ജീവിതകഥ
എഴുപതു വർഷത്തോളം ക്യൂബയിൽ യഹോവയെ സേവിക്കുന്നു
1947-ൽ കരീബിയൻ ദ്വീപായ ക്യൂബയിലായിരുന്നു എന്റെ ജനനം. കരീബിയൻ കടലും അറ്റ്ലാന്റിക് സമുദ്രവും കൂടിച്ചേരുന്ന സ്ഥലത്താണ് ക്യൂബയുടെ സ്ഥാനം. എസ്മരാൾഡോ ഗ്രാമത്തിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. കൂടപ്പിറപ്പുകളായി എനിക്ക് രണ്ട് അനുജത്തിമാരും ഉണ്ടായിരുന്നു.
സന്തോഷത്തോടെ അവിടെ കഴിഞ്ഞിരുന്ന ആ കാലം ഞാൻ ഇപ്പോഴും ഓർക്കുന്നു. ആന്റിമാരും അങ്കിളുമാരും വല്യപ്പച്ചനും വല്യമ്മച്ചിയും എല്ലാം അടുത്തുതന്നെയായിരുന്നു താമസം. ജീവിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾക്കുണ്ടായിരുന്നു.
എനിക്ക് ഏകദേശം അഞ്ച് വയസ്സുള്ളപ്പോൾ എന്റെ പപ്പയും മമ്മിയും വാൾട്ടൻ ജോൺസ് സഹോദരനോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി. തീക്ഷ്ണതയുള്ള ആ സഹോദരൻ ഏകദേശം 10 മണിക്കൂർ നടന്നാണ് ഞങ്ങളുടെ ഗ്രാമത്തിൽ എത്തിയിരുന്നത്. അദ്ദേഹം വരുമ്പോഴെല്ലാം എന്റെ കുടുംബത്തിലെ പലരും വല്യപ്പച്ചന്റെ വീട്ടിൽച്ചെന്ന് മണിക്കൂറുകളോളം സഹോദരനുമായി ബൈബിളിലെ കാര്യങ്ങൾ സംസാരിക്കുമായിരുന്നു. എന്റെ പപ്പയ്ക്കും മമ്മിക്കും എന്റെ അങ്കിൾ പാഡ്രോയ്ക്കും ആന്റി ഏലയ്ക്കും ബൈബിളിലെ കാര്യങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു, അവർ യഹോവയുടെ സാക്ഷികളായി സ്നാനമേൽക്കുകയും ചെയ്തു. എന്റെ ആന്റി ഏലയ്ക്ക് 100-നോടടുത്ത് പ്രായമുണ്ട്. ക്യൂബയിൽ ആന്റി ഇപ്പോഴും ഒരു മുൻനിരസേവികയായി പ്രവർത്തിക്കുന്നു.
ആ സമയത്ത് യഹോവയുടെ സാക്ഷികൾക്ക് ക്യൂബയിൽ സ്വാതന്ത്ര്യത്തോടെ പ്രസംഗപ്രവർത്തനം നടത്താമായിരുന്നു. വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിൽ പേരുകേട്ടവരായിരുന്നു യഹോവയുടെ സാക്ഷികൾ. പ്രസിദ്ധീകരണങ്ങളൊക്കെ എടുത്ത് വലിയ ബാഗുമായി വയൽസേവനത്തിന് പോകുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. നടന്നതിനാണെങ്കിൽ ഒരു കണക്കുമില്ല. ആ ‘അനുകൂലകാലത്ത്’ യഹോവയെ സേവിച്ചതിന്റെ നല്ല ഓർമകൾ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. എന്നാൽ ‘പ്രതികൂലകാലം’ തൊട്ടടുത്തെത്തിയിരുന്നു.—2 തിമൊ. 4:2.
