2026 ആഗസ്റ്റ് 31–സെപ്റ്റംബർ 6
ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം
നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക
“നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക.”—ലൂക്കോ. 8:18.
ഉദ്ദേശ്യം
മീറ്റിങ്ങുകളിലും മറ്റ് ആത്മീയപരിപാടികളിലും നന്നായി ശ്രദ്ധിച്ചിരിക്കേണ്ടത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ ചെയ്യാമെന്നും നോക്കും.
1-2. (എ) തന്റെ ജനത്തിന്റെ ആത്മീയാവശ്യങ്ങൾക്കുവേണ്ടി യഹോവ ഇന്നു കരുതുന്നത് എങ്ങനെ? (സങ്കീർത്തനം 23:1, 2, 5) (ബി) മീറ്റിങ്ങുകളോടുള്ള ബന്ധത്തിൽ നമ്മൾ എന്തു ചിന്തിക്കും?
യഹോവ ഇന്നു സമൃദ്ധമായ ആത്മീയാഹാരം നമുക്കു തരുന്നു. ദാവീദ് പറഞ്ഞതുപോലെ നമുക്കും തോന്നുന്നുണ്ടാകും: “യഹോവ എന്റെ ഇടയൻ. എനിക്ക് ഒന്നിനും കുറവുണ്ടാകില്ല.”—സങ്കീർത്തനം 23:1, 2, 5 വായിക്കുക.
2 യഹോവ ഇന്നു നമുക്ക് ആത്മീയഭക്ഷണം തരുന്ന ഒരു വിധം ക്രിസ്തീയയോഗങ്ങളിലൂടെയാണ്. മീറ്റിങ്ങുകളിൽ മിക്കപ്പോഴും കേൾക്കുന്നത്, നമുക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയായിരിക്കും. നമുക്കു “സത്യത്തിൽ . . . നല്ല അടിസ്ഥാനമുണ്ടെങ്കിലും” ഈ ഓർമിപ്പിക്കലുകൾ എപ്പോഴും ആവശ്യമാണ്. (2 പത്രോ. 1:12) എന്നാൽ പല പ്രാവശ്യം ഒരേ കാര്യങ്ങൾതന്നെ കേൾക്കുമ്പോൾ ശ്രദ്ധിച്ചിരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നാറുണ്ടോ? എങ്കിൽ ഈ ലേഖനം നിങ്ങളെ സഹായിക്കും. മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കേണ്ടത് എന്തുകൊണ്ടാണെന്നു നമ്മൾ നോക്കും. അതുപോലെ സഭയിൽ പഠിപ്പിക്കുന്നവർക്കു ശ്രദ്ധിച്ചിരിക്കാൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാനാകുമെന്നു നമ്മൾ കാണും. ഇനി നല്ല കേൾവിക്കാരായിരിക്കാൻ നമ്മളെ സഹായിക്കുന്ന ചില കാര്യങ്ങളും ചർച്ച ചെയ്യും. എന്നാൽ അതിനു മുമ്പ് ഈ പരിപാടികളിൽ ശരിക്കും നമ്മളോടു സംസാരിക്കുന്നത് ആരാണെന്നു നമുക്കു നോക്കാം.
യഹോവയാണു നമ്മളോടു സംസാരിക്കുന്നതെന്ന് ഓർക്കുക
3. യഹോവ ഇന്നു നമ്മളോടു സംസാരിക്കുന്നത് എങ്ങനെയാണ്, ദൈവജനം ബൈബിൾ നന്നായി ഉപയോഗിക്കുന്നത് എങ്ങനെ?
