ഞത്, നമ്മുടെ പാപങ്ങൾ “കടുഞ്ചുവപ്പാണെങ്കിലും” യഹോവ അതു ‘മഞ്ഞുപോലെ വെളുപ്പിക്കും’ എന്നാണ്. കടുഞ്ചുവപ്പു നിറം അത്ര പെട്ടെന്നു മാഞ്ഞുപോകില്ല. എന്നാൽ യഹോവ നമ്മളോടു ക്ഷമിച്ച് കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് ആ പാപത്തിന്റെ കറയുമായി നമുക്കു ജീവിക്കേണ്ടിവരില്ല എന്ന് യഹോവ ഉറപ്പുതരുന്നു.
9 ദാവീദ് രാജാവിന്റെ ഉദാഹരണം നോക്കുക. വ്യഭിചാരവും കൊലപാതകവും ചെയ്ത് കുറ്റബോധമുണ്ടായിരുന്ന ദാവീദ് രാജാവിനോട് യഹോവ ക്ഷമിച്ചു. പിന്നീട് യഹോവ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്, അദ്ദേഹം നിഷ്കളങ്കൻ ആണെന്നാണ്. (2 ശമു. 11:3, 4, 14, 15; 12:13; 1 രാജാ. 9:4, 5) ദാവീദിനെക്കുറിച്ച് ചിന്തിച്ചപ്പോൾ യഹോവയുടെ ഓർമയിൽ വന്നത്, ദാവീദ് ചെയ്ത തെറ്റുകളല്ല, അദ്ദേഹം എത്ര വിശ്വസ്തനായിരുന്നു എന്നതാണ്. അതുപോലെ നമ്മൾ പശ്ചാത്താപം കാണിച്ചാൽ യഹോവ നമ്മളോടു ക്ഷമിക്കും. ശുദ്ധമായ മനസ്സാക്ഷിയോടെ മുന്നോട്ടുപോകാൻ സഹായിക്കുകയും ചെയ്യും. അമിതമായ കുറ്റബോധത്താൽ നീറുന്നവർക്ക് യശയ്യയുടെ പുസ്തകം ഇനിയും എന്ത് ഉറപ്പാണു നൽകുന്നത്?
10. യശയ്യ 38:17-ൽ നമ്മളെ ആശ്വസിപ്പിക്കുന്ന എന്ത് ഉറപ്പു കാണാം?
10 യശയ്യ 38:17-ഉം അടിക്കുറിപ്പും വായിക്കുക. ഈ വാക്യത്തിലെ “അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു” എന്നതിനെ പാപങ്ങൾ “മുന്നിൽനിന്ന് നീക്കിക്കളഞ്ഞു” എന്നും പറയാം. പശ്ചാത്തപിക്കുന്ന ഒരു തെറ്റുകാരന്റെ പാപം യഹോവ തന്റെ പിന്നിലേക്ക് എറിഞ്ഞുകളയുന്നതു പോലെയാണ് അത്. യഹോവ അതു പിന്നീടു കാണുന്നില്ല, ആ പാപങ്ങളെക്കുറിച്ച് ഒരിക്കലും ഓർക്കുന്നുമില്ല. ഒരു പരാമർശഗ്രന്ഥം ഈ ആശയത്തെക്കുറിച്ച് ഇങ്ങനെയാണു പറയുന്നത്: “അങ്ങ് എന്റെ (പാപങ്ങളെ) അതു സംഭവിച്ചിട്ടില്ലാത്തതുപോലെ ആക്കിയിരിക്കുന്നു.” അപ്പോൾ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിച്ചാൽ നമ്മൾ മുമ്പ് പാപം ചെയ്തിട്ടേ ഇല്ല എന്ന രീതിയിലായിരിക്കും നമ്മളോട് ഇടപെടുന്നത്. പിന്നെ ഒരിക്കലും ആ തെറ്റിന്റെ പേരിൽ യഹോവ നമ്മളെ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ ഇല്ല. പാപങ്ങളുടെ കണക്ക് യഹോവ പൂർണമായും മായ്ച്ചുകളയുന്നു. യഹോവ ഈ ഉറപ്പുതരുന്നു: “നിങ്ങളുടെ പാപങ്ങൾ ഞാൻ ഓർക്കില്ല.” (യശ. 43:25) നമുക്ക് എത്ര ആശ്വാസം തോന്നുന്നു അല്ലേ! പരമോന്നത ന്യായാധിപനായ യഹോവ നമ്മുടെ പാപങ്ങളുടെ കണക്ക് സൂക്ഷിക്കുന്നില്ലെങ്കിൽപ്പിന്നെ അതെക്കുറിച്ച് ഓർക്കാൻ നമ്മൾ ആരാണ്?