പ്രതികൂലകാലത്ത്
എനിക്ക് ഏകദേശം അഞ്ച് വയസ്സുള്ളപ്പോൾ എന്റെ പപ്പയും അങ്കിളും കൂടി ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻവേണ്ടി ദ്വീപിന്റെ മറ്റൊരു ഭാഗത്തേക്കു പോയി. എന്നാൽ ആ യാത്രയ്ക്കിടെ അഴുക്കുവെള്ളത്തിൽനിന്ന് അവർക്ക് ടൈഫോയ്ഡ് പിടിപെട്ടു. സമ്മേളനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അങ്കിളിന്റെ മുടിയെല്ലാം പോയി. എന്നാൽ എന്റെ പപ്പയുടെ ആരോഗ്യം കൂടുതൽ മോശമായി. അങ്ങനെ വെറും 32 വയസ്സുള്ളപ്പോൾ പപ്പ മരിച്ചു.
പപ്പ മരിച്ചുകഴിഞ്ഞ് മമ്മി ഞങ്ങളെയും കൂട്ടി ലാംബിയോ എന്ന ഗ്രാമത്തിൽ താമസിക്കുന്ന മമ്മിയുടെ ആങ്ങളയുടെ അടുത്തേക്കു പോയി. വല്യപ്പച്ചനെയും വല്യമ്മച്ചിയെയും ഒക്കെ വിട്ടിട്ട് അങ്ങോട്ട് താമസം മാറുന്നത് സങ്കടമുള്ള കാര്യമായിരുന്നു. എന്നാൽ ഞങ്ങളെല്ലാവരും യഹോവയെ തുടർന്നും സേവിച്ചു.
1957 ആഗസ്റ്റ് 26-ാം തീയതി ലാംബിയോയ്ക്ക് അടുത്തുള്ള ഒരു തടാകത്തിലാണ് ഞാൻ സ്നാനപ്പെട്ടത്. അപ്പോൾ എനിക്ക് 10 വയസ്സായിരുന്നു. ഏതാണ്ട് രണ്ടു വർഷത്തിനുള്ളിൽ ക്യൂബയിലെ യഹോവയുടെ സാക്ഷികളുടെ ജീവിതം മാറിമറിയാൻ പോകുകയായിരുന്നെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു. 1959-ൽ, ആ സമയത്ത് ഉണ്ടായിരുന്ന ഗവൺമെന്റ് മാറുകയും കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരം ഏറ്റെടുക്കുകയും ചെയ്തു.
ആ പുതിയ ഗവൺമെന്റ് സൈനികസേവനത്തിന് വളരെ പ്രാധാന്യം കൊടുത്തിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ-സൈനിക കാര്യങ്ങളിൽ നിഷ്പക്ഷരായതുകൊണ്ട് അവിടെയുള്ള സഹോദരങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലായി. അങ്ങനെ പതുക്കെപ്പതുക്കെ ഞങ്ങൾ ആസ്വദിച്ചിരുന്ന ആരാധനാസ്വാതന്ത്ര്യം ഇല്ലാതെയായി. ഗവൺമെന്റ് നമ്മുടെ ക്രിസ്തീയപ്രവർത്തനങ്ങളെല്ലാം നിരോധിച്ചു. അനേകം സഹോദരങ്ങൾ ജയിലിലായി. അവരെ പലപ്പോഴും അധികാരികൾ അടിക്കുമായിരുന്നു. ആവശ്യത്തിന് ഭക്ഷണവും കൊടുക്കില്ല. ചിലപ്പോഴൊക്കെ കിട്ടിയിരുന്ന ഭക്ഷണത്തിൽ, രക്തം അടങ്ങിയിട്ടുണ്ടെന്ന് സഹോദരങ്ങൾക്ക് അറിയാമായിരുന്നു. അതാണെങ്കിൽ ബൈബിൾ വിലക്കിയിരുന്നതുകൊണ്ട് കഴിക്കാൻ പറ്റില്ലായിരുന്നു.
ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ യഹോവയെ ആരാധിക്കാനായി ഒരുമിച്ചുകൂടുമായിരുന്നു. (എബ്രാ. 10:25) രാജ്യമെങ്ങും സമ്മേളനങ്ങൾപോലും നടത്തി. ഫാമുകളിലും മറ്റു സ്ഥലങ്ങളിലും വെച്ചാണ് അത് നടത്തിയിരുന്നത്. അങ്ങനെയൊരു സമ്മേളനം നടത്താനായി ഒരു സഹോദരൻ തന്റെ വലിയ ആട്ടിൻതൊഴുത്ത് വിട്ടുതന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. സമ്മേളനത്തിന് മുമ്പ് ഞങ്ങൾക്ക് ശരിക്കും അത് ക്ലീൻ ചെയ്യാനോ ആടുകളെ മാറ്റാനോ പറ്റിയില്ല. രസകരമായ സംഗതി, ആടുകളും ഞങ്ങളും ഒരുമിച്ചിരുന്നാണ് സമ്മേളനം കൂടിയത്.—മീഖ 2:12.
ആ സമയത്ത് ആത്മീയഭക്ഷണം ലഭ്യമാക്കാനായി സഹോദരങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഉദാഹരണത്തിന്, സമ്മേളനങ്ങളിലെ പ്രസംഗങ്ങളെല്ലാം കാസറ്റിൽ റെക്കോർഡ് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുമായിരുന്നു. ചിലപ്പോഴൊക്കെ സമ്മേളനത്തിലെ പരിപാടികൾ തയ്യാറാകാനും നടത്താനും അതു റെക്കോർഡ് ചെയ്യാനും രണ്ട് സഹോദരന്മാരെ മാത്രമാണ് നിയമിച്ചിരുന്നത്. ഇത്തരം റെക്കോർഡിങ്ങുകളൊക്കെ രഹസ്യസ്ഥലങ്ങളിൽ ഇരുന്നാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ കോഴി കൂവുന്നതിന്റെ ശബ്ദവും മറ്റും റെക്കോർഡിങ്ങിൽ കേൾക്കാമായിരുന്നു. ഇനി കറന്റ് ഇല്ലാത്ത സ്ഥലങ്ങളിലാണ് സമ്മേളനം നടത്തുന്നതെങ്കിൽ ഡൈനാമോയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കും. അതിനായി ഡൈനാമോ ഘടിപ്പിച്ച സൈക്കിൾ ഒരു സഹോദരൻ സ്റ്റാൻഡിൽ വെച്ചിട്ട് ചവിട്ടും. ആ വൈദ്യുതി ഉപയോഗിച്ചാണ് ഞങ്ങൾ റെക്കോർഡിങ്ങുകൾ കേട്ടിരുന്നത്. മറ്റു സ്ഥലങ്ങളിലെ സഹോദരങ്ങൾ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യമോ അച്ചടിച്ച പ്രസിദ്ധീകരണങ്ങളോ ഞങ്ങൾക്ക് അന്നില്ലായിരുന്നു. എങ്കിലും ആത്മീയഭക്ഷണത്തിന് ഒരു കുറവും വന്നിട്ടില്ല. യഹോവയെ സന്തോഷത്തോടെ സേവിച്ച ആ നാളുകൾ ഇപ്പോഴും ഞാൻ ഓർക്കുന്നു.—നെഹ. 8:10.
മുൻനിരസേവകരായും മാതാപിതാക്കളായും
എനിക്ക് 18 വയസ്സായപ്പോൾ ഫ്ലോറിഡയിൽ ഞാൻ സാധാരണ മുൻനിരസേവനം ചെയ്യാൻതുടങ്ങി. ഏകദേശം ഒരു വർഷം കഴിഞ്ഞ് ക്യൂബയിലെ ഒരു പ്രധാനപ്പെട്ട നഗരമായ കാമാഗുവെയിൽ എന്നെ ഒരു പ്രത്യേക മുൻനിരസേവകനായി നിയമിച്ചു. അവിടെവെച്ച് സാന്തിയാഗോ ഡി ക്യൂബയിൽനിന്നുള്ള സുന്ദരിയായ എമിലിയ സഹോദരിയെ ഞാൻ കണ്ടുമുട്ടി. ഞങ്ങൾ ഡേറ്റിങ് തുടങ്ങി, ഒരു വർഷത്തിനുള്ളിൽ വിവാഹിതരായി.