3 യഹോവ തന്റെ വചനമായ ബൈബിളിലൂടെ നമ്മളോടു സംസാരിക്കുന്നു. (2 തിമൊ. 3:16, 17) ഇത് അറിയാമായിരുന്നതുകൊണ്ട് യേശു വിദഗ്ധമായി ബൈബിൾ ഉപയോഗിച്ചു. അതു ശ്രദ്ധിച്ച യേശുവിന്റെ കേൾവിക്കാർ ഇങ്ങനെപോലും പറഞ്ഞു: “വിദ്യാലയത്തിൽ പഠിച്ചിട്ടില്ലാത്ത യേശുവിനു തിരുവെഴുത്തുകളെക്കുറിച്ച് ഇത്രമാത്രം അറിവ് എവിടെനിന്ന് കിട്ടി?” (യോഹ. 7:15) യേശു ദൈവവചനം വിശദീകരിക്കുന്നതു കേട്ടപ്പോൾ ആത്മാർഥഹൃദയരായ ആളുകൾക്ക് ഒരുപാട് ആവേശം തോന്നി. അപ്പോസ്തലനായ പൗലോസിനെയും അപ്പൊല്ലോസിനെയും പോലുള്ള ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളും മറ്റുള്ളവരോടു ന്യായവാദം ചെയ്തപ്പോൾ തിരുവെഴുത്തുകൾ നന്നായി ഉപയോഗിച്ചു. (പ്രവൃ. 17:2, 3; 18:24, 28) യഹോവയുടെ സാക്ഷികളായ നമ്മളും ബൈബിൾ നന്നായി ഉപയോഗിക്കുന്നു. നമ്മുടെ ലേഖനങ്ങളുടെയും പ്രക്ഷേപണങ്ങളുടെയും പ്രസംഗബാഹ്യരേഖകളുടെയും വീഡിയോകളുടെയും ഒക്കെ അടിസ്ഥാനം ബൈബിളാണ്. ഇനി യോഗങ്ങളിൽ നമ്മൾ ബൈബിളിൽനിന്ന് പഠിപ്പിക്കുന്നതു കാണുമ്പോൾ പുതുതായി മീറ്റിങ്ങിനു വരുന്നവർക്കു വളരെ അതിശയം തോന്നാറുണ്ട്. മീറ്റിങ്ങുകളിൽ പരിപാടികൾ ഉള്ളവർ ദൈവവചനത്തെ ആധാരമാക്കിയാണു പഠിപ്പിക്കുന്നത്. അവർ തിരുവെഴുത്തുകൾ വായിക്കുക മാത്രമല്ല അത് അനുസരിച്ച് എങ്ങനെ ജീവിക്കാം എന്നു കേൾവിക്കാർക്കു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു.—ലൂക്കോ. 24:32.
4. “കേൾക്കുക,” “ശ്രദ്ധിക്കുക” എന്ന വാക്കുകൾകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
4 “കേൾക്കുക,” “ശ്രദ്ധിക്കുക” എന്നതുപോലുള്ള പദങ്ങൾ ബൈബിളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത് ആരെയെങ്കിലും അനുസരിക്കുക എന്ന അർഥത്തിലാണ്. നമ്മൾ മീറ്റിങ്ങുകളിൽ ബൈബിൾ പഠിക്കുമ്പോൾ യഹോവ നമ്മളോടു സംസാരിക്കുകയാണ്. അപ്പോൾ യഹോവയുടെ ഇഷ്ടം എന്താണെന്നും യഹോവ എന്തുകൊണ്ടാണു ചില കാര്യങ്ങൾ ആവശ്യപ്പെടുന്നതെന്നും മനസ്സിലാക്കാൻ നമുക്കു പറ്റും. യഹോവയെ അനുസരിക്കുന്നത് അപ്പോൾ എളുപ്പമായിത്തീരും. നമ്മൾ മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതു കാണുമ്പോൾ യഹോവ സന്തോഷിക്കുമെന്ന് ഉറപ്പാണ്.—സുഭാ. 27:11.
മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കേണ്ടത് എന്തുകൊണ്ട്?
5. യഹോവയോടുള്ള സ്നേഹം നമ്മളെ എന്തു ചെയ്യാൻ പ്രേരിപ്പിക്കും? (യോഹന്നാൻ 4:23, 24; 1 യോഹന്നാൻ 5:3)
5 യഹോവയെ സ്നേഹിക്കുന്നതുകൊണ്ട്. (മത്താ. 22:37) യഹോവയെക്കുറിച്ച് എത്രയധികം പഠിക്കുന്നോ അത്രയധികം യഹോവയോടുള്ള സ്നേഹവും കൂടിക്കൂടിവരും. ആ സ്നേഹം, ദൈവം പറയുന്നതു കേൾക്കാനും അനുസരിക്കാനും ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ യഹോവയെ ആരാധിക്കാനും നമ്മളെ പ്രേരിപ്പിക്കും.—യോഹന്നാൻ 4:23, 24; 1 യോഹന്നാൻ 5:3 വായിക്കുക.