മുൻകാലതെറ്റുകൾ ഇപ്പോഴുള്ള സന്തോഷത്തെ കെടുത്തിക്കളയരുത്
11. മുമ്പ് നമ്മൾ തെറ്റുകളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും യഹോവ പ്രധാനമായി കാണുന്നത് എന്താണ്? (ചിത്രവും കാണുക.)
11 കഴിഞ്ഞകാല തെറ്റുകളെക്കുറിച്ച് ഓർത്ത് കുറ്റബോധം തോന്നുമ്പോൾ യഹോവയുടെ സ്നേഹത്തോടെയുള്ള ഈ ഉറപ്പുകളെക്കുറിച്ച് നമുക്ക് ഓർക്കാം. യഹോവ നമ്മുടെ പാപം ക്ഷമിക്കുന്നതു പൂർണമായാണ്. നമ്മുടെ കഴിഞ്ഞകാല പാപത്തെക്കുറിച്ച് ഓർത്ത് യഹോവ ഒരിക്കലും ലജ്ജിക്കുന്നില്ല. അപൂർണ മനുഷ്യരെപ്പോലെ നമ്മുടെ പാപങ്ങൾ ഓർത്തുവെക്കുന്നുമില്ല. (യശ. 57:16) നമ്മൾ മുമ്പ് എങ്ങനെയുള്ള വ്യക്തിയായിരുന്നു എന്നതല്ല, നമ്മൾ ഇപ്പോൾ എങ്ങനെയാണ്, ഭാവിയിൽ എന്തെല്ലാം ചെയ്യും ഇതൊക്കെയാണ് യഹോവയ്ക്കു പ്രധാനം. (യശ. 55:7) എത്ര സ്നേഹവും ക്ഷമയും ഉള്ള ദൈവത്തെയാണു നമ്മൾ സേവിക്കുന്നത്. അതുകൊണ്ട് നമ്മുടെ കഴിഞ്ഞകാല പാപങ്ങൾ നമ്മുടെ ഇപ്പോഴത്തെ സന്തോഷത്തെ കെടുത്തിക്കളയരുത്. ഭാവിയിലെ അനുഗ്രഹങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുകയും അരുത്.
നമ്മൾ മുമ്പ് ചെയ്ത പാപങ്ങൾ വെച്ചല്ല യഹോവ നമ്മളെ വിലയിരുത്തുന്നത് (11-ാം ഖണ്ഡിക കാണുക)c
പ്രിയപ്പെട്ടവരുടെ മരണം തളർത്തിക്കളയുമ്പോൾ
12. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമ്പോൾ നമ്മൾ എന്തൊക്കെ ചിന്തിച്ചേക്കാം?