(ഇടത്ത്) മൂപ്പന്മാർക്കുവേണ്ടിയുള്ള രാജ്യശുശ്രൂഷാസ്കൂൾ—കാമാഗുവെ, ക്യൂബ, 1966
(വലത്ത്) ഞങ്ങളുടെ വിവാഹദിനം, 1967
ഗവൺമെന്റിന്റെ ഒരു പഞ്ചസാര ഫാക്ടറിയിൽ ഞാൻ മുഴുസമയം ജോലി ചെയ്യാൻതുടങ്ങി. ആ സമയത്ത് ഞങ്ങൾ മുൻനിരസേവകർ അല്ലായിരുന്നു. എന്നാൽ അപ്പോഴും കൂടുതൽ സമയം ആത്മീയകാര്യങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ തീരുമാനിച്ചിരുന്നു. വെളുപ്പിന് മൂന്നു മണിമുതൽ രാവിലെ പതിനൊന്നു മണിവരെയുള്ള ഷിഫ്റ്റ് ആണ് ഞാൻ ഫാക്ടറിയിൽ തിരഞ്ഞെടുത്തത്. രാവിലെ എഴുന്നേൽക്കാൻ എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. പക്ഷേ ആ ഷിഫ്റ്റ് എടുത്തതുകൊണ്ട് ശുശ്രൂഷയിൽ കൂടുതൽ ഏർപ്പെടാനും എമിലിയയോടൊപ്പം മീറ്റിങ്ങിനു പോകാനും എനിക്ക് കഴിഞ്ഞു.
1969-ൽ ഞങ്ങളുടെ ആദ്യത്തെ മകൻ ഗുസ്റ്റാവോ ജനിച്ചു. ഏതാണ്ട് ആ സമയത്താണ് ഞങ്ങളോട് സർക്കിട്ട് വേല ചെയ്യാമോ എന്ന് ചോദിച്ചത്. അന്നൊക്കെ കുട്ടികളുണ്ടെങ്കിലും സർക്കിട്ട് മേൽവിചാരകൻ ആയിരിക്കുന്നത് ക്യൂബയിൽ സാധാരണമായിരുന്നു. അങ്ങനെ തിരക്കും സന്തോഷവും നിറഞ്ഞ ഒരു ജീവിതത്തിന് തുടക്കംകുറിച്ചു. ഈ വിധത്തിൽ സഹോദരങ്ങളെ സേവിക്കാൻ പറ്റിയത് വലിയ ഒരു അനുഗ്രഹമായിട്ടാണ് ഞാനും എമിലിയയും കാണുന്നത്. സർക്കിട്ട് വേലയിൽ തുടരുമ്പോൾ ഞങ്ങൾക്ക് മറ്റൊരു മകൻ ജനിച്ചു, ഓബേദ്. പിന്നീട് അബ്നേർ ഉണ്ടായി. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു മകളും ജനിച്ചു, മഹേലി.
സർക്കിട്ട് വേലയിൽ ചെലവഴിച്ച വർഷങ്ങളിലേക്ക് പിന്തിരിഞ്ഞുനോക്കുമ്പോൾ ക്യൂബയിലെ സഹോദരങ്ങളെ യഹോവ അനുഗ്രഹിച്ചത് ഞങ്ങൾക്ക് ശരിക്കും കാണാനായി. അതുപോലെതന്നെ യഹോവയോടുള്ള സ്നേഹം മക്കളിൽ ഉൾനടാൻ ഞങ്ങൾ ചെയ്ത ശ്രമങ്ങളെയും യഹോവ അനുഗ്രഹിച്ചു. ഇനി, സർക്കിട്ട് വേല ചെയ്ത ആ നാളുകളെക്കുറിച്ച് പറയാം.
