2026 ആഗസ്റ്റ് 24-30
ഗീതം 65 മുന്നേറുവിൻ!
വയൽസേവന ഗ്രൂപ്പിൽനിന്ന് പ്രയോജനം നേടുക
‘ഞാൻ നേരുള്ളവർ കൂടിവരുന്നിടത്ത് മുഴുഹൃദയാ ദൈവത്തെ വാഴ്ത്തും.’—സങ്കീ. 111:1.
ഉദ്ദേശ്യം
വയൽസേവന ഗ്രൂപ്പ് എന്ന ക്രമീകരണത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്നു നോക്കും.
1-2. വയൽസേവന ഗ്രൂപ്പ് എന്ന ക്രമീകരണത്തെക്കുറിച്ച് പലർക്കും എന്താണ് തോന്നുന്നത്?
നിങ്ങൾ സന്തോഷവാർത്തയുടെ ഒരു പ്രചാരകനായ ദിവസം ഓർക്കുന്നുണ്ടോ? സന്തോഷം നിറഞ്ഞ ആ ദിവസത്തിൽ യഹോവയുടെ നാമം സ്തുതിക്കുന്ന വലിയൊരു കൂട്ടത്തോടൊപ്പം നിങ്ങൾ ചേർന്നു. (സങ്കീ. 148:1, 2, 12, 13) എന്നാൽ അതേ ദിവസം നിങ്ങൾ ഏതാനും സഹോദരങ്ങൾ മാത്രം അടങ്ങുന്ന ഒരു ചെറിയ കൂട്ടത്തിന്റെ ഭാഗവുമായിത്തീർന്നേക്കാം. അതാണ് വയൽസേവന ഗ്രൂപ്പ്. “ഭൂലോകത്തെങ്ങും” ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാനുള്ള നിയമനം നിറവേറ്റാൻ നമ്മളെ സഹായിക്കുന്നതിൽ വയൽസേവന ഗ്രൂപ്പുകൾക്കു വലിയൊരു പങ്കുണ്ട്.—മത്താ. 24:14.
2 വയൽസേവന ഗ്രൂപ്പ് എന്ന ക്രമീകരണത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്? വെൻഡിa സഹോദരി പറയുന്നു: “വയൽസേവന ഗ്രൂപ്പ് എന്ന ക്രമീകരണത്തിലൂടെ എനിക്കു പല പ്രയോജനങ്ങളും കിട്ടിയിട്ടുണ്ട്. മറ്റുള്ളവരിൽനിന്ന് പ്രസംഗപഠിപ്പിക്കൽ വൈദഗ്ധ്യങ്ങൾ പഠിക്കാനും ആത്മീയലക്ഷ്യങ്ങൾ വെക്കാനും അതിൽ എത്തിച്ചേരാനും നല്ല സുഹൃത്തുക്കളെ കണ്ടെത്താനും ഈ ക്രമീകരണം എന്നെ സഹായിച്ചു.” റിച്ച് എന്ന സഹോദരൻ ഇങ്ങനെയാണ് പറയുന്നത്: “വയൽസേവന ഗ്രൂപ്പ് മേൽവിചാരകൻ എന്ന ഉത്തരവാദിത്വം ഗൗരവമേറിയ ഒന്നാണ്. ഒരു വ്യക്തിയെ പഠിപ്പിച്ച് സ്നാനം എന്ന പടിയിലേക്ക് എത്തിക്കാൻ പ്രചാരകർക്കാകും. എന്നാൽ അദ്ദേഹത്തിന്റെ തുടർന്നുള്ള പുരോഗതിയിൽ സഹായിക്കാനുള്ള ഒരു പ്രത്യേക അവസരം ഗ്രൂപ്പ് മേൽവിചാരകനുണ്ട്.” ദീന എന്ന സഹോദരിയുടെ അഭിപ്രായം ഇതാണ്: “വയൽസേവന ഗ്രൂപ്പ് എന്ന ക്രമീകരണം ഞാൻ ശരിക്കും ആസ്വദിക്കുന്നു. അത് എനിക്ക് ഒരു കുടുംബംപോലെയാണ്.”