12 നമ്മൾ സ്നേഹിക്കുന്ന ഒരാൾ മരിക്കുമ്പോൾ അതുണ്ടാക്കുന്ന വേദന നമുക്കു താങ്ങാവുന്നതിലും അധികമായിരിക്കും. ആ വേദന പെട്ടെന്നൊന്നും മാറില്ല. യഹോവ എന്തുകൊണ്ടാണ് ഇത് അനുവദിച്ചത് എന്നു നമ്മൾ ചിലപ്പോൾ ചിന്തിച്ചേക്കാം. ഒരു തീപിടുത്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട മൈക്കിൾ സഹോദരൻ പറയുന്നു: “എന്റെ ഹൃദയം തകർന്നുപോയി. എനിക്ക് യഹോവയോടു ദേഷ്യം തോന്നി. യഹോവയല്ല അവരുടെ മരണത്തിനു കാരണമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, യഹോവ അതു തടഞ്ഞില്ലല്ലോ.” ഒരുപക്ഷേ നിങ്ങൾക്കും ഇതുപോലെ തോന്നിയേക്കാം. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന നമ്മളെ വരിഞ്ഞുമുറുക്കുമ്പോൾ യഹോവ എന്ത് ആശ്വാസവും പ്രത്യാശയും ആണ് തരുന്നത്?
13. യശയ്യ 25:8-ൽ യഹോവ നമുക്ക് എന്ത് ഉറപ്പാണ് തരുന്നത്?
13 യശയ്യ 25:8 വായിക്കുക. “ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും” എന്ന് ഉറപ്പ് തന്നിരിക്കുന്നു. മരണമില്ലാത്ത ആ സമയത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! നിങ്ങൾക്ക് ഇനി ഒരിക്കലും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയോ അത് ഓർത്ത് കണ്ണീരൊഴുക്കുകയോ ചെയ്യേണ്ടിവരില്ല. (യശ. 35:10) പ്രിയപ്പെട്ടവരെ അടക്കിയിരിക്കുന്ന സ്ഥലം കണ്ട് വിതുമ്പേണ്ടിവരില്ല. ഇതിനെല്ലാം പകരം നിങ്ങളുടെ പ്രിയപ്പെട്ടവർ എന്നും നിങ്ങളുടെ കൂടെയുണ്ടായിരിക്കും, അതും പൂർണ ആരോഗ്യത്തോടെ. ഇതു വെറുമൊരു സ്വപ്നമല്ല. ഈ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിവുള്ള ഒരേ ഒരു വ്യക്തിയായ യഹോവയാണ് ഈ ഉറപ്പ് തന്നിരിക്കുന്നത്.—വെളി. 21:4, 5.
14. പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു? (യശയ്യ 26:19) (ചിത്രവും കാണുക.)
14 യശയ്യ 26:19 വായിക്കുക. യഹോവ മരണത്തിന് അവസാനം കൊണ്ടുവരുമെന്നു മാത്രമല്ല, മരിച്ചുപോയവരെ പുനരുത്ഥാനപ്പെടുത്തുമെന്നും ഉറപ്പ് തന്നിരിക്കുന്നു. മരിച്ചവരെക്കുറിച്ച് യഹോവ ഇങ്ങനെയാണു പറയുന്നത്: “എന്റെ ശവങ്ങൾ എഴുന്നേൽക്കും.” അതിനർഥം യഹോവ അവരെ തന്റേതായി കാണുന്നു എന്നാണ്. മരിച്ചുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകൾ യഹോവയുടെ മനസ്സിലുണ്ട്. താൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് യഹോവ അവരെ ഉയിർപ്പിക്കും. ഉണങ്ങിപ്പോയ ചെടികൾക്കു പ്രഭാതത്തിലെ മഞ്ഞുതുള്ളികൾ ജീവൻ പകരുന്നതുപോലെ ജീവന്റെ ഉറവായ യഹോവ മരണത്തിൽ ഉറങ്ങിക്കിടക്കുന്ന പ്രിയപ്പെട്ടവരെ ഉണർത്തും. അവരെയെല്ലാം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ.—മർക്കോസ് 5:42 താരതമ്യം ചെയ്യുക.