നിരോധനത്തിൻകീഴിലും സർക്കിട്ട് വേല
1960-കളും 70-കളും ഒക്കെ ആയപ്പോൾ സഹോദരങ്ങൾക്ക് മീറ്റിങ്ങുകൾക്കു പോകാനും ശുശ്രൂഷയിൽ ഏർപ്പെടാനും കൂടുതൽ ബുദ്ധിമുട്ടായി. കാരണം നിരോധനം ശരിക്കും സഹോദരങ്ങളെ ബാധിക്കാൻതുടങ്ങി. രാജ്യഹാളുകൾ അടച്ചുപൂട്ടി, മിഷനറിമാരെ രാജ്യത്തുനിന്ന് പുറത്താക്കി. ചെറുപ്പക്കാരായ അനേകം സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഹവാനയിലുള്ള നമ്മുടെ ബ്രാഞ്ചോഫീസ് അടച്ചുപൂട്ടി.
സർക്കിട്ട് വേല, 1990-കളിൽ
നിരോധനം കാരണം വാരാന്തങ്ങളിലാണ് ഞങ്ങൾ സഭകൾ സന്ദർശിച്ചിരുന്നത്. സന്ദർശനത്തിനായി ഓരോ സഭയ്ക്കും രണ്ട് വാരാന്തങ്ങളാണ് ക്രമീകരിച്ചിരുന്നത്. വളരെ കുറച്ച് സാധനങ്ങളെ പോകുമ്പോൾ എടുക്കുമായിരുന്നുള്ളൂ. സൈക്കിളിലായിരുന്നു മിക്കപ്പോഴും യാത്ര. ആളുകളുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ അത് സഹായിച്ചു. സന്ദർശനവാരത്തെക്കുറിച്ച് സഭയിൽ അറിയിപ്പുകളൊന്നും നടത്തിയിരുന്നില്ല. ബന്ധുക്കളെയൊക്കെ കാണാൻ പോകുന്നതുപോലെയായിരുന്നു ഞങ്ങൾ പോയിരുന്നത്. സഹോദരങ്ങൾ ഞങ്ങൾക്ക് ഒരു കുടുംബംപോലെ ആയിരുന്നതുകൊണ്ട് സന്ദർശനത്തിനാണ് വന്നതെന്നുപോലും ഞാൻ മറന്നുപോകും. (മർക്കോ. 10:29, 30) വളരെ ശ്രദ്ധിച്ചുവേണമായിരുന്നു കാര്യങ്ങളൊക്കെ ചെയ്യാൻ. കാരണം പോലീസുകാരുടെ കണ്ണുകൾ ഞങ്ങളുടെമേൽ ഉണ്ടായിരുന്നു. പലപ്പോഴും അവർ ഞങ്ങളെ ചോദ്യംചെയ്യും. ഇതെങ്ങാനും അറിഞ്ഞാൽ ഞങ്ങളെ താമസിപ്പിച്ച വീട്ടുകാരെപ്പോലും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടായിരുന്നു.—റോമ. 16:4.
പല സഹോദരങ്ങൾക്കും സാമ്പത്തികമായി അധികമൊന്നുമില്ലായിരുന്നു. എങ്കിലും അവർ അവരെക്കൊണ്ട് ആകുന്നവിധം ഞങ്ങൾക്കായി കരുതി. മറ്റൊരു പ്രശ്നം കൊതുകുകളായിരുന്നു. പക്ഷേ സഹോദരങ്ങൾ അവർക്ക് ആകെയുള്ള കൊതുകുവല ഞങ്ങൾക്ക് തരുമായിരുന്നു, ഞങ്ങൾ നന്നായിട്ട് ഉറങ്ങാൻ. അതുപോലെ ഭക്ഷണത്തിന് അധികമൊന്നും ഇല്ലാതിരുന്ന സഹോദരങ്ങൾപോലും ഞങ്ങളെ അവരുടെ വീട്ടിൽ താമസിപ്പിച്ചു. ചിലപ്പോഴൊക്കെ ഞങ്ങൾ പോകുമ്പോൾ അവർക്കും ഞങ്ങൾക്കും വേണ്ടിയുള്ള ഭക്ഷണം കൊണ്ടുപോകുമായിരുന്നു.