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ഈ ലേഖനത്തിൽ നമ്മൾ ആദ്യം ഗ്രൂപ്പ് മേൽവിചാരകന്റെയും അദ്ദേഹത്തിന്റെ സഹായിയുടെയും ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ഗ്രൂപ്പിലുള്ള സഹോദരങ്ങൾക്കുവേണ്ടി കരുതാൻ അവർ എന്തെല്ലാമാണ് ചെയ്യുന്നതെന്നും നോക്കും. അതിനു ശേഷം വയൽസേവന ഗ്രൂപ്പിനെ പിന്തുണയ്ക്കാൻ നമുക്ക് ഓരോരുത്തർക്കും ചെയ്യാനാകുന്ന കാര്യങ്ങളെക്കുറിച്ച് പഠിക്കും. അവസാനം, സ്നേഹത്തോടെയുള്ള ഈ ക്രമീകരണത്തിൽനിന്ന് പ്രയോജനം നേടാൻ എങ്ങനെ കഴിയുമെന്നും നമ്മൾ ചിന്തിക്കും.
ഗ്രൂപ്പ് മേൽവിചാരകനും സഹായിയും
4. (എ) ഗ്രൂപ്പ് മേൽവിചാരകന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്? (ബി) തന്റെ ഗ്രൂപ്പിലുള്ളവരെ സഹായിക്കാൻ ഗ്രൂപ്പ് മേൽവിചാരകനു ചെയ്യാനാകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? (“ഗ്രൂപ്പ് മേൽവിചാരകനു ചെയ്യാനാകുന്ന ചില കാര്യങ്ങൾ” എന്ന ചതുരം കാണുക.)
4 ഒരു കൂട്ടം പ്രചാരകരുടെ ആത്മീയപുരോഗതിക്കുവേണ്ടി മൂപ്പന്മാരുടെ സംഘം തിരഞ്ഞെടുക്കുന്ന ഒരു മൂപ്പനായിരിക്കുംb വയൽസേവന ഗ്രൂപ്പ് മേൽവിചാരകനായി സേവിക്കുന്നത്. എന്തെല്ലാമാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ? ഒന്ന്, ഗ്രൂപ്പിലുള്ള ഓരോരുത്തരുടെയും കാര്യത്തിൽ അദ്ദേഹം വ്യക്തിപരമായ താത്പര്യം കാണിക്കും. (സുഭാ. 27:23) കരുതലുള്ള ഒരു ഇടയൻ എന്ന നിലയിൽ അദ്ദേഹം ഗ്രൂപ്പിലുള്ള സഹോദരങ്ങളുടെ സുഖവിവരങ്ങൾ കൂടെക്കൂടെ അന്വേഷിക്കുകയും അവരുമായി ഒരു അടുത്ത ബന്ധം നിലനിറുത്തുകയും ചെയ്യും. അങ്ങനെയാകുമ്പോൾ അവർക്കുവേണ്ട ആത്മീയപ്രോത്സാഹനവും മാനസികപിന്തുണയും പ്രായോഗികസഹായവും കൊടുക്കാൻ അദ്ദേഹത്തിനാകും. (സുഭാ. 12:25; യശ. 32:2; യാക്കോ. 2:15-17) രണ്ട്, ശുശ്രൂഷയിൽ നന്നായി ഏർപ്പെടാൻ ഗ്രൂപ്പിലുള്ള ഓരോ പ്രചാരകരെയും അദ്ദേഹം സഹായിക്കും. എല്ലാ ആഴ്ചയും ഗ്രൂപ്പിലുള്ള പ്രചാരകരോടൊപ്പം വയൽസേവനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം ശുശ്രൂഷയിൽ നേതൃത്വമെടുക്കുന്നു, പ്രത്യേകിച്ചും വാരാന്തങ്ങളിൽ. അതിലൂടെ അവർക്കുവേണ്ട വ്യക്തിപരമായ പ്രോത്സാഹനവും പരിശീലനവും കൊടുക്കാൻ അദ്ദേഹത്തിനാകും. ഇനി, ഏതെങ്കിലും കാരണവശാൽ അദ്ദേഹത്തിന് ശുശ്രൂഷയ്ക്ക് വരാനായില്ലെങ്കിൽ ഗ്രൂപ്പിലുള്ളവരുടെ ആവശ്യങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹം സഹായിയെയോ യോഗ്യതയുള്ള ഒരു സഹോദരനെയോ ഏൽപ്പിക്കും. മൂന്നാമതായി, സഭാ ഉത്തരവാദിത്വങ്ങൾ ചെയ്യാനുള്ള യോഗ്യതയിൽ എത്താൻ സ്നാനമേറ്റ സഹോദരന്മാരെ അദ്ദേഹം പരിശീലിപ്പിക്കും. (1 തിമൊ. 3:1) മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ആകാൻ സഹോദരന്മാർക്കുവേണ്ട തിരുവെഴുത്ത് ഉപദേശവും ക്രമമായ പരിശീലനവും കൊടുക്കാൻ അദ്ദേഹം നേതൃത്വമെടുക്കും. അതുപോലെ അവരെ അഭിനന്ദിക്കാനും അദ്ദേഹം എപ്പോഴും ഓർക്കും. ഗ്രൂപ്പ് മേൽവിചാരകന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ കണക്കിലെടുത്ത് മൂപ്പന്മാരുടെ സംഘം ഏറ്റവും യോഗ്യതയുള്ള ഒരു മൂപ്പനെയായിരിക്കും ഈ നിയമനം ചെയ്യാൻ തിരഞ്ഞെടുക്കുന്നത്.