6. മീറ്റിങ്ങുകളിലൂടെ യഹോവ നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
6 ആളുകളെ സ്നേഹിക്കുന്നതുകൊണ്ട്. (മത്താ. 22:39) നമ്മുടെ സഹോദരങ്ങളെയും യഹോവയെ ഇതുവരെ അറിയാത്തവരെയും എങ്ങനെ സഹായിക്കാം എന്നു മീറ്റിങ്ങുകളിലൂടെ യഹോവ പഠിപ്പിക്കുന്നു. ഉദാഹരണത്തിന് സ്നേഹിക്കുക, ശിഷ്യരാക്കുക എന്ന ലഘുപത്രിക ശുശ്രൂഷയിൽ നമുക്കുവേണ്ട ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിച്ചിരിക്കുന്നു. ആളുകളുമായി സൗഹൃദസംഭാഷണം നടത്താൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ ഇടദിവസത്തെ മീറ്റിങ്ങിൽ ‘വയൽസേവനത്തിനു സജ്ജരാകാം’ എന്ന ഭാഗത്തെ പരിപാടികൾ സഹോദരങ്ങൾ നടത്തുമ്പോൾ നന്നായി ശ്രദ്ധിച്ചിരിക്കുക.
7. യഹോവ പറയുന്നതു ശ്രദ്ധിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട്. മുൻകാലത്തെ ദൈവദാസരോട് യഹോവ പറഞ്ഞതുപോലെ നമ്മൾ സന്തോഷത്തോടെ നിത്യം ജീവിച്ചിരിക്കാൻ ദൈവത്തിന്റെ വചനം അനുസരിക്കേണ്ടതുണ്ട്. (ആവ. 32:44-47) നമ്മൾ മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ പുതിയ ലോകം വരുന്നതുവരെ സഹിച്ചുനിൽക്കാനും ക്ഷമയോടെ കാത്തിരിക്കാനും വേണ്ട പ്രോത്സാഹനം നമുക്കു കിട്ടും. (റോമ. 8:25) ഇന്ന് യഹോവ പറയുന്നതു കേൾക്കേണ്ടതു വളരെ പ്രധാനമാണ്. കാരണം, നമ്മൾ ജീവിക്കുന്നത് അവസാനകാലത്തായതുകൊണ്ട് ആത്മീയമായി ഉണർന്നിരിക്കണം.—മത്താ. 24:42-44; വെളി. 1:3.
മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കാൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാം
8. മീറ്റിങ്ങിൽ പഠിപ്പിക്കുന്ന സഹോദരന്മാർ തങ്ങളുടെ പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കേണ്ടത് എന്തുകൊണ്ട്?
8 മീറ്റിങ്ങുകളിൽ പഠിപ്പിക്കുന്ന സഹോദരന്മാർ, പ്രത്യേകിച്ച് പൊതുപ്രസംഗം നടത്തുന്നവർ തങ്ങളുടെ പഠിപ്പിക്കാനുള്ള പ്രാപ്തി മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കണം. നന്നായി തയ്യാറായി, ബൈബിളിനെ അടിസ്ഥാനമാക്കി നടത്തുന്ന പ്രസംഗങ്ങൾ ആളുകളിൽ വലിയ സ്വാധീനം ചെലുത്തും. അത് ആളുകളെ സത്യത്തിലേക്ക് ആകർഷിക്കുകയും സഹോദരങ്ങളെ സത്യത്തിൽ തുടരാൻ സഹായിക്കുകയും ചെയ്യും. നിങ്ങൾ മീറ്റിങ്ങിൽ ഒരു പരിപാടി നടത്തുമ്പോൾ അതു മറ്റുള്ളവരെ എത്രമാത്രം സഹായിക്കുന്നുണ്ടെന്നു നിങ്ങൾ ഒരുപക്ഷേ അറിയുന്നുണ്ടാകില്ല. അതുകൊണ്ട് ഒരു പ്രസംഗം കിട്ടുമ്പോൾ, ഇനി കാണാൻപോകുന്ന പോയിന്റുകൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നു ചിന്തിക്കുക. ഈ പോയിന്റുകൾ പൊതുപ്രസംഗങ്ങൾ നടത്തുന്നവർക്കു വേണ്ടിയുള്ളതാണെങ്കിലും ഇതിലെ തത്ത്വം മീറ്റിങ്ങിൽ പരിപാടിയുള്ള ഏതൊരാൾക്കും ഉപയോഗിക്കാനാകുന്നതാണ്.—2 തിമൊ. 4:2; തീത്തോ. 1:9.