സന്ദർശനത്തിന് പോകുമ്പോൾ കുട്ടികളെ എല്ലാവരെയും കൊണ്ടുപോകാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ഒരാളെ മാത്രം കൊണ്ടുപോകും. ബാക്കിയുള്ളവരെ അമ്മയും അനിയത്തിയും ആണ് നോക്കിയിരുന്നത്. ഒരു കൊച്ച് ഞങ്ങളുടെകൂടെയുള്ളത് പലപ്പോഴും ഉപകാരപ്പെട്ടിട്ടുണ്ട്. ഇടയ്ക്കൊക്കെ പോലീസ് പരിശോധനയ്ക്ക് വരുമായിരുന്നു. പക്ഷേ ഞങ്ങൾ മാസികകളെല്ലാം കൊച്ചിന്റെ ഉപയോഗിച്ച ഡയപ്പറൊക്കെ ഇട്ടുവെച്ചിരുന്ന ബാഗിലാണ് ഒളിപ്പിച്ചിരുന്നത്. പോലീസുകാർ ആ ബാഗ് നോക്കില്ലല്ലോ.
എമിലിയ എന്നെ എത്രത്തോളം സഹായിച്ചെന്ന് പറയാതിരിക്കാൻ വയ്യ. കുട്ടികളെ നന്നായി നോക്കുന്നതോടൊപ്പം ഈ വർഷങ്ങളിലെല്ലാം മുഴുസമയസേവനത്തിൽ തുടരാൻ എമിലിയ എന്നെയും സഹായിച്ചു. എന്റെ കാര്യം പറയുകയാണെങ്കിൽ ഫാക്ടറിയിലെ ജോലിയോടൊപ്പം സർക്കിട്ട് മേൽവിചാരകന്റെ ഉത്തരവാദിത്വങ്ങളും എനിക്ക് ഭംഗിയായി ചെയ്യാൻ പറ്റി. അതിനുവേണ്ടി ചിലപ്പോഴൊക്കെ ഞാൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ രണ്ട് ഷിഫ്റ്റ് അടുപ്പിച്ച് ചെയ്യും. അങ്ങനെയാകുമ്പോൾ എനിക്ക് വാരാന്തങ്ങളിൽ അവധിയെടുക്കാൻ പറ്റും. പിന്നീട് എന്റെ ജോലിക്ക് ഒരു മാറ്റം വന്നു. ടീമിന്റെ ചുമതല എന്നെ ഏൽപ്പിച്ചു. അങ്ങനെയായപ്പോൾ ആഴ്ചയിൽ ഏഴു ദിവസം എനിക്ക് ജോലി ചെയ്യണമായിരുന്നു. അത് എനിക്ക് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. പക്ഷേ ഞാൻ ഒരു പോംവഴി കണ്ടെത്തി. വാരാന്തങ്ങളിൽ ചെയ്യാൻ ആവശ്യത്തിനുള്ള പണി ടീമിന് ഉണ്ടെന്ന് ഞാൻ ഉറപ്പുവരുത്തും. അതുകൊണ്ട് ആ ദിവസങ്ങളിൽ ജോലിയിൽനിന്ന് മാറി നിൽക്കാനും സഭകൾ സന്ദർശിക്കാനും ആയി. ഞാൻ ഇങ്ങനെ വാരാന്തങ്ങളിൽ ജോലിക്ക് വരുന്നില്ല എന്ന കാര്യം അധികാരികൾ ശ്രദ്ധിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.