5. ചില ഗ്രൂപ്പ് മേൽവിചാരകന്മാർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
5 ഒരു ഗ്രൂപ്പ് മേൽവിചാരകനു പല വെല്ലുവിളികളുണ്ട്. ഒരു ഗ്രൂപ്പ് മേൽവിചാരകനായി സേവിക്കുന്ന, ജർമനിയിലെ യോക് സഹോദരനു സഭയിൽ പല ഉത്തരവാദിത്വങ്ങളുണ്ട്. അദ്ദേഹം പറയുന്നു: “പല നിയമനങ്ങൾ ഒരുമിച്ച് കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പിലുള്ള ഓരോരുത്തരുടെയും കാര്യങ്ങൾ തിരക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട്.” യുഗാണ്ടയിൽ താമസിക്കുന്ന 70 വയസ്സ് പ്രായമുള്ള മൂപ്പനായ ഏബൽ സഹോദരൻ പറയുന്നു: “ഞങ്ങളുടെ സഭയിൽ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും വളരെ കുറവാണ്. വയൽസേവന ഗ്രൂപ്പുകളാണെങ്കിൽ വലുതുമാണ്. അതുകൊണ്ടുതന്നെ ഞാൻ ആഗ്രഹിക്കുന്നതുപോലെ അത്ര കൂടെക്കൂടെ ഓരോരുത്തർക്കും ഇടയസന്ദർശനങ്ങൾ നടത്താൻ എനിക്കു പറ്റാറില്ല.” സുരിനാമിൽനിന്നുള്ള ഓബേദ് എന്ന മൂപ്പൻ പറയുന്നത് ഇങ്ങനെയാണ്: “എനിക്ക് മറ്റുള്ളവരെ പരിശീലിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണ്. പക്ഷേ പരിശീലനം കൊടുക്കാൻ നല്ല സമയവും ഊർജവും ഒക്കെ വേണം. അതിന്റെ ഫലം പെട്ടെന്ന് കാണാനും പറ്റില്ല. അതുകൊണ്ടുതന്നെ മറ്റു ഉത്തരവാദിത്വങ്ങൾ ചെയ്തുകഴിയുമ്പോൾ, പരിശീലനം കൊടുക്കുന്ന കാര്യം ഞാൻ മിക്കപ്പോഴും വിട്ടുപോകും.” ഇതും ഇതുപോലുള്ള മറ്റു വെല്ലുവിളികളും നേരിടുന്ന മൂപ്പന്മാർക്ക് എന്ത് സഹായമാണുള്ളത്?
6. ഗ്രൂപ്പ് ചെറുതാക്കി നിറുത്തുന്നത് ഗ്രൂപ്പ് മേൽവിചാരകന്മാരെ സഹായിക്കുന്നത് എങ്ങനെ?
6 സാധ്യമാകുന്നിടത്തോളം വയൽസേവന ഗ്രൂപ്പുകൾ ചെറുതാക്കി നിറുത്തുന്നതാണ് നല്ലത്. അങ്ങനെയാകുമ്പോൾ ഗ്രൂപ്പിലുള്ള എല്ലാവരെയും അടുത്തറിയാനും അവരെ ആത്മീയമായി ശക്തരാക്കി നിറുത്താനും ഗ്രൂപ്പ് മേൽവിചാരകനു കഴിയും. എന്നാൽ സഭയിൽ മൂപ്പന്മാരുടെ എണ്ണം കുറവാണെങ്കിലോ? മൂപ്പന്മാരുടെ സംഘത്തിന് ഗ്രൂപ്പുകൾ ചെറുതാക്കി അതിന്റെ ചുമതല ഒരു ശുശ്രൂഷാദാസനെ താത്കാലികമായി ഏൽപ്പിക്കാനായേക്കും. ഗ്രൂപ്പുകൾ ചെറുതാണെങ്കിൽ ഗ്രൂപ്പ് മേൽവിചാരകന്മാർക്ക് തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി കരുതുക എന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം ചെയ്യാൻ എളുപ്പമായിരിക്കും.