9. എളുപ്പം മനസ്സിലാകുന്ന രീതിയിൽ പ്രസംഗങ്ങൾ എങ്ങനെ നടത്താനാകും?
9 ആശയങ്ങൾ നന്നായി ചിട്ടപ്പെടുത്തുക. നിങ്ങൾ ഒരു പ്രസംഗം നടത്തുമ്പോൾ ഒരു ആശയത്തിൽനിന്ന് മറ്റൊന്നിലേക്കു പോകുന്നതു സദസ്സിലുള്ളവർക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റണം. സങ്കീർണമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെങ്കിൽ കേൾവിക്കാരുടെ ശ്രദ്ധ മാറിപ്പോയേക്കാം. അങ്ങനെയെങ്കിൽ നല്ല അടുക്കും ചിട്ടയും ഉള്ള ഒരു പ്രസംഗം എങ്ങനെ നടത്താം? (1) നിങ്ങളുടെ പ്രസംഗത്തിലെ പ്രധാനപ്പെട്ട പോയിന്റുകൾ എന്തെല്ലാമാണെന്നു തുടക്കത്തിൽത്തന്നെ വ്യക്തമാക്കുക. (2) ഓരോ പോയിന്റുകളായി ചർച്ച ചെയ്യുക. ഒരു പോയിന്റിൽനിന്ന് അടുത്തതിലേക്കു പോകുമ്പോൾ ഒന്നു നിറുത്തി, അടുത്ത പോയിന്റ് എന്താണെന്നു വ്യക്തമാക്കുക. (3) ഉപസംഹാരത്തിൽ പ്രധാനപ്പെട്ട പോയിന്റുകൾ ഒന്നുകൂടി പറയുക.
10. നിങ്ങളുടെ പ്രസംഗത്തിലെ വിവരങ്ങൾ നിങ്ങൾ ഇഷ്ടപ്പെടേണ്ടത് എന്തുകൊണ്ട്?
10 പ്രസംഗത്തിലെ വിവരങ്ങൾ ഇഷ്ടപ്പെടുക. ഇഷ്ടമുള്ള ഒരു വിഷയത്തെക്കുറിച്ച് നിങ്ങൾ ഉത്സാഹത്തോടെ സംസാരിക്കും. (സുഭാ. 2:4, 5; പ്രവൃ. 4:20) അതുകൊണ്ട് പ്രസംഗത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങളെയും വാക്യങ്ങളെയും കുറിച്ച് നന്നായി ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആ വിഷയം ഇഷ്ടപ്പെടും. ഐക്യനാടുകളിൽ താമസിക്കുന്ന പ്രായമുള്ള ഒരു സഹോദരൻ ചെറുപ്പത്തിൽ കേട്ട ഒരു പ്രസംഗത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ദൈവവചനം വായിച്ചതിനു ശേഷം ധ്യാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം നടത്തിയ സഹോദരൻ വിശദീകരിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ബോധ്യത്തോടെയാണു സഹോദരൻ സംസാരിച്ചത്. ധ്യാനിക്കേണ്ടത് എങ്ങനെയാണെന്നു വ്യക്തമായി വിശദീകരിച്ചുതന്നു. ആ പ്രസംഗം എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. എന്റെ ബൈബിൾവായനയെയും യഹോവയുമായുള്ള ബന്ധത്തെയും അതു ശരിക്കും സ്വാധീനിച്ചു.”
