വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഗലാത്യർ 4:24-ൽ അപ്പോസ്തലനായ പൗലോസ് ഏതു രണ്ട് ഉടമ്പടികളെക്കുറിച്ചാണ് പറയുന്നത്?
അബ്രാഹാമിന് സാറയും ഹാഗാറും ആയുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞശേഷം പൗലോസ് ഇങ്ങനെ പറയുന്നു: “ഈ കാര്യങ്ങളെ ആലങ്കാരികമായ അർഥമുള്ള ഒരു നാടകമായി കണക്കാക്കാം: ഈ സ്ത്രീകൾ രണ്ട് ഉടമ്പടികളെ സൂചിപ്പിക്കുന്നു.”—ഗലാ. 4:22-24.
മുമ്പ് നമ്മൾ മനസ്സിലാക്കിയിരുന്നത്, ഈ രണ്ട് ഉടമ്പടികൾ പുതിയ ഉടമ്പടിയും നിയമ ഉടമ്പടിയും ആണെന്നായിരുന്നു. എന്നാൽ കൂടുതലായി പരിശോധിച്ചപ്പോൾ ഇതിന് ഒരു മാറ്റം വരുത്തേണ്ടതുണ്ടെന്നു നമ്മൾ മനസ്സിലാക്കി. പൗലോസ് ഇവിടെ പറയുന്നത് പുതിയ ഉടമ്പടിയെക്കുറിച്ചല്ല പകരം അബ്രാഹാമ്യ ഉടമ്പടിയെക്കുറിച്ച് ആണെന്നു തോന്നുന്നു. അതിന്റെ ചില വിശദാംശങ്ങൾ നോക്കാം.a
ദാസിയായ ഹാഗാറിനെ പൗലോസ് സീനായ് പർവതത്തോട് ബന്ധപ്പെടുത്തി. (ഗലാ. 4:25) അതുകൊണ്ട് ഹാഗാർ അർഥമാക്കിയത്, ബി.സി. 1513-ൽ സീനായ് പർവതത്തിൽവെച്ച് ഏർപ്പെടുത്തിയ നിയമ ഉടമ്പടിയെ ആണ്. (പുറ. 19:5, 6) അപൂർണനായ ഒരു മനുഷ്യനും ആ നിയമം പൂർണമായി അനുസരിക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ടുതന്നെ തങ്ങൾ പാപത്തിന്റെ അടിമകളാണെന്ന് ആ നിയമം ജൂതന്മാരെ ഓർമിപ്പിച്ചു. ഇനി മിശിഹയെ തിരിച്ചറിയാനും നിയമ ഉടമ്പടി ഇസ്രായേല്യരെ സഹായിക്കുമായിരുന്നു. കാരണം നിയമം പൂർണമായി അനുസരിക്കാൻ കഴിയുന്ന ഒരേ ഒരു മനുഷ്യൻ മിശിഹയായിരുന്നു. മിശിഹ തന്റെ പൂർണതയുള്ള ജീവൻ ബലി അർപ്പിച്ചപ്പോൾ അപൂർണരായ മനുഷ്യർക്ക് പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം ലഭിക്കാനുള്ള വഴി തുറന്നു. (ഗലാ. 3:19, 24, 25) യേശു ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റിക്കഴിഞ്ഞപ്പോൾ, മോശയിലൂടെ കൊടുത്ത നിയമം അതോടെ ആവശ്യമില്ലാതായി.—റോമ. 10:4.
പൗലോസ് ഹാഗാറിനെ ‘സ്വതന്ത്രയായ,’ “വാഗ്ദാനത്തിലൂടെ” ജന്മം നൽകിയ സാറയുമായി വിപരീതതാരതമ്യം ചെയ്തു. (ഗലാ. 4:23) ആ വാഗ്ദാനമായിരുന്നു അബ്രാഹാമ്യ ഉടമ്പടി. (ഗലാ. 3:29; 4: 28, 30) ആ ഉടമ്പടിയെപ്പറ്റി ഉൽപത്തി 22:18-ൽ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: “നീ (അബ്രാഹാം) എന്റെ വാക്കു കേട്ടനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല ജനതകളും അനുഗ്രഹം നേടും.”