7. മൂപ്പന്മാർ കുറവുള്ളപ്പോൾ, ഗ്രൂപ്പിലുള്ളവർക്കുവേണ്ടി കരുതുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗ്രൂപ്പ് മേൽവിചാരകന്മാർക്ക് എന്തു ചെയ്യാനാകും? (1 പത്രോസ് 5:2) (ചിത്രവും കാണുക.)
7 മൂപ്പന്മാരുടെ എണ്ണം കുറവുള്ള സഭയിലെ ഒരു ഗ്രൂപ്പ് മേൽവിചാരകനാണ് നിങ്ങളെങ്കിൽ, ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുന്നതിൽ നിങ്ങളെ പിന്തുണയ്ക്കാൻ നിങ്ങളുടെ സഹായിയെ പരിശീലിപ്പിക്കാനാകും. (1 പത്രോസ് 5:2 വായിക്കുക.) ചെറിയചെറിയ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തെ ഏൽപ്പിക്കാം. ഉദാഹരണത്തിന്, ഇടയ്ക്കൊക്കെ വയൽസേവനയോഗം നടത്താനും ശുശ്രൂഷ സംഘടിപ്പിക്കാനും നിങ്ങൾക്ക് അദ്ദേഹത്തോടു പറയാം. അതുപോലെ ഗ്രൂപ്പിലുള്ള ഓരോരുത്തരുടെയും പ്രവർത്തനത്തെക്കുറിച്ച് നിങ്ങൾക്ക് ഒരുമിച്ചിരുന്ന് പ്രാർഥനാപൂർവം ചർച്ച ചെയ്യാനാകും. ഇടയസന്ദർശനത്തിനു പോകുമ്പോൾ നിങ്ങളുടെ സഹായിയെയും കൂടെക്കൂട്ടുക. ഇടയസന്ദർശനത്തിനു മുമ്പും ശേഷവും അദ്ദേഹത്തിനു വേണ്ട നിർദേശവും സഹായവും കൊടുക്കുക. അങ്ങനെ പതിയെപ്പതിയെ നിങ്ങളുടെ സഹായി ഒരു ഗ്രൂപ്പ് മേൽവിചാരകനാകാനുള്ള യോഗ്യതയിൽ എത്തും. (2 തിമൊ. 2:2) സഹോദരങ്ങളെ പരിശീലിപ്പിക്കാനായി ഗ്രൂപ്പിലെ പക്വതയുള്ള സഹോദരീസഹോദരന്മാരുടെ സഹായവും നിങ്ങൾക്കു സ്വീകരിക്കാനാകും. ഉദാഹരണത്തിന്, മുൻനിരസേവകർക്കും അനുഭവപരിചയമുള്ള മറ്റു പ്രചാരകർക്കും പുതിയവരോടൊപ്പം പ്രവർത്തിക്കാനാകും. ശുശ്രൂഷയിൽ സംഭാഷണം തുടങ്ങാനോ മടക്കസന്ദർശനമോ ബൈബിൾപഠനമോ നടത്താനോ അവർക്കു സഹായം വേണമെങ്കിൽ അനുഭവപരിചയമുള്ളവർക്ക് അവരെ പരിശീലിപ്പിക്കാനായേക്കും. ഇനി, വയൽസേവന ഗ്രൂപ്പിനെ പിന്തുണയ്ക്കാൻ നമുക്ക് ഓരോരുത്തർക്കും വ്യക്തിപരമായി ചെയ്യാനാകുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് നോക്കാം.