11. സദസ്സിലുള്ളവർക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ ഒരു പ്രസംഗം എങ്ങനെ നടത്താം? (1 തിമൊഥെയൊസ് 4:13-16)
11 നിങ്ങളുടെ കേൾവിക്കാർക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കി പ്രായോഗികനിർദേശങ്ങൾ കൊടുക്കുക. പൊതുവേയുള്ള കുറെ വിവരങ്ങൾ പറയുന്നതിനു പകരം തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് കേൾവിക്കാർക്ക് ആവശ്യമായ നിർദേശങ്ങളും പ്രോത്സാഹനവും നൽകാം. അപ്പോസ്തലനായ പൗലോസ് അതു നന്നായി ചെയ്തു. തിമൊഥെയൊസ് എഫെസൊസിലെ നിയമനം ചെയ്യുമ്പോൾ ആത്മീയമായി ശക്തനായിരിക്കാൻ സഹായിക്കുന്ന ചില നിർദേശങ്ങൾ പൗലോസ് വ്യക്തമായി പറഞ്ഞുകൊടുത്തു. (1 തിമൊഥെയൊസ് 4:13-16 വായിക്കുക.) ഇതുപോലെ നിങ്ങളുടെ കേൾവിക്കാർക്കും എന്താണു വേണ്ടത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ പ്രസംഗത്തിലെ വിവരങ്ങൾ അവർക്കു ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാനാകുമെന്നു വ്യക്തമായി കാണിച്ചുകൊടുക്കുക.
12. പ്രസംഗം നടത്തുമ്പോൾ സ്വാഭാവികമായി സംസാരിക്കേണ്ടത് എന്തുകൊണ്ട്?
12 പ്രസംഗം ഉറക്കെ പറഞ്ഞ് പഠിക്കുന്നെങ്കിൽ സംഭാഷണശൈലിയിൽ അതു നടത്താനാകും. പ്രസംഗത്തിലെ ഓരോ വാക്കും എഴുതി അത് അങ്ങനെതന്നെ നോക്കി വായിക്കുന്നതിനു പകരം സ്വാഭാവികമായി സംസാരിക്കുകയാണെങ്കിൽ സദസ്സിലുള്ളവർക്ക് അതു കേട്ടിരിക്കാനും വിവരങ്ങൾ മനസ്സിലാക്കാനും എളുപ്പമായിരിക്കും. വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക എന്ന ലഘുപത്രിക ഇങ്ങനെ പറയുന്നു: “സ്വാഭാവികശൈലിയിൽ, ആത്മാർഥതയോടെ സംസാരിക്കുക. പറയുന്ന വിഷയത്തിലും കേൾവിക്കാരിലും നിങ്ങൾക്കു താത്പര്യമുണ്ടെന്ന് അതു തെളിയിക്കും.” നിങ്ങൾ ഹൃദയത്തിൽനിന്ന് സംസാരിക്കുകയാണെങ്കിൽ കേൾവിക്കാർ അതു ശ്രദ്ധിച്ചിരിക്കും. നിങ്ങൾ പറയുന്ന ആശയങ്ങളോട് അവർക്കു താത്പര്യം തോന്നുകയും അതിനനുസരിച്ച് ജീവിക്കാൻ അത് അവരെ പ്രേരിപ്പിക്കുകയും ചെയ്യും.