പ്രിയപ്പെട്ടവരെ പുനരുത്ഥാനത്തിൽ വീണ്ടും കാണാമെന്ന പ്രത്യാശ ഉറപ്പുള്ളതാണ് (14-ാം ഖണ്ഡിക കാണുക)
15. പുനരുത്ഥാനത്തെക്കുറിച്ചുള്ള വാഗ്ദാനം വേർപാടിന്റെ വേദന കുറയ്ക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
15 പുനരുത്ഥാനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം നമ്മുടെ ദുഃഖം പൂർണമായി ഇല്ലാതാക്കുന്നില്ല എന്നതു ശരിയാണ്. എങ്കിലും മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ യഹോവ മറന്നിട്ടില്ലെന്ന് അറിയുമ്പോൾ നമുക്ക് ആശ്വാസം തോന്നും. നേരത്തെ കണ്ട മൈക്കിൾ സഹോദരനെ ആശ്വസിപ്പിച്ചത് അതാണ്. അദ്ദേഹം പറയുന്നു: “എന്റെ മാതാപിതാക്കളെ യഹോവ ഇപ്പോഴും വിലയേറിയവരായി കാണുന്നു എന്ന് യശയ്യ 26:19 വായിച്ചപ്പോൾ എനിക്കു മനസ്സിലായി. യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്ത് അവരെ മരണത്തിൽനിന്ന് ഉയിർപ്പിക്കുന്നതുവരെ അവർ യഹോവയുടെ ഓർമയിൽ ഉണ്ടായിരിക്കും. അതെല്ലാം അറിഞ്ഞപ്പോൾ എനിക്ക് ആശ്വാസവും ശക്തിയും കിട്ടി.” മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാനാകുന്ന ആ സമയം നമുക്കും ഭാവനയിൽ കാണാം. വേർപാടിന്റെ വേദന കുറയ്ക്കാൻ അതു നമ്മളെ സഹായിക്കും.
16. ബുദ്ധിമുട്ട് നിറഞ്ഞ ഒരു സാഹചര്യത്തിൽ നിങ്ങളെ ആശ്വസിപ്പിച്ച തിരുവെഴുത്ത് ഏതാണ്?
16 നമ്മുടെ സാഹചര്യങ്ങൾ അപ്രതീക്ഷിതമായി മാറുമ്പോഴും അമിതമായ കുറ്റബോധത്താൽ നീറുമ്പോഴും പ്രിയപ്പെട്ട ഒരാളുടെ മരണം തളർത്തുമ്പോഴും നമ്മളെ ആശ്വസിപ്പിക്കുന്ന ചില തിരുവെഴുത്തുകൾ യശയ്യയുടെ പുസ്തകത്തിൽനിന്ന് നമ്മൾ കണ്ടു. തന്റെ വചനമായ ബൈബിളിലൂടെ യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്. (സങ്കീ. 94:19) ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിൽ നിങ്ങളെ ആശ്വസിപ്പിച്ച ഏതെങ്കിലും തിരുവെഴുത്തുണ്ടോ? ഉണ്ടെങ്കിൽ അതു മനഃപാഠമാക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഒരു പേപ്പറിൽ എഴുതി നിങ്ങൾക്കു കാണാവുന്ന സ്ഥലത്ത് വെക്കുക. അങ്ങനെ നമ്മുടെ സ്വർഗീയപിതാവായ യഹോവയുടെ വാക്കുകളിൽനിന്ന് ആശ്വാസം കണ്ടെത്താൻ നിങ്ങൾക്ക് കഴിയട്ടെ!
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ശക്തി
a “ദൈവം എന്റെ കൂടെയുണ്ട്” എന്ന ചിത്രഗീതത്തിൽനിന്ന് എടുത്തതാണ് ഈ വരികൾ.
b ചിത്രത്തിന്റെ വിവരണം: ബഥേലിൽനിന്ന് പോന്ന ഒരു ദമ്പതികൾ പുതിയൊരു സഭയിലേക്ക് എത്തുന്നു. അവിടെയുള്ളവർ അവരെ സ്വാഗതം ചെയ്യുന്നു.
c ചിത്രത്തിന്റെ വിവരണം: ഒരു സഹോദരൻ താൻ മുമ്പ് ചെയ്ത തെറ്റുകളൊക്കെ മറന്ന് സന്തോഷത്തോടെ മുൻനിരസേവനസ്കൂളിൽ പങ്കെടുക്കുന്നു.