വയൽസേവനയോഗങ്ങൾ നടത്തുന്നതുപോലെയുള്ള ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊണ്ട് ഒരു മൂപ്പൻ തന്റെ ഗ്രൂപ്പിലുള്ള ശുശ്രൂഷാദാസനെ പരിശീലിപ്പിച്ചേക്കാം (7-ാം ഖണ്ഡിക കാണുക)
നിങ്ങളുടെ വയൽസേവന ഗ്രൂപ്പിനെ പിന്തുണയ്ക്കുക
8. ഗ്രൂപ്പിനെ പിന്തുണയ്ക്കാൻ നമുക്ക് എന്തു ചെയ്യാനാകും? (റോമർ 1:12)
8 ഗ്രൂപ്പിനൊപ്പം പ്രവർത്തിക്കുക. ശുശ്രൂഷയിലായിരിക്കുമ്പോൾ ‘പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള’ അവസരം നിങ്ങൾക്കു ലഭിക്കും. (റോമർ 1:12 വായിക്കുക.) അങ്ങനെ ഒരുമിച്ചായിരിക്കുന്നത് പേടിയില്ലാതെ ആളുകളോടു സംസാരിക്കാനും ചില സ്ഥലങ്ങളിൽ ഒരു പരിധിവരെ സംരക്ഷണം ലഭിക്കാനും ഇടയാക്കും. എന്നാൽ ഗ്രൂപ്പിനോടൊപ്പം പ്രസംഗപ്രവർത്തനം ചെയ്യുന്നതിനു മിക്കപ്പോഴും നിങ്ങളുടെ ജോലി ഒരു തടസ്സമാകുന്നെങ്കിൽ തൊഴിലുടമയോട് ജോലിസമയത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് സംസാരിക്കാനാകുമോ? അദ്ദേഹം അതിനു ചിലപ്പോൾ സമ്മതിച്ചേക്കാം. (നെഹ. 2:4-6) ഇനി ആരോഗ്യപ്രശ്നമോ പ്രായത്തിന്റെ ബുദ്ധിമുട്ടോ കാരണം നിങ്ങൾക്കു ഗ്രൂപ്പിനോടൊപ്പം നേരിട്ട് പ്രവർത്തിക്കാനാകുന്നില്ലെങ്കിൽ ഗ്രൂപ്പ് മേൽവിചാരകനോട് അക്കാര്യം സംസാരിക്കാനാകും. ഗ്രൂപ്പിനോടൊപ്പം വീഡിയോ കോൺഫറൻസ് വഴി കത്തുകൾ എഴുതാനോ ടെലിഫോൺ സാക്ഷീകരണം നടത്താനോ ഉള്ള ക്രമീകരണം അദ്ദേഹം ചെയ്തേക്കാം. ഇനി നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ആണ് നിങ്ങളെങ്കിലും ക്രമമായി ശുശ്രൂഷയ്ക്കു പോകാൻ ബുദ്ധിമുട്ടാണെങ്കിലോ? ഗ്രൂപ്പിലുള്ള ആരുടെയെങ്കിലും കൂടെ ഓരോ ആഴ്ചയും ശുശ്രൂഷയ്ക്കു പോകാൻ നിങ്ങൾക്കു പ്ലാൻ ചെയ്യാനാകുമോ? അതിനു നിങ്ങളുടെ മുൻഗണനകൾ വിലയിരുത്തുകയും സമയം ഉപയോഗിക്കുന്ന കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടിവന്നേക്കാം. (റോമ. 12:11; കൊലോ. 4:5) നിങ്ങൾ ചെയ്യുന്ന ഓരോ ശ്രമങ്ങൾക്കും തക്ക മൂല്യമുണ്ട്. സഹായത്തിനായി യഹോവയോട് പ്രാർഥിക്കുക. അപ്പോൾ “നിങ്ങൾക്ക് ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും” ദൈവം തരും.—ഫിലി. 2:13.
9. വയൽസേവന ഗ്രൂപ്പിനെ സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ഇടമാക്കി മാറ്റാൻ നമുക്ക് എന്തു ചെയ്യാനാകും? (റോമർ 12:13)
9 ആതിഥ്യം കാണിക്കുക. നിങ്ങളുടെ വയൽസേവന ഗ്രൂപ്പിനെ സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ഇടമാക്കി മാറ്റാൻ ‘ആതിഥ്യം’ കാണിക്കുന്നതു സഹായിക്കും. (റോമർ 12:13 വായിക്കുക.) വയൽസേവന ഗ്രൂപ്പിനു കൂടിവരാനായി വീടു വിട്ടുകൊടുക്കാൻ നമുക്കാകുമോ? ചില സഭകളിൽ ഗ്രൂപ്പുകൾ മാറിമാറി സന്ദർശകപ്രസംഗകനു ഭക്ഷണം കൊടുക്കാറുണ്ട്. ഭക്ഷണത്തിന് വരാൻ അദ്ദേഹത്തിനു പറ്റിയില്ലെങ്കിലും, ആ ദിവസം ഗ്രൂപ്പിലെ ചില സഹോദരങ്ങൾ ഭക്ഷണം കഴിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കാനും ആയി കൂടിവന്നേക്കാം. ഒരു പ്രത്യേക മുൻനിരസേവികയായ സാറ പറയുന്നു: “മറ്റുള്ളവരെ വീട്ടിലേക്കു വിളിക്കാൻ എനിക്കു ടെൻഷനാണ്. കാരണം ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ശരിയാകുമോ എന്ന പേടിയാണ് എനിക്ക്. അതുകൊണ്ട് ഞാൻ കാര്യങ്ങൾ ലളിതമാക്കാൻ ശ്രമിച്ചു. വലിയ ഒരു വിരുന്നുണ്ടാക്കുന്നതിനു പകരം ആളുകളെ അടുത്തറിയുന്നതിലാണ് ഇപ്പോൾ എന്റെ ശ്രദ്ധ.” നമ്മുടെ വയൽസേവന ഗ്രൂപ്പിനെ സ്നേഹമുള്ള ഒരു കുടുംബമാക്കി മാറ്റാൻ ശ്രമിക്കുകയാണെങ്കിൽ നമുക്കു പരസ്പരവും യഹോവയോടും ഉള്ള അടുപ്പം കൂടും.—നെഹ. 8:10; പ്രവൃ. 20:35.