13. ഒരു പ്രസംഗം നടത്തുന്നതിനു മുമ്പ് അനുഭവപരിചയമുള്ള പ്രസംഗകരോട് സഹായം ചോദിക്കേണ്ടത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
13 അനുഭവപരിചയമുള്ള ഒരു പ്രസംഗകനോട് സഹായം ചോദിക്കുക. അതെങ്ങനെ ചെയ്യാം? നിങ്ങൾ തയ്യാറാക്കിയ നോട്ട് ആ സഹോദരനു കാണിച്ചുകൊടുക്കുക. എന്നിട്ട് അദ്ദേഹം തരുന്ന നിർദേശങ്ങൾകൂടി നിങ്ങളുടെ പ്രസംഗത്തിൽ ഉൾപ്പെടുത്തുക. ഇനി പ്രസംഗം അദ്ദേഹത്തെ ഒന്ന് പറഞ്ഞ് കേൾപ്പിക്കാനുമാകും. അധ്യാപകൻ എന്ന നിലയിൽ മെച്ചപ്പെടാനാകുന്ന വശങ്ങൾ അദ്ദേഹം പറഞ്ഞുതന്നേക്കാം. (സുഭാ. 1:5) മാറ്റം വരുത്തേണ്ട ചില വശങ്ങൾ നമുക്കു സ്വയം കാണാൻ പറ്റണമെന്നില്ല. അതുപോലെ ആളുകൾക്കു വ്യക്തമാകുന്ന രീതിയിൽ, പ്രായോഗികമായ വിവരങ്ങളാണോ നമ്മൾ പറയുന്നതെന്നും നമുക്കു മനസ്സിലാകുന്നുണ്ടാകില്ല. അതുകൊണ്ട് സഹായം സ്വീകരിക്കുന്നെങ്കിൽ നല്ല പ്രസംഗകരും അധ്യാപകരും ആകാൻ നമുക്കു കഴിയും. അങ്ങനെയാകുമ്പോൾ ദൈവവചനത്തിലുള്ള ആത്മീയരത്നങ്ങളിൽനിന്ന് പ്രയോജനം നേടാൻ കേൾവിക്കാരെ നമുക്കു നന്നായി സഹായിക്കാനും കഴിയും.a
അനുഭവപരിചയമുള്ള ഒരു പ്രസംഗകനോട്, ഒരു അധ്യാപകൻ എന്ന നിലയിൽ മെച്ചപ്പെടാനുള്ള സഹായം ചോദിക്കാം (13-ാം ഖണ്ഡിക കാണുക)
എങ്ങനെ നല്ല കേൾവിക്കാരായിരിക്കാം
14. 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനുണ്ടായിരുന്ന മനോഭാവം നമ്മൾ വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ട്? (സങ്കീർത്തനം 119:24, 111, 167)
14 യഹോവയുടെ ഓർമിപ്പിക്കലുകളോടു വിലമതിപ്പു വളർത്തുക. ‘ബുദ്ധിമുട്ട് നിറഞ്ഞ ഈ സമയത്ത്’ പിടിച്ചുനിൽക്കാൻ ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ നമുക്ക് ആവശ്യമാണ്. (2 തിമൊ. 3:1) ചിലപ്പോഴൊക്കെ കേട്ടകാര്യങ്ങൾതന്നെയാണു വീണ്ടുംവീണ്ടും കേൾക്കുന്നതെന്ന് തോന്നുമ്പോൾ ദൈവത്തിന്റെ ഓർമിപ്പിക്കലുകളോട് 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനുണ്ടായിരുന്ന മനോഭാവത്തെക്കുറിച്ച് നമ്മൾ ചിന്തിക്കണം.—സങ്കീർത്തനം 119:24, 111, 167 വായിക്കുക.
15. മീറ്റിങ്ങുകളിലൂടെ ലഭിക്കുന്ന ആത്മീയഭക്ഷണത്തോടുള്ള വിലമതിപ്പു നമുക്ക് എങ്ങനെ നിലനിറുത്താം?
15 നമുക്കു ലഭിക്കുന്ന ആത്മീയഭക്ഷണം യഹോവയിൽനിന്നുള്ള സമ്മാനമായി കാണണം. വിജനഭൂമിയിലായിരുന്നപ്പോൾ യഹോവ കൊടുത്ത മന്നയോട് ഇസ്രായേല്യർ പ്രതികരിച്ച രീതിയിൽനിന്ന് നമുക്കു പലതും പഠിക്കാനാകും. (പുറ. 16:15, 31) ആദ്യമൊക്കെ അവർ അതു വിലമതിച്ചു. കാരണം അത് യഹോവയിൽനിന്ന് വന്നതായിരുന്നു. അതിനു നല്ല രുചി ഉണ്ടായിരുന്നു. അത് അവരുടെ ജീവൻ നിലനിറുത്തുകയും ചെയ്തു. പക്ഷേ എല്ലാ ദിവസവും മന്ന കഴിക്കേണ്ടിവന്നപ്പോൾ പതിയെപ്പതിയെ അവരിൽ ചിലർക്കൊക്കെ മടുപ്പു തോന്നി. (സംഖ്യ 21:5) നമുക്കു ലഭിക്കുന്ന ആത്മീയഭക്ഷണത്തോടു ബന്ധപ്പെട്ട് ഇങ്ങനെ തോന്നാറുണ്ടോ? ഒരേ കാര്യങ്ങളാണു വീണ്ടുംവീണ്ടും കേൾക്കുന്നത് എന്നു ചിന്തിച്ച് നമ്മൾ ഒരിക്കലും അതിന്റെ പ്രാധാന്യം കുറച്ച് കാണരുത്. നമ്മൾ കണ്ടതുപോലെ ആത്മീയഭക്ഷണം യഹോവയിൽനിന്നാണു വരുന്നതെന്നു തിരിച്ചറിഞ്ഞ് നമ്മൾ അതിനോടുള്ള വിലമതിപ്പു ശക്തമാക്കിനിറുത്തേണ്ടതുണ്ട്. യഹോവയുടെ സംഘടന വളരെ ചിന്തിച്ച് തയ്യാറാക്കിയിരിക്കുന്നതാണ് ആ വിവരങ്ങൾ. അതിൽനിന്ന് ലഭിക്കുന്ന ജ്ഞാനം നമ്മുടെ ജീവൻ സംരക്ഷിക്കുമെന്ന കാര്യവും മറന്നുപോകരുത്. —സുഭാ. 3:13, 16-18; യോഹ. 17:3.