മാറ്റങ്ങളുടെ സമയത്തും സന്തോഷത്തോടെ
നിരോധനത്തിനു ശേഷമുള്ള ആദ്യത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ, 1994
1994-ൽ ഒരു ദിവസം ക്യൂബയിൽ നേതൃത്വമെടുത്തിരുന്ന സഹോദരങ്ങൾ സർക്കിട്ട് മേൽവിചാരകന്മാരെയെല്ലാം ഹവാനയിൽ ഒരു പ്രത്യേക മീറ്റിങ്ങിനായി വിളിച്ചുകൂട്ടി. ഞങ്ങൾ 80 പേരുണ്ടായിരുന്നു. സർക്കിട്ട് വേലയിലുള്ള സഹോദരങ്ങളെയെല്ലാം ഒരുമിച്ച് കാണാൻ പറ്റിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. ആ മീറ്റിങ്ങിൽ ആദ്യം, സംഘടനാപരമായ ചില മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു. അതിനു ശേഷം ഞെട്ടിപ്പിക്കുന്ന ഒരു അറിയിപ്പും നടത്തി. ഞങ്ങളുടെ പേരുകൾ അധികാരികൾക്ക് കൊടുക്കുന്നതിനെക്കുറിച്ച് അവർ പറഞ്ഞു. എന്തിനുവേണ്ടിയായിരുന്നു അത്?
ഗവൺമെന്റ് അധികാരികളുമായി അവർ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. യഹോവയുടെ സാക്ഷികളും ഗവൺമെന്റും തമ്മിൽ നല്ലൊരു ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. സർക്കിട്ട് മേൽവിചാരകന്മാരുടെയെല്ലാം പേര് നൽകാൻ അധികാരികൾ അവരോട് ആവശ്യപ്പെട്ടു. പേര് കൊടുക്കാൻ ഞങ്ങൾ സമ്മതിച്ചു. ആ ശ്രമങ്ങൾക്കെല്ലാം നല്ല ഫലമുണ്ടായി. ഗവൺമെന്റ് അധികാരികളുമായി സഹകരിച്ചുപോകാൻ പറ്റി.
അങ്ങനെ അവസാനം പ്രസംഗപ്രവർത്തനം നടത്താനും ഒന്നിച്ച് കൂടിവരാനും നമുക്കായി. എങ്കിലും നിയമപരമായി ഒരു മതമായി അപ്പോഴും നമ്മളെ അംഗീകരിച്ചിരുന്നില്ല. ചില സർക്കിട്ട് മേൽവിചാരകന്മാരുടെ പേരുകൾ അധികാരികൾക്ക് അപ്പോൾത്തന്നെ അറിയാമായിരുന്നെന്ന് പിന്നീട് ഞങ്ങൾക്ക് മനസ്സിലായി. അതൊന്ന് ഉറപ്പിക്കാൻവേണ്ടി മാത്രമാണ് അവർ പേര് ആവശ്യപ്പെട്ടത്.
1994 സെപ്റ്റംബറിൽ ബ്രാഞ്ചോഫീസ് വീണ്ടും തുറക്കാൻ ഞങ്ങൾക്ക് അനുമതി കിട്ടി. 20 വർഷം മുമ്പ് അടച്ചുപൂട്ടിയ അതേ കെട്ടിടംതന്നെ ഉപയോഗിക്കാൻ ഞങ്ങൾക്കായി.
1996-ൽ ഞങ്ങൾക്ക് ഒരു ഫോൺകോൾ വന്നു. എന്നെയും എമിലിയയെയും ബഥേലിലേക്ക് ക്ഷണിക്കാനായിരുന്നു അത്. ഞങ്ങൾ ആദ്യം ഒന്നു ഞെട്ടി. പക്ഷേ ഞങ്ങൾ അവരോട് പറഞ്ഞു: “രണ്ടു മക്കൾ ഇപ്പോഴും ഞങ്ങളുടെകൂടെയുണ്ട്. ഞങ്ങൾക്ക് അവരുടെ കാര്യം നോക്കണമായിരുന്നു.” സഹോദരങ്ങൾ ഞങ്ങളുടെ സാഹചര്യം മനസ്സിലാക്കിയെങ്കിലും ഞങ്ങൾ ബഥേലിലേക്കുതന്നെ ചെല്ലണമെന്നായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ ഞങ്ങൾ ആ ക്ഷണം സ്വീകരിച്ചു. കുടുംബത്തോടെ ഹവാനയിലേക്കു പോകാൻ പ്ലാൻ ചെയ്തു.