10. ശുശ്രൂഷയുടെ ഏതെങ്കിലും ഒരു വശത്ത് മെച്ചപ്പെടണമെങ്കിൽ നമുക്ക് എന്തു ചെയ്യാനാകും? (സുഭാഷിതങ്ങൾ 1:5; 27:17) (ചിത്രവും കാണുക.)
10 പരിശീലനം നേടാൻ മുൻകൈയെടുക്കുക. പ്രസംഗപഠിപ്പിക്കൽ വേലയിൽ എത്രമാത്രം വൈദഗ്ധ്യം നേടുന്നോ അതിനനുസരിച്ച് ഗ്രൂപ്പിനോടൊപ്പം പ്രവർത്തിക്കുമ്പോഴുള്ള നിങ്ങളുടെ സന്തോഷവും കൂടും. ശുശ്രൂഷയിലെ ഏതെങ്കിലും ഒരു വശത്ത് മെച്ചപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിനു നിങ്ങളുടെ ഗ്രൂപ്പിലെ ആരോടെങ്കിലും സഹായം ചോദിക്കാനാകുമോ? (സുഭാഷിതങ്ങൾ 1:5; 27:17 വായിക്കുക.) നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ഗ്രൂപ്പ് മേൽവിചാരകനോടു സംസാരിക്കുക. അതിൽ എത്തിച്ചേരാൻ അദ്ദേഹത്തിനു നിങ്ങളെ സഹായിക്കാനാകും. ഇനി, ഗ്രൂപ്പിലെ മുൻനിരസേവകരോടും അനുഭവപരിചയമുള്ള പ്രചാരകരോടും സഹായം ചോദിക്കാനാകും. പൊതുവേ ഒരു നാണക്കാരിയായിരുന്ന ഹീതർ സഹോദരി അതാണ് ചെയ്തത്. സഹോദരി പറയുന്നു: “ഞാൻ ഒരു മുൻനിരസേവികയോട് മടക്കസന്ദർശനങ്ങൾ നടത്താൻ എന്നെ സഹായിക്കാമോ എന്നു ചോദിച്ചു. സഹോദരി എന്നോട് ദയയോടെയും സ്നേഹത്തോടെയും ഇടപെട്ടു. എന്റെകൂടെ ക്രമമായി ശുശ്രൂഷയ്ക്കു വന്നു. എന്റെ ഒരു മടക്കസന്ദർശനം ബൈബിൾപഠനമാക്കി മാറ്റാനും സഹോദരി സഹായിച്ചു. സഹായം ചോദിച്ചത് എനിക്കു ശരിക്കും പ്രയോജനം ചെയ്തു. കാരണം ഞാൻ ഇപ്പോൾ ശുശ്രൂഷ ആസ്വദിക്കുന്നു.” അതെ, നമ്മുടെ വയൽസേവന ഗ്രൂപ്പിനെ പിന്തുണയ്ക്കാൻ ധാരാളം വഴികളുണ്ട്.
വയൽസേവന ഗ്രൂപ്പ് ചെറുതാണെങ്കിൽ സഹോദരങ്ങളെ അടുത്തറിയാനും അവരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടാനും എളുപ്പമായിരിക്കും (10-ാം ഖണ്ഡിക കാണുക)
നിങ്ങളുടെ വയൽസേവന ഗ്രൂപ്പിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?
11-12. വയൽസേവന ഗ്രൂപ്പിൽനിന്ന് നിങ്ങൾക്ക് ആത്മീയമായി എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കും? ഒരു അനുഭവം പറയുക.