അബ്രാഹാമുമായി ചെയ്ത ആ ഉടമ്പടി ഏദെനിലെ യഹോവയുടെ വാഗ്ദാനത്തെക്കുറിച്ച് കൂടുതലായ വിശദാംശങ്ങൾ വെളിപ്പെടുത്തി. (ഉൽപ. 3:15) മുൻകൂട്ടിപ്പറഞ്ഞ “സന്തതി” അബ്രാഹാമിന്റെ പിൻതലമുറക്കാരൻ ആയിരിക്കുമെന്ന് ആ ഉടമ്പടി വ്യക്തമാക്കി. ഈ ‘സന്തതിയുടെ’ പ്രധാനഭാഗം യേശുക്രിസ്തുവാണെന്ന് പൗലോസ് വിശദീകരിച്ചു. എന്നാൽ ദൈവരാജ്യത്തിൽ യേശുവിനോടൊപ്പം ഭരിക്കുന്ന, ‘ക്രിസ്തുവിനുള്ളവരായ’ 1,44,000 പേരും ആ സന്തതിയുടെ ഭാഗമാണ്. (ഗലാ. 3:16, 29; വെളി. 14:1-3) അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്ദാനം നിറവേറുമ്പോൾ, യേശുവിനെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് വലിയ അനുഗ്രഹങ്ങൾ ലഭിക്കും.
‘ആലങ്കാരികമായ അർഥമുള്ള ഈ നാടകം’ പൗലോസ് എന്തിനാണ് ഉപയോഗിച്ചത്? അന്നത്തെ ജൂതന്മാർ നിയമത്തിൽത്തന്നെ കടിച്ചുതൂങ്ങിയാൽ ഹാഗാറിനെപ്പോലെ അടിമത്തത്തിൽ തുടരുമായിരുന്നു എന്നാണ് പൗലോസ് കാണിച്ചത്. എന്നാൽ അവർ അബ്രാഹാമിന്റെ ‘സന്തതിയുടെ’ മുഖ്യഭാഗമായ യേശുക്രിസ്തുവിനെ അംഗീകരിച്ചാൽ, സാറയെപ്പോലെ സ്വതന്ത്രരാകുമായിരുന്നു. അതിലൂടെ അവർക്ക് പാപത്തിൽനിന്നും മരണത്തിൽനിന്നും ഉള്ള യഥാർഥ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. (യോഹ. 8:32-34) അതേസമയം ജൂതന്മാർ യേശുവിനെ അംഗീകരിക്കാതിരുന്നാൽ, നിയമ ഉടമ്പടിയുടെ പ്രധാന ഉദ്ദേശ്യം അവർ വിട്ടുകളയുന്നതുപോലെ ആയിരുന്നു. ക്രിസ്തുവിലേക്കു നയിക്കുക എന്നതായിരുന്നു ആ ഉദ്ദേശ്യം.
പൗലോസ് ഈ കത്ത് എഴുതിയ ഗലാത്യ ക്രിസ്ത്യാനികളിൽ മിക്കവരും ജൂതന്മാരായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ ഒരിക്കലും നിയമത്തിൻകീഴിൽ അല്ലായിരുന്നു. എന്നാൽ ആ ക്രിസ്ത്യാനികളും പരിച്ഛേദന ഉൾപ്പെടെയുള്ള നിയമങ്ങൾ അനുസരിക്കണമെന്ന് ചില ജൂതന്മാർ വാശിപിടിച്ചു. അതു മണ്ടത്തരമാണെന്ന് പൗലോസ് വ്യക്തമാക്കി. കാരണം ക്രിസ്തുവിനെ അംഗീകരിച്ചതോടെ അവർക്കു ‘സ്വാതന്ത്ര്യം’ കിട്ടിയിരുന്നു. പിന്നെ അവർ നിയമത്തിന്റെ ‘അടിമത്തത്തിലേക്കു’ പോകേണ്ട കാര്യമില്ലായിരുന്നു.—ഗലാ. 5:1, 10-14.
a 2006 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 10-12 പേജുകളിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.