(ഇടത്ത്) എമിലിയ ക്യൂബ ബ്രാഞ്ചിലെ തയ്യൽ ഡിപ്പാർട്ടുമെന്റിൽ, 2000-ങ്ങളുടെ തുടക്കത്തിൽ
(വലത്ത്) സമ്മേളനഹാളിന്റെ സമർപ്പണം, 2012
ഉള്ളതു പറഞ്ഞാൽ, എനിക്ക് ആദ്യം ബഥേൽസേവനം അത്ര ഇഷ്ടപ്പെട്ടില്ല. കാരണം വർഷങ്ങളായി സർക്കിട്ട് വേലയിലായിരുന്നതുകൊണ്ട് എന്റെ മനസ്സും ഹൃദയവും എല്ലാം ആ നിയമനത്തിലായിരുന്നു. ഓഫീസിൽ ഇരുന്നുള്ള പണി എനിക്ക് പാടായിരുന്നു. എന്റെ കാഴ്ചപ്പാടിന് മാറ്റം വരുത്താൻ ബഥേലിലെ പല സഹോദരങ്ങളും എന്നെ സഹായിച്ചു; പ്രത്യേകിച്ചും എന്റെ ഭാര്യ എമിലിയ. പതിയെപ്പതിയെ എനിക്ക് ബഥേൽജീവിതം ഇഷ്ടപ്പെട്ടുതുടങ്ങി. ഇപ്പോൾ ഞാൻ സന്തോഷത്തോടെ ബഥേലിൽ സേവിക്കുന്നു.
(ഇടത്ത്) ക്രിസ്തീയ ദമ്പതികൾക്കുള്ള ബൈബിൾസ്കൂളിന്റെ ബിരുദദാനം, 2013
(വലത്ത്) ക്യൂബയിലെ ബ്രാഞ്ച് കമ്മിറ്റി, 2013
ഒരു സർക്കിട്ട് സമ്മേളനത്തിൽ മകളോടും ഭർത്താവിനോടും ഒപ്പം
ഞങ്ങൾക്ക് ഇപ്പോൾ പ്രായമായി. ഇക്കാലമെല്ലാം സഹോദരങ്ങളെ പരിചയപ്പെടാനും അവരോടൊപ്പം സേവിക്കാനും കഴിഞ്ഞതിൽ ഞങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട്. ഞങ്ങളുടെ മക്കളും കൊച്ചുമക്കളും എല്ലാം യഹോവയെ സന്തോഷത്തോടെ സേവിക്കുന്നു. പ്രായമായ അപ്പോസ്തലനായ യോഹന്നാനു തോന്നിയ അതേ വികാരമാണ് ഞങ്ങൾക്കും തോന്നുന്നത്: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹ. 4.
ഞങ്ങൾ ഇപ്പോൾ ബഥേലിൽ സേവിക്കാൻ തുടങ്ങിയിട്ട് ഏകദേശം 30 വർഷമായി. പ്രായത്തിന്റെയും രോഗത്തിന്റെയും ഒക്കെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഞാനും എമിലിയയും ഞങ്ങളുടെ നിയമനം ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുന്നു. കഴിഞ്ഞ നാളുകളിലെല്ലാം ചില ബുദ്ധിമുട്ടുകളൊക്കെ നേരിട്ടെങ്കിലും ക്യൂബയിൽ ഏകദേശം 70 വർഷത്തോളം ‘സന്തോഷമുള്ള ദൈവത്തെ’ സേവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു.—1 തിമൊ. 1:11; സങ്കീ. 97:1.