11 ആത്മീയമായി ലഭിക്കുന്ന പ്രയോജനങ്ങൾ. വയൽസേവന ഗ്രൂപ്പിന്റെ ഭാഗമായിരിക്കുന്നതുകൊണ്ട് നമുക്കു ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക. യഹോവ പ്രത്യേകം താത്പര്യമെടുക്കുന്ന, വിധവമാർക്കും അനാഥർക്കും പ്രായമുള്ളവർക്കും പ്രോത്സാഹനം പകരുന്ന ഇടയസന്ദർശനങ്ങൾ വേണ്ട സമയത്തുതന്നെ ലഭിക്കുന്നു. (1 തെസ്സ. 2:8; യാക്കോ. 1:27) പ്രസംഗപഠിപ്പിക്കൽ വേലയുടെ വ്യത്യസ്ത വശങ്ങളിൽ നമുക്ക് ആവശ്യമായ പരിശീലനം നേടാനാകുന്നു. ഇനി, സ്നാനമേറ്റ മാതൃകായോഗ്യരായ സഹോദരന്മാർക്കു സഭയിലെ ഉത്തരവാദിത്വങ്ങൾക്കായുള്ള യോഗ്യത നേടാൻ സഹായം ലഭിക്കുന്നു.—1 തിമൊ. 3:10.
12 മുമ്പ് കണ്ട വെൻഡി സഹോദരി വയൽസേവന ഗ്രൂപ്പിൽനിന്ന് കിട്ടിയ പ്രയോജനത്തെക്കുറിച്ച് ഇങ്ങനെ തുടരുന്നു: “എന്റെ പപ്പ സത്യത്തെ എതിർത്തിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് വയൽസേവന ഗ്രൂപ്പിനോടൊപ്പം എല്ലാ വാരാന്തങ്ങളിലും ശുശ്രൂഷയ്ക്കു പോകാൻ പറ്റുമായിരുന്നില്ല. എന്നാൽ എന്നെ പോകാൻ അനുവദിച്ചിരുന്നു. പ്രായമുള്ള ഒരു മുൻനിരസേവിക എന്നെ ശുശ്രൂഷയ്ക്കു കൂടെ കൊണ്ടുപോകുമായിരുന്നു. ശുശ്രൂഷയിലും സഭയിലും ഒക്കെ പ്രയോജനം ചെയ്യുന്ന കഴിവുകൾ വളർത്തിയെടുക്കാൻ സഹോദരി എന്നെ ഒരുപാട് സഹായിച്ചു. ഗ്രൂപ്പ് മേൽവിചാരകൻ പലപ്പോഴായി സ്നേഹത്തോടെ തന്ന തിരുവെഴുത്ത് ഉപദേശങ്ങൾ ഇന്നുവരെ എന്നെ സഹായിച്ചിരിക്കുന്നു.”
13. നമ്മളെ സ്നേഹിക്കുന്ന അടുത്ത കൂട്ടുകാരെ കണ്ടെത്താൻ വയൽസേവന ഗ്രൂപ്പ് നമ്മളെ സഹായിക്കുന്നത് എങ്ങനെ? ( ചിത്രവും കാണുക.)
13 നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നു. ശുശ്രൂഷയിൽ “തോളോടുതോൾ ചേർന്ന്” പ്രവർത്തിക്കുമ്പോൾ ഗ്രൂപ്പിലുള്ളവരുമായി നല്ല അടുപ്പം വളർത്തിയെടുക്കാൻ നമുക്കാകും. (ഫിലി. 1:27) വയൽസേവന ഗ്രൂപ്പിൽ ആളുകൾ കുറവായതുകൊണ്ടുതന്നെ അധികം സംസാരിക്കാത്ത, ഒതുങ്ങിക്കൂടുന്ന പ്രകൃതമുള്ളവർക്ക് നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ കൂടുതൽ എളുപ്പമായിരിക്കും. (2 കൊരി. 6:13) നമ്മൾ വിഷമിച്ചിരിക്കുകയോ നമുക്ക് അസുഖം വരുകയോ പ്രിയപ്പെട്ട ആരെയെങ്കിലും മരണത്തിൽ നഷ്ടപ്പെടുകയോ ചെയ്യുന്ന ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ, ഈ സുഹൃത്തുക്കൾ നമുക്ക് ഒരു താങ്ങും തണലും ആയിരിക്കും. (1 തെസ്സ. 5:14) മാത്രമല്ല, ഭാവിയിൽ ഈ നല്ല കൂട്ടുകാരുടെ സഹായം നമുക്ക് കൂടുതലായി വേണ്ടിവരും. (മത്താ. 24:21) നമ്മളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സഹോദരങ്ങൾ കൂടെയുള്ളതുകൊണ്ട് നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ സഹിച്ചുനിൽക്കാൻ എളുപ്പമായിരിക്കും.—സുഭാ. 17:17.