16. മീറ്റിങ്ങിൽ നന്നായി ശ്രദ്ധിച്ചിരിക്കാൻ യഹോവയെ വർഷങ്ങളായി സേവിക്കുന്ന ചില സഹോദരങ്ങളെ എന്താണു സഹായിച്ചിരിക്കുന്നത്? (“നന്നായി ശ്രദ്ധിച്ചിരിക്കാനുള്ള വഴികൾ” എന്ന ചതുരവും കാണുക.)
16 പ്രായോഗികമായ ചില കാര്യങ്ങൾ ചെയ്തുനോക്കുക. മീറ്റിങ്ങിൽ നന്നായി ശ്രദ്ധിച്ചിരിക്കാൻ വർഷങ്ങളായി യഹോവയെ സേവിക്കുന്ന ചില സഹോദരങ്ങളെ സഹായിച്ചിരിക്കുന്നത് എന്താണെന്നു നോക്കാം. 30-ലധികം വർഷമായി യഹോവയെ സേവിക്കുന്ന ആഷ്ലി സഹോദരി പറയുന്നു: “തയ്യാറായി പോകുന്നതാണു ശ്രദ്ധയോടെ ഇരിക്കാനുള്ള ഒരു വഴി. ഞാൻ തയ്യാറായിട്ടില്ലെങ്കിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണെന്നു മാത്രമല്ല എന്റെ മനസ്സ് അലഞ്ഞുതിരിയുകയും ചെയ്യും.” 52 വർഷമായി ദൈവത്തെ സേവിക്കുന്ന യോഷഫ് പറയുന്നു: “ഒരേ വിഷയങ്ങൾതന്നെ വീണ്ടുംവീണ്ടും കേൾക്കുമ്പോൾ എനിക്കു മടുപ്പ് തോന്നാറില്ല. കാരണം ആ വിഷയത്തെ പല വശങ്ങളിൽനിന്ന് കാണാൻ എനിക്കാകുന്നു. അത് എന്റെ അറിവ് വർധിപ്പിക്കുന്നു. ഇനി, അത്ര പഠിപ്പിക്കൽപ്രാപ്തിയൊന്നും ഇല്ലാത്ത ഒരു സഹോദരനാണു പ്രസംഗം നടത്തുന്നതെങ്കിൽ അദ്ദേഹം പ്രസംഗം നടത്തുന്ന രീതിയല്ല ഞാൻ ശ്രദ്ധിക്കാറുള്ളത്, പകരം ദൈവവചനത്തിൽനിന്ന് അദ്ദേഹം പറയുന്ന ആശയങ്ങളാണ്.”
17. മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കാൻ എന്തെല്ലാം സഹായിക്കും? (ചിത്രവും കാണുക.)