ഒരേ വയൽസേവന ഗ്രൂപ്പിലുള്ള രണ്ട് സഹോദരിമാർ ഒരുമിച്ച് ശുശ്രൂഷയ്ക്കു പോകുന്നു (13-ാം ഖണ്ഡിക കാണുക)
14. ഒരു ദുരന്തമോ അടിയന്തിരസാഹചര്യമോ ഉണ്ടാകുമ്പോൾ വയൽസേവന ഗ്രൂപ്പ് നമ്മളെ എങ്ങനെയാണ് സഹായിക്കുന്നത്?
14 പ്രായോഗികമായ സഹായങ്ങൾ. പകർച്ചവ്യാധിയോ പ്രകൃതിദുരന്തമോ ഉപദ്രവമോ സാമ്പത്തിക ബുദ്ധിമുട്ടോ നേരിടുമ്പോൾ വയൽസേവന ഗ്രൂപ്പിൽനിന്ന് നമുക്കു പ്രായോഗികസഹായം ലഭിക്കും. ഉദാഹരണത്തിന്, ഒരു ദുരന്തമുണ്ടാകുമ്പോൾ ഗ്രൂപ്പ് മേൽവിചാരകൻ തന്റെ ഗ്രൂപ്പിലുള്ള എല്ലാ കുടുംബങ്ങളെയും വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. അവർക്ക് ഭക്ഷണം, വെള്ളം, താമസസൗകര്യം, വസ്ത്രം എന്നിവയൊക്കെ ഉണ്ടോ എന്നു മനസ്സിലാക്കും. എന്നിട്ട് വേണ്ട സഹായങ്ങൾ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും. അതോടൊപ്പം കൂടുതൽ സഹായം ആവശ്യമുള്ളവർക്കുവേണ്ടി, ഗ്രൂപ്പ് മേൽവിചാരകന്മാർ സഭാ സേവനക്കമ്മിറ്റിയുമായി ചർച്ച ചെയ്തിട്ട് അവരെ സഹായിക്കാനുള്ള ഒരു പ്ലാൻ ഉണ്ടാക്കും. സ്നേഹത്തോടെ ലഭിക്കുന്ന ഈ പ്രായോഗികസഹായങ്ങൾ നമ്മൾ ഒരുപാട് വിലമതിക്കുന്നു.
15. യഹോവയെ ആരാധിക്കുന്നവരെ ഒറ്റക്കെട്ടായി നിറുത്തുന്നത് എന്താണ്?
15 നമ്മൾ കണ്ടതുപോലെ യഹോവയുടെ സംഘടന വളരെ വലുതാണ്. അതിന്റെ സ്വർഗീയഭാഗത്ത് മാത്രം, കോടിക്കണക്കിന് വിശ്വസ്ത ദൂതന്മാരുണ്ട്. ഇനി, അതിന്റെ ഭൗമികഭാഗത്ത് 90 ലക്ഷത്തിലധികം ആളുകളും! അത് ഓരോ ദിവസവും വളർന്നുകൊണ്ടുമിരിക്കുന്നു. (സെഖ. 8:23; വെളി. 5:11) യഹോവയുടെ ഈ ആരാധകരെല്ലാം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുക എന്ന ലക്ഷ്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. (വെളി. 14:6, 7) യഹോവയെ സ്തുതിക്കാനായി നമുക്കു നൽകിയിരിക്കുന്ന ഒരു ക്രമീകരണമാണ് വയൽസേവന ഗ്രൂപ്പുകൾ. നമുക്ക് അതു നന്നായി പ്രയോജനപ്പെടുത്താം.—സങ്കീ. 111:1.
ഗീതം 61 സാക്ഷികളേ, മുന്നോട്ട്!
a ചില പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.
b ആവശ്യമെങ്കിൽ, ഒരു മൂപ്പൻ ചുമതല ഏറ്റെടുക്കുന്നതുവരെ പ്രാപ്തനായ ഒരു ശുശ്രൂഷാദാസന് ഈ നിയമനം നിർവഹിക്കാവുന്നതാണ്. സഭയിലെ ഒരു മേൽവിചാരകൻ അല്ലാത്തതുകൊണ്ട് ഈ സ്ഥാനത്ത് സേവിക്കുന്ന ഒരു ശുശ്രൂഷാദാസനെ ഗ്രൂപ്പ് ദാസൻ എന്നാണ് വിളിക്കുന്നത്. ഗ്രൂപ്പ് ദാസൻ ഈ ഉത്തരവാദിത്വം നിർവഹിക്കുന്നത് മൂപ്പന്മാരുടെ മേൽനോട്ടത്തിലായിരിക്കും.