17 ശ്രദ്ധിച്ചിരിക്കാൻ സഹായിക്കുന്ന ചില നിർദേശങ്ങളാണ് ഇനി കാണാൻപോകുന്നത്. നിങ്ങൾക്ക് അതൊന്നു പരീക്ഷിച്ച് നോക്കാനാകുമോ? (1) ലഘുവായ ഭക്ഷണം കഴിച്ചിട്ട് വരുന്നതു മീറ്റിങ്ങിന്റെ സമയത്ത് ഉറങ്ങിപ്പോകാതിരിക്കാൻ നിങ്ങളെ സഹായിക്കും. (2) നേരത്തേ വരുക, പരിപാടി തുടങ്ങുന്നതിനു മുമ്പേ ഒരു സീറ്റ് കണ്ടെത്തുക. (3) ഇലക്ട്രോണിക് ഉപകരണങ്ങൾ സൈലന്റാക്കി വെക്കുക; അവ നിങ്ങളുടെ ശ്രദ്ധ കളയുന്നില്ലെന്ന് ഉറപ്പാക്കുക. (4) പ്രസംഗകൻ പറയാൻപോകുന്ന പോയിന്റുകൾ എന്തായിരിക്കുമെന്നു ചിന്തിക്കുക. (5) ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിലല്ല, പ്രസംഗകനെത്തന്നെ ശ്രദ്ധിക്കുക. (6) ഹ്രസ്വമായി നോട്ട് എടുക്കുക, അല്ലെങ്കിൽ പ്രധാനപ്പെട്ട പോയിന്റുകൾ ചെറിയ ചിത്രങ്ങളായി വരയ്ക്കുക. (7) അവതരിപ്പിക്കുന്ന വാക്യങ്ങളെക്കുറിച്ചും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചിന്തിക്കുക. (8) സ്വയം ചോദിക്കുക, ‘ഈ വിവരങ്ങൾ സഭയിലുള്ള സഹോദരങ്ങളെയോ ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരെയോ സഹായിക്കാൻ എനിക്ക് എങ്ങനെ ഉപയോഗിക്കാം?’ (9) സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും പോകുന്നതിനു മുമ്പ്, കാര്യപരിപാടിയിൽ അന്നത്തെ ആധാരവാക്യവും പ്രസംഗങ്ങളുടെ വിഷയവും ബൈബിൾവാക്യവും നോക്കിവെക്കുക. (10) പരിപാടികൾക്കു മുമ്പുള്ള സംഗീതവും വീഡിയോ അവതരണവും സീറ്റുകളിൽ ഇരുന്ന് നന്നായി ശ്രദ്ധിക്കുക. അതു നിങ്ങളുടെ മനസ്സിനെ ഒരുക്കും.
മീറ്റിങ്ങിലായിരിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ പോകാൻ ഇലക്ട്രോണിക് ഉപകരണങ്ങളെ അനുവദിക്കരുത് (17-ാം ഖണ്ഡിക കാണുക)
യഹോവ പറയുന്നതു തുടർന്നും കേൾക്കുക
18. മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കേണ്ടത് എന്തുകൊണ്ട്?
18 മീറ്റിങ്ങുകളിൽ നമ്മൾ നന്നായി ശ്രദ്ധിച്ചിരിക്കണം. കാരണം അപ്പോൾ യഹോവ നമ്മളെ ‘നീതിപാതകളിൽ നടത്തുകയാണ്.’ (സങ്കീ. 23:3; 31:3) ആ വഴിനടത്തിപ്പാണ് ശരിയായതു ചെയ്യുന്നതിൽ തുടരാൻ നമ്മളെ സഹായിക്കുന്നത്. അതുകൊണ്ട് മീറ്റിങ്ങുകളിൽ ആയിരിക്കുമ്പോൾ ‘നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുകയും’ ആ വിവരങ്ങൾ പ്രാവർത്തികമാക്കുകയും വേണം. (ലൂക്കോ. 8:18) യഹോവ പറയുന്നതു കേൾക്കുന്നവർക്ക് ഇന്നു സന്തോഷത്തോടെയിരിക്കാനും ഭാവിയിലെ നിത്യജീവൻ ആസ്വദിക്കാനും ഉള്ള അവസരം കിട്ടും.—സങ്കീ. 119:2, 14.
ഗീതം 87 വരൂ, ഉന്മേഷം നേടൂ!
a പ്രസംഗകരും അധ്യാപകരും എന്ന നിലയിൽ പുരോഗതി നേടാൻ സഹായിക്കുന്ന കൂടുതൽ നിർദേശങ്ങൾക്കായി വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക എന്ന ലഘുപത്രികയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകവും കാണുക.